Sunday, April 28, 2024
Novel

Mr. കടുവ : ഭാഗം 26

Spread the love

എഴുത്തുകാരി: കീർത്തി

Thank you for reading this post, don't forget to subscribe!

ടൂറിനുള്ള അച്ഛന്റെ അനുവാദം കിട്ടിയതും ക്ലാസ്സിലെല്ലാം അത് അനൗൺസ് ചെയ്തു. പത്താം ക്ലാസ്സിലെ മുക്കാലും കുട്ടികളും പേര് തന്നു.

ഈ ഒരു വർഷം കഴിഞ്ഞു പോയാലും എന്നും ഓർക്കാനുള്ള ഒരുപിടി നല്ല ഓര്മകളുള്ള വിനോദയാത്ര. അതായിരുന്നു അവരുടെ ലക്ഷ്യം.

അടുത്ത മാസം ക്രിസ്മസ് പരീക്ഷ ആരംഭിക്കും. അതുകഴിഞ്ഞു സെലിബ്രേഷൻ, വെക്കേഷൻ, മോഡൽ എക്സാം, പിന്നെ പബ്ലിക് എക്സാം.ആകെ തിരക്കാവും. അതുകൊണ്ടാണ് നവംബർ അവസാനം ടൂർ പോകാൻ തീരുമാനിച്ചത്.

എന്നാൽ പത്താം ക്ലാസ്സ്‌ ആയിരുന്നിട്ടുകൂടി എന്റെ ക്ലാസ്സിൽ നിന്നായിരുന്നു ഏറ്റവും കുറച്ചു കുട്ടികൾ പേര് നൽകിയത്. അവസാനദിവസം വരെ നോക്കാമെന്നു ഞാനും വിചാരിച്ചു.

എന്നാൽ വലിയ മാറ്റമൊന്നും ഉണ്ടായില്ല. സ്റ്റാഫ് റൂമിൽ അത് ചർച്ചയാവുകയും ചെയ്തു. എന്താണ് കാരണമെന്ന് ഞാൻ അവരോട് ചോദിച്ചു.

ഒന്നാമതായി അവര് പറഞ്ഞ കാരണം ഞാൻ അവരുടെ കൂടെ വരുന്നില്ലല്ലോ ന്നായിരുന്നു. എനിക്ക് പോകാൻ പറ്റാത്തത് സൂരജേട്ടനെ പേടിച്ചിട്ടാണെന്ന് ഞാനെങ്ങനെ ഈ മക്കളോട് പറയും.

ഈ നാട്ടിൽ നിന്നും ടൗണിലേക്ക് പോകാൻ തന്നെ പേടിയാണ്. അതോടത്ത് ഇത്രയും ദൂരെ. സൂരജേട്ടൻ തന്നെ വേണമെന്നില്ല അറിയാവുന്ന ആരെങ്കിലും കണ്ടാൽ മതി. അതുകൊണ്ടാണ് എനിക്ക് പകരം രാധുവിനോട്‌ പോകാൻ പറഞ്ഞത്.

അവൾ സമ്മതിക്കുകേം ചെയ്തു. ആ കാര്യത്തിൽ എന്തായാലും മാറ്റമുണ്ടാവില്ലെന്ന് ഞാൻ കുട്ടികളോട് പറഞ്ഞു.

പിന്നെ രണ്ടാമത്തെ കാരണം. അത് ഇച്ചിരി ഗൗരവമേറിയതായിരുന്നു. ഫീസ് പ്രോബ്ലം.
ഒരു ആറു പേർക്ക് ടൂർ ഫീസ് അടയ്ക്കാൻ കഴിയില്ലെന്ന് പറഞ്ഞു.

വീട്ടിലെ സ്ഥിതി മോശമാണെന്ന്. എല്ലാവരുടെയും കൂടെ പോകാൻ അവർക്ക് താല്പര്യമുണ്ട് താനും. പോകുന്നെങ്കിൽ ക്ലാസ്സിലെ എല്ലാവരും ഒരുമിച്ചേ പോകു എന്ന് ബാക്കിയുള്ളവരും.

ആറുപേരുടെ ഫീസൊന്നും ഷെയർ ചെയ്ത് എടുക്കാനുള്ള പ്രാപ്തി അവർക്കും ഇല്ല. ഞാൻ ഇല്ലെങ്കിലും എന്റെ കുട്ടികൾ യാത്ര പോയി സന്തോഷത്തോടെ തിരിച്ചു വരണമെന്ന് ഞാനാഗ്രഹിച്ചു.

ഇതൊക്കെയല്ലേ ഒരു കാലത്ത് ഓർത്തിരിക്കാനുള്ള നല്ല നിമിഷങ്ങൾ. അതുകൊണ്ട് ആ ആറുപേരുടെയും ഫീസ് ഞാൻ കൊടുക്കാമെന്നേറ്റു. അങ്ങനെ അവരും ഹാപ്പി ഞാനും ഹാപ്പി.

മൂന്നു ബസും കുട്ടികളുടെ എണ്ണത്തിനനുസരിച്ച് ടീച്ചർമാരെയും ഏർപ്പെടുത്തി. താമസസൗകര്യം അച്ഛൻ ശെരിയാക്കാമെന്ന് പറഞ്ഞിരുന്നു.

