Wednesday, September 18, 2024
Novel

വെള്ളാരം കണ്ണുള്ള പെണ്ണ് : ഭാഗം 1

എഴുത്തുകാരൻ: നന്ദു നന്ദൂസ്‌

“”ഒരു കീറു വെച്ച് തന്നാൽ ഉണ്ടല്ലോ.. കൊറേ നേരായി ഈ നിപ്പ് തുടങ്ങിയിട്ട്””

“”ടാ അക്കു ഒന്ന് അടങ്ങു അവളിപ്പോ വരും.. ജസ്റ്റ്‌ ഒരു ഫൈവ് മിനിറ്റ് അവരിപ്പോ വരും..””

ഫസ്റ്റ് തന്നെ ഡയലോഗ് ആയത് കൊണ്ട് കഥാപാത്രങ്ങൾ ആരാണെന്ന് നായകൻ തന്നെ പറയട്ടെ അല്ലെ..

***************

ഞാൻ ആണ് നായകൻ അക്ഷയ് മഹാദേവൻ… എല്ലാരും അക്കു എന്നാ വിളിക്കുന്നത്. ഇന്ന് കാർത്തിക അല്ലെ അതുകൊണ്ട് എന്റെ ചങ്കിന്റെ കൂടെ അമ്പലത്തിൽ വന്നതാ ഭഗവാനെ തൊഴുതു തിരിച്ചു ഇറങ്ങുമ്പോൾ ആണ് അവൻ പറഞ്ഞത് അവന്റെ കാമുകി വരുന്നുണ്ട് അവളെ കണ്ടിട്ട് പോകാം എന്ന്.. ഇതിപ്പോ അരമണിക്കൂർ ആയി നിക്കുന്നു.. നട അടച്ചു പൂജാരി പോകാൻ ആയി തോന്നണു.. അവളെ കാണുന്നില്ല..

മാത്രല്ല വഴിയിൽ കൂടി പോകുന്ന പെൺകുട്ടികൾ ഒക്കെ നോക്കി ഒരു ആക്കിയ ചിരി.. ചില കുരുപ്പുകൾ ആണെങ്കിൽ ഞാൻ അവളുമാരെ പിടിച്ചു തിന്നാൻ നിക്കുന്നു എന്ന മട്ടിലാ എന്നെ നോക്കുന്നെ..

പിന്നെ ഞാൻ അത്യാവശ്യം നല്ല കോഴി ആണ് ട്ടൊ.. അതുകൊണ്ട് എല്ലാ മുഖവും നന്നായി ഞാനും നോക്കുന്നുണ്ട് ഒരു മനസുഖം അത്രന്നെ….

അങ്ങനെ ഞാനും എന്റെ ചങ്ക് രോഹിത്തും ആൽത്തറയിൽ ഇരിക്കുമ്പോൾ ആണ് അവൻ തുള്ളി ചാടി എണീക്കുന്നത്.. വേറെ ഒന്നും അല്ല അവന്റെ പെണ്ണ് വരുന്നുണ്ട് അതെന്നെ കാര്യം..

അവളുടെ അടുത്തേക്ക് ഓടി പോകുന്നുണ്ട് പെൺകോന്തൻ….തികഞ്ഞ അസൂയ മാത്രം.. എനിക്കും പ്രേമിക്കണം എന്നൊക്കെ ഉണ്ട് പക്ഷെ എനിക്ക് മൂത്തത് ഒരു ഏട്ടൻ ആണ് അവൻ പ്രേമിച്ചു തേപ്പ് വാങ്ങി കരഞ്ഞു നടന്നത് കണ്ടിട്ട് എന്തോ എനിക്കും പേടി ആയി.. എന്നാലും ഇവന്റെ കളി ഒക്കെ കാണുമ്പോ ഒരു കൊതി എനിക്കും പ്രേമിക്കണം..

കുറച്ചു നേരം അവരെ നോക്കി നിന്ന് അസൂയ മൂത്തപ്പോൾ ഞാൻ മെല്ലെ ആൽത്തറയിൽ നിന്ന് എഴുന്നേറ്റ് അവന്റെ അരികിലേക്ക് നടന്നു.. പുറകിൽ നിന്ന് അവനെ വിളിച്ചു..

