💔 മൊഴിയിടറാതെ 💔 : ഭാഗം 18

Spread the love

എഴുത്തുകാരി: തമസാ

ഉച്ച വെയിലും കൊണ്ട് വാടി തളർന്നു വന്ന ഗീതു, അമ്മയെ ഒന്ന് നോക്കിയിട്ട് കിടക്കാമെന്നോർത്ത് അമ്മയുടെ മുറിയിലേക്ക് കയറിച്ചെന്നു…. മോളേ ഒക്കത്തു വെച്ച് ചെല്ലുമ്പോൾ, അമ്മ കണ്ണടച്ച് ഉറങ്ങുകയാണ്……. അടുത്തിരുന്നു മെല്ലെ നോക്കി….. നിമിഷങ്ങൾക്കുള്ളിൽ, നെഞ്ച് പട പടാന്ന് ഇടിച്ചു……. മെല്ലെ കൈവെള്ളയിൽ പിടിച്ചു നോക്കി….. തണുത്തിരിക്കുന്നു……. മോളേ തറയിലേക്കിരുത്തി, അമ്മയെ തട്ടി വിളിച്ചു…… ഇല്ല…… ഒരനക്കവും ഇല്ല…… പുതപ്പിച്ചിരുന്നതൊക്കെ വാരി വലിച്ചു തറയിലേക്കിട്ട് അമ്മയുടെ വയറിലും നെഞ്ചിലുമെല്ലാം തൊട്ടു……

എല്ലായിടത്തും തണുപ്പാ…….. “””” അമ്മേ…… അമ്മച്ചിയേ….. ഒന്ന് മിണ്ടമ്മേ……. “””” അവരുടെ കൈകൾ വേഗത്തിൽ തിരുമ്മി ചൂടാക്കാൻ ശ്രമിച്ചു അവൾ……… കണ്ണുകൾ നിറഞ്ഞൊഴുകി……..ഉള്ളം കാലെല്ലാം മരവിച്ച പോലെ…… “”” ഒന്ന് കണ്ണ് തുറക്കമ്മേ…. എന്നെ ഇങ്ങനെ പേടിപ്പിക്കല്ലേ……. അറിയാലോ….. ന്റെ അമ്മ ജീവനോടെ ഉണ്ടല്ലോന്നുള്ള ധൈര്യത്തിലാ ഈ വീടിനകത്ത് ഇത്തിരിപ്പോന്ന കൊച്ചിനേം വെച്ചോണ്ട് കിടക്കുന്നെ….. അമ്മേം കൂടി എന്നെ തനിച്ചാക്കി പോവല്ലേമ്മേ…… “””” മുഖം മുഴുവൻ അവൾ ചുംബനം കൊണ്ട് മൂടി…….അവൾ കുറേ വിളിച്ചിട്ടും അവരെഴുന്നേറ്റില്ല…. “”” ന്നേ ഇട്ടിട്ട് പോയതാണോ …. പൊയ്ക്കോ….. ല്ലാരും പൊയ്ക്കോ…..

അപ്പോ ഗീതൂനാരൂലാണ്ടാവുലോ ……. “”” അവരുടെ വയറിനു മേലേക്ക് തലചായ്ച്ചു കിടന്നുകൊണ്ടവൾ കരഞ്ഞു വിളിച്ചു……. ആ മകളെ പെറ്റ വയർ അവളുടെ സങ്കടം കണ്ടു കണ്ട് മനസ് തകർന്ന് പോയതായിരുന്നു…….. ഒന്നുകൂടി പിറവിയെടുത്തു വരാൻ….. ആ മകളെ ഒരിക്കൽ കൂടി വയറ്റിൽ ചുമന്നു പ്രസവിക്കാൻ കൊതിച്ച്……. മൂക്കിലേക്ക് അടിച്ചു കയറിയ വിസർജ്യത്തിന്റെ മണം, അവളിൽ ആ മരണം ഉറപ്പിച്ചു…… മരണ വെപ്രാളം പലപ്പോഴും ഇങ്ങനെ ചിലത് ബാക്കി വെച്ചിട്ടാകും ശ്വാസത്തെ കൊണ്ട് പോവുന്നത്… തറയിൽ നിന്ന് മെല്ലെ എഴുന്നേറ്റ് വന്ന് ഗീതുവിന്റെ മേലേക്ക് ചാരി നിന്നു നന്ദൂട്ടി….. ആ കുഞ്ഞിന് അവളുടെ അമ്മ കരയുന്നത് സഹിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല…..