രണ്ടു ദിവസം കൂടി കഴിഞ്ഞാൽ യാത്രയ്ക്ക് പോകുന്ന ദിവസമായി. രാധു ഓരോന്നോരോന്നായി എടുത്തു വെച്ചുകൊണ്ടിരുന്നു. ഞാൻ പോകുന്നില്ലെന്ന് പറഞ്ഞപ്പോൾ ഏറ്റവും സന്തോഷം അച്ഛനും അമ്മയ്ക്കും ആയിരുന്നു.

പിരിഞ്ഞിരിക്കാൻ പറ്റാത്ത സങ്കടം ഒരു ഭാഗത്ത് ചന്ദ്രവേട്ടൻ നാളെ എവിടെയോ ഒരു ബിസിനസ് മീറ്റിംഗിൽ പങ്കെടുക്കാൻ കോയമ്പത്തൂർ പോകുന്നുണ്ട്. ടൂർ പോകുന്ന ദിവസം രാത്രിയിലെ ചന്ദ്രുവേട്ടൻ എത്തുകയുള്ളൂ.

അതുവരെ അച്ഛനും അമ്മയ്ക്കും തനിച്ചിരിക്കാൻ വയ്യെന്ന്.

ഇക്കണക്കിനു എനിക്ക് ഇവിടുന്ന് ട്രാൻസ്ഫർ കിട്ടിപോയാലോ ന്ന് ചോദിച്ചപ്പോൾ രണ്ടുപേർക്കും മറുപടിയില്ല. പക്ഷെ ചിരിച്ചുകൊണ്ടാണ് അവരാ ചോദ്യത്തെ നേരിട്ടത്.

പിറ്റേന്ന് കാലത്തു തന്നെ ചന്ദ്രുവേട്ടൻ മീറ്റിംഗിന് പോയി. സ്കൂളിലെത്തി കുട്ടികൾക്ക് എന്റെ വക കുറെ നിർദേശങ്ങളും കൊടുത്തു.

ഞാനില്ലാത്തതാണ് മറ്റു ടീച്ചേഴ്സിനെ കൊണ്ട് എന്റെ കുട്ടികൾ പറഞ്ഞത് അനുസരിച്ചില്ല എന്നൊന്നും പറയിപ്പിക്കരുത്. പരസ്പരം എപ്പോഴും ഒരു കരുതൽ വേണം അങ്ങനെ അങ്ങനെ..
എല്ലാരും തലയാട്ടി കേൾക്കുകയൊക്കെ ചെയ്തിട്ടുണ്ട്.

എന്നാലും പോണത് പോലെ തിരിച്ചെത്തിയാലേ സമാധാനമുള്ളൂ. അതുവരെ ഉള്ളിലൊരു ആധിയാണ്.

ഉച്ചക്ക് ഭക്ഷണം കഴിച്ച് ഇരിക്കുമ്പോളാണ് രാധുവിന് വീട്ടിൽ നിന്നും ഫോൺ വന്നത്. രാമേട്ടൻ പെട്ടന്ന് കുഴഞ്ഞുവീണു. ഹോസ്പിറ്റലിൽ ആണെന്ന്.

അവളാകെ ടെൻഷനായി. ഞാനും വിനോദ് സാറും കൂടി അവളുടെ കൂടെ ഹോസ്പിറ്റലിലേക്ക് പോയി. ചെന്നപ്പോൾ ICU വിലായിരുന്നു.

രാധുവിന്റെ അമ്മയും ലക്ഷ്മിയമ്മയും അച്ഛനും എല്ലാം അവിടെയുണ്ടായിരുന്നു. പെട്ടന്ന് പ്രഷർ വാരിയേഷൻ സംഭവിച്ചതാണെന്നും ഹാർട്ടിന് അസുഖമുള്ള ആളായതുകൊണ്ട് ഇന്ന് ഒബ്സെർവഷനിൽ കിടക്കട്ടെയെന്നും ഡോക്ടർ പറഞ്ഞു.

വീട്ടിൽ ബ്രോക്കർ വന്നുപോയതിന് ശേഷമാണ് വയ്യാതായതെന്ന് രാധുവിന്റെ അമ്മ പറഞ്ഞു. അത് കേട്ടപ്പോൾ കാരണം ഏതാണ്ട് എല്ലാവർക്കും പിടി കിട്ടി.

രഘു കൂടി വന്നതിന് ശേഷം അവിടുത്തെ കാര്യങ്ങളെല്ലാം പറഞ്ഞേൽപ്പിച്ച് ഞങ്ങൾ വീട്ടിലേക്ക് പോന്നു. രാഗിയെ ഞാൻ എന്റെ കൂടെ കൂട്ടി. എല്ലാവരും കൂടി അവിടെ നിൽക്കാനും കഴിയില്ലായിരുന്നു. ഒരു മൂത്ത മകന്റെ സ്ഥാനത്തു നിന്ന് എന്തിനും ഏതിനും വിനോദ് സാർ ഉണ്ടായിരുന്നു.

ഇങ്ങനെയൊരു സാഹചര്യത്തിൽ രാധു എങ്ങനെ കുട്ടികളോടൊപ്പം പോകും. അച്ഛന്റെ കാര്യം ആലോചിച്ചു അവരെ ശ്രദ്ധിക്കാൻ പറ്റിയെന്ന് വരില്ല.

അതുകൊണ്ട് ഞാൻ തന്നെ പോകേണ്ടിവരും. പകരത്തിനു വിടാൻ വേറെയാരും ഇല്ല. പേടിച്ചു പേടിച്ചാണ് പോകാമെന്നു സമ്മതിച്ചത്. ഇത്രയും ദിവസം പോകുന്നില്ലന്ന് പറഞ്ഞിട്ട് അവസാനനിമിഷം പോകേണ്ടി വന്നതിൽ അമ്മയ്ക്ക് വല്ലാത്ത വിഷമമായിരുന്നു.