“”ടാ പോകാം..””

“”ഒരു രണ്ട് മിനിറ്റ് നീ വെയിറ്റ് ചെയ്യൂ അളിയാ..””

ഒരു ആക്കിയ ചിരിയോടെ ആ തെണ്ടി അതും പറഞ്ഞു എന്നെ നോക്കിയപ്പോൾ അവന്റെ കാമുകിയുടെ കൂടെ ഉള്ള പെണ്ണ് എന്നെ നോക്കി ഇളിച്ചു.. എന്താ എന്ന് ഞാൻ പുരികം പൊക്കി കാണിച്ചതും അവൾ എന്റെ അടുത്തേക്ക് വന്നു..

“”അതെ ചേട്ടാ.. ഇവരുടെ ഇടയിൽ കട്ടുറുമ്പ് ആവാതെ നമ്മുക്ക് അങ്ങോട്ട് മാറി നിക്കാം..””

“”എങ്കിൽ വാ..””

അവളത് പറഞ്ഞതും ഒരു ചിരിയോടെ ഞാനും അവൾക്ക് ഒപ്പം നടന്നു.. നേരെ കുളത്തിന്റെ അരികിലേക്ക്..അവിടെ പടവിൽ ഞാനും അവളും ഇരുന്നു.. അവൾ എന്തൊക്കെയോ കലപില പറഞ്ഞു നല്ല രസം കേൾക്കാൻ..

കുറച്ചു കഴിഞ്ഞതും രോഹിത് വിളിച്ചു അങ്ങോട്ട് ചെല്ലാൻ.. പടവിൽ നിന്ന് എഴുന്നേറ്റ് തിരിഞ്ഞു ഫോണിൽ തന്നെ നോക്കിയായിരുന്നു നടന്നത്.. അപ്പോഴാണ് ആരോ ഓടി വന്നു എന്നെ ഇടിച്ചത്.. ഇടിച്ച ആളും ഞാനും ഇതേ ഉരുണ്ട് വെള്ളത്തിൽ

ബ്ലും….. 💧💧

നനഞ്ഞു കുതിർന്നു മുമ്പിൽ കണ്ട ആളുടെ മുഖം കൂടി നോക്കാതെ കൊടുത്തു ഒന്ന് മുഖത്തു തന്നെ..

പണ്ടേ അമ്മ ഒഴികെ ആര് ദേഹം നോവിച്ചാലും എനിക്ക് നല്ല ദേഷ്യം വരും.. പിന്നെ നോക്കില്ല കൊടുക്കും രണ്ട്.. കവിളിൽ കൈ വെച്ചു പിടിച്ചു കൊണ്ട് അവൾ മുഖം ഉയർത്തി എന്നെ നോക്കി..

ഞാനൊന്ന് കണ്ണ് മിഴിച്ചു അവളെ നോക്കി നിന്നു.. ആ വെള്ളാരം കണ്ണുകൾ എന്റെ ദേവി… പക്ഷെ ആ കണ്ണുകൾ നിറഞ്ഞു ഒഴുകുന്നുണ്ട്.. വെളുത്ത കവിളിൽ ചുവന്ന വിരൽ പാടുകൾ തീർത്തിട്ടുണ്ട്..

പെട്ടന്ന് അങ്ങനെ ചെയ്യേണ്ടി ഇരുന്നില്ല എന്ന് തോന്നി.. നനഞ്ഞു ഒട്ടിയ സെറ്റ് സാരിയോടെ കഷ്ടപ്പെട്ട് പടവുകൾ കയറുന്ന അവളെ നോക്കി.. പടവിൽ കൊറേ ആളുകൾ ഉണ്ട് എല്ലാവരും എന്തോ പോയ എന്തിനേയോ പോലെ ഞങ്ങളെ എന്തിനാ ഇങ്ങനെ നോക്കുന്നത്..

