Wednesday, December 18, 2024
Novel

താദാത്മ്യം : ഭാഗം 35

എഴുത്തുകാരി: മാലിനി വാരിയർ

ജനൽ വഴി ഒഴുകിയെത്തിയ ഇളം തെന്നൽ അവളെ തലോടി കടന്നുപോയി. മിഥുന മെല്ലെ കണ്ണുകൾ തുറന്നു. അവൾ തന്റെ മുറിയിലാണെന്ന് അവൾ തിരിച്ചറിഞ്ഞു, തലയ്ക്കു വല്ലാത്ത ഭാരമുള്ളതായി അവൾക്ക് അനുഭവപ്പെട്ടു. തലയിൽ കൈവെച്ചുകൊണ്ട് അവൾ കട്ടിലിൽ ഇരുന്നു. തനിക്കെന്താണ് സംഭവിച്ചത് എന്നറിയാൻ അവൾ ഓർമ്മകളിലേക്ക് ചേക്കേറാൻ തുടങ്ങുന്ന സമയത്താണ് മുറിയുടെ വാതിൽ തുറക്കുന്ന ശബ്ദം കേട്ട് അവൾ തല ഉയർത്തി നോക്കിയത്. സിദ്ധു പുഞ്ചിരിയോടെ അവിടെ നിൽക്കുകയാണ്. “എഴുന്നേറ്റോ..? ” അവൻ അവളുടെ അടുത്തേക്ക് നടന്നു.

അവൾ അവന്റെ മുഖത്തേക്ക് നോക്കി നിൽക്കുകയാണ്. “ദാ ഇത് കുടിക്ക്..” അവൻ കയ്യിൽ കൊണ്ടുവന്ന ഒരു കോപ്പ അവളുടെ കയ്യിലേക്ക് കൊടുത്തു. മിഥു അത് വാങ്ങിച്ചെങ്കിലും എന്താണ് സംഭവിച്ചതെന്ന ചിന്തയിലായിരുന്നു അവൾ. “എന്താ ആലോചിക്കുന്നത്..ഇത് കുടിക്ക്.. തലവേദന മാറിക്കോളും..” അവൻ പറഞ്ഞതും, “സിദ്ധുവേട്ടാ.. എനിക്ക് എന്താ പറ്റിയെ…” ഒന്നും മനസ്സിലാകാതെ അവൾ അവന്റെ മുഖത്തേക്ക് നോക്കി. “നീ കുടിച്ചത് പതനീരല്ല.. കള്ളാ… അത് കുടിച്ച് നിനക്ക് മയക്കം വന്നു..” നടന്നത് സിദ്ധു പറഞ്ഞപ്പോൾ അവൾക്ക് സ്വയം ലജ്ജ തോന്നി. “ഞാൻ അങ്ങനൊക്കെ ചെയ്തോ…” അവൾ മനസ്സിൽ പറഞ്ഞു.

“സോറി.. സിദ്ധുവേട്ടാ… ചുണ്ണാമ്പ് ചേർക്കണമെന്ന് സിദ്ധുവേട്ടൻ പറഞ്ഞതല്ലേ.. വെറ്റില മുറുക്കാനല്ലേ ചുണ്ണാമ്പ് ഉപയോഗിക്കുന്നത്.. അതുപോലെ എന്തെങ്കിലും ആണെന്ന് കരുതിയാണ് ഞാനത് കുടിച്ചത്.” അവൾ മനസ്സിലുണ്ടായിരുന്നത് തുറന്നു പറഞ്ഞു.. “നിന്നോട് ഞാൻ വ്യക്തമായി പറയേണ്ടതായിരുന്നു.. അങ്ങനെ പറയാത്തത് എന്റെ തെറ്റാ.. ഏതൊരു പദാർത്ഥത്തോടും അതിനോട് ചേരുന്ന ഒന്ന് ചേർത്താലേ അതിന് ഗുണം ഉള്ളൂ മിഥു.. ചേർക്കേണ്ടത് ശരിയായ അളവിൽ ചേർത്താൽ അത് വളരെ രുചിയുള്ള പാനീയമായി മാറും.അത് വെവ്വേറെ തിരിച്ചാൽ അത് ശരീരത്തിന് നല്ലതല്ല താനും. അത് മനസ്സിലാക്കി വേണം നമ്മൾ എന്തും ചെയ്യാൻ. ” അവൻ വിവരിച്ചുകൊടുത്തു.

