താദാത്മ്യം : ഭാഗം 37
എഴുത്തുകാരി: മാലിനി വാരിയർ
സിദ്ധുവും മിഥുനയും വീട്ടിൽ തിരിച്ചെത്തി.. “മിഥു… നീ അകത്തേക്ക് കയറിക്കോ.. ഞാൻ വണ്ടി പാർക്ക് ചെയ്തിട്ട് വരാം.. ” സിദ്ധു പറഞ്ഞതിന് അവൾ ശരിയെന്ന് തലയാട്ടികൊണ്ട് വീടിനുള്ളിലേക്ക് കയറി. വാതിൽ തുറന്ന് അകത്തേക്ക് കയറിയതും അത്ഭുതവും സന്തോഷവും കൊണ്ട് അവൾ സ്തംഭിച്ചുപോയി. “അമ്മേ…. അച്ഛാ… മിലൂ…” അവൾ വാക്കുകൾ കിട്ടാതെ മിഴിച്ചു നിന്നു.മൃദുല അവളെ ഓടിവന്ന് കെട്ടിപ്പിടിച്ചു. “എല്ലാരും എങ്ങനെ..? മിലു നീ എപ്പോഴാ വന്നേ…? ” കണ്മുന്നിൽ നടക്കുന്നത് വിശ്വസിക്കാനാവാതെ സന്തോഷത്തോടെ അവൾ ചോദിച്ചു. “സിദ്ധുവേട്ടനാണ് ഞങ്ങളോട് വരാൻ പറഞ്ഞത്..
ചേച്ചിക്ക് ഒരു സർപ്രൈസ് ആയിക്കോട്ടെ എന്ന് കരുതിയാ പറയാതിരുന്നേ… ” മിലു ആവേശത്തോടെ പറഞ്ഞതും, അവളുടെ പിന്നിൽ വന്ന് നിന്ന തന്റെ ഭർത്താവിനെ അവൾ പ്രണയഭാവത്തോടെ നോക്കി. “അമ്മായീ… അമ്മാവാ… എല്ലാവർക്കും സുഖമല്ലേ… ” അവൻ അവരോട് വിശേഷങ്ങൾ തിരക്കി. അവരും അവനോട് സന്തോഷത്തോടെ സംസാരിച്ചുകൊണ്ടിരിക്കുന്നത് കണ്ട് മിഥു കൂടുതൽ സന്തോഷവതിയായി. എല്ലാവരും ചേർന്ന് മിഥുനയുടെ പിറന്നാൾ വളരെ ഗംഭീരമായി ആഘോഷിച്ചു. “സിദ്ധുവേട്ടാ…” മിഥുനയുടെ ശബ്ദം കേട്ട് അവൻ തിരിഞ്ഞു നോക്കി.. “സന്തോഷമായോ..? ” അവൻ പുരികം ഉയർത്തികൊണ്ട് ചോദിച്ചു.
“ഒരുപാട്… താങ്ക് യൂ സോ മച്ച് സിദ്ധുവേട്ടാ…” അവൾ ആനന്ദത്തോടെ അവന്റെ മുഖത്തേക്ക് നോക്കി പറഞ്ഞു. “പക്ഷെ ഒരു വിഷമമുണ്ട്..” അവളുടെ മുഖം വാടി.. “എന്ത് വിഷമം..” അവൻ സംശയത്തോടെ ചോദിച്ചു. “എല്ലാരും എന്നെ വിഷ് ചെയ്തു.. പക്ഷെ ഞാൻ അത് കേൾക്കണമെന്ന് ആഗ്രഹിച്ച ആളുടെ വായിൽ നിന്ന് മാത്രം ഇത് വരെ വിഷസ് കിട്ടിയില്ല..” അവൾ മുഖം വീർപ്പിച്ചുകൊണ്ട് പറഞ്ഞപ്പോൾ, അവൻ പുഞ്ചിരിച്ചു. “ഹാപ്പി ബെർത്ത്ഡേ മിഥു..” എന്ന് പറഞ്ഞുകൊണ്ട് ഒരു സമ്മാനവും അവളുടെ കയ്യിൽ കൊടുത്തു.. കണ്ണുകൾ ചിമ്മിക്കൊണ്ട് അവളത് വാങ്ങി.. “ഹും.. എല്ലാം ചോദിച്ചു വാങ്ങേണ്ട അവസ്ഥയാണ്…”
