Thursday, April 25, 2024
Novel

ജീവാംശമായ് : ഭാഗം 3

Spread the love

നോവൽ
******
എഴുത്തുകാരി: അനന്യ ആദി

Thank you for reading this post, don't forget to subscribe!

ശരത്തേട്ടനെ അങ്ങനെ കാണാറില്ല. എപ്പോളും വയനശാലയിലോ മറ്റോ ആയിരിക്കും.. ഇടക്കൊക്കെ കാണും.. വല്ലപ്പോളും ഓരോ നോട്ടം എന്നിലേക്ക് പാളി വീഴുന്നതായി എനിക്ക് തോന്നി.

❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️

പുറത്തു നല്ല കാറ്റുണ്ട് . ഒരു ജനൽ പാളി തുറന്നിട്ടു… ഉറക്കം വന്നില്ല…

അപ്പോളാണ് അന്ന് കൊണ്ടുവന്നതിൽ പിന്നെ പുസ്തകം എടുത്തില്ലല്ലോ എന്നോർത്തത്‌.. കുറച്ചെങ്കിലും വായിക്കണമെന്ന് കരുതി പുസ്തകം എടുത്തു.

കുറച്ചു വായിച്ചു തുടങ്ങാം എന്നോർത്താണ് തുറന്നതെങ്കിലും മുഴുവൻ വായിക്കാതെ എടുത്തു വെക്കാൻ തോന്നിയില്ല.

വായിച്ചു കഴിഞ്ഞപ്പോളേക്കും മഞ്ഞിലെ വിമലദേവിയെ ഞാൻ ആവാഹിച്ചു കഴിഞ്ഞിരുന്നു… പ്രത്യാശയോടെ തന്റെ പ്രണയത്തെ കാത്തിരിക്കുന്ന വിമല…

“വരും വരാതിരിക്കില്ല…” അതാണ് മഞ്ഞിന്റെ ഹൃദയ താളം..

ശരത്തേട്ടൻ പറഞ്ഞത് എത്ര ശരിയാണ്… മലയാളികളെ കാത്തിരിക്കാൻ പഠിപ്പിച്ച രചന…

പിറ്റേന്ന് വായനശാലയിൽ ബുക്ക് തിരിച്ചു വെക്കാൻ ചെല്ലുമ്പോൾ ശരത്തേട്ടനും ഉണ്ടായിരുന്നു…

” ഇഷ്ടമായോ?” എന്റെ കയ്യിൽ നിന്നും പുസ്തകം വാങ്ങി വെക്കുമ്പോൾ ചോദിച്ചു..

” വിമലയുടെ സുധീർ മിശ്ര വരുവായിരിക്കുമല്ലേ…?” മറുപടിയായി ഞാൻ അത് ചോദിച്ചതും എന്റെ കൺകോണിൽ നനവ് പടർന്നുവോ…

” എല്ലാവരും കാത്തിരിക്കുകയാണ് എന്തിനൊക്കെയോ വേണ്ടി….

പ്രതീക്ഷാനിര്ഭരമായ കാത്തിരിപ്പുകള്ക്ക് ജീവിതത്തില് സൗന്ദര്യമുണ്ടെന്ന് മനസിലായില്ലേ…

നിരാശതകളില് മനസ്സ് മടുക്കാതെ കാത്തിരിക്കാന് പഠിക്കേണ്ടതുണ്ടെന്ന് നമ്മെ ഓർമിപ്പിച്ചില്ലേ…?”

“ശരിയാണ് .. ഞാൻ ഇത് നേരത്തെ വായിക്കേണ്ടതായിരുന്നു…”
വേദന നിറഞ്ഞ പുഞ്ചിരിയോടെ ഞാൻ പറഞ്ഞു.

