Monday, April 29, 2024
Novel

രുദ്രഭാവം : ഭാഗം 23

Spread the love

നോവൽ
എഴുത്തുകാരി: തമസാ

Thank you for reading this post, don't forget to subscribe!

അവർ നാലുപേരും കൂടി ഇരുന്ന് കഴിഞ്ഞ ഒരു മാസം കൊണ്ട് വീട്ടിൽ നടന്ന സംഭവങ്ങൾ ഒക്കെ രുദ്രന് പറഞ്ഞു കൊടുക്കുന്നുണ്ടായിരുന്നു…

ഞാൻ ഇത്തിരി മാറി നിന്ന് എല്ലാം കേട്ടുകൊണ്ടിരുന്നു…. ഞാൻ ഇപ്പോൾ എന്ത് പറയാനാ….

ഇടവേളകളില്ലാതെ ആ കണ്ണുകൾ എന്റെ മുഖത്തു തന്നെ ഉണ്ട്… പിന്നെന്തിനാ ഞാനിപ്പോൾ മിണ്ടേണ്ട ആവശ്യം…….

ഇടയ്ക്ക് തറയിലേക്കും ഇടയ്ക്ക് മുകളിലെക്കും കണ്ണെറിഞ്ഞു ഞാൻ ആ നോട്ടത്തിൽ നിന്ന് എങ്ങനെയോ രക്ഷ പ്രാപിച്ചു…..

വൈകിട്ട് ഒന്ന് പുറത്തൊക്കെ പോകാമെന്ന് രുദ്രൻ പറഞ്ഞു…. അങ്ങനെ വൈകിട്ട് ഞങ്ങളെല്ലാവരും കൂടി കാറെടുത്തു ഫോർട്ട്‌ കൊച്ചി പോയി….

ഞങ്ങളെ തനിച്ചു വിടാൻ വേണ്ടി സ്വരൂപ്‌ പലയിടത്തും അച്ഛനെയും അമ്മയെയും പിടിച്ചു നിർത്തി … രുദ്രൻ ആണെങ്കിൽ ഞാൻ വിളിച്ചാൽ കൂടെ ചെല്ലുമോ എന്നോർത്തു നിൽക്കുകയാണ്…

കുറേ നേരം ഞാൻ പ്രതീക്ഷിച്ചു, വാ നമുക്ക് നടക്കാം എന്ന് രുദ്രൻ പറയുമെന്ന്… എവിടുന്ന്…. അവസാനം ഞാൻ തന്നെ അങ്ങോട്ട്‌ പറഞ്ഞു…

നമുക്ക് നടക്കാം… നമ്മളെ ഒറ്റയ്ക്കു വിടാൻ വേണ്ടിയാ ആ ചെറുക്കൻ അവിടെ നിന്ന് പരുങ്ങുന്നത്…..

അങ്ങനെ ഞങ്ങൾ മുന്നോട്ട് നടന്നു…. ചീന വലകളിൽ സൂര്യഭഗവാൻ ചന്ദനം ചാർത്തിക്കൊണ്ടിരുന്നു…..

നിരത്തിയിട്ട കല്ലുകളിൽ തിരമാലകൾ തല തല്ലി മരിച്ചുകൊണ്ടിരുന്നു….. ഇക്കാലം എന്റെ ഉള്ളിൽ ഉണ്ടായിരുന്ന സങ്കടങ്ങളും ഇത്പോലെ ആണ്…. ഈ ചിരിയിൽ….. തലയെടുപ്പിൽ….

ഏറു കണ്ണിട്ട നോട്ടത്തിൽ….. അവയിലെല്ലാം എന്റെ സങ്കടങ്ങൾ തല തല്ലി മരിച്ചു സന്തോഷക്കുഞ്ഞുങ്ങളെ പെറ്റു…..