അവൾ കുറുമ്പൊടെ ചുണ്ടുകൾ ചലിപ്പിച്ചുകൊണ്ട് അവിടെ നിന്നും നടന്നു. അവൾ പോയ ഭാഗത്തേക്ക് നോക്കി നിൽക്കുന്ന സമയത്താണ് കുറച്ചു മാറി തോട്ടത്തിൽ മൃദുല ഒറ്റയ്ക്ക് നിൽക്കുന്നത് കണ്ടത്. “ഈ സമയത്തിവളെന്താ അവിടെ ഒറ്റയ്ക്കു നിൽക്കുന്നത്..!” അവൻ സംശയിച്ചുകൊണ്ട് അവളുടെ അടുത്തേക്ക് നടന്നു. “മിലുക്കുട്ടി…” അവന്റെ ശബ്ദം കേട്ടതും അവൻ കാണും മുന്നേ കണ്ണുകൾ തുടച്ചു.. “സിദ്ധുവേട്ടാ…” മുഖത്ത് ഒരു പുഞ്ചിരി വിടർത്തിക്കൊണ്ട് അവന്റെ മുഖത്തേക്ക് നോക്കി. “ഈ സമയത്ത് നീ ഒറ്റയ്ക്കിവിടെ എന്തെടുക്കുവാ…? എല്ലാരും അകത്ത് ഇരിക്കുവാ.. നിനക്ക് എന്ത് പറ്റി…? ” അവൻ സൗമ്യമായി ചോദിച്ചു.. “ഒന്നുമില്ല സിദ്ധുവേട്ടാ..
ഞാൻ ചുമ്മാ കാറ്റ് കൊള്ളാമെന്നു കരുതി വന്നതാ…” അവൾ പറഞ്ഞൊഴിഞ്ഞു.. “മിലു, എന്റെ മുഖത്ത് നോക്കി പറ…” അവൻ അവളുടെ മുഖത്തേക്ക് നോക്കികൊണ്ട് പറഞ്ഞു.. “ഒന്നുമില്ല സിദ്ധുവേട്ടാ…” അവൾ അലസമായി അവന്റെ മുഖത്തേക്ക് നോക്കി പറഞ്ഞു. അവളുടെ ആ നോട്ടത്തിൽ തന്നെ അവൾ വിഷമിച്ചിരിക്കയാണെന്ന് അവന് ബോധ്യമായി. “എന്ത് പറ്റി മിലു..? നീയും ഋഷിയും തമ്മിൽ പിണങ്ങിയോ..? ” അവനൊരു മടിയോട് കൂടി ചോദിച്ചതും അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി. “മിലു.. എന്തിനാടാ നീ ഇപ്പൊ കരയുന്നേ.. എന്താ പ്രശ്നം..? എന്നോട് പറയാൻ നീ എന്തിനാ മടിക്കുന്നേ..? ” അവൻ സമാധാനത്തോടെ പറഞ്ഞതും അവൾ ഒന്നും പറയാനാവാതെ കരഞ്ഞുകൊണ്ടിരുന്നു..
അവളുടെ കണ്ണുകൾ ചുവന്നു തുടുത്തു.. “ഇപ്പൊ നീ എന്താ നടന്നതെന്ന് പറയുന്നുണ്ടോ ഇല്ലയോ..? എന്നെ ഒരു ഏട്ടനായി കാണുന്നുണ്ടേൽ നീ പറ.. ഇല്ലേൽ ഇതെന്റെ സ്വന്തം പ്രശ്നമാണ് അത് ഞാൻ തന്നെ നേരിട്ടോളം, ഏട്ടൻ തലയിടണ്ട എന്നാണെങ്കിൽ, മടിക്കാതെ പറഞ്ഞോ…പിന്നെ ഞാൻ ഒന്നും ചോദിക്കില്ല…” വാക്കുകൾ കുറച്ചു കഠിനമായി പോയോ എന്നവൻ ചിന്തിച്ചെങ്കിലും ആ സന്ദർഭത്തിന് അതാണ് നല്ലതെന്ന് കരുതിയാണ് അങ്ങനെ പറഞ്ഞത്. ഇല്ലെങ്കിൽ അവൾ മനസ്സ് തുറക്കില്ലെന്ന് അവനറിയാം.. “സിദ്ധുവേട്ടാ… അങ്ങനൊന്നും പറയല്ലേ… സിദ്ധുവേട്ടനേയും വെറുതെ വിഷമിപ്പിക്കണ്ട എന്ന് കരുതിയ ഞാനൊന്നും പറയാതിരുന്നത്..” അവൾ കണ്ണുകൾ തുടച്ചുകൊണ്ട് പറഞ്ഞു.
