Monday, April 29, 2024
Novel

ജീവാംശമായ് : ഭാഗം 6

Spread the love

നോവൽ
******
എഴുത്തുകാരി: അനന്യ ആദി

Thank you for reading this post, don't forget to subscribe!

വെറുപ്പായിരുന്നു വിവേകിനോട്… സ്വന്തം ഭാര്യയെ കൂട്ടുകാരന് കാഴ്ച വെച്ചവൻ… കൂട്ടുകാരന് ഭാര്യയിലുണ്ടാകുന്ന കുഞ്ഞിനെ സ്വന്തം കുഞ്ഞെന്ന് പറഞ്ഞു ലോകത്തിനു മുന്നിൽ പരിചയപ്പെടുത്താൻ ശ്രമിക്കുന്നവർ….

വേദന നിറഞ്ഞ ഒരു ചിരി എന്നിൽ വിടർന്നു…

പക്ഷെ ഇപ്പോൾ എനിക്ക് തോന്നുന്നു… വിവേക് എന്നോട് ചെയ്തത് മയക്കു മരുന്നിന്റെ പുറത്തായിരുന്നു…

പക്ഷെ അവന്റെ സ്വത്വം വെളിപ്പെടുത്താൻ സമ്മതിക്കാതെ ഒരു പെണ്ണിനെ കെട്ടാൻ നിർബന്ധിച്ചത് അവന്റെ ബോധമുള്ള മാതാപിതാക്കൾ അല്ലെ?…

പെണ്ണ് കെട്ടിയാൽ പ്രശ്‌നങ്ങൾ തീരുമെന്ന് ആരാണ് പറയുന്നത്…

അവൻ ഒരു ഗേ ആണ്… അത് അംഗീകരിക്കാതെ അവനെ കളിയാക്കുന്ന സമൂഹവും കുറ്റക്കാർ തന്നെയല്ലേ…

ഈ കാരണങ്ങൾ ഒക്കെയല്ലേ അവനെ മയക്കു മരുന്ന് ഉപയോഗത്തിലേക്ക് നയിച്ചത്….

പക്ഷെ എന്ത് ഡ്രഗ്സിന്റെ ഉപയോഗം കാരണമാണെങ്കിലും എന്നോട് ചെയ്തത് എനിക്ക് ക്ഷമിക്കാൻ പറ്റ്വോ…?

ഒരു പെണ്ണിനും പറ്റില്ല… എങ്ങനെയോ ഞാൻ ഭ്രാന്ത് പിടിക്കാതെ രക്ഷപ്പെട്ടു… സ്ലീപ്പിംഗ് പിൽസ് ഇല്ലാതെ ഞാൻ ഉറങ്ങിയത് ഇവിടെ വന്നതിനു ശേഷമാണ്.

പിന്നീട് എപ്പോളോ കണ്ടപ്പോൾ അവന്റെ മാതാപിതാക്കൾ ഒരു കുറ്റവാളിയെ പോലെയാണ് എന്റെ മുന്നിൽ നിന്നത്

മിത്രക്ക് അറിയാരുന്നു അവനു സ്ത്രീകളോട് താൽപ്പര്യം ഇല്ലെന്ന്… അവൾക്കെങ്കിലും എന്നോട് പറയാരുന്നു… ഞങ്ങൾ നല്ല കൂട്ടായതാണ്….

എന്നിട്ടും അവൾ എന്താ പറയണേ…. ഞാൻ വേറെ പുരുഷന്റെ കൂടെ…. അവൾ ഈ വേറെ പുരുഷൻ എന്നു പറയുന്നത് ജീവൻ ആയിരിക്കുമോ… ആ അറിയില്ല… ”

കണ്ണുനീർ കാഴ്ചയെ മറക്കാൻ തുടങ്ങിയിരുന്നു… പതുക്കെ എണീറ്റു… കുളത്തിൽ നിന്നും കൈക്കുമ്പിളിൽ വെള്ളമെടുത്തു മുഖം കഴുകി.

തിരിഞ്ഞപ്പോൾ തൊട്ടു പുറകിൽ ശരത്തേട്ടൻ… ആ കണ്ണുകൾ നിറഞ്ഞിരുന്നു.

പെട്ടന്ന് ആ നെഞ്ചിലേക്ക് വീണു…. അതുവരെ നിശബ്ദമായി കരഞ്ഞ ഞാൻ ഉറക്കെ കരഞ്ഞു… ഹൃദയം പൊട്ടി പോകുന്ന പോലെ…. കുറെ സമയം കരഞ്ഞു…

എപ്പോളോ ശരത്തേട്ടന്റെ കൈകൾ എന്റെ മുടിയിഴകളിൽ തലോടുന്നുണ്ടായിരുന്നു.
എന്റെ കരച്ചിൽ ഒന്നടങ്ങാൻ കാത്തു നിന്നു … എന്നെ ചേർത്തു പിടിച്ചു… ആ നിൽപ്പ് എത്ര നേരം നിന്നു എന്നറിയില്ല.

പെട്ടന്നാണ് ശരത്തേട്ടന്റെ ഫോൺ റിങ് ചെയ്തത് .. ഞാൻ ഞെട്ടി… അടർന്നു മാറി…

“ചെറിയച്ഛനാണ്…”

“ഉം…”

“സമയം ഇത്രയുമായില്ലേ… വാ പോകാം…”

തിരിച്ചു നടക്കുമ്പോൾ എന്റെ കയ്യിൽ ശരത്തേട്ടൻ തന്റെ കൈ കോർത്തു… ഒരു വിറയൽ എന്നിലൂടെ ഉണ്ടായി…

തലയുയർത്തി നോക്കുമ്പോൾ എന്നെ നോക്കുന്നുണ്ടായിരുന്നില്ല…. പക്ഷെ ആ മുഖത്തെ ഭാവം എന്തോ തീരുമാനിച്ചത് പോലെ ആയിരുന്നോ…

അന്ന് രാത്രി ഉറങ്ങാൻ കിടന്നപ്പോൾ മനസിന്റെ ഭാരം ഒഴിഞ്ഞത് ഞാൻ അറിഞ്ഞു… ഏറെ നാളുകൾക്ക് ശേഷം ഞാൻ സുഖമായി ഉറങ്ങി.

