Saturday, December 14, 2024
Novel

ജീവാംശമായ് : ഭാഗം 1

നോവൽ
******
എഴുത്തുകാരി: അനന്യ ആദി

ഒരുപാട് കാലം കൂടി നാട്ടിലേക്ക് വരുമ്പോൾ മനസിന് ഒരു കുളിർമ തോന്നി . അതിനു ആകെ വിരലിലെണ്ണാവുന്ന തവണ മാത്രമാണ് നാട്ടിൽ വന്നിട്ടുള്ളത് .

അച്ഛൻറെ വീട്ടിൽ ഒരു തവണ പോയിട്ടുണ്ട് പക്ഷേ അന്ന് താൻ തീരെ ചെറുതായിരുന്നു. അന്ന് അമ്മയെം അച്ഛനേം വീട്ടിൽ കയറാതെ മുത്തച്ഛൻ ഇറക്കിവിട്ടു എന്ന് പറഞ്ഞുകേട്ടിട്ടുണ്ട്. .

പിന്നീട് എല്ലാ വർഷത്തിലും ഒരിക്കൽ അച്ഛനും അമ്മയും അമ്മ വളർന്ന ഓർഫനേജിൽ മുടങ്ങാതെ വരാറുണ്ട്. ഇടയ്ക്ക് ഒന്നുരണ്ട് തവണ താനും വന്നിട്ടുണ്ട്.

ഈ നാട് അവർ പറഞ്ഞു സുപരിചിതമാണ്

‘മോളെ നിൻറെ അനക്കം ഒന്നും ഇല്ലല്ലോ..’

ഡ്രൈവ് ചെയ്യുന്നതിനിടയിൽ കണ്ണാടിയിലൂടെ എന്ന് നോക്കിക്കൊണ്ട് അച്ഛൻ ചോദിച്ചു

“അവൾ നാടൊക്കെ കണ്ട് ആസ്വദിക്കുകയാ മാധവേട്ടാ…”

ഞാൻ പറയുന്നതിനു മുമ്പ് അമ്മയുടെ മറുപടി വന്നു.

” ഇതൊക്കെ എന്ത്… വീട്ടിൽ ചെല്ലട്ടെ… ഒരുപാടുണ്ട് കാണാൻ …”

ഒത്തിരി കാലം കൂടി വീട്ടിലേക്ക് തിരിച്ചെത്തുന്നത് സന്തോഷത്തിലാണ് അച്ഛൻ.

“നിമ്മീ ,തനിക്ക് ടെൻഷൻ ഉണ്ടോ?”

അച്ഛൻ അത് ചോദിച്ചപ്പോൾ അമ്മ മൗനം പാലിച്ചു നല്ല ടെൻഷൻ ഉണ്ടെന്ന് അതിൽ നിന്ന് വ്യക്തമായിരുന്നു.

” എത്രയായാലും അവരുടെ മകനെ ഇത്രയുംകാലം അവരിൽ നിന്ന് അകറ്റിയവളല്ലേ മാധവേട്ടാ ഞാൻ.. എല്ലാവരും എന്നെ അങ്ങനെയല്ലേ കാണൂ..”

അമ്മ അതു പറഞ്ഞപ്പോൾ അച്ഛൻ പുഞ്ചിരിച്ചുകൊണ്ട് ഒരു സൈഡിൽ വണ്ടി നിർത്തി. മൂന്നുപേർക്കും കുടിക്കാൻ ഇളനീർ വാങ്ങി അതിനു ശേഷം അമ്മയോട് പറഞ്ഞു

“നീ അല്ല എന്നെ അവരിൽ നിന്ന് അകറ്റിയത്. നിന്നെ മാത്രേ വിവാഹം കഴിക്കൂ എന്ന് ഞാൻ ഒരുപാട് വാശി പിടിച്ചതല്ലേ… അന്ന് അത് സമ്മതിച്ചില്ല.

