നവമി : ഭാഗം 25
എഴുത്തുകാരി: വാസുകി വസു
“ചേച്ചിക്ക് ഇഷ്ടം ഇല്ലെങ്കിൽ അഭിമന്യു ഏട്ടനുമായുളള വിവാഹം ഞാൻ നിർബദ്ധിക്കില്ല” നവമി പറഞ്ഞു നിർത്തി..നീതിക്ക് ആശ്വാസം തോന്നി…
“ഞാൻ നിന്റെ അനിയത്തി ആണെങ്കിൽ അഭിമന്യു ഏട്ടൻ നിന്റെ കഴുത്തിൽ താലി ചാർത്തിയിരിക്കും.” നവമി മനസ്സിൽ പ്രതിജ്ഞ എടുത്തു…
അപ്പോൾ നീതി ചിന്തിച്ചത് മറ്റൊന്നാണ്….
“തനിക്ക് ഈ ജന്മം മറ്റൊരു വിവാഹമില്ല..പകരം അഥർവിനെയും നവിയെയും തമ്മിൽ കൂട്ടിച്ചേർക്കണം…അവരുടെയുള്ളിൽ അത്രക്കും ഇഷ്ടമുണ്ട്…
” എടീ ഇങ്ങനെയാണെങ്കിൽ എന്ത് ചെയ്യും കുഴഞ്ഞത് തന്നെ”
മൂന്നാല് ദിവസം കഴിഞ്ഞാണ് നീതിയും നവമിയും കോളേജിലേക്ക് പോയത്.രണ്ടു പേരും പഴയതിൽ നിന്ന് ഒരുപാട് മാറിയിരിക്കുന്നു. കീരിയും പാമ്പും ആയിരുന്ന സഹോദരിമാർ ഇണപിരിയാത്ത സുഹൃത്തുക്കൾ കൂടിയാണ്. ഇരുമനസ്സിലും കൂടപ്പിറപ്പിന് നല്ലൊരു ജീവിതം നേടിക്കൊടുക്കാൻ മൽസരിക്കുന്നു.
നീതി തന്റെ മനസ്സിലിരുപ്പ് അക്ഷരയോട് വെളിപ്പെടുത്തി.നവമി അവളുടെ മനസ്സ് ഹൃദ്യയോടും.ഹൃദ്യയും അക്ഷരയും കൂടി തമ്മിൽ ഡിസ്ക്കസ് ചെയ്തപ്പോഴാണ് കാര്യങ്ങളുടെ നിജസ്ഥിതി മനസ്സിലായത്.
“എനിക്കും അറിയില്ല അക്ഷരേ” കോളേജ് ഗ്രൗണ്ടിലെ വാകമരത്തണലിൽ ഇരുന്ന് അക്ഷരയും ഹൃദ്യയും കൂടി ചർച്ചയിൽ ആയിരുന്നു. ഇരുവരും കുറെനേരമായി കൂടിയാലോചന തുടങ്ങിയട്ട്.
“നീതിയെ വിവാഹം കഴിക്കൂകയുള്ളൂന്ന് പറഞ്ഞ് അഭിമന്യു ചേട്ടൻ ഒറ്റക്കാലിൽ തപസ്സാണ്.അമ്മാവി എന്നെ കാണുമ്പോൾ കല്യാണക്കാര്യം പറയാനേ നേരമുള്ളൂ മടുത്തു”
തന്റെ അവസ്ഥ ഹൃദ്യക്ക് മുമ്പിലവൾ തുറന്നു കാട്ടുകയാണ്.
“അമ്മായിക്ക് അഭ്യമന്യു ചേട്ടനെക്കൊണ്ട് വിവാഹം കഴിപ്പിക്കാൻ ഇഷ്ടമാണ്. ഒരിക്കലത് സൂചിപ്പിച്ചതാണ്.ഞാൻ നിവിയുടെ കാര്യം പറഞ്ഞു തടിതപ്പി.അതിനാണ് ഇപ്പോൾ ചേട്ടനൊരു പെണ്ണിനെ തപ്പിയെടുത്ത് കൊടുക്കാൻ എന്നെ ഏർപ്പാടാക്കിയത്”
അക്ഷരയോടെന്ത് മറുപടി കൊടുക്കുമെന്ന് അറിയാതെ ഹൃദ്യ കുഴങ്ങി.അഥർവ്വിനെയും നവമിയെയും ഒന്നിപ്പിക്കാൻ നടന്നവർക്ക് നീതിയുടെയും അഭിമന്യുന്റെയും വിവാഹം കൂടി നടത്തേണ്ട ഗതികേടിലായി.
