Friday, April 26, 2024
Novel

ജീവാംശമായ് : ഭാഗം 4

Spread the love

നോവൽ
******
എഴുത്തുകാരി: അനന്യ ആദി

Thank you for reading this post, don't forget to subscribe!

രാവിലെ അച്ഛനും അമ്മയും പോയി… എന്തോ ഒരു ശൂന്യത. അച്ചൂന്റെ കൂടെ കുറെ കത്തിവെച്ചിരുന്നു.ഇടക്ക് ശാലിനി വിളിച്ചു. ഹസ്ബൻഡ് വന്നു. അതുകൊണ്ട് അവൾ നാളെ പോകുമെന്ന് പറഞ്ഞു…

അമ്പാടി പോകുന്നതോർക്കുമ്പോൾ ഒരു വിഷമം… അവനെ കണ്ടിട്ട് വരാമെന്നോർത്തു.അച്ചൂ കൂടെ വരുന്നുണ്ടെന്ന് പറഞ്ഞു.

അവിടെ ചെല്ലുമ്പോ എല്ലാരും മുൻവശത്തു തന്നെയുണ്ട്. ശരത്തേട്ടൻ അര മതിലിൽ ഭിത്തിയിൽ ചാരി ഇരിക്കുന്നു. അമ്പാടിയുടെ കളി കാണുകയാണ്.

നിലത്തു കളിച്ചുകൊണ്ടിരുന്ന അമ്പാടി എന്നെ കണ്ടപ്പോൾ ചിരിച്ചും കൈകാലുകൾ അനക്കിയും സന്തോഷം പ്രകടിപ്പിച്ചു.

“ഇനി എത്ര നാള് കഴിഞ്ഞാ കണ്ണാ നിന്നെയൊന്ന് കാണുക”

ഞാൻ അവനെ വാരിയെടുത്തു ഉമ്മ വെച്ചു.

അച്ചൂ കൈ നീട്ടിയിട്ട് അവൻ പോയില്ല.

ഞാൻ അവനെയുമെടുത്തു മുറ്റത്തേക്കിറങ്ങി..ഞങ്ങളുടെ ലോകത്തായിരുന്നു പിന്നീട്. ശരത്തേട്ടൻ ഇടക്ക് എന്നെ നോക്കുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു.

“മോളെ ഇതാണ് ആദി…”

ടീച്ചറമ്മ എന്നെ ആർക്കോ എന്നെ പരിചയപ്പെടുത്തുന്നത് കേട്ടാണ് ഞാൻ തിരിഞ്ഞു നോക്കിയത്.

അകത്തു നിന്ന് ഇറങ്ങി വന്ന ആളെ കണ്ടപ്പോൾ ഞാൻ ഒന്ന് ഞെട്ടി.

“മിത്ര”

എന്റെ ചുണ്ടുകൾ അറിയാതെ മന്ത്രിച്ചു.

തൊട്ട് പുറകെ അവളുടെ അമ്മയും വന്നു.

“ഓ… ഇവളെയാണോ ശരത്തേട്ടനു വേണ്ടി കല്യാണം ആലോചിച്ചത്…
ഇവളുടെ അപ്പനും അമ്മയുമാണോ ഇന്നലെ വന്നത്? ”

ഒരു പുച്ഛത്തോടെ അവൾ ചോദിച്ചു.

അനങ്ങാൻ കഴിയാതെ ഞാൻ നിന്നു… കല്യാണം ആലോചിച്ചെന്നോ… ആര്… അച്ഛനും അമ്മയും ഇന്നലെ വന്നുവെന്നോ…ഒന്നും മനസിലാവുന്നില്ല.

എന്റെ കയ്യിലിരുന്ന അമ്പാടിയെ ഞാൻ ഒന്ന് കൂടി മുറുക്കി പിടിച്ചു. വീണു പോവരുത്… കുഞ്ഞുണ്ട് കയ്യിൽ….

ഒന്നും മിണ്ടനാവാതെ ഞാൻ തറഞ്ഞു നിൽക്കുമ്പോൾ മിത്ര പറഞ്ഞു തുടങ്ങുകയായിരുന്നു.

” ഇവൾക്ക് കല്യാണം ആലോചിക്കാൻ ഇവളുടെ ഡിവോഴ്സ് കഴിഞ്ഞോ എന്നു ചോദിക്കൂ ആദ്യം?”

എല്ലാവരിലും ഒരു ഞെട്ടൽ ഉണ്ടായി.