പിന്നെ രാധുന്റെ അവസ്ഥയും വിനോദ് സാർ കൂടെയുണ്ടല്ലോ എന്നൊക്കെ പറഞ്ഞ് അമ്മയെ സമാധാനിപ്പിച്ചു.

ഇന്നാണ് ഞങ്ങൾ വിനോദയാത്ര പോകുന്നത്. യാത്ര പോകേണ്ട സമയം അടുക്കും തോറും എനിക്ക് എന്തോ വല്ലാത്ത ഭയം തോന്നിതുടങ്ങി.

കടുവയെ ഒന്ന് കണ്ടിരുന്നെങ്കിൽ ആ ഗർജ്ജനം ഒന്ന് കേട്ടിരുന്നെങ്കിൽ ഒരുപക്ഷെ ഇച്ചിരി ധൈര്യം കിട്ടുമെന്ന് തോന്നി.

പക്ഷെ മീറ്റിംഗിന് പോയ ആളെ എങ്ങനെ കാണാനാണ്. ഫോൺ വിളിച്ചാലോ? ഒരുപക്ഷെ തിരക്ക് ആണെങ്കിൽ…. ഒന്നാമത് കടുവയുടെ നമ്പറും എന്റെ കൈയിലില്ല. പിന്നെ ആ ഉദ്യമം വേണ്ടെന്ന് വെച്ചു. വൈകുന്നേരമാണ് യാത്ര ആരംഭിക്കുന്നത്.

അച്ഛനാണ് സ്കൂളിലേക്ക് ആക്കിതന്നത്. കുട്ടികളെ ശ്രദ്ധിക്കാനാണ് ഞാൻ പോകുന്നത്. എന്നാൽ എന്നെ നോക്കിക്കോണേന്ന് അച്ഛൻ വിനോദ് സാറിനെ പറഞ്ഞ് ഏൽപ്പിക്കുന്നുണ്ടായിരുന്നു.

ചിരിയാണ് തോന്നിയത് കൂടെ മനസിന് വല്ലാത്ത സന്തോഷവും.

ഞാനും വരുന്നുണ്ടെന്ന് അറിഞ്ഞപ്പോൾ കുട്ടികൾക്ക് ഭയങ്കര സന്തോഷം. ബാക്കിയുള്ളോര് ഇവിടെ ഏത് അവസ്ഥയിലാണെന്ന് അവർക്കറിയില്ലല്ലോ.

എത്തിയ കുട്ടികളുടെ ലിസ്റ്റ് എടുത്ത് വണ്ടിയിൽ കയറാൻ നേരം ഒന്നുകൂടി ഗേറ്റിലേക്ക് നോക്കി. ഈ സിനിമയിലൊക്കെ കാണില്ലേ നായിക പോകുന്ന വണ്ടി പുറപ്പെടാൻ നേരം നായകൻ ഓടിവരുന്നതും ഒരു നോക്കിലൂടെയെങ്കിലും യാത്ര പറയുന്നതും.

ആ സമയത്ത് ഞാനും ആഗ്രഹിച്ചു. ചന്ദ്രുവേട്ടൻ ഇപ്പൊ ഓടിവരുമെന്ന് ഒരു നോക്ക് കാണാൻ പറ്റുമെന്ന്. വെറുതെ. നടന്നില്ല. അച്ഛനോട് യാത്ര പറഞ്ഞ് ഞങ്ങൾ പുറപ്പെട്ടു.

ഇന്നലെ രാവിലെ കണ്ടതാണ് ചന്ദ്രുവേട്ടനെ. ടൂർ നാലു ദിവസമാണ്. അതുകഴിഞ്ഞേ ഇനി എനിക്കെന്റെ കടുവയെ കാണാൻ പറ്റൂ.

ഓർത്തപ്പോൾ ഒരുപാട് വിഷമം തോന്നി. കുട്ടികൾ ഈ യാത്ര പരമാവധി ആഘോഷിക്കുമ്പോൾ ഞാൻ അതിലൊന്നും കൂടാൻ താല്പര്യമില്ലാതെ നടന്നു.

കുട്ടികൾ ഏറെ നിർബന്ധിച്ചപ്പോൾ എന്റെ വിഷമങ്ങലെല്ലാം ഒരു വശത്തേക്ക് മാറ്റിവെച്ച് അവരോടൊപ്പം കൂടേണ്ടി വന്നു.

കുടകിലെ ഓരോ സ്ഥലത്ത് എത്തുമ്പോഴും കുട്ടികളുടെ സംസാരം എല്ലാ മാസത്തിലും ഒരു ദിവസം കുബേരനായി ജീവിച്ച സാധാരണക്കാരനെ അവതരിപ്പിച്ച ദിലീപും കൂട്ടുകാരൻ മണിയും കുട്ടികളും അവരുടെ തമാശകളുമായിരുന്നു.

ദക്ഷിണേന്ത്യയിലെ ജേഡ് പർവ്വതങ്ങളുടെയും കർണാടകയിലെ മനോഹരമായ താഴ്‌വരകളുടെയും കൈകളിൽ ഒളിഞ്ഞുകിടക്കുന്ന മനോഹരമായ സ്ഥലമാണ് കുടക്‌.