“നീ ഭയപ്പെടാതെ പറ മിലു… എന്താ പറ്റിയെ..” അവൻ സമാധാനത്തോടെ ചോദിച്ചു. “സിദ്ധുവേട്ടാ…. ഋഷി.. ” അവൾ മനസ്സിലെ ഭാരം താങ്ങാനാവാതെ വേദനയോടെ വീണ്ടും വിങ്ങിപ്പൊട്ടി.. “മിലു.. പ്രശ്നം എന്തായാലും നീ ധൈര്യമായി പറ… മനശക്തി ഒരിക്കലും നഷ്ടപ്പെടുത്തരുത്…” സിദ്ധു അവൾക്ക് ധൈര്യം പകർന്നതും അവൾ കണ്ണുകൾ തുടച്ചുകൊണ്ട് പറയാൻ തുടങ്ങി. അന്ന് നടന്നതെല്ലാം ഒരു വേദനയോടെ അവൾ പറഞ്ഞു തീർത്തു. അവൾ പറഞ്ഞത് വിശ്വസിക്കാൻ കഴിയാതെ അവളുടെ മുഖത്തേക്കും നോക്കി നിൽക്കുകയായിരുന്നു സിദ്ധു. ഋഷിക്ക് മൃദുലയോടുള്ള പ്രണയം ഒരു പക്ഷെ അവൾക്ക് അറിയാതെ പോയേക്കാം..
എന്നാൽ സിദ്ധുവിന് അതെല്ലാം അറിയാം… ഋഷിക്ക് മൃദുലയോടുള്ള പ്രണയം എത്ര ആഴത്തിൽ ഉള്ളതാണെന്ന് അവനോട് ഇടപഴകിയ കുറച്ചു നാളുകൾ കൊണ്ട് തന്നെ അവൻ മനസ്സിലാക്കിയതാണ്.. അവനോടുള്ള വിശ്വാസം കാരണമാണ് അന്ന് അവരുടെ പ്രണയത്തിന് എതിര് നിൽക്കാതെ മൃദുലയ്ക്ക് അവൻ ധൈര്യം പകർന്നത്. ഇപ്പൊ മിലു പറയുന്നത് വെച്ച് നോക്കുമ്പോൾ അവന്റെ ജീവിതത്തിൽ എന്തോ ഒന്ന് സംഭവിച്ചിട്ടുണ്ടെന്ന് സിദ്ധുവിന് ബോധ്യമായി. “ഇവിടെ നോക്ക് മിലു.. നിന്റെ അവസ്ഥ എനിക്ക് മനസ്സിലാകും.. പക്ഷെ ഇപ്പൊ അതോർത്ത് കരഞ്ഞുകൊണ്ടിരുന്നാൽ ഒന്നും മാറാൻ പോകുന്നില്ല.. ഇപ്പൊ നീ ധൈര്യമായി ഇരിക്കേണ്ട സമയമാണ്.