കുറച്ചു നിമിഷത്തേക്ക് കുഞ്ഞിനെ തന്നെ മറന്നു പോയിരുന്നു ഗീതു…… വയ്യാതെ കിടന്നിട്ടും അമ്മ മരിച്ചു കിടക്കുന്ന നിമിഷം ഇതുവരെ മനസ്സിൽ ഉണ്ടായിട്ടില്ല….. ദാ….. ഇപ്പോൾ കണ്മുന്നിൽ….. അനക്കമില്ലാതെ…… “””” ഒന്ന് കണ്ണ് തുറക്കുവോ…… ഒരു തവണ….. ഒന്ന് നോക്കുവോ….. ഗീതൂനു പേടിയായിട്ടാമ്മേ…… “””” അവളുടെ കൈകൾ അമ്മയുടെ മുഖം കയ്യിലെടുത്തു വിതുമ്പിയ ചുണ്ടുകൾ വിറച്ചുകൊണ്ട് ചോദിച്ചു……. അവളുറക്കെ കരഞ്ഞു….. ഒരുപാട് ഉറക്കെ……… ഇത്രയും നാളും കരഞ്ഞതിനോടെല്ലാം കൂട്ടിച്ചേർത്തു വെയ്ക്കാൻ ഒരു കുടം കണ്ണുനീർ കൂടി അവളുടെ വാടിയ കവിളിൽ കൂടി ഒലിച്ചിറങ്ങി….. ദീപൻ ബൈക്ക് നിർത്തി, ഇറങ്ങുമ്പോൾ തന്നെ അവളുടെ കരച്ചിൽ കേട്ടു……

സ്റ്റാൻഡിൽ വണ്ടി വെച്ചിട്ട് കുതിക്കുകയായിരുന്നു ഉള്ളിലേക്ക്……. ഭയം കൊണ്ട് ഇതുവരെ കയറാൻ മടിച്ച ആ അമ്മയുടെ മുറിയിലേക്ക് തന്നെ അവന് വരേണ്ടി വന്നു….. അമ്മയെ തെരുതെരെ ഉമ്മ വെച്ച് ഉറക്കെ നിലവിളിക്കുന്ന ഗീതുവും അതിനടുത്തു വിതുമ്പി നിൽക്കുന്ന മോളേയും കണ്ടപ്പോൾ അവൻ കാര്യങ്ങൾ ഊഹിച്ചു…… ഓടിച്ചെന്ന് മോളേ എടുത്ത് പിടിച്ചു കൊണ്ട് അവൻ അവളെ വിളിച്ചു…… ദീപന്റെ തോളിലേക്ക് കിടന്നു കരഞ്ഞു, നന്ദൂട്ടി പെട്ടെന്ന്…… ആരെ ആശ്വസിപ്പിക്കണം എന്ന് ഒരുവേള അവൻ സംശയിച്ചു പോയി….. “”” ഗീതൂ……. എണീക്ക് ഗീതൂ… “”” അവളുടെ തോളിൽ പിടിച്ചു തിരിച്ചു കൊണ്ട് അവൻ വിളിച്ചു… “””” ഇല്ല….. ന്റെ അമ്മ എന്നെ ഒന്ന് നോക്കട്ടെ…….