“ഉം.. ശരിയായ കെമിക്കൽ റീയാക്ഷൻ നടന്നാൽ ഓരോ പദാർത്ഥങ്ങളുടെ ഗുണവും മാറും.. അത് മനസ്സിലാക്കി ഉപയോഗിക്കണം ശരിയല്ലേ…” അവൾ ആവേശത്തോടെ പറഞ്ഞു. “അതെ… ഇതെങ്കിലും ഇത്ര എളുപ്പത്തിൽ മനസ്സിലാക്കിയല്ലോ..സന്തോഷം.. ഈ കഷായം കുടിച്ചിട്ട്.. പുറത്ത്‌ കാറ്റ് കിട്ടുന്നിടത്ത് കുറച്ചു നേരം പോയി ഇരിക്ക്.. തലവേദന മാറും…” എന്ന് പറഞ്ഞുകൊണ്ട് അവൻ അവിടെ നിന്നും നടന്നു. “ഞാനിപ്പോ എന്ത് മനസിലാക്കിയില്ലെന്നാണ് സിദ്ധുവേട്ടൻ പറഞ്ഞത്..” അവൻ പോയ ദിശയിലേക്ക് സംശയത്തോടെ നോക്കികൊണ്ട് അവൾ മനസ്സിൽ ഓർത്തു. “സിദ്ധുവേട്ടാ… ഉച്ചയ്ക്ക് ചോറ് കഴിച്ചോ…? ” അവൾ അല്പം വിഷമത്തോടെ ചോദിച്ചു.. “ഞാൻ കഴിച്ചു.. നീ വിഷമിക്കണ്ട…”

അവൻ പുഞ്ചിരിയോടെ മറുപടി പറഞ്ഞു. “ശരി.. ഇപ്പോ ഞാൻ എന്താ ഉണ്ടാക്കേണ്ടേ…? ” അവൾ ആവേശത്തോടെ ചോദിച്ചു. “അതിന് നിനക്ക് പാചകം അറിയോ..? ” അവൻ ആശ്ചര്യത്തോടെ ചോദിച്ചു. “അമ്മായി ഇന്നലെ എളുപ്പത്തിൽ പാചകം ചെയ്യേണ്ട ചിലത് പറഞ്ഞു തന്നിരുന്നു. ഞാൻ അത് ഉണ്ടാക്കി തരാം..” അവൾ ശാന്തമായി മറുപടി പറഞ്ഞു. “അതെന്താ ഒറ്റ ദിവസം കൊണ്ട് പഠിച്ചെടുത്ത സാധനം…” “ഉപ്പുമാവ്…” അവൾ കണ്ണുകൾ തിളക്കികൊണ്ട് മറുപടി പറഞ്ഞു.. “എന്ത് ഉപ്പുമാവോ…? ” അവനൊന്ന് ഞെട്ടി.. “എന്താ സിദ്ധുവേട്ടാ..? ” അവൾ ഒന്നും മനസ്സിലാവാതെ ചോദിച്ചു.. “അമ്മേ…!