മറ്റുള്ളവർ പറയുന്നത് വിട്ടേക്ക്.. നിന്റെ മനസ്സിനറിയാം സത്യം എന്താണെന്ന്.. നീ അത് മാത്രം വിശ്വസിച്ചാൽ മതി.. ഞാനും ഇപ്പൊ ഒന്നും പറയുന്നില്ല.. നീ ഇപ്പൊ ഇതെല്ലാം മനസ്സിൽ നിന്ന് കളഞ്ഞിട്ട് സമാധാനമായി ഇരിക്ക്… പക്ഷെ… ഈ കാരണം കൊണ്ട് നീ വീട് വിട്ട് അത്രയും ദൂരം പോകാൻ പാടില്ലായിരുന്നു…. പോട്ടെ.. കഴിഞ്ഞത് കഴിഞ്ഞു..ഇനി കഴിഞ്ഞ കാര്യങ്ങളോർത്ത് നിന്റെ കണ്ണുനീർ പാഴാക്കി കളയരുത്.. സ്ത്രീകളുടെ കണ്ണുനീരിന് വില കൂടുതലാണ് മോളെ..അതാർക്ക് വേണ്ടിയും പാഴാക്കി കളയരുത്.. നല്ല മനസ്സുള്ള നിനക്കും നല്ലതേ വരൂ…” സിദ്ധു അവൾക്ക് ആശ്വാസം പകർന്നതും കവിളിലേക്ക് പടർന്ന കണ്ണുനീർ തുടച്ചുകൊണ്ട് അവളതിന് സമ്മതം മൂളി..
“ഇപ്പൊ പോ.. പോയി സമാധാനത്തോടെ ഉറങ്ങ്..എല്ലാം നന്നായി തന്നെ നടക്കും..” അവൻ പറഞ്ഞത് കേട്ട് അവൾ ചെറു പുഞ്ചിരിയോടെ അവിടെ നിന്നും അകത്തേക്ക് കയറി. സിദ്ധുവിന്റെ മനസ്സ് ചിന്തകളിലേക്ക് ആഴ്ന്നിറങ്ങി. “ഋഷിക്ക് കാര്യമായ എന്തോ സംഭവിച്ചിട്ടുണ്ട്.. ആദ്യം അതെന്താണെന്ന് കണ്ടു പിടിക്കണം.” അവൻ മനസ്സിലുറപ്പിച്ചു. അതേ സമയം മിഥുന അവളുടെ മുറിയിൽ നിറഞ്ഞ സന്തോഷത്തോടെ ഇരിക്കുകയായിരുന്നു.. അന്നത്തെ ദിവസം ഇത്രയും സന്തോഷകരമായി മാറുമെന്ന് അവൾ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.. അവൻ അവൾക്ക് കൊടുത്ത സമ്മാനപ്പൊതി അവൾ ആവേശത്തോടെ തുറന്നു. അവളുടെ കണ്ണുകൾ തിളങ്ങി,
ഒരു ആനന്ദ പുഞ്ചിരിയോടെ അവളതെടുത്തു. വരിവരിയായി കോർത്തിട്ടുള്ള ഒരു മുത്തു മാലയായിരുന്നു അത്. അത് വളരെ മനോഹമായിരുന്നു. അപ്പോഴാണ് അവൾക്ക് ഓർമ്മ വന്നത്, ഒരിക്കൽ അവനോട് പറഞ്ഞിരുന്നു.. മുത്തുമാല ഒരുപാട് ഇഷ്ടമാണെന്നും പക്ഷെ ഇത് വരെ വാങ്ങാൻ പറ്റിയിട്ടില്ലെന്നും… വളരെ നിസാരമായിരുന്ന ആ സംഭാഷണം ഓർത്ത് വെച്ച് ഇന്ന് അതുപോലൊരു മുത്തുമാല സമ്മാനമായി തരുമെന്ന് അവൾ സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല.. മനസ്സ് നിറയെ സന്തോഷത്തോടെ തന്റെ മനസ്സിനെ കവർന്ന തന്റെ കള്ള കണ്ണനെ അവൾ കാത്തിരുന്നു. അൽപനേരം കഴിഞ്ഞ് സിദ്ധു അവരുടെ മുറിയിലേക്ക് വന്നു.മിഥുന അവൻ വരുന്നുണ്ടോ എന്ന് നോക്കി വാതിൽ കവാടത്തിലേക്ക് നോക്കിയിരിക്കുകയാണ്.
