Tuesday, January 21, 2025
Novel

വരാഹി: ഭാഗം 10

നോവൽ
ഴുത്തുകാരി: ശിവന്യ

“എങ്കിൽ നീ കേട്ടോ…. ഇനി നിന്റെ നിഴൽ പോലും അവളുടെ മേൽ വീഴില്ല… അവളെ സ്വന്തമാക്കാൻ നിന്നെ കൊല്ലണമെങ്കിൽ….ദേവാശിഷ് അതിനും മടിക്കില്ല… ”

ദേവാശിഷിന്റെ വാക്കുകൾ ഹർഷനിൽ ഒരു നടുക്കമുണ്ടാക്കി….

“ടാ… നീ എന്താ പറഞ്ഞേ….. ”

അവൻ ദേവിന്റെ കോളറിൽ പിടിക്കാനായി മുന്നോട്ടാഞ്ഞു….

പക്ഷേ അതിലും മുൻപേ തന്നെ പടക്കം പൊട്ടുന്ന ശബ്ദത്തിൽ ദേവിന്റെ വലതുകൈ ഹർഷന്റെ ഇടതുകരണത്തിൽ പതിഞ്ഞിരുന്നു…..

” ഇത് നീ ചോദിച്ചു വാങ്ങിയതാ…. മര്യാദക്ക് സംസാരിക്കാൻ വന്ന ഞങ്ങളോട് അപമര്യാദ കാണിച്ചതിനുള്ള ഒരു ശിക്ഷ അത്രയും കരുതിയാ മതി… ”

റിഷാദ് പറഞ്ഞു…

അപ്പോഴേക്കും ഹർഷന്റെ കൂടെ വന്നവർ അങ്ങോട്ടേക്കെത്തി….

” പറഞ്ഞത് മറക്കണ്ട…. ഇനി നീ വരാഹിയുടെ മുൻപിൽ വരരുത്…. ഇതെന്റെ അവസാനത്തെ താക്കീതാണ്…. ”

അത്രയും പറഞ്ഞ് കൊണ്ട് ദേവാശിഷ് തിരിഞ്ഞു നടന്നു…. പിന്നാലെ റിഷാദും…..

ഒരു വഴക്കിന് തയ്യാറായെന്നവണ്ണം ദേവിനെ നേരെ നീങ്ങുന്ന സുഹൃത്തുക്കളെ തടയുന്ന ഹർഷനെ വണ്ടിയുടെ റിയർവ്യൂ മിററിലൂടെ ദേവാശിഷ് കാണുന്നുണ്ടായിരുന്നു…..

************************

” ഇപ്പോ എന്താടാ അവിടെ സംഭവിച്ചത്…”

റിഷാദിന്റെ ചോദ്യം കേട്ടപ്പോൾ ദേവിന് ചിരി വന്നു….

” ഇന്ന് വിഷുവായിരിക്കും… ”

“വിഷുവോ… . ”

റിഷാദ് അമ്പരന്നു..

” ആഹ്…. വിഷു… അതോണ്ടല്ലേ പടക്കം പൊട്ടിച്ചത്…”

ദേവാശിഷ് ചെറുചിരിയോടെ പറഞ്ഞു…

ഹർഷനെ കണ്ട് മടങ്ങിയതിന് ശേഷം ആളൊഴിഞ്ഞ വഴിയിൽ വണ്ടി നിർത്തി സംസാരിക്കുകയായിരുന്നു രണ്ടു പേരും….

” ശരിയാ…. നീ പൊട്ടിച്ച പടക്കത്തിന് നല്ല വേദനയുണ്ടായിരുന്നെന്ന് അവന്റെ മുഖം കണ്ടാലറിയാം…. അവനെന്തായാലും ഒരു ഡെന്റിസ്റ്റിനെ കാണേണ്ടി വരും… ”

ദേവിന്റെ മുഖത്തെ ചിരി പതിയെ മാഞ്ഞു പോകുന്നത് റിഷാദ് ശ്രദ്ധിച്ചു….

സൗമ്യതയാർന്ന മുഖവും മാന്യതയോടെയുള്ള പെരുമാറ്റവും ആയിരുന്നു ദേവാശിഷിന്റെ മുഖമുദ്ര….

ഒരു തവണയെങ്കിലും അവനോട് സംസാരിച്ചവർ അവനെ മറക്കാതിരിക്കുന്നതിനും കാരണം അത് തന്നെ…

എന്നാൽ ഇപ്പോൾ അവന്റെയുള്ളിൽ എന്തോ കത്തിയാളുന്നത് പോലെ…..

