Monday, November 18, 2024
Novel

താദാത്മ്യം : ഭാഗം 22

നോവൽ
എഴുത്തുകാരി: മാലിനി വാരിയർ

MV


“ഇങ്ങോട്ട് നോക്ക് മിഥു… ”

അവൻ അവൾ കിടന്നിരുന്ന മേശയ്ക്ക് അരുകിൽ മുട്ടുകുത്തിയിരുന്നുക്കൊണ്ട് അവളെ വിളിച്ചു.. അവൾ മുഖം ചുളിച്ചുകൊണ്ട് മെല്ലെ എഴുന്നേറ്റു ഇരുന്നു.

“എന്താ..? ”

വാശിയൊട്ടും കുറയ്ക്കാതെ അവൾ കാര്യം തിരക്കി..

“എന്നോട് ക്ഷമിക്ക്… ഞാൻ നിന്നോട് ദേഷ്യപ്പെട്ടത് തെറ്റ് തന്നെയാണ്.. നീ പറഞ്ഞത് ശാരിയാണ്, പെട്ടെന്നുള്ള ദേഷ്യത്തിൽ ഞാൻ പറഞ്ഞു പോയതാണ്. ഇനി അങ്ങനെ ഉണ്ടാവില്ല.. ഞാൻ എന്റെ ദേഷ്യം കുറച്ചോളാം.. എന്നോടുള്ള ദേഷ്യം നീ ഭക്ഷണത്തോട് കാണിക്കണ്ട.. വാ.. വന്ന് കഴിക്ക്.. മരുന്ന് കഴിക്കാനുള്ളതല്ലേ… ”

അവന്റെ എളിമയോടെയുള്ള ആ വാക്കുകൾ അവളുടെ മനസിനെ മാറ്റി.അവൾ മുഖത്ത് സൗമ്യമായ ഭാവം വിരിഞ്ഞതും അവൻ അവളെ നോക്കി പുഞ്ചിരിച്ചുകൊണ്ട് ഭക്ഷണം അവൾക്ക് നേരെ നീട്ടി.. അവളും മറ്റൊന്നും പറയാതെ അത് വാങ്ങി കഴിച്ചു.

പിറ്റേന്ന്,

വാതിലിൽ മുട്ടുന്ന ശബ്ദം കേട്ട് സിദ്ധു വാതിൽ തുറന്നു.മുന്നിൽ ഒരു പെൺകുട്ടി പുഞ്ചിരിയോടെ നിൽക്കുന്നു.. അവളെ ഇതിന് മുൻപ് ഇവിടെ നടന്ന കല്ല്യാണ റെസ്പിറേഷനിൽ വെച്ച് കണ്ടതായി അവൻ ഓർത്തെടുത്തു..മിഥുനയുടെ കൂട്ടുക്കാരിയാവും അതെന്ന് മനസ്സിൽ കരുതിക്കൊണ്ട്,

“വരൂ….”

ഒരു പുഞ്ചിരിയോടെ അവളെ അകത്തേക്ക് ക്ഷണിച്ചു.

“സുഖമാണോ സിദ്ധുവേട്ടാ…? ”

അകത്തേക്ക് കയറികൊണ്ട് അവൾ പുഞ്ചിരിയോടെ ചോദിച്ചു..

“സുഖമായിരിക്കുന്നു.. കുട്ടി ഇരിക്കൂ…”

അവൾക്കുള്ള മറുപടി കൊടുത്തുകൊണ്ട് അടുത്തുള്ള കസേരയിൽ ചൂണ്ടിക്കൊണ്ട് സിദ്ധു പറഞ്ഞു.

“മിഥു എവിടെ…? ”

അവൾ വീട്ടിനുള്ളിൽ കണ്ണോടിച്ചുകൊണ്ട് ചോദിച്ചു..

“അകത്തുണ്ട്..കിടക്കുവാ… ”

അവൾ ഉള്ള മുറിയിലേക്ക് വിരൽ ചൂണ്ടിക്കൊണ്ട് അവൻ പുഞ്ചിരിച്ചു.

“ശരി.. ഞാനവളെ ഒന്ന് കാണട്ടെ…”

അവൾ എഴുന്നേറ്റ് മിഥുനയുടെ മുറിയിലേക്ക് നടന്നു..