എന്നോട് ഈ ക്രൂരത വേണമായിരുന്നോ…” അവൻ മനസ്സിൽ ചിന്തിച്ചുകൊണ്ട്, “എനിക്ക് ഉപ്പുമാവ് ഇഷ്ടമല്ല.. നമുക്ക് വേറെന്തെങ്കിലും ഉണ്ടാക്കാം…” അവൻ മറുപടി പറഞ്ഞു.. “ഓ.. ഏട്ടന് ഉപ്പുമാവ് ഇഷ്ടമല്ലേ…? പിന്നെന്തിനാ അമ്മായി അതുണ്ടാക്കാൻ എന്നോട് പറഞ്ഞത്.. അതായിരുന്നെങ്കിൽ വളരെ എളുപ്പത്തിൽ ഉണ്ടാക്കാമായിരുന്നു..” അവൾ വിഷമത്തോടെ പറഞ്ഞതും, “നീ വിഷമിക്കണ്ട മിഥു.. ഞാൻ ഉണ്ടാക്കിക്കോളാം.. നീ കണ്ട് പഠിക്ക്…” അവളെയും കൂട്ടി അവൻ അടുക്കളയിലേക്ക് നടന്നു. ************************************** ഡൽഹി, “അച്ചു… എന്താ ഇവിടെ…? ” തന്റെ മുന്നിലിരിക്കുന്ന അർജുനെ നോക്കി മൃദുല ചോദിച്ചു.

“ഒരു പ്രൊജക്റ്റിന്റെ കാര്യത്തിന് വന്നതാ മിലു..നീ ഇവിടെയാണെന്ന് അറിയാമായിരുന്നു.. അതാ നിന്നെ ഒന്ന് കണ്ട് സംസാരിക്കാമെന്ന് കരുതി..” അവൻ സൗമ്യമായി മറുപടി പറഞ്ഞു. “ഉം… വീട്ടിൽ എല്ലാവർക്കും സുഖമല്ലേ…? അഞ്ചു എന്ത് പറയുന്നു..? ” അവൾ ചോദിച്ചതും, “എല്ലാവരും സുഖമായിരിക്കുന്നു… പിന്നെ എന്നോട് ക്ഷമിക്കണം.. അമ്മാവനോട് ഞാൻ അങ്ങനൊന്നും സംസാരിക്കാൻ പാടില്ലായിരുന്നു..” അവൻ വീണ്ടും തുടരുന്നതിനു മുൻപേ, “ആ കാര്യത്തിൽ എനിക്ക് നല്ല വിഷമമുണ്ട്.. അത്ര പെട്ടെന്നൊന്നും അത് ക്ഷമിക്കാൻ എനിക്ക് കഴിയില്ല.. പിന്നെ ചേച്ചി പറഞ്ഞു, നിങ്ങൾ ഒരുപാട് മാറി, ഒരുപാട് വിഷമിക്കുന്നുണ്ട് എന്നൊക്കെ..

ഞാനിപ്പോ നിങ്ങളോട് സംസാരിക്കാൻ കാരണം തന്നെ അതാണ്.. ഞാനിപ്പോ പറഞ്ഞത് അച്ചൂനെ വിഷമിപ്പിച്ചിട്ടുണ്ടെങ്കിൽ, സോറി..” അവൾ മനസ്സിൽ തോന്നിയത് പറഞ്ഞു. “എല്ലാർക്കും ഞാൻ വെച്ചിട്ടുണ്ടെടി… പ്രേത്യേകിച്ചു നിന്റെ കുടുംബത്തിന്…” അവൻ മനസ്സിൽ ചിന്തിച്ചു. “ശരി മിലു.. ഒരുനാൾ നീ എന്നെ മനസ്സിലാക്കും.. നീ വല്ലതും കഴിച്ചോ..? ” അർജുൻ സ്നേഹത്തോടെ ചോദിച്ചു. “ഫ്രണ്ട്സ് ഉണ്ട്.. അവരുടെ കൂടെ വേണം കഴിക്കാൻ..” അവൾ മറുപടി പറഞ്ഞു. “ശരി… ദാ…” അവൻ വാങ്ങി വന്ന ഡയറി മിൽക്ക് അവൾക്ക് നേരെ നീട്ടി. ഒരു മടിയോടെ അവളത് വാങ്ങി. “അച്ചു.. ഇനി ഇതുപോലെ ചോക്ലേറ്റ് ഒന്നും വാങ്ങി വരണ്ട.. ഞാൻ ഇത് കഴിക്കാറില്ല..” അവന്റെ മനസ്സ് വിഷമിക്കണ്ട എന്ന വിധത്തിൽ അവൾ സൗമ്യമായി പറഞ്ഞു.