കുറച്ച് മുൻപേ താൻ കണ്ടത് ദേവിനെ ആയിരുന്നില്ലെന്ന് റിഷാദിന് തോന്നി…..

വരാഹി എന്ന പെണ്ണിന് വേണ്ടി എന്ത് ചെയ്യാനും മടിക്കാത്ത ഒരാൾ…

അവൾക്ക് വേണ്ടി ഒരു മനുഷ്യജീവനെ നിഷ്കരുണം കൊന്ന് തള്ളുമെന്ന് പറഞ്ഞ ഒരാൾ…..

എന്തുകൊണ്ടോ റിഷാദിന് അവന്റെ മുഖത്തേക്ക് നോക്കാൻ ഭയം തോന്നി…..

” നീ എന്താ ആലോചിക്കുന്നെ… ”

ദേവാശിഷ് റിഷാദിനോട് ചോദിച്ചു…..

” അത്….. ദേവാ… എടാ ഇത്…. നമുക്കിത് വേണോടാ….”

റിഷാദ് മടിച്ചു മടിച്ചു ചോദിച്ചു….

“ഏത് വേണോന്നാ…. ”

” അല്ല… ഞാൻ പറഞ്ഞു വരുന്നതെന്താന്ന് വെച്ചാൽ എനിക്കെന്തോ നിനക്കീ ബന്ധം ചേരുമെന്ന് തോന്നുന്നില്ല….”

“അതെന്താ…. ”

ദേവിന്റെ നെറ്റി ചുളിഞ്ഞു….n

“എന്തോ അവന്റെ സംസാരവും ഭാവവുമൊക്കെ… ”

” നീ പേടിച്ചോ….”

ദേവിന്റെ മുഖത്ത് വികൃതമായൊരു ചിരി വിരിഞ്ഞു…

“ടാ അവനൊന്ന് വിരട്ടാൻ നോക്കിയതല്ലേ…. അത് കേട്ട് വിരളാതെ ഞാനങ്ങോട്ടും ഒന്നു കൊടുത്തു…. അത്രയേള്ളു”….

” പക്ഷേ…. ”

“ഒരു പക്ഷേയുമില്ല… ഇനി അവളെ ആരെങ്കിലും
കെട്ടുന്നുണ്ടെങ്കിൽ അത്
ഞാനായിരിക്കും…. ”

ഉറച്ചതായിരുന്നു ദേവാശിഷിന്റെ വാക്കുകൾ….

അവനോട് പിന്നൊന്നും സംസാരിച്ചിട്ട് കാര്യമില്ലെന്ന് റിഷാദിന് തോന്നി…

*****************

ദേവാശിഷ് ഫ്ലാറ്റിലെത്തുമ്പോൾ രാത്രി ഏറെ വൈകിയിരുന്നു….
ഇന്നെന്തോ നശിച്ച ദിവസമാണെന്നവന് തോന്നി…
ഇതിന് മുൻപ് ഹർഷനെ കണ്ട ദിവസവും ഇങ്ങനെ തന്നായിരുന്നു…..
എന്തൊക്കെയോ ആലോചിച്ച് കിടന്ന് അറിയാതെ സോഫാ സെറ്റിയിൽ കിടന്നുറങ്ങി പോയി….

പുലരാൻ ആയപ്പോൾ എപ്പോഴോ ആണ് ഒരു ദു:സ്വപ്നം കണ്ട് അവൻ ഞെട്ടി ഉണർന്നത്…. പിന്നെ അവന് ഉറക്കം വന്നതേയില്ല…

വീണ്ടും കിടക്കാൻ നോക്കിയപ്പോൾ മനസ്സിന് വല്ലാത്ത അസ്വസ്ഥത പോലെ…

അപ്പോൾ എത്രയോ ദിവസങ്ങൾക്ക് ശേഷം ആദ്യമായി അവന് അവളോട് സംസാരിക്കണമെന്ന് തോന്നി….

അവളോടൊന്ന് സംസാരിക്കാനായി തന്റെ ഹൃദയം ഇളകി മറിയുകയാണെന്നവന് തോന്നി….
ഒരു തവണ വിളിച്ചു നോക്കിയാലോ എന്ന് കരുതി ഫോണെടുത്തു….

