Sunday, October 6, 2024
Novel

മഴപോൽ : ഭാഗം 8

നോവൽ
എഴുത്തുകാരി: അഞ്ജലി മോഹൻ

ഒരിക്കൽ കോളേജ് കഴിഞ്ഞവൾ വീട്ടിലെത്തിയപ്പോൾ മുന്നിലെ വാതിൽ ഉള്ളിൽ നിന്നും അടച്ചിട്ടിട്ടായിരുന്നു എത്ര വിളിച്ചിട്ടും ആരും തുറന്നില്ല…
അങ്ങനെയാണവൾ പിറകുവശത്തെ ഭാഗത്തൂടെ കയറാനായി പിന്നിലേക്ക് നടന്നത്…..

പിറകുവശത്തെ വാതിൽ തുറക്കാനാഞ്ഞപ്പോഴേക്കും അപരിചിതനായ ഒരാൾ ആ വാതിൽ തുറന്ന് പുറത്തേക്കിറങ്ങി…… ഇവളെ കണ്ടപ്പോ അയാളൊന്ന് ഭയന്നു പിറകോട്ടു നോക്കി… അയാൾ നോക്കിയഭാഗത്തേക്ക് കണ്ണുകൾ പോയപ്പോഴാണ് ഗൗരിയത് കണ്ടത് തല താഴ്ത്തി നിൽക്കുന്ന ശ്രീദേവിയാന്റിയെ…..
വന്നയാൾ കയ്യിൽ ചെരുപ്പ് ചുരുട്ടിപിടിച്ച് ഒരു ഭാവബേധവും ഇല്ലാതെ അവളെ മറികടന്നുപോയി…. അന്ന് വീണ്ടും തകർന്നുപോയി ഗൗരി…. അതിൽ പിന്നേ അമ്മയും മോളും തമ്മിൽ തമ്മിൽ മിണ്ടാതെയായി…..
വയ്യാതെ കിടക്കുന്ന അച്ഛനും, വഴിപിഴച്ച് നടക്കുന്ന അമ്മയും ഗൗരി ആകെ ഒരു ഡിപ്രെഷനിൽ ആയിരുന്നു കുറച്ച് നാൾ …. ഒരു തരം ഒതുങ്ങിക്കൂടൽ….. ക്ലാസ്സിനും വരാതെയായി…. ആ വീടിനകത്തു വയ്യാതെ കിടക്കുന്ന അച്ഛനെയും നോക്കി ഒരു ഒതുങ്ങിക്കൂടൽ…..
പക്ഷെ ആ ഒരു മനുഷ്യൻ മാത്രമേ അവിടെ വന്ന് പോയിരുന്നുള്ളു എന്ന് പോകെ പോകെ മനസിലായി…. കെട്ടിക്കാൻ പ്രായമുള്ള മകളുള്ള അമ്മയ്ക്ക് വേറൊരുത്തനോട് പ്രേമം……

ആദ്യം ഒളിച്ച് മാത്രം ചെയ്തിരുന്ന കാര്യം പിന്നെ ആ സ്ത്രീ അവളുടെ മുൻപിലൂടെയും ചെയ്ത് തുടങ്ങി…. ആദ്യം പിൻഭാഗത്തൂടെ വന്നവൻ പിന്നെ പിന്നെ മുൻവാതിലിലൂടെ ആയി വരവ്….. അച്ഛനും മകളും ഉള്ള വീട്ടിലാണ് അയാൾ വന്ന് പോയിരുന്നത് അതുകൊണ്ടായിരിക്കാം നാട്ടുകാരും ഇടപെട്ടില്ല…..
സ്വന്തം അമ്മയും അപരിചിതനായ പുരുഷനും തമ്മിലുള്ള കാമകേളികൾ അവളുടെ മാനസിക നിലയെത്തന്നെ തകർക്കാൻ തുടങ്ങിയിരുന്നു……
അവളുടെ അത്രയും മനശക്തി ഇല്ലാത്തതുകൊണ്ടാകാം ഒരിക്കൽ ഒരു രാത്രി ഉറങ്ങാനായി കിടന്ന ജയദേവനങ്കിൾ പിന്നെ എഴുന്നേറ്റില്ല……
അച്ഛൻ മരിച്ച് കിടന്നിട്ടും ഗൗരി ഒരുതുള്ളി കണ്ണുനീർ വീഴ്ത്തിയില്ല… ഒന്ന് കരയാൻ പറഞ്ഞപ്പോൾ അവൾ പറഞ്ഞത് എനിക്ക് ഇപ്പഴും ഓർമയുണ്ട് കിച്ചുവേട്ടാ…

