സിദ്ധ ശിവ : ഭാഗം 6

Spread the love

എഴുത്തുകാരി: വാസുകി വസു


നിശയുടെ യാമങ്ങളിൽ എപ്പോഴോ ഒരു ദുസ്വപ്നം കണ്ടു ശിവ ഞെട്ടിയുണർന്നു.കയ്യെത്തി ബെഡ് ലാമ്പ് ഓൺ ചെയ്തതോടെ എൽ ഇ ഡി ബൾബിന്റെ പ്രകാശം മുറിയിലാകമാനം വ്യാപിച്ചു.കണ്ണുകൾ ചുവരിലെ ക്ലോക്കിലേക്ക് നീണ്ടു.

“സമയം രണ്ടു മണി കഴിഞ്ഞു പതിനെട്ട് മിനിറ്റ്”

അമ്മുക്കുട്ടി ശാന്തമായി ഉറങ്ങുകയാണ്.ദാഹം തോന്നിയപ്പോൾ ജഗ്ഗിൽ നിന്ന് വെള്ളം എടുത്തു കുടിച്ചു. മുറിയിലെ ലൈറ്റ് ഓഫ് ചെയ്യാതെ മെല്ലെ കിടന്നു.ഉറങ്ങാൻ കഴിഞ്ഞില്ല.കുറച്ചു കഴിഞ്ഞപ്പോൾ മനസ്സിൽ അസ്വസ്ഥത വളർന്ന് തുടങ്ങി. മീരവിനെ കാണമെന്ന് തോന്നിയപ്പോൾ മെല്ലെ എഴുന്നേറ്റു. മോളുടെ പുതപ്പ് ഒന്നുകൂടി വലിച്ചിട്ടു.കുഞ്ഞ് ഒന്ന് തിരിഞ്ഞ് മറിഞ്ഞ് കിടന്നു.

മുറിയുടെ ഡോറ് പതിയെ ചാരിയട്ട് ശിവ മീരവിന്റെ റൂമിലേക്ക് ചെന്നു.കതകിൽ ചെറുതായി തള്ളിയതും കതക് തുറന്നു. അത് വെറുതെ ചാരിയട്ടേ ഉണ്ടായിരുന്നുള്ളൂ. അകത്തെ മുറിയിൽ ബെഡ് ലാമ്പിന്റെ വെളിച്ചത്തിൽ മീരവ് ശാന്തനായി നിദ്രയെ പുണർന്ന് കിടക്കുന്നത് കണ്ടു. അയാളെ വിളിക്കാൻ തോന്നിയില്ല.ചെന്ന് അടുത്ത് കുറച്ചു നേരമിരുന്നു.

തിരികെ മടങ്ങാൻ ഒരുങ്ങിയപ്പോൾ കുനിഞ്ഞ് അയാളുടെ ചുണ്ടുകളിൽ മൃദുവായി ചുംബിച്ചു. മെല്ലെ തിരിഞ്ഞപ്പോൾ അവളുടെ കയ്യിലൊരു പിടുത്തം വീണു.അത് മീരവിന്റ കരങ്ങളാണെന്ന് തിരിഞ്ഞ് നോക്കാതെ മനസ്സിലായി.

“എത്ര ഗാഢമായ ഉറക്കമാണെങ്കിലും ചെറിയൊരു ചലനം പോലും തിരിച്ചറിയും..അമ്മിണിക്കുട്ടിക്കൊപ്പം ജീവിച്ചത് ശീലമായി”

പുഞ്ചിരിയോടെ മീരവ് എഴുന്നേറ്റു. എന്നിട്ടും അവളുടെ കയ്യിൽ നിന്ന് പിടി വിട്ടിരുന്നില്ല.മങ്ങിയ വെളിച്ചത്തിലും ശിവയുടെ മുഖത്തെ വിളർച്ച അയാൾ കണ്ടിരുന്നു. മെല്ലെ അവളുടെ താടി ഉയർത്തി ആ കണ്ണുകളിലേക്ക് ഉറ്റുനോക്കി.

“ഇന്നു ദുസ്വപ്നം കണ്ടു അല്ലേ”

കാരണം തിരക്കാതെ ശിവയുടെ മനസ്സ് വായിക്കാൻ മീരവിന് കഴിഞ്ഞു.

“മം … ”

ചെറിയ വിതുമ്പലോടെ അവൾ ചുണ്ടുകളനക്കി..പെട്ടെന്ന് മീരവിനെ കെട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞു.വഴക്ക് പറയാതെ അവളെ ആശ്വസിപ്പിക്കാൻ അയാൾ ശ്രമിച്ചു.

“എനിക്ക് പേടിയാ മീരേട്ടാ..സന്തോഷിക്കാൻ അവസരം തന്നിട്ട് അവസാന നിമിഷം ഈശ്വരൻ എല്ലാം തട്ടിയെടുക്കും.അതാണ് എന്റെ വിധി”

“താൻ ഭയപ്പെടുന്നത് പോലൊന്നും സംഭവിക്കില്ല.ക്രിസ് തന്നെ തിരക്കി വരില്ലെടോ.ധൈര്യമായിരിക്ക്”

സമയം മെല്ലെ ഇഴഞ്ഞ് നീങ്ങി. എന്നിട്ടും ശിവ മീരവിൽ നിന്ന് അടർന്ന് മാറിയില്ല.ധൈര്യത്തിനായി അയാളെ കൂടുതൽ ശക്തിയോടെ കെട്ടി പ് പിടിച്ചു.അകന്ന് പോകുവാനായി ആഗ്രഹമില്ലാത്തത് പോലെ..

മീരക്ക് ഭയമാണ്..അവസാന നിമിഷത്തിൽ എല്ലാം തകർത്തെറിയാൻ ക്രിസ് വരുമെന്ന് കരുതുന്നു.വിവാഹദിനം അടുക്കുന്തോറും ടെൻഷൻ കൂടി.സ്വപ്നം കൂടി കണ്ടതോടെ ആശങ്ക വർദ്ധിച്ചതേയുള്ളൂ.

