Wednesday, December 18, 2024
Novel

താദാത്മ്യം : ഭാഗം 20

നോവൽ
എഴുത്തുകാരി: മാലിനി വാരിയർ

MV


“മിഥു… സിദ്ധുവും ഇവിടെ ഉണ്ടാകും, അത് മറക്കരുത്, തോന്നിയത് പോലെ നടക്കാതെ നേരത്തെ വീട്ടിൽ വരണം… പാചകത്തിന്റെ കാര്യം ശാന്തി ചേച്ചിയോട് പറഞ്ഞിട്ടുണ്ട്.. കഴിച്ചിട്ടേ കോളേജിൽ പോകാവൂ…. പിന്നെ നേരമുള്ളപ്പോൾ അവനുമായി പുറത്തൊക്കെ ഒന്ന് ഇറങ്ങു.. ”

ശോഭ പറഞ്ഞുകൊണ്ടേ ഇരുന്നതും മിഥുന തടഞ്ഞു..

“അമ്മേ മതി… പോകാൻ സമയമായി.. ”

അവൾ കണ്ണുകൾ ഉരുട്ടിക്കൊണ്ട് പറഞ്ഞു.

“ശരി, വൈകിട്ട് സിദ്ധു വരും… ഇന്ന് കുറച്ചു നേരത്തെ വാ…”

“അയ്യോ…. അമ്മേ… ഇതും കൂട്ടി അമ്മയിതു പത്താമത്തെ തവണയാ എന്നോടിത് പറയണേ…!അമ്മയുടെ മരുമോൻ ചെറിയ കുട്ടിയൊന്നും അല്ല. എങ്ങോട്ടും ഓടി പോകില്ല..”

ശോഭയുടെ ചോദ്യത്തിന് അവൾ അല്പം ദേഷ്യത്തോടെ മറുപടി പറഞ്ഞു.

ശോഭ പിന്നെ ഒന്നും മിണ്ടാതെ കാറിലേക്ക് കയറി ഇരുന്നു.. അവൾ അവർ മൂന്നുപേരെയും പുഞ്ചിരിയോടെ യാത്രയാക്കി..

രാവിലത്തെ ഭക്ഷണം കഴിച്ച് അവൾ വേഗത്തിൽ ഉച്ചയ്ക്കുള്ള ഭക്ഷണവും പൊതിഞ്ഞ് കോളേജിലേക്ക് പുറപ്പെട്ടു..

“ഹേയ്.. മിഥു..! നിന്റെ സിദ്ധുവേട്ടൻ നാട്ടിൽ നിന്നും വരുന്നുണ്ടെന്നറിഞ്ഞു… നീ ഒന്ന് പറഞ്ഞത് പോലും ഇല്ലല്ലോ..”

മീര ചിരിച്ചുകൊണ്ട് പറഞ്ഞതും അവൾ ഒരു ഞെട്ടലോടെ അവളെ നോക്കി..

“നിനക്ക് അതെങ്ങനെ അറിയാം..? ”

അവൾ ആശ്ചര്യത്തോടെ ചോദിച്ചു..

“നിന്റെ അമ്മ എന്നെ വിളിച്ചിരുന്നു.. നാട്ടിലേക്ക് പോകുവാണ്, മിഥൂനെ നോക്കിക്കോണം.സിദ്ധു വരുന്നുണ്ട്, അതുകൊണ്ട് അവളെ നേരത്തെ വീട്ടിലേക്ക് പറഞ്ഞയക്കണം.”

ശോഭ പറഞ്ഞ കാര്യങ്ങൾ മീര അതെ പോലെ അവളോട് പറഞ്ഞു.

“പിന്നെ മഹാരാജാവല്ലെ വരാൻ പോകുന്നെ…രാവിലെ മുതൽ എന്നോട് പറഞ്ഞത് പോരാഞ്ഞിട്ട് ഇപ്പൊ നിന്നെയും ഫോൺ ചെയ്തു പറഞ്ഞിരിക്കുന്നു..ഈ അമ്മയെ കൊണ്ട് തോറ്റു..”

അവൾ ദേഷ്യത്തോടെ പറഞ്ഞു..