“ഞാൻ കരയില്ലെടി…. അധികമൊന്നും കാണിക്കാതെയും കേൾപ്പിക്കാതെയും ഈശ്വരൻ അങ്ങോട്ട് വിളിച്ചല്ലോ… എനിക്ക് ഒരു വിഷമവും ഇല്ല… ഇനിയാ കണ്ണുനീർ എനിക്ക് തുടച്ചുകൊടുക്കണ്ടാലോ… ” അത് പറയുമ്പോഴും അവളുടെ ചുണ്ടിലൊരു ചിരി ഉണ്ടായിരുന്നു……

പിന്നീട് കുറച്ച് കാലം അവരാ വീട്ടിൽ തന്നെ ഉണ്ടായിരുന്നു… പക്ഷെ ഒരിക്കൽ പോലും അവൾ എന്റെ വീട്ടിലേക്ക് വന്നില്ല….. അയാൾ വരുന്നതും പോകുന്നതും, ആ സ്ത്രീ അയാൾക്കൊപ്പം പുറത്തേക്ക് ചമഞ്ഞൊരുങ്ങി പോകുന്നതും കാണാമായിരുന്നു…… ഒരു ദിവസം കണ്ടു എല്ലാം കെട്ടിപ്പൂട്ടി അവരിറങ്ങുന്നത് ഒപ്പം അവനും ഉണ്ടായിരുന്നു ആ സ്ത്രീയുടെ മറ്റവൻ…. ആാാ “ശിവൻ….”
ഗൗരിടെ അച്ഛന്റേം അമ്മേടേം പ്രണയ വിവാഹമായതോണ്ട് അവൾക്ക് പോയി നിൽക്കാനും വേറെ ഇടമൊന്നും ഇല്ലാലോ…. അതായിരിക്കാം അവളന്ന് അവർക്കൊപ്പം പോയത്…..
നിങ്ങൾ കഴിഞ്ഞ ദിവസം കണ്ടതും അവനെത്തന്നെ ആയിരുന്നു…..

അന്ന് അവിടന്ന് പോയതിൽ പിന്നെ കഴിഞ്ഞ ദിവസം അമ്പലത്തിൽ വച്ചാണ് ഞാനവളെ കാണുന്നത്…. അന്നത്തെ മുഖത്തെ ആ തെളിച്ചം കണ്ടപ്പോൾ മനസിലായി കിച്ചുവേട്ടനും മോളും അവൾക്കെത്രമാത്രം പ്രിയപ്പെട്ടതാണെന്ന്… അവളിപ്പോ ജീവിതത്തിൽ സന്തോഷവതിയാണെന്നും….
ഒന്ന് ഞാൻ ഉറപ്പിച്ചു പറയാം ശിവൻ അവളുടെ മേലെങ്ങാനും തൊട്ടിട്ടുണ്ടേൽ അവനിന്ന് ഈ ഭൂലോകത്ത് കാണില്ലായിരുന്നു… ഇനിയഥവാ തൊടണമെങ്കിൽ അവളുടെ ശവത്തിനെയല്ലാതെ അവനൊന്നു സ്പർശിക്കാൻ പോലും ആവില്ല….

ശിവന്റെ കൂടെ പോയതിൽ പിന്നെ അവിടെ എന്തൊക്കെ യാതനകളും വേദനകളും അവൾ സഹിച്ചൂന്ന് എനിക്ക് അറിയില്ല കിച്ചുവേട്ടാ…. അവളെങ്ങനെ നിങ്ങടെ അടുത്തെത്തീന്നും അറിയില്ല…. പക്ഷെ ഞാൻ അറിയുന്ന ഗൗരി ഒരിക്കലും ഒരു മോശം പെൺകുട്ടിയല്ല ആവുകയും ഇല്ല…
അവളുടെ മനസ്സിൽ..ജീവിതത്തിൽ ഇപ്പം നിങ്ങൾ രണ്ടാളും മാത്രമേയുള്ളു കിച്ചുവേട്ടനും നിങ്ങടെ മോള് അമ്മൂട്ടിയും

അറിയാം… കിച്ചുവേട്ടന് അത്രപെട്ടെന്നൊന്നും പ്രിയയെ മറക്കാൻ പറ്റില്ലാന്ന്… എത്ര സമയം വേണമെങ്കിലും എടുത്തോ…. അവൾ കാത്തിരുന്നോളും അത്രയ്ക്ക് പാവമാണെന്റെ ഗൗരി….. ജീവിതത്തിൽ സന്തോഷമെന്തെന്ന് ഓർമ്മപോലും കാണില്ലവൾക്ക്…. ഇനിയും വിഷമിപ്പിക്കരുത് കിച്ചുവേട്ടാ അവളെ….. അത്രയും പറഞ്ഞവസാനിപ്പിക്കുമ്പോഴേക്കും ദയേടെ കണ്ണുകൾ നിറഞ്ഞിരുന്നു… കിച്ചുവിന്റെയും….

❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️

ശ്രീനിലയത്ത് അമ്മൂട്ടിയെയും മടിയിൽ കിടത്തി ഗൗരി കിച്ചുവിനായി കാത്തിരിക്കുകയായിരുന്നു….. അമ്മൂട്ടി നല്ല ഉറക്കത്തിലാണ്…. ഉഷ കിടന്ന് കഴിഞ്ഞിരുന്നു….
കാറിന്റെ വെളിച്ചം കണ്ടപ്പോൾ മോളെയും തോളിലിട്ട് അവൾ വാതിലുതുറന്നു….

താനിതുവരെ കിടന്നില്ലായിരുന്നോ…?? ഉഷാമ്മ കിടന്നു പിന്നെ ഈ വാതിൽ തുറന്ന് തരാൻ ഞങ്ങൾ രണ്ടാളുമല്ലേ ഉള്ളൂ… അതിലൊരാളാണെങ്കിൽ ദേ ഇന്ന് പതിവില്ലാതെ നേരത്തേയുറങ്ങി…. അമ്മൂട്ടിയെ പതിയെ തഴുകിയവൾ പറഞ്ഞു…. കിച്ചു ഗൗരിക്ക് പിന്നിൽ പോയി നിന്ന് അമ്മൂട്ടീടെ കുറുനരികൾ നീക്കി അവൾക്കൊരു ഉമ്മ കൊടുത്തു… ഗൗരിയൊന്നു തിരിഞ്ഞുനോക്കി… കുറച്ച് നേരത്തെ മൗനത്തിനു ശേഷം അവൾ തന്നെയാണ് വിരാമമിട്ടത്….

കുളിച്ചിട്ട് വായോ ഞാൻ ഭക്ഷണം എടുത്ത് വയ്ക്കാം….
അവൻ കഴിക്കുന്നതും നോക്കി അവൾ അരികിൽ തന്നെ ഇരുന്നു… കൈ കഴുകി മടങ്ങി വന്നപ്പോ അമ്മൂട്ടിയെ അവന്റെ കയ്യിലേക്ക് കൊടുത്തവൾ അവൻ കഴിച്ച പ്ലേറ്റുമായി അടുക്കളയിലേക്ക് പോയി….
കുറച്ചുനേരം കാത്തിരുന്നിട്ടും കാണാഞ്ഞിട്ടാണ് അവളെനോക്കി അടുക്കളയിലേക്ക് പോയത്… നോക്കുമ്പോ താൻ കഴിച്ച പ്ലേറ്റ് ഇൽ ചോറിട്ടവൾ കഴിക്കുകയായിരുന്നു… ഒരു നിമിഷം അവൾ കഴിച്ചായിരുന്നോ എന്ന് ചോദിക്കാത്തതിൽ അവനു കുറ്റബോധം തോന്നി….

❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️

ഗൗരി മുറിയിലെത്തുമ്പോൾ കിച്ചു അമ്മൂട്ടിയെ തോളത്തിട്ട് തട്ടി നടക്കുന്നതാണ് കണ്ടത്…..
മോളുണർന്നോ…???
ഹാ അവളൊന്ന് ഞെട്ടിയുണർന്നു ഞാൻ ഉറക്കുവായിരുന്നു….
മോളെയിങ്ങ് താ ഞാനുറക്കാം..
വേണ്ടെടോ… അവളുറങ്ങി…

കിടക്കാനായി നിലത്ത് പായവിരിക്കുമ്പോളായിരുന്നു അമ്മൂട്ടി പിന്നെയും ഞെട്ടിയുണർന്നു ചിണുങ്ങാൻ തുടങ്ങിയത്….

ഇങ്ങ് തന്നേക്കേട്ടാ…. അമ്മൂട്ടിയെ അവന്റെ നെഞ്ചിൽനിന്ന് അടർത്തിമാറ്റിയെടുക്കുമ്പോളാണവൾ കണ്ണ് തുറന്ന് ചിരിച്ചത്… അമ്മേ… കൊഞ്ചിയുള്ള വിളിയും ഒപ്പംതന്നെ വന്നു….