അവൻ അവൾ അറിയാത്ത വിധത്തിൽ പല്ലുകൾ കടിച്ചുകൊണ്ട് ദേഷ്യം നിയന്ത്രിച്ചു. “ശരി അച്ചു… ഞാൻ പോട്ടെ…” എന്ന് പറഞ്ഞുകൊണ്ട് അവൾ അവിടെ നിന്നും നടന്നു.. “നിന്നെ കാണാൻ ഇത്രയും ദൂരം വന്ന എന്നെ ഒരന്യനോട് പെരുമാറുന്നത് പോലെ പെരുമാറുന്നോ…? ആ സിദ്ധുനെ സിദ്ധുവേട്ടാ… സിദ്ധുവേട്ടാ… എന്ത് ബഹുമാനത്തോടെയാണ് ചേച്ചിയും അനിയത്തിയും വിളിക്കുന്നത്..പക്ഷെ എന്നെ കണ്ടാൽ നിങ്ങൾക്ക് കോമാളിയെ പോലെ തോന്നുണ്ടോ..? ” പല്ലുകൾ കടിച്ചുകൊണ്ട് അവൻ മനസ്സിൽ പറഞ്ഞു. “നിന്റെ അച്ഛനും അമ്മയും നിന്നെ ബഹുമാനം എന്താണെന്ന് പഠിപ്പിച്ചിട്ടില്ല.. നമ്മുടെ കല്യാണമൊന്ന് കഴിഞ്ഞോട്ടെ.. ബഹുമാനം എന്താ.., മൂത്തവരോട് സംസാരിക്കേണ്ടത് എങ്ങനാ എന്നൊക്കെ ഞാൻ നിനക്ക് പഠിപ്പിച്ചു തരാം..” നിഗൂഢമായി ചിരിച്ചുകൊണ്ട് അവൾ പോയ ദിശയിലേക്ക് നോക്കി നിന്നു.

കുറച്ചു ദൂരം നടന്ന മിലു, അവിടെ ഒരു ചെറിയ കുട്ടി ദേഷ്യത്തോടെ ഇരിക്കുന്നത് കണ്ടു. അവളുടെ മനസ്സ് അവളെ അവന്റെ അടുത്തേക്ക് നടക്കാൻ പ്രേരിപ്പിച്ചു.അവൾ അവനടുത്തേക്ക് ചെന്നു. “ഹേയ്… എന്ത് പറ്റി നിനക്ക്..? എന്തിനാ ഇങ്ങനെ മുഖം വീർപ്പിച്ചു ഇരിക്കുന്നെ..” അവൾ അവന്റെ അടുത്ത് ഇരുന്നുകൊണ്ട് ചോദിച്ചു. “അമ്മ അടിച്ചു…” അവൻ ദേഷ്യത്തോടെ മറുപടി പറഞ്ഞു. “അച്ചോടാ…!എങ്കിൽ നമുക്ക് അമ്മയെ തിരിച്ചു തല്ലാം… ഇങ്ങനെ ഒറ്റയ്ക്ക് വന്നിരിക്കരുത് കേട്ടോ.. മോന്റെ അമ്മ എവിടെ..? ” മിലു വാത്സല്യത്തോടെ ചോദിച്ചു.. “അമ്മയെ കാണുന്നില്ല..” അവൻ പെട്ടെന്ന് കരയാൻ തുടങ്ങിയതും മിലുവിന് പാവം തോന്നി. “ശരി ടാ കുട്ടാപ്പി… കരയണ്ടാട്ടോ..

