Friday, April 26, 2024
Novel

സിദ്ധ ശിവ : ഭാഗം 3

Spread the love

എഴുത്തുകാരി: വാസുകി വസു

Thank you for reading this post, don't forget to subscribe!

ഇന്ന് ഗുളിക കഴിച്ചില്ലല്ലോന്ന് വേവലാതിയോടെ സിദ്ധ ഓർത്തു.തിരക്കിട്ട് വേഗത്തിൽ ടാബ്‌ലെറ്റ് കഴിക്കാൻ ശ്രമിച്ചു. ആ സമയത്താണ് ജീവൻ മുറിയിലേക്ക് കയറി വന്നത്.അവനെ കണ്ടൊരു നിമിഷം വല്ലാതായെങ്കിലും സമർത്ഥമായി അത് മറച്ചു.അവന്റെ ചുണ്ടിലൊരു പരിഹാസമുണ്ടായി.

“എന്തിനാടോ മറച്ചു പിടിക്കുന്നത്.. പ്രഗ്നന്റ് ആകാതിരിക്കാൻ എന്നെപ്പോലും അടുപ്പിക്കാറില്ല.പിന്നെന്തിനാണ് ഗുളിക കഴിക്കുന്നത്..ആരെ കാണിക്കാനാ ഈ പ്രഹസനങ്ങളൊക്കെ?”

സിദ്ധ അടിമുടി വിറച്ചു പോയി.ഒരിക്കലും ജീവൻ കണ്ടു പിടിക്കില്ലെന്ന് കരുതിയതാണ്.. എന്നിട്ടും അയാൾ കണ്ടു പിടിച്ചിരിക്കുന്നു.

ഫ്രണ്ട്സിന്റെ കൂടെ ചെറിയൊരു പാർട്ടിയുണ്ടായിരുന്നു.അതിനാൽ അത്യാവശ്യം നന്നായി മദ്യപിച്ചു തന്നെയാണ് അവനെത്തിയത്.

ഉറക്കാത്ത കാൽച്ചുവടുകളുമായി ജീവൻ അവൾക്ക് നേരെ നടന്നു.ചെറിയ ഒരു പേടിയോടെ സിദ്ധ പിന്നോക്കം മാറി.

“പേടിക്കേണ്ടടോ തന്നെ ഞാനൊന്നും ചെയ്യില്ല.കാരണം നിങ്ങൾ വില പേശിയെടുത്തതാണ് എന്നെ.അതായത് അടിമ.യജമാനേ അനുസരിക്കാനേ അടിമക്ക് കഴിയൂ.കൊല്ലാൻ അവകാശമില്ലല്ലോ”

ആടിയാടി തിരികെ ബെഡ്ഡിന് അരികിലെത്തി ശക്തിയോടെ അതിലേക്ക് കമഴ്ന്ന് വീണു.അപ്പോഴാണ് സിദ്ധയിൽ ശ്വാസം വീണത്.ബെഡ്ഡിന് അരികിലായി അവളും കിടന്നു…

ഇരുട്ടിൽ സിദ്ധയുടെ മിഴികളിൽ നിന്ന് കണ്ണുനീരൊഴുകി വീണു തലയിണയെ നനയിച്ചു.ചെയ്യുന്നതൊക്കെ തെറ്റാണെന്ന് അറിയാം ജീവൻ.എന്നോട് ക്ഷമിക്ക്.മറ്റ് വഴികൾ ഇല്ലാതെ പോയി.ഭർത്താവിനോട് ചെയ്യുന്ന തെറ്റുകൾക്ക് പ്രായ്ശ്ചിത്തമായി അവൾ കണ്ണീരൊഴുക്കി.

*******************

പതിവു പോലെ ശിവ രാവിലെ എഴുന്നേറ്റു കിച്ചണിൽ കയറി.ബ്രേക്ക് ഫാസ്റ്റ് തയ്യാറാക്കാനുളള ഒരുക്കങ്ങൾ ആരംഭിച്ചു. അമ്മുക്കുട്ടിക്ക് സ്കൂളിൽ പോകണം.മീരവിന് ഓഫീസിലേക്കും യാത്രയാകണം.അതിനിടയിൽ അമ്മുക്കുട്ടിയെ വിളിച്ചു എഴുന്നേൽപ്പിച്ച് സ്കൂളിലേക്ക് പോകാനായി ഒരുക്കണം..

ശിവക്ക് മുമ്പെങ്ങും ഇല്ലാത്തത് പോലെയൊരു ആത്മസംതൃപ്തി തോന്നി.ക്രിസുമായി ജീവിക്കുമ്പോൾ അവനെ മാത്രം പ്രതീക്ഷിച്ചാൽ മതിയായിരുന്നു.എന്നാൽ ഇപ്പോൾ അങ്ങനെയല്ല.അമ്മുക്കുട്ടിക്കായിട്ടാണ് അവൾ ജീവിക്കുന്നത്.ശ്വാസം പോലും കഴിക്കുന്നത്. അമ്മുക്കുട്ടി ശിവയുടെ ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞു. ഒരിക്കലും വേർപ്പെടുത്താൻ കഴിയാത്തത്രയൊരു ആത്മബന്ധം അവരിൽ ഉടലെടുത്തു.

ക്രിസിനെ ഓർത്ത് ശിവ കുറെ നാൾ കരഞ്ഞു.അത്ര പെട്ടന്നൊന്നും മറക്കാൻ കഴിയില്ല. കുറേക്കാലം പ്രണയിച്ചു നടന്നു.രണ്ടു വർഷം ഭാര്യഭർത്താക്കന്മാരായി കഴിഞ്ഞു. ഒരിക്കലും അവൻ ചതിക്കുമെന്ന് കരുതിയില്ല.എന്തും ക്ഷമിക്കാം പക്ഷേ ഭാര്യയെ മറ്റൊരു പുരുഷന് പങ്കിടാൻ പറഞ്ഞയക്കുന്നവൻ മൃഗത്തെക്കാൾ കഷ്ടമാണ്.വിശക്കുമ്പോൾ മാത്രമേ മൃഗങ്ങൾ ഇരതേടാറുള്ളൂ.

“സർ ബ്രേക്ക് ഫാസ്റ്റ് എടുത്തു വെച്ചു”

കുളി കഴിഞ്ഞു മുടി ചീകുന്ന തിരക്കിലായിരുന്നു മീരവ്.അപ്പോഴാണ് മീര അങ്ങോട്ട് ചെന്നത്.അയാൾ തിരിഞ്ഞൊന്ന് നോക്കി.

മുല്ലപ്പൂമൊട്ടു പോലെയുള്ള ദന്തനിരകൾ വിടർത്തി ശിവ ഭംഗിയായി ചിരിച്ചു.കുളി കഴിഞ്ഞു തലയിൽ കെട്ടിയ തോർത്ത് അപ്പോഴും തലമുടിയിലുണ്ട്.കുറച്ചു നേരം മനസ്സറിയാതെ അവളെ നോക്കി നിന്നു. മീരവിന്റെ നോട്ടം എതിരിടാനാകാതെ ശിവ തല താഴ്ത്തി പിടിച്ചു.