❇️❇️❇️❇️❇️❇️❇️❇️❇️❇️

പിറ്റേന്ന് ശാലിനിയും കുഞ്ഞും പോവുകയായിരുന്നു… ഞാൻ അങ്ങോട്ട് ചെല്ലാത്തത് കൊണ്ട് അവൾ വീട്ടിലേക്ക് വന്നു. കൂടെ ഭർത്താവും ഉണ്ടാരുന്നു… കുറെ സമയം സംസാരിച്ചിട്ടാണ് പോയത്…

അമ്പാടിയുടെ കുഞ്ഞിളം പല്ലു കാണിച്ചുള്ള ചിരിയും അവന്റെ കുറുമ്പുകളും മനസിൽ സൂക്ഷിക്കാനുള്ള നല്ല ഓർമകളിൽ ഒന്നായി…

ഞാൻ മനസു തുറന്നൊന്ന് ചിരിക്കുന്നത് കണ്ടപ്പോൾ തന്നെ എല്ലാവർക്കും സന്തോഷമായി… അഭിനയിക്കാതെ മനസിൽ നിന്നു ചിരിക്കാൻ സാധിച്ചതും ഇപ്പോളാണ് …

അച്ചുന്റേം അഞ്ചുന്റേം കൂടെയായിരുന്നു കൂടുതൽ സമയവും… കളിയും ചിരിയുമായി സമയം പോയതറിഞ്ഞില്ല… ഒരാളോടെങ്കിലും മനസ് തുറന്നാൽ ഇത്രയും സമാധാനം കിട്ടുമെന്ന് വിചാരിച്ചില്ല…

ശരത്തേട്ടനെ പിന്നെ കണ്ടില്ല… അങ്ങോട്ട് പോകാനും തോന്നിയില്ല… ടീച്ചറമ്മയേം മാഷിനേം അഭിമുഖീകരിക്കാൻ ഒരു മടി…

വല്യമ്മയും ചെറിയമ്മയും അച്ചുവിനെ അടുക്കളപ്പണി പഠിപ്പിക്കുന്ന തിരക്കിലാണ്… മഹിയുമായുള്ള കല്യാണം ഉറപ്പിച്ചതല്ലേ…. കുറച്ചെങ്കിലും പഠിച്ചിരിക്കണം എന്നു പറഞ്ഞു ഇപ്പോൾ അവധി ദിവസങ്ങളിൽ അവൾക്ക് പണിയാണ്…

ഞാനും ആ കൂടെ കൂടി…

“ചേച്ചിക്ക് പാചകം അറിയോ?”

“അത്യാവശ്യം ഒപ്പിക്കാൻ അറിയാം…. വീട്ടിൽ ആയിരുന്നപ്പോൾ കുറച്ചൊക്കെ പഠിച്ചിട്ടുണ്ട്.. പിന്നെ എൻറെ ഒരു ഫ്രണ്ട് ഉണ്ടായിരുന്നു.. മീര…. അവളുടെ മമ്മ നന്നായി ഭക്ഷണം ഉണ്ടാക്കും … താൽപ്പര്യം ഉള്ളത് കൊണ്ട് മമ്മയോട് ഓരോന്ന് ചോദിക്കുമായിരുന്നു… അങ്ങനെ കുറച്ചു നോർത്ത് ഇന്ത്യൻ , ചൈനീസ് ഒക്കെ ഉണ്ടാക്കാൻ അറിയാം…”

“ഇത്രേമൊക്കെ അറിയോ… ചേച്ചിയെ കണ്ടാൽ പറയില്ലാട്ടോ കുക്ക് ചെയ്യുമെന്ന്”

മറുപടിയായി ഞാനൊന്ന് ചിരിച്ചു. പലപ്പോളും തനിച്ചായപ്പോൾ ഒന്നും ഓർക്കാതിരിക്കാൻ തിരഞ്ഞെടുത്തത് പാചകം ആയിരുന്നുവെന്ന് ഞാൻ മനസ്സിൽ ഓർത്തു.

“പിന്നെ നിന്നെ പോലെ അല്ലെ എല്ലാ കുട്ടികളും… ഇവിടെ ഞാൻ ഒന്നും ചെയ്ത് കൊടുത്തില്ലെങ്കിൽ ചെറിയമ്മ എല്ലാം ചെയ്തു കൊടുക്കും…
അതൊരു താളമായി പെണ്ണിന്…
കെട്ടിച്ചു വിട്ടു കഴിയുമ്പോൾ അമ്മായിയമ്മ കുറെ ചീത്ത പറയുമ്പോൾ പെണ്ണ് പഠിച്ചോളും…”

വല്യമ്മ കിട്ടിയ ചാൻസ് മുതലാക്കി…

“ഏയ്… മഹിയേട്ടന്റെ അമ്മ പാവാ..”
ഉടനെ അച്ചൂന്റെ മറുപടിയും വന്നു…

അത് കേട്ടപ്പോൾ ഞാനും ചെറിയമ്മയും ചിരി തുടങ്ങി…

“അതാണ് നിനക്കിത്ര ധൈര്യം എന്നറിയാം…
വല്ലതും പഠിച്ചാൽ നിനക്ക് കൊള്ളാം…”

“ഞാൻ പഠിച്ചോളാം എന്റെ അമ്മക്കുട്ടി…” അച്ചൂ വല്യമ്മയെ സോപ്പിടാൻ തുടങ്ങി.

അപ്പോളാണ് വല്യച്ഛൻ ഒരു പാത്രം നിറയെ മാമ്പഴവും ആയി വന്നത്… നല്ല മൂവാണ്ടൻ മാമ്പഴം. നോക്കുമ്പോൾ നേന്ത്രപ്പഴവും ഇരിപ്പുണ്ട്..