അന്ന് അച്ഛന് ജാതിയും മതവും പിന്നെ നീ ഓർഫനേജിൽ വളർന്നതും ഒക്കെ പ്രശ്നമായിരുന്നു… ഒരു കുഞ്ഞുണ്ടാകുമ്പോൾ പിണക്കം തീരും എന്നു വിചാരിച്ചു… അതും ഉണ്ടായില്ല… ഇന്ന് അച്ഛന്റെ കാലശേഷം അമ്മ ഇങ്ങനൊരു ആഗ്രഹം പറയുമ്പോൾ… നമുക്ക് പോയി നോക്കാം… പേടിക്കണ്ടടോ.. തന്നോട് ആരും ഒന്നും പറയില്ല.. അല്ലേ നിധി….?”

അതും പറഞ്ഞ് അച്ഛനെന്നെ നോക്കി
ഞാൻ മനസ്സുനിറഞ്ഞ് ഒന്ന് ചിരിച്ചു .. കല്യാണം കഴിഞ്ഞ് ഇത്ര വർഷമായിട്ടും രണ്ടുപേരും പരസ്പരം എത്ര സ്നേഹമാണ്… അച്ഛൻ എത്ര കാര്യം ആയിട്ടാണ് അമ്മയെ മനസ്സിലാക്കുന്നത്..

” പിന്നല്ലാതെ ഇപ്പോ പണ്ടത്തെപ്പോലെയല്ല അമ്മയ്ക്ക് ചോദിക്കാനും പറയാനും ആളുകൾ ഉണ്ട് അല്ലേ അച്ഛാ …?”

ഞാൻ അത് പറഞ്ഞതും അമ്മയും ചിരിച്ചു.

❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️

തറവാട്ടിൽ എത്തുമ്പോൾ എല്ലാവരും മുൻവശത്തു തന്നെയുണ്ട്. അച്ഛൻ പറഞ്ഞു എല്ലാവരെയും അറിയാം. അച്ഛമ്മ, വല്യച്ഛനും കുടുംബവും ,ചെറിയച്ഛനും കുടുംബവും ഒക്കെയുണ്ടായിരുന്നു… എല്ലാവരുടേം മുഖത്തു സന്തോഷമാണ്.

അച്ഛമ്മയുടെ കണ്ണു നിറയുന്നുണ്ടായിരുന്നു… അച്ഛനെ കെട്ടിപ്പിടിച്ചു കുറച്ചു സമയം കരഞ്ഞു.. ഇരുപത്തിയഞ്ചു വർഷത്തെ പിണക്കം അവിടെ അലിഞ്ഞില്ലാതായി… അമ്മയോടും മാപ്പ് പറഞ്ഞു…

വല്യമ്മയും ചെറിയമ്മയും അമ്മയുടെ അടുത്ത് വന്നു സംസാരിച്ചു…

അച്ഛമ്മ എന്നെ നോക്കി…ഞാൻ അടുത്തേക്ക് ചെന്നു.

“അച്ഛമ്മയോട് മോൾക്ക് പിണക്കമൊന്നും തോന്നരുത് കേട്ടോ… മുത്തച്ഛന് വാശി ആയിരുന്നു.. അത്രക്ക് സ്നേഹിച്ചതാ മോൾടെ അച്ഛനെ… അതാവും…
എനിക്ക് പറ്റില്ല കുട്ട്യേ..
ഇനിയുള്ള കാലം മക്കളൊക്കെ വേണം എന്റെ അടുത്ത്… മുത്തച്ഛനും ഉള്ളിൽ സങ്കടമുണ്ടായിരുന്നു… ആഹ് പറഞ്ഞിട്ടു കാര്യമില്ല..”

എന്റെ നെറുകയിൽ തലോടി അച്ഛമ്മ അത് പറഞ്ഞപ്പോൾ ആ വാത്സല്യം അനുഭവിക്കുന്നതിനോടൊപ്പം ഒരുചിരി എന്റെ ചുണ്ടിൽ വിരിഞ്ഞു. വേറൊന്നും അല്ല.. മകനെ തന്നിൽ നിന്ന് അകറ്റിയ ഭർത്താവിനോട് അച്ഛമ്മക്ക് പരിഭവവുമുണ്ട്, എന്നാൽ കുറ്റപ്പെടുത്താനും പറ്റുന്നില്ല.

