Tuesday, April 23, 2024
Novel

സിദ്ധ ശിവ : ഭാഗം 2

Spread the love

എഴുത്തുകാരി: വാസുകി വസു

Thank you for reading this post, don't forget to subscribe!

നേരം വെളുക്കുവോളം ശിവ കരഞ്ഞു.രാവില ആയപ്പോഴേക്കും തല പൊട്ടിപ്പിളരുന്ന വേദന അനുഭവപ്പെട്ടു. ഒരിക്കലും ക്രിസുമായി ഒരു അഫയർ വേണ്ടായിരുന്നെന്ന് ആ നിമിഷം അവൾക്ക് തോന്നാതിരുന്നില്ല.

രാത്രിയൊരു പോള കണ്ണടക്കാഞ്ഞതിനാൽ രാവിലെ നല്ല ക്ഷീണം അനുഭവപ്പെട്ടു.എങ്കിലും കിടക്കാൻ തോന്നിയില്ല.എഴുന്നേറ്റു കുളിച്ചു അവൾ അടുക്കളയിൽ കയറി. ക്രിസ് അപ്പോഴും നല്ല ഉറക്കത്തിൽ ആയിരുന്നു.

“ക്രിസ് എഴുന്നേൽക്ക് സമയം എട്ട് കഴിഞ്ഞു”

ചായയുമായി വന്ന് ശിവ അവനെ വിളിച്ചുണർത്തി.അടിയേറ്റ് കരുവാളിച്ച് കിടക്കുന്ന ശിവയുടെ മുഖത്തേക്ക് അവന്റെ ദൃഷ്ടികൾ എത്തി.അവന് കുറ്റബോധമൊന്നും ഉണ്ടായില്ല.അവളോട് ഒരുതരം വെറുപ്പ് തോന്നി.ശിവക്കത് മനസ്സിലായില്ലെങ്കിലും കണ്ടില്ലെന്ന് നടിച്ചു.

ക്രിസ് ചായ വാങ്ങാഞ്ഞതിനാൽ ടേബിളിൽ വെച്ചിട്ട് അവൾ കിച്ചണിലേക്ക് പോയി. വാതിൽ പടിയിൽ താടിക്ക് കയ്യും കൊടുത്തിരുന്നവൾ മതിയാകുവോളം കരഞ്ഞു.അവളുടെ മനസ്സിലൂടെ അച്ഛന്റെയും അമ്മയുടെയും മുഖം കടന്നുപോയി.

മകൾ സ്വന്തം ഇഷ്ടപ്രകാരം മറ്റൊരു പുരുഷനൊപ്പം ജീവിക്കുന്നതിൽ എത്രമാത്രം സങ്കടപ്പെട്ടിട്ടുണ്ടാകും.പറഞ്ഞു അറിയിക്കാൻ കഴിയാത്തൊരു വീർപ്പുമുട്ടലിലായി കഴിഞ്ഞു ശിവ.മാതാപിതാക്കളെ ഒന്ന് കാണുവാൻ മനസാകെ തുടിച്ചു.കഴിയില്ല വീട്ടിൽ ഒറ്റക്ക് ചെന്ന് കയറാൻ. മരിച്ചാൽ കൂടി വന്നു കാണാൻ ശ്രമിക്കരുതെന്നാണ് അന്ന് അച്ഛൻ പറഞ്ഞത്.ഓരോന്നും ഓർക്കുമ്പോഴും മനസ് വിങ്ങിപ്പൊട്ടി ആർത്തലച്ചു കരഞ്ഞു.

“നീയിന്ന് കോളേജിൽ പോകുന്നില്ലേ”

പിന്നിൽ നിന്ന് ക്രിസിന്റെ ഗൗരവത്തിലുളള സ്വരം കേട്ടവൾ പിടഞ്ഞെഴുന്നേറ്റു.അവന്റെ ചോദ്യത്തിൽ സ്നേഹത്തിന്റെ സ്പർശമില്ലെന്ന് അവൾ തിരിച്ചറിഞ്ഞു.

“ഇല്ല.ഞാനിനി പോകുന്നില്ല”

തല കുമ്പിട്ട് നിന്ന് ശിവ മറുപടി നൽകി. അവൾക്ക് കരച്ചിൽ വരുന്നുണ്ട്.

“എന്താ നിനക്ക് പോകാൻ ബുദ്ധിമുട്ട്. പൈസ മുടക്കിയാണ് അഡ്മിഷൻ തരപ്പെടുത്തിയത്.നീയും നിന്റെ വീട്ടുകാരും കഷ്ടപ്പെട്ട കാശല്ല ഞാൻ മുടക്കിയത്”

മുറിവേറ്റ് പിടഞ്ഞ ഹൃദയത്തെ വാക്കുകളാകുന്ന അമ്പുകളാൽ ക്രിസ് അവളെ പിന്നെയും വേദനിപ്പിച്ചു.

“എന്നു മുതലാണ് ക്രിസ് എന്റെയും നിന്റെയും ആയത്?”

ശിവക്ക് ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല.മനസ്സും ശരീരവും വേദനയാൽ പിടയുകയാണ്.ശിവയുടെ ചോദ്യത്തിന് അവൻ മറുപടി നൽകിയില്ല.

“കൂടുതൽ ചോദ്യമൊന്നും വേണ്ടാ..എന്റെ കൂടെ ജീവിക്കണമെങ്കിൽ ഞാൻ പറയുന്നത് അനുസരിക്കണം”

അവനിലൊരു പുച്ഛം ഉണ്ടായി.അതാ മുഖത്ത് തെളിയുകയും ചെയ്തു.

“ഞാൻ ക്രിസിന്റെ ഭാര്യയാണ്. എന്ന് കരുതി അടിമയല്ല”

“ഹാ ഹാ ഹാ”

അട്ടഹാസം പോലെയൊരു ചിരി ക്രിസിലുണ്ടായി.അവന്റെ മുഖത്ത് പരിഹാസം തെളിഞ്ഞു.