അമ്മ ഇവിടെ എവിടെയെങ്കിലും കാണും… നമുക്ക് നോക്കാട്ടോ..” അവൾ അവനെ സമാധാനിപ്പിക്കാൻ ശ്രമിച്ചെങ്കിലും അവൻ അതൊന്നും ചെവികൊള്ളാതെ കരഞ്ഞുകൊണ്ടിരുന്നു.. മിലു തന്റെ കയ്യിൽ ഉണ്ടായിരുന്ന ചോക്ലേറ്റ് അവന് കൊടുത്തു.. ചോക്ലേറ്റ് കണ്ടതും അവൻ കരച്ചിൽ നിർത്തി. അവന്റെ അമ്മ അവിടെ എവിടെയെങ്കിലും ഉണ്ടോ എന്നറിയാൻ അവളുടെ കണ്ണുകൾ അവിടമാകെ ചുറ്റി നടന്നു.. “ഋഷി…!!” പരിഭ്രമത്തോടെയുള്ള ഒരു സ്ത്രീയുടെ ശബ്ദം കേട്ട് മിലു തിരിഞ്ഞു നോക്കി. ഒരു യുവതി അവരുടെ അടുത്തേക്ക് വന്ന് ആ കുട്ടിയെ കോരിയെടുത്തു. “ചേച്ചിയുടെ മോനാണോ…? ” മിലു ചോദിച്ചു.. “അതെ മോളെ..

പെട്ടെന്ന് ഇവനെ കാണാതായി… ഞാനാകെ പേടിച്ചു ഓടി നടക്കുവായിരുന്നു..” അവരുടെ അവസ്ഥ മൃദുലയ്ക്ക് മനസ്സിക്കാൻ കഴിഞ്ഞു.. “ഈ ചേച്ചി എനിക്ക് ചോക്ലേറ്റ് തന്നു..” ആ കുട്ടി അവന്റെ മനോഹരമായ പല്ലുകൾ കാട്ടി ചിരിച്ചതും, മൃദുലയും പുഞ്ചിരിച്ചു. “അമ്മയെ കാണുന്നില്ല എന്ന് പറഞ്ഞ് കരയുവായിരുന്നു.. അതാ ചോക്ലേറ്റ് കൊടുത്ത് ഒന്ന് സമാധാനിപ്പിക്കാൻ നോക്കിയതാ..” അവൾ പുഞ്ചിരി വിടാതെ പറഞ്ഞു.. “വളരെ നന്ദിയുണ്ട് മോളെ.. അവൻ വേറെ എവിടെയെങ്കിലും പോയില്ലല്ലോ.. ഇത്രയും വലിയ ഷോപ്പിങ് മാളിൽ എവിടെ പോയി തിരയും…”

അവർ സംതൃപ്തിയോടെ പറഞ്ഞു. മിലു ആ കുട്ടിയുടെ കവിളിൽ മുത്തിക്കൊണ്ട്, “ഇനി അമ്മയോട് വഴക്ക് ഇടരുത് കേട്ടോ..” എന്ന് പറഞ്ഞ് അവരോട് യാത്രപറഞ്ഞ് നടന്നു. “ഋഷി..!” എന്ന അവന്റെ പേര് കേട്ടതും അവൾക്ക് അവനെ ഓർമ്മ വന്നു. “നിന്നിൽ നിന്ന് എത്ര ദൂരെ വന്നാലും.. എനിക്ക് നിന്നോടുള്ള പ്രണയം കുറയുന്നില്ലല്ലോ…? ” അവൾ മനസ്സിൽ ചിന്തിച്ചതും.. അവളുടെ കവിളിൽ തടം നനച്ചുകൊണ്ട് കണ്ണീർ ഒഴുകിയിറങ്ങി..