ഇനി കുറച്ചു ദിവസത്തേക്കെങ്കിലും വിമലയും വിമലയുടെ കാത്തിരിപ്പും തന്നെ വല്ലാതെ ശല്യം ചെയ്യുമെന്ന് എനിക്ക് തോന്നി…

❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️

അച്ഛനും അമ്മയും അടുത്ത ശനിയാഴ്ച പോകും… പിന്നെ രണ്ടാഴ്ച കഴിയും വരാൻ… എങ്കിലും അത്ര പ്രശ്നമായി തോന്നിയില്ല…

അത്രമേൽ ഈ നാടും വീടും തനിക്ക് പ്രിയപ്പെട്ടതായിരിക്കുന്നു..
അത്ഭുതം തോന്നുന്നു… എത്ര പെട്ടെന്നാണ് താൻ പുതിയ സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടത്.

പിറ്റേന്ന് വൈകിട്ട് എല്ലാരും സംസാരിച്ചു കൊണ്ട് മുൻവശത്തു കൂടി… ചെറിയമ്മ ഉണ്ണിയപ്പം ഉണ്ടാക്കി കൊണ്ടു വെച്ചു… പറഞ്ഞറിയിക്കാൻ വയ്യാത്ത സ്വാദ്..

എനിക്കിഷ്ടമായെന്നു കണ്ടപ്പോൾ ചെറിയമ്മ എല്ലാവർക്കും എടുത്തു കൊടുത്തിട്ട് ബാക്കി പാത്രത്തോടെ എടുത്തു എനിക്ക് നൽകി. ഒരു ചിരിയോടെ ഞാനത് വാങ്ങി അച്ഛനെ ചാരിയിരുന്നു കഴിക്കാൻ തുടങ്ങി..

അഞ്ചു സ്കൂളിൽ നിന്ന് പഠിച്ച ഡാൻസ് കളിച്ചു കാണിക്കുകയാണ്.. ഡാൻസും ആസ്വദിച്ചു ഉണ്ണിയപ്പം കഴിച്ചു കൊണ്ടിരുന്നപ്പോളാണ് ആരോ വന്നത്..

ശരത്തേട്ടൻ ആയിരുന്നു..

എന്റെ ഹൃദയം അനിയന്ത്രിതമായി മിടിക്കാൻ തുടങ്ങി. ഞാൻ ചാടി എഴുന്നേറ്റു.
വല്യച്ഛൻ എന്തോ ബുക്ക്സ് ചോദിച്ചിരുന്നു. അത് തരാൻ വന്നതാണ്. ആ മുഖത്ത് എന്നെ കണ്ട ഭാവം ഒന്നുമില്ല.

അപ്പോളാണ് അമ്മ എന്റെ കയ്യിൽ നിന്ന് ഉണ്ണിയപ്പ പാത്രം മേടിച്ചത്… അത് ശരത്തേട്ടന്റെ നേരെ നീട്ടി.

” ചെറിയമ്മ ഉണ്ടാക്കിയതാണ്… ചേച്ചിക്ക് ഒത്തിരി ഇഷ്ടപ്പെട്ടത് കൊണ്ട് പാത്രത്തോടെ ചേച്ചിക്ക് കൊടുത്തു..”

അതും പറഞ്ഞു അച്ചൂ ചിരിച്ചു..
ഇവൾക്കിത് ഇവിടെ പറയേണ്ട കാര്യമുണ്ടായിരുന്നോ…

“എനിക്ക് ഒരെണ്ണം മതി.. ബാക്കി ഉണ്ണിയപ്പം ഇഷ്ടമുള്ള ആൾക്ക് തന്നെ കൊടുത്തോളൂ..”

ഒരു ചിരിയോടെ ശരത്തേട്ടൻ എന്നെ നോക്കി പറഞ്ഞു…

വല്യച്ഛനു ബുക്ക്സ് കൊടുത്തു തിരിച്ചിറങ്ങുമ്പോൾ പ്രതീക്ഷിക്കാതെ ഒരു നോട്ടം എന്നെ തേടിയെത്തി… ഞാൻ അറിയാതെ തന്നെ എന്നിൽ ഒരു സന്തോഷം ഉടലെടുത്തു…

❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️

ഉറക്കം വരാതെ ജനലിലൂടെ പുറത്തേക്കു നോക്കി നിൽക്കുമ്പോൾ എന്നെ തിരിഞ്ഞു നോക്കിയ കണ്ണുകൾ ആയിരുന്നു മനസിൽ.