കടലിനെതിരായി പ്രകൃതിയുടെ വിരുന്നുണ്ട് നില്കുന്നതിനിടയിൽ ആണ് കയ്യിൽ രുദ്രന്റെ കൈ ചേർന്നത്……

ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ, ഞാൻ ചെയ്തത് തെറ്റാണോ എന്നൊരു ഭാവം… ചിരിച്ചുകൊണ്ട് ഞാനും ആ കയ്യിൽ ചേർത്ത് പിടിച്ചു ……

അപ്പോൾ ആ മുഖത്തെ സന്തോഷം ഒന്ന് കാണണമായിരുന്നു… വാശി പിടിച്ച് കരഞ്ഞ കുട്ടിക്ക് താൻ ആഗ്രഹിച്ചത് കിട്ടുമ്പോൾ ഉണ്ടാവുന്ന കള്ളച്ചിരി ഇല്ലേ… അതാണ്…..

“ഭാവേ …… ”

“മ്മ്മ്… ”

‘എന്നാണ് പരസ്പരം നെഞ്ചോടൊട്ടി നിന്നു നമ്മളിനി സൂര്യാസ്തമയം കാണുക? ”

“എപ്പോൾ വേണം രുദ്രാ? ……. ”

“എന്നും ….. ”

“നമ്മളെന്നും ഒരുമിച്ചല്ലേ??? ”

“ആണോ…. പക്ഷേ നീയിപ്പോഴും എന്നിൽ നിന്നും അകലെയല്ലേ….. എന്നെ വിശ്വാസമില്ലേ നിനക്കിപ്പോഴും? ”

ആ മുഖത്തെ നിഷ്കളങ്ക ഭാവം അവളിൽ മഞ്ഞിൽ കുതിർന്നു നിൽക്കുന്ന നെൽക്കതിരിന്റെത് പോലെയൊരു മന്ദസ്മിതം സമ്മാനിച്ചു……

മുന്നോട്ട് പോകുന്തോറും ആൾക്കാരുടെ കൂട്ടം കുറഞ്ഞു വന്നു….. രുദ്രന്റെ കഴുത്തിൽ കൈ താങ്ങി, അവനെ തന്നിലേക്കടുപ്പിച്ചു ഭാവ അവന്റെ കണ്ഠത്തിലെ എള്ളോളം പോന്ന മറുകിൽ ചുണ്ട് ചേർത്തു…..

” വിശ്വാസമാണ്…… ഇന്നും…. ഈ മറുകിനോളം പോലും മായം കലരാതെ….”

“പിന്നെന്താ എന്നെ അകറ്റി നിർത്തിയത്? …. ഞാൻ എത്രയേറെ സങ്കടപ്പെട്ടെന്ന് അറിയുവോ ഭാവേ നിനക്ക്? ”

നിറഞ്ഞ കണ്ണുകളോടെ രുദ്രൻ അവളുടെ തോളിലേക്ക് ചാഞ്ഞു കൊണ്ട് ചോദിച്ചു…..

“നമുക്ക് ഒന്നിച്ചു ജീവിക്കണ്ടേ രുദ്രാ?…. ”

” നിനക്ക് സമ്മതമാണെങ്കിൽ മാത്രം…. ഒരുമിച്ചുറങ്ങി…. ഒന്നിച്ചുണർന്നു ജീവിക്കാം…. പൂർണ സമ്മതം ആണെങ്കിൽ മാത്രം… പിടിച്ചു വാങ്ങാൻ രുദ്രനറിയില്ല….. ചോദിക്കാതെ പകുത്തു തരുന്ന സ്നേഹത്തിനേ രുചിയുള്ളു… എന്നും എപ്പോഴും….. ”

കണ്ണടച്ച് നിന്നു മനസ്സിലോർത്തു… ഞാൻ എത്ര ഭാഗ്യവതി ആണല്ലേ…… സ്നേഹം കൊണ്ട് വീർപ്പു മുട്ടിക്കുന്നൊരു കുടുംബം….

ഒപ്പം ചേർത്ത് പിടിക്കാൻ കൊതിക്കുന്നൊരു ഭർത്താവ്…. ആരും നോക്കാതെ പൊത്തിപ്പിടിച്ചു കൊണ്ട് നടക്കുന്നൊരു അനിയൻ……. ഏഴു ജന്മങ്ങൾക്കപ്പുറവും നിങ്ങളിലേക്കടുക്കാനൊരു കടൽ ദൂരമുണ്ടെങ്കിൽ, ഭാവ നീന്തും……..

ഈ സ്നേഹ പ്രപഞ്ചത്തിൽ എന്നും മുങ്ങി നീരാടും…..