അമ്മയ്ക്കറിയാലോ ഞാൻ ഒറ്റയ്ക്കാന്ന്…. അങ്ങനൊന്നും എന്നെ ഇട്ടിട്ട് പോവാൻ പറ്റില്ല…. ഇച്ചിരി ജീവൻ എവിടെങ്കിലും കാണും…… എനിക്കുറപ്പാ…… “””” കരച്ചിലിനിടയിൽ ചിലതൊന്നും അവന് വ്യക്തമായില്ല….. അവരുടെ കാലുകളിൽ തൊട്ട് നോക്കുമ്പോൾ കുറ്റബോധം കൊണ്ട് അവന്റെ നെഞ്ച് പിളർന്നു….. മാപ്പ്……. തിരുത്താൻ പറ്റാത്ത തെറ്റായിപ്പോയി…… അല്ലെങ്കിൽ……. ഞാൻ എങ്ങനെയാ ഈ അമ്മയുടെ രണ്ട് മക്കളെയും പഴേ പോലെ തിരിച്ചു തരുന്നത്….. അല്ലായിരുന്നേൽ…….. കാലിന്റെ അടിഭാഗത്തെ തണുപ്പറിഞ്ഞിട്ട്, അവളെ ഒന്ന് നോക്കിക്കൊണ്ട് അവൻ മോളെയും പിടിച്ചു പുറത്തേക്കിറങ്ങി….. ഇറയത്തു മോളെയും ചേർത്ത് പിടിച്ച് ഇരുന്നുകൊണ്ട് അവൻ ആലോചിച്ചു ഇനി എന്ത് വേണമെന്ന്……

അവസാനം ഗീതുവിന്റെ മൊബൈൽ തപ്പിയെടുത്ത്, നിനിലിനെ വിളിച്ചു കാര്യം പറഞ്ഞു…. കൂടെ ഒരു ഡോക്ടറെയും കൺഫേം ചെയ്യാനായി കൊണ്ടുവരാൻ പറഞ്ഞിട്ട് അവൻ തിരിച്ചു ഗീതുവിന്റെ അടുത്ത് തന്നെ എത്തി….. അമ്മയുടെ നെഞ്ചിലേക്ക് വീണു കരഞ്ഞു കൊണ്ടിരുന്ന ആ പാവം നിസ്സഹായയായ പെണ്ണിന്റെ ശബ്ദം ഇടറിപ്പോയിക്കൊണ്ടിരുന്നു…….ഏങ്ങലുകൾക്കൊപ്പം ശ്വാസം വലിച്ചെടുക്കാൻ പറ്റാതെ ഉലഞ്ഞുപോയിരുന്നു അവൾ………അമ്മയുടെ അടുത്ത് നിന്ന് ബലമായി തന്നെ പിടിച്ചു മാറ്റിയ കരങ്ങളെ ബലം പിടിച്ചു തള്ളിമാറ്റി പിന്നെയും അവളാ മാറിലേക്ക് ഒതുങ്ങിക്കൂടാൻ കൊതിച്ചിരുന്നു…… അതിനായ് സകല ബലവും പ്രയോഗിച്ചു ഗീതു…..

മോളെയും കൊണ്ട് ബലപ്രയോഗത്തിനു പറ്റാതെ കഷ്ട്ടപ്പെട്ടൊടുവിൽ തോളോട് കൂടി ഗീതുവിനെ വലിച്ചു പൊക്കി, അവൻ ചേർത്ത് പിടിച്ചു……. അടുത്ത് നിൽക്കുന്നവൻ ആരെന്നോ ഏതെന്നോ അറിയാതെ, അടുത്ത് നിന്ന മനുഷ്യന്റെ വയറിന്റെ ചൂടിലേക്ക് മുഖമമർത്തി തേങ്ങിക്കരഞ്ഞു കൊണ്ടവൾ ഒട്ടിക്കിടന്നു…… തന്റെ മുന്നിൽ ഫണമുയർത്തി നിന്ന സർപ്പം, ചേരയായി ഒതുങ്ങിപ്പോകുന്നത് കണ്ട് അവനും ഹൃദയത്തിൽ നോവുണ്ടായി…… ആരുമില്ലാത്ത ഒരുത്തി…… ഇനി എങ്ങനെ…….. !!!! ഇപ്പുറത്തെ കൈകൊണ്ട് അവളെ തന്നോട് ചേർത്ത് പിടിച്ചു പുറം തലോടി അവൻ ആശ്വസിപ്പിക്കാൻ ശ്രമിച്ചു കൊണ്ടേയിരുന്നു…… പക്ഷെ അവൾ കണ്ണ് തുറന്നതേ ഇല്ല…… ഏങ്ങലുകൾ ഒടുങ്ങിയതുമില്ല….

