Sunday, November 24, 2024
Novel

നവമി : ഭാഗം 23

എഴുത്തുകാരി: വാസുകി വസു


അഭിമന്യു ജിത്തിന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ചു വലിച്ചു തനിക്ക് അഭിമുഖമായി നിർത്തി കരണത്ത് ശക്തമാക്കി ഒരടി കൊടുത്തു. ഭൂമി കറങ്ങുന്നതു പോലെ അവനു തോന്നി…

“എന്താണ് ബിസിനസ് എന്നറിയണ്ടേ നിനക്ക്…ഒന്ന് മനസിലാക്കി കൊടുക്ക് നവമി”

ജിത്തിനെ നേരെ നിർത്തിയട്ട് നവമിക്ക് അയാൾ സിഗ്നൽ നൽകി. അതിന്റെ അർത്ഥം മനസിലാക്കി അവൾ തനിക്ക് കഴിയുന്നത്രയും ശക്തി കൈകളിൽ ആവാഹിച്ച് ജിത്തിന്റെ ചെകിടത്ത് പൊട്ടിച്ചു…

“ഒരുപെൺകുട്ടി ഏതെങ്കിലും ആൺകുട്ടിയുമായി സംസാരിച്ചാലോ യാത്ര ചെയ്താലോ ഒക്കേ നീയൊക്കെ കരുതുന്ന ബിസിനസ് ആകുമോടാ” രോഷത്തോടെ നവമി ചീറി.

അവളിൽ നിന്ന് വമിക്കുന്ന അഗ്നിക്ക് ജിത്തിനെ ഭസ്മീകരിക്കാനുളള ശക്തിയുണ്ടെന്ന് അഭിമന്യുവിന് തോന്നി.അഭിമാനത്തിന് മുറിവേറ്റ പെൺകുട്ടിയാണവൾ.അവളങ്ങനയെ പ്രതികരിക്കൂ.

അവന്റെ ഷർട്ടിൽ ഇരുകൈകളും ചേർത്തവൾ പിടിച്ചു ഉലച്ചു കൊണ്ടിരുന്നു.

“നിന്നെപ്പോലൊരുത്തനെ എങ്ങനെ വീട്ടിൽ കയറ്റി കിടത്തുന്നെടാ നിന്റെ അമ്മയും പെങ്ങളുമൊക്കെ.അവർ തുണിമാറുമ്പോൾ നീയൊക്കെ ഒളിഞ്ഞ് നോക്കില്ലെന്നും വീഡിയോ ഷൂട്ട് ചെയ്തു മറ്റുളളവർക്കും അയച്ചു കൊടുക്കില്ലെന്ന് ആരറിഞ്ഞു.”

ഈ കാലഘട്ടത്തിൽ നടക്കുന്നതാണ് നവമി പറയുന്നത്. എത്രയോ കേസുകൾ സൈബർ പോലീസിനു കീഴിൽ വന്നു പോകുന്നു.

നഗ്നചിത്രങ്ങൾ അയച്ചു കൊടുത്തത് സ്വന്തം മകനും അങ്ങളയുമാണെന്ന് അറിഞ്ഞ് തകർന്നു പോകുന്നവരെ കുറെയധികം കണ്ടിട്ടുണ്ട്.

അവന്മാർക്ക് രക്തബന്ധം അറിയില്ലെങ്കിൽ ജന്മം നൽകിയ മാതാവിന് മകനെ വെറുക്കാൻ കഴിയില്ലല്ലോ.. നെഞ്ച് നീറ്റുന്ന വേദനയോടെ അഭിമന്യു ഓർത്തു..

നവിയുടെ ഓർമ്മയിൽ തെളിഞ്ഞത് എഫ്ബിയിലെ ചില ഹാക്കർമാരുടെ ടൈം ലൈൻ ആയിരുന്നു.

പൊടിമീശ മുളച്ചവന്മാർ മുതൽ സ്വന്തം അമ്മയും സഹോദരിയും തുണിമാറുന്നതിന്റെയും കുളിമുറി രംഗങ്ങളും അവരറിയാതെ ഷൂട്ട് ചെയ്തു ഫ്രണ്ട്സിനു ഷെയർ ചെയ്യുന്നവരാണ് ചില മക്കളെന്ന്.കൊച്ചു പെൺകുഞ്ഞുങ്ങളെ പോലും വെറുതെ വിടാത്തവർ.