ഹാ… ബെസ്റ്റ് ഉറങ്ങിയയാളാണോ ഈ കണ്ണ് തുറന്ന് ചിരിക്കണേ…?? സമയെന്തായിന്നാ അമ്മേടെ മോൾടെ വിചാരം…?? ഉറങ്ങുവൊന്നും വേണ്ടേ…..?? ഗൗരി ചിരിയോടെ ചോദിച്ചു….
വാ അമ്മ ഉറക്കിത്തരാലോ……

മോളേം എടുത്ത് നിലത്ത് വിരിച്ച പായയിൽ കിടക്കുന്നതും , ഗൗരിയവളെ ചേർത്ത് പിടിച്ചുറക്കുന്നതും കണ്ടപ്പോൾ കിച്ചു കുറച്ച്നേരം നോക്കി നിന്നു….. തന്റെ മകൾക്ക് എത്രമാത്രം വേണ്ടപെട്ടവളാണ് ഗൗരിയെന്ന് കിച്ചു മനസ്സിലാക്കുകയായിരുന്നു…. ഇത്രമാത്രം വേദന മനസ്സിൽ കൊണ്ട് നടക്കുന്നവളാണെന്ന് ഒരിക്കൽ പോലും തോന്നിയില്ല…. അങ്ങനെ തോന്നിക്കാൻ ഒരു അവസരം അവൾ തന്നില്ലതാനും….

കിടക്കുന്നില്ലേ….?? ഗൗരിയുടെ ചോദ്യം കേട്ടപ്പോഴാണ് കിച്ചു ക്ലോക്കിലേക്ക് നോക്കിയത്…..
ലൈറ്റ് അണച്ചു കിടന്നു…
ഗൗരി…..
മ്മ്മ്ഹ… കിടന്നുകൊണ്ട് തന്നെ ഗൗരിയൊന്നു മൂളി
നാളെ ഒരു ട്രിപ്പ്‌ ഉണ്ട് കമ്പനിടെ….
കാലത്തെ വിളിക്കണോ…???
അതല്ല…. എല്ലാരും ഫാമിലിയായാണ് വരുക…
അവനത് പറഞ്ഞു കഴിഞ്ഞതും അവൾ തിരിഞ്ഞവനെനോക്കി കിടന്നു…..
നാളെ കഴിഞ്ഞ് മറ്റന്നാൾ തിരിച്ചുവരും അതാണ് പ്ലാൻ…
മ്മ്ഹ്ഹ്…. മൂളുന്നതിനൊപ്പം ഗൗരിടെ കണ്ണുകളിലെ ആകാംഷയും ഇരട്ടിച്ചു…..
ഒരുപാട് നാളായി ശ്രമിച്ചുകൊണ്ടിരിക്കുന്ന പ്രൊജക്റ്റ്‌ നമുക്ക് കിട്ടി അതിന്റെ ഒരു പാർട്ടി… അത് കുറച്ച് ഡിഫറെൻറ് ആയിക്കോട്ടേന്ന് കരുതിയാണ് ഇത്തവണ ഫാമിലിയെ കൂടെ ഉൾപ്പെടുത്തിയത്….
ഇത്രയും പറഞ്ഞു കഴിഞ്ഞതും കിച്ചു നിശബ്ദമായി….
കേൾക്കാൻ ആഗ്രഹിച്ചതെന്തോ കേൾക്കാൻ പറ്റാതിരുന്നതിന്റെ നിരാശ ഗൗരിയുടെ കണ്ണുകളിൽ വന്ന് നിന്നു… പതിയെ മോൾക്കരികിലേക്ക് തന്നെ തിരിഞ്ഞുകിടന്നു…. അപ്പഴേക്കും അമ്മൂട്ടി നല്ല ഉറക്കംപിടിച്ചിരുന്നു…. ഗൗരി പായയിലേക്ക് എഴുന്നേറ്റിരുന്ന് മോളെയും എടുത്ത് എഴുന്നേറ്റ് കിടക്കയിൽ കിച്ചുവിനരികിലായി കിടത്തി…. രണ്ടുപേരെയും മതിവരുവോളം നോക്കി…. കുനിഞ്ഞു അമ്മൂട്ടിടെ നെറ്റിയിലൊന്ന് മുത്തി….

ഗൗരീ………
തിരിഞ്ഞ് കിടക്കാനായി നടക്കുമ്പോഴാണ് കിച്ചു പിന്നിൽനിന്നും വിളിച്ചത്… കൈ കട്ടിലിന്റെ കാൽഭാഗത്തുള്ള മരത്തടിയിന്മേൽ വച്ചവൾ തിരിഞ്ഞുനിന്നവനെ നോക്കി….

“നാളെ എന്റൊപ്പം നിങ്ങൾ രണ്ടുപേരും വരണം…. ”
സന്തോഷം കൊണ്ടവളുടെ കണ്ണുകൾ നിറഞ്ഞു, കട്ടിലിന്റെ കാലിലായുള്ള അവളുടെ കൈകളുടെ മുറുക്കം കൂടി….