“സിദ്ധുവേട്ടാ… എന്താ ഉണ്ടാക്കാൻ പോകുന്നെ…” അവൾ ആവേശത്തോടെ ചോദിച്ചു. “ചപ്പാത്തിയും മുട്ടറോസ്റ്റും .” അവൻ പുഞ്ചിരിയോടെ മറുപടി പറഞ്ഞു.. “അടിപൊളി.. കൊറേ നാളെയി.. ചപ്പാത്തി കഴിച്ചിട്ട്…” മിഥു ഉത്സാഹത്തോടെ പറഞ്ഞതും അവൻ വീണ്ടും പുഞ്ചിരിച്ചു. “ശരി… നീ ആദ്യം സവാള അരിഞ്ഞു വെക്ക്.. ചപ്പാത്തുക്കുള്ള മാവ് ഞാൻ കുഴക്കാം..” എന്ന് പറഞ്ഞ് അവൻ ജോലിയിൽ മുഴുകി.. മിഥുവും അവൻ പറഞ്ഞത് പോലെ സവാള അരിഞ്ഞു വെച്ചു. “സിദ്ധുവേട്ടാ…. സിദ്ധുവേട്ടാ… ഏട്ടൻ പറഞ്ഞു തന്നാൽ മതി ഞാൻ ഉണ്ടാക്കിക്കോളാം..” അവൾ കെഞ്ചി ചോദിച്ചതും അവൻ സമ്മതിച്ചു. അവൻ പറയുന്നത് പോലെ അവളും പാചകം ചെയ്യാൻ തുടങ്ങി.

സിദ്ധു ഒരു കൊച്ചു കുഞ്ഞിനെ പഠിപ്പിക്കുന്നത് പോലെ ഓരോ കാര്യങ്ങളും അവൾക്ക് പറഞ്ഞുകൊടുത്തു.. അവളും അത് ശ്രദ്ധയോടെ കേട്ട് പാചകത്തിൽ മുഴുകി. ഒരുമണിക്കൂർ നേരത്തെ പാചക ധൗത്യത്തിന് ശേഷം അത് ഇറക്കി വെച്ചപ്പോൾ മിഥുനയുടെ മുഖം സന്തോഷത്തിൽ തെളിഞ്ഞു നിന്നു. ആദ്യമായി അന്ന് അവൾ പാചകം ചെയ്തതിൽ അഭിമാനിച്ചു.. അതേസമയം അവൾ ആശ്ചര്യപ്പെടുകയും ചെയ്തു.; അവളുടെ അമ്മ പല തവണ അടുക്കളയിൽ കയറാൻ നിർബന്ധിച്ചിട്ടുണ്ടെങ്കിലും അന്നൊന്നും അവൾക്ക് അതിന് താൽപര്യമുണ്ടായിരുന്നില്ല.. ഇന്ന് ആവേശത്തോടെ ഇതൊക്കെ ഉണ്ടാക്കിയതോർത്ത് അവൾ സ്വയം അത്ഭുതപ്പെട്ടു.

സിദ്ധു കഴിക്കാൻ ഇരുന്നതും അവൾ വിളമ്പാൻ തുടങ്ങി.. “മിഥു… നീയും ഇരിക്ക്.. ഒരുമിച്ചു കഴിക്കാം..” അവൻ സൗമ്യതയോടെ പറഞ്ഞതും അവൾ അവന്റെ അരികിൽ ഇരുന്നു.അവന് വിളമ്പി കൊടുത്തു അവളും തന്റെ പാത്രത്തിലേക്ക് രണ്ടു ചപ്പാത്തിയും കറിയും വിളമ്പി. “നന്നായിട്ടുണ്ട് മിഥു.. മുട്ട റോസ്റ്റ് കലക്കി..” ഒരു നുള്ള് രുചിച്ചു നോക്കികൊണ്ട് അവൻ ഉത്സാഹത്തോടെ പറഞ്ഞു.മിഥുനയുടെ മനസ്സ് ആനന്ദത്തിൽ തുള്ളിച്ചാടി.ഭർത്താവിന്റെ നാവിൽ നിന്നും കേൾക്കുന്ന നല്ല വാക്കാണ് ഒരു ഭാര്യയ്ക്ക് കിട്ടുന്ന ഏറ്റവും വലിയ സന്തോഷമെന്ന് അവൾ ആ നിമിഷം തിരിച്ചറിഞ്ഞു.അവൾ പുഞ്ചിരിയോടെ കഴിക്കാൻ തുടങ്ങി. “സിദ്ധുവേട്ടനല്ലേ..