അച്ഛൻ നെറുകയിൽ തലോടിയപ്പോളാണ് ചിന്തയിൽ നിന്ന് പുറത്തേക്ക് വന്നത്…

അല്പ സമയം എന്റെ മുഖത്തേക്ക് നോക്കി എന്റെ നെറ്റിയിൽ ഒരു സ്നേഹ ചുംബനം നൽകിക്കൊണ്ട് അച്ഛൻ പറഞ്ഞു..

“ശരത് നല്ല പയ്യനാണ്…”

അച്ഛൻ പറഞ്ഞതിന്റെ അർത്ഥം മനസ്സിലാവാതെ തലയുയർത്തി നോക്കിയപ്പോളേക്കും എന്റെ കവിളിൽ തട്ടി ഗുഡ് നൈറ്റ് പറഞ്ഞിരുന്നു.

കിടന്നിട്ടും ഉറക്കം വന്നില്ല…അച്ഛൻ പറഞ്ഞതിന്റെ അർത്ഥം ആലോചിക്കുകയായിരുന്നു. എന്താണ് ശരത്തേട്ടനോട് തോന്നുന്ന വികാരം… പ്രണയം…?

ഏറെ നേരത്തെ ചിന്തകൾക്ക് ശേഷം അത് പ്രണയം തന്നെ എന്ന ഉത്തരത്തിൽ ഞാൻ എത്തിച്ചേർന്നു.

തിരിച്ചു ശരത്തേട്ടനും തന്നോട് പ്രണയമുണ്ടോ..? ഈയിടെയായി എന്നെ കാണുമ്പോളുള്ള ആ കണ്ണുകളിലെ തിളക്കം ശ്രദ്ധിക്കാറുണ്ട്.

ഇന്ന് തന്നെ തിരിഞ്ഞു നോക്കിയപ്പോളും ആ കണ്ണിൽ പ്രണയം ആയിരുന്നോ..?

പാടില്ല. ശരത്തേട്ടൻ തന്നെ പ്രണയിക്കാൻ പാടില്ല.

താൻ ശരത്തേട്ടനെ സ്നേഹിക്കുന്നത് തെറ്റല്ല. പക്ഷെ തിരിച്ചു ശരത്തേട്ടൻ എന്നെ സ്നേഹിക്കുന്നത് തെറ്റാണ്… അതിനുള്ള അർഹത തനിക്കില്ല.

അതിനു ശരത്തേട്ടൻ എന്നെ സ്നേഹിക്കുന്നുണ്ടാവില്ല… എന്റെ തോന്നലാകും.. ഞാൻ സ്വയം ആശ്വസിച്ചു.

തന്റെ പ്രണയം തികച്ചും നിസ്വാർത്ഥമാണ്… ഇന്നിന്റെ തിരക്കുകളൊന്നും ഇല്ലാത്ത പ്രണയം…
തിരിച്ചു ലഭിക്കണമെന്ന് യാതൊരു വാശിയുമില്ലാത്ത പ്രണയം…
വാശി അല്ല, തിരിച്ചു ലഭിക്കരുത് എന്ന് താൻ ആഗ്രഹിച്ചു പോകുന്ന പ്രണയം….

❇️❇️❇️❇️❇️❇️❇️❇️❇️❇️❇️

പിന്നീട് പരമാവധി ശരത്തേട്ടന്റെ മുന്നിൽ എത്താതിരിക്കാൻ ശ്രമിച്ചു. മിക്കവാറും അമ്പാടിയെ കാണാൻ പോകുമെങ്കിലും ആള് വീട്ടിൽ ഇല്ലാത്ത സമയത്തു പോകാനും തിരിച്ചെത്തുന്നതിനു മുൻപ് അവിടെ നിന്ന് ഇറങ്ങാനും ശ്രമിച്ചു.