കുറച്ചു സമയം കൂടി അങ്ങനെ നിന്നിട്ട് പെട്ടെന്ന് എന്തോ ഓർത്തത് പോലെ ശിവ അയാളിൽ നിന്ന് തെന്നിയകന്ന് റൂമിലേക്ക് ഓടിപ്പോയി.അമ്മുക്കുട്ടിയൊന്ന് അനങ്ങി തിരിഞ്ഞ് കിടക്കുന്നത് കണ്ടപ്പോൾ സമാധാനമായി.മാറി കിടന്ന പുതപ്പ് എടുത്ത് മോളെ പുതപ്പിച്ചിട്ടവൾ ചേർന്ന് കിടന്നു.ശിവയുടെ പിന്നാലെ എത്തിയ മീരവിന് അതുകണ്ടതും മനസ്സ് നിറഞ്ഞു.

നൊന്ത് പ്രസവിച്ച അമ്മയെ പോലെ കുഞ്ഞിന്റെ ഏത് ചലനവും മനസിലാക്കാനുളള ശിവയുടെ കഴിവ് അയാളെ അത്ഭുതപ്പെടുത്തി.

കലണ്ടറിലെ കറുത്ത അക്കങ്ങൾ മാറി രക്തവർണ്ണത്താലെഴുതിയ ഞായാറാഴ്ച വന്നെത്തി.ഇന്നാണ് ശിവയും മീരവും തമ്മിലുള്ള വിവാഹം. തലേ ദിവസം രാത്രിയോടെ അവളുടെ ടെൻഷൻ വീണ്ടും കൂടി. തിരക്കൊഴിഞ്ഞ് കിട്ടിയ ശേഷവും ഒരുപോള കണ്ണടക്കാതെ കുഞ്ഞിനൊപ്പം കഴിഞ്ഞു കൂടി.

പുലർച്ചെ എഴുന്നേറ്റു കുളിച്ചു.അതിനു ശേഷം മോളെയും വിളിച്ചുണർത്തി കുളിപ്പിച്ചു. മീരവിന്റെ കൂടെ ക്ഷേത്രത്തിൽ പോയി തൊഴുത് മടങ്ങി വന്നു.യാത്രയിൽ ഉടനീളം അയാളുടെ കണ്ണുകൾ അവളിലായിരുന്നു.

“എന്തിനാടാ ഇത്രയേറെ ഭയക്കുന്നത്.സംരക്ഷണ വലയമായി ഞാൻ കൂടയില്ലേ”

കാറിൽ നിന്നിറങ്ങി മുറിയിലേക്ക് കയറിയ ശിവയുടെ പിന്നാലെ മീരവും എത്തി.നിറഞ്ഞു വരുന്ന കണ്ണുകളോടെ അവൾ അയാളിലേക്ക് ചേർന്നു.

“അറിയാം മീരേട്ടാ എന്നാലുമൊരു പേടിയുണ്ട് ഉള്ളിൽ.എല്ലാ സൗഭാഗ്യങ്ങളും നൽകിയട്ട് എല്ലാം ദൈവം തിരിച്ചെടുക്കുമോന്ന്”

“അതൊക്കെ തന്റെയൊരു തോന്നലാടോ.ഒന്നിക്കാനല്ലെങ്കിൽ അമ്മുക്കുട്ടിയിലൂടെ ഈശ്വരൻ നമ്മളെ കൂട്ടിച്ചേർക്കില്ലായിരുന്നു.എല്ലാമൊരു നിമിത്തമാണെന്ന് കരുതിയാൽ മതി. ചേരേണ്ടവർ ചേർന്നേ മതിയാകൂ..അതാണ് ദൈവത്തിന്റെ തീരുമാനം”

ശിവക്ക് ആത്മധൈര്യം നൽകും പോലെ ചേർത്തു പിടിച്ചു മൂർദ്ധാവിൽ അയാൾ ചുംബിച്ചു. സിരികളിലൂടെയൊരു അഗ്നി തലക്ക് മുകളിലേക്ക് അതിവേഗം പടർന്നു കയറിയത് അവളറിഞ്ഞു.എവിടെ നിന്നോ അറിയാതെ ഒരു ആത്മവിശ്വാസം അവളിലുണ്ടായി.

“ഇല്ല..എന്റെ മോളേയും മീരേട്ടനെയും പിരിഞ്ഞിരിക്കാൻ എനിക്ക് കഴിയില്ല.എനിക്ക് വേണം അവരെ..എന്റെ പ്രാണനായി,,, ജീവശ്വാസമായി…

എന്തുവന്നാലും നേരിടണം‌.പൊരുതി നേടിയട്ടെങ്കിൽ അങ്ങനെ.. വേണ്ടെന്നുവെച്ചു പോയ ഒരാൾ വീണ്ടും അവകാശം തേടി വന്നാൽ പരീക്ഷണ വസ്തുവായി മാറില്ല..പ്രാണൻ ജീവശ്വാസമാക്കിയവരെ എനിക്ക് വേണം.. മനസ് അങ്ങനെ വിളിച്ചു പറയുന്നതായി ശിവക്ക് തോന്നി.

“ബ്രേക്ക് ഫാസ്റ്റ് കഴിക്കാമെടോ..തിരക്കിൽ അലിഞ്ഞ് പോയാൽ പിന്നെ ഒന്നിനും സമയം ലഭിക്കില്ല”

മീരവിന്റെ കൂടെ അമ്മുക്കുട്ടിയേയും കൂട്ടി ശിവ ഡൈനിംഗ് റൂമിലേക്ക് പോയി.

.ക്ഷണിച്ചവരൊക്കെ മീരവിന്റെ വീട്ടിലേക്ക് ഒഴുകിയെത്തിയതോടെ വീട് ഉണർന്നു തുടങ്ങി. അമ്മുക്കുട്ടി ശിവയുടെ അച്ഛന്റെ കൂടെ ആയിരുന്നു. ശിവയെ അണിയിച്ചു ഒരുക്കാൻ ബ്യൂട്ടീഷൻ എത്തി.അത് മീരവിന്റെ നിർദ്ദേശപ്രകാരം ആയിരുന്നു.

