നിവേദ്യം : ഭാഗം 8

Spread the love

എഴുത്തുകാരി: ആഷ ബിനിൽ

“അച്ഛനും അമ്മയ്ക്കും ഒരുപാട് നാളത്തെ പ്രാർഥനകൾക്കും നേർച്ചകൾക്കും ശേഷം ഉണ്ടായ മകൻ ആണ് ഞാൻ. അതുകൊണ്ട് തന്നെ അവരെന്നെ ഒരുപാട് ലാളിച്ചും ആഗ്രഹിക്കുന്നതെല്ലാം നടത്തി തന്നുമാണ് വളർത്തിയത്. പ്ലസ് റ്റു ഒക്കെ ആയപ്പോഴേക്കും ഞാൻ ഒരു പ്രത്യേക സ്വഭാവക്കാരൻ ആയിരുന്നു. കൂട്ടുകരില്ല, ആരോടും അടുപ്പമില്ല, സ്നേഹം ഇല്ല. അങ്ങാനൊക്കെ. അച്ഛനും അമ്മയും മറ്റൊരാളെയും സ്നേഹത്തോടെ നോക്കുന്നത് പോലും എനിക്ക് സഹിക്കാൻ കഴിയാത്ത കാര്യങ്ങൾ ആയിരുന്നു.

അങ്ങനെ കുറെ ആയപ്പോൾ കസിൻസ് ഒന്നും വീട്ടിലേക്ക് വരാതെയായി. ആകെയുള്ള ഒരു ഫ്രണ്ട് വെങ്കി മാത്രം ആയിരുന്നു. അതും ഞാൻ എന്തു പറഞ്ഞാലും ഒക്കെ അനുസരിച്ചു നിൽക്കുന്നത് കൊണ്ടു മാത്രം. യൂഎസിൽ MBBS ഒരു ആഗ്രഹമായി മനസിൽ കയറി കൂടിയത് ആ സമയത്താണ്. അച്ഛനും അമ്മയും സമ്മതിക്കും എന്നാണ് കരുതിയത്. ഇന്നുവരെ ഒന്നിനും എന്നെ എതിർക്കാത്ത അവർ ഇത്തവണ എന്നെ വിടില്ല എന്നു നിർബന്ധം പിടിച്ചു. അതോടെ എനിക്കും വാശിയായി. പോണം എന്നു തറപ്പിച്ചു പറഞ്ഞു. ഒരു വർഷം ഒരു കോഴ്സിനും പോകാതെ വീട്ടിലിരുന്നു.

ഒടുവിൽ അവർ തോൽവി സമ്മതിച്ചു. വെങ്കിയെയും കൂട്ടി എന്നെ അയച്ചു. ആദ്യത്തെ കുറച്ചു കാലം അവിടെ അടിച്ചു പൊളിച്ചു നടന്നു. അവിടെ വച്ചാണ് ഞാൻ എഡ്വിനയെ പരിചയപ്പെടുന്നത്. എന്റെ ക്ലാസ്മേറ്റ് ആയിരുന്നു അവൾ. ചെമ്പൻ മുടിയും നക്ഷത്ര കണ്ണുകളും ഉള്ളൊരു മാലാഖ. സാധാരണ വിദേശികളുടെ ബന്ധങ്ങളെ കുറിച്ചു നമുക്കൊരു ധാരണ ഉണ്ടല്ലോ. ടൈം പാസ് ആണ്, വേഷം മാറുന്നത് പോലെ പങ്കാളിയെ മാറുന്നവർ ആണ് എന്നൊക്കെ. ഞാനും തുടക്കത്തിൽ അങ്ങനെയാണ് കരുതിയത്. വളരെ വേഗം തന്നെ അവളെന്റെ ഹൃദയത്തിന്റെ ഭാഗമായി.