“ഹേയ്.. മിഥു… നീ ഉറങ്ങിയില്ലേ…? ” അവൻ ആശ്ചര്യത്തോടെ ചോദിച്ചു. “ഇല്ല… ഏട്ടന് വേണ്ടി കാത്തിരിക്കുകയായിരുന്നു..” അവൾ സത്യസന്ധമായി പറഞ്ഞതും അവൻ അവളുടെ മുഖത്തേക്ക് സൗമ്യമായി നോക്കി.. “ഏട്ടൻ വാങ്ങി തന്ന ഗിഫ്റ്റ്.. എനിക്ക് ഒരുപാട് ഇഷ്ടമായി.. ഒരുപാട് നാളായി അതുപോലൊരെണ്ണം വാങ്ങണമെന്ന് കരുതി ഇരിക്കുവായിരുന്നു.. പക്ഷെ നടന്നില്ല.. ഒരുപാട് അലഞ്ഞിട്ടുണ്ടാവും അല്ലേ ഇതുപോലൊരെണ്ണം കിട്ടാൻ… ഒരുപാട് നന്ദി സിദ്ധുവേട്ടാ…” നിറഞ്ഞമനസ്സോടെ അവൾ പറഞ്ഞതും അവൻ പുഞ്ചിരിച്ചു. “ഉം..ശരി.. ഇപ്പൊ സമയം ഒരുപാടായി.. നീ പോയി കിടക്ക്…” അവൻ പറഞ്ഞു..
“ഞാൻ ഉറങ്ങിക്കോളാം.. പക്ഷെ അതിന് മുൻപ് ഒരു ചോദ്യത്തിന് ഉത്തരം തരണം… ” അവന്റെ മുഖത്തേക്ക് നോക്കി അവൾ ചോദിച്ചതും അവൻ എന്താണെന്ന ഭാവത്തിൽ അവളെ നോക്കി. “ഈ ദിവസം ഇത്രയും സന്തോഷകരമാവുമെന്ന് ഞാൻ വിചാരിച്ചില്ല.. ഇന്ന് അമ്പലത്തിൽ വെച്ച് പ്രാർഥിച്ചത്, എന്റെ അമ്മയേയും അച്ഛനേയും കാണണമെന്നാണ്.. ആ പ്രാർത്ഥന കേട്ടത് പോലെ ഏട്ടൻ അതെനിക്ക് നിറവേറ്റി തന്ന് എന്നെ ഒരുപാട് സന്തോഷിപ്പിച്ചു. എനിക്ക് വേണ്ടി ഇതൊക്കെ ചെയ്യുന്നതെന്തിനാണ് സിദ്ധുവേട്ടാ..? അമ്മ…, അച്ഛൻ.., മിലു.., മൂന്ന് പേരെയും വിളിച്ചു വരുത്തി..എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഗിഫ്റ്റ് വാങ്ങി തന്നു.. പറ..ഇതെല്ലാം എന്തിനാ ചെയ്യുന്നേ..? ” അവൻ പറയാൻ പോകുന്ന മറുപടിക്ക് വേണ്ടി പ്രണയഭാവത്തോടെ അവൾ അവന്റെ മുഖത്തേക്ക് നോക്കി നിന്നു.
എന്നാൽ സിദ്ധുവിന്റെ മനസ്സിൽ മിലുവിനേയും ഋഷിയേയും കുറിച്ചുള്ള ചിന്തകളായിരുന്നു.. “മിഥു.. ഇപ്പോ നിന്റെ സന്തോഷമാണ് എനിക്ക് പ്രധാനം.. നിന്നെ സന്തോഷപ്പെടുത്താൻ ഞാൻ എന്ത് വേണമെങ്കിലും ചെയ്യും. നിന്നെ ഞാൻ ഒരുപാട് കഷ്ടപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഇനി ഒരിക്കലും അങ്ങനൊന്നും ഉണ്ടാവില്ല. ഓരോ ദിവസവും നിനക്ക് ഇഷ്ടപ്പെട്ടത് പോലെ സന്തോഷത്തോടെ വേണം നീ കഴിയാൻ. അതാണ് എന്റെ ആഗ്രഹം.. അതുകൊണ്ട് ഞാൻ അതിനെപ്പോഴും സന്നദ്ധനായിരിക്കും..” അവൻ പറഞ്ഞ് തീർന്നതും അവൾ അവന്റെ മുഖത്തേക്ക് വേദനയോടെ നോക്കി.. “അത്രയേ ഉള്ളോ..? ” അവളുടെ ശബ്ദത്തിൽ നിരാശ പടർന്നു.. “അതിനേക്കാളേറെ ഞാൻ നിന്നെ സ്നേഹിക്കുന്നുണ്ട് മിഥു..