“ഇതിനെന്താ ദേഷ്യം പിടിക്കുന്നേ..? എങ്ങോട്ടെങ്കിലും പോകുമ്പോ നിന്റെ അമ്മ എന്നെ വിളിച്ചു പറയാറുള്ളത് തന്നെയല്ലേ…”

മീര അവളെ സമാധാനപ്പെടുത്തുവാൻ ശ്രമിച്ചു…

“അത് ഒരു പ്രാവശ്യം പറഞ്ഞപ്പോരെ.. എന്റെ അമ്മ ഇന്നലെ മുതൽ ഒരു നൂറ് തവണയെങ്കിലും പറഞ്ഞുക്കാണും.. ”

അവൾ ദേഷ്യം ഒട്ടും കുറയ്ക്കാതെ പറഞ്ഞു.

“ശരി… വീട്ടിൽ അങ്ങേർക്ക് താമസിക്കാനുള്ള എല്ലാ കാര്യങ്ങളും ശരിയാക്കിയോ…? ”

മീര മെല്ലെ വിഷയം മാറ്റി.

“ശാന്തി ചേച്ചി ഭക്ഷണം ഉണ്ടാക്കാൻ വരും.. വേറൊന്നും ചെയ്തിട്ടില്ല.. എന്താ വേറെന്തെങ്കിലും ചെയ്യനുണ്ടോ..? ”

അവൾ ആകാംഷയോടെ ചോദിച്ചു..

“ഇല്ലില്ല… ഭക്ഷണത്തിന്റെ കാര്യം എന്താണെന്ന് അറിയാൻ ചോദിച്ചതാ.. നീ പേടിക്കണ്ട.”

അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു.

“നീ എന്തിനാ ചിരിക്കണേ…? ”

മിഥുന മുഖത്ത് കോപം വരുത്തിക്കൊണ്ട് ചോദിച്ചു.

“ഇത് തന്നെയാ പ്രശ്നം…നീ എന്തിനാ അന്യൻ സിനിമയിലെ വിക്രമിനെ പോലെ കാണിക്കുന്നത്..”

അവൾ വീണ്ടും ചിരിച്ചു..

“അത്..! വീട്ടിൽ അതിഥികൾ ആരെങ്കിലും വന്നാൽ അവരെ ഒരു കുറവും കൂടാതെ ശ്രദ്ധിക്കണ്ടേ… അതാ…!വേറൊന്നും കൊണ്ടല്ല…”

മിഥുന മറുപടി പറഞ്ഞു..

“ശരി..ശരി… എങ്കിൽ നമുക്ക് ഇപ്പൊ ക്ലാസ്സിലേക്ക് പോകാം…”

മീര അതും പറഞ്ഞുകൊണ്ട് അവളെയും കൊണ്ട് ക്ലാസ്സിലേക്ക് നടന്നു..

വൈകുന്നേരം,

“ശരി മീരേ.. ഞാൻ ഇറങ്ങട്ടെ…നീയും ശ്രദ്ധിച്ചു പോ…”

മിഥുന അവളോട് യാത്ര പറഞ്ഞുകൊണ്ട് വീട്ടിലേക്ക് തിരിച്ചു. വീട്ടിൽ എത്തിയതും, സ്ഥാനം മാറി കിടന്നിരുന്ന സാധനങ്ങൾ അടുക്കി വെച്ചുകൊണ്ട് മുറിയിലേക്ക് പോയി..ഏഴു മണിയായതും ശാന്തി വന്ന് രാത്രിയിലുള്ള ഭക്ഷണം തയ്യാറാക്കി, എട്ട് മണിയോടെ വീട്ടിലേക്ക് മടങ്ങി.

“സമയം എട്ടായി… ഇത്ര നേരായിട്ടും എന്താ വരാത്തെ..”

എന്ന് ചിന്തിച്ചിരിക്കുമ്പോഴേക്കും കാളിങ് ബെൽ മുഴങ്ങി.അവൻ ആയിരിക്കും എന്ന വിശ്വാസത്തോടെ വാതിൽ തുറന്നു..

അവളുടെ ഊഹം പിഴച്ചില്ല..അവളെ കണ്ടതും അവൻ ചുണ്ടുകൾ വിടർത്തികൊണ്ട് മനോഹരമായ പുഞ്ചിരി നൽകി. അവന്റെ പുഞ്ചിരിയിൽ മറന്നുക്കൊണ്ടോ എന്തോ അവൾ കണ്ണുകൾ വിടർത്തിക്കൊണ്ട് അനങ്ങാതെ നിന്നു..

“മിഥു… മിഥു…”

രണ്ട് തവണ അവൻ വിളിച്ചപ്പോഴാണ് അവൾക്ക് ബോധം വീണത്.