ഹൃദ്യക്ക് എങ്ങനെ എങ്കിലും നവമിയുടെ കാര്യം സെറ്റാക്കിയാൽ മതിയെന്നാണ്.എന്നാൽ അക്ഷരക്ക് അഭിയെയും നീതിയെയും വിട്ടുകളയാൻ പറ്റില്ല.രണ്ടു പേരും അവൾക്കൊരു പോലെയാണ്.
“സാരമില്ല ചേച്ചി എങ്ങനെയെങ്കിലും നാലിനെയും നമുക്ക് ചേർത്തു വെയ്ക്കണം” വാശിയോടെ ഹൃദ്യ പറഞ്ഞു. പക്ഷേ അതെങ്ങെനെയെന്ന് മാത്രം അവർക്ക് അറിയില്ല.
“എന്തുവാ രണ്ടു പേരും കൂടിയിത്ര ഗൗരവമായ ആലോചന.” ശബ്ദം കേട്ടു നോക്കുമ്പോൾ അക്ഷരയുടെ ക്ലാസിലെ അനന്യ അവരെ നോക്കി നിൽക്കുന്നു.
കോളേജിലെ ഏറ്റവും കുശുമ്പു കൂടിയ ഇനമാണ് മുമ്പിൽ നിൽക്കുന്നത്.ഇണക്കാനും പറ്റില്ല പിണക്കാനും.നാക്ക് എടുത്താൽ നുണയേ പറയൂ.മറ്റുള്ളവരെ കുറിച്ച് എന്തിന്റെ എങ്കിലും തുമ്പു കിട്ടിയാൽ മതി കയ്യിൽ നിന്നിട്ടു കൂടി പരസ്യമാക്കി കളയും.ചത്തു കിടക്കുന്നതിനെ ജീവിപ്പിക്കും അതാണ് ഐറ്റം.
“ഹേയ്…ഒന്നുമില്ല..ഞങ്ങൾ വെറുതെ ഓരോന്നും പറഞ്ഞു ഇരിക്കുന്നു” ഹൃദ്യ അവളെ ഒഴിവാക്കാനുള്ള ശ്രമത്തിലാണ്.
“എങ്കിൽ ഞാനും കൂടാം..ക്ലാസ് ബോറാണ്.ഞാൻ ഇറങ്ങിപ്പോന്നു.
അനന്യയും അവരുടെ കൂടെ കൂടിയതിനാൽ ആ ചർച്ച അവിടെ അവസാനിച്ചു.
💃🏼💃🏼💃🏼💃🏼💃🏼💃🏼💃🏼💃🏼💃🏼💃🏼💃🏼💃🏼💃🏼💃🏼💃🏼
അന്ന് സ്റ്റേഷനിൽ നിന്ന് നേരത്തെ അഭിമന്യു ഇറങ്ങി.ലക്ഷ്യം മറ്റൊന്നുമല്ല നീതിയെ കാണണം.മൂന്നുമണി കഴിഞ്ഞതോടെ ബുളളറ്റുമായി അയാൾ കോളേജിനു മുന്നിലെത്തി. അതിനു മുമ്പേ നവമി വിളിച്ചിരുന്നു അവിടേക്ക് വരാനായിട്ട്.
” ഏട്ടോ..ഏട്ടൻ അവിടെ ഇരുന്നാൽ പ്രണയമൊന്നും നടക്കില്ല.വല്ലതും ശരിയാകണമെങ്കിൽ സ്വന്തമായി പെർഫോമൻസ് ചെയ്തു ചേച്ചിയുടെ മനസ്സിൽ കയറിക്കൂടാൻ ശ്രമിക്ക്”
നവമിയുടെ വാക്കുകൾ നെഞ്ചിലേക്ക് ആഴത്തിലാണ് പതിച്ചത്.എന്ത് ചെയ്യാനാണ് തന്നെ കാണുന്നതേ നീതിക്ക് അലർജിയാണ്.
