Saturday, April 27, 2024
Novel

ഭാര്യ-2 : ഭാഗം 9

Spread the love

എഴുത്തുകാരി: ആഷ ബിനിൽ

Thank you for reading this post, don't forget to subscribe!

പിന്നീടുള്ള ഒരാഴ്ച മിക്കവാറും എല്ലാ ദിവസവും നീലു അനീഷിനെ കാണാറുണ്ടായിരുന്നു. പരസ്പരം ഒരു ചിരിയും ഒന്നോ രണ്ടോ വാക്കുകളും. അത്രേയുണ്ടാകൂ കൂടിക്കാഴ്ച്ച. പക്ഷെ ആ നിമിഷങ്ങൾ രണ്ടാൾക്കും പ്രിയപ്പെട്ടതായിക്കൊണ്ടിരുന്നു. രാജേഷ് എന്നും വിളിക്കുമായിരുന്നു. പ്രിത്യേകിച്ച് ഒന്നും സംസാരിക്കാൻ ഇല്ല രണ്ടുപേർക്കും. വീട്ടിലെ കാര്യങ്ങളും ജോലിയുടെ കാര്യങ്ങളും പറഞ്ഞു സംഭാഷണം അവസാനിപ്പിക്കും. വെറുമൊരു പരിചയക്കാരൻ മാത്രമായ അനീഷിനോട് തോന്നുന്ന വൈകാരിക അടുപ്പം പോലും ഭാവി വരനായ രാജേഷിനോട് തനിക്ക് തോന്നാത്തത് നീലുവിനെ ആശങ്കപ്പെടുത്തി.

അയാളോട് യാതൊരു ഇഷ്ടക്കേടും ഇല്ല. സഹതാപം ഉണ്ട്. പക്ഷെ പ്രണയം..? രാജേഷിനും തന്നോട് ഇങ്ങനെ ആകുമോ..? ചോദ്യങ്ങൾ നീലുവിൽ തന്നെ ഒതുങ്ങി. ആ ആഴ്ചയുടെ അവസാനം രാജേഷ് ദുബായിലേക്ക് പോയി. അനീഷ് നാട്ടിലേക്കും. “തൃശ്ശൂര് നല്ല പെൺപിള്ളേര് വല്ലതും ഉണ്ടോടാ നമുക്കൊന്ന് ആലോചിക്കാൻ?” അനീഷിന്റെ അമ്മ ചോദിച്ചു. എന്തുകൊണ്ടോ അവന് നീലുവിന്റെ മുഖം ഓർമ വന്നു. “ചെ.. എന്താ ഇത്. ആകെ കുറച്ചു കാലത്തെ പരിചയം മാത്രമേയുള്ളൂ. അവളാണെങ്കിൽ നല്ല കുടുംബത്തിലെ ആണ്. നല്ല ജോലിയും ഉണ്ട് കാണാനും മിടുക്കി. കല്യാണം കഴിക്കണം എന്നും പറഞ്ഞു അങ്ങു ചെന്നേച്ചാലും മതി..!” അവൻ സ്വയം പറഞ്ഞു. രാജേഷ് വിളിക്കാത്തത്തിലും നീലുവിന് ശൂന്യത തോന്നിയത് അനീഷിന്റെ അസാന്നിധ്യം ആയിരുന്നു.

അതെന്താ അങ്ങനെ..?🤔 🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈 തരുണിന്റെ ബാങ്ക് അവർക്കൊരു പന്ത്രണ്ട് ദിവസത്തെ സിംഗപ്പൂർ- മലേഷ്യ- തായ്‌ലൻഡ് ഫാമിലി ട്രിപ്പ് ഓഫർ ചെയ്തിരുന്നു. സുമിത്രക്കും ഗീതയ്ക്കും ഒന്നും ഫ്ലൈറ്റ് യാത്രയും മറ്റും പറ്റാത്തത് കൊണ്ടു എല്ലാവരുടെയും നിർദേശപ്രകാരം മാലതിയും കൃഷ്ണനും തരുണും കാവ്യയും കുട്ടികളും ആണ് പോയത്. അവർ പോയി രണ്ടാം ദിനം തനയ്ക്ക് ചെറിയൊരു അപകടം പറ്റി ആശുപത്രിയിലായി. മാരകമായി ഒന്നും പറ്റിയില്ലെങ്കിലും ഒരു കാലൊടിഞ്ഞു. അതിന്റെ പിറ്റേന്ന് തനുവിന് പെയിൻ വന്ന് മെഡിക്കൽ കോളേജിൽ തന്നെ അഡ്മിറ്റ് ചെയ്തു. കൂനിന്മേൽ കുരു എന്നപോലെ ആയി അത്. ഇവിടെയിപ്പോൾ രണ്ട് അമ്മമാരും അച്ചന്മാരും ഉള്ളതുകൊണ്ട് ട്രിപ്പ് കാൻസൽ ചെയ്യേണ്ട എന്നു തരുണിന്റെയും ടീമിനെയും അറിയിച്ചു.