അകത്തേക്ക് കയറി വന്ന നിനിലും നീനയും കണ്ടതും അതായിരുന്നു…… മോളെയും അവളെയും എങ്ങനെ സമാധാനിപ്പിക്കണം എന്ന് അറിയാതെ ഉഴലുന്ന ദീപനെ……. നിനിലിനൊപ്പം വന്ന ഡോക്ടർ കുറച്ചു നേരത്തിനുള്ളിൽ മരണം സ്ഥിരീകരിച്ചു….. ഡോക്ടറിനെ കൊണ്ട് വിടാൻ ഉള്ളത് കൊണ്ട്, ദീപനെ ദയനീയമായി ഒന്ന് നോക്കിയിട്ട് നിനിൽ പുറത്തേക്കിറങ്ങി…… നിനിൽ നേരത്തെ പറഞ്ഞതൊക്കെ ഓർമയിൽ ഉള്ളതിനാൽ, ഗീതുവിനെ പിടിച്ചു മാറ്റി സമാധാനിപ്പിക്കാൻ നീന ശ്രമിച്ചെങ്കിലും ഏങ്ങലുകൾ മാത്രമാക്കി വാടിത്തളർന്ന അവൾ ദീപനിൽ ചാരി ഇരുന്നു…. “

“” മോളേ പിടിച്ചാൽ മതി…. ഞാൻ മാറ്റിക്കോളാം… “”” നീനയുടെ കയ്യിലേക്ക് മോളേ കൊടുത്തു, ദീപൻ…… ഗീതുവിന്റെ കവിളിൽ തട്ടി വിളിച്ചിട്ടും അവൾ എണീറ്റില്ല….. വിളിച്ചപ്പോഴൊക്കെ മൂളിയെങ്കിലും അവൾ മിണ്ടിയതേ ഇല്ല…… രണ്ട് കയ്യിലും പിടിച്ചെണീപ്പിക്കാൻ ദീപൻ നോക്കിയപ്പോൾ തളർന്നൊടിഞ്ഞവൾ കീഴ്‌പോട്ട് പോയി…… വീഴും മുൻപേ രണ്ടു കൈകൊണ്ടും ദീപൻ വാരിയെടുത്തു ഗീതുവിനെ…… ഗീതുവിന്റെ മുറിയിലേക്ക് അവളെ കൊണ്ട് ചെന്നു കിടത്തി, മോളെയും നീനയെയും അവൻ അടുത്തിരുത്തി….. അടുക്കളയിലിരുന്ന വെള്ളം എടുത്തു കൊണ്ട് വന്ന് മുഖം തുടച്ചും നാവ് നനച്ചും കൊടുത്തു……. എന്ത് ചെയ്യണം എന്ന് അറിയാതെ ഇരിക്കുവായിരുന്നു നീന…..