“നീയൊരു വഴി പറഞ്ഞു താ.ഞാനതുപോലെ ചെയ്യാം” അഭിമന്യു തന്റെ അവസ്ഥ വെളിപ്പെടുത്തി.
“ഏട്ടൻ മൂന്നുമണി കഴിഞ്ഞു കോളേജ് ഗേറ്റിനു മുന്നിൽ വാ..ഞാനവിടെ കാണും”
“ശരി..ഉറപ്പിച്ചു”
അങ്ങനെ നവി നൽകിയ ഉറപ്പിന്മേൽ അഭിമന്യു മൂന്ന് മണി കഴിഞ്ഞു കോളേജിനു മുന്നിലെത്തി. നവി വന്നിരുന്നില്ല.അയാൾ ഫോണിൽ അവളെ വിളിച്ചു.
“എത്ര നേരമായി ഞാനിവിടെ വന്നു നിൽക്കുന്നു.. അനിയത്തിക്കുട്ടി എവിടെയാണ്?”
“ഏട്ടാ ദാ ഞാനെത്തി” അഭി നോക്കുമ്പോൾ നവി നടന്നു വരുന്നത് കണ്ടു.സുന്ദരിയാണ് ഇവൾ ..കഴിവും തന്റേടവും ഉണ്ട്. ഇതുപോലെയൊരു അനിയത്തിക്കുട്ടിയെ കൂടപ്പിറപ്പായിട്ട് ഏതൊരുത്തനും കൊതിക്കും.
നവമി നടന്ന് അഭിക്ക് അരികിലെത്തി. അവളും കണ്ണെടുക്കാതെ അയാളെ നോക്കി.
ഇതുപോലെയൊരു ഏട്ടനെ ദൈവം ഇപ്പോഴെങ്കിലും തന്നല്ലോ.പോലീസുകാരന്റെ ജാഡയോ അഹങ്കാരമോ ഇപ്പോൾ ഇല്ല.സ്റ്റേഷനിൽ വെച്ച് ആദ്യമായി കണ്ടപ്പോൾ എന്തോ ജാഡ ആയിരുന്നു. ധനേഷിൽ നിന്ന് തന്നെ രക്ഷിച്ചതും കൂടെയുള്ള യാത്രയിൽ തെറ്റായ രീതിയിലുള്ള ഒരുനോട്ടവും ഏട്ടന്റെ ഭാഗത്ത് നിന്നും ഉണ്ടായതുമില്ല.നന്ദിയോടെ അവളോർത്തു.
“അതേ ഞാൻ അഭിയേട്ടനെന്നോ വിളിച്ചോട്ടെ” നിഷക്കളങ്കയായൊരു ബാലിക ചോദിക്കുന്നതു പോലെയാണ് അഭിക്ക് തോന്നിയത്.
“ആയിക്കോട്ടെ എനിക്കും അതാണ് ഇഷ്ടം” അയാൾ അനുമതി നൽകിയതോടെ കൊതിയോടെ അതിലുപരി സ്നേഹത്തോടെ നവമി വിളിച്ചു.
“അഭിയേട്ടാ…”
“എന്തോ..അതേ ഈണത്തിൽ അഭിയും വിളികേട്ടു.
” ഇങ്ങനെ ഇവിടെ നിൽക്കാതെ അനിയത്തിക്കുട്ടിക്ക് കൊതിയുളളതൊക്കെ വാങ്ങിത്തന്നേ”
“എന്താ നിനക്ക് വേണ്ടത്”
“ഐസ്ക്രീം” റോഡിനു മറുഭാഗത്തുളള പാർലറിലേക്ക് അവളുടെ വിരലുകൾ നീണ്ടു.
“വാ.. പോയേക്കാം” തിരക്ക് കുറഞ്ഞപ്പോൾ അവർ റോഡ് ക്രോസ് ചെയ്തു ഐസ്ക്രീം പാർലറിലേക്ക് പോയി.നവിക്ക് ഇഷ്ടപ്പെട്ട ഐസ്ക്രീം വാങ്ങി കൊടുത്തിട്ട് അഭിയും ഒരെണ്ണം വാങ്ങി കഴിക്കാൻ തുടങ്ങി. നീതിയെ കുറിച്ച് ചോദിക്കാന് മനസ് തരിച്ചെങ്കിലും അതടക്കിപ്പിടിച്ചു ഇരുന്നു.