പിന്നെ തോന്നി വേണ്ട…. വിളിക്കണ്ട…. ഈ അസമയത്ത് വിളിക്കുന്നത് ഒരു പക്ഷേ അവൾക്കിഷ്ടമായില്ലെങ്കിൽ…. വേണ്ട…. അവൻ തന്റെ മനസ്സിനെ പറഞ്ഞ് പഠിപ്പിച്ചു….

അപ്പോൾ വീണ്ടും റിഷാദിന്റെ വാക്കുകൾ അവന്റെ ചെവിയോരത്ത് വന്ന് പതിച്ചു….

വേറൊരുത്തനെ സ്നേഹിച്ചിരുന്നവളാണ്….

തന്റെ ഇഷ്ടംകൂടി താനവളെ അറിയിച്ചിട്ടില്ല….

പിന്നെന്തു കൊണ്ടാവും അവൾ തന്നോടങ്ങനെ ആവശ്യപ്പെട്ടത്….

ആ ചിന്ത ഓരോ നിമിഷവും അവന്റെ മനസ്സിനെ കീറി മുറിച്ചു കൊണ്ടിരുന്നു….

അവനെ സ്നേഹിച്ച അവളുടെ മനസ്സിന് ഏറെ ദിവസങ്ങൾ കഴിയും മുൻപേ തന്നെ സ്നേഹിക്കാൻ കഴിയുമോ…?

ആ ചോദ്യം അവൻ സ്വയം ചോദിച്ചു കൊണ്ടിരുന്നു…

പക്ഷേ അതിനേക്കാളും വേഗത്തിൽ വേറൊരു മുഖം അവന്റെ മനസ്സിലേക്കോടി വന്നു….

തന്റെ കവിളിൽ ആഞ്ഞ് തല്ലുന്ന ഹർഷന്റെ മുഖം….

ആ ഓർമ്മയിൽ പോലും ദേവിന്റെ മുഖം കടുത്തു….

ഞരമ്പുകൾ വലിഞ്ഞു മുറുകി…

അവൻ മുഷ്ടി ചുരുട്ടി ചുമരിൽ ശക്തിയായി ഇടിച്ചു….

“ഇല്ല…. കൊടുക്കില്ല അവളെ… അവളെ എനിക്ക് വേണം…. ”

അവന്റെ ചുണ്ടുകൾ പിറുപിറുത്തുകൊണ്ടേയിരിന്നു…..

************************
എപ്പോഴാണ് വീണ്ടും മയക്കം വന്നതെന്നറിയില്ല…. നിർത്താതെ ഫോൺ റിംഗ് ചെയ്തത് കേട്ടാണ് ദേവ് എണീറ്റത്….

അങ്ങേത്തലയ്ക്കൽ അരുന്ധതി ആയിരുന്നു..
വീട്ടിലെ ഓരോ വിശേഷങ്ങൾ പറഞ്ഞ് സംഭാഷണം അവസാനിപ്പിക്കുന്നതിന് മുൻപായി അവർ വരാഹിയെ കുറിച്ച് ചോദിച്ചു…

ഒരു നിമിഷം അവളാവശ്യപ്പെട്ടത് അരുന്ധതിയോട് പറഞ്ഞാലോ എന്നവൻ ശങ്കിച്ചെങ്കിലും പിന്നീടത് വേണ്ടെന്ന് വെച്ചു…

സെമസ്റ്റർ എക്സാമിന്റെ തിരക്കായതിനാൽ അവളെ കാണാൻ പറ്റിയിട്ടില്ലെന്ന് അവൻ അവരോട് കള്ളം പറഞ്ഞു….

ആ കാൾ കട്ടാക്കിയുടനെ വീണ്ടും അവന്റെ ഫോണിലേക്ക് ഒരു കോൾ വന്നു..
വരാഹിയുടേതായിരുന്നു അത്…
തലേന്ന് നടന്ന സംഭവങ്ങൾ മുഴുവൻ അവളറിഞ്ഞിരിക്കുന്നു….

” ഹർഷനോടങ്ങനൊക്കെ പറഞ്ഞത് സീരിയസായിട്ടാണോ…”

അവളുടെ ശബ്ദത്തിൽ ഭയം നിറഞ്ഞിരുന്നു… അത് മനസ്സിലാക്കിയെന്നവണ്ണം വളരെ സൗമ്യതയോടെയാണ് ദേവ് സംസാരിച്ചത്…

“എങ്ങനൊക്കെ ” ?