ഒരു പരിധി വരെ ഞാൻ അതിൽ വിജയിക്കുകയും ചെയ്തു.

അമ്പാടിയുടെ കൂടെ കളിക്കുമ്പോളും ചിരിക്കുമ്പോളും ഞാൻ എല്ലാ സങ്കടങ്ങളും മറക്കുന്ന പോലെ…
ശരിക്കും മാതൃത്വം ആസ്വദിക്കുകയായിരുന്നു. പിച്ച വെച്ചു നടക്കാൻ ശ്രമിക്കുന്ന അവനെ കണ്ടു കൊണ്ടിരുന്നാൽ ഇതാണ് ലോകം എന്നു തന്നെ തോന്നി പോകുന്നു.

പിടിച്ചു നടക്കാൻ ശ്രമിച്ചു അത് പരാജയപ്പെടുമ്പോൾ അവന്റെ കുറുമ്പും ചിരിയും , വീണ്ടും നടക്കാൻ ശ്രമിക്കുന്നതും കാണുമ്പോൾ മനസ് നിറയും.
നടന്നെത്താൻ താമസമായത് കൊണ്ട് മുട്ടിൽ നീന്തി വളരെ സ്പീഡിലാണ് പോക്ക്. കിട്ടുന്നതെല്ലാം പെറുക്കി വായിലിടും. നോക്കിയിരിക്കണം.

ഞാൻ ചെല്ലുന്നത് ശാലിനിക്കും സന്തോഷം ആയിരുന്നു.. ഇവിടുത്തെ പോലെ തന്നെ ആ വീടും എനിക്ക് പരിചിതമായിരിക്കുന്നു. കുഞ്ഞിനെ കാണാതെ എനിക്കും വയ്യെന്നായി.

ശാലിനിയുടെ ഭർത്താവ് വിനു ജോലിസംബന്ധമായി ദൂരെയെങ്ങോ കുറച്ചു ദിവസത്തേക്ക് പോയതുകൊണ്ടാണ് ഇത്രയും ദിവസം ശാലിനിയെ ഇവിടെ നിർത്തിയത്.

വിനുവിന്റെ കാര്യം പറയുമ്പോൾ ശാലിനിക്ക് നൂറ് നാവാണ്… അത് അവരുടെ സ്നേഹം എത്രമാത്രമാണെന്ന് സൂചിപ്പിച്ചു.

ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് തന്നെ ശാലിനി എനിക്കൊരു സുഹൃത്തും സഹോദരിയുമൊക്കെ ആയി മാറിയിരുന്നു.

❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️

ശാലിനിക്ക് ഒന്ന് പുറത്ത് പോകേണ്ട ആവശ്യമുണ്ട്. വെയിൽ ആയത് കൊണ്ട് കുഞ്ഞിനെ കൊണ്ടു പോകുന്നില്ല. ടീച്ചറമ്മക്ക് തനിച്ച് അവന്റെ പുറകെ ഓടാൻ പറ്റില്ല..

അതുകൊണ്ട് അവൾ എന്നോട് അമ്പാടിയുടെ അടുത്ത് ചെല്ലണം എന്നു വിളിച്ചു പറഞ്ഞു.

അവിടെ എത്തുമ്പോൾ ശരത്തേട്ടന്റെ ബൈക്ക് കണ്ടില്ല.. ആൾ അവിടില്ലെന്നു മനസിലായി. ഒരു ആശ്വാസവുമായി. നേരിട്ട് കണ്ടാൽ എൻറെ കണ്ണിൽ ഞാൻ പോലുമറിയാതെ പ്രണയം വിരിയും.

അടുക്കളയിൽ നിന്ന് അമ്പാടിയുടെ ശബ്ദം കേൾക്കാം…

ചെല്ലുമ്പോൾ അവിടെ ഇട്ടിരിക്കുന്ന ചെറിയ ഊണുമേശയുടെ കാലിൽ പിടിച്ചു എണീറ്റു നിൽക്കുകയാണ് ആശാൻ.