മീരവിന്റേത് രണ്ടാം വിവാഹം ആണെങ്കിലും ശിവയുടെ ആദ്യവിവാഹമാണ്.രണ്ടു വർഷം ക്രിസിന്റെ കൂടെ ജീവിച്ചെങ്കിലും താലിയുടെ പിൻബലം ഇല്ലായിരുന്നു. അതിനാൽ കല്യാണം കളർഫുൾ ആക്കണമെന്ന് അയാൾ തീരുമാനിച്ചു.

പതിനൊന്ന് മണിക്ക് മുമ്പായി കല്യാണപ്പെണ്ണും ചെറുക്കനും ക്ഷേത്രത്തിൽ എത്തിച്ചേർന്നു. അവിടെ വെച്ചാണ് വിവാഹം. സദ്യ അടുത്ത് തന്നെയുള്ള വലിയ ഓഡിറ്റോറിയത്തിലും.

മണ്ഡപത്തിലേക്ക് വലതുകാൽ എടുത്ത് വെക്കും മുമ്പേ ശിവ അച്ഛനും അമ്മക്കും ദക്ഷിണ നൽകി. അമ്മയെ വീൽ ചെയറിൽ ഇരുത്തിയാണ് ക്ഷേത്രത്തിൽ എത്തിച്ചത്.മകൾക്ക് ദീർഘായുസ്സ് നേർന്ന് അനുഗ്രഹിച്ചു. അടുത്തത് മീരവിന്റെ ഊഴമായിരുന്നു.മാതാപിതാക്കൾ നഷ്ടപ്പെട്ട അയാൾ ശിവയുടെ അച്ഛന്റെയും അമ്മയുടെയും അനുഗ്രഹം തേടി.അവർ അനുഗ്രഹിക്കുമ്പോൾ അയാളുടെ കണ്ണുകൾ നിറഞ്ഞു ചുണ്ടുകളൊന്ന് വിതുമ്പി.മരിച്ചു തലക്ക് മുകളിൽ നിൽക്കുന്ന മാതാപിതാക്കളെ മനസ്സാൽ സ്മരിച്ചു.

വിവാഹമുഹൂർത്തം ആയപ്പോഴേക്കും നാദസ്വരമേളം ഉയർന്നു.. മീരവിന്റെ സൗഹൃദവലയത്തിലേയും പരിചയക്കാരുമെല്ലാം വിവാഹത്തിന് എത്തിയിരുന്നു..

“മുഹൂർത്തമായി.”

പൂജാരി എടുത്ത് നൽകിയ താലി മീരവ് ആദരവോടെ വാങ്ങി ശിവയുടെ നേരെ തിരിഞ്ഞു.പ്രിയപ്പെട്ടവന്റെ കയ്യാൽ മാംഗല്യസൂത്രം ഏറ്റുവാങ്ങാനായി ബഹുമാനത്തോടെ തല കുനിച്ചു.വിറക്കാത്ത കൈകളോടെ പ്രിയതമയുടെ കഴുത്തിൽ താലി ചാർത്തുമ്പോൾ നാദസ്വരമേളം മുറുകി..കൂട്ടായി സ്ത്രീകളുടെ കുരവ ഇടീലും.

കെട്ട് കഴിഞ്ഞതും ആത്മവിശ്വാസത്തോടെ ശിവ തലയുയർത്തി.ആർക്കായോ കണ്ണുകൾ തേടിയത് ആ മുഖത്ത് കണ്ണുകൾ തറച്ചു.സീമന്തരേഖയിൽ സിന്ദൂരം തൊടുമ്പോൾ പ്രിയതമന് ലജ്ജയാലൊരു പുഞ്ചിരിയും സമ്മാനിക്കാൻ അവൾ മറന്നില്ല..

ഓരോ അണുവിലും മാറ്റത്തിന്റെ ശംഖ് നാദം മുഴുങ്ങുന്നത് ശിവയറിഞ്ഞു.ആത്മനിർവൃതിയോടെ വലത് കരങ്ങളാൽ താലി മാറോട് ചേർത്തു. ഇന്നുമുതൽ നന്മയുള്ളൊരു പുരുഷന്റെ ഭാര്യയാണ്. നിയമപരമായി അദ്ദേഹം തന്റെ ഭർത്താവ് ആണ്. അമ്മുക്കുട്ടി സ്വന്തം മോളാണ്. കുഞ്ഞിൽ തനിക്ക് അവകാശമില്ലെന്ന് തർക്കിക്കാനാരും വരില്ല.

ശിവയുടെ ഉള്ളിൽ തെളിഞ്ഞ പ്രകാശം ശരീരമാകമാനം വ്യാപിച്ചു. അഭിമാനത്തോടെ തലയുയർത്തി സദസ്സിനെ അഭിമുഖീകരിച്ചു.അച്ഛന്റേയും അമ്മയുടേയും മുഖത്ത് സന്തോഷത്തിന്റെ കണ്ണുനീരുറവ അവൾ കണ്ടു.

ഭർത്താവ്നീട്ടിയ കരം ഗ്രഹിച്ച് മണ്ഡപത്തിനു മൂന്നു പ്രാവശ്യം പ്രദക്ഷിണം ചെയ്തു. അദ്ദേഹം നൽകിയ മന്ത്രകോടി ഏറ്റുവാങ്ങി ആദരവോടെ നെറ്റിയിൽ മുട്ടിച്ചു.ചടങ്ങുകൾ കഴിഞ്ഞതോടെ വീഡിയോ ഫോട്ടോ ഗ്രാഫറുടെ തിരക്കിൽ അലിയുമ്പോഴും ഒരുകൈ മീരവിലും മറു കയ്യിൽ അമ്മുക്കുട്ടിയെ മുറുക്കി പിടിക്കാനും ശിവ മറന്നില്ല.

വിവാഹസദ്യ കഴിഞ്ഞു വീട്ടിലേക്ക് അവർ പുറപ്പെട്ടു. ജ്യോത്സ്യർ കുറിച്ച് നൽകിയ മുഹൂർത്തത്തിൽ വീൽ ചെയറിൽ ഇരുന്ന് അമ്മ കത്തിച്ചു നൽകിയ നിലവിളക്കുമേന്തി ശിവ വീടിന്റെ വലതുകാൽ ചവിട്ടി കയറി. ഏഴുതിരിയിട്ട നിലവിളക്ക് പൂജാമുറിയിൽ കൊണ്ട് ചെന്നുവെച്ചു.