അത് കണ്ടപ്പോൾ പായസം ഉണ്ടാക്കാൻ ഒരു കൊതി… വല്യമ്മയോടും ചെറിയമ്മയോടും ചോദിച്ചു… ഉണ്ടാക്കാൻ രണ്ടു പേരും അനുവാദം നൽകി…

അങ്ങനെ വൈകിട്ടത്തേക്ക് എന്റെ ഫ്രൂട്‌സ് പായസം ഉണ്ടാക്കാമെന്ന് തീരുമാനിച്ചു…

ചെറിയച്ഛന്റെ കൂടെ കടയിൽ പോയി കുറച്ചു ആപ്പിളും മുന്തിരിയും , നട്സും അങ്ങനെ അവശ്യമായതൊക്കെ വാങ്ങി…

അച്ചൂ ആയിരുന്നു സഹായി… തേങ്ങാപ്പാൽ മാത്രം ചെറിയമ്മ പിഴിഞ്ഞു തന്നു… ഇതിന് മുൻപ് ഞാൻ ഉണ്ടാക്കിയപ്പോളൊക്കെ പശുവിൻ പാൽ ആണ് ഒഴിച്ചത്. അന്ന് അച്ഛനാണ് പറഞ്ഞത് നാളികേര പാൽ ആണെങ്കിൽ ഇതിലും സൂപ്പർ ആകുമെന്ന്…

ഏലക്ക പൊടിച്ചു ചേർത്തപ്പോൾ തന്നെ പായസം അടുക്കളയിൽ ഉണ്ടാക്കുന്നുവെന്ന് എല്ലാവരും അറിഞ്ഞു കാണും… നെയ്യിൽ നട്സും തേങ്ങാക്കൊത്തും മുന്തിരിയുമൊക്കെ വറുത്തു കോരുമ്പോൾ അഞ്ചു ഓടി വന്നു… കുറച്ചു അവൾക്കും കൊടുത്തു….

ഏറെ നാളുകൾക്ക് ശേഷമാണ് മനസ് നിറഞ്ഞു ഞാൻ ഒരു കാര്യം ചെയ്യുന്നത്….
പായസം എല്ലാവർക്കും ഇഷ്ടായി… അച്ചുവാണ് ഉണ്ടാക്കിയത് എന്ന ഭാവത്തിലാണ് അവൾ..

❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️

കുളിയൊക്കെ കഴിഞ്ഞു വന്നപ്പോൾ സന്ധ്യ ആയിരുന്നു.. വല്യച്ഛനു വല്യമ്മയും പുറത്തേക്കു പോയതാണ്…

മുൻവശത്തു നിന്ന് സംസാരം കേട്ടാണ് അങ്ങോട്ട് ചെന്നത്… അച്ചൂ എത്തി നോക്കുന്നുണ്ട്. അവൾ നോക്കിയിടത്തേക്ക് ഞാനും നോക്കി…
‘മഹി…’
വെറുതെയല്ല പെണ്ണ് എത്തി നോക്കുന്നത്…

പുറത്തേക്ക് ചെന്നപ്പോൾ അതാ
ഒരു ഗ്ലാസ് പായസവും കയ്യിൽ പിടിച്ചു കൊണ്ട് മഹിയുടെ അടുത്തായി ശരത്തേട്ടൻ… ചെറിയച്ഛനും ചെറിയമ്മയും അവരോട് സംസാരിക്കുന്നുണ്ട്. ആളെ കണ്ട് ഞാൻ ഞെട്ടി… പ്രതീക്ഷിച്ചിരുന്നില്ല…

കയ്യിൽ കുറച്ചു ബുക്ക്സ് ഇരിപ്പുണ്ട്.. ചെറിയച്ഛന് കൊടുക്കാൻ വന്നതാകും.

“ദേ പായസം ഉണ്ടാക്കിയ ആള് വന്നല്ലോ… ”

ചെറിയമ്മ പറഞ്ഞപ്പോൾ ശരത്തേട്ടൻ എന്നെ നോക്കി ഒന്നു പുഞ്ചിരിച്ചു…

“നന്നായിട്ടുണ്ട്… ഞാൻ ആദ്യമായിട്ടാണ് ഫ്രൂട്‌സ് പായസം കഴിക്കുന്നത്…. ”

ഞാൻ ഒന്ന് ചിരിച്ചു… എല്ലാവരും നല്ലതാണെന്ന് പറഞ്ഞെങ്കിലും ശരത്തേട്ടൻ അഭിപ്രായം പറഞ്ഞപ്പോൾ കുറച്ചധികം സന്തോഷം…

“ഇവൾക്കൊന്നും ഉണ്ടാക്കാൻ അറിയില്ലെന്നാണ് ഞാൻ വിചാരിച്ചത്…
പക്ഷെ ഞെട്ടിച്ചു കളഞ്ഞല്ലോ….”

മഹി പറഞ്ഞത് കേട്ട് എല്ലാരും ചിരിച്ചു..

“സംഭവം കിടുക്കിയിട്ടുണ്ട്…. ”

മഹി അത് പറഞ്ഞതും അച്ചൂ എത്തി…

”ഞാനും കൂടി കൂടിയാണ് ഉണ്ടാക്കിയത്… അല്ലെ ചേച്ചി?..”

“അതേ… അച്ചൂ ആണ് കൂടുതൽ സഹായിച്ചത്…”

“വെറുതെയല്ല ഇത്ര രുചി… എനിക്ക് അപ്പോളെ തോന്നിയിരുന്നു ഇത് ആദി ഉണ്ടാക്കിയതല്ലെന്ന്…”

മഹി അത് കളിയായി പറഞ്ഞപ്പോളെക്കും അച്ചൂ ചുണ്ട് കൂർപ്പിച്ചു കയറിപ്പോയി.

സംസാരിച്ചു കൊണ്ടിരുന്നപ്പോൾ ശരത്തേട്ടൻ
പറഞ്ഞു

“അമ്മ ഒന്നു വീണു… കാലിന് ചെറിയ പൊട്ടലുണ്ട്… അടുക്കളയിൽ നിന്നും പുറത്തേക്കുള്ള പടിയിൽ തെന്നിയതാണ്..”