പപ്പയും മമ്മിയും പുറത്തേക്ക് പോയി…. അതുകൊണ്ടാ ഒറ്റയ്ക്ക് വരേണ്ടി വന്നത്…. എന്താ ചെയ്യണ്ടതെന്ന് കൂടി അറിയില്ല……. ഗീതുവിനെ നോക്കി ഇരുന്നു കൊണ്ട്, നന്ദൂട്ടിയെ അവൾ നെഞ്ചോട് ചേർത്ത് പിടിച്ചു….. ഏങ്ങിക്കൊണ്ട് കട്ടിലിൽ അനങ്ങാതെ കിടന്നു ഗീതു….. എന്ത് ചെയ്യണം എന്ന് അറിയാതെ പകച്ചു നിന്നു, അവൻ ആ അമ്മയുടെ അടുത്ത്…… കുറച്ചു കഴിഞ്ഞപ്പോൾ നിനിൽ കയറി വന്നു…… പുറകെ പുറകെ വീട് മുഴുവൻ ആളുകൾ നിറഞ്ഞു…. …രാവും കടന്നു നേരം വെളുത്തു….. അമ്മയുടെ ആൾക്കാരെ കൊണ്ട് വീട് തികയാതെ വന്നു….. ഇത്രയും ആളുകൾ ഇവർക്ക് ഉണ്ടായിരുന്നോ ……. !! കിണറ്റിൽ കരയിൽ ആരും അധികം ശ്രദ്ധിക്കാത്ത വണ്ണം നിന്ന് അവനോർത്തു…….

അതിനിടയിലും ആരൊക്കെയോ പഴങ്കഥകൾ പറഞ്ഞു മൂക്കത്തു വിരൽ വെച്ചു….. അത് ഓരോ നാവും ഏറ്റു പിടിച്ചു….. പിഴച്ചു പെട്ടവളെന്ന്……. പിഴപ്പിച്ചവനെ എന്തേ ആരുമൊന്നും പറയാത്തത്……. !! ……. അവന്റെ മനസ് വെമ്പൽ കൊണ്ടു, അവന്റെ കുഞ്ഞോള് തന്ത ഏതെന്ന് അറിയാത്തവളാണെന്ന് പറഞ്ഞപ്പോൾ……… ഉറക്കെ വിളിച്ചു പറഞ്ഞ്, മരണവീടിനെ ഇനിയും പുകയ്ക്കണ്ടെന്ന് അവൻ കരുതി…. ഒരുപാട് പേരുണ്ടായിട്ടും ആരും ഇല്ലാത്തത് പോലെ….. ആ മുറിയിലേക്ക് ചെന്ന് അവളെ ഒന്ന് ആശ്വസിപ്പിക്കാൻ ഒടുവിൽ, നിനിലിന്റെ വീട്ടുകാർ വരേണ്ടി വന്നു….. അന്യനായി മാറി നിന്നു, ദീപൻ….. ചന്ദനത്തിരിയുടെ രൂക്ഷഗന്ധം ചുറ്റും വ്യാപിച്ചു……

സിരകളെ പോലും ആ കടുത്ത മണം തുളച്ചു ….. രണ്ട് ആങ്ങളമാർ മാത്രം ഉള്ള, ആ സ്ത്രീയെ വാഴയിലയിൽ നാണം മറച്ചു പിടിച്ചു കുളിപ്പിച്ചത് ആ നാട്ടിലെ കുടുംബശ്രീ പെണ്ണുങ്ങളായിരുന്നു…… രക്തബന്ധങ്ങളും അവരുടെ മക്കളും വെറുതെ നോക്കി നിന്നു……. ചരൽ നീക്കി ചാണകം തേച്ചു പിടിപ്പിച്ച മുറ്റത്തു നിലവിളക്ക് കത്തിച്ചു വെച്ചു…… വാടകയ്‌ക്കെടുത്ത രണ്ട് ഡെസ്കുകൾ കൂട്ടിയിട്ട് അതിന് മേലെ അവരെ വെള്ളപുതപ്പിച്ചു കിടത്തി……… എവിടെ നിന്നോ പൊട്ടിമുളച്ച അഞ്ചാറ് ബന്ധുക്കൾ നനഞ്ഞ വസ്ത്രത്തിൽ വന്ന് ആ ശരീരത്തിന് ചുറ്റും നിന്നു….. ഒടുവിൽ, കരഞ്ഞു തളർന്ന ആ ചെറു പെണ്ണിനെ ജലജ ചേച്ചിയും നിനിലിന്റെ അമ്മയും കൂടി പുറത്തേക്ക് കൊണ്ടുവന്നു…….