മ്മ്മ്ഹ്ഹ്…… നിറഞ്ഞ സന്തോഷത്തോടെ തലകുലുക്കിയവൾ മൂളി…. തിരികെ വന്ന് കിടക്കുമ്പോഴും അവൻ പറഞ്ഞ വാക്കുകൾ മാത്രമായിരുന്നു മനസ്സിൽ “നാളെ എന്റൊപ്പം നിങ്ങൾ രണ്ടുപേരും വരണം… ”

❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️

ഉച്ചയാവുമ്പഴേക്കും അച്ഛെടെ മോളുട്ടി മാറ്റിനിന്നോട്ടോ… നമ്മക്കൊന്നിച്ചേ ടാറ്റാറ്റ പോവാമെ…. കുഞ്ഞിനെ ഒന്ന് തലോടി അവൻ ഗൗരിയെ നോക്കി ഒന്ന് തലയാട്ടി…. മാറ്റിനിന്നോ രണ്ടുപേരും ഞാൻ 11 മണിയാവുമ്പഴേക്കും എത്താം….

❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️

ഉഷാമ്മേ…. കിച്ചുവേട്ടൻ ഏട്ടന്റെ കമ്പനിടെ എന്തോ പാർട്ടിക്ക് ഒപ്പം പോവാമോന്ന് ചോയ്ച്ചു… പൊക്കോട്ടെ..??
ആഹാ ഇത് നല്ല കൂത്ത്… നിന്റെ കെട്ട്യോൻ നിന്നെ കൂടെ ചെല്ലാൻ വിളിച്ചാൽ എന്നോടെന്തിനാ പെണ്ണേ ചോദിക്കണേ പോയിട്ട് വാ….
നാളെയെ വരൂ ട്ടോ…
ആഹാ അപ്പം പാർട്ടി അല്ല ട്രിപ്പ്‌ ആണ് ലെ….??
ഗൗരിയൊന്നു ചിരിച്ചു….
പോയിട്ട് വാ മോളെ… നിങ്ങൾ സന്തോഷായിട്ടിരിക്കണത് കണ്ടാൽമതി ഉഷാമ്മയ്ക്ക് ചെല്ല്….

❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️

അമ്മൂട്ടി ചെന്ന് പറ അച്ഛയോട് ഇപ്പം വരാം അമ്മ മാറ്റുവാന്ന്…

അച്ഛേ….
ആരിത് അച്ഛെടെ ചുന്ദരിമോൾ പുറപ്പെട്ടോ…??
എവിടെ അമ്മൂട്ടിടെ അമ്മ…??
അമ്മ റൂമിലാ… ചുന്ദരിയാവുവാ….
ആണോടാ ചക്കരെ… വാ നമ്മക്കൊന്നിച്ച് പോയി വിളിച്ചു വരാവേ….

വിളിക്ക്… വാതിലിനരികിൽ എത്തിയപ്പോൾ കിച്ചു അമ്മൂട്ടിയോട് പറഞ്ഞു…
അമ്മേ…… അമ്മേ……. അവൾ കൊഞ്ചലോടെ വിളിച്ചു…
കേറിപ്പോര് അമ്മൂട്ടി വാതിലടച്ചിട്ടില്ല അമ്മ… ഗൗരി ഉള്ളിൽ നിന്നും വിളിച്ചുപറഞ്ഞു….
കിച്ചു മോളെയുമെടുത്ത് അകത്തേക്ക് കടക്കുമ്പോൾ ഗൗരി സാരി മാറിലേക്ക് ഇടുകയായിരുന്നു….
അമ്മൂട്ടിക്കൊപ്പം കിച്ചുവിനെ കണ്ടപ്പോൾ അവളൊന്ന് പതറി… കിച്ചുവും അതെ അവസ്ഥയിലായിരുന്നു….
അവൾ വേഗം സാരി അലസമായി വാരി ചുറ്റി….
അത് ഞാൻ…. മോള് താൻ സുന്ദരിയാവുവാണെന്ന് വന്ന് പറഞ്ഞപ്പോ കരുതി മുഖം നന്നാക്കുവായിരിക്കുമെന്ന്…. അതാ… സോറി… കിച്ചു എന്തോ തെറ്റ് ചെയ്തതുപോലെ അവളോടായി പറഞ്ഞു….
സാരല്യാ…. അവൾ അവനെത്തന്നെ ഉറ്റുനോക്കി പറഞ്ഞു….