“ശിവ പൊയ്ക്കോളൂ.. ഞാൻ വന്നേക്കാം”

മീരവിന്റെ മറുപടി ലഭിച്ചതോടെ ശിവ അമ്മുക്കുട്ടിയുടെ അരികിലെത്തി. കുളിപ്പിച്ചു കഴിഞ്ഞു കുഞ്ഞിനെ ഡ്രസുകൾ യൂണിഫോം ധരിപ്പിച്ചു ഒരുക്കി.

എട്ടരയാകുമ്പോൾ അമ്മുക്കുട്ടിക്ക് പോകാനുള്ള ബസ് എത്തും.അതിനു മുമ്പേ ഫുഡ് കൊടുത്തു റെഡിയാക്കി നിർത്തണം.

മീരവ് എത്തുമ്പോൾ മോളും ശിവയും ഡൈനിംഗ് ടേബിളിന് അരികിലുണ്ട്.അവൻ ഇരുന്നപ്പോൾ ദോശയും ചട്നിയും വിളമ്പി.മോളെ മടിയിലിരുത്തി ശിവ കഴിപ്പിച്ചു.

“സർ ഞാനൊരു കാര്യം പറഞ്ഞാൽ ദേഷ്യപ്പെടുമോ?”

ആമുഖത്തോടെ ശിവ തുടക്കമിട്ടു.. എന്താണ് കാര്യമെന്ന് അറിയാതെ മീരവും അമ്പരന്നു.

“എന്താണെന്ന് അറിയാതെ എന്താ പറയുക?”

“” അമ്മുക്കുട്ടിയെ സ്കൂളിൽ വിടുന്നതും തിരികെ വിളിച്ചു കൊണ്ട് വരുന്നതും ഞാൻ ചെയ്തോട്ടെ..”

“ഇതിനാണോ ശിവേ ഇത്രയും വലിയ സസ്പെൻസ്.. ശിവയുടെ കൂടെ വരാൻ അമ്മുക്കുട്ടിക്കും സന്തോഷമായിരിക്കും”

“യെസ് ഡാഡി..എന്റെ കൂടെ അമ്മ വന്നാൽ മതി”

അമ്മുക്കുട്ടിയിൽ നിന്ന് ഉടനെ ഉത്തരമെത്തി.ശിവക്ക് ആഹ്ലാദം തോന്നി. സാറ് ഇത്രയും വേഗത്തിൽ സമ്മതിക്കുമെന്ന് അവൾ കരുതിയില്ല.

ശിവക്ക് അതിയായ സന്തോഷം അനുഭപ്പെട്ടു..ജീവിതത്തിൽ ഒറ്റപ്പെട്ടവൾക്ക് ആരൊക്കയോ തുണയുളളത് പോലൊരു തോന്നൽ അവളിലുണ്ടായി.

“ശിവ കൂടെപ്പോന്നോളൂ..സ്കൂളുകൾ ടീച്ചേഴ്സിന് ഞാൻ പരിചയപ്പെടുത്താം”

ശിവ സന്തോഷത്താടെ ഒരുങ്ങാൻ പോയി.അധികം മേക്കപ്പൊന്നുമില്ലാതെ റെഡിയായി വന്നു.മീരവ് കാറ് സ്റ്റാർട്ട് ചെയ്തപ്പോൾ ശിവ പിന്നിൽ കയറാൻ ശ്രമിച്ചു.

“എന്നെ വെറുമൊരു ഡ്രൈവർ ആക്കാനാണോ പ്ലാൻ”

“സോറി സർ”

ക്ഷമ ചോദിച്ചിട്ട് അമ്മുക്കുട്ടിയുമായി ശിവ മുൻ സീറ്റിൽ കയറി.. നേരെ സ്കൂളിലേക്ക് പോയി.ശിവയെ ടീച്ചേഴ്സിനു പരിചയപ്പെടുത്തി.

“അമ്മുക്കുട്ടിയുടെ ആരാ ഇത്”

ശിവയെ ചൂണ്ടി ക്ലാസ് ടീച്ചർ ചോദിച്ചു. അമ്മുക്കുട്ടി മടിക്കാതെ പറഞ്ഞു.

“എന്റെ അമ്മ”

ശിവയിൽ മാതൃത്വം ചുരത്തി..പറഞ്ഞറിയിക്കാൻ കഴിയാത്തൊരു ആത്മനിർവൃതി അവളിൽ ഉണർന്നു.

ശിവയേയും കൂട്ടി മീരവ് ഓഫീസിലേക്കും കമ്പിനിയിലേക്കും പോയി.എല്ലായിടവും വിശദമായി കാണിച്ചു കൊടുത്തു.

“എല്ലാം അമ്മുക്കുട്ടിയുടെ പേരിലാണ്”

മറുപടി ആയിട്ട് ഒരു പുഞ്ചിരി അവൾ സമ്മാനിച്ചു.

“ടൂ വീലറിന് ഇന്ന് തന്നെ ബുക്ക് ചെയ്യാം..ലൈസൻസ് എടുക്കാനും ഏർപ്പാടുകൾ ചെയ്യാം”

മീരവ് പറഞ്ഞതിന് ശിവ തല കുലുക്കി സമ്മതിച്ചു.യാത്രക്ക് സ്കൂട്ടർ അനിവാര്യമാണ്.

ഓഫീസിൽ നിന്ന് അവൻ തന്നെ അവളെ വീട്ടിൽ കൊണ്ട് ചെന്നാക്കിയട്ട് തിരികെ ഓഫീസിലേക്ക് മടങ്ങി.ശിവക്ക് അത്ഭുതവും സന്തോഷവും തോന്നി ജീവിതം എത്ര പെട്ടന്നാണ് മാറി മറിയുന്നത്.

“ഇനിയൊരു വിവാഹം വേണ്ടാ..അമ്മുക്കുട്ടിയുടെ അമ്മയായി ശേഷിച്ച കാലം ജീവിക്കണം അത്രയേയുള്ളൂ” അതായിരുന്നു ശിവയുടെ ആഗ്രഹം. അതിൽ കവിഞ്ഞതൊന്നും ആഗ്രഹിച്ചിട്ടില്ല.മോളിലൂടെ എല്ലാ ദുഖവും അവൾ മറക്കാൻ ശ്രമിച്ചു. എങ്കിലും ചില ഓർമ്മകൾ ഇടക്കിടെ മനസ്സിനെ കുത്തിനോവിച്ചു.അമ്മുക്കുട്ടിയെ കാണുമ്പോൾ ശിവ എല്ലാം വിസ്മരിച്ചു.

പിറ്റേ ദിവസം ആയപ്പോഴേക്കും മീരവ് വാക്ക് പാലിച്ചു.പുതിയ ഒരു ആക്റ്റീവ എടുത്തു. ശിവയെ സ്കൂട്ടർ ഓടിക്കുവാനും ലൈസൻസ് എടുക്കാനും ഒരു ഡ്രൈവിംഗ് സ്കൂളിൽ ചേർത്തു.

ദിവസങ്ങളും മാസങ്ങളും കൊഴിഞ്ഞു വീണു. ശിവക്ക് അമ്മുക്കുട്ടിയെ ഒരുനിമിഷം പോലും പിരിഞ്ഞിരിക്കാൻ കഴിയില്ലെന്നായി.അവരുടെ സ്വകാര്യ നിമിഷങ്ങളിൽ മീരവ് പോലും ചിലപ്പോൾ അന്യനായി.ഇതിനിടയിൽ ഒരിക്കൽ പോലും ക്രിസ് അവളെ തിരക്കി വന്നില്ല.