“ചേച്ചിയുടെ മനസ്സിൽ ഇടിച്ചു കയറണം.ദിവസവും കാണാൻ ശ്രമിക്കണം.ഏട്ടൻ ആത്മാർത്ഥമായി ചേച്ചിയെ ഇഷ്ടപ്പെടുന്നൂന്ന് അവൾക്ക് തോന്നണം” തനിക്ക് അറിയാവുന്ന രീതിയിൽ നവമി പറഞ്ഞു കൊടുത്തു.
“എനിക്കിതൊന്നും വശമില്ല.തന്നെയുമല്ല ഡിപ്പാർട്ട്മെന്റിൽ ഇതൊക്കെ അറിഞ്ഞാൽ നാണക്കേടാ” അഭി തന്റെ അവസ്ഥ വെളിപ്പെടുത്തി.
നവമിക്ക് അഭിയെ മനസ്സിലാകുന്നുണ്ട്.പക്ഷേ ചേച്ചിയുടെ മനസ്സിൽ പിന്നെങ്ങനെ ഇടിച്ചു കയറും.വെട്ടുപോത്തിനെ എങ്ങനെ എങ്കിലും ട്രാപ്പിലാക്കിയേ പറ്റൂ.
“തന്നെയുമല്ല.. വിവാഹം കഴിഞ്ഞിട്ട് നീതിയെ പ്രണയിക്കാനാണ് എനിക്കിഷ്ടം” നവമിക്ക് ശരിക്കും അഭിമാനവും ആരാധനയും തോന്നിപ്പോയി അഭിയോട്.ഇതുപോലെയുളള ചെറുപ്പക്കാരെ കാണാൻ പ്രയാസമാണ്.
“പിന്നെയൊരു വഴി കേസിന്റെ കാര്യം പറഞ്ഞു ചേച്ചിയുമായി കൂടുതൽ അടുക്കാൻ ശ്രമിക്കുക.. അതുവഴി ആ മനസ്സിൽ ഇടം നേടാൻ കഴിഞ്ഞാൽ രക്ഷപ്പെട്ടു” നവമിയാ പറഞ്ഞ ആശയം അയാൾക്ക് സ്വീകാര്യമായി.
“കൊള്ളാം.. ഞാനും ഇത് ചിന്തിച്ചില്ല”
“അതിനാണ് അനിയത്തി കൂടെയുള്ളത് ” അവളൊന്ന് പുഞ്ചിരിച്ചു. ആ ചിരിക്ക് നൂറ് അഴകായിരുന്നു.
“ഏട്ടൻ ഇന്ന് എന്തായാലും വന്നതല്ലേ..ചേച്ചിയെ കണ്ടിട്ടു പോയാൽ മതി”
ഇപ്പോൾ ക്ലാസ് കഴിഞ്ഞു കാണുമെന്ന് നവമിക്ക് ഉറപ്പായിരുന്നു.കോളേജ് വിടുന്ന സമയമായി.പാർലറിൽ നിന്ന് എഴുന്നേറ്റ് അവർ കോളേജ് ഗേറ്റിനു അടുത്തെത്തി.
“ഞാനേ പോയി ചേച്ചിയെ വിളിച്ചു കൊണ്ട് വരാം.ഏട്ടൻ ഇവിടെ നിൽക്ക്” അവൾ കോളേജിനു അകത്തേക്ക് പോകുന്നത് നോക്കി അഭി ബുളളറ്റിനു അരികിൽ നിന്നു.
“ഛെ..സിവിൽ ഡ്രസിൽ വന്നാൽ മതിയാരുന്നു..എല്ലാവരും ശ്രദ്ധിക്കുന്നു” നിരാശയോടെ അയാൾ ഓർത്തു…
💃🏼💃🏼💃🏼💃🏼💃🏼💃🏼💃🏼💃🏼💃🏼💃🏼💃🏼💃🏼💃🏼💃🏼
ക്ലാസ് കഴിഞ്ഞതും നീതി നവിയുടെ ക്ലാസിലേക്ക് ചെന്നു.നവമിയെ അവിടെ കാണാൻ കഴിയാതെ അവൾ അമ്പരന്നു.