“അയ്യോ… എന്നിട്ട്…” ചെറിയമ്മയാണ് ചോദിച്ചത്..

“ഏയ്… വേറെ കുഴപ്പമൊന്നുമില്ല… റെസ്റ്റ് എടുത്താൽ മതി..”

“അമ്മക്ക് തന്നെ ഒന്ന് കാണണം എന്ന് പറഞ്ഞു.. സമയം ഉള്ളപ്പോൾ ഒന്ന് അങ്ങോട്ട് ഇറങ്ങൂ…”

എന്നെ നോക്കി അത് പറഞ്ഞപ്പോൾ ഞാൻ തലയാട്ടി…

“ഞങ്ങൾ ഇടക്കിറങ്ങാം” ചെറിയച്ഛൻ പറഞ്ഞു…

മഹിയും ശരത്തേട്ടനും പോകാൻ തുടങ്ങുകയായിരുന്നു.

ചെറിയമ്മ രണ്ടു പേരുടെ കയ്യിൽ നിന്നും പായസം കുടിച്ച ഗ്ലാസ് മേടിച്ചു വെച്ചു.

“മോളെ ശരത്തിന്റെ കയ്യിൽ നിന്നും ആ പുസ്തകങ്ങൾ ഒന്നു വാങ്ങി വെച്ചേക്കൂ… ”

ചെറിയച്ഛൻ മഹിയോട് കല്യാണക്കാര്യം എന്തോ പറയുകയാണ്… ഞാൻ ശരത്തേട്ടന്റെ അടുത്തു ചെന്നു..

“നാളെ രാവിലെ തന്നെ അങ്ങോട്ട് വന്നേക്കണം… ഇത്രേം പാചകം അറിയാവുന്ന ആൾ ഒരു സഹായത്തിനുണ്ടേൽ എളുപ്പമായിരുന്നു…”

ഒരു കുസൃതി ചിരിയോടെ എനിക്ക് മാത്രം കേൾക്കാൻ പാകത്തിന് പറഞ്ഞിട്ട് ഇറങ്ങി…

❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️

രാവിലെ ടീച്ചറമ്മയെ ഒന്ന് കാണണം എന്നെയുണ്ടായിരുന്നുള്ളൂ…
അതുകൊണ്ട് അല്പം നേരത്തെ എണീറ്റു.

“മോൾ എണീറ്റോ… ടീച്ചറുടെ അടുത്ത് പോകുന്നില്ലേ?.”

“ഉം…. പോണം… ”

“എങ്കിൽ രാവിലെ തന്നെ പൊക്കോളൂ… കുറച്ചു ദോശയും ചമ്മന്തിയും തന്നു വിടാം”

വല്യമ്മ വേഗം തന്നെ കാപ്പിക്കുള്ളത് ഒരു പത്രത്തിലാക്കി തന്നു. .

”അധികം വൈകാതെ പൊക്കോ… അല്ലെങ്കിൽ ശരത്തോ മാഷോ കാപ്പി ഉണ്ടാക്കും..
അച്ചൂ എണീട്ടില്ലല്ലോ…

ഇനി അവളെ എണീപ്പിച്ചു പോകുമ്പോൾ അവർ കാപ്പി ഉണ്ടാക്കി കഴിയും…
മോൾ പോയിട്ട് വാ…ഇപ്പോൾ തന്നെ ഏഴ് മണി ആവുന്നു”

ഞാൻ തലയാട്ടിക്കൊണ്ട് മേടിച്ചു…

“ഞങ്ങൾ ഇടക്കിറങ്ങാമെന്നു ടീച്ചറോട് പറയണേ…”
വീട്ടിൽ നിന്ന് ഇറങ്ങിയപ്പോൾ വല്യമ്മ വിളിച്ചു പറയുന്നുണ്ടായിരുന്നു..

അവിടെ ചെന്നപ്പോൾ മാഷ് മുറ്റം അടിച്ചു തീരാറായി… ഞാൻ സഹായിക്കാം എന്നു പറഞ്ഞപ്പോൾ സമ്മതിച്ചില്ല…

ആദ്യം പോയി ടീച്ചറമ്മയെ കണ്ടു… മയങ്ങുകയാണ്…വലത് കാലിനാണ് പൊട്ടൽ… വലതു കൈയും കുറച്ചു മുറിഞ്ഞിട്ടുണ്ട്… മുഖത്തും നെറ്റിയിലും തൊലി പോയിട്ടുണ്ട്..

പിന്നെ വിളിച്ചില്ല… നേരെ അടുക്കളയിലേക്ക് ചെന്നു…ശരത്തേട്ടൻ മുണ്ടും ബനിയനുമാണ് ഇട്ടേക്കുന്നത്.. തലയിൽ ഒരു തോർത്ത് വട്ടത്തിൽ കെട്ടിയിട്ടുണ്ട്… ആൾ വൻ പണിയിലാണ്…

ഞാൻ പതിയെ ഒന്ന് ചുമച്ചു….

എന്നെ കണ്ടതും ആ കണ്ണുകൾ ഒന്നു വിടർന്നു..

“താൻ വന്നോ…”

“കാപ്പി ഒന്നും ഉണ്ടാക്കണ്ട… വല്യമ്മ തന്നു വിട്ടിട്ടുണ്ട്…”

“ആഹാ… താൻ നേരത്തെ വന്നത് നന്നായല്ലോ… ഞാൻ പുട്ടുണ്ടാക്കാനുള്ള തിരക്കിൽ ആരുന്നു… ഈ നനച്ച പൊടി എടുത്തു ഫ്രിഡ്ജിൽ വെക്കാല്ലേ…?”

“ഉം…”

“എങ്കിൽ ഞങ്ങൾക്കൊരു ചായ ഇട്ടു തരുമോ?”