ആരോടും സ്നേഹം ഇല്ല എന്നു വിചാരിച്ച എനിക്ക് അവൾ എന്റെ പ്രാണനായി. എട്ടു വർഷം ആയിട്ടും നാൾക്കുനാൾ ശക്തമായതല്ലാതെ ഞങ്ങളുടെ ബന്ധത്തിന് യാതൊരു വിള്ളലും സംഭവിച്ചില്ല. എംഎസ് കഴിഞ്ഞിട്ടും കുറെ ഫെല്ലോഷിപ്പുകളും ഒക്കെയായി ഞാൻ അവിടെ തന്നെ കൂടി. അവളെ പിരിയാൻ എനിക്കാവില്ല എന്നതായിരുന്നു സത്യം. ഒടുവിൽ ഞാൻ അവിടെത്തന്നെ ഒരു ഹോസ്പിറ്റലിൽ ജോലിക്ക് കയറി.” ഹരിയേട്ടൻ പറയുന്ന ഓരോ വാചകങ്ങളും ചട്ടവാറടിപോലെ എന്നെ വേദനിപ്പിച്ചുകൊണ്ടിരുന്നു. എന്നിട്ടും മനസിന്റെ സംഘർഷങ്ങൾ മുഖത്തു വരുത്താതെ ഞാനിരുന്നു.

എന്നെ ഇഷ്ടമില്ല എന്നെനിക്ക് തുടക്കത്തിൽ തന്നെ മനസിലായതാണ്. ഇതുപോലെ എന്തെങ്കിലും കാരണം ഉണ്ടാകും എന്നും ഊഹിച്ചിരുന്നു. എങ്കിലും ഇത്ര വേഗം ഡിവോഴ്‌സ് ആവശ്യപ്പെടും എന്നു പ്രതീക്ഷിച്ചില്ല. “അച്ഛനോടും അമ്മയോടും എഡ്വിയുടെ കാര്യം ഞാൻ പറഞ്ഞു. പക്ഷെ മകൻ ഒരു മദാമ്മയെ കല്യാണം കഴിക്കുന്നതിൽ അവർക്ക് താല്പര്യം ഇല്ലായിരുന്നു. പിന്നെ ഞാൻ ഇവിടെ അവരുടെ കണ്മുന്നിൽ കാണണം എന്നായിരുന്നു അവരുടെ ആഗ്രഹം. അതിനു വേണ്ടിയാണ് അവർ നിന്നെ കണ്ടുപിടിച്ചു കല്യാണം നിശ്ചയിച്ചത്.

അച്ഛന് സുഖമില്ല എന്നു പറഞ്ഞു കല്യാണത്തിന്റെ അന്ന് എന്നെ വിളിച്ചു വരുത്തുകയായിരുന്നു. മണ്ഡപത്തിൽ എത്തിയപ്പോഴാണ് സ്വന്തം കല്യാണം ആണ് നടക്കാൻ പോകുന്നത് എന്നും അതിനുള്ള പന്തലിലേക്കാണ് എന്നെ കൊണ്ടുവന്നതെന്നും ഞാൻ അറിയുന്നത്. നിന്നെ താലി കെട്ടുകയല്ലാതെ എനിക്ക് വേറെ ഓപ്‌ഷൻ ഇല്ലായിരുന്നു. നീയും കൂടി അറിഞ്ഞുകൊണ്ട് എന്നെ ചതിച്ചതാണ് എന്നാണ് ആദ്യം കരുത്തിയത്. അതുകൊണ്ടാണ് ആദ്യരാത്രി നിന്നോടനങ്ങനെ പെരുമാറിയത്.

ക്ഷെ പിറ്റേന്ന് നീ കല്യാണം കഴിഞ്ഞത് കൊണ്ട് പഠിക്കാൻ പോയില്ല എന്നൊക്കെ പറയുന്നത് കേട്ടപ്പോൾ ഞാൻ അന്വേഷിച്ചു, നിന്നെക്കുറിച്. നീയും എന്നെപോലെ പെട്ടു പോയതാണ് എന്നു ബോധ്യമായി. അങ്ങനെയാണ് നിന്നെ പഠിക്കാൻ അയക്കാൻ ഞാൻ തീരുമാനിച്ചത്. നിനക്ക് വേണ്ടതെല്ലാം വാങ്ങി തന്നതും നിന്റെ വീട്ടുകാരോട് ഞാൻ നന്നായി ഇടപെട്ടതും അതുകൊണ്ടാണ്. ഇതെല്ലാം ഞാൻ സമയാസമയം എഡ്വിയെ അറിയിച്ചിരുന്നു. നിന്നെ വേദനിപ്പിക്കരുതെന്ന് അവൾ എന്നോട് പറഞ്ഞു.