കഴിഞ്ഞ രണ്ടു പ്രസവങ്ങളിലും കാശി തനുവിന്റെ കൂടെ ഉണ്ടായിരുന്നു. പക്ഷെ ജോലി തിരക്ക് കാരണം ഇത്തവണ അവന് ഒപ്പം നിൽക്കാൻ കഴിഞ്ഞില്ല. നീലു ജോലിക്ക് പൊയ്ക്കൊണ്ടിരുന്നു. രാവിലെയും വൈകുന്നേരവും ആശുപത്രിയിൽ വന്നു രണ്ടാളെയും കാണും. സുമിത്ര വീട്ടിൽ കുഞ്ഞുങ്ങളെ നോക്കാനും ഭക്ഷണം ഉണ്ടാക്കാനും ഒക്കെയായി തിരക്കിലാണ്. ഗീതയും മീനാക്ഷിയും മാറി മാറി രണ്ടുപേർക്കും കൂട്ടായി ആസ്പത്രിയിൽ നിന്നു. അച്ചന്മാർ മൂന്ന് നേരവും ഭക്ഷണവും കൊണ്ടെത്തും. രണ്ടു ദിവസം ആശുപത്രിയിൽ കിടന്ന് മൂന്നാം നാൾ വൈകുന്നേരം ആയിരുന്നു തനുവിന്റെ പ്രസവം. ആ സമയത്ത് നീലു അവിടെ ഉണ്ടായിരുന്നു. പെൺകുഞ്ഞായിരുന്നു. ഖുശിമോൾ ഉണ്ടായപ്പോൾ ഇരുന്നത് പോലെ തന്നെയുണ്ട് വാവ. വിവരം അറിഞ്ഞു കാശി ഓടിപ്പാഞ്ഞു വന്നു.

അപ്പോഴേക്കും തനുവിനെ മുറിയിലേക്ക് മാറ്റി. മാസം തികയാതെയുള്ള പ്രസവം ആയതുകൊണ്ട് കുഞ്ഞിനെ NICUവിലേക്കും. മറ്റു കുഴപ്പങ്ങൾ ഇല്ലാത്തത് കൊണ്ട് കുഞ്ഞിനെ കുറച്ചുകഴിഞ്ഞു റൂമിലേക്ക് കൊണ്ടുവന്നു. പന്ത്രണ്ട് വർഷങ്ങൾക്ക് മുൻപ് ഖുഷിമോളെ കയ്യിൽ കിട്ടിയപ്പോഴത്തെ അതേ കൗതുകം ഇപ്പോഴും കാശിയിൽ നിറഞ്ഞിരുന്നു. അന്നത്തെ അത്രതന്നെ തീവ്രമായ പ്രണയം തനുവിനെ നോക്കുന്ന അവന്റെ മിഴികളിൽ അപ്പോഴും ഉണ്ടായിരുന്നു. അവർക്ക് സ്വകാര്യത കിട്ടട്ടെ എന്നു കരുതി എല്ലാവരും തനയ്യുടെ മുറിയിലേക്ക് വലിഞ്ഞു. ശിവനും ഹരിയും കൂടി ഓരോ കൊച്ചുമക്കളും ഉണ്ടായ കഥ പറഞ്ഞുതുടങ്ങി. പിന്നെ വിഷയം മാറി വരുന്നത് കണ്ടതോടെ നീലു അവിടെ നിന്നു വലിഞ്ഞു. തനയ്യും മീനാക്ഷിയും അവർക്കിടയിൽ കുടുങ്ങി. 🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈

മറ്റന്നാൾ തനുവിനേയും കുഞ്ഞിനെയും ഡിസ്ചാർജ് ചെയ്യും. അതിനടുത്ത ദിവസം തനയ്ക്കും വീട്ടിലേക്ക് മടങ്ങാൻ കഴിഞ്ഞേക്കും. അന്ന് നീലുവിന് ഷൊർണൂർ ഒരു അമ്പളത്തിൽ പ്രോഗ്രാം ഉണ്ടായിരുന്നു. ഇനി ഒഴിവാക്കാൻ കഴിയില്ല. ശിവൻ വണ്ടി ഓടിക്കാറില്ല. ഹരി ഓടിക്കുമെങ്കിലും കാശിക്കും സമയമില്ലാത്ത സ്ഥിതിക്ക് ആശുപത്രിയിൽ ഒരാള് വേണമല്ലോ. നീലുവിന്റെ മുന്നിൽ പെട്ടന്ന് തെളിഞ്ഞത് അനീഷിന്റെ മുഖം ആയിരുന്നു. നാട്ടിൽ നിന്ന് വന്നോ എന്നറിയില്ല. ഫോൺ നമ്പർ കയ്യിലുണ്ടെങ്കിലും ഇന്നുവരെ വിളിച്ചിട്ടില്ല. രണ്ടും കല്പിച്ചു നീലു അനീഷിനെ വിളിച്ചു. “ഹാലോ.. ഇതേവിടെയാ..? രണ്ടൂന്ന് ദിവസവായല്ലോ കണ്ടിട്ട്. ഞാൻ അങ്ങോട്ട് വിളിക്കാൻ ഇരിക്കുവാരുന്നു” ഫോൺ എടുത്തതേ ആള് കത്തിയടി തുടങ്ങി. “അത്.. അനീഷ്.. ഞാനിപ്പോ മെഡിക്കൽ കോളേജിൽ ആണ്..

എന്റെ..” പറയാൻ ഉള്ളത് കേൾക്കുന്നതിന് മുൻപേ ചെക്കന് ആധി കയറി: “അയ്യോ എന്നാ പറ്റിയെ..?” “ഹേയ്.. എനിക്കൊന്നും ഇല്ല. ഏട്ടന് ഒരു ആക്സിഡന്റ് പറ്റി. പിന്നെ സിസ്റ്റർ ഡെലിവറി ആയി. രണ്ടാളും ഇവിടെ അഡ്മിറ്റ് ആണ്” അതോടെ അവന്റെ ശബ്ദത്തിലെ ടെൻഷൻ മാറി. “ആഹാ. രണ്ടും ഒരേ സമയത്തോ? അത് കലക്കി..” “അനീഷ്.. ഞാൻ വിളിച്ചത്….” “എന്നാടോ? എന്നേലും പ്രശ്നം ഉണ്ടോ?” “ഹേയ്.. പ്രശ്നം ഒന്നുമില്ല. എനിക്ക് ഷൊർണൂർ ഒരു അമ്പലത്തിൽ പ്രോഗ്രാം ഉണ്ട്. ഒന്നു കൂടെ വരുമോ എന്നറിയാൻ ആണ്. വണ്ടിയൊക്കെ ഇവിടെയുണ്ട്.” “അതിനെന്നാ.. ഞാൻ വരാം. ഒരു അര മണിക്കൂറിനുള്ളിൽ എത്താം” “അയ്യോ ഇപ്പോ വേണ്ട. പ്രോഗ്രാം എട്ടു മണിക്കാണ്. ഒരു അഞ്ചുമണി ആകുമ്പോൾ എത്തിയാൽ മതി” “ആഹ്. എന്നാ ശരി” അതങ്ങനെ തീരുമാനം ആയി.