ഹാക്കർമാർ മെസഞ്ചർ ഗ്രൂപ്പും വാട്ട്സാപ്പ് ചാറ്റ് ഗ്രൂപ്പും ഹാക്ക് ചെയ്ത് വൃത്തികെട്ടവന്മാരുടെ വിനോദങ്ങൾ ടൈം ലൈനിൽ പോസ്റ്റ് ചെയ്യുന്നുണ്ട്.

അതൊക്കെ കാണുമ്പോഴാണ് ഈ ഞരമ്പന്മാർ ചെയ്യുന്നത് എത്രമാത്രം നീചമായ പ്രവൃത്തിയാണെന്ന്..

ഹാക്കർമാർ ചെയ്യുന്നതിന് ഒരുബിഗ് സല്യൂട്ട് കൊടുക്കാൻ തോന്നിയ നിമിഷങ്ങൾ ആയിരുന്നത്.

ഒരിക്കൽ എഫ്ബിയിലെ ഒരുഹാക്കർ പറഞ്ഞതാണ്..

“ചേച്ചി ചിലതൊക്കെ കാണുമ്പോൾ അമ്മയെയും സഹോദരിയെ ജീവനായി കാണുന്ന ആണുങ്ങൾക്ക് ഇതൊന്നും സഹിക്കാൻ കഴിയില്ലെന്ന്.

ചിലപ്പോൾ പ്രാന്തായിപ്പോകും ചിലരുടെ ചാറ്റുകൾ കാണുമ്പോൾ. അത്രക്കും നീചമായിട്ടാണ് പല മെസേജുകളും”

അതും കൂടി ഓർത്തപ്പോൾ തല പെരുക്കുന്നത് പോലെ തോന്നി.ഒരടികൂടി കൊടുത്തു അവൾ..

അടിയേറ്റ ജിത്ത് രക്ഷപെടാനായി നവമിയിൽ നിന്ന് കുതറി മുമ്പോട്ട് ഓടാൻ ശ്രമിച്ചെങ്കിലും അഭിമന്യു അവന്റെ കോളറിൽ പിടിച്ചു വലിച്ചു.

പിൻ കഴുത്ത് ലക്ഷ്യമാക്കി ശക്തമായൊരു അടിയും കൊടുത്തു. ബോധം കെട്ട് നിലത്തേക്ക് വീഴാൻ പോയ അവനെ താങ്ങിയെടുത്ത് കാറിന്റെ പിൻ സീറ്റിൽ കിടത്തി.

ബഹളമെല്ലാം കേട്ട് മിക്കവരും ഓടിക്കൂടിയിരുന്നു.നവിയുടെ കൂടെ യൂണിഫോമിൽ നിൽക്കുന്ന പോലീസുകാരനെ കണ്ടതും കാര്യങ്ങൾ ചോദിക്കാന് അവർ മടിച്ചു.

പരിചയക്കാരുടെ മുഖത്തെ ഭയം മനസിലായതും നവി അവരോട് കാരണങ്ങൾ വ്യക്തമാക്കി.

“അവന് അങ്ങനെ തന്നെ വേണം.. പ്രതികാരം വീട്ടാൻ നടക്കുന്നു.” നാട്ടുകാരുടെ പ്രതികരണം ഇങ്ങനെ ആയിരുന്നു.

“നവമി സമയം സന്ധ്യയാകുന്നു കയറിക്കോളൂ..ഹോസ്പിറ്റൽ നിന്റെ അച്ഛനും അമ്മയും നിന്നെ കാണാതെ വിഷമിച്ചു കാണും”

ഇൻസ്പെക്ടർ ഓർമ്മിപ്പിച്ചതോടെ അവൾ കാറിന്റെ മുൻ സീറ്റിൽ കയറി ഇരുന്നു.അഭിമന്യു കാറ് സ്റ്റാർട്ട് ചെയ്തു മുമ്പോട്ട് എടുത്തു. അവർ പോയതോടെ നാട്ടുകാരും പലവഴിക്ക് പിരിഞ്ഞു.

“ഏട്ടാ ഫോൺ ഒന്ന് തരാമോ. അച്ഛനെ വിളിക്കാനാ..ഇത്രയും നേരം കാണാഞ്ഞതിൽ അവർ സങ്കടപ്പെട്ടു ഇരിക്കുകയാകും”

നവമിയുടെ ഏട്ടാന്നുളള വിളി അഭിമന്യുവിന്റെ ഹൃദയത്തിൽ തൊട്ടു.കൂടപ്പിറപ്പുകൾ ഇല്ലാത്തതിന്റെ സങ്കടം നന്നായിട്ട് അറിയാം.