“എന്റെ മോളേയും ഏട്ടനേയും മരണം വരെ എന്നിൽ നിന്ന് പിരിക്കരുതേ”

ശിവയുടെ ഉള്ളം നൊന്ത പ്രാർത്ഥന സ്വീകരിച്ചത് പോലെ കാർമുകിൽ വർണ്ണനൊന്ന് പുഞ്ചിരിച്ചതായി അവൾക്ക് തോന്നി..കളളക്കണ്ണന് മുമ്പെങ്ങും ഇല്ലാത്തൊരു ശോഭ വർദ്ധിച്ചത് പോലെ….

വൈകുന്നേരത്തെ Reception കഴിഞ്ഞപ്പോഴേക്കും ശിവയാകെ ക്ഷീണിതയായി.വിവാഹ വസ്ത്രങ്ങളും ആഭരണങ്ങളും അഴിച്ചു മാറ്റി കഴിഞ്ഞപ്പോൾ ദീർഘമായൊരു ശ്വാസം എടുത്തു.കുളി കഴിഞ്ഞു എത്തിയപ്പോൾ മീരവ് മുറിയിൽ ഉണ്ടായിരുന്നു. അലമാരയിൽ നിന്നൊരു സെറ്റ് സാരി എടുത്തു അയാളുടെ അവൾക്ക് നേരെ നീട്ടി.

“ഫസ്റ്റ് നൈറ്റിന് മലയാളിപ്പെണ്ണിന് ഇതാകും കൂടുതൽ ചേർച്ച..കുറച്ചു മുല്ലപ്പൂക്കൾ കൂടി ചൂടിയാൽ സൗന്ദര്യം ഇരട്ടിക്കും”

മീരവ് നൽകിയ സെറ്റ് സാരി മടിയില്ലാതെ അവൾ വാങ്ങി.

“സമയം ലേറ്റായി..താൻ കിടന്നോ..ഞാനൊന്ന് ഫ്രഷായിട്ട് വരാം”

മീരവ് ബാത്ത് റൂമിലേക്ക് നടന്നു..കുളി കഴിഞ്ഞു ഇറങ്ങി വരുമ്പോൾ ശിവ സെറ്റ് സാരി ഉടുത്ത് മുല്ലപ്പൂവും ചൂടി നിൽപ്പുണ്ട്.അലങ്കരിച്ച മണിയറിയിൽ അമ്മുക്കുട്ടി കിടന്ന് ഉറങ്ങുന്നത് കണ്ട് അയാൾ തെല്ലൊന്ന് അമ്പരക്കാതിരുന്നില്ല.

“മോള് അച്ഛന്റെ കൂടെ കിടക്കാമെന്ന് സമ്മതിച്ചതല്ലേ?”

ആശങ്കയോടെ മീരവ് ചോദിച്ചു.. സൗമൃതയോടെ ശിവയതിനു മറുപടി നൽകി..

“മോളില്ലാതെ എനിക്ക് ഉറങ്ങാൻ കഴിയില്ല”

അയാളുടെ മനസ്സ് നിറഞ്ഞു അവളുടെ ഉത്തരം കേട്ടപ്പോൾ.. എങ്കിലും ഒന്നുകൂടി ചോദിക്കാതിരുന്നില്ല.

“ഇന്നൊരു ദിവസത്തേക്ക് മാത്രമേ മാറ്റി കിടത്താൻ എന്നാണ് ഉദ്ദേശിച്ചത്”

“നമ്മുടെ മോള് നമ്മുടെ കൂടെയാണ് കിടക്കേണ്ടത്..മാറ്റി കിടത്തേണ്ട പ്രായം ആകട്ടേ..അപ്പോൾ തീരുമാനിക്കാം”

ഈ പ്രാവശ്യം ശിവയുടെ സ്വരത്തിലെ മാറ്റം മീരവിന് തിരിച്ചറിയാൻ കഴിഞ്ഞു..

“നന്മയുളളവളാടോ താൻ..അങ്ങനെയുള്ളവർക്കേ ഇങ്ങനെ ചിന്തിക്കാൻ കഴിയൂ”

“നന്മയുളളത് എന്റെ ഏട്ടനാണ്..ആരോരുമില്ലാത്തവൾക്ക് അഭയം നൽകി.അവൾക്കൊരു കുഞ്ഞിനെ നൽകി..ഇപ്പോൾ ജീവിതത്തിലേക്ക് കൂടെ കൂട്ടി”

മീരവ് പറഞ്ഞതിനെ ശിവ തിരുത്തിപ്പറഞ്ഞു.

“എന്തെങ്കിലും ആകട്ടെ തർക്കിക്കാൻ ഞാനില്ല..സമയം പോകുന്നു ഉറങ്ങണ്ടേ”

ചോദ്യത്തിന്റെ അർത്ഥം മനസിലായതും മുഖത്ത് നാണത്തിന്റെ നിലാവ് പരന്നു.തള്ള വിരലാൽ തറയിലൊരു പാഴ്ച്ചിത്രം വരക്കാൻ ശ്രമിച്ചു.

കുഞ്ഞിനെ കുറച്ചു കൂടി നീക്കി കിടത്തിയട്ട് ശിവ കിടന്നു..അവൾക്ക് അരികിലായി മീരവും.ഒരുകൈ എടുത്തു അയാൾ അവളെ ചുറ്റി.കുറച്ചു കൂടി തന്നിലേക്ക് ചേർത്തു മിഴികൾ ആ കണ്ണുകളിൽ ഉറപ്പിച്ചു.

“താൻ ഭയന്നത് വെറുതെ ആയെന്ന് ഇപ്പോൾ മനസ്സിലായില്ലേ?”

മീരവ് പറഞ്ഞപ്പോഴാണ് സത്യത്തിൽ ശിവ ക്രിസിന്റെ കാര്യം ഓർത്തത്..വിവാഹത്തിരക്കിൽ അവൾക്ക് മറ്റൊന്നും ചിന്തിക്കാൻ കഴിഞ്ഞില്ല അതാണ് സത്യം.

“മ്മ്..”