നനഞ്ഞ ഷർട്ട്‌ ഊരി ഒന്ന് പിഴിഞ്ഞു അവൾക്ക് നേരെ നീട്ടിയതും എന്നെ ഒന്ന് നോക്കി.. ആ വെള്ളാരം കണ്ണിൽ നിന്ന് മുഖം വെട്ടിച്ചു ഞാൻ പറഞ്ഞു..

“”എല്ലാരും നോക്കുന്നുണ്ട് ഇത് ഇട്ടോ..””

അവൾ പെട്ടന്ന് അത് വാങ്ങി ഇട്ടു മുകളിലേക്ക് കയറി.. എന്റെ കൂടെ വന്ന പെണ്ണ് വാ പൊളിച്ചു ഞങ്ങളെ മാറി മാറി നോക്കുന്നുണ്ട്..

“”അതെ പോകാം””

അവളെ തട്ടി വിളിച്ചു ചോദിച്ചതും പെണ്ണ് ഒന്നും മിണ്ടാതെ നടന്നു.. രാവിലെ ആയത് കൊണ്ട് എന്തൊരു തണുപ്പ് എന്റെ ദേവി..

ആ വെള്ളാരം കണ്ണ് ഞാൻ അവിടെ തേടി പക്ഷെ കണ്ടില്ല.. എന്തായാലും ഷർട്ട്‌ ഇടാതെ നായകന് ബൈക്കിൽ പോകണ്ട അവസ്ഥ ആണല്ലോ ദേവി നായിക ഉണ്ടാക്കി തന്നത്..

ഈ കോലം കണ്ടിട്ട് എല്ലാരും നോക്കുന്നുണ്ട് അത് ശ്രെദ്ധിക്കാതെ ഹെൽമെറ്റ്‌ വെച്ചു അഡ്ജസ്റ്റ് ചെയ്തു നേരെ വീട്ടിലേക്ക് വിട്ടു.. എന്നിട്ട് ഒരു കുളി പാസ്സാക്കി ഡ്രസ്സ്‌ മാറി..

ആ വെള്ളാരം കണ്ണ് തന്നെയാ മനസ്സിൽ.. പിന്നെ ആ ചിരിയും എന്റെ ദേവി അവളെ എനിക്ക് തന്നെ തന്നേക്കണെ..

“”ടാ ചായ കുടിക്കാൻ പറഞ്ഞത് കേട്ടില്ലേ..””

അമ്മ വന്നു പുറത്ത് തട്ടി വിളിച്ചതും മുറിയിൽ ഇരുന്ന് ആലോചന നിർത്തി നേരെ ഭക്ഷണം കഴിക്കാൻ ചെന്നു.. ചായ ഒക്കെ കുടിച്ചു ഓഫീസിലേക്ക് വിട്ടു.. ഏട്ടൻ ഉള്ളത് കൊണ്ട് എല്ലാം ഏട്ടന്റെ തലയിൽ ഇട്ടു കൊടുത്തു നേരെ രോഹിതിനെ കാണാൻ ചെന്നു..

“”ടാ അളിയാ.. അവളുടെ പേര്.. വീട്.. എന്തെങ്കിലും ഒന്ന് കിട്ടിയ മതി.. നാളെ ചിലപ്പോ അമ്പലത്തിൽ വരും രാവിലെ പോകണം..””

“”എന്താടാ അക്ഷയ്..””

“”അറിയില്ലടാ…””

“”അക്കു സാറിന്റെ മനസിലും പ്രണയം മൊട്ടിട്ടൊ..””

“”ആയിരിക്കും..””

അങ്ങനെ അവളെ കാണുന്നത് മാത്രം ആലോചിച്ചു ആ ഒരു ദിവസം അങ്ങനെ കഴിഞ്ഞു… പിറ്റേന്ന് അമ്പലത്തിൽ പോകാനുള്ള എന്റെ തിരക്ക് കണ്ടിട്ട് അമ്മ മൂക്കിൽ വിരൽ വെച്ചു നോക്കുന്നുണ്ട്.. ഏട്ടന് മനസിലായി തോന്നുന്നു അവൻ ആക്കി ഒരു ചിരി ചിരിച്ചു മസിൽ പെരുപ്പിക്കാൻ ഉള്ള കോപ്രായങ്ങളിൽ ഏർപെട്ടു.. ബ്ലഡി ഫൂൾ വെറുതെ അല്ലടാ അവൾ തേച്ചിട്ട് പോയത്..