“ഇവളിത് എവിടെപ്പോയി.അന്നത്തെ പോലെ പറയാതെ വീട്ടിലേക്ക് പോയോ?” നീതിയുടെ നെഞ്ചിലൂടെയൊരു കൊള്ളിമീൻ പാഞ്ഞുപോയി.പിന്നെയാണ് ഓർത്തത് ശത്രുക്കൾ മുഴുവനും ഇപ്പോൾ അകത്താണല്ലോന്ന്.അൽപ്പം ആശ്വാസം തോന്നി.
ഫോൺ ഇല്ലാത്തതിന്റെ ബുദ്ധിമുട്ട് നീതിക്ക് അപ്പോൾ മനസ്സിലായി.വീട്ടിൽ ചെന്ന് തന്റെ ഫോൺ തപ്പിയെടുക്കണം.അവളോർത്തു.ഫോൺ ഉണ്ടായിരുന്നെങ്കിൽ ഇപ്പോൾ വിളിച്ചു ചോദിക്കാമായിരുന്നു.
നീതി അവിടെ നിൽക്കുന്നത് കണ്ടു കൊണ്ടാണ് അക്ഷര അവിടേക്ക് വന്നത്.
“എന്തുപറ്റി നീതി..നീ പോകാതെ എന്താ ഇവിടെ നിൽക്കുന്നത്”
“നവമിയെ കണ്ടില്ല…” അവൾ സങ്കടത്തോടെ പറഞ്ഞു.
“ഹൃദ്യയോട് ചോദിച്ചോ”
“ഇല്ല”
അവർ ഹൃദ്യയെ തിരയാൻ ശ്രമിക്കും മുമ്പേ ക്ലാസിൽ നിന്ന് ഏറ്റവും ഒടുവിലായി അവൾ ഇറങ്ങി വന്നു.
“നവമി മൂന്നു മണി കഴിഞ്ഞപ്പോൾ ഇറങ്ങിയല്ലോ” അതോടെ നീതിക്ക് ഹാർട്ട് ബീറ്റ് കൂടി.
“നിന്റെ ഫോൺ തന്നേ ഞാനൊന്ന് വിളിക്കട്ടേ”
അക്ഷരയിൽ നിന്ന് ഫോൺ വാങ്ങി വിളിച്ചു. ഭാഗ്യം ബെൽ ഉണ്ട്. നവമി ഫോൺ എടുത്തതും നീതി ചൂടായി.
“നീ എവിടാടീ” നീതിയുടെ സ്വരത്തിലെ മാറ്റം തിരിച്ചറിഞ്ഞതും നവിക്ക് മനസ്സിലായി തന്നെ കാണാതെ ആൾ കലിപ്പിലാണെന്ന്..
“ചേച്ചി ഞാൻ കോളേജ് ഗ്രൗണ്ടിലുണ്ട് ഉടനെ വരാം” അവൾ ഫോൺ കട്ട് ചെയ്തു. നീതിയുടെ ക്ലാസിലേക്ക് നവമി പോയിരുന്നു. അവരെ വിടാനായിട്ട് സമയം ബാക്കിയുളളതിനാൽ നേരെ കോളേജ് ഗ്രൗണ്ടിലേക്ക് പോയിരുന്നു.
“എവിടാ അവൾ” ഫോൺ അക്ഷരയുടെ കയ്യിൽ കൊടുത്തതും നീതിയോടവൾ ചോദിച്ചു..
“കോളേജ് ഗ്രൗണ്ടിൽ ഉണ്ടെന്ന്”
“ഹൊ ആശ്വാസം” അവൾ നെഞ്ചോട് കൈ ചേർത്തു. അവരങ്ങനെ സംസാരിച്ചു നിൽക്കുമ്പോൾ അഥർവ് നോക്കി ചിരിച്ചു കടന്നു പോയി. അക്ഷരയും അവന്റെ കൂടെ പോകാൻ തയ്യാറായി.നീതിക്ക് പെട്ടന്നൊരു ബുദ്ധി തോന്നി.