മാഷ് അടുത്തിരുപ്പുണ്ട്. ടീച്ചറമ്മ കാര്യമായി ഉണ്ണിയപ്പം ഉണ്ടാക്കുന്നുണ്ട്. കയറി വന്നതെ കൊതിപ്പിക്കുന്ന മണം വന്നിരുന്നു.

എന്നെ കണ്ടതെ അമ്പാടി കയ്യും കാലും ഇളക്കി ചിരിച്ചു… അവൻ കൈകൾ നീട്ടി… കൈകൾ നീട്ടിയതെ അവൻ ഇരുന്നു പോയിരുന്നു…

ഞാൻ അവനെ വാരിയെടുത്തു… നെറുകയിൽ ചുംബിച്ചപ്പോൾ ഒരു പൂച്ചക്കുഞ്ഞിനെ പോലെ എന്റെ നെഞ്ചോടു പറ്റിച്ചേർന്നു.

” അവനിപ്പോൾ വന്ന് വന്ന് നിന്നെ മതി ആദി… മോൾടെ ശബ്ദം എവിടെ കേട്ടാലും അവനറിയാം…”

“അതാണ് ഞങ്ങൾ തമ്മിലുള്ള ആത്മബന്ധം… അല്ലെടാ ചക്കരെ…”
അവന്റെ താടിയിൽ പിടിച്ചു കൊഞ്ചിച്ചു കൊണ്ട് ചോദിച്ചപ്പോൾ അവൻ കുഞ്ഞിളം പല്ലു കാണിച്ചു ചിരിച്ചു.

ടീച്ചറമ്മ ഒരു പാത്രത്തിൽ ഉണ്ണിയപ്പം എടുത്തു വെച്ചു. ഞാൻ ഒരെണ്ണം ചൂടോടെ കഴിച്ചു… ഒരു നുള്ള് ചൂട് മാറ്റി അമ്പാടിക്ക് കൊടുത്തു. അവൻ അത് തുപ്പിക്കളഞ്ഞു. അവനു മധുരം ഇഷ്ടല്ല…

“മധുരം ഇഷ്ടമുള്ള ഒരാൾ ഇവിടെയുണ്ട്.. എന്നാൽ വേണോ എന്നൊരു വാക്ക്….”

മാഷ് പരിഭവത്തോടെ എന്നെ നോക്കി.

“ആഹാ… ഷുഗർ അല്ലെ… ഒരെണ്ണം തരാം… അതിൽ കൂടുതൽ പറ്റില്ലാട്ടോ…”

ഞാൻ ഒരെണ്ണം എടുത്തു മാഷിന്റെ വായിൽ വെച്ചു കൊടുത്തു. ഒരു അച്ഛന് മകളോടുള്ള വാത്സല്യം ആ കണ്ണുകളിൽ ഞാൻ കണ്ടു.

അമ്പാടിയെ മേശപ്പുറത്തിരുത്തി കൊഞ്ചിച്ചു കൊണ്ട് ഞാൻ ഉണ്ണിയപ്പം കഴിച്ചുകൊണ്ടിരുന്നു…

“പതിയെ കഴിച്ചാൽ മതി… ആരും എടുത്തുകൊണ്ട് പോവില്ല”

പിന്നിൽ നിന്നും ശബ്ദം കേട്ട് ഞാൻ തിരിഞ്ഞു നോക്കുമ്പോൾ കൈകൾ നെഞ്ചിൽ പിണച്ചു വെച്ചു പുഞ്ചിരിയോടെ എന്നെ നോക്കി നിൽക്കുന്ന ശരത്തേട്ടൻ…

ആളെ കണ്ടതും ഞാനൊന്നു ഞെട്ടി… ഇപ്പോൾ എവിടുന്നു വന്നു.. ഇവിടെയില്ലെന്നാണ് വിചാരിച്ചത്.. ബൈക്ക് വരുന്ന ശബ്ദവും കേട്ടില്ല… ആലോചിച്ചിട്ട് മനസിലായില്ല.