“തരാല്ലോ…”

ഞാൻ വേഗം ചായ ഉണ്ടാക്കി… അപ്പോളേക്കും ടീച്ചറമ്മ എണീറ്റിരുന്നു.. ഇന്നലെ കുറച്ചു വേദന ആയിരുന്നത് കൊണ്ട് ഉറങ്ങാൻ താമസിച്ചു എന്നു പറഞ്ഞു…

എന്നെക്കണ്ടതും ഒത്തിരി സന്തോഷമായി… രണ്ടു ദിവസം അങ്ങോട്ട് ചെല്ലാത്തതിന്റെ പരിഭവം ഉണ്ടായിരുന്നു.

മാഷ് ടീച്ചറമ്മയെ കൊച്ചു കുട്ടികളെ നോക്കുന്ന പോലെയാണ്…
ഒരു വീൽചെയറിൽ ഇരുത്തി കാപ്പി കുടിക്കാൻ കൊണ്ടു വന്നു…

“ഒന്ന് വീണപ്പോളെക്കും ഇയാൾക്ക് പേടിയായി…”
ഇടക്ക് ടീച്ചറമ്മയോട് സംസാരിച്ചു കൊണ്ടിരിക്കെ മാഷ് എന്നോട് പറഞ്ഞു..

“ശരത്തിന്റെ കൂടി വിവാഹം കഴിഞ്ഞു പോയാൽ മതിയായിരുന്നു…”

“എവിടെ പോകാൻ… ടീച്ചറമ്മ എവിടേം പോണില്ല… ശരത്തേട്ടന്റെ കുഞ്ഞിനേം കൊഞ്ചിച്ചു അവരുടെ കല്യാണം കൂടി കണ്ടിട്ട് പോയാ മതി…”

പെട്ടന്ന് അങ്ങനെ വായിൽ വന്നെങ്കിലും ശരത്തേട്ടന്റെ കല്യാണം എന്നു പറയുമ്പോൾ ചെറിയൊരു വിഷമം എന്നിൽ നിറഞ്ഞു…

“ആഹാ… അപ്പോൾ കുറെ കാലം കൂടി ഉണ്ടെടോ..” മാഷ് കളിയായി പറഞ്ഞു…

എന്തോ ആവശ്യത്തിന് മാഷ് പുറത്തേക്ക് പോയപ്പോൾ ടീച്ചറമ്മ പറഞ്ഞു…

“മോളെ… അന്ന് മാധവനും നിമ്മിയും ശരത്തിന്റെയും മോളുടെയും കല്യാണക്കാര്യം പറഞ്ഞിരുന്നു… പക്ഷെ….”

അമ്മയെ മുഴുവൻ പറയാൻ അനുവദിക്കാതെ ഞാൻ പറഞ്ഞു…

“പക്ഷെ എനിക്ക് അറിയാം അമ്മേ.. ഒരു മകന്റെ കല്യാണത്തെക്കുറിച്ചു എല്ലാ മാതാപിതാക്കൾക്കും സ്വപ്നങ്ങൾ കാണും.

അമ്മ പേടിക്കണ്ട.. എന്റെ മനസിൽ അങ്ങനെയൊന്നുമില്ല… അല്ലെങ്കിലും ശരത്തേട്ടന് നല്ല കുട്ടിയെ കിട്ടും..”

അത്രയും പറഞ്ഞിട്ട് കുടിക്കാൻ വെള്ളമെടുത് കൊണ്ട് ഇപ്പോൾ വരാമെന്നും പറഞ്ഞു തിടുക്കത്തിൽ എണീറ്റു…

നിറഞ്ഞ കണ്ണുകൾ ടീച്ചറമ്മ കാണാതെ മറച്ചു കൊണ്ട് പുറത്തേക്ക് നടക്കാൻ ഭാവിക്കുമ്പോളാണ് വാതിൽക്കൽ എന്നെ നോക്കിക്കൊണ്ട് ശരത്തേട്ടൻ നിൽക്കുന്നത് കണ്ടത്

ആളെ നോക്കാതെ ഞാൻ അടുക്കളയിലേക്ക് നടന്നു…

മാഷ്‌ ബാങ്കിൽ പോയിട്ട് വരാമെന്ന് പറയുന്ന കേട്ടു…

വെള്ളം എടുത്തു കൊണ്ടിരുന്നപ്പോൾ തൊട്ട് പിന്നിൽ ശരത്തേട്ടൻ വന്നത് ഞാൻ അറിഞ്ഞു…

“അമ്മ പറഞ്ഞത് മുഴുവൻ കേൾക്കാതെ ഇങ്ങു പോന്നോ..?”

” മുഴുവൻ പറയാതെ തന്നെ എനിക്ക് അറിയാം…
ഈ വെള്ളം ഒന്ന് അമ്മക്ക് കൊടുത്തേക്കുവോ?”

“ഇല്ല… തന്നെയങ്ങു കൊടുത്താൽ മതി…”

“ശരത്തേട്ടനും പേടിയുണ്ടോ ?”

“എന്തിന്?”

“എന്നെ വിവാഹം കഴിക്കേണ്ടി വരുമോ എന്നോർത്തു…. അച്ഛനും അമ്മയും വന്ന് പറഞ്ഞില്ലേ….?

“ഉണ്ടല്ലോ… നല്ല പേടിയുണ്ട്”

അത് പറഞ്ഞതും ഉള്ളിന്റെയുള്ളിൽ വല്ലാത്തൊരു വേദന…. പ്രതീക്ഷിച്ചതാണെങ്കിലും അങ്ങനെ പറഞ്ഞപ്പോൾ പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരു വിഷമം …

പെട്ടന്ന് ഒരു ചിരി ചുണ്ടിൽ വരുത്തി…

“പേടിക്കണ്ടാട്ടോ… അർഹത ഇല്ലാത്തതൊന്നും ഞാൻ ആഗ്രഹിക്കില്ല… അച്ഛനും അമ്മയും അവരുടെ സ്വാർത്ഥത കൊണ്ടു ചോദിച്ചതാണ്… ആ സ്വർത്ഥതക്കു കാരണം ഞാനും… അവരോട് ദേഷ്യമൊന്നും തോന്നരുത്…”

ഒരു വിധം പറഞ്ഞൊപ്പിച്ചു…കണ്ണുകൾ നിറയരുതെ എന്നു പ്രാർത്ഥിച്ചു കൊണ്ട് വെള്ളമെടുത്ത് തിരിഞ്ഞു…

“കഴിഞ്ഞോ?”