“ഭാര്യയോ…ഏത് വകുപ്പിൽ?എങ്ങനെയാണ് ആയത്?നമ്മൾ എങ്ങനെ ആണ് ജീവിക്കുന്നതതെന്ന് അറിയാമല്ലോ”

ശിവയിലൊരു നടുക്കമുണ്ടായി.സങ്കടപ്പെട്ടിരിക്കുമ്പോൾ ആശ്വസിപ്പിക്കുമെന്ന് കരുതിയ ആളാണ് കുത്തിനോവിക്കുന്നത്.കരയരുതെന്ന് ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. കണ്ണുകൾ നിറഞ്ഞു തുളമ്പി തുടങ്ങി. തൊണ്ടയിൽ നിന്ന് നിശബ്ദമായൊരു നിലവിളി ഉയർന്നു.

“ഇങ്ങനെയൊന്നും വെറുതെയെങ്കിലും പറയരുത് ക്രിസ്.എന്റെ മനസ്സിൽ നീ മാത്രമേയുള്ളു”

പറഞ്ഞു കഴിഞ്ഞപ്പോൾ അവൾ പൊട്ടിക്കരഞ്ഞു പോയി.പഴയ ക്രിസിൽ നിന്ന് പുതിയ ക്രിസിലേക്കുളള മാറ്റം അവൾക്ക് തിരിച്ചറിയാൻ കഴിഞ്ഞു.

“എന്റെ കൂടെ ജീവിക്കണമെങ്കിൽ ഞാൻ പറയുന്നത് അനുസരിക്കണം.പറ്റില്ലെങ്കിൽ പറഞ്ഞാൽ മതി. അടുത്ത വഴി നോക്കാൻ എനിക്കറിയാം”

തന്റെ നിലപാട് അറിയിച്ചിട്ട് അവൻ മുറിയിലേക്ക് പോയി.ക്രിസ് നൽകിയ ഷോക്കിൽ നിന്ന് മുക്തയാകുവാൻ ശിവക്ക് പിന്നെയും കുറെ സമയം വേണ്ടി വന്നു.

ക്രിസ് ഉപേക്ഷിച്ചാൽ പോകാൻ മറ്റൊരിടമില്ല.സ്വന്തം വീട്ടിലേക്കും പോകാൻ കഴിയില്ല.ആ ഓർമ്മ ശിവയെ പൂർണ്ണമായും തളർത്തി.ക്രിസിനെ നഷ്ടപ്പെടുത്താൻ കഴിയില്ല.അവന് സ്നേഹമില്ലെങ്കിലും തനിക്ക് അങ്ങനെയല്ല.അങ്ങനെ ചിന്തിച്ചു കൊണ്ട് ശിവ കോളേജിലേക്ക് പോകാനൊരുങ്ങി..

****************************************

ഓരോ ദിവസവും കഴിയുന്തോറും ജീവന് സിദ്ധയുമായി അകൽച്ച കൂടി വന്നു.പ്രധാനമായും അവളുടെ സ്വഭാവവും സിദ്ധാർത്ഥന്റെ അവരുടെ ജീവിതത്തിലെ ഇടപെടലുകളുമായിരുന്നു.

ഒരുദിവസം രാത്രിൽ കിടക്കാനുളള തയ്യാറെടുപ്പിലായിരുന്നു ജീവൻ.അപ്പോഴാണ് മുറിയിലേക്ക് സിദ്ധ കയറി വന്നത്. വായിലെന്തോ ഇട്ടിട്ട് ഗ്ലാസിൽ വെള്ളം കുടിക്കുന്നത് കണ്ടു.

“എന്താണ് സിദ്ധാ ”

“എന്ത്”

ഒന്നും അറിയാത്ത ഭാവത്തിൽ സിദ്ധ അവനെ നോക്കി.

“നീയെന്താണ് കഴിച്ചതെന്ന്”

“ടാബലറ്റ്..എന്തേ”

“എന്ത് ടാബ്ലെറ്റ്”

“എല്ലാം നിങ്ങളോട് പറയേണ്ട കാര്യമില്ല”

അഹങ്കാരത്തോടെ ആയിരുന്നു സിദ്ധയുടെ മറുപടി. ജീവൻ പല്ല് ഞെരിച്ചു.ഭാര്യ വീടായി പോയി.അല്ലെങ്കിൽ അവൾക്കിട്ട് രണ്ടെണ്ണം പൊട്ടിച്ചേനെ.

“ഞാൻ നിന്റെ ഭർത്താവ് ആയിരിക്കുന്ന നാൾ വരെ എനിക്ക് കൂടി എല്ലാം അറിയണം”

ജീവനും വിട്ടു കൊടുക്കാനുള്ള ഭാവം ഇല്ലായിരുന്നു.പക്ഷേ സിദ്ധ തെല്ലും വകവെച്ചു കൊടുത്തില്ല.

ഭാർത്താവ് എന്നത് നിങ്ങൾക്കൊരു സ്ഥാനം മാത്രമാണ്.. എന്ന് കരുതി എന്നെ കയറി ഭരിക്കാനുളള ലൈസൻസൊന്നും തന്നട്ടില്ല”

ബെഡ്ഡിന്റെ ഒരറ്റത്ത് മാറി കിടന്നിട്ട് സിദ്ധ ബെഡ് ഷീറ്റ് എടുത്ത് തലവഴി മൂടിപ്പുതച്ചു കിടന്നു.ജീവനു വല്ലാത്തൊരു കുറച്ചിൽ തോന്നി.തനിക്ക് കീഴിൽ അനുസരണയോടെ ജീവിക്കുന്ന,ഉളളത് കൊണ്ട് പൊരുത്തപ്പെടുന്നൊരു പെൺകുട്ടിയെയാണ് ആഗ്രഹിച്ചതും.അങ്ങനത്തെ സ്വഭാവഗുണമുളള പ്രണയിനെയും നഷ്ടപ്പെടുത്തേണ്ടി വന്നു.

കുറ്റബോധം മനസ്സിനെ കാർന്ന് തിന്നാൻ തുടങ്ങിയതോടെ ബെഡ്ഡിന്റെ മറുവശത്ത് ഒറ്റപ്പെട്ടത് പോലെ ജീവൻ കിടന്നു.കുഞ്ഞിനെ വേണമെന്ന് അവൻ വാശി എടുത്തതോടെ അവളെ തൊടാൻ പോലും സിദ്ധ ജീവനെ അനുവദിച്ചില്ല.പഴയതിൽ നിന്ന് സിദ്ധക്ക് വന്ന മാറ്റങ്ങൾ അവനെയാകെ അസ്വസ്ഥതനാക്കി.