❇️❇️❇️❇️❇️❇️❇️❇️❇️❇️❇️

പിന്നീട് അവിടെയൊരു ഉത്സവ പ്രതീതി ആയിരുന്നു.

വല്യച്ഛനു രണ്ടുമക്കളാണ്. അശ്വനി ചേച്ചിയും അശ്വതിയും. അശ്വനി ചേച്ചി വിവാഹം കഴിച്ചു… അശ്വതി ഇപ്പോൾ ഡിഗ്രി സെക്കൻഡ് ഇയർ ആണ്. അച്ചൂ എന്നു വിളിക്കും…

ചെറിയച്ഛനു ഒരു മോളാണ്. അഞ്ജലി… അഞ്ചു എന്നു വിളിക്കും… ഒൻപതാം ക്ലാസ്സിൽ പഠിക്കുന്നു. ഒരു കൊച്ചു കാന്താരിയാണ്.
ഞങ്ങൾ മൂന്നു പേരും പെട്ടന്ന് കൂട്ടായി.

“ചേച്ചിടെ പേര് ആരാധ്യ എന്നല്ലേ… പിന്നെന്തിനാ മാധവ് വല്യച്ഛൻ നിധിന്നു വിളിക്കണേ…”

“അച്ഛൻ മാത്രം അങ്ങനാണ് വിളിക്കുക.. ബാക്കി എല്ലാരും ആദി എന്നു വിളിക്കും…”

അഞ്ജുവിന്റെ ചോദ്യത്തിന് ഞാൻ ചിരിച്ചു കൊണ്ട് മറുപടി കൊടുത്തു. .

ഭക്ഷണം കഴിക്കാൻ ഇരുന്നപ്പോൾ എല്ലാവരും പഴയ കഥകൾ പറഞ്ഞുകൊണ്ടേയിരുന്നു… മൂന്ന് അമ്മമാരും നല്ല കൂട്ടായി. സംസാരവും പാട്ടും ചിരിയുമായി ആ വീട് ഒരു സ്വർഗ്ഗം പോലെയായിരുന്നു. അച്ഛമ്മയുടെ മുഖത്ത് നല്ലൊരു സന്തോഷം ഉണ്ടായിരുന്നു.

വല്യച്ഛൻ കുറച്ചു സീരിയസ് ആണെങ്കിലും നല്ല സ്നേഹം ആണെന്ന് തോന്നി.

❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️

പിറ്റേന്ന് എന്നെ വീടും നാടും പരിചയപ്പെടുത്തുന്ന തിരക്കിലായിരുന്നു അഞ്ജുവും അച്ചുവും എനിക്കും വളരെ ഉത്സാഹമായിരുന്നു . അതുവരെയുള്ള ക്ഷീണമൊക്കെ മാറി.

” ചേച്ചി എപ്പോഴും ഇങ്ങനെയുള്ള ഡ്രസ്സ് ആണോ ഇടണേ?”

എന്റെ ജീൻസും ഷർട്ടും നോക്കിയുള്ള അഞ്ജുവിനെ ചോദ്യം കേട്ട് മറുപടി പറയാൻ തുടങ്ങിയപ്പോഴേക്കും അവൾ തന്നെ മറുപടിയും പറഞ്ഞിരുന്നു

“ബാംഗ്ലൂർ ഒക്കെ ഇങ്ങനെ ആകും അല്ലേ ?”