ലൈസൻസ് ലഭിച്ച ശേഷമുള്ള ഒരു ഞായറാഴ്ച ദിവസം. വൈകുന്നേരം ആയപ്പോഴേക്കും മീരവ് ഫ്രണ്ടിന്റെ വീട്ടിലെ ഒരു പാർട്ടിക്ക് പോകാനായി ഒരുങ്ങി.ശിവ അമ്മുക്കുട്ടിയെ ഒരുക്കി നിർത്തി.

“ശിവയും കൂടി വാ”

മീരവ് അവളെ ക്ഷണിച്ചെങ്കിലും ശിവ സ്വയം ഒഴിവാകാൻ ശ്രമിച്ചു.

“വേണ്ട സാർ..സാറും മോളും പോയിട്ട് വാ”

“അമ്മ വന്നാലേ ഞാനും പോകൂ”

അമ്മുക്കുട്ടി പിണങ്ങി നിന്നു.ശിവ എത്രയൊക്കെ നിർബന്ധിച്ചെങ്കിലും കുഞ്ഞ് വഴങ്ങിയില്ല.ഗത്യന്തരമില്ലാതെ അവൾക്ക് സമ്മതിക്കേണ്ടി വന്നു.

“അമ്മ സാരിയുടുത്താൽ മതി”

അമ്മുക്കുട്ടിയുടെ നിർബന്ധം പോലെ ശിവ സാരിയുടുത്തു.സാരിയിൽ അവൾക്ക് കുറച്ചു കൂടി മെച്ച്യൂരിറ്റി തോന്നി.മീരവിന് മുപ്പത്തിമൂന്ന് വയസ്സുണ്ടെങ്കിലും കാഴ്ചയിൽ അത്രയും തോന്നില്ല.ഏറിയാൽ ഒരു മുപ്പത് വയസ്സ് പറയും.മൂവരും കൂടി ഇറങ്ങി വരുമ്പോൾ ഭാര്യയും ഭർത്താവും മകളുമാണെന്ന് തോന്നിച്ചു.

പാർട്ടിയിൽ നിന്ന് കുറച്ചു അകലം പാലിച്ചു നിൽക്കാൻ ശിവ ശ്രദ്ധിച്ചു.അവൾക്ക് ആരെയും പരിചയമുണ്ടായിരുന്നില്ല.

“ആരാടാ ഇത്”

ശിവയെ ചൂണ്ടി ചില ഫ്രണ്ട്സ് ചോദിച്ചത് കേട്ട് ശിവയുടെ മുഖം വിളറി.മീരവത് ശ്രദ്ധിച്ചു.

“എന്റെ അമ്മയാണ്”

കേട്ടു നിന്ന അമ്മുക്കുട്ടി പ്രതികരിച്ചു.ശിവയിലൊരു ആശ്വാസമുണ്ടായി.

“നീയെന്താടാ വിവാഹം കഴിച്ചത് രഹസ്യമായി വെച്ചത്.ചിലവ് ചെയ്യണമെന്ന് ഓർത്താണോ?”

ഒന്നിൽ നിന്ന് രക്ഷപ്പെട്ടന്ന് കരുതിയപ്പോൾ ഒന്നിലേറെ അസ്ത്രങ്ങൾ പലരും ആവനാഴിയിൽ നിന്ന് തൊടുത്ത് വിട്ടു.ശിവ മുഖം കുനിച്ചു നിന്നു.പാർട്ടിക്ക് വരാൻ തോന്നിയ നിമിഷത്തെ സ്വയം പഴിച്ചു.എങ്ങനെയും അവിടെ നിന്ന് രക്ഷപ്പെട്ടാൽ മതിയെന്നായി.

“എന്റെ കസിനാണ് ശിവ..വിവാഹം കഴിച്ചതല്ല”

മീരവ് ഉടനെ ശിവയുടെ രക്ഷക്കെത്തി.അവൾക്ക് ആശ്വാസം അനുഭവപ്പെട്ടു.പാർട്ടി കഴിയാൻ നിന്നില്ല അതിനു മുമ്പേ ശിവയുടെ മാനസികാവസ്ഥ മനസ്സിലാക്കി അയാൾ അവരെയും കൂട്ടി അവിടെ നിന്ന് വീട്ടിലേക്ക് പോയി.

കാറിൽ വരുമ്പോൾ ഇരുവരുമൊന്നും ഉരിയാടിയില്ല.ശിവ പുറത്തേക്ക് നോക്കിയിരുന്നു. അമ്മുക്കുട്ടി അവളുടെ മടിയിൽ കിടന്ന് മയങ്ങി.

വീട്ടിലെത്തിയപ്പോൾ കുഞ്ഞിനെയും എടുത്തു ശിവ മുറിയിലേക്ക് കയറി പോയി.കിടന്നിട്ട് മീരവിന് ഉറക്കം വന്നില്ല. കുറച്ചു നേരം കഴിഞ്ഞു അയാൾ എഴുന്നേറ്റു ചെന്ന് ശിവയുടെ മുറിയുടെ കതകിൽ ചെറുതായി തട്ടി.അവളും ഉറങ്ങിയിരുന്നില്ല.വാതിലിൽ മുട്ടുന്ന ശബ്ദം കേട്ട് അവൾ എഴുന്നേറ്റു ചെന്ന് കതക് തുറന്നു. മുന്നിൽ നിൽക്കുന്ന മീരവിനെ കണ്ടു അവൾ അമ്പരന്നു.

“കുറച്ചു നേരം എന്നോടൊന്ന് സംസാരിച്ചിരിക്കുവോ ഒരു കൂട്ടായി.രാത്രികാലങ്ങളിൽ ഏകാന്തതയോട് കഥ പറഞ്ഞു മടുത്തു”

മീരവിന്റെ വാക്കുകളിലെ വേദന ശിവക്ക് മനസ്സിലാകുമായിരുന്നു.അവൾ അയാളുടെ പിന്നാലെ വന്നു.സ്വീകരണ മുറിയിലെ ഇരിപ്പടത്തിൽ അഭിമുഖമായി അവർ ഇരുന്നു.

“സോറി ശിവ..അങ്ങനെയൊന്നും ഞാൻ പ്രതീക്ഷിച്ചിരുന്നില്ല”

അയാൾ ക്ഷമാപണം ചെയ്തപ്പോൾ ശിവയുടെ മനസ്സൊന്ന് ഉലഞ്ഞു.

“അയ്യോ സാറ് സോറിയൊന്നും പറയേണ്ടാ”

“ശിവക്ക് സാറ് വിളിയൊന്ന് നിർത്തിക്കൂടെ”

“ഞാൻ.. പിന്നെയെന്താണ് വിളിക്കുക”

വിരലിലെ നഖം കടിച്ചു കൊണ്ട് അവൾ ചോദിച്ചു. കൊച്ചു കുട്ടിയുടെ ഭാവമായിരുന്നു ആ മുഖത്ത്.

“എന്നെ പേര് വിളിക്കാം..അല്ലെങ്കിൽ ഏട്ടാന്ന് വിളിക്കാം.സാറ് വിളി ഇറിട്ടേഷനാകുന്നു”

ശിവക്കും അതറിയാം..പക്ഷേ അയാളെ മറ്റെന്ത് വിളിക്കണമെന്ന് അവൾക്കും അറിയില്ല.