ആഗ്രഹിച്ചിട്ടുണ്ട് ഒരു അനിയത്തിയോ അതുമല്ലെങ്കിൽ ഒരു അനിയനെയോ.പക്ഷേ ഈശ്വരൻ കരുണ കാണിച്ചില്ല.

അഭിമന്യുവിന്റെ കണ്ണുകളിൽ നനവ് പടർന്നു. നവി കാണാതിരിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. അവളത് ശ്രദ്ധിച്ചിരുന്നു.

ഏട്ടാ താൻ വിളിച്ചത് ആൾക്ക് ഇഷ്ടപ്പെട്ടില്ലെന്ന് അവൾ കരുതി.

“സോറി സർ..ഞാൻ പെട്ടെന്ന് അങ്ങനെ വിളിച്ചു പോയതാണ്” നവമി ക്ഷമ ചോദിച്ചു.

“അയ്യേ..താനെന്തുവാടേയ്..കുറച്ചു ബോൾഡാണെന്നാ ഞാൻ കരുതിയത്.ഇതിപ്പോൾ ആകെ സെന്റിയാണല്ലോ”

“അതല്ലാ.. ഏട്ടാന്ന് വിളിച്ചപ്പോൾ ഇഷ്ടമായില്ലെന്ന് കരുതി”

“ഏട്ടനാണ്…അങ്ങനെ വിളിച്ചാൽ മതി” സന്തോഷത്തോടെ അഭിമന്യു ഫോൺ എടുത്തു കൊടുത്തു. നവമിക്ക് സന്തോഷമായി.

അച്ഛനെ വിളിച്ചു കാര്യങ്ങൾ വ്യക്തമാക്കി.മകൾക്ക് ആപത്തൊന്നുമില്ലെന്ന് ഓർത്ത് രമണൻ സന്തോഷിച്ചു.

“നമുക്ക് പോകും വഴി ഇവനെ സ്റ്റേഷനിൽ ഏൽപ്പിച്ചിട്ട് പോകാം” അതിനവൾ തലയാട്ടി.

ജിത്തിനെ ഇൻസ്പെക്ടർക്ക് കൈമാറിട്ട് അവർ നേരെ ഹോസ്പിറ്റലിലേക്ക് ചെന്നു.ഏത് ഭാഗത്താണെന്ന് ചേച്ചിയെ അഡ്മിറ്റ് ചെയ്തിരിക്കുന്നതെന്ന് നവി അച്ഛനിൽ നിന്ന് ചോദിച്ചു മനസിലാക്കിയിരുന്നു..

💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻

“നവമി…. അങ്ങനെ വിളിച്ചു കൊണ്ട് ആണ് നീതി മയക്കത്തിൽ നിന്നും ഉണർന്നത്.അവൾ കണ്ണുകൾ തുറക്കുമ്പോൾ അച്ഛനെയും അമ്മയെയും മാത്രമേ കണ്ടുള്ളൂ..

രാധ നീതിയുടെ നെറ്റിയിൽ കൈവെച്ചു നോക്കി.ചൂട് കുറച്ചു കുറവുണ്ട്.

” എവിടെ അച്ഛാ അവൾ”

“ഉടനെ വരും മോളേ” രമണൻ മകളെ ആശ്വസിപ്പിച്ചു.

“അവൾക്കെന്തോ ആപത്ത് പറ്റിയട്ടുണ്ട്” നീതി കരഞ്ഞു തുടങ്ങി.

“ഇല്ല മോളേ നവിക്കൊരു കുഴപ്പമില്ല.ഇപ്പോൾ വിളിച്ചതെയുള്ളൂ” അമ്മയുടെ വാക്കുകൾക്കും കരച്ചിലായിരുന്നു മറുപടി.

“എനിക്ക് ഇപ്പോൾ തന്നെ കാണണം അവളെ” നീതിയുടെ കരച്ചിലിനു ശക്തി കൂടി. രമണൻ തനിക്ക് വന്ന നമ്പരിലേക്ക് തിരികെ വിളിച്ചു. ഗൗരവമുള്ള സ്വരമാണ് കാതിൽ വീണത്.