ഞാൻ ഒന്ന് പുഞ്ചിരിച്ചു

❇️❇️❇️❇️❇️❇️❇️❇️❇️

അവരുടെ കൂടെ പാടത്തും പറമ്പിലും നടക്കുമ്പോൾ മനസ് നിറഞ്ഞു… എന്തോ ഒരു ആത്മ നിർവൃതി ഉണ്ടായിരുന്നു… അച്ചുവും അഞ്ജുവും എന്നെ എല്ലാർക്കും പരിചയപ്പെടുത്തുന്നുണ്ടായിരുന്നു… എന്റെ വേഷം കണ്ടിട്ടാണെന്നു തോന്നുന്നു എല്ലാവരും ഒന്നുകൂടി എന്നെ തിരിഞ്ഞു നോക്കി…

എന്നെക്കാൾ 4 വയസ് ഇളയതാണ് അച്ചൂ…
അഞ്ജുവാണെങ്കിൽ എപ്പോളും എന്തെങ്കിലും തമാശകൾ പറഞ്ഞുകൊണ്ടിരിക്കും…

അവരുടെ കൂടെ നടക്കുമ്പോൾ ഞാൻ വേറെ ഒരു ലോകത്താണ് എന്നു തോന്നി… ചാമ്പങ്ങയും മാങ്ങയുമൊക്കെ പൊട്ടിച്ചു കഴിക്കുമ്പോൾ ഇതുവരെ അനുഭവിക്കാത്ത രുചി ഞാൻ അറിഞ്ഞു…

വീട്ടിലേക്ക് ചെല്ലുമ്പോൾ എല്ലാവരും തിരക്കിലാണ്. സ്ത്രീജനങ്ങൾ കറി വെക്കുന്നു… അച്ഛമ്മ മേൽനോട്ടം വഹിക്കുന്നുണ്ട്.

അച്ഛനും വല്യച്ഛനു ചെറിയച്ഛനുംതോർത്ത് ഒക്കെ തലയിൽ കെട്ടി വല്യ ഉരുളിയിൽ പായസം ഉണ്ടാക്കുകയാണ്… ഒരാൾ തേങ്ങാ ചിരണ്ടുന്നു, അടുത്തയാൾ പരിപ്പ് വേവിക്കുന്നു… ആകെ ബഹളം…

ഉച്ചയായപ്പോളേക്കും സദ്യ റെഡി…
തൂശനിലയിട്ട് നിലത്തിരുന്നു ഭക്ഷണം കഴിക്കുന്നത് ആദ്യമായിട്ടായിരുന്നു…
ഞാൻ അത് നന്നായി ആസ്വദിച്ചു… അവിടെ അസോസിയേഷന്റെ ഓണ സദ്യ ഒക്കെ ഉണ്ടെങ്കിലും ഈ രുചി വേറിട്ടത് തന്നെയായിരുന്നു… ആദ്യമായി പപ്പടം പഴം പായസം ഒന്നിച്ചു കഴിച്ചു…

വൈകിട്ട് എന്നെയും കൂട്ടി അമ്പലത്തിൽ പോകാൻ അച്ചൂ വാശി പിടിച്ചു… അമ്മയും അച്ഛനും പറഞ്ഞു പോയിട്ട് വരാൻ…

കുറെ നാളായി ഞാൻ അമ്പലത്തിലോ പള്ളിയിലോ പോയിട്ട്… അമ്മ ക്രിസ്ത്യൻ ആയതുകൊണ്ട് എനിക്ക് രണ്ടു മതവും പ്രിയപ്പെട്ടതായിരുന്നു.

വീടിന്റെ അടുത്തു തന്നെയാണ് അമ്പലം.. എനിക്ക് വേറെ ഡ്രസ് ഇല്ലാത്തത് കൊണ്ട് അച്ചുവിന്റെ ഒരു ചുരിദാർ ഇട്ടു… വഴി നീളെ അച്ചൂ ഓരോ വിശേഷങ്ങൾ പറഞ്ഞു കൊണ്ടിരുന്നു… നാട്ടിലെ വായനശാലയും അവിടുത്തെ ഏട്ടന്മാരും അവളുടെ മുഖ്യ വിഷയമായി…

മഹേഷേട്ടൻ, ശരത്തേട്ടൻ, രാജീവേട്ടൻ അങ്ങനെ ആരൊക്കെയോ കടന്നു വന്നു അവളുടെ സംസാരത്തിൽ…