“വരൂ..!”

അവൾ ചെറു പുഞ്ചിരിയോടെ അവനെ അകത്തേക്ക് ക്ഷണിച്ചു.

“അമ്മായിക്ക് സുഖമല്ലേ…”

അവൾ അന്വേഷിച്ചതും അവനും അതെ എന്ന മട്ടിൽ തലയാട്ടി..ശേഷം എന്ത് ചോദിക്കണം എന്നറിയാതെ ശാന്തമായി നിന്ന അവളുടെ ഫോൺ ശബ്‌ദിച്ചു..

“അമ്മേ…!”

അവൾ ഫോൺ ചെവിയിലേക്ക് ചേർത്ത് വച്ചു..

“ഉം.. എത്തി… ശരി കൊടുക്കാം…”

ശോഭയ്ക്ക് മറുപടി പറഞ്ഞുകൊണ്ട് അവൾ ഫോൺ അവന് നേരെ നീട്ടി..അവൻ അത് വാങ്ങി, എല്ലാവരോടും സന്തോഷത്തോടെ സംസാരിച്ചു.. ആ സമയം മിഥുന ഭക്ഷണം മേശയിൽ കൊണ്ടു വന്ന് വയ്ക്കുകയായിരുന്നു.

“കുളിച്ചിട്ടു വന്നാൽ ഭക്ഷണം കഴിക്കാം…”

അവൻ ഫോൺ വെച്ചതും അവന്റെ മുഖത്ത് നോക്കാതെ തന്നെ അവൾ പറഞ്ഞു.

“ശരി മിഥു…”

എന്ന് പറഞ്ഞുകൊണ്ട് അവൻ ഗസ്റ്റ്‌ റൂമിലേക്ക് നടന്നു..

പത്ത് മിനിറ്റിനുള്ളിൽ കുളിച്ചു വസ്ത്രം മാറി വന്ന അവനെ കസേരയിൽ ഇരിക്കാൻ പറഞ്ഞുകൊണ്ട് അവൾ ഭക്ഷണം വിളമ്പി കൊടുത്തു..അവൻ താൻ ആദ്യമായി അവിടെ വന്ന ദിവസത്തെ കുറിച്ചോർത്തപ്പോൾ ഇപ്പൊ നടക്കുന്നത് സ്വപ്നമാണോ എന്നവൻ ചിന്തിച്ചു..

എന്നാൽ മിഥുന അതൊന്നും ശ്രദ്ധിക്കാതെ അവന് ഭക്ഷണം വിളമ്പി കൊടുക്കായിരുന്നു..

അത്താഴത്തിനു ശേഷം അവൾ കുറച്ചു നേരം ടീവിയുടെ മുന്നിലിരുന്നു.സിദ്ധുവും പുറത്തിറങ്ങി ഒന്ന് നടന്നതിന് ശേഷം വീട്ടിലേക്ക് കയറി..

“ഞാൻ ഉറങ്ങാൻ പോവാ… ടീ.വി കാണുന്നെങ്കിൽ കണ്ടോളു… വെള്ളം വെച്ചിട്ടുണ്ട്… എടുക്കാൻ മറക്കണ്ട..”

അവൾ പറഞ്ഞതിന് അവൻ ശരിയെന്ന അർത്ഥത്തിൽ തലയാട്ടിയതും അവൾ തന്റെ മുറിയിലേക്ക് നടന്നു.

“ശത്രു ആണെങ്കിൽ കൂടി വീട്ടിൽ വന്ന അഥിതിയെ സ്നേഹത്തോടെ പരിചരിക്കണം എന്നാണ് എന്റെ അച്ഛൻ പറഞ്ഞിട്ടുള്ളതു..പിന്നെ വീട്ടിൽ ഞാൻ മാത്രമല്ലെ ഉള്ളൂ, അതാണ് വന്ന അതിഥിയെ നന്നായി നോക്കാമെന്ന് തീരുമാനിച്ചതു..അല്ലാതെ വേറൊന്നുമില്ല.”

മീര കളിയാക്കിയതും അവൾ മറുപടി പറഞ്ഞു..

“ഉം.. ശരി..ഇനി മൂന്ന് ദിവസം സ്റ്റഡി ലീവ് അല്ലെ… എന്ത് ചെയ്യാനാ ഉദ്ദേശം..”

മീര ചിരിച്ചുകൊണ്ട് ചോദിച്ചു.