വ്യാപകമായി പരന്നു കിടക്കുന്ന കാപ്പിതോട്ടങ്ങളും സൂര്യകിരണങ്ങൾ ഭാഗികമായി തുളച്ചുകയറുന്ന മഞ്ഞുമൂടിയ പച്ചവനങ്ങളും നിറഞ്ഞ അതിശയകരമായ പ്രകൃതിദൃശ്യങ്ങൾ.

സുഗന്ധമുള്ള കാപ്പിതോട്ടങ്ങൾക്കും സുഗന്ധവ്യഞ്ജന എസ്റ്റേറ്റുകൾക്കുമിടയിൽ ഒഴുകുന്ന ആബി വെള്ളച്ചാട്ടവും, ഇരുന്നൂറോളം ഇനത്തിൽ പെട്ട പക്ഷികളും കടുവയും (ഒറിജിനൽ ആണേ) പുള്ളിപ്പുലികളും അടക്കം ദക്ഷിണേന്ത്യൻ ജീവജാലങ്ങളിൽ ഭൂരിഭാഗവും കാണാൻ സാധിക്കുന്ന നഗർഹോൾ ദേശിയപാർക്കും, കാവേരി നദിയാൽ ചുറ്റപ്പെട്ട വിസ്മയകരമായ ദ്വീപ് കാവേരി നിസാർഗധാമയും, കാവേരി തീരത്തെ ദുബാരെ എലെഫന്റ്റ് ക്യാമ്പും, ടിബറ്റൻ സംസ്ക്കാരത്തിന്റെ ആധിക്ക്യം കാണിക്കുന്ന ബൈലാക്കുപ്പെയും, പുഷ്പഗിരി വന്യജീവിസങ്കേതവും കൂടാതെ പിന്നെയും നിരവധി മനോഹരദൃശ്യങ്ങൾ കുടക്‌ ഞങ്ങൾക്ക് സമ്മാനിച്ചു.

കാഴ്ചകൾ കണ്ടും ആസ്വദിച്ചും നാലു ദിവസം പോയത് ആരും അറിഞ്ഞില്ല. എന്നാൽ ആ ദിവസങ്ങൾക്ക് ധൈർഘ്യം കൂടുതലുള്ള പോലെയാണ് എനിക്ക് തോന്നിയത്.

എത്രയും പെട്ടന്ന് വീട്ടിലെത്താനും എന്റെ കടുവയെ കാണാനും മനസ് അതിയായി ആഗ്രഹിച്ചു. അമ്മ എന്നും ഫോൺ ചെയ്യുമായിരുന്നു.

അച്ഛനുമായും സംസാരിക്കും. എന്നാൽ ചന്ദ്രുവേട്ടൻ…….. ചന്ദ്രുവേട്ടനെകുറിച്ച് ചോദിക്കാൻ ധൈര്യം വന്നില്ല. അവരായിട്ട് ചന്ദ്രുവേട്ടനെക്കുറിച്ച് ഒന്നും പറഞ്ഞതുമില്ല.

നാട്ടിലെ സകല വിശേഷങ്ങളും ഓർത്തുവെച്ച് പറയുന്ന അമ്മ ചന്ദ്രുവേട്ടനെക്കുറിച്ച് പറയാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുന്നത് പോലെ തോന്നി.

രാമേട്ടൻ ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ആയി വീട്ടിലേക്ക് വന്നുവെന്ന് അമ്മ പറഞ്ഞു. രാധുവിനെ വിളിച്ചു രാമേട്ടന്റെ സുഖവിവരങ്ങൾ അന്വേഷിക്കാനും മറന്നില്ല.

ഇന്ന് കുടകിലെ ഞങ്ങളുടെ വിനോദയാത്രയുടെ അവസാനദിവസമാണ്. ഇന്നത്തെ പുലരി എന്നത്തേക്കാളും സുന്ദരിയായത് പോലെ.

സമയമാണെങ്കിൽ ഒച്ചിനെക്കാളും സാവധാനം ഇഴഞ്ഞു നീങ്ങുന്നതു പോലെ. ഇന്ന് മറ്റെല്ലാരെക്കാളും ഉന്മേഷം എനിക്കാണെന്ന് തോന്നി.

എല്ലാവർക്കും ടൂർ കഴിഞ്ഞ് തിരിച്ചു പോകുന്ന സങ്കടമാണെങ്കിൽ എനിക്ക് വീട്ടിലെത്തി കടുവയെ കാണുന്ന സന്തോഷമായിരുന്നു.

എത്രയും പെട്ടന്ന് വീട്ടിലെത്താൻ ഉള്ളു തുടിച്ചു. എന്റെ കടുവയെ കാണാൻ. എന്റെ മാത്രം കടുവയെ.

ഇക്കഴിഞ്ഞ ദിവസങ്ങളിൽ ഞാൻ അറിയുകയായിരുന്നു. കടുവയെ ഞാനെത്രമാത്രം സ്നേഹിക്കുന്നുണ്ടെന്ന്.

ഇനി ഒരു നിമിഷം പോലും പിരിഞ്ഞിരിക്കാനും കഴിയില്ലെന്ന് മനസിലാക്കിയ ദിവസങ്ങൾ. വീട്ടിലെത്തി എത്രയും പെട്ടന്ന് ആ കടുവ എന്റെ ജീവനാണെന്ന് പറയാൻ ഞാൻ തീരുമാനിച്ചു.

എന്നെക്കുറിച്ച് എല്ലാം ചന്ദ്രുവേട്ടനോട്‌ പറയാനും. ഞാൻ ആരാണെന്നും എന്താണെന്നും എങ്ങനെ ഇവിടെയെത്തിയെന്നും.