അമ്പലത്തിൽ തൊഴുതു കൊണ്ടിരുന്നപ്പോൾ മനസ് ആകെ അസ്വസ്ഥമായി… അച്ചൂനോട് പുറത്തു കാണും എന്നു പറഞ്ഞു വേഗം തൊഴുതിറങ്ങി… വെറുതെ പുറത്തൂടി നടന്നു… അമ്പലക്കുളം കണ്ടതും ഞാൻ അറിയാതെ ആ പടവുകൾ ഇറങ്ങി… നിറച്ചും ആമ്പൽ മൊട്ടുകൾ കൊണ്ട് മനോഹരമായ കുളം… അവിടെ ഇരുന്നപ്പോൾ ഒരു വല്ലാത്ത ആശ്വാസം തോന്നി… അങ്ങനെ കുളത്തിലേക്ക് നോക്കി കൊണ്ടിരുന്നപ്പോൾ ആണ് പുറകിൽ നിന്ന് ഒരു വിളി വന്നത്…

“അച്ചൂ…”

ഞെട്ടി തിരിഞ്ഞപ്പോൾ കണ്ടു കവി മുണ്ടും നീല ഷർട്ടും ഇട്ട് ഒരു സുമുഖനായ ചെറുപ്പക്കാരൻ..

എന്നെ കണ്ടതും ആളൊന്നു ഞെട്ടി….

അപ്പോഴാണ് ചേച്ചീ എന്നു വിളിച്ചു അച്ചൂ അങ്ങോട്ട് വന്നത്..

അച്ചൂന്റെ ശബ്ദം കേട്ട് ആയാളും തിരിഞ്ഞു.

” നീ എവിടെയായിരുന്നു…? ഇത് നീയാണെന്ന് വിചാരിച്ചു പുറകിൽ നിന്നു കണ്ടപ്പോൾ..”

“ഇത് കൊച്ചച്ഛന്റെ മോളാണ്… ”

“ഓ… ആരാധ്യ.. അറിയാം…”

എന്നെ എങ്ങനെ അറിയാം..ഞാൻ അത്ഭുതത്തോടെ അച്ചുവിന്റെ നോക്കി.

“ചേച്ചി… ഇത് മഹിയേട്ടൻ… ഞാൻ പറഞ്ഞില്ലേ… ”

“ഓ.. ശരിയാ… അച്ചൂ പറഞ്ഞിരുന്നു… വയനശാലയിലെ കാര്യങ്ങളൊക്കെ…”

“വയനശാലയിലെ കാര്യങ്ങൾ മാത്രേ പറഞ്ഞിട്ടുള്ളോ ഇവൾ?”

ഒരു കസൃതി ചിരിയോടെ മഹി അതു ചോദിച്ചപ്പോൾക്കും അച്ചൂ നാണം കൊണ്ട് പൂത്തുലഞ്ഞിരുന്നു…

“എന്താണ് മോളെ ഒരു കള്ള ലക്ഷണം..?”

“അത് ചേച്ചി ഞങ്ങളുടെ കല്യാണം ഉറപ്പിച്ചിരിക്കുവാ… മഹിയേട്ടന് ജോലി ആയി.. എന്റെ പഠനം കഴിയുമ്പോൾ കല്യാണം എന്നാ പറഞ്ഞു വെച്ചിരിക്കുന്നെ…”

“ആഹാ… ” ഞാൻ മഹിയെ ഒന്നു നോക്കി… നല്ലൊരു ഐശ്വര്യമുണ്ട് കാണാൻ..

“മഹി എന്ത് ചെയ്യുന്നു?”

“എം.ടെക് ആയിരുന്നു. ഇപ്പോൾ ജോബ് ആയി. ഇവിടെ അടുത്ത ഗവണ്മെന്റ് കോളേജിൽ. ജൂണിൽ ജോയിൻ ചെയ്യണം. അതുവരെ ഇവിടെ വായനശാലയിലും ക്ലബ്ബിലും ഒക്കെ കാണും…”

“ആഹാ അപ്പൊ വെറുതെ അല്ല പെണ്ണിന് വായനശാലയും ബുക്‌സും ഇത്ര ഇഷ്ടം…” ഞാൻ അത് പറഞ്ഞപ്പോൾ രണ്ടു പേരും ചിരിച്ചു.