പക്ഷെ ഞാൻ ചെയ്യുന്നതെല്ലാം നിന്നിൽ എന്നോടുള്ള ഇഷ്ടം വളർത്തുകയാണ് എന്നെനിക്ക് മനസിലായത് നീ എന്നെക്കുറിച്ചു അന്വേഷിച്ചു തുടങ്ങിയപ്പോൾ ആണ്. ഞാൻ പറഞ്ഞിട്ടാണ് വെങ്കി നിന്നെ ബ്ലോക്ക് ചെയ്തത്. കൺവെട്ടത്ത് ഉണ്ടായാൽ നിനക്കൊരിക്കലും എന്നെ മറക്കാൻ കഴിയില്ല. അതുകൊണ്ടാണ് ഞാൻ വേഗം തിരികെ പോകാൻ തീരുമാനിച്ചത്. അവിടെ ചെന്നപ്പോൾ പിന്നെ എഡ്വിയുടെ കൂടെ ബിസിയായി. അഞ്ചാറു മാസം കാണാതെയും സംസാരിക്കാതെയും ഇരുന്നാൽ നീ എന്നെ മറക്കും എന്നു ഞാൻ കണക്കു കൂട്ടി” ഹരിയേട്ടൻ പറയുന്നത് കേട്ട് എനിക്ക് പുച്ഛമാണ് തോന്നിയത്.

“ആറ് മാസം കാണാതെയും സംസാരിക്കാതെയും ഇരുന്നാൽ മറന്ന് കളയാൻ ഞാൻ ഹരിയേട്ടന്റെ ഭാര്യ ആണ്. കാമുകിയല്ല.” ആൾ അതുകേട്ട് ഒന്നു ഞെട്ടിയതായി തോന്നി. “പരസ്പരം അറിയാതെയും സ്നേഹിക്കാതെയും ഒരു താലി കെട്ടിയതുകൊണ്ട് മാത്രം ഭാര്യയാകുമോ?” ആ ചോദ്യത്തിന് എനിക്ക് ഉത്തരം ഉണ്ടായിരുന്നില്ല. ആകും എന്നോ ആകില്ലന്നോ പറയാൻ എനിക്കായില്ല. “നിവേദ്യാ നീ.. എഡ്വിയെ പരിചയപ്പെട്ടില്ലായിരുന്നു എങ്കിൽ തീർച്ചയായും ഞാൻ നിന്നെ വേണ്ടെന്ന് വയ്ക്കില്ലയിരുന്നു. പക്ഷെ ഇപ്പോൾ… ഇപ്പോൾ നിന്നെ ഞാൻ ഒരു സഹോദരിയുടെ സ്ഥാനത്ത് മാത്രമേ കണ്ടിട്ടുള്ളൂ” അടിപൊളി.

സ്വന്തം ഭാര്യയെ സഹോദരിയായി കാണുന്ന ലോകത്തിലെ ആദ്യത്തെ ഭർത്താവ് ആയിരിക്കും എന്റെ എൻടിആർ. അമ്മൂ, യൂ ആർ സോ ലക്കി… “നമ്മുടെ വിവാഹം കഴിഞ്ഞിട്ട് ഇപ്പോൾ ആറു മാസമായി. മ്യൂച്വൽ ഡിവോഴ്‌സ് പെറ്റിഷൻ ഫയൽ ചെയ്താൽ സെവൻ റ്റു എയ്‌റ്റ് മന്ത്സിനുള്ളിൽ ഡിവോഴ്‌സ് കിട്ടും” എത്ര എളുപ്പത്തിൽ പറഞ്ഞു കഴിഞ്ഞു. എന്റെ ജീവിതമാണ് മുറിച്ചെടുക്കാൻ ഈ ചോദിക്കുന്നത്. കുറച്ചു നാൾ ഒരുമിച്ചു കഴിയുമ്പോൾ, അടുത്തിടപഴകുമ്പോൾ, പരസ്പരം മനസ്സിലാക്കുമ്പോൾ, സ്നേഹിക്കാൻ കഴിയും എന്നാണ് ഞാനിതുവരെ കരുത്തിയിരുന്നത്.