“ദാ.. ഞങ്ങൾ എത്തിക്കഴിഞ്ഞു”

രമണൻ നോക്കുമ്പോൾ മകൾ ഒരു പോലീസുകാരനൊപ്പം നടന്നു വരുന്നത് കണ്ടു.അയാൾ ഫോൺ കട്ട് ചെയ്തു പോക്കറ്റിൽ വെച്ചു.അപ്പോഴേക്കും അവർ രണ്ടു പേരും അടുത്ത് എത്തി.

“മോളേ നവി വന്നു.” അമ്മ പറഞ്ഞതും കരയുന്ന നീതി കണ്ണു തുറന്നു.

ചേച്ചി തേങ്ങുന്നത് കണ്ടിട്ട് നവമിക്ക് സങ്കടം വന്നു.അവൾ കുനിഞ്ഞിരുന്ന് ചേച്ചിയുടെ കവിളിലൊരുമ്മ കൊടുത്തു.

എന്നിട്ട് ആ കൈകൾ കൂട്ടിച്ചേർത്തു പിടിച്ചു.

“നിനക്ക് കുഴപ്പമൊന്നും പറ്റിയില്ലല്ലോ..ഞാൻ പേടിച്ചു പോയി” നടന്നതൊന്നും ചേച്ചിയെ ഇപ്പോൾ അറിയിക്കണ്ടെന്ന് അവൾ കരുതി.

ട്രിപ്പിട്ട സൂചി ഊരി മാറ്റി അവൾ പിടഞ്ഞ് എഴുന്നേറ്റു അനിയത്തിയെ കെട്ടിപ്പിടിച്ചു..രണ്ടു പേരും കൂടി കരച്ചിലായി.

എല്ലാം കണ്ടു അഭിമന്യു അമ്പരന്നു. ഇങ്ങനെയുമുണ്ടോ ചേച്ചിയും അനിയത്തിയും.അയാൾക്ക് കുശുമ്പ് വന്നു.

നീതിയുടെ കണ്ണുകൾ അപ്പോഴാണ് അഭിമന്യുവിനെ കാണുന്നത്.കുറച്ചു മാറി നിൽക്കുകയായിരുന്നു .

പെട്ടെന്ന നീതിയൊന്ന് ഞെട്ടി.അവളുടെ ഉടൽ വിറ കൊള്ളുന്നത് നവമി അറിഞ്ഞു.നീതി പൊടുന്നനെ നവമിയിൽ നിന്ന് അകന്ന് മാറി മുഖം കുനിച്ച് ഇരുന്നു.

“എന്തുപറ്റി ചേച്ചി” ഒന്നുമില്ലെന്ന് നീതി ആംഗ്യം കാണിച്ചു. ശരീരം തളരുന്നതു പോലെ.അവൾ മെല്ലെ കിടക്കാനൊരുങ്ങി.നവി താങ്ങിപ്പിടിച്ചു കിടത്തി.

കണ്ണുകൾ ഇറുക്കിയടച്ചു പിടിച്ച അവൾ പിന്നെ കണ്ണു തുറന്നില്ല.ചേച്ചിക്ക് ക്ഷീണം കാണും പാവം ഉറങ്ങട്ടെ. നവിയങ്ങനെ കരുതി.

പക്ഷേ എല്ലാം കണ്ടു നിന്നിരുന്ന അഭിമന്യുവിലൊരു പുഞ്ചിരി വിരിഞ്ഞു.

നീതി തന്നെ ഇപ്പോഴാണ് കണ്ടതെന്നും അതാണ് ഞെട്ടിയതും ഉടനെ കിടന്നെന്നും അയാൾക്ക് മനസ്സിലായി.

സ്നേഹപൂർവ്വം അതിലുപരി വാത്സല്യത്തോടെ അഭിമന്യു നീതിയെ ശ്രദ്ധിച്ചു നോക്കി.

കുഞ്ഞ് ഉറങ്ങി കിടക്കുന്ന നിഷ്കളങ്കതയോടെ നീതിയിപ്പോൾ കണ്ണുകൾ അടച്ചു കിടക്കുന്നത്. പനിയുടെ ക്ഷീണം മുഖത്തുണ്ട്.കെട്ടിക്കഴിഞ്ഞിട്ടു വേണം ഇവളെ പ്രണയിക്കാനും കെയർ ചെയ്യാനും.

“എനിക്ക് നീതിയുടെയും നവിയുടെയും ഒരുസൈൻ വേണം.” ഇൻസ്പെക്ടർ അഭിമന്യു രമണനോടായി പറഞ്ഞു.

