Saturday, January 18, 2025
Novel

രുദ്രഭാവം : ഭാഗം 14

നോവൽ
എഴുത്തുകാരി: തമസാ

ഏട്ടന്റെ ഉദ്ദേശം എന്താ.. ഇവിടെ കിടന്നു കുടിച്ചു ബഹളം വെച്ചാൽ കാട്ടിക്കൂട്ടിയ തെറ്റൊക്കെ ശരിയാകുമോ…. വെറുതെ വീട്ടിൽ ഒരു പ്രശ്നം ഉണ്ടാക്കാമെന്ന് മാത്രം….

സ്വരൂപേ…. അവന്റെ വിഷമം കൊണ്ടാ…. എന്തോ പ്രശ്നമുണ്ട്…..

അമ്മ കരഞ്ഞുകൊണ്ടാണ് അത് പറഞ്ഞത്…

താനെ വരുതിക്കൂട്ടി വെക്കുന്നതിനൊക്കെ സങ്കടപ്പെടാൻ നോക്കിയാൽ അതിനേ നേരം ഉണ്ടാകുള്ളൂ…. ബാക്കി ഉള്ളവരുടെ നെഞ്ചിൽ തീ കോരി ഇട്ടിട്ട് കണ്ട ലോക്കൽ സാധനം വലിച്ചു കേറ്റിയിട്ടിരുന്നു പാടിയാൽ മതിയല്ലോ…

സ്വരൂപേ…. എന്റെ കുട്ടിയെ വിഷമിപ്പിക്കല്ലേ… അതാകെ തകർന്നിരിക്കുവാ….

ഇതിലും തകർന്ന് ഒരാൾ ഈ നാട് തന്നെ വിട്ടുപോയിട്ടുണ്ട്…. അത് ഏട്ടൻ അറിയുന്നുണ്ടോ… സ്വന്തം സമാധാനം നോക്കി.. അല്ലാതെന്താ…

ഇനി അതിനേ വീട്ടിൽ നിന്ന് കൂടി ഇറക്കി വിടുമോ എന്നുള്ള പേടിയിലാ ഞാൻ.. അതൊന്ന് പറയാം എന്ന് കരുതി വന്നപ്പോ ആണ് ഓരോ പേക്കൂത്ത്… അച്ഛൻ വന്നില്ലേ?

വന്നിരുന്നു…. എന്നിട്ട് എങ്ങോട്ടോ പോയി.. ഒന്നും മിണ്ടിയില്ല… അത് കഴിഞ്ഞാ ഇവൻ വന്നത്…. എന്താ…. വല്ല പ്രശ്നവും ഉണ്ടോ….

അപ്പോൾ ഗീതമ്മ ഒന്നും അറിഞ്ഞില്ലല്ലേ.. മൂത്തമോൻ ഒരു പെണ്ണിനെ പ്രേമിച്ചു…. പക്ഷേ രുദ്രരൂപ് ആയിട്ടല്ല…. സാക്ഷാൽ മഹാദേവന്റെ രുദ്രാവതാരം ആയിട്ട്… പറഞ്ഞ് പറ്റിച്ചമ്മേ ആ കൊച്ചിനെ….

ഇന്ന് അമ്പലത്തിൽ വെച്ച് എല്ലാരും കൂടി തല്ലി അതിനേ… തീയിട്ടു… ഞാൻ ഇന്നവിടെ ഇല്ലായിരുന്നെങ്കിൽ കത്തിക്കരിഞ്ഞൊരു ശരീരം മാത്രേ അതിന്റേതായി അവശേഷിക്കുമായിരുന്നുള്ളു… ആ കൊച്ച് ഇന്നാ അറിഞ്ഞത്, ഏട്ടൻ പറ്റിക്കുന്നതാണെന്ന്…

എന്റെ കുട്ടി അങ്ങനൊന്നും ആരെയും ചതിക്കില്ല……. വെറുതെ പറയുവാ…

ഇല്ലേ… തുടക്കം മുതൽ ഇതിന് കൂട്ട് നിന്ന എന്നോടാണോ അമ്മേ… അച്ഛനും ഉണ്ടായിരുന്നു ഇന്നവിടെ… ചോദിച്ചു നോക്കിക്കോ വരുമ്പോൾ….പറഞ്ഞാൽ അമ്മ അറിയും… അന്ന് ഭഗവാന് കത്തെഴുതിയില്ലേ… അതിനെയാ ഏട്ടൻ….. ഞാനൊന്നും പറയുന്നില്ല…

രൂപാ… നേരാണോ ഇവൻ പറഞ്ഞത്…. പറയടാ… നമ്മുടെ ഭഗവാന്റെ പേര് പറഞ്ഞ് പറ്റിച്ചോ നീയവളെ…. പറയ്… ഇല്ലെങ്കിൽ കൊല്ലും നിന്നെ ഞാൻ….