എന്നിട്ട് എല്ലാം അറിഞ്ഞതിനു ശേഷം ചന്ദ്രുവേട്ടൻ പറയട്ടെ എന്നെ ഇഷ്ടമാണോ അല്ലയോന്ന്. അല്ലെന്ന് പറയുകയാണെങ്കിൽ എങ്കിൽ മാത്രം ആ നിഴൽവെട്ടത്ത് പോലും ചെല്ലാതെ എങ്ങോട്ടെങ്കിലും പൊക്കോളാം. ആർക്കും ഒരു ശല്യമാകാതെ.

പക്ഷെ മരണം വരെ ഈ ഹൃദയത്തിൽ എന്റെ കടുവ മാത്രമേ ഉണ്ടാവൂ. എന്തു വന്നാലും ചന്ദ്രുവേട്ടനോട് എല്ലാം പറയാൻ തന്നെ തീരുമാനിച്ചു.

അന്നത്തെ ദിവസം ഞങ്ങൾ പോയത് രാജാസ് സീറ്റ് ലേക്കാണ് പോയത്. രാജ്ഞിമാരുടെ പ്രിയപ്പെട്ട ഹാങ്ങ്‌ ഔട്ട്‌ സ്ഥലം. മനോഹരമായ പൂന്തോട്ടം.

വർണ്ണാഭമായ പൂക്കളും കൃത്രിമ ജലധാരയും പച്ചക്കുന്നുകളും അവയെ അലങ്കരിച്ചുകൊണ്ട് മുകളിൽ ഒരു കോൺക്രീറ്റ് കമാനവും. ആ സൗന്ദര്യത്തിന് മാറ്റുകൂട്ടാൻ അതിമനോഹരമായ കാലാവസ്ഥയും.

ആ പൂന്തോട്ടം കണ്ടപ്പോൾ ഞാനോർത്തത് കടുവയെകുറിച്ചായിരുന്നു. കടുവയുടെ പൂന്തോട്ടത്തെക്കുറിച്ച്. ഓർത്തപ്പോൾ എനിക്ക് ചിരി മറയ്ക്കാൻ സാധിച്ചില്ല.

അവയെല്ലാം നോക്കി അങ്ങനെ നടക്കുമ്പോളാണ് രേവതി വിളിച്ചത്. കുറെ നേരം സംസാരിച്ചു. ഫോൺ വിളിച്ചുകഴിഞ്ഞ് ചിരിയോടെ തിരിഞ്ഞത് വിനോദ് സാറിന്റെ മുഖത്തേക്കായിരുന്നു.

“ആരായിരുന്നു ഫോണിൽ? ”

“എന്റെ ഫ്രണ്ടാണ്. ”

“അന്ന് വിളിച്ചിരുന്ന ആളാണോ? രേവതി? ”

“മ്മ്മ്… അതെ. ”

“വന്നിട്ട് ഇന്നാണ് പ്രിയ ഒന്ന് ശെരിക്കും ചിരിച്ചു കാണുന്നത്. കൂട്ടുകാരി അത്രയ്ക്ക് സന്തോഷമുള്ള കാര്യമാണോ പറഞ്ഞത്? ”

“ഏയ്‌… അങ്ങനെയൊന്നും ഇല്ല.ഞങ്ങൾ വെറുതെ ഓരോന്ന്…. ”

“കൂട്ടുകാരി ഇപ്പൊ എന്ത് ചെയ്യുന്നു? ”

“അവള് നാട്ടിൽ ഒരു സ്കൂളിൽ ടീച്ചറാണ്. ”

“മാരീഡ് ആണോ? ”

“ഇതുവരെ അല്ല. ഒരാൾക്ക് വേണ്ടിയുള്ള കാത്തിരിപ്പാണ്. ഒരു ലവ് സ്റ്റോറി. സാറിന് അറിയുവോ രേവതിയെ? അന്നും അവളെക്കുറിച്ച് ചോദിക്കുന്നുണ്ടായിരുന്നല്ലോ? ”

കുറച്ചു നേരത്തേക്ക് സാർ ഒന്നും പറഞ്ഞില്ല. ശേഷം വിദൂരതയിലേക്ക് നോക്കികൊണ്ട് പറഞ്ഞു.
“പ്രിയ പറഞ്ഞ ആ ലവ് സ്റ്റോറിയിലെ രേവതിയുടെ ഹീറോ ഞാനാണ്. രേവതി കാത്തിരിക്കുന്നത് എന്നെയാണ്. ”

സാർ പറഞ്ഞത് വിശ്വസിക്കാനാകാതെ ഞാൻ സാറിനെ തന്നെ നോക്കിനിന്നു. ഒരുപാട് സന്തോഷമാണ് എനിക്ക് അപ്പോൾ തോന്നിയത്. എന്റെ രേവു കാത്തിരിക്കുന്ന അവളുടെ വിനുവേട്ടൻ ഈ വിനോദ് സാറാണെന്ന്. അതിശയമായിരുന്നു.