“പരീക്ഷയ്ക്ക് പഠിക്കാൻ പോകുന്നു… ഇപ്പൊ ഞാൻ ഫോൺ കട്ട് ചെയ്യുന്നു..”

മിഥുന ഫോൺ കട്ട് ചെയ്തു.. ക്ഷീണം ഉള്ളത് കൊണ്ട് അവൾ പെട്ടെന്ന് തന്നെ ഉറക്കത്തിലേക്ക് വഴുതി വീണു..

“ഇവുടുത്തെ കാര്യം ഞാൻ നോക്കിക്കോളാം.. നീ ഒന്നുകൊണ്ടും പേടിക്കണ്ട…”

വിജയ് പറഞ്ഞു,

“ശരിടാ…അമ്മേനെ ശ്രദ്ധിക്കണം കേട്ടോ..പിന്നെ വീട്ടിൽ പോയി ഭക്ഷണം കഴിച്ചാൽ മതി… അമ്മയ്ക്ക് ഒറ്റയ്ക്ക് കഴിക്കുന്നത് ഇഷ്ടമല്ല..”

“അത് നീ പറഞ്ഞിട്ട് വേണോ..? ഞാൻ നോക്കിക്കോളാം..”

വിജയുടെ മറുപടി കേട്ടതും സിദ്ധു വിന് സമാധാനമായി..

***********

അടുത്ത ദിവസം..

അതിരാവിലെ എഴുന്നേറ്റു അടുത്തുള്ള പാർക്കിൽ പോയി കുറച്ചു നേരം സമയം ചിലവഴിക്കാമെന്നു സിദ്ധു വിചാരിച്ചു.. രാവിലെ തന്നെ ശാന്തിയും വന്നതിനാൽ അവരോടു മിഥുവിനെ ശ്രദ്ധിച്ചോളാൻ പറഞ്ഞുകൊണ്ട് അവൻ പാർക്കിലേക്ക് നടന്നു.

കുറച്ചു നേരം പാർക്കിൽ നടന്ന ശേഷം അടുത്തുള്ള ഒരു ബെഞ്ചിൽ ഇരുന്നു കൊണ്ട് അവിടെ ഉണ്ടായിരുന്ന പൂക്കളെ ആസ്വദിക്കുകയായിരുന്നു അവൻ.
ആരോ തന്നെ കടന്നു പോയതും..

“എവിടെയോ കണ്ടത് പോലുണ്ടല്ലോ..? ”

എന്ന ചിന്തയോടെ മുന്നിലൂടെ നടന്നു പോകുന്ന യുവാവിനെ അവൻ ശ്രദ്ധയോടെ നോക്കി.

“ഇത് ഋഷിയല്ലേ…? ”

മനസ്സിൽ പറഞ്ഞുകൊണ്ട് അവൻ അവന്റെ അരികിലേക്ക് നടന്നു..

“ഋഷി…”

അവൻ മെല്ലെ വിളിച്ചതും ഋഷി അവനെ തിരിഞ്ഞു നോക്കി.

“Yes..!”

മുന്നിൽ നിൽക്കുന്നത് ആരാണെന്ന് മനസ്സിലാവാതെ അവൻ സിദ്ധുവിനെ നോക്കി..

“കഴിഞ്ഞ മാസം താൻ ഞങ്ങളുടെ നാട്ടിൽ വന്നിരുന്നില്ലേ..കാർഷികോൽസവത്തിനു; നവീൻ എന്റെ നാട്ടുക്കാരനാണ്.. അവൻ നിങ്ങളെ കുറിച്ച് പറഞ്ഞിട്ടുണ്ട്.. അതാണ് പെട്ടെന്ന് ഇവിടെ കണ്ടതും പരിചയപ്പെടാം എന്ന് കരുതി… എന്റെ പേര് സിദ്ധാർത്ഥൻ..”

അവൻ കൈകൾ നീട്ടികൊണ്ട് പറഞ്ഞു..

“ഓ…!ഹായ് സിദ്ധാർത്ഥൻ… നിങ്ങളെ കണ്ടതിൽ ഒരുപാട് സന്തോഷം.. നിങ്ങളുടെ നാട് എനിക്ക് ഒരുപാട് ഇഷ്ടമായി..എനിക്ക് അങ്ങനെയൊരു സാഹചര്യത്തിൽ ജീവിക്കാനുള്ള ഭാഗ്യം ഇല്ലാതെ പോയി.. എല്ലാവരും നല്ല സ്നേഹത്തോടെയാണ് എന്നോട് പെരുമാറിയത്..”