മനസു വയ്ക്കാതെ, ആഗ്രഹിക്കാതെ ആർക്കും ആരെയും സ്നേഹിക്കാൻ കഴിയില്ല. അല്ലെങ്കിലും, എന്റെ കൂടെ ജീവിച്ചു കഴിയുമ്പോൾ ഇത്രകാലം പ്രാണനായി കണ്ടവളെ മറന്നു കളഞ്ഞാൽ, ആ സ്നേഹത്തിന് പിന്നെ എന്തു മൂല്യമാണ് ഉള്ളത്. നിറത്തിലെ ജോമോളെപ്പോലെ കുറെ സ്വപ്നം കണ്ടു നടന്ന വിഡ്ഢിയാണ് ഞാൻ എന്നു തോന്നി. ഒടുവിൽ നായികയും നായകനും ഒന്നായി. ഞാൻ ആരായി? “ഹരിയെട്ടാ. ഇപ്പോൾ എനിക്ക് നിങ്ങളോട് ഒന്നും തോന്നുന്നില്ല, സഹതാപം അല്ലാതെ.

സ്വന്തം അച്ഛനോടോ അമ്മയോടൊ പോലും സ്നേഹം ഇല്ലാത്ത നിങ്ങൾ എന്നെ സ്നേഹിക്കും എന്നു വിശ്വസിക്കാൻ മാത്രം മണ്ടിയല്ല ഞാൻ.” “നിവേദ്യാ….!” മസിലളിയൻ അലറി. പിന്നെ ചുറ്റിലും നോക്കി സ്വയം അടങ്ങി. “ഞാൻ സത്യമാണ് പറഞ്ഞത്. നിങ്ങൾ ഇവിടെ നിന്ന് പോയി രണ്ടാഴ്ച കഴിഞ്ഞു അച്ഛന് കാർഡിയാക് അറസ്റ്റ് ഉണ്ടായി. ആൻജിയോപ്ലാസ്റ്റി ചെയ്യേണ്ടി വന്നു. അത് അറിഞ്ഞിരുന്നുവോ?” ഇപ്പോൾ മസിൽ പിടുത്തം അല്പം വിട്ടിട്ടുണ്ട്. തെറ്റ് ചെയ്ത കുട്ടിയെപ്പോലെ ചുണ്ട് കൂർപ്പിച്ചു ഇല്ലെന്ന് തലയാട്ടി. “അതിന് ശേഷം ബൈപാസ് സർജറി കൂടി ചെയ്യേണ്ടി വന്നു.

ഡോക്ടർ മകൻ അതും അറിഞ്ഞു കാണില്ലല്ലോ” ഇപ്പോഴും കുട്ടി മിണ്ടുന്നില്ല. “സ്വന്തം അച്ഛനോടും അമ്മയോടും അത്രേയുള്ളൂ നിങ്ങളുടെ സ്നേഹം. അല്ലെ?” “നീയെന്താ എന്നെ ക്വസ്റ്റിൻ ചെയ്യുകയാണോ? പണ്ട് കല്യാണത്തിന് വിളിച്ചതുപോലെ കള്ളം ആണെന്ന് വിചാരിച്ചാണ് ഞാൻ വരാതിരുന്നത്.” പിന്നെ ഒരു നിമിഷം നിശ്ശബ്ദനായിരുന്നു. സ്വയം സാധൂകരിക്കാൻ പോയിന്റസ് അന്വേഷിക്കുകയാണ് എന്നു തോന്നി. “എന്നോട് അത്ര ഇഷ്ടമുള്ള അച്ഛനും അമ്മയും ആണെങ്കിൽ എന്റെ ഇഷ്ടങ്ങൾ അവർ അംഗീകരിക്കില്ലേ?” “തീർച്ചയായും.