“കൊല്ലുമെന്ന്…”

” ഉം… ഇനി ഇയാളെയവൻ ശല്യം ചെയ്യാൻ വരരുത്… അതിന് വേണ്ടി പറഞ്ഞതാ…. ”

വരാഹിയിൽ മൗനമായിരുന്നു മറുപടി.. അവളുടെ മനസ്സിൽ പലതരം ചിന്തകൾ കടന്നു പോകുന്നത് അവന് കാണാമായിരുന്നു…. അവൻ തുടർന്നു…

” വരാഹി… ഇയാളും അവനും ബ്രേക്ക് അപ്പ് ആയതെന്തിനാണെന്ന് എനിക്കറിയില്ല… എന്തെങ്കിലും കാരണമുണ്ടാവാം…

എന്നോട് വിവാഹം ചെയ്യുമോ എന്നു ചോദിച്ചതിനും എന്തെങ്കിലും കാരണമുണ്ടാകണം… അത് പക്ഷേ എന്നോടുള്ള പ്രണയമാണെന്നൊന്നും ഞാൻ വിശ്വസിക്കുന്നില്ല….. ”

അവനിൽ ഒരു നെടുവീർപ്പുയർന്നു…

…” ഇയാളുടെ ഈ പ്രായത്തിൽ ഇത്തരം ഫാസിനേഷനൊക്കെ തീർച്ചയായും ഉണ്ടാകും…

ഇയാളും അവനും തമ്മിലുള്ള ബന്ധത്തിന് ഞാനത്രയേ വില നൽകുന്നുള്ളൂ.. പക്ഷേ ഇയാളെനിയും ആലോചിക്ക്…

അവസാനം എന്റെ കൂടെ വന്നതിന് ശേഷം അവനോട് ചെയ്തത് തെറ്റായിപ്പോയി എന്നാരു ചിന്ത ഇയാൾടെ മനസ്സിൽ വരാൻ പാടില്ല…”

അവൻ പറഞ്ഞവസാനിപ്പിച്ചു…

” ഇല്ല….. ദേവിനെന്നെ വിശ്വസിക്കാം…. ദേവ് എന്നെ വിവാഹം ചെയ്താലും ഇല്ലെങ്കിലും ഹർഷൻ ഇനി എന്റെ ജീവിതത്തിൽ ഉണ്ടാകില്ല…. ”

അവളുടെ ശബ്ദത്തിന് കാരിരുമ്പിന്റെ കരുത്തുണ്ടായിരുന്നു…

…” കാരണം….?”

” അതിനെനിക്ക് എന്റേതായ കാരണങ്ങൾ ഉണ്ട്…. ചിലപ്പോൾ മറ്റുള്ളവർക്ക് അത് അംഗീകരിക്കാൻ പറ്റിയെന്നു വരില്ല…. എന്ത് തന്നായാലും വരാഹിയുടെ ലൈഫിൽ ഇനി ഹർഷനില്ല…. ”

ആ വാക്കുകൾ ദേവാശിഷിൽ അതിരറ്റ സന്തോഷമുണ്ടാക്കി….

” എനിക്കിത് വിശ്വസിക്കാമോ… ”

“യെസ്….”

” എങ്കിൽ ഇത്തവണ നാട്ടിൽ പോകുമ്പോൾ ഞാനീക്കാര്യം വീട്ടിൽ അവതരിപ്പിക്കാം… ”

അവളൊന്നു മൂളിയതല്ലാതെ ഒന്നും പറഞ്ഞില്ല….

കാൾ കട്ട് ചെയ്ത് കോളേജിലേക്ക് പോകാൻ റെഡി ആകുമ്പോൾ ദേവാശിഷ് അതീവ സന്തോവാനായിരുന്നു….

എന്തൊക്കെ കുറ്റങ്ങളും കുറവുകളും ഉണ്ടെങ്കിലും വരാഹിയെ സ്വീകരിക്കാൻ അവൻ തയ്യാറായിരുന്നു…..

കാരണം അത്രയേറെ അവനിൽ അവൾ വ്യാപിച്ചു കഴിഞ്ഞിരുന്നു….. ആർക്കും മനസ്സിലാകാത്തത്രയും അഗാധമായി അവനവളെ സ്നേഹിച്ചിരുന്നു….