“ഞാൻ മീരേട്ടാന്ന് വിളിക്കട്ടെ”

ലജ്ജയോടെ ആയിരുന്നു ചോദ്യം. അതുകേട്ട് നീരജൊന്ന് ഉലഞ്ഞ് പോയി.മീരേട്ടാന്ന് ആത്മജ മാത്രമേ വിളിച്ചിട്ടുള്ളൂ.എങ്കിലും അങ്ങനെ വിളിക്കണ്ടാന്ന് അയാൾ പറഞ്ഞില്ല.

ആത്മജയുമായി പ്രണയത്തിലായതും വിവാഹശേഷവും തമ്മിലുള്ള സ്നേഹവും എല്ലാം മീരവ് തുറന്നു പറഞ്ഞു. ശിവ കേൾവിക്കാരിയായി ഇരുന്നു.അയാൾ ഭാര്യയെ എത്രമാത്രം പ്രണയിച്ചിരുന്നൂവെന്ന് അവൾക്ക് മനസ്സിലായി.ഇത്രയധികം സ്നേഹത്തോടെ കഴിഞ്ഞവരെ പിരിച്ച ദൈവത്തോട് അവൾക്ക് ദേഷ്യം തോന്നി.

“ശിവക്ക് എത്രകാലം വേണമെങ്കിലും ഇവിടെ കഴിയാം ആരും ഇറക്കി വിടില്ല.എന്നാലും ഇത്രയും ചെറുപ്പമല്ലേ കുട്ടി.ഒരു ജീവിതമൊക്കെ വേണ്ടേ”

തന്റെ കഥ പറഞ്ഞു അവളെ വെറുപ്പിക്കാതിരിക്കാനായി അയാൾ വിഷയം മാറ്റി.. ശിവയുടെ ചുണ്ടിലൊരു വരണ്ട ചിരിയുണ്ടായി.

“എന്തിനാണ് മീരേട്ടാ ഇനിയൊരു പരീക്ഷണം. എനിക്ക് താങ്ങാൻ കരുത്തില്ല.പരീക്ഷണ വസ്തുവായി മാറാൻ വയ്യ.എനിക്ക് അമ്മുക്കുട്ടി ഉണ്ട്. അത് മതി”

“എല്ലാവരും ഒരുപോലെ ആകില്ല ശിവ..കുട്ടിയെ മനസ്സിലാക്കുന്ന ആരെങ്കിലും വരാതിരിക്കില്ല”

“എങ്കിൽ സാറിന് എന്നെ വിവാഹം കഴിക്കാമോ?”

പെട്ടെന്ന് ആയിരുന്നു ശിവയുടെ ചോദ്യം. അവളങ്ങനെ ചോദിക്കുമെന്ന് മീരവ് തീരെ പ്രതീക്ഷിച്ചില്ല.അതിനാൽ പെട്ടന്നൊരു മറുപടി നൽകാൻ കഴിഞ്ഞില്ല.

“ഞാൻ വെറുതെ ചോദിച്ചതാണ്…വേറൊന്നും കരുതരുത്. മീരേട്ടനെ പോലെയൊരാളെ സ്വന്തമാക്കാനുളള പുണ്യമൊന്നും ഞാൻ ചെയ്തട്ടില്ല.എനിക്ക് അമ്മുക്കുട്ടിയുടെ അമ്മയാണെന്ന സ്ഥാനം തന്നത് മാത്രം ധാരാളം”

കരഞ്ഞു കൊണ്ട് ശിവ മുറിയിലേക്കോടി..മീരവ് ആദ്യത്തെ ഷോക്കിൽ നിന്ന് പതിയെ മുക്തനായി.മനസ്സ് ശിവയെ മോഹിച്ചിട്ടുണ്ട്.ഇല്ലെന്ന് പറയാൻ കഴിയില്ല. ചോരയും നീരുമുളള മനുഷ്യനാണ് അയാൾ. പക്ഷേ തങ്ങൾക്കിടയിലുളള പ്രായവ്യത്യാസത്തിന്റെ ആഴം മീരവ് മനസ്സിലാക്കുന്നുണ്ട്.

പക്ഷേ ഇപ്പോൾ ശിവ വെറുതെ തൊടുത്തു വിട്ട ചോദ്യം അയാളുടെ മനസ്സിൽ പ്രണയത്തിന്റെ വിത്തുകൾ പാകി മുളച്ചു തുടങ്ങിയെന്ന് മീരവിനും ശിവക്കും അപ്പോൾ മനസ്സിലായില്ല…

എണ്ണ തേക്കാതെ പാറിപ്പറക്കുന്ന മുടിയും വെട്ടിയൊതുക്കാത്ത മീശയും വളർന്നു തുടങ്ങിയ താടിയും ജീവനെയൊരു പ്രാകൃത മനുഷ്യനാക്കി മാറ്റി.മദ്യപാനം ശീലമക്കിയതോടെ അവന്റെ ഓഫീസിൽ പോകുന്നത് പതിവല്ലാതായി.സിദ്ധയുടെ അമ്മക്ക് ജീവനോടെ സഹതാപം തോന്നിയെങ്കിലും ഭർത്തവിനെയും മകളെയും ഭയന്ന് മിണ്ടാതിരുന്നു.എങ്കിലും ഒരു അവസരം ലഭിച്ചപ്പോൾ ഉപദേശിക്കാനും മറന്നില്ല.

“മോനേ അമ്മയുടെ സ്ഥാനമുള്ളതു കൊണ്ട് പറയുവാ ഉപദേശിക്കുകയാണെന്ന് കരുതരുത്”

“എന്തിനാണ് മുഖവുര..അമ്മക്ക് എന്ത് വേണമെങ്കിലും എന്നോട് പറയാമല്ലോ”

ജീവനറിയാം ഈ വീട്ടിൽ കുറച്ചെങ്കിലും സ്നേഹമുളളത് അമ്മക്കാണെന്ന്.

“ആകെയുള്ളൊരു ജീവിതം തീറെഴുതി കൊടുത്തിട്ട് ഇഷ്ടമില്ലാത്തത് ചുമക്കരുത്.ക്ഷമിക്കാവുന്ന അത്രയും ക്ഷമിച്ചില്ലേ.ഇനിയെങ്കിലും സ്വതന്തനായി കൂടെ”

അമ്മ കുറച്ചു കൂടി അടുത്ത് നിന്നിട്ട് പതിയെ പറഞ്ഞു.

“എന്റെ മോളാണ് സിദ്ധ..എന്നാലും പറയാതിരിക്കാൻ വയ്യ.അവളുടെ അഹങ്കാരം പലപ്പോഴും പരിമിതികൾ കടക്കുന്നു. നിനക്ക് മുമ്പിൽ വിധ്വേയത്തോടെ ജീവിക്കേണ്ടവൾ നിന്നെ അടിച്ചമർത്തുന്നത് സഹിക്കാൻ കഴിയില്ല. ആർക്കു വേണ്ടിയാ കുടിച്ചു നശിക്കുന്നത്.നിന്റെ ജീവിതമാണ് ഇല്ലാതാകുന്നത്”

“സാരമില്ല അമ്മേ..എന്റെ ജീവിതം കൊണ്ട് ആരെങ്കിലും സന്തോഷിക്കുന്നതിൽ അത്രയെങ്കിലും ആകട്ടേ.വീട്ടുകാരുടെ സന്തോഷത്തിനായി സ്നേഹിച്ച പെൺകുട്ടിയെ മറന്നു. അതിനു ദൈവം തന്ന ശിക്ഷയായി കരുതി ആയുസ്സ് തീരുന്നത് വരെ ഇങ്ങനെയൊക്കെയങ്ങ് പോകട്ടേ”

ഉറക്കാത്ത പാദങ്ങളുമായി ആടിയാടി ജീവൻ മുറിയിലേക്ക് കയറിപ്പോകുന്നത് വേദനയോടെ അവർ നോക്കി നിന്നു. നഅവന്റെ ഉള്ളിൽ അലയടിക്കുന്ന സങ്കടങ്ങൾ കാണാൻ ആ അമ്മക്ക് കഴിഞ്ഞു..