പക്ഷെ ഇക്കാര്യം വീട്ടിൽ പറയുമ്പോഴുള്ള പ്രതികരണം എങ്ങനാകും എന്നറിയില്ല. “എന്തൂട്ടാ നീയീ പറയണേ? അനീഷോ? അവനെ എങ്ങനെ വിശ്വസിച്ചു നിന്റെകൂടെ വിടും?” ഗീത ചോദിച്ചു. അതേ ഭാവം തന്നെ ആയിരുന്നു മറ്റു മുഖങ്ങളിലും. “എനിക്ക് എന്റെ ഏട്ടന്മാരെപ്പോലെ തന്നെ വിശ്വാസം ആണ് അനീഷിനെ. ഇപ്പോ എനിക്ക് ആകെയുള്ള ഒരു ഫ്രണ്ട് ആണ് അയാൾ. ഇവിടേക്ക് വരുന്നുണ്ട്. സംസാരിച്ചു നിങ്ങൾക്കെല്ലാം ബോധ്യം വന്നാൽ മതി.” “നീ അവന്റെ കൂടെയാണ് പോകുന്നതെന്ന് രാജേഷിന്റെ വീട്ടിൽ പറയേണ്ടേ?” “അനീഷ് വരട്ടെ. ഒരുമിച്ചു പോകുന്നുണ്ട് എങ്കിൽ രാജേഷിനോട് ഞാൻ പറയാം.” അഞ്ചുമണിക്ക് വരാൻ ആണ് പറഞ്ഞതെങ്കിലും മൂന്നിന് മുൻപ് ആൾ ഇങ്ങെത്തി.

കുറെ ഏറെ പഴങ്ങളും മറ്റും ആയിട്ടാണ് വന്നത്. വന്നപാടെ ഏറെ അടുത്തറിയാവുന്ന ബന്ധുക്കളോട് സംസാരിക്കുന്നത് പോലെ തനയ്‌യുടെ കട്ടിലിൽ കയറിയിരുന്നു വിശേഷം തിരക്കൽ തുടങ്ങി. ഇടക്ക് കാലിൽ എക്‌സാമിനേഷൻ ചെയ്യുന്നതും കണ്ടു. “ഇത് നല്ലോണം കിട്ടിയിട്ടുണ്ടല്ലോ.എന്നാ പറ്റിയതാ?” “ബൈക്കിൽ പോകുമ്പോ ഒന്ന് സ്കിഡ് ആയതാ. കുഴപ്പം ഒന്നുമില്ല” “കുഴപ്പം ഒന്നും വരുത്താതെ തമ്പുരാൻ കാത്തു എന്നു പറ. പണ്ട് ഇതുപോലെ ഞാനൊന്ന് സ്കിഡ് ആയതാ, എന്റമ്മോ ഒന്നും പറയണ്ട. എല്ല് മൂന്നായിട്ട് ഒടിഞ്ഞു പോയി. മൂന്നാഴ്ച ആശുപത്രിയിൽ കിടന്ന കിടപ്പ് കിടന്നു………” പണ്ട് ആളുടെ കാല് ഒടിഞ്ഞ കഥ പറച്ചിലും മീനാക്ഷിയുടെ കോഫി ഷോപ് ബിസിനസിന്റെ വിശേഷം ചോദിക്കലും അച്ഛന്മാരുടെ വീരസഹാസ കഥകൾ കേൾക്കലും ആകെ ബഹളം.

കഥകൾ ശ്രദ്ധയോടെ കേൾക്കുന്നത് കൂടാതെ ഇടക്ക് സംശയം ചോദിക്കുന്നും ഉണ്ട്. കൊണ്ടുവന്ന ഓറഞ്ച് മുഴുവൻ എല്ലാവരും കൂടെ കഴിച്ചു തീർത്തു. പകുതിയും അവൻ തന്നെയാണ് കഴിച്ചത്. അച്ഛന്മാർക്ക് അവനെ നന്നായി ബോധിച്ചു. തനയ്ക്കും മീനാക്ഷിക്കും പിന്നെ പറയുകയേ വേണ്ട. ഗീതക്ക് മാത്രം അവന്റെ അടുത്ത ഇടപഴകലും സംസാരവും അത്ര ഇഷ്ടമായില്ല. അതവർ പുറമെ പ്രകടിപ്പിച്ചില്ലെങ്കിലും നീലുവിന് മനസിലായി. അനീഷും നീലുവും കൂടി അവളുടെ വീട്ടിലേക്ക് പോയി. നീലു റെഡി ആകുന്ന സമയം സമിത്രയും കുട്ടികളുമായി അവൻ സംസാരിച്ചിരുന്നു. ഗീതയുടെ അതേ ആട്ടിട്യൂഡ് തന്നെ ആയിരുന്നു സുമിത്രക്കും അവനോട്. കുട്ടികൾക്ക് അവനെ നന്നായി ഇഷ്ടമായി. “പോകാം?” നീലു ചോദിച്ചു.