കിടന്നിട്ട് ജീവന് നിദ്രാദേവിയുടെ കടാക്ഷം ലഭിച്ചില്ല.മനസ് നിറയെ അവൾ കഴിച്ച ടാബലെറ്റ് എന്താണെന്ന് അറിയണമെന്നായിരുന്നു.എന്തായാലും നാളെയാകട്ടെയെന്ന് കരുതി ജീവൻ കണ്ണുകളടച്ച് നിദ്രാദേവിയുടെ വരവും പ്രതീക്ഷിച്ചു കിടന്നു.

********************

ദിവസങ്ങൾ പതിയെ കടന്നു പൊയ്ക്കൊണ്ടിരുന്നു.മീരവ് കൂടുതൽ സമയവും മകളോടൊത്ത് ചിലവഴിക്കാൻ ശ്രമിച്ചു. പക്ഷേ കഴിഞ്ഞില്ല.ബിസിനസ്സ് തിരക്കിലേക്ക് വീണുപോയി.ഡാഡിയുടെ അസാന്നിദ്ധ്യത്തിൽ അമ്മുക്കുട്ടി കൂടുതൽ സമയവും ശിവക്കൊപ്പം ആയിരുന്നു. അവളെ സംബന്ധിച്ച് അമ്മുക്കുട്ടി വലിയൊരു ആശ്വാസം തന്നെ ആയിരുന്നു.സ്വന്തം മകളായി കരുതി അവൾ അമ്മുക്കുട്ടിയെ സ്നേഹിച്ചു.പരസ്പരം പിരിഞ്ഞിരിക്കാൻ കൂടി കഴിയാത്ത വിധത്തിൽ.മോൾക്കും അങ്ങനെ തന്നെ ആണ്. ശിവയെന്നാൽ ജീവനാണ്.

ഒരുദിവസം മീറ്റിംഗിൽ അകപ്പെട്ടുപോയ മീരവിനു എട്ടുമണി കഴിഞ്ഞിട്ടും വീട്ടിലെത്താൻ കഴിഞ്ഞില്ല.അമ്മുക്കുട്ടി ശിവക്ക് ഒപ്പം ആയിരുന്നു. ക്രിസും വന്നട്ടില്ല.ആഹാരം കഴിച്ചു കഴിഞ്ഞു മോളെയും ശിവ ഒപ്പം കിടത്തി.

“അമ്മേ എനിക്കൊരു കഥ പറഞ്ഞു തരുവോ?”

ശിവയെ കെട്ടിപ്പിടിച്ചു കിടക്കുകയായിരുന്നു അമ്മുക്കുട്ടി. അപ്രതീക്ഷിതമായി മോളുടെ അമ്മേയെന്നുളള വിളി അവളെ അത്ഭുതപ്പെടുത്തി.

“മോളെന്താ എന്നെ വിളിച്ചത്..ഒന്നുകൂടി വിളിക്കോ”

ഒരുപാട് പ്രതീക്ഷയോടെ അതിലുപരി കൊതിയോടെ അമ്മുക്കുട്ടിയുടെ കണ്ണുകളിലേക്ക് ശിവ സൂക്ഷിച്ചു നോക്കി.

“അമ്മേ”

അമ്മുക്കുട്ടി വീണ്ടും വിളിച്ചതോടെ ഒരുപൊട്ടിക്കരച്ചിലോടെ കുഞ്ഞിനെ ചേർത്തു പിടിച്ചു. ശിവയിൽ മാതൃവാൽസല്യം ഉണർന്നു. കുഞ്ഞിനെ തെരുതെരാ ചുംബനങ്ങളാൽ അവൾ മൂടി.

“ആരാ മോളൂട്ടിയോട് അമ്മേന്ന് വിളിക്കാൻ പറഞ്ഞത്”

“സ്നേഹവും ഉമ്മയും തരുന്നവരെ അമ്മ എന്നാണ് വിളിക്കുന്നത് ടീച്ചർ പറഞ്ഞൂല്ലോ”

ശിവയുടെ ചോദ്യത്തിന് അമ്മുക്കുട്ടിയുടെ നിഷ്ക്കളങ്കമായ മറുപടി എത്തി.ശിവയുടെ മനം നിറഞ്ഞു.പ്രസവിച്ചില്ലെങ്കിലും താനും അമ്മയായി.അമ്മുക്കുട്ടിയുടെ അമ്മ.മാതൃഭാവത്തോടെ അവൾ കുഞ്ഞിനെ ചേർത്തു പിടിച്ചു.

പത്ത് മണി കഴിഞ്ഞാണ് മീരവ് വീട്ടിൽ എത്തിയത്.. അമ്മുക്കുട്ടിയെ കൂട്ടുവാനായി മുകളിലത്തെ നിലയിലെത്തി കോളിംഗ് ബെൽ അമർത്തി കാത്തുനിന്നു.കുറച്ചു സമയം കൂടി കഴിഞ്ഞാണ് ശിവ വാതിൽ തുറന്നത്.മുന്നിൽ മീരവ് നിൽക്കുന്നു.അവൾ ചെന്ന് ഉറങ്ങി കിടക്കുന്ന അമ്മുക്കുട്ടിയെ എടുത്തു കൊണ്ടു വന്നു.

“കുഞ്ഞ് ഉറങ്ങിപ്പോയി സാർ”

“ശിവക്കൊരു ബുദ്ധിമുട്ടായി അല്ലേ”

ക്ഷമാപണത്തോടെ ആയിരുന്നു മീരവിന്റെ സംസാരം..

“അയ്യോ അങ്ങനെ പറയരുത്.. അമ്മുക്കുട്ടിയാണ് എനിക്കൊരു കൂട്ട്”

കുഞ്ഞിനെ കൈമാറുന്നതിനിടയിൽ ശിവ യുടെ കൈവിരലിൽ അറിയാതെ മീരവിന്റെ കരങ്ങൾ സ്പർശിച്ചു.പൊള്ളിപ്പിടഞ്ഞത് പോലെ അവൾ കൈകൾ പിൻ വലിച്ചു.

അമ്മുക്കുട്ടിയുമായി മീരവ് താഴേക്ക് പോയി.. ഡോറ് ലോക്ക് ചെയ്തിട്ട് ശിവ വന്നു കിടന്നു.അവൾക്ക് ഉറക്കം വന്നില്ല.അമ്മുക്കുട്ടിയുടെ അസാന്നിദ്ധ്യം വല്ലാതെ വീർപ്പുമുട്ടിച്ചു.