ഒരുദിവസം വൈകുന്നേരം ടൗണിലെ ബാറിനു മുമ്പിൽ ജീവൻ കാറ് നിർത്തി.ചുറ്റും പതിയെയൊന്ന് കണ്ണോടിച്ച ശേഷം ബാറിലേക്ക് കയറാനായി ഒരുങ്ങി.പെട്ടെന്നാണ് അവന്റെ കണ്ണുകൾ ഒരു പെൺകുട്ടിയിൽ പതിച്ചത്.

“ദക്ഷിത…അതേ അവൾ തന്നെ.എവിടെ വെച്ചു കണ്ടാലും ഈ രൂപം തിരിച്ചറിയും.ഒരിക്കലും മറക്കുവാൻ കഴിയില്ല….”

അവന്റെ ഹൃദയമിടിപ്പ് വർദ്ധിച്ചു.. ജീവൻ ഓടി അവളുടെ അരികിൽ എത്തിയപ്പോഴേക്കും ദക്ഷിത തിരക്കിൽ അലിഞ്ഞു ചേർന്നു….

“ഛെ.. ഇനിയെവിടെ പോയി അവളെ കണ്ടു പിടിക്കും..നിരാശ മുഴുവനും ബാറിലിലെ മദ്യത്തിൽ അവൻ അലിയിച്ചു.

രാത്രി വൈകിയാണ് അന്നും ജീവൻ വീട്ടിലെത്തിയത്.പതിവില്ലാതെ അവനെ പ്രതീക്ഷിച്ചു സിദ്ധ കാത്തിരുപ്പുണ്ടായിരുന്നു.അവളെ മൈൻഡ് ചെയ്യാതെ ഡ്രസുകൾ മാറി അവൻ ബെഡ്ഡിലേക്ക് ഇരുന്നു.

” ജീവൻ എനിക്ക് കുറച്ചു സംസാരിക്കാനുണ്ട്”

ജീവന്റെ അരികിലെത്തി സിദ്ധ പറഞ്ഞു.. അവൻ ഒന്നും സംസാരിച്ചില്ല.

“ഒന്നിച്ചു താമസിക്കാൻ ജീവനു ബുദ്ധിമുട്ടാണ് എങ്കിൽ നമുക്ക് പിരിയാം”

അവളുടെ ഉദ്ദേശം പൂർണ്ണമായും മനസ്സിലാക്കാനായി അവൻ ക്ഷമയോടെ കാത്തിരുന്നു..

“ഒരുമിച്ച് കുടുംബ കോടതിയിൽ വിവാഹമോചന ഹർജി ഫയൽ ചെയ്താൽ പെട്ടെന്ന് വിധിയുണ്ടാകും..ജീവന് ശ്വാസം മുട്ടി എന്നോടൊപ്പം ജീവിക്കുകയും വേണ്ടാ”

ഒന്നും സംസാരിക്കാതെ ജീവൻ റൂമിലൂടെ നടന്നു.പുതിയ എന്തോ കെണി അച്ഛനും മകളും കൂടി ഒരുക്കിയിരിക്കുന്നത്. അതവനു മനസ്സിലായി.

“ജീവനൊന്നും പറഞ്ഞില്ല”

“ബന്ധമൊഴിയാൻ എനിക്ക് താല്പര്യമില്ല.. നിന്റെ ഭർത്താവ് ഉദ്ദ്യോഗസ്ഥന്റെ വേഷം എടുത്ത് അണിഞ്ഞു.അതങ്ങനെ തന്നെ ഇരിക്കട്ടെ.നിന്നെ മോചിപ്പിക്കാൻ എനിക്ക് താല്പര്യമില്ല.. അതുപോലെ എനിക്കൊരു മോചനവും വേണ്ടാ”

എടുത്തു അടിച്ചത് പോലെയുള്ള ജീവന്റെ സംസാരത്തിനു മുമ്പിൽ ശബ്ദം നഷ്ടപ്പെട്ടവളെപ്പോലെ സിദ്ധ നിന്നു.

******************************************

മീരവിൽ പ്രണയം മൊട്ടിട്ടെങ്കിലും ശിവ വലിയ താല്പര്യം കാണിച്ചില്ല.തനിക്ക് അർഹിതയില്ലാത്തൊരു സ്ഥാനവും അവൾ മോഹിച്ചില്ല.അമ്മിണിക്കുട്ടിയുടെ അമ്മയെന്ന പദവി മാത്രം മതിയായിരുന്നു ശിവയുടെ ജന്മം പൂവണിയാൻ..

ഒരുദിവസം കാലത്തെ എഴുന്നേറ്റപ്പോൾ ശിവക്ക് കടുത്ത തലവേദന അനുഭവപ്പെട്ടു.മോൾക്ക് സ്കൂളിൽ പോകേണ്ടതിനാൽ തലവേദന കാര്യമാക്കാതെ അടുക്കളയിൽ കയറി. എല്ലാം തയ്യാറാക്കിയട്ട് മോളെ സ്കൂളിൽ ആക്കിയട്ട് തിരികെ എത്തിയ ശിവ കിടന്നൊന്ന് മയങ്ങി.ഉച്ച കഴിഞ്ഞാണ് അവൾ ഉണർന്നത്.രാവിലെ കുളിച്ചില്ലല്ലോന്ന് കരുതി ഡ്രസും ടവ്വലും എടുത്തു ബാത്ത് റൂമിൽ.

ഉച്ചയൂണ് കഴിക്കാനായി മീരവ് വീട്ടിൽ വരാറില്ല.ശിവ ബാത്ത് റൂമിന്റെ ഡോറ് ലോക്ക് ചെയ്തില്ല.അവൾ കുളിക്കാൻ തുടങ്ങിയ സമയത്താണ് അർജന്റായി മീരവ് വീട്ടിലെത്തിയത്.അടഞ്ഞ് കിടന്ന വാതിൽ തള്ളിയപ്പോൾ താനെ തുറന്നു.മുറിയിൽ എത്തിയ അയാൾ ഡ്രസ് ചെയ്ഞ്ച് ചെയ്തിട്ട് ശിവ തിരഞ്ഞ് അവളുടെ റൂമിലെത്തി.അവിടെയും കാണാതെ തിരിഞ്ഞ് നടന്നപ്പോൾ കുളിമുറിയിൽ വെള്ളം വീഴുന്ന ശബ്ദം കേട്ടു.