വെറുതെ അവൾ മൂളി…മീരവ് പറയുന്നതൊക്കെ കേട്ട് നല്ലൊരു ശ്രോതാവായി ശിവ കിടന്നു.സമയം മെല്ലെ കടന്നുപോയി..

“തനിക്ക് നല്ല ക്ഷീണം കാണുമല്ലോ..ഉറങ്ങിക്കോളൂ”

ശിവ മറുപടി നൽകാതെ മീരവിന്റെ കണ്ണുകളിൽ നോക്കി കിടന്നു..ഇടക്ക് എപ്പോഴോ അവളുടെ കണ്ണുകൾ അടഞ്ഞു പോയി..

വെളുപ്പാൻ കാലത്ത് ശിവ സ്വപ്നം കണ്ടതു പോലെ ഞെട്ടി മീരവിനെ മുറുക്കെ ആലിംഗനം ചെയ്തു…ഉറക്കം വിട്ടുണർന്ന അയാളുടെ മുഖത്ത് അവളുടെ ചുടുനിശ്വാസം മുഖത്ത് അടിച്ചു.പെട്ടെന്ന് തോന്നിയ വികാരത്താൽ ശിവയുടെ ചുണ്ടിൽ അയാൾ അമർത്തി ചുംബിച്ചു. അവളൊന്ന് പിടഞ്ഞു .കൂടുതൽ കരുത്തോടെ അവനെ വരിഞ്ഞു മുറുക്കി..

പ്രിയതമനെ ഏറ്റുവാങ്ങുവാൻ അവളുടെ മനസ്സും ശരീരവും തയ്യാറെടുത്തു.ശിവ കയ്യെത്തി ബെഡ്ലാമ്പ് സ്വിച്ച് ഓഫ് ചെയ്തു. ചൂടേറ്റ് വാങ്ങാൻ മൽസരിക്കുന്ന രണ്ടു ഇണനാഗങ്ങാളായി ഇരുട്ടിൽ അവർ ഒന്നായി മാറി….

വെളുപ്പിനെ എഴുന്നേറ്റു കുളിച്ച് പൂജാമുറിയിൽ നിലവിളക്ക് കൊളുത്തി പാർത്ഥിച്ചിട്ട് ശിവ കിച്ചണിൽ കയറി ചായക്കുളള അടുപ്പ് കത്തിച്ചു.അപ്പോഴേക്കും നേരം പുലർന്ന് വരുന്നതേ ഉണ്ടായിരുന്നുള്ളു.

പാൽ തിളച്ചപ്പോൾ അതിലേക്ക് പാകത്തിനുളള ചായപ്പൊടിയും പഞ്ചസാരയും ചേർത്തു. രണ്ടു കപ്പിൽ ചായ പകർന്ന ശേഷം അതുമായി അവൾ ബെഡ് റൂമിലെത്തി.മീരവും അമ്മുക്കുട്ടിയും അഗാധമായ നിദ്രയിലായിരുന്നു.

ചായക്കപ്പ് സമീപമുള്ള ടേബിളിൽ വെച്ചിട്ട് മീരവിനെ വിളിച്ചു ഉണർത്തി.

“മീരേട്ടാ.. മീരേട്ടാ എഴുന്നേൽക്ക്”

ആരോ പേര് ചൊല്ലി വിളിക്കുന്നത് കേട്ടപ്പോൾ സുഖകരമായ ആലസ്യത്തിൽ നിന്ന് മീരവ് പിടഞ്ഞുണർന്നു.കണ്ടു കൊണ്ടിരുന്ന സ്വപ്നത്തിന്റെ മാധുര്യം പാതിവഴിയിൽ മുറിഞ്ഞു.

തൊട്ട് മുമ്പിൽ നിൽക്കുന്ന ശിവയെ കണ്ടപ്പോൾ തളളവിരലും ചൂണ്ടുവിരലും കൂടി വട്ടത്തിൽ പിടിച്ചു അതിലൂടെ ശിവയെ നോക്കി.അവളിൽ നാണത്തിന്റെ ചെമ്പരത്തിപ്പൂക്കളുടെ ചുവപ്പ് മുഖത്ത് പടർന്നു.

അയാളുടെ നോട്ടത്തെ എതിരിടാനാകാതെ തല കുനിച്ചു നിന്ന ശിവയുടെ കയ്യിൽ പിടിച്ചു നെഞ്ചിലേക്ക് വലിച്ചിട്ടു.പൂച്ച കുഞ്ഞിനെ പോലെയവൾ അവന്റെ മാറിലേക്ക് പറ്റിച്ചേർന്ന് കിടന്നു.

ഒരിക്കലും ക്രിസിൽ നിന്ന് ഇങ്ങനെയൊരു റൊമാൻസ് അവൾക്ക് ലഭിച്ചിരുന്നില്ല. അതിനാൽ കൂടുതൽ അനുഭൂതിയോടെ മീരവിലേക്കവൾ ചേർന്നു.അയാളുടെ വിരലുകൾ അവളുടെ പുറത്ത് താളമിട്ടു കൊണ്ടിരുന്നു..

“മതി ഏട്ടാ റൊമാൻസ്..മോള് ഉണരും”

പിടഞ്ഞ് മാറാൻ ശ്രമിച്ച പ്രിയതമയെ വിടാതെ കൂടുതൽ മുറുകെ പുണർന്നു നെറ്റിയിൽ പ്രണയാർദ്രമായി ചുംബിച്ചു. കുസൃതിയോടെ അയാളെ തള്ളിയകറ്റി അവളെഴുന്നേറ്റു.

“എഴുന്നേറ്റു വന്ന് ചായ കുടിക്കാൻ നോക്കുമോനേ”

മീരവിന്റെ കയ്യിൽ ബലമായി പിടിച്ചു എഴുന്നേൽപ്പിക്കാൻ ശിവ ശ്രമിച്ചു.

“പ്ലീസ് കുറച്ചു സമയം കൂടി കിടക്കട്ടേ”

“ഹേയ് അതൊന്നും വേണ്ടാ..രാവിലെ എഴുന്നേൽക്കണം.ജോഗിങ്ങിനു പോകണം”

അയാളുടെ ചെറിയ കുടവയറിൽ ആയിരുന്നു അവളുടെ കണ്ണുകൾ. അറിയാതെ മീരവിന്റെ കൈകൾ വയറ്റിലേക്ക് നീണ്ടു.