” നീ കളിയാക്കുവൊന്നും വേണ്ട… ഞാൻ മോൾക്ക് വേണ്ടി ഉണ്ടാക്കിയത് തന്നെയാ… നിനക്ക് വേണമെങ്കിൽ രണ്ടെണ്ണം എടുത്തു കഴിച്ചോ?”

ടീച്ചറമ്മ അത് പറഞ്ഞപ്പോളാണ് ഞാൻ എന്റെ ചിന്ത അവസാനിപ്പിച്ചത്.

“ആയിക്കോട്ടെ എന്റെ അമ്മേ… ഇടക്കൊക്കെ ഞങ്ങൾക്ക് ഇഷ്ടമുള്ളതും കൂടി ഉണ്ടാക്കാം… അല്ലെ അച്ഛാ?”

“അത് ന്യായം…”
മാഷ് മകന്റെ സൈഡ് പിടിച്ചു.

ടീച്ചറമ്മ ഒന്നു തിരിഞ്ഞു നോക്കി…

അപ്പോളാണ് മാഷിന്റെ ഫോൺ റിങ് ചെയ്തത്. അതെടുക്കാനായി ഹാളിലേക്ക് പോയി

” പിന്നെ എന്നു വെച്ചാൽ ഞാൻ നിങ്ങളെ പട്ടിണിക്കിടുവല്ലേ… അപ്പനും മോനും ഇഷ്ടമുള്ളതൊന്നും ഇവിടെ ഉണ്ടാക്കുന്നില്ലരിക്കും?”

“വെറുതെയല്ല… പിതാശ്രീ നൈസ് ആയിട്ട് മുങ്ങിയത്…

ഇനി ഇവിടെ നിന്നാൽ തന്റെ പ്രിയ പത്നിയുടെ രൗദ്ര ഭാവം കാണേണ്ടി വരുമെന്ന് മനസിലായി കാണും.”
ചിരിച്ചു കൊണ്ട് ശരത്തേട്ടൻ പറഞ്ഞപ്പോൾ ടീച്ചറമ്മയും ചിരിച്ചു.

ഞാൻ ആദ്യമായിട്ടാണ് ശരത്തേട്ടൻ ഇത്രയും ചിരിച്ചു കാണുന്നത്.

“വേണമെങ്കിൽ കഴിച്ചിട്ട് പോ ചെക്കാ…” ടീച്ചറമ്മയുടെ സ്നേഹ ശാസനയും വന്നു…

ശരത്തേട്ടൻ എന്റെ അടുത്തു വന്നു . അമ്പാടിയുടെ കവിളിൽ പിടിച്ചു കൊഞ്ചിച്ചു കൊണ്ട് എനിക്ക് മാത്രം കേൾക്കാവുന്ന ശബ്ദത്തിൽ പറഞ്ഞു

“ബൈക്ക് ഒരു ഫ്രണ്ട് കൊണ്ടു പോയതാ… ഇനി അതോർത്ത് തല പുകക്കണ്ട…”

ഞാൻ ആലോചിച്ചത് എങ്ങനെ മനസിലായി എന്ന ഭാവത്തിൽ ഞാൻ ആ മുഖത്തേക്ക് നോക്കി.

ഒരു കുസൃതി ചിരിയോടെ എന്നെ നോക്കി കണ്ണിറുക്കിക്കൊണ്ട് ഒരു ഉണ്ണിയപ്പവും എടുത്തു വായിലിട്ടു കൊണ്ട് ആൾ പോയി.

എന്താ സംഭവം എന്നു മനസിലാകാതെ കുറച്ചു സമയം ഞാൻ ഇരുന്നു.

പിന്നീടുള്ള രണ്ടുദിവസങ്ങളിൽ ശരത്തേട്ടനെ അങ്ങനെ കണ്ടില്ല. കാണാതിരിക്കാൻ ഞാനും ശ്രമിച്ചു. ശാലിനി ഇടക്ക് അമ്പാടിയേയും കൊണ്ട് ഇങ്ങോട്ട് വന്നു.