വീട്ടിലുളള രണ്ടു ബാത്ത് റൂമുകൾ ഒന്ന് ശിവ കിടക്കുന്ന റൂമിലും മറ്റൊന്ന് മീരവിന്റെ മുറിയോടും ചേർന്നതാണ്. കുളിമുറിയിൽ ശിവ ആയിരിക്കും അയാൾ മനസ്സിൽ കരുതി. മീരവിന്റെ മനസ്സ് ഒരുനിമിഷം കൈവിട്ടു പോയി.ശരീരവും മനസ്സും വികാരത്തിന് അടിമപ്പെട്ട നിമിഷത്തിൽ ചെയ്യുന്നത് തെറ്റും ശരിയും ആണെന്ന് ഓർത്തില്ല.വിവേകത്തെ വികാരം അടക്കി ഭരിച്ചപ്പോൾ കുളിമുറിയുടെ വാതിൽ തുറന്നു നോക്കാൻ പ്രേരണ ഉണ്ടായി..

ഒരുനിമിഷം ഷോക്കേറ്റത് പോലെയായി മീരവ്.നഗ്നയായി ശിവ കുളിക്കുന്ന ദൃശ്യങ്ങൾ കണ്മുമ്പിൽ.അവിടെ നിന്ന് ഓടി മറയാൻ ഒരുനിമിഷം ആഗ്രഹിച്ചെങ്കിലും പാദങ്ങൾക്ക് ചങ്ങലപ്പൂട്ട് വീണു.തിരിഞ്ഞ് നോക്കിയ ശിവയും സ്തബ്ദ്ധിച്ചു നിന്നു.ഒരിക്കലും അവൾ മീരവിനെ അവിടെ പ്രതീക്ഷിച്ചില്ല.ഒരുനിലവിളി പുറത്തേക്ക് ഒഴുകിയെങ്കിലും തൊണ്ടക്കുഴിയിൽ വിലങ്ങി നിന്നു.ആദ്യത്തെ അമ്പരപ്പ് മാറിയതോടെ ടവ്വലെടുത്ത് അവൾ സ്വന്തം നഗ്നത മറച്ചു പിടിച്ചു..

വിവേകവും ചിന്തയും വികാരവും മീരവിന്റെ മനസ്സിനെ മാറി മാറി ഭരിച്ച നിമിഷങ്ങളിൽ വികാരം ചിന്തകൾക്ക് അടിമപ്പെട്ടു.
ചിന്തകൾ വിവേകത്തിന് വഴി തെളിഞ്ഞ നിമിഷത്തിൽ മീരവ് തിരിഞ്ഞ് നടന്നു.എങ്കിലും ശിവയുടെ നഗ്നമേനി അയാളിൽ നിറഞ്ഞങ്ങനെ നിന്നു.

കുളികഴിഞ്ഞ് ഇറങ്ങിയ ഇറങ്ങിയ ശിവക്ക് മീരവിനെ അഭിമുഖീകരിക്കുവാൻ കഴിഞ്ഞില്ല.അവനിൽ നിന്ന് ഓടിയൊളിക്കുവാൻ ആത്മാർത്ഥമായും അവൾ ആഗ്രഹിച്ചു.മീരവിന്റെ സ്ഥിതിയും വ്യത്യസ്തമായിരുന്നില്ല അവളെ കാണുമ്പോൾ അറിയാതെ തല താണുപോയി.മനസ്സിനെ ഭരിച്ചിരുന്ന കാമത്തിന്റെ ബാണങ്ങൾ എവിടെയോ പോയി മറഞ്ഞു.

ഇതളുകൾ അടർന്നത് പോലെ ദിവസങ്ങൾ കൊഴിഞ്ഞു വീണു. മീരവിനും ശിവക്കും ഇടയിൽ മൗനത്തിന്റെ മഴമേഘങ്ങൾ പെയ്തു.പരസ്പരം കാണാതിരിക്കുമ്പോൾ ലജ്ജ അവരെ അടക്കി ഭരിച്ചു. കൂടുതലും മൗനത്തിന്റെ ഭാഷയിൽ സംസാരിച്ചു.അല്ലാത്തപ്പോൾ ആവശ്യത്തിന് മാത്രമായി സംസാരങ്ങൾ.കഴിവതും ഒഴിവാക്കാൻ കഴിയാത്തത് മാത്രം.

ഒരുദിവസം സായം സന്ധ്യയിൽ സൂര്യന്റെ ചുവന്ന നിറക്കൂട്ട് നോക്കിയിരുന്ന ശിവക്ക് അരികിൽ അമ്മിണിക്കുട്ടി എത്തി.

“ഡാഡിയും അമ്മയും കൂടിയെന്താ മിണ്ടാത്തത്”

മോളുടെ ചോദ്യം കേട്ട് ശിവ തിരിഞ്ഞ് നോക്കി.നിഷ്ക്കളങ്കമായിരുന്നു അമ്മിണിക്കുട്ടിയുടെ മുഖം.സ്നേഹത്തോടെ കുഞ്ഞിനെ അവൾ മടിയിലേക്കിരുത്തി.

“ഡാഡിയും അമ്മയും കൂടി മിണ്ടുമല്ലോ”

“എന്നിട്ട് ഞാൻ കാണാറില്ലല്ലോ?”

ശിവക്ക് ഉത്തരം മുട്ടി.പെട്ടന്നൊരു മറുപടി നൽകാൻ കഴിഞ്ഞില്ല. എങ്ങനെ പറഞ്ഞു മനസ്സിലാക്കും കുഞ്ഞിനെ.അവൾ കൊച്ചു കുട്ടിയല്ലേ.വിവിധ ചിന്തകൾ മനസ്സിലൂടെ കടന്നുപോയി.അമ്മിണിക്കുട്ടിക്ക് ഉത്തരം കൊടുക്കാതെ പടിഞ്ഞാറ് അസ്തമിക്കാൻ വെമ്പൽ പൂണ്ട് മറയുന്ന സൂര്യനെ ചൂണ്ടി പറഞ്ഞു.

“മോളൂട്ടി കണ്ടോ സൂര്യൻ ചുവന്നിരിക്കുന്നത്.കാണാൻ നല്ല രസമുണ്ട് അല്ലേ?”

“നല്ല രസമുണ്ട് കാണാൻ എന്റെ അമ്മയെ പോലെ”

വാരിയെടുത്ത് കുഞ്ഞിക്കവിൾ നിറയെ മുത്തങ്ങൾ സമ്മാനിച്ചു. പ്രസവിച്ചില്ലെങ്കിലും ഈശ്വരനൊരു കുഞ്ഞിനെ തന്ന് സന്തോഷിപ്പിച്ചു. ഇതിൽ കൂടുതലെന്ത് വേണം ജന്മം സഫലമാകാനായിട്ട്.

മോളെയും എടുത്ത് ശിവ അകത്തേക്ക് നടന്നു.അവൾക്ക് ചായയും ബിസ്ക്കറ്റും കഴിപ്പിച്ചിട്ട് ടിവിക്ക് മുമ്പിലിരുത്തി ശിവ കുളിക്കാൻ കയറി. മുൻ വശത്തെയും കിച്ചൺ ഭാഗത്തേയും കതകുകൾ ഭദ്രമായി ബന്ധിച്ചു.കുഞ്ഞുളളപ്പോൾ ശിവ അതീവജാഗരൂഗയാണ്.