സമയം ഏറെ കഴിഞ്ഞിട്ടും ക്രിസ് വരാഞ്ഞതിൽ ശിവയാകെ അസ്വസ്ഥതയായി.മൊബൈലിൽ വിളിച്ചപ്പോൾ അവൻ കോൾ എടുത്തില്ല.കിടന്നങ്ങനെ അവൾ മയങ്ങിപ്പോയി.

നിർത്താതെയുളള ബെൽ ശബ്ദം കേട്ടാണ് ശിവ ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്നത്.ചെന്ന് വാതിൽ തുറന്നപ്പോൾ ക്രിസ് നിൽക്കുന്നു. അവന്റെ വായിൽ നിന്നും മദ്യത്തിന്റെ രൂക്ഷമായ ഗന്ധം പുറത്തേക്ക് പ്രവഹിച്ചു. തല മന്ദിച്ചു പോയ ശിവ പുറകോട്ട് മാറി.ക്രിസിനു പിന്നാലെ അവന്റെ കൂടെ ഒരാണും പെണ്ണും റൂമിലേക്ക് കയറി. അപ്പോഴാണ് ശിവ അവരെ ശ്രദ്ധിക്കുന്നത്.

“ഇതെന്റെ ഫ്രണ്ട് ആൽബി..ഇത് ഇവന്റെ ഭാര്യ ടാൻസാനിയ..”

അവരെ ക്രിസ് ശിവക്ക് പരിചയപ്പെടുത്തി.. ശിവക്ക് അവരേയും.അയാളും നല്ല രീതിയിൽ മദ്യപിച്ചിട്ടുണ്ടെന്ന് അവൾക്ക് മനസ്സിലായി.അവരുടെ പെരുമാറ്റം അത്രക്ക് പന്തിയല്ലെന്ന് അവൾക്ക് തോന്നി..

“ഇവർക്ക് റൂമൊന്ന് ശരിയാക്കി കൊടുക്ക്”

ഉത്തരവ് നൽകിയട്ട് അവൻ ആടിയാടി മുറിക്കുള്ളിൽ കയറി.. ശിവ ആൽബിക്കും ടെൻസക്കുമായി മറ്റൊരു മുറി വൃത്തിയാക്കി കൊടുത്തു..

“നീയിന്ന് ഇവന്റെ കൂടെ കിടന്നോളൂ..ടാൻസിയ എന്റെ കൂടെയും”

മുറിയിൽ നിന്നിരുന്ന ആൽബിക്ക് നേരെ ശിവയെ അവൻ തള്ളിവിട്ടു.അവളാകെ നടുങ്ങിപ്പോയി. ക്രിസിൽ നിന്നും അങ്ങനെയൊരു നീക്കം അവൾ പ്രതീക്ഷിച്ചില്ല.വാതിലിനു അരികിലേക്ക് ഓടിവന്നതും ക്രിസ് വാതിൽ പുറത്ത് നിന്ന് ലോക്ക് ചെയ്തു. ശിവ വാതിക്കൽ ആഞ്ഞടിച്ചു കരയാൻ തുടങ്ങി..

“കുറച്ചു ദിവസമായി നിന്നെ വർണ്ണിച്ച് ക്രിസ് കൊതിപ്പിക്കുകയാണ്..എങ്കിൽ ഭാര്യമാരെ ഒരുദിവസത്തേക്ക് പരസ്പരം വെച്ചു മാറാമെന്ന് അവൻ പറഞ്ഞത്”

കുറച്ചു നേരത്തെ മൽപ്പിടത്തിനൊടുവിൽ ശിവ വാടിയ ചേമ്പിൻ തണ്ട് പോലെയായി.ആൽബിയുടെ കരുത്തിനു മുമ്പിൽ പിടിച്ചു നിൽക്കാൻ അവൾക്ക് ഏറെ നേരം കഴിഞ്ഞില്ല.ക്രിസിന്റെ മാറ്റങ്ങളും അന്യനായ ഒരു പുരുഷന്റെ സാമീപ്യവും മാനസികമായി തളർത്തി.

ശിവയുടെ എതിർപ്പുകൾ ദുർബലമായതോടെ യാതൊരു ധൃതിയുമില്ലാതെ ആൽബി അവളെ എടുത്ത് കിടക്കയിലേക്ക് കിടത്തി.സ്ഥാനചലനം സംഭവിച്ച വസ്ത്രങ്ങളിലേക്ക് അവന്റെ കണ്ണുകൾ ക്യാമറാ മിഴികൾ പോലെ ദൃശ്യങ്ങൾ ഒപ്പിയെടുത്തു. പതിയെ ആൽബി ശിവയിലേക്ക് പടർന്ന് കയറാൻ ശ്രമിച്ചു.

തനിക്ക് മുമ്പിൽ മറ്റൊരു വഴികളില്ലെന്ന് ശിവക്ക് മനസ്സിലായി.അറിയാവുന്ന ഈശ്വരന്മാരെയെല്ലാം മനസ്സിലോർത്തു. അച്ഛന്റെയും അമ്മയുടെയും മുഖം മനസ്സിലൂടെ കടന്നു പോയി.

“അമ്മേ” അമ്മുക്കുട്ടിയുടെ സ്നേഹമൂറുന്ന സ്വരം കേട്ടതു പോലെ ശിവയൊന്ന് പിടഞ്ഞു.ഉടനെ അവളുടെ മാതൃഹൃദയം ഉണർന്നു. എങ്ങനെയെങ്കിലും ഈ നരാധമന്റെ കയ്യിൽ നിന്ന് രക്ഷപ്പെട്ടേ മതിയാകൂ.അമ്മുക്കുട്ടിക്ക് അമ്മയില്ലാതാകും.ആ നിമിഷം സങ്കൽപ്പിക്കാനേ കഴിയില്ല.