അലമാരതുറന്ന് കൊണ്ടുപോകാനായുള്ള ഡ്രസ്സ്‌ എടുക്കാനായി നിൽക്കുന്ന കിച്ചുവിനെ നോക്കി ഗൗരി പറഞ്ഞു…
“ഞാൻ എടുത്ത് വച്ചിട്ടുണ്ട്, ദേ ആ ബാഗിൽ ഉണ്ട് വേറെന്തെലും വേണോന്ന് നോക്ക് കിച്ചുവേട്ടാ…. ”
പിന്നെയാണ് എന്താണെന്ന് വിളിച്ചതെന്ന് അവളോർത്തത്…

അത് ഞാൻ…. അവളെന്തോ പറയാൻ തുടങ്ങുമ്പോഴേക്കും കിച്ചു അവൾ എടുത്തു വച്ചിട്ടുള്ള ബാഗ് തുറന്ന് നോക്കാനായി തുടങ്ങി…
പിന്നെയൊന്നും പറയാതെ അവൾ സാരി തലപ്പ് തിരിഞ്ഞുനിന്ന് ശെരിയാക്കി കുത്തിവച്ചു….
ഈ സമയം ചെറുതായി ഒന്ന് തലചെരിച്ചവളെ നോക്കി കിച്ചു… ചുണ്ടിലൊരു കുസൃതി ചിരിയും ഉണ്ടായിരുന്നു…..

❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️

കാറിൽ ഇരിക്കുമ്പോൾ അമ്മൂട്ടി ഭയങ്കര സന്തോഷത്തിലായിരുന്നു…. അവൾ ഗൗരിടെ മടിയിൽനിന്നും കിച്ചുവിന്റെ മേലേക്ക് ചാഞ്ഞും ചാടിയും കളിച്ചോണ്ടിരുന്നു….

നമ്മളെവിടേക്കാ…??? ഗൗരിയായിരുന്നു..
ഇപ്പം ഓഫീസിലേക്ക്… അവിടെ ഒരു ട്രാവലർ ഏർപ്പാടാക്കിട്ടുണ്ട്… വേണമെങ്കിൽ അതിൽ പോവാം അല്ലെങ്കിൽ കാറിൽ തന്നെ പോകാം…. തന്റെ താല്പര്യം പോലെ പറഞ്ഞാൽ മതി….

നമുക്ക് എല്ലാർടൊപ്പോം ട്രാവലെറിൽ പോകാം… പെട്ടന്ന് തന്നെ മറുപടിയും വന്നു…… കിച്ചുവൊന്ന് അവളെ നോക്കി ചിരിച്ചു……
അവിടന്ന് എവിടേക്കാ….???
അവിടന്ന് വയനാട്… അവിടൊരു ഹോട്ടലിലാ റൂംസും പാർട്ടിയും ഒക്കെ പ്ലാൻ ചെയ്തത്… രാത്രി ഒരു ക്യാമ്പ് ഫയർ.. രാവിലെ കുറച്ച് സ്ഥലൊക്കെ കണ്ട് വൈകുന്നേരം 7.30ക്ക് റിട്ടേൺ…

താൻ പോയിട്ടുണ്ടോ വയനാട്..??
മ്മ്ഹ്മ്മ്ഹ്…. ചുമലുകൂച്ചിയവൾ ഇല്ലാന്ന് പറഞ്ഞു……
നല്ല തണുപ്പാന്ന് അറിയാട്ടോ…. പണ്ട് സ്കൂളിൽന്ന് അങ്ങോട്ടായിരുന്നു ടൂർ… കുറെ കരഞ്ഞു നോക്കി പക്ഷെ നോ രക്ഷ അച്ഛൻ വിട്ടില്ല…. കൂട്ടുകാരാ പറഞ്ഞത് നല്ല തണുപ്പാന്ന്…പിന്നെ അവിടെ കണ്ട എന്തെല്ലാമൊക്കെയൊ പറഞ്ഞും തന്നു… അവിടെ അത്ര തണുപ്പാണോ കിച്ചുവേട്ടാ….???? അത് ചോദിക്കുമ്പോൾ കുഞ്ഞു കുട്ടികളിലെ ആകാംക്ഷ അവളുടെ കണ്ണുകളിലും കണ്ടു …..
കിച്ചുവിന് അതൊരു പുതിയ ഗൗരിയായിരുന്നു… താൻ ഇതുവരെ കാണാത്ത ഗൗരി…. അവൻ പുഞ്ചിരിയോടെ അവളുടെ സംസാരം നോക്കി ഇരുന്നു….