“മിഥു…”

അവളുടെ ശബ്ദം കേട്ടതും മിഥു കണ്ണ് തുറന്നു..

“ഹേയ്…!മീരാ…!അകത്തേക്ക് വാടി..!”

പുഞ്ചിരിയോടെ മിഥു അവളെ അകത്തേക്ക് വിളിച്ചതും അവളും അതെ പുഞ്ചിരിയോടെ അവളുടെ അടുത്തേക്ക് ചെന്നിരുന്നു..

“ഇപ്പൊ കാല് വേദന എങ്ങനെയുണ്ട്..? കുറവുണ്ടോ…? ”

അവൾ കരുതലോടെ ചോദിച്ചു..

“ഇപ്പൊ കുഴമൊന്നുമില്ലടി… നടക്കുമ്പോ ചെറിയ വേദനയുണ്ട്..”

മിഥുവിന്റെ മറുപടി കേട്ടതും മീരയ്ക്ക് ആശ്വാസമായി..

ഇരുവരും സംസാരിച്ചുകൊണ്ടിരുന്നപ്പോൾ സിദ്ധു അവർക്കുള്ള ചായയുമായി അവിടെയെത്തി..

“അയ്യോ… ഏട്ടാ എന്താ ഇത്… ഏട്ടൻ എന്തിനാ ഇതൊക്കെ ചെയ്യണേ…? ”

മീരാ അല്പം ഉത്കണ്ഠയോടെ ചോദിച്ചു

“അതൊന്നും സാരമില്ല കുട്ടി, മിഥു വയ്യാണ്ടിരുക്കുകയല്ലേ… അപ്പൊ ഞാനല്ലേ വീട്ടിൽ വന്ന അതിഥിയെ നോക്കേണ്ടത്.. ഇതിൽ എനിക്ക് ഒരു കഷ്ടവും തോന്നുന്നില്ല…
നിങ്ങള് ചായ കുടിച്ചു സംസാരിച്ചിരിക്ക്…”

എന്ന് പറഞ്ഞ് ചായ അവരുടെ കയ്യിൽ കൊടുത്ത് പുറത്തേക്ക് നടന്ന സിദ്ധുവിനെ മീര അത്ഭുതത്തോടെ നോക്കി നിന്നു.

“മിഥു… നീ ഭാഗ്യം ചെയ്തവളാ… ഇങ്ങനെ ഈഗോ ഇല്ലാത്ത ഭർത്താവിനെ എത്ര പേർക്ക് കിട്ടും… പറ..
ഞാൻ അറിഞ്ഞടത്തോളം ഒരു ആണുങ്ങളും തങ്ങളുടെ ഈഗോ വിട്ടുകൊടുക്കില്ല..അത് വെച്ചു നോക്കുമ്പോ നിന്റെ സിദ്ധുവേട്ടൻ സൂപ്പെറാ…you are so lucky..”

മീര ആവേശത്തോടെ പറഞ്ഞപ്പോൾ, മിഥു ഒന്നും മിണ്ടാതെ അവൻ പോയ ദിശയിലേക്ക് ആശ്ചര്യത്തോടെ നോക്കി നിൽക്കുകയായിരുന്നു..

മീര പറഞ്ഞത് തന്നെയാണ് അപ്പോൾ അവളുടെ മനസ്സും ചിന്തിച്ചുകൊണ്ടിരുന്നത്.. ഒരു വശത്ത് അവനോടുള്ള ദേഷ്യം ആയിരുന്നെങ്കിലും മറുവശത്ത് അവനോടുള്ള ബഹുമാനം കൂടുകയാണെന്ന് അവൾ അറിഞ്ഞു..

മൂന്നുപേരും ചേർന്ന് തന്നെ ഉച്ചയ്ക്കുള്ള ഭക്ഷണം കഴിച്ചു..

“ഏട്ടാ… സത്യം പറയാലോ… പാചകം ഒരു രക്ഷയുമില്ല… ഇത്ര രുചിയോടെ ഞാൻ ഈ അടുത്തെങ്ങും ഭക്ഷണം കഴിച്ചിട്ടില്ല..”