എന്ത് എന്ന ഭാവത്തിൽ ഞാൻ ശരത്തേട്ടനെ നോക്കി…

“പറയാനുള്ളത്….?” അത് ചോദിക്കുമ്പോൾ ഗൗരവം ആയിരുന്നുവെങ്കിലും ഒരു കുസൃതി ചിരി ചുണ്ടിൽ ഒളിപ്പിച്ചിരുന്നുവോ?

മുൻവശത്തു നിന്ന് സംസാരം കേട്ടപ്പോളാണ് അങ്ങോട്ട് ശ്രദ്ധ പോയത്…
ശരത്തേട്ടൻ ജനലിലൂടെ നോക്കി…

“മിത്രയും അമ്മയുമാണ്…” എന്നെ നോക്കി പറഞ്ഞു…

എനിക്ക് എന്തോ വല്ലായ്മ തോന്നി…

അവർ വന്ന വഴി ടീച്ചറമ്മയുടെ മുറിയിലേക്ക് പോയി… വെള്ളവുമായി എന്ത് ചെയ്യണം എന്നറിയാതെ നിൽക്കുകയായിരുന്നു ഞാൻ…

ശരത്തേട്ടനും അവർ വന്നു എന്നറിഞ്ഞിട്ടു അവരുടെ അടുത്തേക്ക് പോയില്ല…

മിത്രേടെ അമ്മയുടെ കരച്ചിലും മൂക്ക് പിഴിയുന്ന ശബ്ദവും എനിക്ക് അടുക്കളയിൽ കേൾക്കാമായിരുന്നു… ടീച്ചറമ്മ വീണ കാര്യം അറിയിച്ചില്ലെന്നും പറഞ്ഞാണ് കരച്ചിൽ…

“അമ്മ വെള്ളം ചോദിച്ചിട്ട് കുറച്ചു നേരം ആയാരുന്നു…”

“ഇങ്ങു തന്നേരെ… ഞാൻ കൊടുത്തിട്ട് വരാം… താൻ ഇവിടെ നിന്നോ…. ഞാൻ ഇപ്പോൾ വരാം..”

ശരത്തേട്ടൻ വേഗം വെള്ളം മേടിച്ചോണ്ട് പോയി…

ശരത്തേട്ടനെ കണ്ടപ്പോൾ പരാതി ശരത്തേട്ടനോട് ആയിന്നു തോന്നുന്നു…
വിളിച്ചറിയിക്കാത്തതിൽ……

പെട്ടന്ന് തന്നെ ശരത്തേട്ടൻ അടുക്കളയിലേക്ക് വന്നു.. മുഖത്തു അവരോടുള്ള അനിഷ്ടം പ്രകടമായിരുന്നു…

“ഞാൻ …. ഞാൻ പൊക്കോട്ടെ?”

“എങ്ങോട്ട്?” അതേ ദേഷ്യത്തിലാണ് എന്നോടും ചോദിച്ചത്….

“അത് വീട്ടിൽ… മിത്ര…”

“ആര് വന്നാലും താൻ ഇപ്പോൾ പോകുന്നില്ല…” ആജ്ഞാപനം ആയിരുന്നു…

എന്ത് ചെയ്യണം എന്നറിയാതെ ഞാൻ നിന്നു.

“നോക്കി നിൽക്കാതെ ആ എടുത്തു വെച്ചിരിക്കുന്ന അരി ഒന്ന് കഴുകി താ..
ഉച്ചക്കത്തേക്ക് എന്തെങ്കിലും ഉണ്ടാക്കണ്ടേ…?”

ഒരാധികാരത്തോടെയാണ് സംസാരിക്കുന്നത്…. അത് താൻ ഇഷ്ടപ്പെട്ടിരുന്നെങ്കിലും ശരത്തേട്ടനെന്നെ ഇഷ്ടമില്ല എന്ന ചിന്ത മനസ് നോവിച്ചു.

ശരത്തേട്ടൻ തന്നെ എന്റെ കയ്യിൽ നിന്നും കഴുകിയ അരി മേടിച്ചു അടുപ്പിൽ തിളച്ചു കൊണ്ടിരുന്ന വെള്ളത്തിലിട്ടു…

“താൻ ആ ഫ്രിഡ്ജിൽ എന്താ പച്ചക്കറി ഇരിക്കുന്നത് എന്നൊന്ന് നോക്കിക്കേ”

“ഉം…”

അപ്പോളാണ് മിത്ര അങ്ങോട്ട് വന്നത്…

“ഓ… ഇവൾ വന്ന് വന്ന് വീട്ടുകാരിയെ പോലെ ആയല്ലോ….”

കഴുകാൻ എടുത്ത പച്ചക്കറി അവൾ എന്റെ കയ്യിൽ നിന്നും പിടിച്ചു വാങ്ങി…

“ഇതൊക്കെ ഉണ്ടാക്കാൻ ഞാൻ ഇവിടെയുണ്ട്… വലിഞ്ഞു കയറി വന്നവർ ഉണ്ടാക്കേണ്ട കാര്യമില്ല…”

ഞാൻ ശരത്തേട്ടനെ ഒന്ന് നോക്കി… ആൾ അവിടെ ചുമരിൽ ചാരി കയും കെട്ടി നിൽക്കുകയാണ്… ആ നിൽപ്പ് കണ്ടപ്പോൾ എനിക്ക് ദേഷ്യമാണ് വന്നത്…

ഞാൻ പോകുവാണെന്ന് കണ്ണു കൊണ്ട് കാണിച്ചിട്ട് ഇറങ്ങാൻ തുടങ്ങി…

“ഹ..താൻ ഇത് എവിടെ പോകുവാ… ഞാൻ വിളിച്ചിട്ടല്ലേ വന്നത്… ഞാൻ തന്നെ കൊണ്ടു വിട്ടോളാം…” എന്റെ കയ്യിൽ പിടിച്ചു വലിച്ചു… ശരത്തേട്ടനോട് ചേർത്ത് നിർത്തി…

എന്താ സംഭവിക്കുന്നതെന്ന് അറിയാത്ത അവസ്‌ഥ….