” എനിക്ക് എന്റെ വീട്ടുകാരെ തിരിച്ചു തരാമോ രുദ്രാ…. പഴയത് പോലെ…… ഞാൻ ആയിരുന്നു ആ സൗരയൂഥത്തിലെ സൂര്യൻ….. എനിക്ക് ചുറ്റുമാണ് അവിടുത്തെ ഓരോ ഗ്രഹങ്ങളും ചുറ്റിയിരുന്നത്…..

ഇന്നവിടെ ഞാനില്ല…. അവർ അന്ധകാരത്തിലാണ്……. എനിക്കറിയാം…. എത്ര കുറ്റം പറഞ്ഞാലും, സൂര്യനുദിച്ചില്ലെങ്കിൽ പിന്നെയാ ലോകമില്ല….

അവരുടെ നോവ് മനസ്സിൽ വേലി തീർക്കുമ്പോൾ എനിക്കെന്റെ രുദ്രനെ പൂർണമായും സ്നേഹിക്കാൻ പറ്റില്ല…

കുറ്റബോധത്തിന്റെ ശംഖൊലികൾ എന്റെ ഉള്ളിൽ, യുദ്ധം കഴിഞ്ഞ മണ്ണിന്റെ പ്രതീതി ഉണ്ടാക്കും… എന്റെ കണ്ണുകളിൽ നിന്ന് കണ്ണുനീരും ഹൃദയത്തിൽ നിന്ന് ചോരയും പൊടിയും.. ”

” നിനക്കെന്നോട് എന്തും പറഞ്ഞു കൂടെ… ഞാൻ എന്താ ചെയ്യേണ്ടത്… അവരെ പോയി കാണണോ? ”

മറുപടി ഒന്നുമില്ല കൊടുക്കാൻ….

“പറയ് ഭാവാ…… ”

” എനിക്കറിയില്ല…. ചിലപ്പോൾ രുദ്രനെ അവർ അപമാനിച്ചിറക്കി വിടാം… ഒച്ചയെടുക്കാം… വഴക്ക് പറയാം… എന്തിനും സാധ്യത ഉണ്ട്… പിന്നെങ്ങനെ ഞാൻ അങ്ങോട്ട് പോയി കാണാൻ പറയും… ”

എങ്ങനെ അവരോടിനി അടുക്കുമെന്ന് എനിക്കൊരു ഊഹവുമുണ്ടായിരുന്നില്ല… പക്ഷേ… എനിക്കവരെ വേണം…. എല്ലാവരെയും വേണം……

കുടുംബം അളവെടുത്തു മുറിച്ച ചങ്ങലയാണ്….. ഒരു കണ്ണി വിട്ട് പോയാൽ എങ്ങുമെത്താതെ അർത്ഥ ശൂന്യമാകുന്ന ചങ്ങല…..

” എന്റെ ഭാവയ്ക്ക് ഞാൻ നഷ്ടപ്പെട്ടു പോയ സൗഭാഗ്യങ്ങളൊക്കെ തിരികെ തരും…. വീട്ടുകാരും കൂട്ടുകാരും…. എല്ലാം… അതുവരെ നിന്നെ കാണാതെ മാറി നിൽക്കണോ ഇനിയും?. ”

” രുദ്രാ…….. ”

എന്റെ കൈകളെ പൊതിഞ്ഞു പിടിച്ച് രുദ്രൻ എന്റെ നേരെ പുരികമുയർത്തി എന്താണെന്ന് ചോദിച്ചു…. കാതരമായൊരു നോട്ടം തിടംബണിഞ്ഞു…

” നീയെന്നെ കാണാൻ ശ്രമിച്ചില്ലേ ഇതുവരെ….? ”

” എന്തിന്…. എന്നെ വേണ്ടാത്തവരെ എനിക്കും വേണ്ട.. ഞാനും നല്ല വാശിയിലായിരുന്നു….. ”

“അപ്പോൾ നീ എന്നെ കാണാൻ വന്നിട്ടേ ഇല്ലല്ലേ…. ”

” ഇല്ലാന്ന് പറഞ്ഞില്ലേ… പിന്നെ എന്തിനാ കിള്ളി കിള്ളി ചോദിക്കുന്നത്? “”

നെറ്റി ചുളിച്ചവൻ ആരാഞ്ഞു….