“നിർത്തേടി… അനാവശ്യം പറയുന്നോ… ?” മാഷ് എഴുന്നേറ്റു…

“വല്യമ്മാവൻ ഒന്നും പറയണ്ട… ഞാൻ പറഞ്ഞു കഴിയട്ടെ…”

അച്ചൂ ഓടി വന്ന് എന്റെ അടുത്തു നിന്നു. എനിക്കൊരു സഹായത്തിനെന്ന പോൽ എന്നെ പിടിച്ചു.

മിത്ര വേഗം വന്ന് കുഞ്ഞിനെ എടുക്കാൻ നോക്കി. അവൻ എന്റെ കഴുത്തിൽ ചുറ്റി പിടിച്ചു കരഞ്ഞു. വാശിക്ക് അവനെ വലിച്ചെടുക്കാൻ നോക്കുകയായിരുന്നു അവൾ.

“ഇവളുമാരുടെ ഒക്കെ കയ്യിൽ കുഞ്ഞിനെ കൊടുക്കാൻ പറ്റില്ല. അവരേം വഴി തെറ്റിക്കും..”

എവിടുന്നോ കിട്ടിയ ബലത്തിൽ ഞാൻ അവളുടെ കൈകൾ തട്ടി മാറ്റി. പതിയെ ശാലിനിയുടെ അടുത്തു ചെന്നു കുഞ്ഞിനെ കൊടുത്തു.

ആരുടേം മുഖത്തു നോക്കാൻ പറ്റുന്നില്ല… എല്ലാവരുടേം കണ്ണുകൾ എന്നിലാണെന്ന് മനസിലായി.
ഇങ്ങനൊരു കല്യാണം ആലോചിച്ച കാര്യം അറിഞ്ഞിരുന്നില്ല. ഇത്രക്കും വേണ്ടായിരുന്നു….

ശരത്തേട്ടൻ എന്താവും ചിന്തിച്ചിട്ടുണ്ടാവുക… ആ കണ്ണുകളിൽ എന്താവും… ചതിച്ചവളോടുള്ള ദേഷ്യമോ… അതോ ….

മിത്ര വീറോടെ പറഞ്ഞുകൊണ്ടിരിക്കുകയാണ്…

“ഇവൾ എന്റെ ഫ്രണ്ടിന്റെ വൈഫ് ആയിരുന്നു.

വിവേകിന്റെ…
പല അവന്മാരും ആയുള്ള ബന്ധം അവൻ കയ്യോടെ പിടിച്ചു… അങ്ങനെ ഇപ്പോൾ വിവാഹ മോചനം തേടുന്നു”

എല്ലാവരിലുമുള്ള ഞെട്ടൽ ഞാനറിഞ്ഞു. അതിൽ കൂടുതൽ അമ്പരപ്പായിരുന്നു എനിക്ക്…. മിത്ര…. എല്ലാം അറിയുന്നവൾ…

“മിത്ര… നീ… നിനക്ക് എല്ലാം അറിയുന്ന….”

വാക്കുകൾ മുറിഞ്ഞു.. തൊണ്ട വരളുന്നു. കണ്ണുനീർ ഒഴുകുന്നുണ്ടോ… അറിയില്ല.

“വാ.. ചേച്ചി… നമുക്ക് പോകാം.”

അച്ചൂ എൻറെ തോളിൽ പിടിച്ചു. അച്ചൂന് ഒന്നും അറിയില്ല… എന്നിട്ടും അവൾ എന്നെ വിശ്വസിക്കുന്നു.
പതിയെ തലയുയർത്തി ശരത്തേട്ടനെ നോക്കി .. ആ കണ്ണുകളിൽ എന്നോടുള്ള ദേഷ്യമോ വാശിയോ എന്താണ്…. ഒന്നേ നോക്കിയുള്ളൂ…. പിന്നെ നോക്കാനുള്ള ധൈര്യം ഉണ്ടായിരുന്നില്ല.