ഷവറിലെ തണുത്ത വെള്ളം ശരീരമാസകം വീണപ്പോൾ അറിയാതെ കുളിര് കോരി.വാതിക്കൽ മീരവ് നിറഞ്ഞ് നിൽക്കുന്നത് പോലെ തോന്നിയപ്പോൾ അവൾ പിന്തിരിഞ്ഞ് നിന്നു.മിണ്ടാതിരിക്കാൻ മാത്രം മീരേട്ടൻ തെറ്റൊന്നും ചെയ്തട്ടില്ല.തെറ്റുകൾ തന്റെ ഭാഗത്തുമുണ്ട്.ഓർത്തപ്പോൾ അവൾക്ക് കുറ്റബോധമുണ്ടായി.മറ്റൊരു പുരുഷനായിരുന്നെങ്കിൽ ബലമായി കീഴടക്കിയേനെ.ഓർത്തപ്പോൾ അവളൊന്ന് നടുങ്ങി.

കുളി കഴിഞ്ഞു വേഗമിറങ്ങി സന്ധ്യാവിളക്ക് തെളിച്ചു.മോളുമായി ഇരുന്ന് രാമനാമം ജപിച്ചു.ഇരുളിനു കാഠിന്യം വർദ്ധിച്ചു രാത്രിയായി.

മീരേട്ടനെന്താണ് ഇത്രയും താമസിക്കുന്നത്. ആറുമണി കഴിയുമ്പോൾ വീട്ടിൽ എത്തേണ്ടതാണ്.ഇനിയെന്തെങ്കിൽ ആപത്ത് പിണഞ്ഞുവോൾ.ഓർത്തപ്പോൾ ഉള്ളിലൊരു നടുക്കമുണ്ടായി.

“അമ്മേ ദേവി എന്റെ മോളുടെ അച്ഛന് ആപത്തൊന്നും സംഭവിക്കരുത്” അവൾ മനമുരുകി പ്രാർത്ഥിച്ചു.

മീരവിന്റെ നമ്പരലിലേക്ക് വിളിച്ചു നോക്കി.സ്വിച്ച്ഡ് ഓഫ്.വീണ്ടും വിളിച്ചപ്പോഴും അതേ മറുപടി. അവളിൽ ഭീതി വളർന്നു. അയാളെ കാണാതെ ശിവ ഉരുകി തുടങ്ങി.

മീരേട്ടൻ തന്റെ ആരുമല്ല.തന്റെ മോളുടെ ഡാഡി മാത്രമാണ്.. പക്ഷേ ഇപ്പോൾ… അവൾ മനസ്സിനോട് ചോദിച്ചു നോക്കി.അറിയില്ല..പക്ഷേ ഇപ്പോൾ തന്റെ ആരൊക്കയോ ആണ് അയാളെന്ന് അവൾക്ക് മനസ്സിലായി.

ഡാഡിയെ തിരക്കിയിരുന്ന് അമ്മിണിക്കുട്ടി ഉറക്കത്തിലേക്ക് വഴുതി വീണു.മോളുടെ ശരീരത്ത് ഷീറ്റിട്ട് കാല്പാദം മുതൽ കഴുത്ത് വരെ പുതപ്പിച്ചു.ഫാനിന്റെ സ്പീഡ് കുറച്ചു കൂടി കൂട്ടി.റൂമിൽ ഏ സി ഉണ്ടെങ്കിലും കുഞ്ഞിന് ജലദോഷം വന്നാലോന്ന് ഭയന്ന് ഓൺ ചെയ്തില്ല.

രാത്രി പിന്നെയും വളർന്നു അതുപോലെ ശിവയുടെ മനസ്സിലെ ഭീതിയും.ചുവരിലെ ക്ലോക്കിൽ സമയം നോക്കി.പതിനൊന്ന് മണിക്ക് അഞ്ച് മിനിറ്റുകൾ മാത്രം. മനസ്സിൽ അസ്വസ്ഥത വ്യാപിച്ചു ഇരിക്കാനും കിടക്കാനും കഴിയാത്ത അവസ്ഥയിൽ എത്തിയതോടെ എഴുന്നേറ്റു മുറിയിലൂടെ ഉലാത്തി.ഇടക്കിടെ ജനലഴികളിൽ കൂടി പുറത്തേക്ക് നോക്കിയും കാതുകൾ കൂർപ്പിച്ചു മീരവിന്റെ വരവ് പ്രതീക്ഷിച്ചു.

മീരവ് അടുത്തില്ലാത്തപ്പോൾ അയാളുടെ സാന്നിധ്യം എത്രമാത്രം പ്രിയപ്പെട്ടതായിരുന്നെന്ന് ഇപ്പോൾ ശിവക്ക് മനസ്സിലായി തുടങ്ങി. അയാൾ ഉളളപ്പോൾ ഇതുവരെ ഇല്ലാതിരുന്ന നോവ് അറിഞ്ഞിരുന്നില്ല.

പതിനൊന്ന് മണി കഴിഞ്ഞപ്പോൾ പുറത്ത് കാറിന്റെ ഇരമ്പൽ കേട്ടു.മീരവ് എത്തിയെന്ന് ശിവക്ക് മനസ്സിലായി.മനസ് അയാളുടെ അരികിലെത്താൻ കൊതിച്ച നിമിഷത്തിൽ പാദങ്ങൾ ചിറുകകളായി മാറി.ഓടിച്ചെന്നു കതക് തുറന്ന മീരയൊന്ന് ഞെട്ടി.

ഇടറിയ കാലുകൾ മുന്നോട്ട് വെക്കാൻ പ്രയാസപ്പെട്ടത് പോലെ മീരവ് നടന്നു വരുന്നു.അയാളൊന്ന് വേച്ചു വീഴാൻ പോയപ്പോൾ ശിവ ചെന്ന് താങ്ങിപ്പിടിച്ചു.അവൾക്ക് സങ്കടവും ദേഷ്യവും ഒരുമിച്ച് ഉണ്ടായി.

കാത്തു കാത്തിരുന്നതാണ് ഇയാൾക്ക് വേണ്ടി..എന്നിട്ട് വന്നതോ കുടിച്ചു നാല് കാലിലും.

ശിവയുടെ സാന്നിദ്ധ്യം മനസ്സിലായതോടെ അവളെ തന്നിൽ നിന്ന് അകറ്റാൻ മീരവ് ശ്രമിച്ചു. പക്ഷേ ഒഴിഞ്ഞ് മാറാൻ അവക്ക് തയ്യാറായില്ല.ദേഷ്യപ്പെട്ടു അവൾ പറഞ്ഞു..

“ഡാഡിയെ പ്രതീക്ഷിച്ച് മോൾ എത്രനേരം ഉറങ്ങാതെ മോള് ഇരുന്നെന്ന് മീരേട്ടനറിയോ”

അയാൾ മെല്ലെ കണ്ണുകൾ വലിച്ചു തുറന്ന് അവളെ സൂക്ഷിച്ചു നോക്കി.. ശിവക്ക് ഭയമൊന്നും തോന്നിയില്ല.

“സോറി..വല്ലാത്ത കുറ്റബോധം തോന്നി…അതുകൊണ്ട് ശരിക്ക് മദ്യപിച്ചു”

മീരവ് കുറ്റസമ്മതം നടത്തി..ശിവ അയാളെ സ്വീകരണ റൂമിൽ കൊണ്ട് ചെന്ന് ക

“എന്തിനാണ് ഏട്ടാ കുറ്റബോധം.. അതിനുമാത്രം മീരേട്ടനെന്ത് തെറ്റ് ചെയ്തു?”