*************************

ഓരോ ദിവസങ്ങളും ശരവേഗത്തിൽ ഓടി മറയുകയാരിന്നു….
ദിവസവും കുറച്ച് നേരം ഫോണിൽ സംസാരിക്കുമെങ്കിലും വരാഹിയെ നേരിട്ട് കാണാനുള്ള അവസരങ്ങൾ ദേവിന് ലഭിച്ചതേയില്ല… എന്തുകൊണ്ടോ അവനും അതിന് ശ്രമിച്ചില്ല…

ആ അധ്യയന വർഷവും അവസാനിക്കാറായിരുന്നു….

ഒഴിവ് കാലം ആരംഭിച്ചപ്പോൾ ദേവാശിഷും വരാഹിയും ഒരുമിച്ചായിരുന്നു നാട്ടിലേക്ക് യാത്ര തിരിച്ചത്…..

എപ്പോഴോ ഒരിക്കൽ നഷ്ടമായ അവളുടെ ആ ഊർജ്ജവും പ്രസരിപ്പും അവളിൽ തിരിച്ച് വന്നതായി അവന് തോന്നി…..

പെട്ടെന്നവന്റെ മനസ്സിലേക്ക് ഹർഷന്റെ മുഖം കടന്നു വന്നു…. ….

പക്ഷേ അങ്ങനൊരാളെ കുറിച്ചേ അറിയാത്ത മട്ടിലായിരുന്നു വരാഹിയുടെ പെരുമാറ്റം…..
അന്ന് കണ്ട് പിരിഞ്ഞതിന് ശേഷം ഹർഷനെ അവൻ കാണുകയോ വിളിക്കുകയോ ഉണ്ടായിരുന്നില്ല……

” വേണ്ട….. അവനെ കുറിച്ചോർക്കുകയേ വേണ്ട… ”

ദേവ് മനസ്സിൽ പറഞ്ഞു….

**********************

നാട്ടിലെത്തിയ അന്ന് തന്നെ ചന്ദ്രഹാസനോടും അരുന്ധതിയോടും ദേവ് കാര്യങ്ങളൊക്കെ അവതരിപ്പിച്ചിരുന്നെങ്കിലും ഹർഷനേയും അവനുമായി ബന്ധപ്പെട്ട സംഭവങ്ങളും അവൻ തന്ത്രപൂർവ്വം ഒഴിവാക്കിയിരുന്നു…

അപ്പോൾ തന്നെ ചന്ദ്രഹാസൻ രാജീവ് മേനോനെ വിളിച്ച് കാര്യങ്ങൾ അറിയിക്കുകയും വരാഹിയെ കാണാൻ വന്നാൽ കുഴപ്പമൊന്നുമില്ലല്ലോ എന്നാരായുകയും ചെയ്തു…..

അവർക്ക് നൂറുവട്ടം സമ്മതമായിരുന്നു…..

പിറ്റേന്ന് ഞായറാഴ്ച്ച ആയതിനാൽ അന്ന് വരാഹിയെ പെണ്ണ് കാണാൻ പോകാം എന്ന് ധാരണയായി…..

അങ്ങനെ ഔപചാരികമായി തന്നെ ദേവാശിഷിന്റെയും വരാഹിയുടേയും പെണ്ണ് കാണൽ ചടങ്ങ് നടന്നു…

നാണത്താൽ നമ്രശിരസ്കയായി സെറ്റ് സാരിയുടുത്ത് മുടിയിൽ മുല്ലപ്പൂ ചൂടി വരുന്ന വരാഹിയെ കണ്ടപ്പോൾ ദേവിന്റെ മുഖം തിളങ്ങി…

ആദ്യമായ് ആയിരുന്നു അവനവളെ ആ വേഷത്തിൽ കാണുന്നത്…

ചുവന്നു തുടുത്ത ചെന്തൊണ്ടിപ്പഴം പോലുള്ള ചുണ്ടുകൾ കണ്ടപ്പോൾ അവൻ കണ്ണുകൾ ഇറുകെഅടച്ചു…

ഇനിയും നോക്കിയിരുന്നാൽ ഒരു പക്ഷേ താനവളെ വാരി പുൺർന്നേക്കുമെന്നവന് തോന്നി…

ദേവിന്റെ കൂടെ വന്നത് ഇളയച്ഛനും മാമനും അവന്റെ ആത്മസുഹൃത്തും കസിനുമായ സുനിലുമായിരുന്നു… എല്ലാവർക്കും ഒറ്റനോട്ടത്തിൽ തന്നെ വരാഹിയെ ഇഷ്ടമായി….