മീര അവനെ പ്രശംസിച്ചതും ഒരു ചെറു പുഞ്ചിരി നൽകികൊണ്ട് അവൻ ഭക്ഷണം കഴിക്കുന്നതിൽ മുഴുകി.. അവന്റെ മുഖത്തേക്ക് അഭിമാനത്തോടെ നോക്കി നിൽക്കുകയായിരുന്നു മിഥു..

“ശരിടി.. ഞാൻ ഇറങ്ങട്ടെ..കാല് അധികം സ്‌ട്രെയിൻ ചെയ്യണ്ട.. പരീക്ഷയുടെ കാര്യം മറക്കണ്ട… നന്നായി പ്രിപൈർ ചെയ്യ്..
ഏട്ടാ… ഞാൻ ഇറങ്ങട്ടെ.. ”

അവൾ ഇരുവരോടും യാത്ര പറഞ്ഞ് അവിടെ നിന്നും ഇറങ്ങി.

“പാചകം എങ്ങനെ പഠിച്ചു…? ”

തിരിച്ചു നടക്കുമ്പോൾ അവൾ സംശയത്തോടെ ചോദിച്ചു..

“അമ്മ അടുക്കളയിൽ കയറുമ്പോ ഞാനും സഹായിക്കാൻ കയറും…അങ്ങനെ കണ്ട് പഠിച്ചു..”

അവൻ പുഞ്ചിരിയോടെ മറുപടി പറഞ്ഞു..

“ഓഹ്..!!”

അവൾ കണ്ണുകൾ വിടർത്തി..

“നിനക്ക് അറിയില്ലേ…”

“എന്ത് പാചകമോ..! എനിക്കറിയില്ല… അമ്മ ഉണ്ടാക്കി തരുന്നത് തിന്നും അത്ര തന്നെ..”

അവൾ ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു..

“അത് കണ്ടാലേ അറിയാം..”

അവൻ അവളോടൊപ്പം നടന്നുകൊണ്ട് മനസ്സിൽ പറഞ്ഞു..

“ശരി… ഇപ്പൊ കാല് വേദനിക്കുന്നുണ്ടോ..? ”

“ഇപ്പൊ കുഴപ്പമില്ല…”

അവൻ സ്നേഹത്തോടെ ചോദിച്ചതും അവൾ മറുപടി പറഞ്ഞു..

“ശരി.. നീ കുറച്ചു നേരം റസ്റ്റ്‌ എടുക്ക്..ഞാൻ രാത്രയിലേക്കുള്ളത് ഉണ്ടാക്കട്ടെ..”

“എനിക്ക് ബോറടിക്കുന്നു… ഞാനും വരാം..”

അടുക്കളയിലേക്ക് നടന്ന അവന്റെ പിന്നാലെ അവളും നടന്നു..

“എന്താ.. ഒന്ന് ട്രൈ ചെയ്തു നോക്കുന്നോ..? ”

അവൻ പുരികങ്ങൾ ഉയർത്തികൊണ്ട് ചോദിച്ചു..

“ഉം..”

അവൾ ആവേശത്തോടെ സമ്മതിച്ചു..

“ശരി വാ..”

അവൻ അവളെയും വിളിച്ചുകൊണ്ട് അടുക്കളയിലേക്ക് കയറി..

“ഞാനിപ്പോ എന്താ ചെയ്യേണ്ടേ…? ”

അവൾ മിഴികൾ മിന്നിക്കൊണ്ട് ചോദിച്ചു..

“ആദ്യം പച്ചക്കറി അരിയണം.. പിന്നെ അത് പാചകം ചെയ്യാം..”

അവൻ പറഞ്ഞുകൊണ്ട് പച്ചക്കറികൾ കഴുകി, അത് അരിയുന്നത് എങ്ങനെയാണെന്ന് പഠിപ്പിച്ചു..അവളും ആവേശത്തോടെ അതിൽ ശ്രദ്ധ ചെലുത്തി..
ശേഷം രണ്ട് പേരും ചേർന്ന് തന്നെ ഭക്ഷണം പാകം ചെയ്തു.

“കൊള്ളാലോ…”

അവൾ രുചിച്ചുകൊണ്ട് അത്ഭുതപ്പെട്ടു..

“എല്ലാം നമ്മുടെ കയ്യിലാണ് മിഥു…
ഇഷ്ടത്തോടെ പഠിച്ചാൽ എല്ലാം വളരെ എളുപ്പമാണ്..”