അവനും അവന്റെ കൈയ്യിൽ പിടിച്ചുകൊണ്ട് പറഞ്ഞു.

“നാട്ടിലേക്ക് പോകുവാണെങ്കിൽ ഞാൻ എല്ലാവരെയും അന്വേഷിച്ചതായി പറയണം…”

അവൻ പുഞ്ചിരിയോടെ പറഞ്ഞു..

“തീർച്ചയായും…”

സിദ്ധു മറുപടി പറഞ്ഞു..

“എന്ത് ചെയ്യുന്നു..”

സിദ്ധു അവനെ കൂടുതൽ അറിയാൻ എന്നോണം ചോദിച്ചു..

“ബിസ്നെസ്സ് ആണ്.. ഞാൻ ഇവിടെ ഒരു കൺസ്ട്രക്ഷൻ റൺ ചെയ്യുന്നുണ്ട്..”

ഋഷി പുഞ്ചിരി കൈവിടാതെ പറഞ്ഞു.

“ഇത്ര ചെറു പ്രായത്തിലോ.. ഇപ്പൊ തന്നെ ഇത്രയും ഉത്തരവാദിത്തത്തോടെ നടക്കുന്നത് തന്നെ നല്ല കാര്യമാണ്..”

സിദ്ധു മനസ്സ് തുറന്നു..

“അതെ… സിദ്ധു… അങ്ങനെ വിളിക്കാലോ അല്ലെ…”

സിദ്ധു പുഞ്ചിരിയോടെ തലയാട്ടി..

“ഞാൻ ചെറുപ്പത്തിൽ ഒരുപാട് കരഞ്ഞിട്ടുണ്ട്.. നഷ്ടമായതൊന്നും തിരിച്ചു കിട്ടില്ലെന്ന്‌ അറിയാം… അതുകൊണ്ടു കിട്ടിയ അവസരം പാഴാക്കാതെ എല്ലാം എന്റെ വിജയമാക്കി മാറ്റി..”

അല്പം വിരക്തി കലർന്ന സ്വരത്തിൽ ഋഷി അത് പറയുമ്പോൾ സിദ്ധു ഒന്നും മനസ്സിലാവാതെ അവനെ നോക്കി.

“സോറി സിദ്ധു… ഞാൻ കുറച്ചു ഇമോഷണൽ ആയി… ഞാൻ അങ്ങനെ ആരോടും പെട്ടെന്ന് സംസാരിക്കാറില്ല… നിങ്ങളെ കണ്ടപ്പോ അന്യനാണെന്ന് തോന്നിയില്ല.. അതാ കുറച്ചു ഇമോഷണൽ ആയിപോയി..”

അവൻ ക്ഷമാപണത്തോടെ പറഞ്ഞു..

“അതോർത്തു വിഷമിക്കണ്ട… എന്നെ ഒരു ജേഷ്ടനായിട്ട് കണ്ടാൽ മതി..”

സിദ്ധുവിന്റെ വാക്കുകൾ കൂടി കേട്ടപ്പോൾ ഋഷി കൂടുതൽ സന്തോഷിച്ചു..

“ഞാൻ സന്തോഷത്തോടെ ഇരിക്കാൻ തുടങ്ങിയിട്ട് കുറച്ചു നാളുകളെ ആയിട്ടുള്ളു സിദ്ധു, ജീവിതത്തിനു ഒരു പുതിയ അർത്ഥം വന്നത് പോലെ തോന്നിച്ചു പക്ഷെ… ഇപ്പൊ ആ സന്തോഷവും എനിക്ക് നഷ്ടമാകുമെന്ന് തോന്നുന്നു..”

ശോകത്തോടെയുള്ള ഋഷിയുടെ വാക്കുകൾ കേട്ടതും അവൻ മൃദുലയെ കുറിച്ചാണ് പറയുന്നതെന്ന് സിദ്ധുവിന് മനസ്സിലായി.

“ഒന്നിനെ കുറിച്ചോർത്തും വിഷമിക്കണ്ട സഹോ… എല്ലാം ശരിയാകും…”

അവന്റെ തോളിൽ തട്ടിക്കൊണ്ട് സിദ്ധു പറഞ്ഞതും വീണ്ടും അവന്റെ ചുണ്ടിൽ പുഞ്ചിരി വിടർന്നു..