തെറ്റ് ചെയ്തിട്ടില്ല എന്നു വിളിച്ചു പറയണമെന്നുണ്ടായിരുന്നു… പക്ഷെ നാവ് തളർന്നിരുന്നു…

അച്ചൂ എന്റെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് അവിടെ നിന്ന് ഇറങ്ങി…

“പിഴച്ചവൾ ഇറങ്ങി പോവട്ടെ അല്ലെങ്കിൽ കുടുംബം മുടിയും…”
മിത്രയുടെ അമ്മയാവണം പറഞ്ഞത്

ടീച്ചറമ്മയുടെ മോളെ എന്നുള്ള വിളി കാതിൽ മുഴങ്ങി… അമ്പാടിയും ഉച്ചത്തിൽ കരഞ്ഞു…തിരിഞ്ഞു നോക്കണമെന്നുണ്ട്.. കഴിയുന്നില്ല. നെഞ്ചു പൊട്ടുന്ന വേദന…

തിരിച്ചു വീട്ടിലേക്ക് നടക്കുമ്പോൾ കാലിടറുന്നുണ്ടായിരുന്നു. ഒരു വേള വീഴുമോയെന്നു പേടിച്ചു. അച്ചൂ എന്റെ കൈയിൽ മുറുക്കി പിടിച്ചിരുന്നു.

വീടെത്തും വരെ അവളും സംസാരിച്ചില്ല. എന്റെ മനസ് അവൾക്ക് മനസിലാക്കാൻ സാധിച്ചു കാണും…

തല വേദനയാണെന്നു പറഞ്ഞു ആരോടും മിണ്ടാതെ റൂമിൽ കയറി… കാൽമുട്ടിൽ മുഖം ചേർത്തു കരഞ്ഞു.. എന്തിന്… അറിയില്ല….
ആർക്ക് വേണ്ടി… അതിനും ഉത്തരമില്ല…

എത്ര നേരം അങ്ങനെ ഇരുന്നുവെന്ന് അറിയില്ല. അച്ഛൻ…. അച്ഛൻ അങ്ങനെ ചെയ്യുമെന്ന് വിചാരിച്ചില്ല. തന്നെ മനസിലാക്കുന്ന ആളല്ലേ…ശരിയാണ്.. ശരത്തേട്ടനോട് ഇഷ്ടം തോന്നി… പക്ഷെ ഒരിക്കലും മറ്റൊരു വിവാഹത്തെക്കുറിച്ചു ചിന്തിച്ചിട്ടില്ല… ആഗ്രഹിച്ചിട്ടുമില്ല..

സ്വന്തം മകളുടെ സന്തോഷം ആഗ്രഹിക്കുന്ന അച്ഛൻ… അറിയാതെ പറ്റിയിപ്പോയതാവും.. ഇനി അതിനെക്കുറിച്ചു ചിന്തിക്കേണ്ട.. സംഭവിച്ചു പോയി..

അച്ഛന്റേം അമ്മയുടേം വിഷമം അവർക്ക് മാത്രേ അറിയൂ… മക്കൾക്ക് വേണ്ടി ഏത് മാതാപിതാക്കളും സ്വാർത്ഥരാകും… അത്രേ ഇവിടെയും സംഭവിച്ചുള്ളൂ…

ഞാൻ സ്വയം ന്യായീകരണങ്ങൾ കണ്ടെത്തിക്കൊണ്ടിരുന്നു. കുറ്റപ്പെടുത്താൻ മനസ് അനുവദിക്കുന്നുണ്ടായിരുന്നില്ല.
മിത്ര … ശരത്തേട്ടന്റെ ആരാവും… എല്ലാം അറിഞ്ഞു കൊണ്ട് എന്തിനാ… എന്തൊക്കെയാവും എന്നെക്കുറിച്ചു പറഞ്ഞു പിടിപ്പിച്ചിട്ടുണ്ടാവുക…

എല്ലാം ഓർക്കുമ്പോൾ ഭ്രാന്ത് പിടിക്കുന്ന പോലെ… അല്ലെങ്കിലും ശരത്തേട്ടൻ എന്റെ ആരാ… എന്തിനു ഞാൻ വിഷമിക്കുന്നു…

എങ്കിലും ടീച്ചറമ്മയോടും മാഷിനോടും പറയണമെന്നുണ്ടായിരുന്നു…. അവരുടെ മകനിൽ അവകാശം സ്ഥാപിക്കാൻ വന്നതല്ല എന്ന്…

എന്തൊക്കെ പറഞ്ഞാലും അച്ഛനും അമ്മയും അടുത്തുണ്ടായിരുന്നെങ്കിൽ എന്നാഗ്രഹിച്ചു പോയി.

വല്യമ്മ വിളിക്കുന്നത് കേട്ടാണ് വാതിൽ തുറന്നത്…

“മോള് കുറച്ചു സമയം വിശ്രമിച്ചോട്ടെ എന്നു കരുതിയാണ് ഇത്ര നേരം വിളിക്കാതിരുന്നത്…

വാ … വന്നു വല്ലതും കഴിക്ക്… എന്നിട്ടൊന്നു കുളിക്കുമ്പോളെക്കും കുറച്ചു ക്ഷീണം മാറും.”