“അന്നത്തെ സംഭവത്തിൽ പിന്നെ ശിവയോട് വലിയ തെറ്റ് ചെയ്തത് പോലെയാണ്.. കുറെ ദിവസങ്ങളായി കുറ്റബോധത്താൽ നീറുന്നു.ക്ഷമ ചോദിക്കണമെന്ന് കരുതിയെങ്കിലും കഴിഞ്ഞില്ല”

“അതൊക്കെ മറന്നേക്ക് മീരേട്ടാ..സംഭവിച്ചത് സംഭവിച്ചു. ഇനിയെങ്കിലും ദൈവത്തെ ഓർത്ത് കുടിക്കരുത്”

അപേക്ഷയോടെ അവൾ തൊഴുതു.. കുടിച്ചതിൽ കുറ്റബോധം അയാൾക്കും തോന്നി.വേണ്ടിയിരുന്നില്ല.പക്ഷേ ശിവയുമായി സംസാരിക്കണമെങ്കിൽ മദ്യത്തിന്റെ കൂട്ടുവേണം.

“ആത്മജയുടെ മരണശേഷമാണ് കുടിച്ചു തുടങ്ങിയത്.അവളുളളപ്പോൾ മദ്യത്തിന്റെ മണമടിക്കാൻ പോലും സമ്മതിച്ചിരുന്നില്ല.പക്ഷേ ഓരോന്നും ഓർക്കുമ്പോൾ കഴിയുന്നില്ല ശിവ മദ്യപിക്കാതിരിക്കാൻ”

അയാളുടെ തുറന്നു പറച്ചിൽ ആത്മാർത്ഥമായിട്ടാണെന്ന് അവൾക്ക് മനസ്സിലായി.മീരവിനോട് മുമ്പെങ്ങും തോന്നാത്ത വിധത്തിലൊരു സ്നേഹം ശിവയിൽ വളർന്നു തുടങ്ങി.

“ഇനി കുടിക്കരുത് കാത്തിരിക്കാൻ ഞാനും മോളും ഉണ്ട്”

കേട്ടത് വിശ്വസിക്കാൻ കഴിയാതെ മീരവ് അവളെ തുറിച്ചു നോക്കി..അതോ തോന്നിയതോ?

“ശിവ പറഞ്ഞത് മനസ്സിലായില്ല”

“എനിക്ക് അമ്മുക്കുട്ടിയുടെ അമ്മയെന്നുളള അവകാശം നിയമപരമായി വേണം.. നാളെ ഒരിക്കൽ ഇറങ്ങിപ്പോകാൻ പറഞ്ഞാൽ എനിക്ക് സഹിക്കില്ല”

മെല്ലെ അവളൊന്ന് തേങ്ങി..ശിവയുടെ കരച്ചിൽ മീരവിന്റെ ഹൃദയത്തിൽ ചെന്നു കൊണ്ടു.വിങ്ങിപ്പൊട്ടി കരയുന്ന അവളെ ആശ്വസിപ്പിക്കാൻ മനസ്സ് തുടിച്ചു..

“ഇല്ല ശിവ ഒരിക്കലും ഞാൻ അങ്ങനെ പറയില്ല”

“എന്ത് ഉറപ്പാണ് മീരേട്ടാ അതിന്..നാളെ ഒരിക്കൽ ഏട്ടൻ വിവാഹം കഴിക്കില്ലെന്ന് ഉറപ്പുണ്ടോ?അങ്ങനെ മറ്റൊരാൾ മോൾക്ക് അമ്മയായി വന്നാൽ എനിക്ക് സഹിക്കാൻ കഴിയില്ല”

മീരവ് എഴുന്നേറ്റു ചെന്ന് വിങ്ങിപ്പൊട്ടി കരയുന്ന ശിവക്ക് മുമ്പിൽ നിന്നു.

“ശിവാ നമ്മൾ തമ്മിൽ പതിനൊന്ന് വയസ്സോളം മുകളിൽ പ്രായമുണ്ട്..നാളെ ഒരിക്കൽ പ്രായവ്യത്യാസം ജീവതത്തിന് തടസ്സമായി തോന്നിയേക്കാം”

“മനസ്സുകൾ തമ്മിൽ പൊരുത്തപ്പെട്ടാൽ പ്രായം പ്രശ്നമാണോ മീരേട്ടാ… എനിക്ക് എന്റെ കുഞ്ഞിൽ അവകാശം വേണം. ഞാനത്രയുമേ ചിന്തിച്ചിട്ടുള്ളൂ..തന്നെയുമല്ല നാളെ ഒരിക്കൽ ഏട്ടൻ മറ്റൊരു സ്ത്രീയെ തേടി പോയാൽ എനിക്ക് സഹിക്കില്ല.ഇന്ന് ഒരുദിവസം കൊണ്ട് ഏട്ടന്റെ സാന്നിധ്യം എനിക്ക് എത്രയോ പ്രിയപ്പെട്ടതാണെന്ന് എനിക്ക് മനസ്സിലായി”

ഇത്രയും കേട്ടാൽ മതിയായിരുന്നു മീരവിന്.. അയാളുടെ മനസ്സ് സന്തോഷത്താൽ തുടിച്ചു..മുഖം ഉദയസൂര്യനെ പോലെ തിളങ്ങി.ഇതുവരെ ഉണ്ടായിരുന്ന കുറ്റബോധം ഇരുളിൽ അലിഞ്ഞ് ചേർന്നു..

കയ്യെത്തി ശിവയെ തൊട്ടപ്പോൾ അവൾ എതിർത്തില്ല..തേങ്ങലോടെ മീരവിന്റെ മാറിലേക്ക് വീണു.. അവളുടെ കണ്ണുനീർ അയാളുടെ നെഞ്ചിൽ അമൃത വർഷം ചൊരിഞ്ഞു…

കുടി തുടങ്ങിയാൽ അത് നിർത്താൻ പ്രയാസമാണ്… മീരവ് കുടിച്ചു നശിക്കുന്നത് കാണാൻ ശിവ ഇഷ്ടപ്പെട്ടില്ല..അവളുടെ കുഞ്ഞിന് അമ്മയെന്നത് പോലെ അവളുടെ അച്ഛനെയും ആവശ്യമാണ്…

“നാടറിഞ്ഞ് നാട്ടുകാരറിഞ്ഞ് ഈ കഴുത്തിലൊരു താലി ചാർത്തും..അവകാശം ചോദിച്ചും പറഞ്ഞും ആരും വരാതിരിക്കാനായിട്ട്..എന്റെ അമ്മിണിക്കുട്ടിയുടെ അമ്മയെ അവൾക്കെന്നും വേണം”

ഇത്രയും പറഞ്ഞിട്ട് മീരവ് ശിവയുടെ ചുണ്ടിൽ അമർത്തി ചുംബിച്ചു… ആ ചുബനം ഇഷ്ടപ്പെട്ടതുപോലെ അയാളെ കൂടുതൽ വരിഞ്ഞ് മുറുക്കി സ്വയം വിധേയമായി നിന്നു..

(തുടരും)

സിദ്ധ ശിവ : ഭാഗം 1

സിദ്ധ ശിവ : ഭാഗം 2