ശിവ പറഞ്ഞത് ശരിയാണെന്ന് അയാൾക്ക് ബോദ്ധ്യപ്പെട്ടു.അവൾ വന്നതോടെ സമയത്ത് ഭക്ഷണവും കഴിച്ചു സ്വൽപ്പം തടിച്ചിട്ടുണ്ട്.

പുതിയ വെളളത്തോർത്തും ബ്രഷും എടുത്തു മീരവിന് നേർക്ക് നീട്ടി.

“പോയി കുളിച്ചിട്ട് വന്നോളൂ..കഴിക്കാനുള്ളത് ഞാൻ ശരിയാക്കട്ടേ”

അടുക്കളയിലേക്ക് പോകുവാൻ പിന്തിരിഞ്ഞ ശിവയെ വീണ്ടും മീരവ് തന്റെ മാറിലേക്ക് വലിച്ചിട്ട് കഴുത്തിൽ വലത് ഭാഗത്ത് ചുംബിച്ചു. അവളൊന്ന് പിടഞ്ഞു കൊണ്ട് അയാളെ മുറുക്കി പുണർന്നു.നനഞ്ഞ മുടിയിഴകൾ മൂക്കിലേക്ക് ചേർത്ത് കാച്ചെണ്ണയുടെ വാസന നുകർന്നു.

“വേണ്ട മീരേട്ടാ പ്ലീസ്..മോളുണരും”

പുളകത്തോടെ ശിവ കൊഞ്ചി.അയാളുടെ ലക്ഷ്യം മനസ്സിലായതും അവൾ തെന്നിയകന്നു.

“വഷളൻ”

മീരവിന്റെ ചിരിക്ക് മറുപടി ആയിട്ട് ഒരു പുഞ്ചിരി സമ്മാനിച്ചു ശിവ കിച്ചണിലേക്ക് പോയി. അയാൾ തോർത്തും എടുത്തു ബാത്ത് റൂമിലേക്ക് കയറി.

അമ്മക്കും അച്ഛനുമുളള ചായ കൊടുത്ത ശേഷം ശിവ വീണ്ടും റൂമിലെത്തി. അമ്മുക്കുട്ടി ഉണർന്നട്ടില്ല.കൊണ്ടു വന്ന ചൂടാറിയെന്ന് മനസ്സിലായതും അതുകൂടി കയ്യിലെടുത്തു.അപ്പോഴേക്കും കുളി കഴിഞ്ഞു മീരവ് ഇറങ്ങി വന്നു. ചായക്കായി അയാളുടെ കൈവിരലുകൾ നീണ്ടു.

“ചായയുമായിട്ട് വന്നപ്പോൾ അഹങ്കാരമായിരുന്നില്ലേ.ഇത് തണുത്ത് പോയി”

“സാരമില്ല.. തന്നേക്ക്”

“വേണ്ട ഏട്ടാ ഒന്നൂടെ ചൂടാക്കി തരാം”

ശിവയുടെ പിന്നാലെ മീരവും കിച്ചണിലേക്ക് പോയി. ഒരുപെൺകുട്ടി വീട്ടിൽ ഉണ്ടെങ്കിൽ അടുക്കും ചിട്ടയും താനേ കൈവരുമെന്ന് പ്രവർത്തിയിലൂടെ ശിവ തെളിയിച്ചു.

“ഏട്ടാ സിദ്ധ വിവാഹത്തിന് വന്നില്ലല്ലോ?എന്തു പറ്റിയെന്ന് അറിയില്ല”

ചൂട് ചായ മീരവിന് നേർക്ക് നീട്ടിക്കൊണ്ട് ശിവ പറഞ്ഞു. അപ്പോഴാണ് അയാളും സിദ്ദയുടെ കാര്യം ഓർത്തത്.

“എന്തെങ്കിലും തിരക്കാകും”

ശരിയായിരിക്കുമെന്ന് ശിവക്കും തോന്നി.മീരവ് തിരികെ മുറിയിലേക്ക് പോയപ്പോൾ രാവിലത്തെ ബ്രേക്ക് ഫാസ്റ്റിനുളള ഒരുക്കങ്ങൾ ആരംഭിച്ചു. ഭർത്താവിന്റെയും മോളുടെയും ഇഷ്ടങ്ങൾ ശിവക്ക് ഹൃദസ്ഥമായിരുന്നു.

മറ്റൊരു ദിവസം പോലെ ആയിരുന്നില്ല ശിവക്കും മീരവിനും ഇന്നത്തെ ദിവസം. വിവാഹം കഴിഞ്ഞ ശേഷമുള്ള ദിനം.ഇത്രയും നാളും ഒരുമിച്ച് ഒരു വീട്ടിലായിരുന്നു താമസമെങ്കിലും രണ്ടു വ്യക്തികളായിരുന്നു അവർ.

ശിവ ഇന്ന് തന്റെ വാമഭാഗമാണ്.ഒരുകുറവും വരുത്തിക്കൂടാ..ഇത്രയും ചെറുപ്രായത്തിൽ ഒരായുസ്സിലേക്കുളള കണ്ണുനീര് കുടിച്ചിട്ടുണ്ട്.താനായിട്ട് ഇനിയാ മിഴികൾ നിറയാനിട വരരുതെന്ന് അയാൾ ഉറപ്പിച്ചു.

അമ്മുക്കുട്ടി കൂടെ ഉറക്കം ഉണർന്നു എഴുന്നേറ്റതോടെ പിന്നീട് അവളുടെ ലോകത്തിലായി എല്ലാവരും…

***************

ശിവയുടെ വിവാഹത്തിന് പങ്കെടുക്കാനായി രാവിലെ എഴുന്നേറ്റു കുളിച്ചൊരുങ്ങി കാറിൽ ഇറങ്ങിയതായിരുന്നു സിദ്ദ.

ട്രാഫിക്ക് സിഗ്നനിൽ പച്ചലൈറ്റ് തെളിയുന്നതും കാത്ത് അവളിരുന്നു.ഇടക്ക് കൗതുകം പോലെയാ കണ്ണുകൾ പുറത്തേക്ക് നീണ്ടു.സമീപം വന്നെത്തി നിന്ന കാറിലേക്ക് വെറുതെയൊന്ന് നോക്കിയതാണ് ഷോക്കേറ്റത് പോലെയായി.