എൻറെ തലയിൽ തലോടിക്കൊണ്ട് വല്യമ്മ പറഞ്ഞപ്പോൾ നിരസിക്കാൻ തോന്നിയില്ല.

വല്യമ്മ എന്നു വിളിക്കുമെങ്കിലും തന്റെ അമ്മയെക്കാൾ ഒന്നോ രണ്ടോ വയസിനു മാത്രേ വ്യത്യാസം കാണുള്ളൂ. അമ്മ മുന്നിൽ നിൽക്കുന്നതായാണ് തോന്നിയത്.

നടന്ന സംഭവങ്ങളെക്കുറിച്ചു ആരും ഒന്നും ചോദിക്കാത്തത് എന്നിൽ അത്ഭുതം ഉളവാക്കി.

അല്ലെങ്കിലും ഇവിടെ വന്നതിൽ പിന്നെ ആരും തന്റെ കല്യാണത്തെക്കുറിച്ചു ചോദിച്ചിട്ടില്ല. അച്ഛൻ പറഞ്ഞിട്ടുണ്ടാകും കുറച്ചൊക്കെ…

കഴിക്കാൻ മടിച്ചിരുന്ന എനിക്ക് വല്യമ്മ വാരി തരുമ്പോൾ ഒരു തുള്ളി കണ്ണുകൾ എന്നിൽ നിന്നും ഉതിർന്നു. ഭക്ഷണം നീട്ടിയ കൈകളിൽ ആ കണ്ണുനീർ വീണതും വല്യമ്മ എന്നെ നോക്കി.

ചുണ്ടുകൾ വിറക്കുകയായിരുന്നു… ഒഴുകുന്ന കണ്ണീരിനെ നിയന്ത്രിക്കാനാകുന്നില്ല…

ഒരാശ്രയതിനെന്നോണം വല്യമ്മയുടെ നെഞ്ചിൽ വീണു കരഞ്ഞു….

എന്റെ കരച്ചിൽ ഒന്നടങ്ങിയപ്പോൾ പറഞ്ഞു….

“ആദി… മോളെ… എനിക്ക് അച്ചൂനെയും അഞ്ചുനേയും പോലെ തന്നെയാണ് മോളും. അതുകൊണ്ടാണ് ചോദിക്കുന്നത്…

.ആരോടെങ്കിലും പറഞ്ഞൂടെ മോളെ നിന്റെ വിഷമം? മനസൊന്നു തുറന്നാൽ കുറെ ആശ്വാസം കിട്ടും…

അമ്മ ഒരു കാര്യം പറഞ്ഞാൽ അനുസരിക്കുമോ?”

ഞാൻ എന്താണെന്ന അർത്ഥത്തിൽ വല്യമ്മയെ നോക്കി… വല്യമ്മ സ്വയം വിശേഷിപ്പിച്ച പോലെ അമ്മ എന്നു വിളിക്കാനാണ് എനിക്കും തോന്നിയത്…

“അമ്പലത്തിലോ പള്ളിയിലോ എവിടെയെങ്കിലും , മോൾക്ക് വിശ്വാസമുള്ളയിടത്തു ഒന്നു പോകൂ… കുറച്ചു ആശ്വാസം കിട്ടും.

അച്ചൂ പറഞ്ഞിരുന്നു അമ്പലത്തിൽ പോന്നാലും തൊഴാൻ വരാറില്ല എന്ന്”…

“അത് വിശ്വാസം ഇല്ലാത്തത് കൊണ്ടല്ല അമ്മേ… ഇടക്കൊക്കെ പള്ളിയിലും അമ്പലത്തിലും പോകാറുണ്ടായിരുന്നു.

എന്നും പോയില്ലെങ്കിലും മനസിൽ എപ്പോളും ദൈവം ഉണ്ടായിരുന്നു… ഒരിക്കലും ദൈവത്തെ മറന്നൊന്നും ചെയ്തിട്ടില്ല…
ഓരോ കാര്യവും ചെയ്യുമ്പോൾ മനസിൽ ശരിയാണോ എന്നു ചിന്തിക്കും….