” ടാ ദുഷ്ടാ… എന്നെ കാണാൻ അല്ലെങ്കിൽ പിന്നെ ആരോട് പഞ്ചാരയടിക്കാനാ നീ കോളേജിൽ വന്നത്?….. ഞാൻ നിന്നെ കണ്ടല്ലോ… ഞാൻ മൈൻഡ് ചെയ്യാതെ നിന്നതാ…. അത് നന്നായി ഏതായാലും…. ”

” അതോ…. അത്….. അത് ഞാൻ ചുമ്മാ…. കാണാതിരിക്കാൻ പറ്റില്ലെന്ന് തോന്നിയപ്പോൾ ബൈക്കും എടുത്ത് പോന്നതാ…. ആരാ…

സ്വരൂപ്‌ ആണോ കാണിച്ചു തന്നത്… നീയെന്നെ കണ്ടില്ലെന്ന ഞാൻ വിചാരിച്ചത് “….

പാവം… ഒരു നുണ പറഞ്ഞപ്പോഴേക്കും വിശ്വസിച്ചു….. ഇതിനാണോ ഭഗവാൻജീ കൺഫെഷൻ എന്ന് പറയുന്നത് !!!!

ചിരിയടക്കി പിടിച്ചു ഞാൻ അവന്റെ വയറിൽ പിടി മുറുക്കി, ആ നെഞ്ചോടു ചേർന്നു……

” ഞാൻ നിന്നെ കണ്ടില്ല രുദ്രാ…. സ്വരൂപ്‌ പറഞ്ഞതുമില്ല….. പക്ഷേ….. ഞാൻ പലവട്ടം ചാഞ്ഞിരുന്ന ഈ ശരീരത്തിന്റെ ഗന്ധമായിരുന്നു ചുറ്റുമുള്ള കാറ്റിനു പോലും….

അത്രമേൽ പ്രിയമുള്ളത് മറക്കാൻ എന്റെ പഞ്ചേന്ദ്രിയങ്ങൾക്ക് പോലും പറ്റില്ല….. അതാ….. ഞാൻ അറിഞ്ഞിരുന്നു…. എന്റെ അടുത്തെങ്ങോ…. ഈ ഹൃദയമുണ്ടെന്ന്….. ”

ഒന്നുകൂടി പറ്റിച്ചേരാൻ തുടങ്ങുന്നതിനു മുന്നേ കൂടുതൽ ശക്തിയോടെ രുദ്രനെന്നെ ആഞ്ഞു പുല്കിയിരുന്നു….

മിഴികളച്ചു നിന്നു ഞങ്ങൾ ആ സായാഹ്ന സൂര്യനെ പ്രണയ വർണങ്ങളോടെ മനസ്സിൽ ഏറ്റുവാങ്ങി……. അത്ര….. അത്രമേൽ…. പ്രണയം ഇരുഹൃദയങ്ങളെ പരസ്പരം കൊള്ളയടിച്ചിരുന്നു…

(തുടരും )

രുദ്രഭാവം : ഭാഗം 1

രുദ്രഭാവം : ഭാഗം 2

രുദ്രഭാവം : ഭാഗം 3

രുദ്രഭാവം : ഭാഗം 4

രുദ്രഭാവം : ഭാഗം 5

രുദ്രഭാവം : ഭാഗം 6

രുദ്രഭാവം : ഭാഗം 7

രുദ്രഭാവം : ഭാഗം 8

രുദ്രഭാവം : ഭാഗം 9

രുദ്രഭാവം : ഭാഗം 10

രുദ്രഭാവം : ഭാഗം 11

രുദ്രഭാവം : ഭാഗം 12

രുദ്രഭാവം : ഭാഗം 13

രുദ്രഭാവം : ഭാഗം 14

രുദ്രഭാവം : ഭാഗം 15

രുദ്രഭാവം : ഭാഗം 16

രുദ്രഭാവം : ഭാഗം 17

രുദ്രഭാവം : ഭാഗം 18

രുദ്രഭാവം : ഭാഗം 19

രുദ്രഭാവം : ഭാഗം 20

രുദ്രഭാവം : ഭാഗം 21

രുദ്രഭാവം : ഭാഗം 22