നൊടിയിടയിൽ ശിവ പിടഞ്ഞുയർന്നു.ആ നിമിഷം തോന്നിയൊരു ബുദ്ധിയിൽ കാല് ഉയർത്തി ആൽബിയുടെ നാഭിക്കൊരു തൊഴി കൊടുത്തു.അവളുടെ മുകളിലേക്കാഞ്ഞ അവൻ അലർച്ചയോടെ താഴേക്ക് തെറിച്ചു വീണു. പാഴാക്കാനൊരു നിമിഷവുമില്ല.കതകിന്റെ കുറ്റിയെടുത്ത് അവൾ ശീഘ്രത്തിൽ മുൻ വാതിലും തുറന്ന് താഴേക്കോടി.ക്രിസും ആൽബിയുടെ ഭാര്യയും കൂടി മറ്റൊരു മുറിയിൽ ആയിരുന്നു. ബഹളം കേട്ട് അവർ എഴുന്നേറ്റു വരും മുമ്പേ രക്ഷപ്പെടണം അതായിരുന്നു ശിവയുടെ ചിന്ത.

പാതിരാത്രി കഴിഞ്ഞിട്ടും മീരവിന് ഉറക്കം വന്നില്ല.നിദ്രാദേവി അയാളോട് പിണങ്ങിയത് പോലെ തെല്ലൊന്ന് അകന്ന് നിന്നു.ആത്മജയുടെ ഓർമ്മകളിൽ മുഴുകി പലപ്പോഴും ഉണങ്ങുമ്പോഴേക്കും പുലർച്ചേ ആകുമായിരുന്നു.

പാതി മങ്ങിയ ബെഡ് ലാമ്പിൽ പ്രകാശത്തിൽ അമ്മുക്കുട്ടി സുഖമായി കിടന്നുറങ്ങുന്നത് മീരവ് കണ്ടു.കളങ്കമില്ലാത്ത പുഞ്ചിരിയോടെ മോളുറങ്ങുന്നത് അയാൾ നോക്കി കിടന്നു.

മനസാകെ പ്രക്ഷുബ്ദമായതോടെ കിടക്ക വിട്ട് മീരവ് എഴുന്നേറ്റു. വൈകുന്നേരം കഴിച്ചതിന്റെ മദ്യം കുറച്ചു ബാക്കിയിരുപ്പുണ്ട്.രണ്ടു പെഗ്ഗ് കഴിക്കാമെന്ന് കരുതി ഫ്രിഡ്ജിൽ നിന്ന് കുറച്ചു ഐസ് ക്യൂബും തണുത്ത വെള്ളവും എടുത്ത് അയാൾ ഹാളിലേക്ക് പോയി.ഷോക്കേസിൽ മീരവിന്റെ വരവും പ്രതീക്ഷിച്ച് ബിജോയ്സ് ഇരിപ്പുണ്ടായിരുന്നു.

മദ്യക്കുപ്പി എടുത്ത് രണ്ടു പെഗ്ഗ് ക്ലാസിലേക്ക് ഒഴിച്ചു.തണുത്ത വെള്ളം ഒഴിച്ച് മദ്യം മിക്സ് ചെയ്തതിന് ശേഷം രണ്ടു ഐസ് ക്യൂബ് അതിലേക്കിട്ടു.മദ്യപിക്കുമ്പോൾ നല്ല തണുപ്പ് വേണമെന്ന് അയാൾക്ക് നിർബന്ധമാണ്.

ഗ്ലാസി കയ്യിലെടുത്ത സമയത്താണ് ഹാളിലെ കോളിങ് ബെൽ ശബ്ദിച്ചത്.അതിനു പിറകെ തുടരെ കതകിൽ മുട്ടുന്ന ശബ്ദവും ഉയർന്നു കേട്ടു. ഈ പാതിരാത്രിയിൽ ആരാണാവോ?അങ്ങനെ ചിന്തിച്ചു കൊണ്ട് ഗ്ലാസ് കാലിയാക്കിയ ശേഷം ടേബിളിലായി വെച്ചു.

“സാർ..സാർ…”

കതകിൽ ആഞ്ഞടിക്കുന്ന ശബ്ദത്തിനൊപ്പം ഒരു പെൺകുട്ടിയുടെ കരച്ചിലും കേട്ട് മീരവ് പെട്ടെന്ന് എഴുന്നേറ്റു. ഒപ്പം ആരൊക്കെയോ ആക്രോശിക്കുന്നതും കേട്ടു.പെൺകുട്ടിയുടെ സ്വരം ശിവയിടെ ആണെന്ന് അയാൾ തിരിച്ചറിഞ്ഞു. മീരവ് വേഗം കതക് തുറന്നു. മുന്നിലെ കാഴ്ച അയാളെ അമ്പരപ്പിച്ചു.

“ശിവയെ രണ്ടു മൂന്ന് പേര് ചേർന്ന് വലിച്ചിഴക്കുന്നു” അതിലൊന്ന് ക്രിസ് ആണെന്ന് മീരവിന് മനസ്സിലായി.കൂടെയുള്ള സ്ത്രീയും പുരുഷനും ആരാണെന്ന് അറിയില്ല.മുമ്പ് കണ്ടിട്ടു കൂടിയില്ല.

“ക്രിസ് എന്തായിത്”

മീരവ് മുന്നോട്ട് ചെന്ന് ശബ്ദം ഉയർത്തി. അയാളെ കണ്ട് മൂന്നുപേരുമൊന്ന് അമ്പരന്നു. ആ സമയത്ത് മീരവിനെ അവർ പ്രതീക്ഷിച്ചിരുന്നില്ല.

അവരുടെ കൈകൾ അയഞ്ഞതോടെ ശിവ ഓടിവന്ന് മീരവിന്റെ കാൽക്കലേക്ക് വീണു.

“സാർ എന്നെ രക്ഷിക്കണേ”

ഹൃദയം നുറുങ്ങിയത് പോലെയൊരു പൊട്ടിക്കരച്ചിൽ ശിവയിൽ നിന്നും ഉയർന്നു. അയാൾക്ക് ഒന്നും മനസ്സിലായില്ലെങ്കിലും അവളെ പിടിച്ചു എഴുന്നേൽപ്പിച്ചു.

“എന്താ ശിവേ പ്രശ്നം…”

“ഒന്നുമില്ല സാറേ.എന്റെ കൂട്ടുകാരനും ഭാര്യയും വീട്ടിലേക്ക് വന്നത് ഇവൾക്ക് ഇഷ്ടമായില്ല.അതിന്റെ പ്രതിഷേധമാണ്”

ശിവ കുറച്ചു കൂടി ധൈര്യം സംഭരിച്ചു മീരവിന് അരികിലേക്ക് നീങ്ങി നിന്നു. വാ തുറന്നപ്പോൾ മദ്യത്തിന്റെ രൂക്ഷമായ ഗന്ധം നാസികയിലേക്ക് ഇരച്ചു കയറി.