പക്ഷെ ഞാൻ ഒന്ന് ചോദിക്കട്ടെ, സ്വന്തം ഇഷ്ടങ്ങളും പ്രണയവും ജീവിതവും മാത്രം മതിയോ, ജനിപ്പിച്ചു വളർത്തിയ അച്ഛനമ്മമാരോട് ഒരു ഉത്തരവാദിത്തവും ഇല്ലേ?” പിന്നെയും കുട്ടി മിണ്ടുന്നില്ല. “ഒഴിഞ്ഞു പോകാൻ ഞാൻ തയ്യാറാണ്” ചങ്കു പറഞ്ഞു പോകുന്നത് പോലെ തോന്നി, അത് പറഞ്ഞപ്പോൾ. “എന്നെ സ്നേഹിക്കാത്ത ഒരാളുടെ കൂടെയുള്ള ജീവിതം ഞാനും ആഗ്രഹിക്കുന്നില്ല. നിങ്ങൾ പറഞ്ഞ പേപ്പേഴ്‌സ് സൈൻ ചെയ്തു തരാൻ ഞാൻ തയ്യാറാണ്. പക്ഷെ ആ അച്ഛനോടും അമ്മയോടും നീതികേട് കാണിക്കാൻ ഞാൻ കൂട്ടു നിൽക്കില്ല.”

“നീ എന്താ ഈ പറഞ്ഞു വരുന്നത്?” ആൾ വീണ്ടും കലിപ്പ് മോഡ് ഓൺ ആക്കി. “അച്ഛനും അമ്മയ്ക്കും നിങ്ങളെ വേണം. അതെനിക്ക് ഉറപ്പ് വരുത്തണം. നിങ്ങൾക്ക് ആ കുട്ടിയെ അത്ര ഇഷ്ടം ആണെങ്കിൽ അച്ഛനെയും അമ്മയെയും അതു പറഞ്ഞു ബോധ്യപ്പെടുത്താൻ ശ്രമിക്കണമായിരുന്നു. നമ്മുടെ നാട്ടുനടപ്പ് അനുസരിച്ചു വിവാഹം കഴിഞ്ഞാൽ പെണ്കുട്ടികൾ ഭർത്താവിന്റെ വീട്ടിൽ ആണല്ലോ ജീവിക്കുന്നത്. ഇവിടെ വന്നു ജീവിക്കാൻ തയ്യാറാണോ എന്ന് ആ കുട്ടിയോട് ചോദിച്ചു നോക്കു.

അവൾക്ക് നിങ്ങളോടുള്ള സ്നേഹം സത്യമാണെങ്കിൽ അവൾ അതിന് തയ്യാറാകും, എനിക്കുറപ്പാണ്. അങ്ങനെ ആണെങ്കിൽ ഹരിയേട്ടന്റെ പ്രണയം നഷ്ടപ്പെടുത്തേണ്ട, അച്ഛനെയും അമ്മയെയും വേദനിപ്പിക്കുകയും വേണ്ട.” അത്തരം ഒരു സാധ്യതയെ കുറിച്ച് ആൾ അപ്പോഴാണ് ആലോചിച്ചത് എന്നു തോന്നുന്നു. ഫോണുമെടുത്തു പുറത്തേക്ക് പോയി. എനിക്ക് എന്നോട് തന്നെ ബഹുമാനം തോന്നി. ഭാര്യയെ സഹോദരിയായി കാണുന്ന ഭർത്താവ്, ഭർത്താവിന് കാമുകിയുമായി ഒന്നുചേരാൻ അവസരം നോക്കുന്ന ഭാര്യ. ഇതൊക്കെ എന്റെ ജീവിതത്തിൽ മാത്രമേ നടക്കൂ എന്നു തോന്നുന്നു.

പക്ഷെ ഇതല്ലാതെ ഞാൻ എന്തു ചെയ്യാനാണ്? ഇഷ്ടമില്ലാത്ത ഒരാളുടെ കൂടെ ജീവിക്കുന്നതെങ്ങനെ? കണ്മുന്നിൽ പോലും വരാൻ ആഗ്രഹിക്കാത്ത ഒരാളെ പിടിച്ചു നിർത്തണോ? പിടിച്ചു വാങ്ങാൻ കഴിയുന്നതാണോ സ്നേഹം? ഫോൺ ഇൻ പ്രോഗ്രാം കഴിഞ്ഞു തിരികെ വന്ന മസിലളിയന്റെ മുഖം പറയുന്നുണ്ടായിരുന്നു, എഡ്വിയുടെ മറുപടി എന്താണെന്ന്.

തുടരും

നിവേദ്യം : ഭാഗം 7

-

-

-

-

-