ഭഗവാന്റെ പേരിട്ടു വിളിച്ചു ഞാൻ കൊഞ്ചിച്ച എന്റെ മോന് ഒരു കൊച്ചിനെ പറഞ്ഞ് പറ്റിക്കാനൊക്കെ ഉള്ള കഴിവുണ്ടായിരുന്നുവോ… പറയ് ടാ…..

രൂപന്റെ മുടിയിൽ പിടിച്ചു വലിച്ചുകൊണ്ടവർ ചോദിച്ചു…

ഗീതമ്മാ… ഏട്ടനെ വിട്…. വിടാനല്ലേ പറഞ്ഞത്….

അമ്മയെ പിടിച്ചു മാറ്റി സ്വരൂപ്‌ മുറിക്കു പുറത്തേക്ക് കൊണ്ടുപോയി….

അമ്മ തത്കാലം പോ… അവനെ വെറുതെ വട്ടു പിടിപ്പിക്കല്ലേ….

ഒന്നുകൂടി തിരിഞ്ഞു നോക്കിയിട്ട് അവർ അടുക്കള ലക്ഷ്യമാക്കി പോയി….

☑️☑️☑️☑️☑️☑️☑️☑️☑️☑️☑️☑️☑️☑️☑️☑️☑️☑️☑️☑️☑️☑️

ഭാവയാമി നാട്ടിൽ ചെന്ന് ബസിറങ്ങിയപ്പോൾ സമയം രാത്രി ഒൻപത് കഴിഞ്ഞിരുന്നു… വീട്ടിലേക്ക് വിളിക്കാൻ ഒരു പേടി തോന്നിയത് കൊണ്ടു വിളിച്ചില്ല.. വീട്ടിലേക്ക് ഇടവഴിയിലൂടെ നടക്കാമെന്ന് വെച്ചാൽ ബാഗുകൾ ഉള്ളത് കൊണ്ടു പറ്റില്ല..

അരമണിക്കൂർ നിന്ന് ഒരു ഓട്ടോ കിട്ടി… അതിൽ കേറി വീട്ടിൽ ചെന്നപ്പോൾ മുറ്റത്തു തന്നെ അച്ഛനിരിപ്പുണ്ട്…. പൈസ കൊടുത്ത് ഓട്ടോ പറഞ്ഞു വിട്ടു…

മ്മ്മ്?…… എന്തിനാ ഓട്ടോ പറഞ്ഞ് വിട്ടത്… അതിൽ കേറി എങ്ങോട്ടാണെന്ന് വെച്ചാൽ പോവാൻ പാടില്ലായിരുന്നോ… എന്തിനാ ഇങ്ങോട്ട് എഴുന്നള്ളിയത്….?

അച്ഛന്റെ ഒച്ച കേട്ട് അമ്മയും ഇറങ്ങി വന്നു…
കുറേ പറഞ്ഞു… കടമെടുത്തു പഠിക്കാൻ വിട്ടിട്ട് ഞാൻ അവരെ ചതിച്ചത്രേ… ഒന്നും മിണ്ടിയില്ല… അനിയൻ മാത്രം വന്ന് കെട്ടിപ്പിടിച്ചു…. അമ്മ അവനെ പിടിച്ചു വലിച്ചു കൊണ്ടു പോയി അകത്തേക്ക്…

അച്ഛൻ മുറ്റത്തേക്കിറങ്ങി കുറ്റിമുല്ലയുടെ ഒരു കമ്പു വെട്ടിക്കൊണ്ട് വന്നു… വീഴ്ചയിൽ വേദന തട്ടാതിരുന്ന എല്ലാ ഭാഗത്തും കൂടി അച്ഛന്റെ നടയടി പ്രയോഗമേറ്റു…

പക്ഷേ അകത്തേക്ക് കയറ്റിയില്ലെന്ന് മാത്രം….. തടുക്കാൻ പോയില്ല.. തെറ്റെന്റെ മാത്രമാണ്… ലക്ഷ്യം മറന്നു.. എന്റെ മാത്രം പിഴ…..