“ഓ… അപ്പോൾ നീ ശരത്തേട്ടനേം കണ്ണും കയ്യും കാണിച്ചു മയക്കിയല്ലേ…. അതിൽ വീഴാൻ ശരത്തേട്ടനും….

ആരാധ്യ.. നിനക്ക് ഓർമയുണ്ടോ ഇത് നിന്റെ എത്രാമത്തെ ആൾ ആണെന്ന്…?”

അത്രയും അവൾ പറഞ്ഞപ്പോളെക്കും എനിക്ക് നിയന്ത്രണം വിട്ട് തുടങ്ങിയിരുന്നു..

“ഇപ്പോൾ വേണമെങ്കിൽ ഒരടി അടിച്ചോ… തന്റെ ദേഷ്യം തീർക്കാൻ കിട്ടിയ അവസരം ആണ്..” എന്റെ ചെവിയിൽ ശരത്തേട്ടൻ അത് പറഞ്ഞതും എനിക്ക് ചിരി വന്നു…

അത് കൂടി കണ്ടപ്പോൾ മിത്രക്ക് ദേഷ്യം ഒന്നുകൂടി കൂടി…

ഞാൻ പെട്ടെന്ന് ശരത്തേട്ടന്റെ നേരെ തിരിഞ്ഞു…

“ശരത്തേട്ടാ… മിത്ര അടുക്കളയിലെ പണി ഒക്കെ ചെയ്യുമെന്നല്ലേ പറഞ്ഞത്…. നമുക്ക് പുറത്തെവിടെയെങ്കിലും പോകാം… കുറച്ചു നേരം സംസാരിച്ചിരിക്കാം…”

അത് കേട്ടപ്പോൾ ആൾക്കും ചിരി വന്നു.

“അത് ശരിയാ…. ഞങ്ങൾ ഒന്ന് പുറത്തു പോയിട്ട് വരാം…”

മിത്രയുടെ മുഖം വലിഞ്ഞു മുറുകിയിരുന്നു… ആദ്യമായിട്ടാണ് ഒരാളുടെ വിഷമം കണ്ടിട്ട് ഒരു സന്തോഷമൊക്കെ തോന്നുന്നത്…

ഇറങ്ങിയതും മിത്രേടെ അമ്മയെ കണ്ടു…

“ഈ ആട്ടക്കാരിയും ഉണ്ടായിരുന്നോ ഇവിടെ?”
അവരുടെ ചോദ്യത്തിന് ഒരു കൂർത്ത നോട്ടമെറിഞ്ഞു…

“വാ ശരത്തേട്ടാ പോകാം…”
ശരത്തേട്ടന്റെ കയ്യിൽ പിടിച്ചു കൊണ്ട് ഞാൻ പറഞ്ഞു….

“അമ്മേ… ഞാനും ആദിയും കൂടി ഒന്ന് പുറത്തു പോയിട്ട് വരാം…” ശരത്തേട്ടൻ വിളിച്ചു പറഞ്ഞപ്പോൾ ടീച്ചറമ്മ സമ്മതം കൊടുത്തു…. ഒരു ഇഷ്ടക്കേട് ഉള്ളതായി തോന്നിയില്ല.

ബൈക്കിനു പിന്നിൽ കയറിയപ്പോൾ ഞാൻ കണ്ടു എരിയുന്ന കണ്ണുകളോടെ എന്നെ നോക്കുന്ന മിത്രയും… അവളുടെ അമ്മയും….

അത് കണ്ടപ്പോൾ ഞാൻ എന്റെ വലം കൈ ശരത്തേട്ടന്റെ തോളിൽ വെച്ചു…
ഇതാണ് അവൾക്ക് നിശബ്ദമായി കൊടുക്കാവുന്ന ശിക്ഷ എന്നു തോന്നി…

ഒരടി കൊടുത്തിരുന്നേൽ അവിടെ പിന്നെ വഴക്കയേനെ….

വീടിന്റെ ചുറ്റുമതിൽ കഴിഞ്ഞതും ഞാൻ ശരത്തേട്ടന്റെ തോളിൽ നിന്നും കൈ എടുത്തു… കണ്ണാടിയുടെ നോക്കിയപ്പോൾ ആ മുഖത്തൊരു പുഞ്ചിരി കണ്ടു…

“തനിക്ക് മിത്രക്കിട്ട് ഒന്ന് പൊട്ടിക്കാരുന്നു…. ആഹ്…ഞാൻ എന്തായാലും അവളെ വിശദമായി കാണുന്നുണ്ട്…”

“എനിക്ക് വഴക്കിന്‌ താൽപ്പര്യമില്ല..
എന്നെ വീട്ടിൽ വിട്ടാൽ മതി…”

“ഉം..”

കുറച്ചു കഴിഞ്ഞു നോക്കുമ്പോൾ വീട്ടിലേക്കുള്ള വഴിയിൽ തിരിയാതെ നേരെ പോവുകയാണ്.

“ശരത്തേട്ടാ…”

“ഉം…”

“എങ്ങോട്ടാ…”

“താൻ പറഞ്ഞ സ്ഥലത്തേക്ക്….”

” ഞാൻ വീട്ടിലേക്ക് എന്നല്ലേ പറഞ്ഞത്….അത് കഴിഞ്ഞു പോയി..”

“വീട്ടിൽ പോയാൽ മിത്രയോട് പറഞ്ഞ പോലെ സംസാരിച്ചിരിക്കാൻ പറ്റ്വോ എന്റെ ആദി….”

ആദ്യമായിട്ടാണ് ശരത്തേട്ടൻ എന്റെ പേര് വിളിക്കുന്നത്.. ഇതുവരെ എടൊ, താൻ ഒക്കെയായിരുന്നു…

ബൈക്ക് കൊണ്ടു നിർത്തിയത് ഒരു പുഴയുടെ ഓരത്തായിരുന്നു… രണ്ടു സൈഡിലും നല്ല തണൽ…നല്ല ഭംഗിയുള്ള സ്ഥലം… ഉച്ച സമയം ആയിട്ടു കൂടി ചൂടില്ല… നല്ല കാറ്റ്….