“ശരി സഹോ… എനിക്ക് പോകാനുള്ള സമയമായി.. നമുക്ക് മറ്റൊരു ദിവസം കാണാം.. ഇതാ എന്റെ കാർഡ്… ഇതിൽ എന്റെ നമ്പർ ഉണ്ട്…”

ഋഷി ഒരു വിസിറ്റിംഗ് കാർഡ് സിദ്ധുവിന് കൊടുത്തുകൊണ്ട് അവിടെ നിന്നും നടന്നകന്നു..

സിദ്ധുവും അവനോട് യാത്ര പറഞ്ഞ്, അവനാണ് മൃദുലയ്ക്കും അനുയോജ്യമായവൻ എന്ന് മനസ്സിൽ ചിന്തിച്ചുകൊണ്ട് വീട്ടിലേക്ക് നടന്നു.അവന്റെ കൂട്ടുക്കാരൻ നവീനിൽ നിന്നും മുൻപ് തന്നെ അവനെ കുറിച്ച് സിദ്ധു ചോദിച്ചറിഞ്ഞിട്ടുണ്ട്..അന്ന് തന്നെ മനസ്സിൽ ആഗ്രഹിച്ചിരുന്നു, മൃദുലയെ വിവാഹം ചെയ്ത് കൊടുക്കാൻ ഏറ്റവും യോഗ്യനായ ആൾ ഋഷി തന്നെയാണ് എന്നത്..

പത്ത് മണിയോടെ അവൻ വീട്ടിൽ എത്തിയതും ശാന്തി ജോലിയൊക്കെ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാൻ തുടങ്ങുവായിരുന്നു.. മിഥുന ഉറങ്ങുകയാണ് എന്ന് പറഞ്ഞ് അവർ മടങ്ങി..

സിദ്ധു കുളി കഴിഞ്ഞു വന്നപ്പോഴും മിഥുനയെ കാണാത്തത് കൊണ്ട് അവൻ മെല്ലെ അവളുടെ മുറിയിലേക്ക് നടന്നു..

“ഇത്ര നേരമായിട്ടും എഴുന്നേറ്റില്ലേ…? ”

മനസ്സിൽ ചിന്തിച്ചുകൊണ്ട് അവൻ വാതിലിൽ മുട്ടി..

“മിഥൂ… മിഥൂ…”

മുറിയിൽ നിന്നും അനക്കമൊന്നും കേൾക്കാത്തതു കൊണ്ട് അവൻ ഒന്നൂടെ ശക്തിയിൽ വാതിലിൽ മുട്ടിക്കൊണ്ട് വിളിച്ചു..

എന്നാൽ മുറിയിൽ നിന്നും മറുപടിയൊന്നും വന്നില്ല..അവൻ വാതിൽ തള്ളി തുറക്കാൻ ശ്രമിച്ചതും അത് തുറന്നിട്ടിരിക്കുവാണെന്ന് അവന് മനസ്സിലായി.

“മിഥൂ…”

അവളുടെ ശബ്ദമൊന്നും കേൾക്കാത്തതു കൊണ്ട് ഉള്ളിൽ അല്പം ഭയത്തോടെ വാതിൽ തുറന്ന് അവൻ അകത്തേക്ക് കയറിയതും അവൻ ഒരു ഞെട്ടലോടെ നോക്കി നിന്നു…

തുടരും…

താദാത്മ്യം : ഭാഗം 1

താദാത്മ്യം : ഭാഗം 2

താദാത്മ്യം : ഭാഗം 3

താദാത്മ്യം : ഭാഗം 4

താദാത്മ്യം : ഭാഗം 5

താദാത്മ്യം : ഭാഗം 6

താദാത്മ്യം : ഭാഗം 7

താദാത്മ്യം : ഭാഗം 8

താദാത്മ്യം : ഭാഗം 9

താദാത്മ്യം : ഭാഗം 10

താദാത്മ്യം : ഭാഗം 11

താദാത്മ്യം : ഭാഗം 12

താദാത്മ്യം : ഭാഗം 13

താദാത്മ്യം : ഭാഗം 14

താദാത്മ്യം : ഭാഗം 15

താദാത്മ്യം : ഭാഗം 16

താദാത്മ്യം : ഭാഗം 17

താദാത്മ്യം : ഭാഗം 18

താദാത്മ്യം : ഭാഗം 19