അവൻ പുഞ്ചിരിച്ചു..

“ശരിയാ…”

അവളും അവൻ പറഞ്ഞതിനോട് യോജിച്ചു.

ഇരുവരും ഒന്നിച്ചിരുന്നു ഭക്ഷണം കഴിച്ചു. അവളോ അത് ആസ്വദിച്ചുകൊണ്ട് രുചിച്ചിറക്കി..

ഭക്ഷണത്തിനു ശേഷം അവർ ബാൽക്കണിയിലിരുന്ന് സംസാരിക്കുകയായിരുന്നു..

“ശരി… ഞാൻ ഒരു കാര്യം ചോദിച്ചാൽ നീ ദേഷ്യപ്പെടുമോ? ”

അവൻ ഒരു മടിയോടുകൂടി ചോദിച്ചു..

“എന്താ…? ”

അവൾ അവനിലേക്ക് നോട്ടം തിരിച്ചു..

“നിനക്ക് എന്താ എന്നെ ഇഷ്ടമല്ലാത്തത്..? ”

പെട്ടെന്നുള്ള അവന്റെ ചോദ്യം കേട്ട് അവൾ എന്ത് പറയണം എന്നറിയാതെ മിഴിച്ചു നിന്നു.. ശേഷം,

“ഇയാൾക്കല്ലേ എന്നെ ഇഷ്ടമല്ലാത്തത്.. എപ്പോഴും എന്നെ കളിയാക്കി കൊണ്ടിരിക്കും.. അതാ എനിക്കും ഇയാളെ ഇഷ്ടമല്ലാത്തെ..”

അവൾ തോളുകൾ കുലുക്കികൊണ്ട് പറഞ്ഞതും അവന് ചിരിക്കാനാണ് തോന്നിയത്..

“ഞാൻ അങ്ങനെ ചെയ്യുന്നത് നിന്നോട് കുറച്ചു കൂടി അടുത്ത് ഇടപഴകാനാണ്. നിന്നെ ഇഷ്ടമല്ലാഞ്ഞിട്ടല്ല..”

അവന്റെ വാക്കുകൾ അവളെ ഞെട്ടിക്കാതിരുന്നില്ല..

“അപ്പൊ ഇയാൾക്ക് എന്നെ ഇഷ്ടമാണോ? ”

അവൾ ആകാംഷയോടെ അവനെ നോക്കി ചോദിച്ചു..

“അത് എന്ത് ചോദ്യമാ മിഥു.. എന്നും എനിക്ക് നിന്നോട് ഇഷ്ടം മാത്രമേ ഉള്ളൂ..നിനക്ക് ഇഷ്ടമാവില്ല എന്നോർത്താണ് ഞാൻ നിന്നോട് അധികം സംസാരിക്കാതെ ഇരിക്കുന്നത്..”

പുഞ്ചിരിച്ചുകൊണ്ടുള്ള അവന്റെ വാക്കുകൾ കേട്ട് അവൾ സന്തോഷത്തിന്റെ അതിർ വരമ്പുകൾ കടന്നു.

“അപ്പൊ ഇനി മുതൽ നമുക്ക് ഫ്രണ്ട്സ് ആയി ഇരിക്കാം..”

അവൾ ആകാംഷയോടെ ചോദിച്ചതും, അവൻ അതിന് സമ്മതം മൂളിക്കൊണ്ട് പുഞ്ചിരിച്ചു..അവളുടെ ഹൃദയം സന്തോഷത്തിൽ നിറഞ്ഞു തുളുമ്പി..

“ശരി… നേരം ഒരുപാടായി..പോയി കിടന്നുറങ്ങ്.. ബാക്കി നാളെ സംസാരിക്കാം..”

അവൻ അവളെ മുറിയിലേക്ക് പറഞ്ഞയച്ചു.
അവളുടെ മനസ്സിൽ അവൻ പറഞ്ഞ വാക്കുകൾ പ്രതിധ്വനിച്ചു കേട്ടുകൊണ്ടിരുന്നു.

“അപ്പൊ… അദ്ദേഹത്തിന് എന്നെ ഇഷ്ടമാണോ..!”