“ഞാൻ പറഞ്ഞോട്ടെ അവളോട്‌. അവള്ടെ വിനുവേട്ടൻ ഇവിടെയുണ്ടെന്ന്. ”

“ഇപ്പൊ വേണ്ട. രേവതിയുടെ അച്ഛൻ.? ”

“അങ്കിൾ ഇപ്പഴും അങ്ങനെ തന്നെ. പക്ഷെ ഇനി ഞാൻ നോക്കിക്കോളാം. ഞാൻ പറയാം അങ്കിൾനോട്‌. എന്നാലും… എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല. അന്നേ ഒരു സംശയം ഉണ്ടായിരുന്നു. പക്ഷെ ഇങ്ങനെ…. ”

“പറയാമായിരുന്നു. പറഞ്ഞില്ല. ”

“ഞങ്ങൾ കുഞ്ഞുന്നാൾ മുതൽ ഒരുമിച്ചാണ്. പഠിച്ചതും വളർന്നതും എല്ലാം. ”

“അറിയാം. അവള് പറയാറുണ്ട്. എന്റെ രേവതിയുടെ എല്ലാമെല്ലാമായ കൂട്ടുകാരി പ്രിയയെക്കുറിച്ച്. പ്രിയദർശിനി നമ്പ്യാരെക്കുറിച്ച്. ”

ആ പേര് കേട്ടതും ഞാൻ ഭയപ്പാടോടെ വിനോദ് സാറിനെ നോക്കി. സാർ ഒരു ചിരിയോടെ തിരിഞ്ഞു നടന്നു.

“സാർ… ”
ഞാൻ സാറിനെ പിറകിൽ നിന്നും വിളിച്ചു.

“പ്രിയ പേടിക്കണ്ട. ഞാൻ ആരോടും പറയില്ല. എന്റെ രേവതിയുടെ ഉറ്റമിത്രത്തെ ഞാൻ ഒറ്റുകൊടുക്കില്ല. ”

“സാർ ഞാൻ… ”

“എനിക്ക് സംശയമായിരുന്നു. താൻ തന്നെയാണോ ആ പ്രിയയെന്ന്. കാരണം രേവതിയിലൂടെ ഞാനറിഞ്ഞ പ്രിയ ഇതായിരുന്നില്ല. തക്കതായ കാരണമില്ലാതെ പ്രിയയെപോലൊരു കുട്ടി ഒരിക്കലും ഇങ്ങനെ വന്നു താമസിക്കില്ലെന്നും അറിയാം. കുറച്ചു ദിവസം മുൻപ് ഞാൻ തന്റെ വീട്ടിൽ പോയിരുന്നു.”

…………………………………………………………..

‘ മാധവം ‘ എന്ന ആ വീടിന്റെ അകത്തേക്ക് കടക്കാനായി ആ വലിയ ഗേറ്റ് തുറക്കാൻ ശ്രമിച്ച വിനോദിനെ സെക്യൂരിറ്റി തടഞ്ഞു.

“അതേയ് എങ്ങോട്ടാ ഉന്തി തള്ളി പോകുന്നെ? ആരാ? എന്ത് വേണം? ”

“എനിക്ക് ഇവിടുത്തെ പ്രിയദർശിനിയെ ഒന്ന് കാണണം. ”

“എവിടുന്നാ? ആരാ? ”

“എന്റെ പേര് വിനോദ്. കുറച്ചു ദൂരെന്നാ. ”

“മ്മ്മ്… ഇവിടെ തന്നെ നിക്ക്. ഞാൻ പോയി പറഞ്ഞിട്ട് വരാം. ”

കുറച്ചു സമയത്തിന് ശേഷം അയാൾ തിരികെ വന്നു. വിനോദിനോട്‌ അകത്തേക്ക് പോകാൻ പറഞ്ഞു.
വന്നത് ആരാണെന്നു അറിയാൻ മാലിനി ഉമ്മറത്തു തന്നെ നിൽപ്പുണ്ടായിരുന്നു. അവരെ കണ്ടതും വിനോദ് നമസ്കാരം പറഞ്ഞു. അവര് അവനെ അകത്തേക്ക് ക്ഷണിച്ചു.

“ഇരിക്കൂ. ആരാ? എവിടെയോ കണ്ടത് പോലെ… ”

“എന്റെ പേര് വിനോദ്. ഞാൻ കുറച്ചു ദൂരെന്ന് വരാണ്.എനിക്ക് പ്രിയദർശിനിയെ ഒന്ന്… ”

“പ്രിയയെ എങ്ങനെയാ അറിയാ? ”

“പ്രിയയെ അല്ല. എനിക്ക് രേവതിയെ ആണ് പരിചയം. ഞങ്ങൾ ഒരുമിച്ച് …. ”

“ആ ഇപ്പൊ മനസിലായി. രേവതിയുടെ…. ”

“ആരാ മാലിനി അത്? ”
പറഞ്ഞു മുഴുമിപ്പിക്കുന്നതിന് മുന്നേ അങ്ങോട്ട്‌ കടന്നുവന്ന ജയദേവൻ ചോദിച്ചു. അയാളെ കണ്ടപ്പോൾ വിനോദ് ഇരുന്നിടത്തു നിന്നും എഴുന്നേറ്റു.