“അഥർവ്” അവളുടെ വിളി കേട്ടവൻ തിരിഞ്ഞ് നിന്നു എന്താണെന്ന് ചോദിച്ചു. നീതി അവനരികിലേക്ക് ചെന്നു.
“വളച്ചു കെട്ടില്ലാതങ്ങ് പറയാം” നീതിയുടെ സംസാരം കേട്ടവന്റെ നെറ്റിചുളിഞ്ഞു.
“ഞാനൊരു വിവാഹം കഴിക്കുന്നില്ലെന്ന് തീരുമാനിച്ചു.അതിനു മാറ്റമില്ല. അതിനാൽ വീട്ടിൽ നവമിക്കായിട്ട് വിവാഹം ആലോചിക്കാൻ തുടങ്ങുവാണ്.അച്ഛൻ അമ്മയോട് പറയുന്നത് ഞാൻ കേട്ടതാണ്.അച്ഛൻ പറഞ്ഞാൽ അവൾക്ക് സമ്മതിക്കാതിരിക്കാൻ കഴിയില്ല.അത്രക്കും ഇഷ്ടമാണ് നവമിക്ക് അച്ഛനെ”
അഥർവൊന്ന് പുളഞ്ഞു പോയി.പ്രിയപ്പെട്ടവൾ കൈ വിടാൻ പോകുന്നു.അവനു തല പെരുക്കുന്നതു പോലെയായി.
“സോ…അഥർവിന് നവമിയെ ഇഷ്ടമാണെന്ന് എനിക്ക് അറിയാം..അതുപോലെ അവൾക്കും തന്നെ ജീവനാണ്.ആദർശം ഇനിയെങ്കിലും മാറ്റിവെച്ചിട്ട് അവളോടൊന്ന് പറഞ്ഞു കൂടെ.ഒരുവാക്ക് പറഞ്ഞാൽ എത്രകാലം വേണമെങ്കിലും നവമി കാത്തിരിക്കും.എനിക്ക് ഉറപ്പാണ്. അവൾ പറയുന്നതിനു അപ്പുറം അച്ഛനൊന്നും ചെയ്യില്ല”
അവസാനത്തെ ആണിയും നീതി അഥർവിനു മേലെ അടിച്ചു കയറ്റി.ആ വേദനയിൽ അവനാകെ പുളഞ്ഞു പോയി. താങ്ങാൻ കഴിഞ്ഞില്ല അവനത്.നീതി അക്ഷരെയും ഹൃദ്യയെയും കണ്ണിറുക്കി കാണിച്ചു. അതോടെ അവർക്ക് കാര്യം മനസ്സിലായി.നീതി നമ്പർ ഇറക്കിയതാണെന്ന്..
“എനിക്ക് ഒരുപ്രാവശ്യം ഒന്നുകൂടി ആലോചിക്കണം..തീരുമാനം തെറ്റിപ്പോയെന്ന് നാളെയെനിക്ക് തോന്നരുത്”
“ഒഫ്ക്കോഴ്സ്” നീതി പറഞ്ഞു. അതോടെ അഥർവും അക്ഷരയും പോയി.നവമി വരുന്നത് വരെ ഹൃദ്യയും നീതിയുടെ കൂടെ നിന്നു.
നവി വന്നപ്പോൾ നീതി അവളെ ചാടിച്ചു.താൻ വന്നപ്പോൾ ക്ലാസ് വിട്ടില്ലെന്നും അതിനാൽ ഗ്രൗണ്ടിലേക്ക് പോയതെന്നും നവമി പറഞ്ഞു. അവൾ അഭിയെ കാണാനായിട്ട് ക്ലാസ് കട്ടു ചെയ്തു ഇറങ്ങിയതാണ്..
മൂന്നുപേരും കൂടി ബസ് സ്റ്റോപ്പിലേക്ക് നടന്നു.കോളേജ് ഗേറ്റിനു മുമ്പിലായി അഭിമന്യു നിൽക്കുന്നത് കണ്ടു നീതിയൊന്ന് നടുങ്ങി.പെട്ടെന്ന് ഒഴിഞ്ഞ് മാറാൻ ശ്രമിച്ചു. കഴിഞ്ഞില്ല അഭി അവളെ കണ്ടിരുന്നു..