ആരെയും അറിഞ്ഞുകൊണ്ട് ദ്രോഹിച്ചിട്ടില്ല….
എന്നിട്ടും ഇങ്ങനെ ഓരോ അനുഭവങ്ങൾ തന്നപ്പോൾ ഒരു ചെറിയ പിണക്കം…..”

“മോൾടെ ജീവിതത്തിൽ എന്താണ് സംഭവിച്ചതെന്ന് ഞങ്ങൾക്ക് ആർക്കും അറിയില്ല… മോൾടെ അച്ഛന് പോലും … എന്തൊക്കെയോ പ്രശ്നങ്ങൾ എന്നു മാത്രേ അറിയൂ…

ആരോടെങ്കിലും എല്ലാം പറയുമ്പോൾ കുറച്ചു ആശ്വാസം കിട്ടും. പ്രാർത്ഥന നല്ലതാണ്… വേറെ ഒന്നിനുമല്ല … ഒരു ശാന്തത വരും…

ഉത്തരം കിട്ടാത്ത പല ചോദ്യങ്ങൾക്കും ശാന്തമായി ചിന്തിച്ചാൽ ഉത്തരം കിട്ടും….”

വല്യമ്മ പറഞ്ഞത് ശരിയാണ്.

“ഇവിടെ അടുത്തു ഒരു മാതാവിന്റെ പള്ളിയുണ്ട്. അവിടെ തിരുനാളാണ്. ”

“തിരക്കാകും… എനിക്ക് കുറച്ചു തിരക്കൊഴിഞ്ഞ സ്ഥലം വേണം…. തിരുനാളിനും ഉത്സവത്തിനുമൊക്കെ തിരക്കാകും..” ഞാൻ വല്യമ്മയെ നോക്കി പറഞ്ഞു.

“ഉം… ഞാനും ചെറിയമ്മയും തിരുനാൾ കൂടാൻ പോകുന്നുണ്ട്… മോൾക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥിച്ചോളാം…”

❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️

വൈകിട്ട്‌ അമ്പലത്തിൽ പോയി… അച്ചൂ കൂടെ വരാമെന്നു പറഞ്ഞിട്ട് ഞാൻ സമ്മതിച്ചില്ല. ഒറ്റക്ക് പോകാൻ സമ്മതിക്കാതെ ചെറിയച്ഛൻ കൊണ്ട് വിട്ടു.

“തിരിച്ചു ഇറങ്ങുമ്പോൾ സന്ധ്യയാകാൻ സാധ്യതയുണ്ട്….

പേടിക്കണ്ട.. ചെറിയച്ഛൻ വന്നോളാം തിരിച്ചു കൊണ്ടു പോകാൻ…”

എൻറെ കവിളിൽ തട്ടി ചെറിയച്ഛൻ അത് പറഞ്ഞിട്ടു പോകാൻ തിരിഞ്ഞു. . ചെറിയച്ഛൻ കണ്ണിൽ നിന്നും മായുന്നത് വരെ ഞാൻ അവിടെ തന്നെ നിന്നു….

ജാതിയുടെയോ മതത്തിന്റെയോ അതിർവരമ്പുകൾ ഇല്ലാത്ത മനുഷ്യർ…. സ്നേഹിക്കാൻ മാത്രം അറിയാവുന്നവർ…

അമ്പലത്തിൽ കയറി… കണ്ണടച്ചു പ്രാർത്ഥിക്കാൻ ശ്രമിച്ചു. കഴിയുന്നില്ല. കണ്ണുകൾ നിറഞ്ഞൊഴുകുന്നു.

പുറത്തിറങ്ങി… അമ്പലക്കുളത്തിലേക്ക് നടന്നു. ചുരുങ്ങിയ ദിവസം കൊണ്ട് ഈ സ്ഥലത്തോട് ഒരു പ്രത്യേക അടുപ്പം തോന്നിയിരുന്നു.

കൽഭിത്തിയിൽ ചാരി പടവിലിരുന്നു… കണ്ണടച്ചു….

എന്തൊക്കെയാണ് സംഭവിക്കുന്നത്… എന്തിനാണ് കരയുന്നത്… ശരത്തേട്ടൻ അറിഞ്ഞതാണോ തന്റെ പ്രശ്നം..? മറ്റുള്ളവരുടെ മുന്നിൽ അപമാനിക്കപ്പെട്ടതോ…

അതോ സത്യം എന്താണെന്ന് ടീച്ചറമ്മയും മാഷും ശാലിനിയും ഒന്നും അറിയാതെ പോയതോ….