അനീഷ് ആദ്യം കാണുന്നപോലെ അവളെ നോക്കി. വെള്ളയിൽ ചുവപ്പ് ബോർഡർ ഉള്ള ഒരു പാട്ടുസാരി ആണ് വേഷം. ഏതൊക്കെയോ ദേവിമാരുടെ രൂപം ആലേഖനം ചെയ്ത വലിയ സ്വർണമാലയും അതിന്റെ തന്നെ വലിയ കമ്മലും രണ്ടു കയ്യിലും ഓരോ തടിയൻ വളകളും. അവൻ നീലുവിനെ ആദ്യം കാണുമ്പോഴും ഏറെക്കുറെ ഈ രൂപത്തിൽ ആയിരുന്നു. ഓനോ രണ്ടോ സെക്കന്റിന് ശേഷം അവൻ സ്വബോധം വീണ്ടെടുത്തു. “ആഹ് പോകാം.” പിന്നെ സുമിത്രയുടെ നേരെ തിരിഞ്ഞു: “പോയേച്ചും വരാം അമ്മേ..” ആ പറച്ചിലിൽ അവരുടെ ഇഷ്ടക്കേടെല്ലാം അലിഞ്ഞു ഇല്ലാതെയായി. കുട്ടികളോടും പ്രത്യേകം യാത്ര പറഞ്ഞാണ് അവർ ഇറങ്ങിയത്. “എന്നാലും ഇതെന്നാ മാറ്റവാ.. സാധാരണ കാണുന്ന ആളെ അല്ലല്ലോ?” “അതു പിന്നെ പ്രോഗ്രാമിന് പോകുകയല്ലേ അനീഷ്. അതാണ്” സാധാരണ നീലു കോട്ടൺ സാരികൾ ആണ് ധരിക്കാറു.

അല്പം വിലകൂടിയവ ആണെങ്കിലും കാഴ്ചയിൽ സിംപിൾ ആയിരിക്കും. നേരിയ ഒരു സ്വർണമാലയും കമ്മലും മാത്രമാണ് ആഭരണം. ആകെയുള്ള ക്രേസ് വാച്ചുകൾ ആണ്. അതൊരു പത്തു പന്തരണ്ടെണ്ണം ഉണ്ട്, എല്ലാം ബ്രാൻഡഡ്. അനീഷ് നല്ലൊരു ഡ്രൈവർ ആയിരുന്നു. അതിനിടയിൽ ആണ് വിശേഷം പറച്ചിൽ. നേരത്തെ പറഞ്ഞ കാര്യങ്ങൾ ചിലതൊക്കെ ഓർക്കാതെ വീണ്ടും പറയുന്നതും കേട്ടു. നീലു ഒക്കെ മൂളി കേട്ടു. അനീഷിന് എപ്പോഴും എന്തെങ്കിലും സംസാരിക്കാൻ ഉണ്ടാകും. വിഷയ ദരിദ്രമോ വാക്കുകൾക്ക് ക്ഷാമമോ കണ്ടിട്ടില്ല. അവന്റെ കൂടെയുള്ളപ്പോൾ അതുവരെയില്ലാത്ത സന്തോഷം തന്നെ വന്നു മൂടുന്നത് അവൾ അറിഞ്ഞു. അവനിലെ നിഷ്കളങ്കതയാണ് മറ്റെന്തിനേക്കാളും തന്നെ ആകർഷിക്കുന്നത് എന്നവൾ ഓർത്തു. ഒരുമിച്ചുള്ള ആദ്യത്തെ യാത്ര.