വാലായ്മ സമയത്ത് കിടക്കാൻ പുറത്ത് നിന്നൊരു മുറിയുണ്ട്…. അതിലേക്ക് ഭാവയാമിയെ പിടിച്ചു തള്ളി…

വാതിൽ അടയ്ക്കുന്നില്ല… തോന്നുമ്പോൾ ഇറങ്ങിപ്പോകാം.. ആരെയും വിളിച്ച് അകത്തു കേറ്റാതിരുന്നാൽ മതി….

അത്രയും പറഞ്ഞ് അച്ഛൻ പോയി….

തളർന്നു തറയിലേക്ക് ഞാൻ ഇരുന്നു… കണ്ണുകൾ നിറഞ്ഞൊഴുകി…..

അപ്പോഴാണ് ഫോണിലേക്ക് സ്വരൂപിന്റെ കോൾ വന്നത്….

ഭാവേച്ചീ…….

എടുത്തപ്പോൾ തന്നെ ചെവിയിലേക്ക് ആ സ്വരം വന്നു വീണു…. ചുട്ടു പഴുത്ത മരുഭൂമിയിലേക്ക് വീണ മഴത്തുള്ളികളാണ് ആ ശബ്ദമെന്ന് തോന്നി…..

മ്മ്മ്മ്……

വീട്ടിൽ എങ്ങനെ ഉണ്ട്?

ആശ്രയമായൊരു വാതിൽ തനിക്ക് മുന്നിൽ തുറക്കപെട്ടത് പോലെ അവൾ അതിലേക്ക് തന്റെ സങ്കടങ്ങളെ കടത്തി വിട്ടു….

എല്ലാം പറഞ്ഞു കഴിഞ്ഞു ഫോൺ വെക്കുമ്പോൾ ഭാവയാമിയുടെ മനസ്സിന്റെ ഭാരം കുറയുകയും സ്വരൂപിന്റെ മനസ്സിന് കനപ്പെടുക്കുകയും ചെയ്തു…

☑️☑️☑️☑️☑️☑️☑️☑️☑️☑️☑️☑️☑️☑️☑️☑️☑️☑️☑️☑️

അച്ഛാ…….

ഇറയത്തിരുന്നു മുറുക്കി കൊണ്ടിരുന്ന അച്ഛന്റെ മുന്നിലേക്ക് സ്വരൂപ്‌ വന്നു നിന്നു…

പറയ്…

എന്താ ഇനി ചെയ്യുക.. ആ കുട്ടിയെ അതിന്റെ വീട്ടിൽ നിന്ന് വരെ പുറത്താക്കി… നമ്മൾ കാരണമല്ലേ…

നമ്മൾ കാരണമോ… നിന്റെ ഏട്ടൻ മാത്രമാണതിന്‌ ഉത്തരവാദി…

അതേ… എന്നാലും ഏട്ടൻ നമ്മുടെയല്ലേ….

എന്നിട്ട് അവൻ ഇതുവരെ അന്വേഷിച്ചോ അതിന്റെ കാര്യങ്ങൾ വല്ലതും….?

ഞാൻ പറഞ്ഞിരുന്നു ഹോസ്റ്റലിൽ നിന്ന് പുറത്താക്കിയ കാര്യം….

അച്ഛൻ ഒന്നിരുത്തി മൂളി….

അവനെ ഇങ്ങോട്ട് വിളിക്ക് കഴിച്ചതിന്റെ കെട്ടിറങ്ങിയെങ്കിൽ….

മ്മ്മ്…….

സ്വരൂപിന്റെയൊപ്പം മുൻവശത്തേക്ക് വരുമ്പോൾ അച്ഛനോടൊപ്പം അമ്മയും രുദ്രനെ കാത്തിരിപ്പുണ്ടായിരുന്നു….

രൂപാ… ഇനി എന്താ നിന്റെ അടുത്ത പ്ലാൻ?