പിന്നീട് മഹി എന്നെ പരിചയപ്പെടുകയായിരുന്നു…

“ആരാധ്യ എന്താ ചെയ്യുന്നേ?”

“പിജി കഴിഞ്ഞു. 2 വർഷം ഗ്യാപ് വന്നു.. ഇനി phd എടുക്കണം എന്നൊരു ചെറിയ ആഗ്രഹമുണ്ട്. ”

” ആഹാ.. ഏതാരുന്നു വിഷയം?”

“മാത്‌സ്.”

“അടിപൊളി… അമ്മേം അച്ഛനും ഡോക്ടർമാർ… മകൾ അതും ആയി ഒരു ബന്ധവും ഇല്ലല്ലോ…”

പിന്നീട് മഹി എനിക്കും നല്ലൊരു സുഹൃത്ത് ആവുകയായിരുന്നു… ആരാധ്യ എന്ന വിളി മാറ്റി ആദി എന്നു വിളിക്കാൻ തുടങ്ങി …
അച്ചൂ എന്തായാലും ഭാഗ്യവതിയാണ്.. നല്ലൊരു ആളെയാണ് പാർട്ണർ ആയി കിട്ടിയിരിക്കുന്നത്.

തിരിച്ചു വീട്ടിലേക്ക് പോകുമ്പോൾ ഓരോന്ന് പറഞ്ഞു വീട് വരെ മഹിയും ഉണ്ടായിരുന്നു. നാളെ വായനശാലയിലേക്കിറങ്ങാൻ പറഞ്ഞിട്ടാണ് മഹി പോയത്.

അച്ചൂ പറഞ്ഞു പറഞ്ഞു എനിക്കും ആഗ്രഹം ഉണ്ടായിരുന്നു അവിടെ പോകാനും കാണാനും…

❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️

അടുത്ത ദിവസം വായനശാലയിൽ എത്തുമ്പോൾ മഹി മുന്നിൽ തന്നെയുണ്ടായിരുന്നു.

എന്നെ കണ്ടതെ മഹിയുടെ മുഖത്തു ഒരു അമ്പരപ്പ് ഉണ്ടായിരുന്നു.

“ആദി ഇന്നലെ കണ്ടപോലെ അല്ലല്ലോ… ആളാകെ മാറി..”

എന്റെ കോലം കണ്ടിട്ടാണ്. ഒരു ത്രീ ഫോർത് ജീൻസും ഒരു ഷർട്ടും ആയിരുന്നു എന്റെ വേഷം.

“അത് എനിക്ക് നാടൻ വേഷങ്ങൾ കുറവാണ് മഹി. ഇന്നലെ തന്നെ അച്ചൂന്റെ ചുരിദാർ ആയിരുന്നു..”

“അതെനിക്ക് മനസിലായി… അതാണല്ലോ പുറകിൽ നിന്നു കണ്ടപ്പോൾ എനിക്ക് ആള് മാറിയത്.”

” ഉം.. ഉം… ” ചിരിച്ചു കൊണ്ട് ഞാൻ അകത്തേക്ക് കയറി. അച്ചൂ മഹിയോട് സംസാരിച്ചു കൊണ്ട് നിൽക്കുകയാണ്.

ഞാൻ ചുറ്റും നോക്കി… വർക്കിങ് ഡേ അയതുകൊണ്ടാകും തിരക്കൊന്നുമില്ല. പുസ്തകങ്ങൾ സെക്ഷൻ തിരിച്ചു മനോഹരമായി അടുക്കി വെച്ചിരിക്കുന്നു.

ഞാൻ പുസ്തകങ്ങളിലൂടെ വിരലോടിച്ചു കൊണ്ട് നടന്നു. അച്ഛന് ഇഷ്ടമാണ് മലയാള സാഹിത്യം.. ഞാൻ ഇതൊന്നും വായിച്ചിട്ടില്ല. ഇന്ന് ഇവിടെ വന്നപ്പോൾ എന്തെങ്കിലുമൊക്കെ വായിച്ചു തുടങ്ങാൻ തോന്നുന്നു..