പറ ആണോ കിച്ചുവേ… എന്തോ ഓർത്തപോൽ പകുതിയിൽ വച്ചവൾ നിർത്തി……

മ്മ്ഹ്ഹ്… ഇടയ്‌ക്കൽ ഗുഹ, സൂചിപ്പാറ വാട്ടർഫാൾസ്, ബാണാസുര സാഗർ ഡാം, തിരുനെല്ലി ക്ഷേത്രം, കുറവാ ദ്വീപ്, പൂക്കോട് തടാകം… അങ്ങനെ ഒത്തിരി നല്ല സ്ഥലങ്ങൾ ഉണ്ട് കാണാനായിട്ട്…. പക്ഷെ ഒരു ദിവസം കൊണ്ടൊന്നും ഇതുമുഴുവൻ കാണാൻ പറ്റില്ലാട്ടോ…..
അപ്പം തണുപ്പോ….??? അതു ചോദിക്കുമ്പോൾ ഗൗരിയുടെ കണ്ണുകൾ വീണ്ടും വിടർന്നു….
ആടോ…. തണുപ്പും ഉണ്ട് അവൻ ആർത്ത് ചിരിച്ചുകൊണ്ട് പറഞ്ഞു….
എന്തിനാ ചിരിക്കണേ ഹും അറിയാൻ പാടില്ലാഞ്ഞിട്ടല്ലേ ചോദിച്ചേ…. ഗൗരി മുഖം വീർപ്പിച്ച് പുറത്തോട്ട് നോക്കി ഇരുന്നു….
അതുകണ്ടപ്പോൾ കിച്ചുന് വീണ്ടും ചിരിയാണ് വന്നത്…..

കുറച്ച് സമയം കഴിഞ്ഞപ്പോൾ വീണ്ടും തിരിഞ്ഞിരുന്നു അവനെത്തന്നെ നോക്കി….
എന്തെ…??? എന്തേലും ചോദിക്കാനുണ്ടോ തനിക്ക്…???
മ്മ്ഹ് നാളെ നമ്മൾ എങ്ങോട്ടൊക്യാ പോവാ….???
നാളെ… ഗുഹയും തടാകവും ഡാമും ആണ് അവര് പറഞ്ഞത്….
അപ്പം ബാക്കിയോ….??? അത് ചോദിക്കുമ്പോ കണ്ണിലെന്തോ നിരാശ തിരിച്ചറിഞ്ഞു കിച്ചു….
ബാക്കി നമ്മക്ക് മൂന്ന്പേർക്കും ഒരു രണ്ട് മൂന്ന് ദിവസത്തെ ട്രിപ്പിന് വരാം.. എന്തെ പോരെ……????
മ്മ്മ്ഹ്ഹ് മതീ… അധികരിച്ച സന്തോഷത്തിൽ ഗിയറിൽ ഇരുന്ന അവന്റെ കയ്യിൽ മുറുകെപിടിച്ചു ഗൗരി…. അവന്റെ മുഖത്തേക്ക് തന്നെ നോക്കി പുഞ്ചിരിച്ചുകൊണ്ടിരുന്നു അവൾ…..
ഒരു കുസൃതിച്ചിരിയോടെ കിച്ചു അവന്റെ കൈക്ക് മുകളിൽ ഇരുന്ന അവൾടെ കൈകളിലേക്ക് നോക്കി…..
അവളൊരു ചമ്മലോടെ പെട്ടന്ന് കൈവലിച്ചെടുത്തു….

“ഇതായിരുന്നിരിക്കണം ദയ പറഞ്ഞ അവൾടെ പഴയ ഗൗരി…”അവനോർത്തു….

❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️

ഹാ വന്നല്ലോ… നല്ല പങ്ക്ച്യുവാലിറ്റി ഉള്ള ബോസ്സ്…. കിച്ചു വരുന്നത് കണ്ടപ്പോ ശരൺ പറഞ്ഞു….

ഡാ.. ഡാ… ഓവർ ആക്കണ്ട ഒരു 10 മിനിറ്റ് ലേറ്റ് ആയി അത്രല്ലേ ഉള്ളൂ…???
അത്രല്ലേ ഉള്ളുന്നോ…?? മീറ്റിംഗിന് ഒരു മിനിറ്റ് ലേറ്റായാൽ നീ എന്താടാ സാരംഗ് ചന്ദ്രദാസാ ചെയ്യാർ….?? പറയെടാ ദാസപ്പാ….
അത് മീറ്റിംഗ് ഇത് ട്രിപ്പ് കേറിപ്പോടാ അകത്തോട്ട്….
ഇതെല്ലാം കണ്ടോണ്ട് അമ്മൂട്ടിയെയും എടുത്ത് ചിരിച്ചോണ്ട് നിൽകുവാണ്‌ ഗൗരി…..

ആഹാ… പെങ്ങൾ കൂടെയുള്ളോണ്ടാണോ ബോസ്സിന്ന് ലേറ്റ് ആയെ..?? അവളെനോക്കി കണ്ണിറുക്കികൊണ്ട് ശരൺ ചോദിച്ചു…..