എനിക്ക് എല്ലാം കൂടെ നിന്ന് പറഞ്ഞു തന്നത്..ഇതിൽ സിദ്ധുവേട്ടന്റെ പങ്കാണ് കൂടുതൽ.. അതാ കറിക്ക് ഇത്ര രുചി..” മിഥു അവനെ അഭിനന്ദിച്ചു സംസാരിച്ചു.. “പറഞ്ഞു തരാൻ ആർക്കും പറ്റും മിഥു.. പക്ഷെ പാചകം ചെയ്യുന്നവരുടെ കൈപുണ്യമാണ് അതിനെ മികച്ചതാക്കുന്നത്..ഇത് നിന്റെ കൈപുണ്യത്തിന്റെ ഗുണമാ… നീ അന്നെനിക്ക് ന്യൂഡിൽസ് ഉണ്ടാക്കി തന്നപ്പോഴേ എനിക്കത് മനസ്സിലായി…. ” അവൻ അവളുടെ മനസ്സ് നിറയെ സന്തോഷം പടർത്തി. അവന്റെ വാക്കുകളിൽ സന്തോഷത്തിന്റെ അതിവരമ്പുകൾ താണ്ടിയിരുന്നു അവളുടെ മനസ്സ്. പെട്ടെന്ന് ഒരിടിയോടുകൂടി മഴ ആർത്തുലച്ചു പെയ്തു..കറന്റും പോയി.. “മിഥു… നീ അവിടെ തന്നെ ഇരിക്ക്.. ഞാൻ പോയി മെഴുകുതിരി എടുത്തുകൊണ്ട് വരാം.. ” എന്ന് പറഞ്ഞ് സിദ്ധു അടുത്ത മുറിയിലേക്ക് നടന്നു.

നിമിഷങ്ങൾക്കുള്ളിൽ അവൻ മെഴുകുതിരിയുമായി വന്നു.. “ഈ സീസണിൽ മഴ പെയ്യുമോ സിദ്ധുവേട്ടാ…? ” മിഥു സംശയത്തോടെ ചോദിച്ചു. “കാലാവസ്ഥയിലൊക്കെ ഒരുപാട് മാറ്റം വന്നിട്ടുണ്ട് മിഥു..ഭൂമിയിൽ ചൂട് കൂടി വരുകയാണ്… അതാണ് ഇങ്ങനെ ഒട്ടും പ്രതീക്ഷിക്കാതെ മഴ പെയ്യുന്നത്..” അവനൊരല്പം വിഷമത്തോടെ മറുപടി പറഞ്ഞു. മിഥു പിന്നൊന്നും പറയാതെ ഭക്ഷണത്തിൽ മുഴുകി.ഇരുവരും സമാധാനത്തോടെ ഭക്ഷണം കഴിച്ച്, കുറച്ചു നേരം സംസാരിച്ചിരുന്നു. “ശരി മിഥു.. സമയമായി.. നീ പോയി കിടന്നോ..? ഞാനും കിടക്കാൻ പോകുവാ…” എന്ന് പറഞ്ഞ് ടെറസ്സിലേക്ക് നടക്കാൻ തുടങ്ങിയ അവന്റെ കയ്യിൽ പിടിച്ചുകൊണ്ട് അവൾ അവനെ തടഞ്ഞു.