കാറിന്റെ ഡ്രൈവിംഗ് സീറ്റിൽ നവീനിനെ അവൾ കണ്ടു.അവനോട് ഒട്ടിച്ചേർന്ന് ചിരിയോടെ ഒരു പെൺകുട്ടി. നെഞ്ചിലേക്ക് കനൽക്കൊള്ളി വീണയൊരു അനുഭവം.

സിദ്ദയൊന്ന് പിടഞ്ഞുണർന്നപ്പോഴേക്കും പച്ചലൈറ്റ് തെളിഞ്ഞു പിന്നിൽ നിന്ന് നിരന്നു കിടക്കുന്ന വാഹനങ്ങളുടെ ഹോണടി ശബ്ദം കേട്ടു.

നവീനിന്റെ കാറിനെ പിന്തുടരാൻ ശ്രമിച്ചെങ്കിലും അതിവേഗത്തിലത് കടന്നു പോയിരുന്നു. മനസാകെ അസ്വസ്വതമായതോടെ വീട്ടിലേക്കൊരു വിധം കാറോടിച്ചെത്തി.അതിൽ നിന്നിറങ്ങി മിന്നലു പോലെ പാഞ്ഞു പോകുന്ന മകളെ കണ്ടു അമ്മ അമ്പരന്നു. വാഹനം വലിയ ഒച്ചയോടെ ബ്രേക്കിട്ടു നിൽക്കുന്ന ശബ്ദം കേട്ടാണ് അവരിറങ്ങി വന്നത്.

മുറിയിൽ എത്തിയ സിദ്ദ വേഷം മാറാതെ കിടക്കയിലേക്ക് വീണ് പൊട്ടിക്കരഞ്ഞു. മകളെ തിരക്കി റൂമിലെത്തിയ അമ്മയുടെ കാതിലേക്ക് നിലവിളിയുടെ ചീളുകൾ തറച്ചു കയറി.

അമ്മ അമ്പരന്നു പോയി.. ഇതിനു മുമ്പ് സിദ്ദ അലറിക്കരയുന്നത് ഒരിക്കലേ അവർ കണ്ടിരുന്നുള്ളൂ.ജീവനുമായി പിരിഞ്ഞ ദിവസം അമ്മയുടെ മടിയിൽ തല ചായ്ച്ചു ഹൃദയം നുറുങ്ങിയ വേദനയിൽ പൊട്ടിക്കരഞ്ഞു.

സാധാരണ പെൺകുട്ടികളിൽ നിന്ന് വ്യത്യസ്തമായി സിദ്ദ അങ്ങനെ കണ്ണീരൊഴുക്കാറില്ല.അത്രയേറെ കരയണമെങ്കിൽ അവൾക്ക് സങ്കടം വരണം.അതിനു ശക്തമായ കാരണവും ഉണ്ടാകണം..

ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് ഉയർന്ന മകളുടെ നിലവിളി അമ്മയുടെ നെഞ്ചാകെ കീറിമുറിച്ചു.വേഗം സിദ്ദക്ക് സമീപമെത്തി..

“എന്തുപറ്റി മോളേ.എന്തിനാ കരയുന്നത്?”

വേവലാതിയോടെയുളള അമ്മയുടെ ചോദ്യത്തിന് ഉത്തരം നൽകാതെ സിദ്ദ അവരെ കെട്ടിപ്പിടിച്ചു കൊണ്ട് പൊട്ടിക്കരഞ്ഞു.

മകളൊന്ന് ഉറക്കെ കരയട്ടേ..അവളുടെ മനസ്സ് ഉരുക്കുന്ന സങ്കടങ്ങൾ പെയ്ത് തീരട്ടെ.മുടിത്തുമ്പിൽ തലോടിയവർ ക്ഷമയോടെ കാത്തിരുന്നു.

നിമിഷങ്ങൾ ഇഴഞ്ഞ് നീങ്ങി കൊണ്ടിരുന്നു. സിദ്ദയുടെ കരച്ചിൽ പാതി മുറിഞ്ഞ് നേർത്ത് വന്നു.

“നവീനെ ഇന്ന് കണ്ടു അമ്മേ”

നടന്നതെല്ലാം അമ്മയോട് വിവരിച്ചപ്പോൾ മനസ്സിന് തെല്ലൊരു ആശ്വാസം അനുഭവപ്പെട്ടു.

“ഒരിക്കൽ സ്നേഹിച്ചു പോയി…ആ സ്നേഹം ആത്മാർത്ഥമാണെന്ന് കരുതി നിന്റെ നിർബന്ധത്തിനു ഞാൻ എന്നെ മറന്നതാണ് തെറ്റ്”

സിദയുടെ അന്തരംഗം അവളോട് മന്ത്രിച്ചു.

സിദ്ദയിൽ നിന്ന് അറിഞ്ഞതൊക്കെ കേട്ടപ്പോൾ അമ്മയിലൊരു നടുക്കമുണ്ടായി.

ഒരിക്കലും കേൾക്കരുതെന്ന് കരുതിയ പേര്. ഓർക്കുവാൻ കൂടി ഭയപ്പെട്ടു. മോളുടെ അവസ്ഥ മനസിലാക്കി അമ്മയൊരു തീരുമാനം എടുത്തു.

“ഇനിയൊരിക്കലും സിദ്ദയുടെ സ്വപ്നത്തിൽ പോലും നവീൻ കടന്നു വരരുത്”

പുറമേ ധൈര്യവതിയും തന്റേടിയുമായ സിദ്ദ പാവമാണെന്ന് ആ അമ്മക്ക് മാത്രമേ അറിയൂ..മകൾ ചെയ്യുന്നതൊക്കെ ക്ഷമിക്കാൻ കഴിഞ്ഞതും മകളെ മനസ്സിലാക്കാൻ അവർക്ക് കഴിഞ്ഞൂ എന്നതിനാൽ ആയിരുന്നു..