നാളെയാണ് അച്ഛനും അമ്മയും കോണ്ഫറൻസിന് പോകുന്നത്. കാര്യം ഇവിടെ എല്ലാരുമുണ്ട്. ഞാൻ വീട്ടിൽ നിന്ന് അച്ഛനേം അമ്മയേം പിരിഞ്ഞു നിന്നിട്ടുമുണ്ട്.

എന്നിട്ടും പോകുന്ന സമയം ആയപ്പോൾ എന്തോ ഒരു ചെറിയവിഷമം…

നാളെ രാവിലെ പോണം.. അച്ഛനും അമ്മയും ആരെയോ കാണണം എന്ന് പറഞ്ഞു സന്ധ്യയായപ്പോൾ പോയതാണ്.. വന്നപ്പോൾ ഒൻപത് മണി.
പിന്നെ അത്താഴമൊക്കെ കഴിഞ്ഞ് കിടക്കാൻ നേരം ഞാൻ അച്ഛനോട് ചോദിച്ചു…

“അച്ഛാ… ഇന്ന് ഞാൻ അമ്മേടെ കൂടെ കിടന്നോട്ടെ?”

“ആഹാ.. അമ്മയും അത് പറഞ്ഞോണ്ടാ വന്നത്.. ഇന്ന് മോൾടെ കൂടെ ആണ് കിടക്കുന്നതെന്ന്…”

ഞാൻ അച്ഛനെ നോക്കി ചിരിച്ചു..

എന്റെ നെറുകയിൽ തലോടിക്കൊണ്ട് അച്ഛൻ പറഞ്ഞു.

“രണ്ടാഴ്ചത്തെ കാര്യമല്ലേയുള്ളൂ നിധീ… വേഗം വരാം. അതുവരെ മിടുക്കിയായിട്ടിരിക്കണം…”

ഒരു പുഞ്ചിരിയോടെ ഞാൻ തല അനക്കി..

“രണ്ടാളും പോകുന്ന കൊണ്ട് ചെറിയ വിഷമമുണ്ട്.. എന്നാലും ഇവിടെ ആയത് കൊണ്ട് എനിക്ക് കുഴപ്പമില്ലമ്മേ… ചുറ്റും എല്ലാരും ഉണ്ടല്ലോ..”

അന്ന് അമ്മയെ കെട്ടിപ്പിടിച്ചു കിടന്നു… എത്ര വലുതായാലും അമ്മമാരുടെ അടുത്ത് നമ്മൾ കൊച്ചു കുഞ്ഞുങ്ങളെ പോലെയാകും.

” എന്തെങ്കിലും ടെൻഷൻ ഉണ്ടോ മോളെ…?”

ഞാൻ തലയുയർത്തി അമ്മയെ നോക്കി.

” അതെന്താ അമ്മ അങ്ങനെചോദിച്ചേ?”

“ഒന്നുല്ല… വെറുതെ….”

“ഇല്ല ‘അമ്മ… ടെൻഷൻ ഒന്നുമില്ല…”

“ഉം… മോൾക്കിവിടെ നല്ല ഇഷ്ടമായല്ലേ…”

“ഉം… എല്ലാം കൊണ്ടും ജീവിക്കാൻ നല്ല സുഖമില്ലേ ഇവിടെ .. സ്നേഹിക്കാൻ ഇഷ്ടം പോലെ ആളുകൾ… ശാന്തമായ സ്ഥലം… അന്തരീക്ഷം…”

” അച്ഛനും പറഞ്ഞിട്ടുണ്ട്.. പതിയെ അവിടുന്ന് എല്ലാം നിർത്തി ഇവിടെ സെറ്റിൽ ആവാം…”

ഞാൻ സന്തോഷത്തോടെ അമ്മയെ ഒന്നൂടെ കെട്ടിപ്പിടിച്ചു… എപ്പോളോ അമ്മയുടെ ചൂടേറ്റ് ഉറങ്ങി..

കാത്തിരിക്കാം💕

ജീവാംശമായ് : ഭാഗം 1

ജീവാംശമായ് : ഭാഗം 2