” നീയെന്താടാ സ്വപ്നം കാണുകയാ”?

വരാഹി മുന്നിലെത്തിയിട്ടും കണ്ണടച്ചിരിക്കുന്ന ദേവിനെ സുനിൽ തോണ്ടി വിളിച്ചു.

കണ്ണ് തുറന്ന് നോക്കുമ്പോൾ മുന്നിൽ വരാഹിയെ കണ്ട ദേവ് ചമ്മിപ്പോയി… അവനൊരു വളിച്ച ചിരിയോടെ ചായ കപ്പ് കയ്യിലെടുത്തു….

രാജിവിനോടും വനജയോടും യാത്ര പറഞ്ഞിറങ്ങുന്നതിന് മുൻപായി വരാഹിയുടെ ജാതകം വാങ്ങിക്കാനും അവർ മറന്നില്ല…..

പിറ്റേന്ന് തന്നെ ജാതക പൊരുത്തം നോക്കി…പത്തിൽ എട്ട് പൊരുത്തമുണ്ടെന്ന് ചന്ദ്രഹാസൻ വീട്ടിൽ വന്ന് പറയുന്നത് കേട്ട ദേവിന് ചിരി വന്നു…

” ഇനി പൊരുത്തമൊന്നുമില്ലേലും ഞാനവളെ കെട്ടും..”

അവൻ ആരും കേൾക്കാതെ ഉരുവിട്ടു….

ദേവപ്രിയേടെ ഭർത്താവ് മഹേഷിന് അധികം ലീവ് ഇല്ലാത്തതിനാൽ കല്യാണം എത്രയും പെട്ടെന്ന് നടത്തിയാലോന്നൊരാലോചന അവരിൽ ഉണ്ടായിരുന്നു…

അതിനാൽ തന്നെ അടുത്ത ദിവസം തന്നെ വീട് കാണൽ ചടങ്ങിനായി വരാഹിയുടെ ആൾക്കാർ ദേവിന്റെ വീടിലെത്തി…. ദേവിന്റെ വീടും ചുറ്റുപാടുമൊക്കെ അവർക്ക് നന്നേ ബോധിച്ചു…

അന്ന് തന്നെ വിവാഹം നടത്താമെന്നുള്ള ഉറപ്പ് കൊടുക്കലും കഴിഞ്ഞു…

പിന്നീട് വരാഹിയെ കാണാൻ വേണ്ടി ദേവിന്റെ കുടുംബത്തിലെ സ്ത്രീജനങ്ങളായിരുന്നു പോയത്….

ആഥിത്യ മര്യാദ ഒട്ടും കുറയ്ക്കാതെ തന്നെ പെൺ വീട്ടുകാർ അവരെ സ്വീകരിച്ചു…. ദേവാശിഷിന്റെ അമ്മയക്കും സഹോദരിയ്ക്കുമിടയിൽ ഒരു പൂമ്പാറ്റയെ പോലെ വരാഹി പറന്നു നടന്നു….

നല്ല കനത്തിലുള്ള ഒരു സ്വർണ്ണ വളയായിരുന്നു പ്രിയ തന്റെ നാത്തൂന്റെ കയ്യിലിട്ടു കൊടുത്തത്…. അപ്പോൾ വരാഹിയുടെ മുഖം സന്തോഷം കൊണ്ട് വിടർന്നു….

വിവാഹ നിശ്ചയത്തിനുള്ള ദിവസം കണ്ടിട്ട് വിളിക്കാമെന്ന് പറഞ്ഞ് അരുന്ധതിയും സംഘവും അവിടുന്നിറങ്ങി….

ഇറങ്ങുന്നതിന് മുൻപായി അരുന്ധതി വരാഹിയെ ചേർത്ത് പിടിച്ചു അവളുടെ നെറുകയിൽ ചുംബിച്ചു…

“എന്റെ മകന് ചേർന്നവളാ നീ… അവന് വേണ്ടി ജനിച്ച പെണ്ണ്……”

തുടരും

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

വരാഹി: ഭാഗം 1

വരാഹി: ഭാഗം 2

വരാഹി: ഭാഗം 3

വരാഹി: ഭാഗം 4

വരാഹി: ഭാഗം 5

വരാഹി: ഭാഗം 6

വരാഹി: ഭാഗം 7

വരാഹി: ഭാഗം 8

വരാഹി: ഭാഗം 9