“ജയേട്ടാ ഇത് പ്രിയയെ കാണാൻ വന്നതാ. രേവതിയുമായി ഇഷ്ടത്തിലായിരുന്ന പയ്യൻ. വിനോദ്. ”

“താനെന്തിന് പ്രിയയെ അന്വേഷിക്കണം. ”

“അത് പിന്നെ രേവതിയെക്കുറിച്ച് … ”

“രേവതിയെ കുറിച്ച് എന്തെങ്കിലും അറിയണമെങ്കിൽ രേവതിയുടെ വീട്ടിൽ പോണം. അല്ലാതെ ഇങ്ങോട്ടല്ല വരേണ്ടത്. ”

“എനിക്ക് ഒരു കാര്യം അറിയാൻ. ചോദിച്ചിട്ട് ഉടനെ പൊക്കോളാം. ”

“പറ്റില്ല. പ്രിയ ഇവിടെയില്ല. വിദേശത്താണ്. താനൊന്ന് ഇറങ്ങി പോയെ. ”

അറുത്തു മുറിച്ച പോലുള്ള അയാളുടെ സംസാരം കേട്ട്
ഇനി ഒന്നും പറഞ്ഞിട്ട് കാര്യമില്ലെന്ന് മനസിലായ വിനോദ് പുറത്തേക്ക് നടന്നു. അതിനിടയിൽ ചുമരിൽ തൂക്കിയിരിക്കുന്ന ഫോട്ടോ അവന്റെ ശ്രദ്ധയിൽ പെട്ടത്. അവന്റെ മുഖത്തു അത്ഭുതം നിറഞ്ഞു. അതിലേറെ ആകാംക്ഷയും.

“ഇത്….? ”

“ആ ഇതാണ് താൻ അന്വേഷിച്ചു വന്ന പ്രിയദർശിനി. കണ്ടല്ലോ. ഇനി ചെന്നാട്ടെ. മ്മ്മ്…. ”

അയാൾ അവനെ ബലമായി വീടിന്റെ പുറത്താക്കി. “ആരു വന്നാലും കേറ്റിയിരുത്തി സൽക്കരിച്ചോണം” എന്ന് പുറകിൽ ജയദേവൻ മാലിനിയെ ശകാരിക്കുന്നത് വിനോദ് കേട്ടു.

………………………………………………………….

” കൂട്ടുകാരിയിലൂടെ എന്റെ രേവതിയെക്കുറിച്ച് എന്തെങ്കിലും വിവരം കിട്ടുമോന്നറിയാൻ. അപ്പോഴാണ് ഈ പ്രിയയാണ് ഞാനന്വേഷിക്കുന്ന പ്രിയയെന്ന് മനസിലായത്. എന്തിനു വേണ്ടിയാണെങ്കിലും ഞാനുമുണ്ട് പ്രിയയുടെ കൂടെ.

എന്ത് സഹായത്തിനും തന്റെ കാണാതായ ഏട്ടന്റെ സ്ഥാനത്ത് ഞാനുണ്ടാകും. ധൈര്യമായിരിക്ക്. എല്ലാം ശെരിയാവും. ”

സാർ പോകുന്നതും നോക്കി ശിലകണക്കെ ഞാനവിടെ തന്നെ നിന്നു. കണ്ണിൽ നനവ് എന്റെ കാഴ്ച മറയ്ക്കുന്നുണ്ടായിരുന്നു.

ഉച്ചക്ക് ഭക്ഷണവും കഴിച്ച് ഞങ്ങൾ കുടകിനോട്‌ യാത്ര പറഞ്ഞ് അവിടെ നിന്നും തിരിച്ചു പോന്നു. ബസിൽ ഇരിക്കുമ്പോൾ വിൻഡോയിലൂടെ കാണുന്ന കാഴ്ചകളും ആസ്വദിച്ച് ഞാൻ മറ്റേതോ ലോകത്തായിരുന്നു.

വണ്ടിക്കുള്ളിലെ DJ പാട്ടുകളും കുട്ടികളുടെ പ്രകടനങ്ങളും ഒന്നും ഞാനറിഞ്ഞില്ല. എന്തിന് വിനോദ് സാർ വന്ന് തട്ടിവിളിക്കുമ്പോഴാണ് സ്കൂൾ എത്തിയത് പോലും ഞാനറിയുന്നത്.

രാത്രി ഏകദേശം പതിനൊന്നു മണിയോട് കൂടിയാണ് ഞങ്ങൾ സ്കൂളിൽ എത്തിയത്. വരുന്ന വഴിക്ക് വീടുള്ള കുട്ടികളെയെല്ലാം വീട്ടിൽ ഇറക്കികൊടുത്തിരുന്നു.

ബാക്കിയുള്ളവരുടെ രക്ഷിതാക്കൾ സ്കൂളിലേക്ക് വന്നിരുന്നു. കുടകിൽ നിന്നും പുറപ്പെട്ടപ്പോൾ അമ്മയെ വിളിച്ചു പറഞ്ഞിരുന്നു. ആരെങ്കിലും വരുമെന്ന് അമ്മ പറഞ്ഞപ്പോൾ ഞാൻ പ്രതീക്ഷിച്ചത് ചന്ദ്രുവേട്ടനെയായിരുന്നു.

എന്നാൽ പ്രതീക്ഷക്ക് വിപരീതമായി അച്ഛനായിരുന്നു എന്നെ കൂട്ടികൊണ്ടുപോകാൻ വന്നത്. എല്ലാ കുട്ടികളെയും രക്ഷിതാക്കൾ വന്നു കൊണ്ടുപോയതിനു ശേഷമാണ് ഞങ്ങൾ ടീച്ചേർസ് വീട്ടിലേക്ക് പോന്നത്.

വീട്ടിലെത്തിയപ്പോൾ ഞങ്ങളെയും കാത്ത് അമ്മ ഉമ്മറത്തു തന്നെ ഇരിപ്പുണ്ടായിരുന്നു. ഉറക്കം വന്ന് തൂങ്ങിയാണ് ഇരിക്കുന്നതെന്ന് ആ കണ്ണുകൾ പറയുന്നുണ്ടായിരുന്നു.