എന്ന് ചിന്തിച്ചുകൊണ്ട് അവൾ മനസ്സിൽ ചിരിച്ചുകൊണ്ടിരുന്നു.അതെ ചിന്തയിൽ അവൾ ഉറക്കത്തിലേക്ക് വഴുതി വീണു.

അടുത്ത ദിവസം മിഥു എഴുന്നേൽക്കുന്നതിനു മുൻപ് തന്നെ സിദ്ധു എഴുന്നേറ്റ് അടുത്തുള്ള പാർക്കിലേക്ക് നടക്കാൻ പോയി.. ഒൻപതു മാണിയോട് കൂടി അവൻ തിരിച്ചു വന്നു.

“എവിടെ പോയതാ..”

തിരിച്ചു വന്നതും അവൾ സൗഹൃദപരമായി ചോദിച്ചു..

“ഇവിടെ.. പാർക്ക് വരെ..”

അവൻ പുഞ്ചിരിച്ചു..

“ഞാനൊന്ന് ചോദിക്കട്ടെ…”

“ഉം..”

അവൻ മൂളി..

“എന്നെ കാപ്പി ഉണ്ടാക്കാൻ പഠിപ്പിക്കാമോ..? ”

അവൾ ഇന്നലത്തെ ആവേശത്തോടെ ചോദിച്ചു. അവനും സമ്മതിച്ചുകൊണ്ട് അവൾക്ക് അത് പറഞ്ഞു കൊടുത്തു. അവൾ തന്നെ അന്ന് കാപ്പി ഉണ്ടാക്കി..

അടുത്ത രണ്ട് ദിവസങ്ങളും നിമിഷങ്ങൾ പോലെ വേഗത്തിൽ കടന്നുപോയി.മിഥു വളരെ നന്നായി തന്നെ അവളുടെ പരീക്ഷകൾ എഴുതി. ഓരോ ദിവസവും അന്ന് നടന്ന സംഭവങ്ങളും പരീക്ഷയെക്കുറിച്ചും അവൾ അവനുമായി പങ്ക് വെച്ചു.. അവനും ആവേശത്തോടെ എല്ലാം കേട്ടിരുന്നു..

ഇരുവർക്കും ആ മാറ്റം പുതിയ അനുഭവമായിരുന്നു. മിഥു ആ മാറ്റത്തെ ഇഷ്ടപ്പെട്ടു തുടങ്ങിയിരുന്നു.ഇതുപോലെ തന്നെ എന്നും ദിവസങ്ങൾ കടന്നു പോകണമെന്ന് അവൾ ആഗ്രഹിച്ചു.

അങ്ങനെ ആ ഒരാഴ്ച വളരെ നന്നായി തന്നെ അവസാനിച്ചു.. മിഥുവിന്റെ അച്ഛനും അമ്മയും മൃദുലയും വീട്ടിലേക്ക് തിരിച്ചെത്തി.

“അമ്മേ..!അച്ഛാ.!മിലു.!”

അവരെ കണ്ടതും അവൾ സന്തോഷത്തോടെ അവരുടെ അടുത്തേക്ക് ഓടിയടുത്തു.അവരും സ്നേഹത്തോടെ മകളെ തലോടിക്കൊണ്ട് അകത്തേക്ക് കയറി..

“നിങ്ങളെ എല്ലാരേം ഞാൻ ഒരുപാട് മിസ്സ്‌ ചെയ്തു..”

അവൾ മുഖത്ത് ശോകം നിറച്ചു.

“ഞങ്ങളിപ്പോ വന്നില്ലേ.. ഇനി സന്തോഷത്തോടെ കഴിയാലോ.. മോള് വിഷമിക്കണ്ടട്ടോ..”

മഹേന്ദ്രൻ അവളെ ചേർത്ത് പിടിച്ചുകൊണ്ട് പറഞ്ഞു.

“സിദ്ധു എവിടെ മോളെ..”

ശോഭ ചോദിച്ചു.

“പുറത്തേക്ക് പോയിരിക്കുവാ… ഇപ്പൊ വരും..”

മിഥു മറുപടി പറഞ്ഞു.

“ശരി.. നിങ്ങൾ യാത്ര ചെയ്ത് ക്ഷീണിച്ചു വന്നതല്ലേ… പോയി ഫ്രഷ് ആയിട്ടു വാ.. ഞാൻ ചായ ഇട്ട് വെക്കാം..”