“സർ കേസായാൽ മക്കളുടെ ജീവിതത്തെ ബാധിക്കില്ലേ” അയാൾക്ക് ലേശം സംശയം ഉണ്ടായിരുന്നു.

“കേസായില്ലെങ്കിലാ അച്ഛാ കുഴപ്പം.ഇല്ലെങ്കിൽ നാളെയും ഇവന്മാരിത് ആവർത്തിക്കും” നവമിയുടെ അഭിപ്രായത്തിനു രമണൻ സമ്മതമേകി.

“ഇതിലൊരു സൈൻ ചെയ്തേക്ക്..ബാക്കിയൊക്കെ ഞാൻ എഴുതി ചേർത്തോളാം‌.കുറച്ചു നാൾ ജാമ്യം കിട്ടാതെ അകത്ത് കിടത്തുന്ന കാര്യം ഞാനേറ്റു.”

ചിരിച്ചു കൊണ്ട് അഭിമന്യു വെളള പേപ്പറും പേനയും നീട്ടി.നവമി അതിൽ സൈൻ ചെയ്തു കൊടുത്തു.

“നീതിയുടെ സൈൻ ഞാൻ നാളെ വീട്ടിൽ വന്ന് വാങ്ങിക്കൊളളാം”

“വേണ്ടാ..ഇപ്പോൾ തന്നെ ഇട്ട് തന്നേക്കാം” കണ്ണുകളടച്ച് കിടന്നിരുന്ന നീതി പതിയെ എഴുന്നേറ്റു. അഭിമന്യുവിനു ചിരി വന്നു.

“മോളേ നിന്നെ വിറ്റ കാശ് കീശയിലിട്ടിട്ടാ ഞാനീ പണിക്ക് ഇറങ്ങിയത്..

ഞാൻ നിന്നെയും കൊണ്ടേ പോകൂ” അങ്ങനെയൊരു ധ്വനി ആ ചിരിയിൽ ഉണ്ടെന്ന് നീതിക്ക് തോന്നി.അത് കണ്ടില്ലെന്ന് നടിച്ച് പേപ്പറിൽ അവൾ ഒപ്പിട്ടു കൊടുത്തു.

നീതിയെ ഒന്ന് കണ്ണിറുക്കി കാണിക്കാനും അയാൾ മറന്നില്ല.

എല്ലാവർക്കും മുമ്പിൽ ആയതിനാൽ ഒന്നും മിണ്ടാതെ അവൾ ഇരുന്നു.

“ഇയാൾ തന്നെയും കൊണ്ടേ പോകൂന്ന് അവൾക്ക് തന്നെ തോന്നി….

എല്ലാവരോടും യാത്ര ചോദിച്ചു അഭിമന്യു ഇറങ്ങി.പോകാൻ നേരം നവിയെ അടുത്തേക്ക് വിളിച്ചു.

” അനിയത്തിക്കുട്ടിയേ”

അഭിമന്യുവിന്റെ അനിയത്തിക്കുട്ടിയെ വിളി നവമിയുടെ ഹൃദയത്തിലൊരു മഞ്ഞു മഴ പെയ്യിച്ചു.

ഒരുപാട് മോഹിച്ചിട്ടുണ്ട് ഒരു ഏട്ടൻ ഉണ്ടായിരുന്നെങ്കിൽ എന്ന്.

ടിക്ക് ടോക്കിലും എഫ്ബിയിലുമൊക്കെ ഏട്ടന്മാരുടെയും അനിയത്തിമാരുടെയും ഫോട്ടോകളും വീഡിയോയും കാണുമ്പോൾ ഒരുതരം സങ്കടവും കുശുമ്പും ഉണ്ടായിരുന്നു.

ഏട്ടനില്ലായ്മ ഒരുദുഖം തന്നെയാണ്.. എല്ലാവർക്കും ഏട്ടന്മാർ അഹങ്കാരം തന്നെ…എന്നാലും പെൺകുട്ടികൾക്ക് കുറച്ചു സ്നേഹം കൂടുതലാണ് ഏട്ടന്മാരോട്..

വഴക്കിടാനും പിണങ്ങാനും സ്നേഹിക്കാനും ശ്വാസിക്കാനും അവർക്ക് ഏട്ടന്മാർ കൂടിയെ തീരൂ…

“ഒന്നൂടെയൊന്ന് വിളിക്കുമോ ഏട്ടാ..കൊതികൊണ്ടാണ്” നവമി കൊഞ്ചി പറഞ്ഞു. അഭിമന്യുവിനും അവളോട് വാത്സല്യമായിരുന്നു..