“നീതി…” വിളിച്ചു കൊണ്ട് അയാൾ അവർക്ക് അരികിലെത്തി.. നവമി തെല്ല് പുഞ്ചിരിയോടെ അഭിമന്യുവിനെ നോക്കി.
“താനിപ്പോൾ സ്റ്റേഷനിൽ വരെ വരണം..കേസിന്റെ കാര്യത്തിനാണ്”
“ഞങ്ങൾ ബസിൽ വരാം” നീതി ഒരുവിധത്തിൽ പറഞ്ഞൊപ്പിച്ചു.അവൾ വിറക്കുന്നുണ്ടായിരുന്നു.
“ധനേഷ് ക്രിട്ടിക്കൽ സ്റ്റേജിലാണ്..ആത്മഹത്യക്ക് ശ്രമിച്ചു.. തന്റെ പേരാണ് പോലീസിനോട് പറഞ്ഞിരിക്കുന്നത്”. അതുകേട്ട് നീതിയും നവമിയും അക്ഷരയും ഒരുപോലെ ഞെട്ടി.തന്നോട് ഇതിനെ കുറിച്ച് അഭിയേട്ടൻ ഒന്നും പറഞ്ഞില്ലല്ലോന്ന് നവി ദുഖത്തോടെ ഓർത്തു..
” വേഗം വാടോ…ബസ് കാത്ത് നിൽക്കാനുള്ള സമയമൊന്നുമില്ല..ബുളളറ്റിൽ കയറിക്കോ ”
പറഞ്ഞു തീരും മുമ്പേ അഭിമന്യു ബുളളറ്റ് സ്റ്റാർട്ട് ചെയ്തു. നീതിയാണെങ്കിൽ ആകെ വിറച്ചു പോയി..
“ചെല്ല് ചേച്ചി…അഭിയേട്ടനല്ലേ വിളിക്കുന്നത്.. ഏട്ടൻ എന്തെങ്കിലും സൊല്യൂഷൻ കാണും”
നവമിയുടെ നിർബന്ധം ഏറിയപ്പോൾ ചെല്ലുന്നതാണു ബുദ്ധിയെന്ന് നീതിയോർത്തു.മറ്റൊരു വഴിയും ഇല്ലാത്തതിനാൽ നീതി അഭിക്ക് പിന്നിൽ ബുളളറ്റിൽ മനസ്സില്ലാ മനസോടെ കയറിയിരുന്നു.
അഭിയോട് മുട്ടാതിരിക്കാൻ പിന്നിലേക്ക് കഴിവതും നീങ്ങിയിരുന്നു.അവളുടെ നെഞ്ചിടിപ്പ് ക്രമാതീതമായി വർദ്ധിച്ചു..
“കാലമാടൻ…ചാകാൻ പോയാലും തനിക്ക് സമാധാനം തരില്ലല്ലോ” ഓടിക്കൊണ്ടിരിക്കുന്ന ബുളളറ്റിന്റെ പിന്നിലിരുന്ന് നീതി ഓർത്തു.ധനേഷിനെ മനസ്സിൽ പ്രാകുകയും ചെയ്തു..
അഭിമന്യുവിന്റെ ബുളളറ്റ് ചെന്ന് നിന്നത് ഒരുവീട്ടിൽ ആയിരുന്നു. നീതി അമ്പരന്നു പോയി.
“ഇതെന്താണ് ഇവിടെ” അവൾ സ്വയം ഓർത്തു..
“എന്റെ വീടാണ്..ഡ്രസൊന്ന് മാറണം” അയാൾ പറഞ്ഞതോടെ അവൾ വണ്ടിയിൽ നിന്നിറങ്ങി…
“വാടോ…ചായ കുടിച്ചിട്ട് സ്റ്റേഷനിലേക്ക് പോകാം”
വലിയൊരു ഇരുനില വീടാണ്.അതിന്റെ പ്രൗഡി അറിയാനുമുണ്ട്.മുറ്റത്ത് ഗാർഡൻ ഉണ്ട്. കുറച്ചു മരങ്ങൾ തണൽ വിരിച്ചു നിൽക്കുന്നു. മുറ്റം നിറയെ ടൈൽസ് പാകിയിരിക്കുന്നു.നീതിയുടെ കണ്ണുകൾ എല്ലാം ശ്രദ്ധിച്ചു.