പടർന്നു പൊങ്ങുന്ന നിലവിളക്കുകളുടെ ചൂടിലും ചന്ദനത്തിരിയുടെ മണത്തിലും നാമജപങ്ങൾ ഉയർന്നു….. ഒടുവിൽ, എല്ലാ കർമങ്ങളും പൂർത്തിയാക്കി ആ അമ്മയുടെ ചേതനയറ്റ ശരീരത്തെ, ബലിയിട്ടവർ ചേർന്ന് ആംബുലൻസിൽ കയറ്റി…… പൊതു ശ്മശാനത്തിലേ തീയിലേക്ക് തന്റെ അമ്മയെ കൊടുക്കുന്നത് കാണാൻ വയ്യാതെ, അവളാ വീടിന്റെ ഒരു ചുവരിലേക്ക് ഒതുങ്ങി……. ആംബുലൻസിൽ കേറാനായി വിളിക്കാൻ വന്ന കുര്യാച്ചനോടും ഭാര്യയോടും വയ്യെന്ന് പറഞ്ഞവൾ അവളുടെ മുറിയിലെ കട്ടിലിലേക്ക് കിടന്നു….. ശ്മശാനം വരെ നിനിലും കുടുംബവും പോയി….. നീനയുടെ കൈകളിൽ മാത്രം ചുരുണ്ടു കൂടി നന്ദൂട്ടിയും….

ഇത്രയും ആൾക്കൂട്ടം കണ്ടു പലവട്ടം ബഹളം വെച്ചിരുന്നു മോള്……. ആരും ആ പിഞ്ചു കുഞ്ഞിനെ തിരിഞ്ഞു പോലും നോക്കിയില്ല…. നിമിഷങ്ങൾക്കകം ആ വീട് കാലിയായിത്തുടങ്ങി…. ഒറ്റ ദിവസം കൊണ്ട് കടന്ന് വന്നവരെല്ലാം പടിയിറങ്ങി….. അയല്പക്കത്തെ കുറച്ചു പെണ്ണുങ്ങളും ആണുങ്ങളും നീനയും ദീപനും മാത്രമായി….. ഇടയ്ക്ക് ഗീതു വിളിച്ചിട്ട് കണ്ണ് തുറക്കുന്നില്ലെന്ന് ആരോ പറയുന്നത് കേട്ടു…… ദീപൻ ജനലോരം ചെന്ന് അവളെ നോക്കി…… ഉറങ്ങുവാണെന്ന് കരുതി ആദ്യം…… എല്ലാവരും വിളിക്കുന്നുണ്ട്….. പക്ഷേ അവളൊന്നും മിണ്ടിയില്ല….. ഒടുവിൽ, അടുത്തുള്ള വീട്ടിലെ ആരുടെയോ ജീപ്പിൽ അവളെയും പിടിച്ചു കേറ്റി, ആ പെണ്ണുങ്ങൾ ആശുപത്രിയിലേക്ക് പോയി….. ദീപന് ആ നിമിഷം മരിക്കാൻ വരെ തോന്നി…..