“അനിയത്തിക്കുട്ടിയേ”

“ഏട്ടോയി…” സ്നേഹത്തിൽ ചാലിച്ച് അവളും വിളിച്ചു..

“എന്തോ..അയാളും വിളികേട്ടു”

“ഈ ഏട്ടനെ എനിക്ക് സ്വന്തമായി എടുത്തോട്ടെ” അവളെന്താണ് ഉദ്ദേശിക്കുന്നതെന്ന് അയാൾക്ക് മനസ്സിലായില്ല..

“അതേ എന്റെ ചേച്ചിയെ കെട്ടാമോയെന്ന്…അപ്പോൾ ഇതെനിക്കെന്റെ സ്വന്തം ഏട്ടനായി കിട്ടുമല്ലോ?

ഒന്നും അറിയാതെ ആണെങ്കിലും നവമി അങ്ങനെ പറഞ്ഞത് കേട്ടു അയാൾ അമ്പരന്നു.. രോഗി ഇച്ഛിച്ചതും വൈദ്യൻ കൽപ്പിച്ചതും പാൽ…

” അതേ… ഞങ്ങൾ പാവങ്ങളാണ്..സ്ത്രീധനമയി തരാൻ വലിയ സാമ്പത്തികമൊന്നും ഇല്ല”

“അതേ പാവത്തുങ്ങളെ..എനിക്ക് നീതിയെ തന്നാൽ മതി.. അതിനു തന്റെ ചേച്ചി സമ്മതിക്കുമോന്നാ എന്റെ സംശയം”

“അതോർത്ത് ഏട്ടൻ ടെൻഷൻ ആകണ്ടാ…ചേച്ചിക്ക് ഇഷ്ടമാകും.ഇല്ലെങ്കിൽ ഞാൻ സമ്മതിപ്പിക്കും..അതുപോരേ”

“അതുമതി”… അഭുമന്യു ഡബിൾ ഹാപ്പിയായി…

“ആ വെട്ടു പോത്തിനെ എങ്ങനെ മെരുക്കിയെടുക്കാമെന്ന് തല പുകഞ്ഞ് ഇരിക്കുമ്പോൾ നവമി അതിനു വഴിയൊരുക്കി തരുന്നു..

അവളൊരു കാര്യം ഏറ്റാൽ ഫലം ഉറപ്പാണെന്ന് അയാൾക്ക് തോന്നി…

“” ശരി അനിയത്തിക്കുട്ടി ഞാൻ ഇറങ്ങട്ടെ”

സന്തോഷത്തോടെ അയാൾ യാത്രയായി.. പക്ഷേ നവമിയിൽ ടെൻഷൻ കൂടുകയാണ് ഉണ്ടായി..

“അപ്പോഴത്തെ ആവേശത്തിന് തമാശയായി ചോദിച്ചതാണ്.ആൾ സമ്മതിക്കുമെന്ന് കരുതിയില്ല.

ആ വെട്ടുപോത്തിനെ എങ്ങനെ മെരുക്കിയെടുക്കും എന്റെ കൃഷ്ണാ ഒരുവഴി കാണിച്ചു തരണേ”

മനസ്സിൽ പ്രാർത്ഥിച്ചു കൊണ്ട് അവൾ ചേച്ചിക്ക് അരികിലേക്ക് ചെന്നു..

തുടരും….

നവമി : ഭാഗം 1

നവമി : ഭാഗം 2

നവമി : ഭാഗം 3

നവമി : ഭാഗം 4

നവമി : ഭാഗം 5

നവമി : ഭാഗം 6

നവമി : ഭാഗം 7

നവമി : ഭാഗം 8

നവമി : ഭാഗം 9

നവമി : ഭാഗം 10

നവമി : ഭാഗം 11

നവമി : ഭാഗം 12

നവമി : ഭാഗം 13

നവമി : ഭാഗം 14

നവമി : ഭാഗം 15

നവമി : ഭാഗം 16

നവമി : ഭാഗം 17

നവമി : ഭാഗം 18

നവമി : ഭാഗം 19

നവമി : ഭാഗം 20

നവമി : ഭാഗം 21

നവമി : ഭാഗം 22