എന്റെ ജീവന് തുല്യം ഞാൻ നിന്നെ സ്നേഹിക്കുന്നുണ്ട്.. പക്ഷെ അത് പറയാനുള്ള സമയം ആയിട്ടില്ല…” മനസ്സിൽ തോന്നിയെങ്കിലും അത് പുറത്ത് പറയാതെ, “മിഥു… സമയം എത്രയായെന്ന് അറിയോ…! പന്ത്രണ്ടു മണി കഴിഞ്ഞു.. ഇപ്പൊ നീ പോയി കിടന്നുറങ്ങ്..ഞാൻ കുറച്ചു നേരം പുറത്ത് കാറ്റ് കൊണ്ടിട്ടു വരാം.. നീ അതുമിതും ആലോചിക്കാതെ സമാധാനത്തോടെ കിടന്നുറങ്ങ്..” എന്ന് പറഞ്ഞ് അവൻ മുറിയിൽ നിന്നും പുറത്തേക്ക് വന്നു.. മിഥുനയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. “ഏട്ടന്റെ മനസ്സിൽ ഇപ്പൊ കുറ്റബോധം മാത്രമാണുള്ളത് സിദ്ധുവേട്ടാ..അതാണ് ഏട്ടൻ എന്നെ സന്തോഷിപ്പിക്കണം എന്നാഗ്രഹിക്കുന്നത്..
തുടക്കത്തിൽ ഉണ്ടായിരുന്ന കുറ്റബോധം മാത്രമാണ് ഇപ്പൊ ഏട്ടന്റെ മനസ്സിലുള്ളത്..അത് കൂട്ടാൻ തുടക്കത്തിൽ ഞാനും ഏട്ടനെ ഒരുപാട് വേദനിപ്പിച്ചുട്ടുണ്ട്.. പക്ഷെ.. ഞാനതൊക്കെ ഏതോ ഒരു ദേഷ്യത്തിൽ പറഞ്ഞതാണ്.. ആ ദേഷ്യം കുറഞ്ഞപ്പോൾ എനിക്ക് മനസ്സിലായി.. ഞാൻ സിദ്ധുവേട്ടനെ എത്രമാത്രം സ്‌നേഹിക്കുന്നുണ്ടെന്ന്.. ഇപ്പൊ എനിക്ക് വേറൊന്ന് കൂടി മനസ്സിലായി സിദ്ധുവേട്ടാ.. എത്ര നാളുകൾ കഴിഞ്ഞാലും എനിക്ക് സിദ്ധുവേട്ടന്റെ മനസ്സിൽ സ്ഥാനമില്ലെന്ന്..” മിഥു മനസ്സിൽ ചിന്തിച്ചുകൊണ്ട് അവൻ പോയ ദിശയിലേക്ക് നോക്കി നിന്നു. മനസ്സിൽ ഒന്ന് തീരുമാനിച്ചുറപ്പിച്ചുകൊണ്ട് അവൾ ഉറങ്ങാൻ കിടന്നു.
ഋഷി അന്ന് കൊടുത്ത വിസിറ്റിങ് കാർഡിന്റെ കാര്യം പെട്ടെന്ന് സിദ്ധുവിന് ഓർമവന്നു.. അവൻ മുറി മുഴുവൻ പരിശോധിച്ചു.. ദീഘനേരത്തെ പരിശോധനയ്ക്ക് ശേഷം അവൻ അത് കണ്ടെത്തി. പുഞ്ചിരിയോടെ അതിൽ ഉണ്ടായിരുന്ന നമ്പറിലേക്ക് വിളിച്ചു.. എന്നാൽ, “നിങ്ങൾ വിളിക്കുന്ന നമ്പർ ഇപ്പോൾ നിലവിലില്ല ” എന്ന് കേട്ടതും സിദ്ധു കൂടുതൽ സംശയത്തിലായി. എങ്ങനെയെങ്കിലും ഋഷിയെ കണ്ട് സംസാരിക്കണം എന്നവൻ ഉറപ്പിച്ചു. ഒടുവിൽ അതിനൊരു വഴിയും അവൻ കണ്ടുപിടിച്ചു. അടുത്ത ദിവസം തന്നെ അത് ചെയ്യണമെന്ന് ഉറപ്പിച്ചുകൊണ്ട് തിരിച്ച് മുറിയിലേക്ക് ചെന്നു.