താൻ ഒറ്റയൊരുത്തൻ ആണ് ഇതിനെല്ലാം കാരണം….. ആ ജീപ്പ് കണ്ണിൽ നിന്ന് മറയുന്ന വരെ നോക്കി നിന്നിട്ട്, ഇറയത്തേക്ക് ഇരുന്ന ദീപൻ കണ്ടത് തന്നെ നോക്കി പേടിച്ചു വിറച്ചു കുഞ്ഞിനേയും കൊണ്ടു നിൽക്കുന്ന നീനയെ ആണ്….. ആദ്യം ഒന്ന് പകച്ചു പോയെങ്കിലും പെട്ടെന്ന് ആ പേടിയുടെ കാരണം അവന് മനസിലായി….. മോൾക്ക് നേരെ കൈകാട്ടിയ അവന് നേരെ ചാടി വന്ന മോളേ വാരിയെടുത്തവൻ നെഞ്ചിലേക്കിട്ടു…… “”””” വാതിലടച്ച് അകത്തിരുന്നോ…… പെണ്ണുങ്ങളാരേലും വരുന്നത് വരെ പുറത്തിറങ്ങേണ്ട….. മോളേ ഞാൻ നോക്കിക്കോളാം…. “””” തന്നെ പേടിയോടെ നോക്കുന്ന നീനയോട് വിളറിയ മുഖത്തോടെ പറഞ്ഞു കൊണ്ടവൻ മുറ്റത്തേക്കിറങ്ങി താഴേയ്ക്ക് നടന്നു…. അവന് പുറകിലായി അന്നും ആ വാതിലുകൾ ചേർന്നടഞ്ഞു……. മോളെയും നെഞ്ചിലിട്ടു തട്ടികൊണ്ടവൻ ഹൃദയഭാരത്തോടെയും ആലോചനകളോടെയും നടന്നു……..

തുടരും….. © തമസാ ലക്ഷ്മി…. REPLY ന്താണേലും തന്ന് തീർന്നിട്ടേ അടുത്ത പാർട്ട് ഇടുള്ളൂട്ടോ…. വൈകൂല ഇനി…. 😢 ഞാൻ എന്ന ഈ കഥ എഴുതുന്ന ആൾ എങ്ങും ദീപനെ പുണ്യാളൻ ആക്കിയിട്ടില്ലട്ടോ….. കഥയിൽ വരുന്ന കഥാപാത്രങ്ങൾ പലതും പറയും….. അതൊക്കെ ഞാൻ പറയുന്നത് ആകുവോ….. 😢 പിന്നെ ദീപനെയും ഗീതുവിനെയും കഴിപ്പിക്കുന്നില്ലെങ്കിൽ വലിച്ചു നീട്ടാതെ നിർത്തുവാൻ പറഞ്ഞവരോട് ഞാൻ എന്താ കുട്ടീസ് ഇപ്പോൾ പറയുക…… ലാഗ് ആവുന്നുണ്ടെങ്കിൽ സോറിട്ടോ…. 50 ദിവസം ഗ്യാപ് ഇട്ടിട്ട് എഴുതുമ്പോൾ നിങ്ങളൊക്കെ മറന്നു പോയി കാണുമല്ലോ എന്നോർത്തിട്ടാ ഡെയിലി ചെയുന്ന കാര്യങ്ങൾ പിന്നെയും പറഞ്ഞത്…… സോറി…. വലിച്ചു നീട്ടലൊന്നും ഇനി ഉണ്ടാവൂല….. കുറച്ചു ദിവസത്തിനുള്ളിൽ തീരുമാനം ആകും കഥ…….. അതുവരെ ക്ഷമിക്ക്….. ഇതുതന്നെ ഞാൻ ഒത്തിരി കഷ്ടപ്പെട്ടാ എഴുതുന്നത്….. വായിച്ചു പോയ ഒരു കഥയിൽ കുടുങ്ങി കിടക്കുവാ മനസ്സിപ്പോഴും….. 💓….ഞാൻ റിയൽ ലൈഫിൽ ഒത്തിരി സ്ട്രോങ്ങ്‌ ആണെങ്കിലും കഥകൾ വായിച്ചാൽ ഞാൻ വളരെ സെൻസിറ്റീവ് ആണ്….. അതാണ്…… 💔 പെട്ടെന്ന് അടുത്ത പാർട്ടുകൾ ഇട്ടു നിർത്താൻ ശ്രമിക്കാട്ടോ

💔 മൊഴിയിടറാതെ 💔 : ഭാഗം 17

-

-

-

-

-