***********

ദിനരാത്രങ്ങൾ വേഗത്തിലാണ് കടന്ന് പോയത്.ശിവയുടെ ജീവിതം സന്തോഷകരമായിരുന്നു.ഭർത്താവിന് നല്ലൊരു ഭാര്യയും അമ്മുക്കുട്ടിക്ക് നല്ലൊരു അമ്മയും മാതാപിതാക്കൾക്ക് സ്നേഹമുളള മകളുമായിരുന്നു.

ഒരുദിവസം ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കാനിരുന്നപ്പോൾ ശിവക്ക് മനം പുരട്ടി വന്നു.ഓടി വന്ന് വാഷ്ബേസണിൽ ചർദ്ദിക്കാൻ തുടങ്ങി.

“എന്തുപറ്റി ശിവാ..ഹോസ്പിറ്റൽ പോകണോ”

ആധി നിറഞ്ഞ സ്വരത്തിൽ അയാൾ ചോദിച്ചു. അവളുടെ പുറത്ത് തടവാൻ ഒരുങ്ങിയതും വേണ്ടെന്ന് വിലക്കി.മുഖവും വായും കഴുകിയട്ട് അവൾ ലജ്ജയോടെ തല കുനിച്ചു.

“എടോ…പേടിപ്പിക്കാതെ കാര്യം പറയെടോ?”

“എന്റെ അമ്മുക്കുട്ടിക്ക് കൂടെ കളിക്കാൻ ഒരുവാവ വരുന്നൂന്ന്”

അമ്മുക്കുട്ടിയെ കെട്ടിപ്പിടിച്ചു ഉമ്മ കൊടുത്തിട്ട് ശിവ പറഞ്ഞു. വാവയെന്ന് കേട്ടതും മോള് തുള്ളിച്ചാടി.

“സത്യമാണോടോ താൻ പറയുന്നത്”

മീരവിന് അപ്പോഴും വിശ്വസിക്കാൻ കഴിഞ്ഞില്ല. ശിവയുടെ മുഖത്ത് അസ്തമന സൂര്യന്റെ ചുമപ്പ് രാശി പടർന്നു.

“ഞാനെന്തിനാ ഏട്ടാ കളളം പറയുന്നത്”

ഭർത്താവിന്റെ മുഖത്ത് പടർന്ന ആശങ്ക അവളിലൊരു വേവലാതിയുണ്ടാക്കി.

“ഏട്ടാ എത്ര വാവ വന്നാലും എന്റെയീ പൊന്നുമോൾ കഴിഞ്ഞട്ടെയുള്ളൂ ആരും..എന്നെ അമ്മേയെന്ന് ആദ്യം വിളിച്ചത് എന്റെയീ കണ്മണിയാണ്”

ശിവയുടെ കണ്ണുനീര് മോളുടെ മുഖത്തേക്ക് വീണു..ആ കുഞ്ഞിക്കൈകൾ അവളുടെ മിഴിനീര് തുടച്ചു കളഞ്ഞു.

ശിവയുടെ വാക്കുകൾ മീരവിലൊരു നടുക്കമുണ്ടാക്കി.തന്നെ ഭാര്യ തെറ്റിദ്ധരിച്ചതിൽ അയാൾക്ക് സങ്കടം വന്നു.

അനുകമ്പയോടെ അതിലുപരി കരുതലോടും സ്നേഹത്തോടെയും ശിവയെ തന്റെ നെഞ്ചിലേക്ക് ചേർത്തു.. കൂടെ അമ്മുക്കുട്ടിയേയും..

“താനെന്തിനാടോ ഇങ്ങനെയൊക്കെ ചിന്തിക്കുന്നത്..ഞാൻ വീണ്ടും അച്ഛനാകുന്നത് സന്തോഷമുളള കാര്യമല്ലേ.ഞാൻ ചിന്തിച്ചത് മറ്റൊന്നാടോ എല്ലാ അർത്ഥത്തിലും ക്രിസ് തന്നെ ചതിക്കുകയായിരുന്നു”

ശിവയിലൊരു നടുക്കമുണ്ടായി.. മീരവ് പറഞ്ഞപ്പോഴാണ് അവളത് ചിന്തിച്ചത്.പ്രഗ്നന്റ് ആണെന്ന് അറിഞ്ഞ നിമിഷം മറ്റെല്ലാം ഒരുനിമിഷ നേരത്തേക്ക് വിസ്മരിച്ചു പോയി..

“തനിക്ക് ഒരിക്കലും അമ്മയാകാൻ കഴിയില്ല..”

ഡോക്ടറുടെ വാക്കുകൾ ഹൃദയത്തെ പൊള്ളിച്ചത് ഓർത്തു…അന്നും പിന്നീടും അതോർത്ത് ഒരുപാട് കരഞ്ഞിട്ടുണ്ട്…

പ്രഗ്നന്റ് ആകാൻ കഴിയില്ലെങ്കിൽ ഇപ്പോൾ പിന്നെ എങ്ങനെ…?

“ഡോക്ടറെ കാണാൻ വിളിച്ചപ്പോഴെല്ലാം ക്രിസ് ഒഴിഞ്ഞ് മാറിയത് ശിവക്ക് ഓർമ്മ വന്നു..

എന്തായാലും പ്രഗ്നൻസി കിറ്റ് വാങ്ങി ചെക്ക് ചെയ്യുന്നതിന് പകരം നല്ലൊരു ഹോസ്പിറ്റൽ ചെന്ന് പരിശോധിച്ച് ഉറപ്പു വരുത്താൻ അവൾ തീരുമാനിച്ചു….

പ്രഗ്നന്റ് ആയത് സത്യമാണെങ്കിൽ ക്രിസിന്റെ ചതിവിൽ താൻ വീണുപോയി.അങ്ങനെയെങ്കിൽ അയാൾക്ക് മാപ്പില്ല.തീക്കട്ട പോലെ ശിവയുടെ മിഴികൾ ജ്വലിച്ചു….

(തുടരും)

സിദ്ധ ശിവ : ഭാഗം 1

സിദ്ധ ശിവ : ഭാഗം 2

സിദ്ധ ശിവ : ഭാഗം 3

സിദ്ധ ശിവ : ഭാഗം 4

സിദ്ധ ശിവ : ഭാഗം 5

-

-

-

-