“സാറേ എന്നെ വിട്ടു കൊടുക്കല്ലേ..അങ്ങനെ വന്നാൽ രാവിലെ എന്റെ ചേതനയറ്റ ശരീരമേ കാണൂ.ഇവരെല്ലാം കൂടിയെന്നെ കൊല്ലും”

കൈകൾ കൂപ്പി ശിവ മീരവിനു മുമ്പിൽ തൊഴുതു. താൻ ഉദ്ദേശിക്കുന്നതിലും ഗൗരവമുള്ളതെന്തോ സംഭവിച്ചിട്ടുണ്ടെന്ന് അയാൾക്ക് തോന്നി.

“ക്രിസ് ഇപ്പോൾ പൊയ്ക്കോളൂ.. നമുക്ക് രാവിലെ സംസാരിക്കാം”

“അതുമതി സാറേ”
അങ്ങനെ പറഞ്ഞതിനു ശേഷം ക്രിസ് ശിവയുടെ കയ്യിൽ പിടിച്ചു വലിച്ചിഴക്കാൻ ശ്രമിച്ചു.

“ഇങ്ങോട്ട് വാടീ”

“ഇല്ല ഞാൻ വരില്ല…”

തന്നാൽ കഴിയുന്ന വിധത്തിൽ ചെറുത്ത് നിൽക്കാൻ ശിവ ശ്രമിച്ചു. ക്രിസിനു സപ്പോർട്ടായി ആൽബിയും ഭാര്യയുടെ കൂടി എത്തിയതോടെ അവളുടെ പ്രതിരോധം തീർത്തും ദുർബലമായി.

“ശിവ രാവിലെ വരും..ക്രിസ് ഇപ്പോൾ പൊയ്ക്കോളൂ”

പ്രശ്നം വഷളാകുന്നെന്ന് കണ്ടതോടെ മീരവിനു ഇടപെടാതിരിക്കാൻ കഴിഞ്ഞില്ല.

“സാറേ ഇത് സാറിന്റെ ഭാര്യയല്ല..എന്റെ ഭാര്യയാണ്”

ക്രിസിന്റെ പരിഹാസം അയാൾക്ക് ഇഷ്ടമായില്ല.കൈ നിവർത്ത് അവന്റെ കരണത്തൊന്ന് പുകച്ചു.

“ആരുടെ ഭാര്യ ആയാലും ശരി ഇതൊരു പെൺകുട്ടിയാണ്.ഇവളെ കൊണ്ട് പോകാൻ ഞാൻ സമ്മതിക്കില്ല”

മീരവ് കൈ എത്തി ശിവയെ ശക്തമായി പിടിച്ചു വലിച്ചു.വലിയുടെ ആഘാതത്തിൽ അവൾ അയാളുടെ നെഞ്ചിലേക്ക് വീണു. താഴേക്ക് വേച്ചു വീഴാനായ അവൾ പെട്ടെന്ന് ഒരു ആശ്രയത്തിനായി മീരവിനെ വട്ടം പിടിച്ചു. ആ കാഴ്ച ക്രിസിനെ ഭ്രാന്ത് പിടിപ്പിച്ചു.

“അപ്പോൾ അതുശരി സാറിന്റെ ഉദ്ദേശം ഇതായിരുന്നല്ലേ.അതെങ്ങെനെയാണ് ഭാര്യ മരിച്ച സാറിന്റെ ശരീരത്തിനു ചൂടുപിടിപ്പിക്കാൻ എന്റെ ഭാര്യയേ കിട്ടിയുള്ളോ”

ക്രിസിന്റെ വാക്കുകൾ കേട്ട് ശിവ ഷോക്കേറ്റത് പോലെയായി.കണ്ണിൽ നിന്ന് കണ്ണുനീർ തുള്ളികൾ അടർന്നു വീണു.മീരവിൽ നിന്ന് കുറച്ചു അകന്നുമാറി അവൾ നിന്നു.

“എന്നെ രക്ഷിക്കേണ്ട സാറേ.എന്റെ വിധിപോലെ ഞാൻ അനുഭവിച്ചോളാം.ഞാൻ കാരണം സാറിന്റെ പേര് കൂടി ചീത്തയായി.എന്നോട് ക്ഷമിക്കണം സാറേ”

കരഞ്ഞു കൊണ്ട് ശിവ മുന്നോട്ട് ഓടാൻ ശ്രമിച്ചു. മീരവ് വീണ്ടും അവളുടെ കയ്യിൽ പിടിച്ചു.

“എന്തായാലും പോലീസ് വരട്ടേ ശിവേ.അതുവരെ നീ എന്റെ വീട്ടിൽ ഇരുന്നാൽ മതി”

പോലീസെന്ന് കേട്ടതും ആൽബിയുടെയും ഭാര്യയുടെയും ക്രിസിന്റെയും മുഖം വിളറി.കാര്യങ്ങൾ കൈവിടുന്നുവെന്ന് അവർക്ക് മനസ്സിലായി.പോലീസ് വന്നാൽ തങ്ങൾ കുടുങ്ങുമെന്ന് അവർക്ക് അറിയാം.അതുവരെ തർക്കിച്ചിരുന്ന മൂന്നുപേരും ഇരുട്ടിലേക്ക് ഓടിമറഞ്ഞു.

ശിവയുടെ കയ്യും പിടിച്ചു മീരവ് വീടിന് അകത്തേക്ക് കയറി. അവൾ കയ്യൊന്ന് അനക്കിയതും മനസ്സിലായത് പോലെ അയാൾ കൈകൾ വേർപ്പെടുത്തി.

“ശിവ ഇരിക്ക്”

അയാൾ വിരൽ ചൂണ്ടിയ ഇരിപ്പടത്തിൽ അവൾ ഇരുന്നു.മറ്റൊരു പുരുഷനൊപ്പം ആ മുറിയിൽ ഇരിക്കുമ്പോൾ കുറ്റബോധത്തിന് പകരം സുരക്ഷിതത്വമാണ് തോന്നിയത്.

“കുടിക്കാൻ വെള്ളം വേണോ”

ടേബിളിൽ ഇരുന്ന ബാക്കി വെള്ളവും കുപ്പിയും എടുത്ത് ശിവക്ക് നേരെ നീട്ടി.അവളതുവാങ്ങി മടുമടാന്ന് വായിലേക്ക് കമഴ്ത്തി.തൊണ്ട വല്ലാതെ വരണ്ടിരുന്നു.