അതൊന്നും കാര്യമാക്കാതെ എന്നെ കണ്ടതും ഓടിവന്ന് വിശേഷം ചോദിക്കാൻ തുടങ്ങി.
” ക്ഷീണം ഉണ്ടാവും. വിശേഷമെല്ലാം നാളെ പറയാം. ഞായറാഴ്ചയല്ലേ ” ന്ന്
പറഞ്ഞു അച്ഛൻ എന്നെ ഔട്ട് ഹൗസിലേക്ക് പറഞ്ഞുവിട്ടു.

അവരും ഉറങ്ങാൻ പോയി. ചെന്നു നിന്ന നേരംകൊണ്ട് ഞാൻ വീടിനകത്തേക്ക് കണ്ണുകൊണ്ട് ഒരു ഓട്ടപ്രദക്ഷിണം നടത്തി. ചന്ദ്രുവേട്ടനെ എങ്ങാനും കാണുന്നുണ്ടോന്ന്. എവിടന്ന്. ആ കുംഭകർണക്കടുവ ഉറങ്ങിയെന്നു തോന്നുന്നു.

പൊടി പോലും കാണാനില്ല. എന്തായാലും നാളെ കാണാം സംസാരിക്കാമെന്ന് കരുതി ഞാൻ ഔട്ട്‌ ഹൗസിലേക്ക് പോന്നു.

ക്ഷീണം ഉണ്ടെങ്കിൽ കൂടിയും കിടന്നിട്ട് ഉറക്കം വന്നില്ല. നാളെ കടുവയോട് സംസാരിക്കുന്നത് തന്നെയായിരുന്നു മനസിൽ.

എങ്ങനെ പറയും? എന്ത് പറയും? ഒരു തുടക്കം വേണ്ടേ. ചാടികയറി പറയാൻ പറ്റുവോ? കടുവയുടെ മൂഡ് എങ്ങനെയായിരിക്കും? എന്തായിരിക്കും മറുപടി? ഇനി ഇഷ്ടല്ലാന്നു പറയുവോ?

ഏയ്‌… ഇടയ്ക്കൊക്കെ ഞാനും കണ്ടിട്ടുള്ളതല്ലേ ആ കണ്ണുകളിൽ എന്നോടുള്ള പ്രണയം. ചിലപ്പോൾ സംസാരത്തിൽ, ചിലപ്പോൾ പ്രവൃത്തിയിൽ, ചിരിയിൽ, അതുമല്ലെങ്കിൽ ചില നോട്ടത്തിൽ പോലും ഞാനറിഞ്ഞിട്ടുണ്ടല്ലോ ആ പ്രണയം. ഇനി അതൊക്കെ എന്നെ പറ്റിക്കാൻ വേണ്ടി ചെയ്തത് ആവോ? ഏയ്‌…….

ഇതുവരെയും പിടികൊടുക്കാതെ ഇരുന്നത് ഞാനല്ലേ. പക്ഷെ ഇനിയും പിടിച്ചു നിൽക്കാൻ എനിക്കാവില്ല. പറയണം. ഐ ലവ് യൂ ചന്ദ്രുവേട്ടാ ന്ന്.

കൃഷ്ണാ ന്റെ കൂടെതന്നെയുണ്ടാവണേ… എല്ലാം ശുഭമായാൽ മതിയായിരുന്നു. ഓരോന്ന് ഓർത്ത് സ്വയം കണക്കുകൾ കൂട്ടിയും കിഴിച്ചും എപ്പോഴോ ഉറങ്ങിപോയി. ജീവിതത്തിലെ ആ സുന്ദരനിമിഷത്തെയും സ്വപ്നം കണ്ട്…
ആ നല്ല നാളെയെകുറിച്ചോർത്ത്…
എന്റെ പ്രണയസാഫല്യത്തിനായ്…

( തുടരും )

കുടക്‌ മായി എനിക്ക് യാതൊരു ബന്ധവും ഇല്ല. എല്ലാം നെറ്റിന്റെ നിന്ന് കിട്ടിയതാ. എന്തെങ്കിലും തെറ്റുണ്ടെങ്കിൽ ക്ഷമിക്കണേ.

(തുടരും )

Mr. കടുവ : ഭാഗം 1

Mr. കടുവ : ഭാഗം 2

Mr. കടുവ : ഭാഗം 3

Mr. കടുവ : ഭാഗം 4

Mr. കടുവ : ഭാഗം 5

Mr. കടുവ : ഭാഗം 6

Mr. കടുവ : ഭാഗം 7

Mr. കടുവ : ഭാഗം 8

Mr. കടുവ : ഭാഗം 9

Mr. കടുവ : ഭാഗം 10

Mr. കടുവ : ഭാഗം 11

Mr. കടുവ : ഭാഗം 12

Mr. കടുവ : ഭാഗം 13

Mr. കടുവ : ഭാഗം 14

Mr. കടുവ : ഭാഗം 15

Mr. കടുവ : ഭാഗം 16

Mr. കടുവ : ഭാഗം 17

Mr. കടുവ : ഭാഗം 18

Mr. കടുവ : ഭാഗം 19

Mr. കടുവ : ഭാഗം 20

Mr. കടുവ : ഭാഗം 21

Mr. കടുവ : ഭാഗം 22

Mr. കടുവ : ഭാഗം 23

Mr. കടുവ : ഭാഗം 24

Mr. കടുവ : ഭാഗം 25