ഏയ് അല്ലാ… നിങ്ങളാരും മീറ്റിംഗിന് പങ്ക്ച്വൽ ആയി വരാറില്ലാന്ന് പറഞ്ഞു നിങ്ങടെ ബോസ്സ് എന്നോട്… എന്നും ബോസ്സ് നിങ്ങളേം കാത്തിരിക്കാറാണെന്ന് അതോണ്ട് ഒരു ചേഞ്ചിനു വേണ്ടി… കാത്തിരിപ്പിന്റെ സുഖം നിങ്ങൾ കൂടെ അറിയാൻ വേണ്ടി നിങ്ങടെ ബോസ്സ് അറിഞ്ഞോണ്ട് ലേറ്റ് ആയതാ അല്ലേ അമ്മൂട്ടി…???
ഒന്നും മനസിലായില്ലെങ്കിലും അമ്മൂട്ടിയും തലകുലുക്കി ചിരിച്ചു….
കിച്ചു ഗൗരിയെ ഒന്ന് നോക്കി… അവൾ കിച്ചുവിനെ നോക്കി സൈറ്റ് അടിച്ച് കാണിച്ചു…..
അവൾ നേരെ ചെന്ന് ട്രാവലറിൽ കയറി…. ഒഴിഞ്ഞുകിടക്കുന്ന രണ്ട് സീറ്റിൽ ഒന്നിലായി ഇരുന്നു…..

ദയ പറഞ്ഞത് ശെരി തന്നെ… ഇത് ഏതോ കൂടിയ ഇനം തന്നെയാണ്….
നീയെന്താടാ കിച്ചു ഓർത്തോണ്ടിരിക്കുന്നെ???
ഒന്നുല്ലെന്റെ ശരണേ…..
നീയെന്താടാ ദാസപ്പാ വെറുതെ ചിരിക്കുന്നെ…???
ഓ എനിക്കൊന്ന് ചിരിക്കാനും പാടില്ലേ ഇതെന്ത് കഷ്ടപ്പാടാ…
മ്മ്ഹ്… മ്മ്ഹ്… നടക്കട്ടെ… നടക്കട്ടെ… എനിക്കെല്ലാം മനസ്സിലാവുന്നുണ്ട് ട്ടോ….

ആണോ ചെന്ന് വണ്ടിയിൽ കേറെടാ പുല്ലേ….

❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️

കിച്ചു വണ്ടിക്കകത്തേക്ക് കേറുന്നത് കണ്ടപ്പോൾ ഗൗരി കുറച്ചുകൂടെ നീങ്ങിയിരുന്നു….
അവൻ ശരണിനൊപ്പം മുന്നിലത്തെ സീറ്റിൽ ഇരുന്നപ്പോൾ ഗൗരിടെ കണ്ണുകളിൽ പരിഭവം നിറഞ്ഞു….

ഹും… എന്നാ പിന്നെ കാറിൽ തന്നെ പോയാമതിയായിരുന്നല്ലോ… ഇതിലും ബേധം അതായിരുന്നു… ഒന്ന് അടുത്തിരുന്ന് പോകാന്നു വച്ചപ്പോ അയാളുടെ ഒടുക്കത്തൊരു ജാട…. ശരൺ ആരാ അങ്ങേരുടെ കെട്യോളോ…. എന്തൊക്കെയോ പറഞ്ഞവൾ അമ്മൂട്ടിയെയും മടിയിൽ വച്ച് പുറത്തേക്ക് നോക്കി ഇരിന്നു…..

കുറച്ച് നേരത്തിനു ശേഷം അടുത്താരോ ഇരുന്നെന്ന് തോന്നിയപ്പോൾ അവൾ തിരിഞ്ഞു നോക്കി… ചുണ്ടിലൊരു പുഞ്ചിരി നിറഞ്ഞു…

തുടരും…

Nb: ലൈക്ക് ചെയ്യാൻ മറക്കല്ലേ… നിങ്ങളുടെ ലൈക്കുകളും കമന്റുകളാണ് ഞങ്ങളെപ്പോലെയുള്ള എഴുത്തുകാർക്ക് പ്രചോദനം.🌹🌹🌹🌹

മഴപോൽ : ഭാഗം 1

മഴപോൽ : ഭാഗം 2

മഴപോൽ : ഭാഗം 3

മഴപോൽ : ഭാഗം 4

മഴപോൽ : ഭാഗം 5

മഴപോൽ : ഭാഗം 6

മഴപോൽ : ഭാഗം 7

Leave a Reply

Your email address will not be published. Required fields are marked *