“എടോ തന്നെയാണ് വിളിച്ചത്” സ്വരത്തിൽ പോലീസിന്റെ ഗൗരവം ചേർന്നിരുന്നതിനാൽ നീതി നടുങ്ങിപ്പോയി.മറ്റൊരു വഴിയും ഇല്ലാത്തതിനാൽ അവൾ അകത്തേക്ക് കയറി…
മനോഹരമായൊരു ഹാളായിരുന്നു.അവിടെ രണ്ടു പേർ ഇരിക്കുന്നത് നീതി കണ്ടു.അഭിമന്യുവിന്റെ മാതാപിതാക്കളാണു അതെന്ന് അവൾക്ക് മനസ്സിലായി.അച്ഛനെ പോലെയാണ് മകൻ ഇരിക്കുന്നതെന്ന് നീതി ശ്രദ്ധിച്ചു..
മകൻ ഒരുപെൺകുട്ടിയുമായി കടന്നു വരുന്നത് അവർ ശ്രദ്ധിച്ചു. തുളസി യുടെ മുഖത്ത് നിറഞ്ഞ അമ്പരപ്പ് പിന്നീട് സന്തോഷത്തിനു വഴിമാറി. അവർ പുഞ്ചിരിയോടെ നീതിക്ക് അരികിലെത്തി. ആദ്യത്തെ കാഴ്ചയിൽ തന്നെ നീതിയെ അവർക്ക് ഇഷ്ടമായി…
അമ്മ അടുത്ത് വന്ന് അവളുടെ മുടിയിഴകളിൽ വാത്സല്യത്തോടെ തലോടി.അവർ പാവമാണെന്ന് നീതിക്ക് പെട്ടെന്ന് മനസ്സിലായി.അച്ഛനും ശുദ്ധനാണു.ചിരിയുടെ ഭംഗിയിൽ അവൾക്ക് തോന്നി…
“എന്താ മോളുടെ പേര്” വാത്സല്യത്തോടെയുളള ചോദ്യം. അവൾക്ക് മറുപടി പറയാതിരിക്കാൻ കഴിഞ്ഞില്ല..
“നീതി….”
“നല്ല പേര്… അമ്മക്ക് ഇഷ്ടമായി”
“അമ്മ പറഞ്ഞതുപോലെ എനിക്ക് ഇഷ്ടപ്പെട്ട പെൺകുട്ടിയെ കൊണ്ട് വന്നിട്ടുണ്ട്.. ഇനി അമ്മയുടെ മരുമകളാകാൻ താല്പര്യമാണോന്ന് അമ്മ തന്നെ നേരിട്ട് ചോദിച്ചോളൂ”
അപ്പോഴാണ് നീതിക്ക് എല്ലാം മനസ്സിലായത്..ശരിക്കുമൊരു ട്രാപ്പായിരുന്നു..അഭിമന്യു അറിഞ്ഞു കൊണ്ട് ചെയ്തത്..നവമിക്കും ഇതിൽ മനസ്സറിവ് ഉണ്ടെന്ന് അവൾക്ക് തോന്നി..എല്ലാം കണ്ടും കേട്ടു ഞെട്ടലോടെ നിൽക്കാനേ നീതിക്കു കഴിഞ്ഞുള്ളൂ…
“എനിക്കെന്താടാ ഇഷ്ടമാകാതിരിക്കാൻ..എന്റെ മോൾ രാജകുമാരിയെ പോലെയാണ് ഇരിക്കുന്നത്..എനിക്കിത് മരുമകളല്ല..എന്റെ മോളാണ്…”
അവരുടെ കണ്ണുകൾ ഒഴുകുന്നത് നീതി കണ്ടു.അവൾ പോലും അറിയാതെ വിരലുകൾ ഉയർന്നു. ആ അമ്മയുടെ കണ്ണീരൊപ്പി…
സ്നേഹത്തോടെ വാത്സല്യത്തോടെ തുളസി നീതിയുടെ നെറ്റിയിൽ ചുംബിച്ചു..
“അമ്മ നിന്നെയിനി എങ്ങും വിടില്ല..അത്രക്കും ഇഷ്ടമായി…”
തുടരും….