അവൾ പറഞ്ഞുകൊണ്ട് അടുക്കളയിലേക്ക് നടന്നതും മഹേന്ദ്രനും ശോഭയും അവളെ അത്ഭുതത്തോടെ നോക്കി നിന്നു.

“അതേയ്… ഇവളെപ്പഴാ അടുക്കലൊക്കെ കേറി തുടങ്ങിയെ…”

ശോഭ മുഖത്തെ അത്ഭുതം മാറാതെ പറഞ്ഞതും മഹേന്ദ്രൻ ചിരിച്ചു..

“ഞാനാണ് ശാന്തിയോട് വരണ്ടെന്ന് പറഞ്ഞത്..ഞാൻ വിചാരിച്ചതു പോലെ തന്നെ നടന്നു..”

മഹേന്ദ്രൻ ഒരു വിജയിയെ പോലെ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞതും ശോഭയും അത് മനസ്സിലാക്കി.അവരുടെ മനസ്സ് സന്തോഷത്തിൽ നിറഞ്ഞു തുളുമ്പി.

അവർ സംസാരിച്ചുകിണ്ടിരിക്കുന്ന സമയത്ത് സിദ്ധു വീട്ടിലേക്ക് തിരിച്ചെത്തി.

“വാ മോനെ..”

മഹേന്ദ്രനും ശോഭയും അവനെ സ്നേഹത്തോടെ അകത്തേക്ക് വിളിച്ചു.അവനും ചെറു പുഞ്ചിരിയോടെ അകത്തേക്ക് കയറി.

“അമ്മാവാ… ഇത് ഋഷി… എന്റെ ഫ്രണ്ടാണ്.. ഇവിടെ ബാംഗ്ലൂരിൽ ഒരു വലിയ ബിസ്നെസ്സ് ചെയ്യുന്നു.. കാർഷികോത്സവത്തിന് നാട്ടിൽ വന്നപ്പോ പരിചയപ്പെട്ടതാ.ഇപ്പൊ ഇവിടെ പാർക്കിൽ വെച്ചു കണ്ടപ്പോ നിങ്ങളെയെല്ലാം പരിചയപ്പെടുത്താം എന്ന് കരുതി.”

സിദ്ധു ഋഷിയെ പരിചയപ്പെടുത്തിക്കൊണ്ട് പറഞ്ഞു.

“അകത്തേക്ക് വരൂ ഋഷി… ഇരിക്കൂ..”

ഹസ്തദാനം നൽകികൊണ്ട് മഹേന്ദ്രൻ അവനെ അകത്തേക്ക് ക്ഷണിച്ചു.

“എന്ത് ബിസ്നെസ്സ് ആണ് ചെയ്യുന്നേ..? ”

മഹേന്ദ്രൻ ചോദിച്ചു.

“ഞാൻ ഋഷി കൺസ്ട്രക്ഷൻ കമ്പനിയുടെ ഓണർ ആണ്..”

“ഓഹ്… അത്രയും വലിയ കമ്പനിയുടെ എം.ഡിയാണോ എന്റെ മുന്നിൽ ഇരിക്കുന്നത്.. ശെരിക്കും ഇത്രയും ചെറിയ പ്രായത്തിൽ എത്ര വലിയ ഉത്തരവാദിത്തമാണ് ഏറ്റെടുത്തിരിക്കുന്നത്..
നിങ്ങളെ പോലുള്ള ചെറുപ്പക്കാരെ കാണുമ്പോൾ അഭിമാനം തോന്നുന്നു..”

മഹേന്ദ്രൻ ആശ്ചര്യത്തോടെ പറഞ്ഞതും ഋഷി ചെറുതായൊന്നു പുഞ്ചിരിക്കുക മാത്രം ചെയ്തു.

അപ്പോഴേക്കും മിഥു അവർക്കുള്ള ചായയുമായി വന്നു.

“മിഥു.. മിലു എവിടെ…? ”

മിലുവിന്റെ പേര് കേട്ടതും ഋഷിയുടെ ഹൃദയം വേഗത്തിൽ ഇടിച്ചു തുടങ്ങി.

“അകത്തുണ്ട്… ഇപ്പൊ വരും..”