“ശിവ എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചത്..ഇപ്പോൾ താൻ ഓക്കേയാണെങ്കിൽ പറഞ്ഞാൽ മതി”

“കുഴപ്പമില്ല സാർ..ഞാൻ പറയാം”

ചുരുങ്ങിയ വാക്കുകളിൽ ശിവയെല്ലാം പറഞ്ഞു. മീരവിന് ക്രിസിനോട് ദേഷ്യം തോന്നി.

“ഛെ… വൃത്തികെട്ടവൻ..ഒരിക്കലും ഒരു ഭർത്താവും ഇത്രയും തരം താഴരുത്”

ക്രിസിനെ അപ്പോൾ കയ്യിൽ കിട്ടിയാൽ രണ്ടെണ്ണം കൂടി പൊട്ടിക്കാനുളള ദേഷ്യം അയാൾക്ക് ഉണ്ടായിരുന്നു.

“ഇനിയെന്താ തന്റെ തീരുമാനം..വീട്ടിൽ അച്ഛനേയും അമ്മയേയും വിവരം അറിയിക്ക്.ഇത്രയും വൃത്തികെട്ടവന്റെ കൂടെ ജീവിക്കാതിരിക്കുന്നതാണ് നല്ലത്”

ശിവ മറുപടിയൊന്നും പറഞ്ഞില്ല.മീരവിന് മുമ്പിൽ ഇരുന്ന് പൊട്ടിക്കരഞ്ഞു. താൻ പറഞ്ഞത് ശിവക്ക് ഇഷ്ടപ്പെട്ടില്ലെന്ന് അയാൾക്ക് തോന്നി.

“സോറി ശിവ..ഞാൻ പറഞ്ഞത് തന്നെ വിഷമിപ്പിച്ചെങ്കിൽ അതു വിട്ടേക്കൂ”

“അയ്യോ സാറ് അങ്ങനെയൊന്നും പറയരുത്.. വീട്ടിൽ അറിഞ്ഞാലും പ്രയോജനം ഇല്ല. ഞാനും ക്രിസും ഒന്നിച്ചു ജീവിക്കാൻ തുടങ്ങിയെന്ന് അറിഞ്ഞപ്പോഴേ വീട്ടുകാർ എന്നെ ഉപേക്ഷിച്ചു”

ക്രിസുമായി പരിചയപ്പെടാൻ ഇടയായത് മുതൽ ഒന്നും വിടാതെ എല്ലാം അവൾ മീരവിനോട് പറഞ്ഞു. ശിവയുടെ കഥ കേട്ടതോടെ അയാൾക്ക് അവളോട് സഹതാപം തോന്നി.

“പാവം..ഇത്രയും ചെറിയ പ്രായത്തിനിടയിൽ എന്തെല്ലാം അനുഭവിച്ചു” അയാളോർത്തു.

“ഇനിയെന്താ ശിവയുടെ പ്ലാൻ”

“അറിയില്ല സാർ”

ശിവക്ക് അറിയില്ലായിരുന്നു ഇനിയെന്ത് വേണമെന്ന്. ചെന്ന് കയറാനായി ഒരിടമില്ല.ക്രിസിനൊപ്പമൊരു ജീവിതവും സാദ്ധ്യമല്ല. മരിക്കുന്നതാണ് നല്ലത്.

“ശിവ ഒന്ന് മയങ്ങ്..ബാക്കിയെല്ലാം രാവിലെ തീരുമാനിക്കാം‌.പിന്നെ ആത്മഹത്യയെ കുറിച്ച് ചിന്തിക്കേണ്ടാ ..കേട്ടോ”

ശിവക്ക് അത്ഭുതം തോന്നാതിരുന്നില്ല.അവളുടെ മനസ്സ് വായിച്ചത് പോലെ ആയിരുന്നു അയാളുടെ ചോദ്യവും.

“ശിവക്ക് തനിച്ച് കിടക്കാൻ പേടിയുണ്ടോ?”

ഇല്ലെന്നോ ഉണ്ടെന്നോ അവൾ മറുപടി കൊടുത്തില്ല.ഈ അവസ്ഥയിൽ ഒറ്റക്ക് കിടക്കുന്നത് നല്ലതല്ലെന്ന് അയാൾക്ക് തോന്നി.ശിവയുടെ മനസ്സ് വല്ലാതെ സങ്കടത്തിലാണ്.

“അമ്മുക്കുട്ടിക്ക് ഒപ്പം കിടന്നോളൂ..ഞാൻ മറ്റൊരു മുറിയിൽ കിടന്നോളാം”

മീരവിൽ നിന്ന് അനുമതി ലഭിച്ചതോടെ ശിവ എഴുന്നേറ്റു അമ്മുക്കുട്ടിയുടെ അടുത്ത് പോയി.മോളേ കെട്ടിപ്പിടിച്ചു അവൾ കിടന്നു.കുഞ്ഞിനൊപ്പം കിടന്നപ്പോൾ മനസ്സിന് കുറച്ചു ലാഘവത്തം കൈവന്നു.ശിവയുടെ ശരീരത്തിന്റെ ചൂട് അമ്മുക്കുട്ടി തിരിച്ചറിഞ്ഞതും അവളോട് കുഞ്ഞ് കൂടുതൽ പറ്റിച്ചേർന്ന് കിടന്നു..

ശിവയുടെ വിളി കേട്ടാണ് മീരവ് രാവിലെ ഉറക്കം ഉണർന്നത്.കയ്യിലൊരു കപ്പ് ചായയുമായി അവൾ നിൽക്കുന്നു. രാവിലെ കുളിച്ചിട്ടുണ്ട്.ഇന്നലെ ഇട്ടിരുന്ന വേഷമാണ് ധരിച്ചിരിക്കുന്നത്.

“മോള് എഴുന്നേറ്റോ ശിവേ”

തനിക്ക് നേരെ നീട്ടിയ ചായക്കപ്പ് വാങ്ങിക്കൊണ്ട് ശിവ ചോദിച്ചു.

“ഇല്ല സാർ മോൾ ഉറക്കമാണ്”

“മം”

മീരവ് അമർത്തിയൊന്ന് മൂളി.മറ്റെന്തോ ചോദിക്കാനുളളത് പോലെ ശിവ പരുങ്ങി നിന്നു.