അവനെ ഒന്ന് നോക്കി ബൈക്കിൽ കയറിയതും ഇന്നലത്തെ അവസ്ഥ ഓർമ്മ വന്നു പെട്ടന്ന് ബൈക്കിൽ നിന്ന് ഇറങ്ങി അകത്തു പോയി കാറിന്റെ കീ എടുത്തു വന്നു..

അഥവാ ഷർട്ട്‌ ഇന്നും ഊരി കൊടുക്കണ്ട അവസ്ഥ വന്നാലോ.. വീണ്ടും ബൈക്കിൽ വന്നാൽ എന്റെ സിക്സ് പാക്ക് ബോഡി കണ്ടു ഇന്നും ഫാൻസ്‌ കൂടും എന്റെ ഒരു കാര്യം..

അങ്ങനെ ഓരോന്ന് ആലോചിച്ചു രോഹിനേം കൂട്ടി അമ്പലത്തിൽ ചെന്നു തൊഴുതു ആൽത്തറയിൽ പോയി അവളേം നോക്കി ഇരുത്തം ആയി…

ഇന്ന് രോഹിന്റെ പെണ്ണ് നേരത്തെ വന്നു.. അവൻ ഒലിപ്പിച്ചു നിക്കുന്നുണ്ട് അവനെ മൈൻഡ് ചെയ്യാതെ അമ്പലത്തിലേക്ക് നോക്കി അങ്ങനെ ഞാൻ ഇരുന്നു..

ദേവി ഇന്ന് എന്റെ പെണ്ണ് വരില്ലേ..
കുളത്തിന് അടുത്തേക്ക് പോയി നോക്കിയാലോ..

പെട്ടന്ന് എഴുന്നേറ്റ് കുള പടവിലേക്ക് ഒരു ഓട്ടം ആയിരുന്നു.. അവിടെ ഒരു പെണ്ണ് കുളം നോക്കി പടവിൽ ഇരിക്കുന്നുണ്ട് ഒന്ന് തിരിഞ്ഞു നോക്കിയാൽ ആ മുഖം കാണായിരുന്നു എന്റെ പെണ്ണ് ആണോ ഇനി..

ഒന്ന് ചുമച്ചു ഒച്ച വെച്ചു കൊണ്ട് ഞാൻ പടവിൽ ഇറങ്ങി.. ശബ്‌ദം കേട്ടു എന്നോണം അവൾ തിരിഞ്ഞു നോക്കി..

അയ്യോ.. പെണ്ണിന്റെ ആ വെള്ളാരം കണ്ണ്.. നോക്കി കൊന്നല്ലോ ദേവി..

മുഖത്ത് അൽപ്പം ഗൗരവം വരുത്തി ഞാൻ അവളുടെ അടുത്തേക്ക് നടന്നു.. പെണ്ണ് എഴുന്നേറ്റ് നിന്നിട്ട് കയ്യിൽ ഉണ്ടായിരുന്നു കവറിൽ നിന്ന് എന്തോ എടുക്കുന്നുണ്ട്..

ദേവി കത്തി എങ്ങാനും ആണോ പ്രതികാരം ചെയ്യാൻ വന്നതാവും.. കാത്തോളണേ..

പെണ്ണ് കവറിൽ നിന്ന് ഇന്നലെ ഇട്ടു കൊണ്ടു പോയ ഷർട്ട്‌ എടുത്തു എനിക്ക് നേരെ നീട്ടി.. അവളെ തന്നെ നോക്കി നിക്കുന്നത് കണ്ടതും കണ്ണ് തുറിപ്പിച്ചു ഒരു നോട്ടം..