കുറച്ചു നേരം അങ്ങനെ ഇരുന്നപ്പോളാണ് ആരോ തോളിൽ സ്പർശിച്ചത്…
കണ്ണ് തുറന്നു നോക്കിയപ്പോൾ ശാലിനി….

“നീ … എന്താ ഇവിടെ… പോയില്ലേ?”

കണ്ണീർ തുടച്ചു മുഖത്തൊരു ചിരി വരുത്താൻ ശ്രമിച്ചു കൊണ്ട് ഞാൻ ചോദിച്ചു…

“ആദി… കരയാൻ തോന്നിയാൽ കരഞ്ഞു തീർക്കണം…”

ഞാൻ വേദന നിറഞ്ഞ ഒരു പുഞ്ചിരി സമ്മാനിച്ചു.

“ആദി… കുറച്ചു ദിവസങ്ങൾ കൊണ്ട് തന്നെ ഞാൻ നിന്നെ മനസ്സിലാക്കിയിട്ടുണ്ട്.

അതുകൊണ്ട് നിനക്ക് എന്നെ വിശ്വാസം ആണെങ്കിൽ പറയാം… നിന്റെ ജീവിതത്തിൽ സംഭവിച്ചത് കേൾക്കാൻ എനിക്കും ആഗ്രഹമുണ്ട്…

മിത്രക്ക് ശരത്തേട്ടനോട് ഒരിഷ്ടം ഉണ്ട്. അതിനിടയിൽ നിന്റെ കല്യാണ ആലോചന വന്നപ്പോൾ തുടങ്ങിയതാണ് അമ്മയും മകളും….
മിത്ര പറഞ്ഞപ്പോൾ എല്ലാവരും ഒന്നു ഞെട്ടി എന്നത് സത്യമാണ്…

പക്ഷെ നിന്നെ കൂടി കേൾക്കണ്ടേ ആദി ഞാൻ…

അല്ലെങ്കിൽ പിന്നെ ഞാൻ എന്തിനാ നിന്റെ ഫ്രണ്ട് ആണെന്ന് പറയുന്നത്….”

പെട്ടന്ന് ഞാൻ അവളെ കെട്ടിപ്പിടിച്ചു… എങ്ങലടിച്ചു കരഞ്ഞു…. ഞാൻ ഒന്ന് ശാന്തമാകുന്നത് വരെ അവൾ മുടിയിൽ തഴുകിക്കൊണ്ടിരുന്നു…

“എന്റെ ജീവിതത്തിൽ നടന്നത് എന്താണെന്ന് ആർക്കും ഇതുവരെ അറിയില്ല.

പ്രശ്നങ്ങൾ ഉണ്ടെന്ന് അറിയാം… ഞാൻ പറഞ്ഞ കാരണങ്ങൾ ഒന്നും അച്ഛൻ വിശ്വസിച്ചിട്ടില്ലെന്നും അറിയാം… എന്നിട്ടും എന്നോടൊന്നും ചോദിച്ചിട്ടില്ല…

ഞാൻ സ്വയം പറയട്ടെ എന്നു കരുതിക്കാണും…

ഒരു അറ്റാക്ക് വന്നിട്ടിരിക്കുന്ന അച്ഛനോട് പറയാൻ പേടിയാണ്. ഒരേയൊരു മകൾക്കുണ്ടായ അനുഭവങ്ങൾ ചിലപ്പോൾ ആ മനസിന് താങ്ങാൻ കഴിഞ്ഞുവെന്ന് വരില്ല.

പക്ഷെ ഇന്ന് എനിക്ക് പറയണം…. ആരോടെങ്കിലും പറയാതെ വയ്യ ഇനി… ഒരുപാട് നന്ദിയുണ്ട് എന്നെ കേൾക്കാൻ തയ്യാറായതിന്….”

അവളുടെ കൈകൾ കൂട്ടി പിടിച്ച് അതു പറഞ്ഞതും ഞാൻ വീണ്ടും കരഞ്ഞു…

“മിത്ര പറഞ്ഞതിന്റെ എൺപതു ശതമാനവും സത്യമാണ്….
എന്റെ വിവാഹം ഒന്നു കഴിഞ്ഞതാണ്… മിത്രയുടെ സുഹൃത്തായിരുന്നു…. വിവേക്…”

 

കാത്തിരിക്കാം💕

ജീവാംശമായ് : ഭാഗം 1

ജീവാംശമായ് : ഭാഗം 2

ജീവാംശമായ് : ഭാഗം 3