അവൻ ഒന്നും മനസ്സിലാകാതെ അവളുടെ മുഖത്തേക്ക് നോക്കി.. “ഈ മഴേത്ത് സിദ്ധുവേട്ടൻ എങ്ങോട്ടാ പോണേ..” അവൾ ശോകത്തൊടെ ചോദിച്ചു.. അവനും അതേക്കുറിച്ചു അപ്പോഴാണ് ചിന്തിച്ചത്. “സിദ്ധുവേട്ടാ.. ഏട്ടന് നമ്മുടെ മുറിയിൽ കിടന്നൂടെ..അതിൽ എനിക്ക് ഒരു പരാതിയും ഇല്ല… അന്ന് ഞാൻ പറഞ്ഞത് മനസ്സിൽ വെച്ച് നടക്കല്ലേ…പ്ലീസ്…” എന്ന് പറഞ്ഞ് അവൻ മറുപടി പറയും മുന്നേ അവൾ അടുക്കളയിലേക്ക് നടന്നു. “അവൾ ഒരുപാട് വിഷമിക്കുന്നുണ്ട്..പാവം.. ഇത്രയും നേരം സന്തോഷത്തോടെ ഇരുന്ന മുഖം വാടാൻ ഞാൻ തന്നെ ഒരു കരണമായല്ലോ..സോറി മിഥു.. ഇനി നിന്നെ വിഷമിപ്പിക്കുന്ന തരത്തിൽ ഞാൻ ഒരിക്കലും നടക്കില്ല..”

എന്ന് മനസ്സിൽ ചിന്തിച്ചുകൊണ്ട് അവരുടെ മുറിയിലേക്ക് നടന്നു. കറന്റ് ഇല്ലാത്തത് കൊണ്ട് അവൻ ജനലുകൾ തുറന്നിട്ടൂ..മുഖത്തേക്ക് തെറിച്ചു വീഴുന്ന മഴത്തുള്ളികളും നനഞ്ഞ പച്ചമണ്ണിന്റെ മണവും അവന്റെ മനസ്സിനെ കൂടുതൽ മൃദുലമാക്കി..ജനലിലൂടെ മഴയും ആസ്വദിച്ചുകൊണ്ട് അവൻ നിന്നു.

തുടരും…

താദാത്മ്യം : ഭാഗം 1

താദാത്മ്യം : ഭാഗം 2

താദാത്മ്യം : ഭാഗം 3

താദാത്മ്യം : ഭാഗം 4

താദാത്മ്യം : ഭാഗം 5

താദാത്മ്യം : ഭാഗം 6

താദാത്മ്യം : ഭാഗം 7

താദാത്മ്യം : ഭാഗം 8

താദാത്മ്യം : ഭാഗം 9

താദാത്മ്യം : ഭാഗം 10

താദാത്മ്യം : ഭാഗം 11

താദാത്മ്യം : ഭാഗം 12

താദാത്മ്യം : ഭാഗം 13

താദാത്മ്യം : ഭാഗം 14

താദാത്മ്യം : ഭാഗം 15

താദാത്മ്യം : ഭാഗം 16

താദാത്മ്യം : ഭാഗം 17

താദാത്മ്യം : ഭാഗം 18

താദാത്മ്യം : ഭാഗം 19

താദാത്മ്യം : ഭാഗം 20

താദാത്മ്യം : ഭാഗം 21

താദാത്മ്യം : ഭാഗം 22

താദാത്മ്യം : ഭാഗം 23

താദാത്മ്യം : ഭാഗം 24

താദാത്മ്യം : ഭാഗം 25

താദാത്മ്യം : ഭാഗം 26

താദാത്മ്യം : ഭാഗം 27

താദാത്മ്യം : ഭാഗം 28

താദാത്മ്യം : ഭാഗം 29

താദാത്മ്യം : ഭാഗം 30

താദാത്മ്യം : ഭാഗം 31

താദാത്മ്യം : ഭാഗം 32

താദാത്മ്യം : ഭാഗം 33

താദാത്മ്യം : ഭാഗം 34