“”അതെ ഇത് നിങ്ങളുടെ ഷർട്ട്‌ അല്ലെ പിടിക്ക്..””

അവൾ ദേഷ്യത്തിൽ പറഞ്ഞതും ഒന്ന് ഇളിച്ചു കാണിച്ചു ഷർട്ട്‌ വാങ്ങി.. ഭദ്രകാളി എന്നെ നോക്കി പേടിപ്പിക്കുന്നുണ്ട്.. ഈ യക്ഷിയോട് എങ്ങനെ പേര് ചോദിക്കും.. വെള്ളാരം കണ്ണുകളിൽ എന്നോടുള്ള ദേഷ്യം ചുവന്നു കാണാം..

“”ടോ..””

പെട്ടന്നുള്ള അവളുടെ വിളിയിൽ ആ കണ്ണിൽ നിന്നും നോട്ടം പിൻവലിച്ചു ഞാൻ മുഖത്ത് അൽപ്പം ഗൗരവം വരുത്തി..

“”എന്താടി..””

“”കാമുകിമാരോട് ഒലിപ്പിച്ചു നടക്കുമ്പോൾ കുറച്ച് പരിസര ബോധം നല്ലതാ..””

“”എന്ത്…””

അവൾ പറഞ്ഞത് മനസിലാവാതെ ഞാൻ കണ്ണ് മിഴിച്ചു നോക്കി ചോദിച്ചതും.. അവൾ പുച്ഛം നിറച്ചു കൊണ്ട് മറുപടി പറഞ്ഞു..

“”ഇന്നലെ നിങ്ങളും കാമുകിയും സംസാരിച്ചു വരുമ്പോ എന്നെ തട്ടി ഇട്ടത് മറന്നോ..””

“”ഓഹോ.. അതെ ഒരു പെണ്ണ് കൂടെ ഉണ്ടായ കാമുകി ആവുമോ.. പിന്നെ മനഃപൂർവം ഇടിച്ചു ഇട്ടതല്ല.. നിന്റെ മുഖത്തും കണ്ണുണ്ടായിരുന്നല്ലോ.. എന്നെ പോലെ ഒരു സുന്ദരനെ കണ്ടപ്പോ ആ ബോധം ഒക്കെ പോയി വന്നു ഇടിച്ചതും പോരാ വേണ്ടാത്തത് പറഞ്ഞാൽ ഉണ്ടല്ലോ..””

“”ഓഹ് ഒരു ചുന്ദരൻ.. ഞങ്ങളുടെ വയലിലെ കോലം പോലെ ഉള്ള താനോ..””

അത് പറഞ്ഞിട്ട് അവൾ ഉറക്കെ ചിരിക്കുന്നത് കണ്ടതും എനിക്ക് അങ്ങ് അരിച്ചു കയറി സ്വയം സമാധാനിപ്പിച്ചു കൊണ്ട് ഞാൻ അവളെ ഒന്ന് മൊത്തത്തിൽ നോക്കി…

ഇന്ന് ഒരു പച്ച സാരി ആണ് വേഷം.. അവൾക്കത് നന്നായി ഇണങ്ങുന്നുണ്ട്.. എന്റെ നോട്ടം കണ്ട് അവളുടെ മുഖം ഒന്ന് മങ്ങി.. അവൾ പെട്ടന്ന് എന്നെ നോക്കാതെ പടവുകൾ കയറി അമ്പലത്തിലേക്ക് നടന്നു..

ഞാൻ ആരാ മോൻ അവളെ അങ്ങനെ വിടാൻ ഉദ്ദേശം ഇല്ലല്ലോ.. പുറകെ വെച്ച് പിടിച്ചു.. അമ്പലത്തിൽ തൊഴുതു വലം വെക്കാൻ തിരിഞ്ഞതും മുമ്പിൽ എന്നെ കണ്ടോന്ന് ഞെട്ടി 🤭പാവം

ഞെട്ടൽ മറച്ചു കൊണ്ട് അവൾ ദേഷ്യത്തിൽ എന്തോ പിറുപിറുത്തു കൊണ്ട് നടന്നു.. അവൾ വരാൻ കാത്തു ഞാൻ ആൽത്തറയിലും ഇരുന്നു.. രോഹിത് ഇനിയും അവന്റെ പെണ്ണിനെ വിട്ടിട്ടില്ല.. എന്തൊക്കെയോ രണ്ടും പറയുന്നുണ്ട്.. എന്റെ പെണ്ണ് ആണെങ്കിൽ എന്നെ കണ്ടാൽ കൊല്ലാൻ ഭാവത്തിൽ നോക്കി ഒരു പോക്കാ..