പെട്ടന്നാണ് പുസ്തകങ്ങളുടെ മറവിൽ നിന്ന് ഒരാൾ ഇറങ്ങി വന്നത്… നല്ല ഭംഗിയുള്ള കണ്ണുകൾ… എന്റെ ശ്രദ്ധ ആദ്യം പോയത് ആ കണ്ണുകളിലേക്കാണ്… എന്നെ കണ്ടതും ആ കണ്ണുകളിൽ അപരിചിതത്വം നിറഞ്ഞു.. ആരാണെന്ന ഭാവത്തിൽ എന്നെ നോക്കി..

“അത് ശരത്തേട്ടാ , എന്റെ കൊച്ചച്ഛന്റെ മോളാണ്.. ബാംഗ്ലൂരിൽ നിന്നു വന്ന…”

എന്റെ പിന്നിലായി വന്ന അച്ചൂ അത്രയും പറഞ്ഞപ്പോളേക്കും മനസിലായി എന്ന രീതിയിൽ തലയാട്ടി. എന്നെ നോക്കിയൊന്ന് ചിരിച്ചുന്ന് വരുത്തി. എന്റെ വേഷം ഇഷ്ടപ്പെട്ടില്ലാരിക്കും… അല്ലെങ്കിലും ഇവിടെ ആർക്കും ഇഷ്ടപ്പെടില്ല. ഒരു മനുഷ്യക്കോലം ഒന്നും അല്ല. അവിടെ ആരും ശ്രദ്ധിക്കില്ലാത്ത കൊണ്ട് ഇതൊന്നും ഞാനും മൈൻഡ് ചെയ്യാറില്ല. കിട്ടുന്നത് എടുത്തിടുന്നു…

“എന്താ പേര്?” ആ ചോദ്യമാണ് എന്നെ ഉണർത്തിയത്.

“ആരാധ്യ..”

“ഇയാൾക്ക് മലയാളം അറിയോ?”

“അറിയാം… ”

“സംസാരിക്കാൻ അല്ല, വായിക്കാനും എഴുതാനും? ”

” അറിയാം…കുറച്ചു സ്പീഡ് കുറവാണ്”

” വായിക്കാൻ താല്പര്യം ഉണ്ടെങ്കിൽ ഇവിടെ ഇഷ്ടം പോലെ പുസ്തകങ്ങൾ ഉണ്ട്. പോകുന്ന വരെ വായിക്കാം. മെമ്പർഷിപ്പ് വേണമെങ്കിൽ എടുത്തോളൂ… അല്ലെങ്കിൽ അച്ചൂന്റെ പേരിൽ എടുത്താലും മതി..”

ഇത്രയും ഗൗരവമായി പറഞ്ഞിട്ട് പോകാൻ തിരിഞ്ഞു…പെട്ടന്ന് ഞാൻ തിരിച്ചു വിളിച്ചു.

” അതേ… എനിക്ക് ഒത്തിരി കട്ടി ഇല്ലാത്ത ഒരു ബുക് എടുത്തുതരുമോ? വായിച്ചു തുടങ്ങാൻ… മനസിനെ സ്പർശിക്കുന്ന എന്തെങ്കിലും…?”

ഞാൻ അത് ചോദിച്ചതും പുസ്തകങ്ങളിലൂടെ നോക്കി.. എന്നിട്ട് ഒരു ചെറിയ പുസ്തകം എടുത്തു എന്റെ നേരെ നീട്ടി…

“വായിച്ചു തുടങ്ങിക്കോളൂ… മലയാളികളെ കാത്തിരിക്കാൻ പഠിപ്പിച്ച പുസ്തകമാണ്…”

അതും പറഞ്ഞു ആള് പുറത്തേക്ക് പോയി..

പുറം ചട്ടയിലൂടെ വിരലോടിച്ചു കൊണ്ട് ഞാൻ തലക്കെട്ട് വായിച്ചു..

എം ടി
മഞ്ഞ്

കാത്തിരിക്കാം💕