ശരത്തേട്ടൻ അവിടെ ഒരു കല്ലിൽ ഇരുന്നു…. തൊട്ടടുത്തായി ഒരു കല്ല് ചൂണ്ടി കാണിച്ചു കൊണ്ട് എന്നോട് ഇരിക്കാൻ പറഞ്ഞു…

പാവാട ഒതുക്കി പിടിച്ചു ഞാനും ഇരുന്നു… കുറച്ചു സമയത്തെ മൗനത്തെ ഭേദിച്ചു കൊണ്ട് ശരത്തേട്ടൻ പറഞ്ഞു…

“താനല്ലേ എന്തോ സംസാരിക്കാൻ ഉണ്ടെന്ന് പറഞ്ഞത്…”

“അത് വെറുതെ മിത്രയെ കേൾപ്പിക്കാൻ പറഞ്ഞതല്ലേ…”

“ആണോ അല്ലാതെ തനിക്ക് ഒന്നും പറയാനില്ല?”
ഒരു കുസൃതി ചിരിയോടെ എന്നെ നോക്കി…

“ഞാൻ എന്തിനാ പറയണേ… അല്ലെങ്കിലും എന്നെ ഇഷ്ടമില്ലല്ലോ…?”
പറഞ്ഞു കഴിഞ്ഞാണ് എന്താണ് പറഞ്ഞതെന്ന് ഓർത്തത്…. അറിയാതെ പറഞ്ഞു പോയതാണ്….

” താനെന്താ പറഞ്ഞേ… തന്നെ ഇഷ്ടമില്ലന്നോ?” എൻറെ കണ്ണിൽ നോക്കി ശരത്തേട്ടൻ ചോദിച്ചതും ഞാൻ പെട്ടെന്ന് എണീറ്റു…

“നമുക്ക് പോകാം.. ഇവിടെ ഇങ്ങനെ ഒരു ആണും പെണ്ണും ഇരിക്കുന്നത് തെറ്റല്ലേ… ആളുകൾ കണ്ടാൽ പല കഥകൾ ഉണ്ടാവില്ലേ… ശരത്തേട്ടനു ഒരു നല്ല കുട്ടിയെ കിട്ടണ്ടേ?” ഒരു ചിരിയോടെ ഞാൻ അത് ചോദിച്ചതും എന്റെ കയ്യിൽ പിടി വീണിരുന്നു…

“നല്ല കുട്ടിയെ കിട്ടിയല്ലോ…. ആ കുട്ടിയുടെ മാതാപിതാക്കൾ വന്ന് കല്യാണം ആലോചിച്ചിരുന്നു… ”

“ഓ… കളിയാക്കിയതാണല്ലേ….”

“അല്ല… എന്റെ വീട്ടുകാർക്ക് സമ്മതം…. എനിക്കും…..”

എന്റെ കണ്ണുകളിൽ നോക്കി പറഞ്ഞതും അനങ്ങാനാവാതെ നിന്നു ഞാൻ…

പക്ഷേ…. രാവിലെ ടീച്ചറമ്മ….”

“അമ്മ പറഞ്ഞോ തന്നോട് സമ്മതമല്ലെന്ന്…?”

“ഇല്ല… പക്ഷെ…..”

“ഇതാണ്… പറഞ്ഞു തീരുന്നതിനു മുൻപ് ഡയലോഗ് അടിച്ചു പൊന്നോണം…. അമ്മ നിന്റെ സമ്മതം ചോദിക്കാൻ വന്നതായിരുന്നു… അതിനു മുൻപ് കണ്ണും നിറച്ചു പോന്നില്ലേ…?”

“ഞാൻ കണ്ണു നിറച്ചൊന്നും ഇല്ല….”

“ഇല്ലേ…. അപ്പോൾ ഞാൻ കണ്ടതോ….?”

“അപ്പോൾ എന്നെ കല്യാണം കഴിക്കേണ്ടി വരുമെന്നോർത്തു പേടിയാണെന്നു പറഞ്ഞതോ?” അപ്പോൾ അങ്ങനെയാണ് ചോദിക്കാൻ തോന്നിയത്…

“എന്റെ പെണ്ണേ…. പേടിയുണ്ടെന്നു പറഞ്ഞു… അത് എന്തിനാണെന്ന് പറഞ്ഞോ ഞാൻ…
പറയാൻ തുടങ്ങിയപ്പോളേക്കും ആ മിത്ര വന്നില്ലേ?”

“എങ്കിൽ പറ… എന്തിനാ പേടി…. ഞാൻ ഒന്ന് കല്യാണം കഴിച്ചതല്ലേ…. അതുകൊണ്ടാവും അല്ലെ…”

“നീ തല്ലുമേടിക്കും കേട്ടോ….”

ശരത്തേട്ടൻ എന്റെ മുഖം ആ കൈക്കുമ്പിളിൽ കോരിയെടുത്തു….

“പേടിയുണ്ടായിരുന്നു… തനിക്ക് എന്നെ ഇഷ്ടപ്പെടുമോ എന്നോർത്തു….

പക്ഷെ ഇപ്പോൾ ഇല്ല…. ഈ കണ്ണിൽ കാണാം എന്നോടുള്ള പ്രണയം…”

ഞാൻ കണ്ണുകൾ ഇറുക്കിയടച്ചു….

“സഹതാപമാണോ….?” അത്രയും ചോദിച്ചപ്പോളേക്കും കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി… അപ്പോളും കണ്ണു തുറക്കാൻ തോന്നിയില്ല.

കാത്തിരിക്കാം💕

ജീവാംശമായ് : ഭാഗം 1

ജീവാംശമായ് : ഭാഗം 2

ജീവാംശമായ് : ഭാഗം 3

ജീവാംശമായ് : ഭാഗം 4

ജീവാംശമായ് : ഭാഗം 5