അനീഷിനും അത് പുതിയിരു അനുഭവം ആയിരുന്നു. നീലു തനിക്ക് ആരൊക്കെയോ ആണെന്ന് അവനു വീണ്ടും തോന്നി തുടങ്ങി. അവളുടെ സാന്നിധ്യത്തിൽ കൈവിട്ട് പോകുന്ന മനസിനെ പിടിച്ചു നിർത്താൻ സംസാരത്തിൽ കൂടുതൽ ഫോക്കസ് ചെയ്തു. ആറേകാലോടെ അവർ അമ്പലത്തിലെത്തി. മേക്കപ്പ് എല്ലാം കഴിഞ്ഞു കുറെകൂടി കഴിഞ്ഞാണ് പരിപാടി തുടങ്ങിയത്. പത്തുമണി ആയി ഒക്കെ കഴിഞ്ഞപ്പോൾ. മേക്കപ്പ് അഴിച്ചു ഇറങ്ങിയപ്പോൾ സമയം പതിനൊന്നിനോട് അടുത്തു. വീട്ടിൽ നിന്ന് തുടരെ ഫോൺ കോളുകൾ വന്നുകൊണ്ടിരുന്നു. നേരം വൈകുന്നതിലും അന്യനായ ഒരാൾക്കൊപ്പം പോകുന്നതിലും ഉള്ള ആധിയും അവരിൽ ഉണ്ടായിരുന്നു. ഇടക്ക് ഒരുതവണ രാജേഷിന്റെ വീട്ടിൽ നിന്നും വിളി വന്നിരുന്നു.

അനീഷ് ആണെങ്കിൽ ആദ്യമായി ആണ് ഒരു പ്രൊഫഷണൽ ക്ലാസിക്കൽ ഡാൻസ് നേരിൽ കാണുന്നത്. സ്‌കൂൾ കലോത്സവത്തിലും മറ്റും കണ്ടിട്ടുണ്ടെങ്കിലും ഇത് അവനൊരു പുതുമായായിരുന്നു. കണ്ടതിലും വിവലുതാണ് നീലിമ എന്ന സത്യം എന്നവൻ തിരിച്ചറിഞ്ഞു. നീലു എത്തിയപാടെ അവർ പാർക്കിങ്ങിലേക്ക് നീങ്ങി. വണ്ടിയിൽ കയറാൻ പോയപ്പോഴേക്കും അവിടിവിടെനിന്ന് ചിലർ അവർക്കരികിൽ എത്തി. “പരിപാടി നന്നായിരുന്നു കേട്ടോ മേഡം..” അവരിൽ ഒരാൾ പറഞ്ഞു. “ഓഹ്.. താങ്ക് യൂ..” “മേഡം പോകാൻ നിൽക്കുകയാണോ?” “ആഹ്. അതേ.. അത്താണി വരെ എത്തേണ്ടതാണ്. ഇപ്പോൾ തന്നെ വൈകി” “എന്നാൽ പിന്നെ ഇവിടെ തങ്ങിയിട്ട് നാളെ പോകാം.. ഇത്രയും വൈകിയില്ലേ?” “ഇല്ല.. കുഴപ്പമില്ല. ഞാൻ വൈകി യാത്ര ചെയ്യാറുള്ള ആളാണ്.” “എന്നാലും മേഡം..”

അവർ വിടാൻ ഭാവം ഇല്ലായിരുന്നു. അപ്പോഴേക്കും അനീഷ് ഇടപെട്ടു: “ഒരെന്നാലും ഇല്ല. ചേട്ടന്മാർ ചെന്നാട്ടെ. മേഡം വന്നു വണ്ടിയിൽ കയറു” അവൻ മേഡം എന്ന് വിളിച്ചത് കേട്ട് നീലു അമ്പരന്നുപോയി. “ഇതാരാ..?” അനീഷിനെ ചൂണ്ടി ആണ് ചോദ്യം. അവൾ എന്തെങ്കിലും പറയുന്നതിന് മുൻപ് തന്നെ അവൻ മറുപടി കൊടുത്തു: “ഞാൻ മേടത്തിന്റെ ഡ്രൈവർ ആണ്.” നീലു ഞെട്ടി അവനെ നോക്കി. അനീഷ് കൂസലന്യേ നിന്നു. കൂടി നിൽക്കുന്നവർക്ക് അവരെ അങ്ങനെ വിടാൻ ഉദ്ദേശം ഇല്ലെന്ന് അവനും മനസ്സിലായിരുന്നു. (തുടരും)-

ഭാര്യ-2 : ഭാഗം 7