“ഞാൻ മുകളിലോട്ടൊന്ന് പോകുവാ..മാറിയുടുക്കാനുളള ഡ്രസ് എടുക്കണമായിരുന്നു”

“ഇപ്പോൾ അങ്ങോട്ട് പോകണ്ടാ ശിവാ.ക്രിസ് വന്നിട്ട് ഒരു തീരുമാനം എടുത്തിട്ട് പോയാൽ മതി”

“വേണ്ടാ..അയാളുമായി ഒന്നിച്ചൊരു ജീവിതമില്ല.ഇന്നലേ തീരുമാനം എടുത്തതാണ്”

കല്ലിച്ച സ്വരം കേട്ടതും മറ്റൊന്നും പറയാൻ മീരവിന് തോന്നിയില്ല.

“ശിവക്ക് മാറിയുടുക്കാനുളള ഡ്രസല്ലേ വേണ്ടത്..ഞാൻ എടുത്തു തരാം”

അയാളുടെ പിന്നാലെ ശിവയും ചെന്നു.മറ്റൊരു മുറിയിലെ അലമാരയിൽ നിന്ന് കുറച്ചു വില കൂടിയ തുണികൾ അവൾക്കെടുത്തു കൊടുത്തു..

“ആത്മജക്കായി എടുത്ത തുണികളാണ്.ഇതൊന്നും അവൾ ധരിച്ചിട്ടില്ല.സാരിയാണ് അവളെപ്പോഴും ഉടുക്കുക”

ഭാര്യയുടെ ഓർമ്മയിൽ മീരവിന്റെ കണ്ണുകൾ നിറഞ്ഞത് ശിവ ശ്രദ്ധിച്ചു.അയാൾ അവരെ എത്രയധികം സ്നേഹിച്ചിരുന്നുവെന്ന് അവൾക്ക് മനസ്സിലായി‌.

ശിവ രണ്ടു മൂന്ന് ചുരീദാറുമെടുത്ത് മുറിയിലേക്ക് പോയി വേഷം മാറി വന്നു.അവൾ അടുക്കളയിൽ കയറി പുട്ടും മുട്ടക്കറിയും തയ്യാറാക്കി. ക്രിസിനെ പോലെയൊരു നീചനായി കരഞ്ഞു സമയം കളയരുതെന്ന് രാത്രിയിലേ അവൾ തീരുമാനം എടുത്തിരുന്നു..

അമ്മുക്കുട്ടി എഴുന്നേൽക്കുമ്പോൾ ശിവ കുഞ്ഞിനു അരികിൽ ഉണ്ടായിരുന്നു.. കുഞ്ഞിക്കണ്ണുകൾ അത്ഭുതത്തോടെ വിടർത്തി അമ്മുക്കുട്ടി വിളിച്ചു.

“അമ്മേ”

അമ്മുക്കുട്ടിയുടെ വിളിയിൽ ശിവയുടെ മാതൃഭാവം ഉണർന്നു. വാത്സല്യത്തോടെ നീട്ടിയ കൈകളിൽ കുഞ്ഞ് ഓടിക്കയറി. അവൾ മോളേ ആശ്ലേഷിച്ച് കവിളുകളിൽ മാറി ചുംബിച്ചു.ശിവയുടെ സാന്നിധ്യം അമ്മുക്കുട്ടിയെ വളരെയേറെ സന്തോഷിപ്പിച്ചു.

ബ്രേക്ക് ഫാസ്റ്റ് കഴിഞ്ഞതോടെ മീരവ് ശിവയുടെ അരികിലെത്തി.. അമ്മുക്കുട്ടിയെ ശിവ എടുത്തിരുന്നു.

“ശിവ തുടർന്ന് പഠിച്ചോളൂ….താമസ സൗകര്യവും പണവുമൊക്കെ ഞാൻ ഏർപ്പാടാക്കി തരാം”

“എനിക്ക് മറ്റൊന്നും വേണ്ട സാറേ..ഞാനിവിടത്തെ വീട്ടുപണിയൊക്കെ ചെയ്തു അമ്മുക്കുട്ടിയേയും നോക്കി കഴിഞ്ഞോളാം”

ശിവയുടെ മറുപടി പെട്ടെന്ന് ആയിരുന്നു. അയാളൊന്ന് അമ്പരന്നു..

“ശിവ എന്ത് ഭ്രാന്താ പറയുന്നത്.. താൻ തീരെ ചെറുപ്പമാണ്.അടുക്കളയിൽ തീരേണ്ട ജീവിതമല്ല നിന്റേത്..നിനക്ക് നല്ലൊരു ഭാവിയുണ്ട് കുട്ടി”

“എനിക്കൊന്നും വേണ്ട സാറേ…എന്റെ മോളുമായിട്ട് എന്നെ പിരിക്കാതിരുന്നാൽ മതി.എനിക്ക് ആകെയുള്ള ആശ്വാസം അമ്മുക്കുട്ടിയാണ്”

ശിവ നിലവിളി തുടങ്ങി… മാറി മാറി അമ്മുക്കുട്ടിയുടെ കവിളുകൾ തെരുതെരാ ചുംബിച്ചു.കരയുന്ന ശിവയെ തന്നാൽ കഴിയുന്ന വിധത്തിൽ ആശ്വസിപ്പിക്കുന്ന അമ്മുക്കുട്ടിയെ മീരവ് ശ്രദ്ധിച്ചു.

“കുഞ്ഞിക്കൈകൾ കൊണ്ട് ശിവയുടെ കണ്ണീരൊപ്പുകയും അവളുടെ കവിളിൽ ഉമ്മ കൊടുക്കുകയും ചെയ്യുന്ന അമ്മുക്കുട്ടയെ…

അപ്പോഴാണ് ആ സത്യം മീരവ് മനസ്സിലാക്കിയത്…ശിവയും അമ്മുക്കുട്ടിയും തമ്മിലുള്ള സ്നേഹത്തിന്റെ ആഴം കണ്ടത്. .സ്വന്തം അമ്മയും സ്വന്തം കുഞ്ഞും എന്നത് പോലെ.

അവരുടെ സ്നേഹം കണ്ട് മീരവ് പോലും അതിശയിച്ചു നിന്നു..

(തുടരും)

സിദ്ധ ശിവ : ഭാഗം 1