മിഥു മറുപടി പറഞ്ഞു.. ശേഷം സിദ്ധു ഋഷിയെ മിഥുവിന് പരിചയപ്പെടുത്തി കൊടുത്തു.അവളും പുഞ്ചിരിയോടെ അവനോട് സംസാരിച്ചു.

അവർ സംസാരിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് മിലു താഴേക്ക് വന്നത്..
എന്നാൽ അവൾ വീട്ടിലേക്ക് വന്ന പുതിയ അതിഥിയെ ശ്രദ്ധിക്കാതെ സിദ്ധുവിന്റെ അടുത്തേക്ക് നടന്നു..

“സിദ്ധുവേട്ടാ.. ”

അവൾ പുഞ്ചിരിയോടെ അവന്റെ അരികിലേക്ക് ചെന്നിരുന്നു.

ഒരുപാട് നാളുകൾക്ക് ശേഷം അവളെ പുഞ്ചിരിയോടെ കണ്ടപ്പോൾ ഋഷിയുടെ മനസ്സ് ആനന്ദത്തിൽ മതിമറന്നു.അപ്പോൾ അവനുണ്ടായ സന്തോഷം വാക്കുകൾക്ക് അതീതമായിരുന്നു..

“ഇത് മൃദുല.. എന്റെ അനുജത്തി. ”

അവന്റെ കണ്ണുകൾ അവളെ തന്നെ നോക്കി നിൽക്കെ മിഥുന ഋഷിക്ക് മൃദുലയെ പരിചയപ്പെടുത്തി.. അപ്പോഴാണ് ആ മുറിയിൽ ഉണ്ടായിരുന്ന അഥിതിയെ അവൾ ശ്രദ്ധിക്കുന്നത്.. അവൾ കണ്ണുകൾ വിടർത്തികൊണ്ട് അവനെ നോക്കി.അവൾ അവനെ അവിടെ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല..

ശേഷം അവൾ സിദ്ധുവിന്റെ മുഖത്തേക്ക് നോക്കി..

ഒരു പ്രശ്നവുമില്ല എന്ന മട്ടിൽ അവൻ കണ്ണടച്ചു കാണിച്ചതും മൃദുലയ്ക്ക് ആശ്വാസമായി. അവൾ വീണ്ടും ഋഷിയിലേക്ക് കണ്ണെറിഞ്ഞു.. ആ കണ്ണുകളിൽ നിറഞ്ഞു നിന്ന പ്രണയഭാവം അവൾ തിരിച്ചറിഞ്ഞു.അധിക നേരം അവനെ അങ്ങനെ നോക്കി നിൽക്കാൻ അവൾക്ക് കഴിയുമായിരുന്നില്ല.. നോട്ടം പിൻവലിച്ചുക്കൊണ്ട് അവനെ വീണ്ടും കാണാൻ സാധിച്ചതിൽ അവളുടെ മനസ്സ് തുള്ളി ചാടി..

പുഞ്ചിരിയോടെ നോക്കി നിന്ന സിദ്ധുവിനെ കണ്ണുകൾ കൊണ്ട് നന്ദി പറഞ്ഞുകൊണ്ട് അവൾ മെല്ലെ മുറിയിലേക്ക് നടന്നു..

തുടരും…

താദാത്മ്യം : ഭാഗം 1

താദാത്മ്യം : ഭാഗം 2

താദാത്മ്യം : ഭാഗം 3

താദാത്മ്യം : ഭാഗം 4

താദാത്മ്യം : ഭാഗം 5

താദാത്മ്യം : ഭാഗം 6

താദാത്മ്യം : ഭാഗം 7

താദാത്മ്യം : ഭാഗം 8

താദാത്മ്യം : ഭാഗം 9

താദാത്മ്യം : ഭാഗം 10

താദാത്മ്യം : ഭാഗം 11

താദാത്മ്യം : ഭാഗം 12

താദാത്മ്യം : ഭാഗം 13

താദാത്മ്യം : ഭാഗം 14

താദാത്മ്യം : ഭാഗം 15

താദാത്മ്യം : ഭാഗം 16

താദാത്മ്യം : ഭാഗം 17

താദാത്മ്യം : ഭാഗം 18

താദാത്മ്യം : ഭാഗം 19

താദാത്മ്യം : ഭാഗം 20

താദാത്മ്യം : ഭാഗം 21