മിഥു സുഖമായി കിടന്ന് ഉറങ്ങുകയാണ്.. അവളുടെ മുഖത്ത് നോക്കി പുഞ്ചിരിച്ചുകൊണ്ട് അവനും ഉറങ്ങാൻ കിടന്നു. വരും നാളുകളിൽ വരാൻപോകുന്ന ആപത്തുക്കളെ കുറിച്ച് അപ്പോൾ അവൻ അറിഞ്ഞിരുന്നില്ല.. പിറ്റേന്ന്, മിഥു എഴുന്നേൽക്കുന്നതിനു മുൻപ് തന്നെ സിദ്ധു പാടത്തേക്ക് പോയിരുന്നു.. രാവിലെ ചെയ്യേണ്ട ജോലികൾ ചെയ്ത് തീർത്ത് എങ്ങോട്ടോ തിടുക്കത്തിൽ പോകാനൊരുങ്ങിയ സിദ്ധുവിനെ വിജയ് തടഞ്ഞു. “ഇത്ര തിരക്ക് പിടിച്ച് നീ എങ്ങോട്ടാടാ പോണേ…” വിജയ് ചോദിച്ചു. “അത്യാവശ്യമായി എനിക്കൊരാളെ കാണാനുണ്ട്.. ഒരുമണിക്കൂറിനുള്ളിൽ ഞാൻ വരും..
അത് വരെ നീ ബാക്കി ജോലിയൊക്കെ തീർക്കാൻ നോക്ക്..” എന്ന് പറഞ്ഞ് സിദ്ധു വേഗത്തിൽ അവിടെ നിന്നും നടന്നു.. വിജയ് സംശയത്തോടെ അവനെ നോക്കി നിന്നു.. അതേ സമയം വീട്ടിൽ, “മിഥു… നിനക്ക് ഇവിടെ കുഴപ്പമൊന്നുമില്ലല്ലോ…? വല്ല കുറവോ ബുദ്ധിമുട്ടോ വല്ലതുമുണ്ടോ..? ” മിഥുനയുടെ വാടിയ മുഖം കണ്ടതും ശോഭ ചോദിച്ചു. “എനിക്കിവിടെ ഒരു കുറവും ഇല്ലമ്മേ..
പക്ഷെ അമ്മയുടെ മരുമകന് എന്നോടൊപ്പം ജീവിക്കാൻ ഇഷ്ടമല്ലെന്ന് തോന്നുന്നു..” മനസ്സിൽ ചിന്തിച്ചെങ്കിലും, ഒരു പുഞ്ചിരിയോടെ മിഥു ശോഭയെ നോക്കി. “എനിക്ക് ഇവിടെ ഒരു കുറവും ഇല്ലമ്മേ.. എനിക്ക് ഇഷ്ടമുള്ളതൊക്കെ ഞാൻ ചോദിക്കുന്നതിന് മുന്നേ സിദ്ധുവേട്ടൻ എനിക്ക് വാങ്ങി തരും..നമ്മുടെ വീട്ടിൽ ഉള്ളത് പോലെ തന്നെ ഇവിടേയും ഞാൻ സന്തോഷത്തോടെയാണ് കഴിയുന്നത്…അമ്മ അതോർത്തു വിഷമിക്കണ്ട..” അമ്മയെ സമാധാനിപ്പിക്കാൻ പറഞ്ഞെങ്കിലും ആ വാക്കുകളിൽ മറഞ്ഞുകിടന്ന പൊരുൾ അവൾ മാത്രമേ അറിഞ്ഞിരുന്നുള്ളു.
തുടരും…