ആഹാ അവൾ വരുന്നുണ്ട്.. മെല്ലെ എഴുന്നേറ്റ് അവൾക്ക് മുമ്പിൽ നിന്നു..

“”ടോ എന്താ ഉദ്ദേശം എന്തിനാ ഇങ്ങനെ പുറകെ നടക്കുന്നത്.. ഞാൻ ഷർട്ട്‌ തന്നില്ലേ..””

“”ഞാൻ അതിന് നിന്റെ മുന്നിൽ അല്ലെ നിക്കുന്നത് പുറകിൽ അല്ലല്ലോ..””

“”പോടോ.. എനിക്ക് പോണം മാറി നിക്ക് അങ്ങോട്ട്..””

പെണ്ണ് എന്നെ തള്ളി മാറ്റി ഒരു പോക്കാ..

“”ടീ യക്ഷിക്കുട്ടി..””

ഞാൻ വിളിച്ചത് കേട്ട് ദഹിപ്പിക്കുന്ന ഒരു നോട്ടം നോക്കി അവൾ നടന്നു..

ഉള്ള ധൈര്യം സംഭരിച്ചു ഇഷ്ടം ആണെന്ന് പറയാൻ ആണ് കഷ്ടപ്പെട്ട് അവളുടെ മുമ്പിൽ പോയി നിന്നത്.. പെണ്ണിന്റെ മുഖം കണ്ടിട്ട് ഇഷ്ടം ആണെന്ന് പറഞ്ഞാൽ ദേവിയെ.. ഈ മൊതലിനെ എങ്ങനെ ഒന്ന് വളക്കും..

“”ടാ അളിയാ…””

രോഹി വിളിച്ചതും ഞെട്ടി ഒന്ന് അവനെ നോക്കി

“”നിന്റെ പെണ്ണ് പോയോ..””

“”അഹ് അവൾക്ക് പോകാൻ സമയം ആയി.. അതൊക്കെ പോട്ടെ മോൻ ആരുടെ പുറകെയാ നടക്കുന്നത് കണ്ടത്..””

“””ഓഹ് അത്.. ടാ ഞാൻ ഇന്നലെ പറഞ്ഞില്ലേ ആ പെണ്ണ് തന്നെയാ ആള്..””

“”എന്നിട്ട് പറഞ്ഞോ നീ..””

“”കോപ്പാണ്.. അവൾക്ക് എന്നോട് കലിപ്പ് ആണെന്ന് തോന്നുന്നു..””

“”ടാ ഈ കലിപ്പ് തുടങ്ങിയ പല പ്രണയവും ഉണ്ടായത്..””

“”അതൊക്കെ വല്ല സിനിമയിലും ആവും..””

“”അല്ലടാ കാര്യം.. എന്റെ കാര്യം തന്നെ നോക്ക് അളിയാ..””

“”ശെരിക്കും..””

“”ആണെന്ന്..””

അവൻ പറഞ്ഞത് കേട്ടപ്പോൾ ഒരു പ്രതീക്ഷ.. പക്ഷെ അവളെ കുറിച്ച് ഒന്നും അറിയില്ലല്ലോ.. എങ്ങനെ കണ്ടു പിടിക്കും..

ഇനി ഇപ്പൊ നാളെ നോക്കാം… പെണ്ണേ നിന്നെ ഞാൻ വളച്ചു കുപ്പിയിൽ ആക്കിയിട്ടേ അടങ്ങു..

തുടരും…