……

മിണ്ടാതിരുന്നിട്ടൊന്നും ഒരു കാര്യവുമില്ല…. അവരവർ ആയിട്ട് ഉണ്ടാക്കിയ പ്രശ്നം പരിഹരിക്കാൻ കൂടി ബാധ്യസ്ഥനാവണം… അല്ലാതെ വീട്ടിൽ കേറി അടയിരുന്നിട്ടൊരു കാര്യവുമില്ല…

അച്ഛാ.. എനിക്കവളെ ഇഷ്ടമാ… ആ ഇഷ്ടം കൊണ്ട് തന്നെയാ സത്യം തുറന്ന് പറയാതിരുന്നത്…. ഇത്രയും പ്രശ്നമാകുമെന്ന് കരുതിയില്ല.. സമയം പോക്കിനല്ല…

കെട്ടാൻ വേണ്ടി തന്നെയാ അവളെ പ്രേമിച്ചത്.. പക്ഷേ ഇനി എന്താ ചെയ്യണ്ടത് ഞാൻ… എന്നെ ഇനി അംഗീകരിക്കുമോ അവൾ….

അച്ഛന്റെ കൈ പിടിച്ചിരുന്നവൻ ചോദിച്ചു…

കെട്ടാനോ… നമ്പൂതിരി കുട്ടിയാണോ അത്…. അല്ലെങ്കിൽ ഇല്ലത്തു നിന്ന് സമ്മതം കിട്ടുമോ…

അമ്മ തന്റെ ആവലാതി പറഞ്ഞു…

കുടുംബക്കാരെ നോക്കിയാണോ ഇവൻ അതിനേ ചതിച്ചത്…. ഇപ്പോ വീട്ടിൽ നിന്ന് കൂടി അവളെ പുറത്താക്കി… ഇനി ജാതിയും മതവുമൊന്നും നോക്കണ്ട.. ഹിന്ദുവല്ലേ.. അത് മതി….

ഞാൻ പൂജ ചെയുന്ന ഭഗവാന്റെ പേരിലല്ലേ ഇവൻ തെറ്റ് ചെയ്തത്.. അത് തിരുത്താതെ പൂക്കൾ അർപ്പിക്കാൻ എന്റെ കൈ പൊങ്ങില്ല….

അമ്മയും അച്ഛനും ഒരുപോലെ നിശ്വസിച്ചു….

വീട്ടിൽ നിന്ന് പുറത്താക്കിയോ അവളെ… എന്നിട്ട് നീയെന്നോടെന്താ സ്വരൂപേ പറയാഞ്ഞത്.. നീയെങ്ങനെയാ അറിഞ്ഞത്…?

.ഞാൻ ചേച്ചിയേ വിളിച്ചു… അപ്പോഴാ ഏട്ടാ പറഞ്ഞത്…..അച്ഛനോട് പറഞ്ഞിരുന്നു…. ഇനി എന്താ അച്ഛാ അടുത്ത തീരുമാനം?

രൂപാ …..

അച്ഛൻ നീട്ടിവിളിച്ചു…..

നിന്നെ കെട്ടാൻ അവളിനി തയ്യാറാകുമോ?

എനിക്കറിയില്ലച്ഛാ….

ആ സ്വരത്തിൽ നിരാശ കലർന്നിരുന്നു……..

മ്മ്… എന്തായാലും നാളെ നമ്മളെല്ലാരും കൂടി ആ വീട്ടിലേക്ക് പോകും… അതിനു മുൻപ് ആ കുട്ടി വല്ല കടുംകൈ ചെയ്യാതിരുന്നാൽ മതിയായിരുന്നു……

എല്ലാവരോടും കൂടി പറഞ്ഞിട്ട് അച്ഛൻ തൂണിലേക്ക് ചാരിയിരുന്നു…..

അവിടെ എത്തുന്നതുവരെ അവൾക്ക് ഒരു അബദ്ധവും ചെയ്യാൻ തോന്നല്ലേ എന്ന് രുദ്രനോട് തന്നെ പ്രാർത്ഥിച്ചു കൊണ്ട് അവരൊക്കെ ആ മുറ്റത്ത് നിലാവിലിരുന്നു……

എല്ലാവരുടെയും കണ്ണുകൾ ഈറനായിരുന്നു……

(തുടരും )

രുദ്രഭാവം : ഭാഗം 1

രുദ്രഭാവം : ഭാഗം 2

രുദ്രഭാവം : ഭാഗം 3

രുദ്രഭാവം : ഭാഗം 4

രുദ്രഭാവം : ഭാഗം 5

രുദ്രഭാവം : ഭാഗം 6

രുദ്രഭാവം : ഭാഗം 7

രുദ്രഭാവം : ഭാഗം 8

രുദ്രഭാവം : ഭാഗം 9

രുദ്രഭാവം : ഭാഗം 10

രുദ്രഭാവം : ഭാഗം 11

രുദ്രഭാവം : ഭാഗം 12

രുദ്രഭാവം : ഭാഗം 13