Tuesday, January 21, 2025
Novel

ഋതു ചാരുത : ഭാഗം 15

എഴുത്തുകാരി: സേഷ്മ ധനേഷ്‌


ചേതൻ എഴുന്നേൽക്കും മുന്നേ ചാരു എഴുനേറ്റു… ചേതൻ കാണാതെ കരുതിയിരുന്ന പ്രെഗ്നൻസി കിറ്റ് എടുത്തു ….. ഉറപ്പിക്കാനായി… തന്റെ ഹൃദയമിടിപ്പ് കൂട്ടി രണ്ടാമത്തെ പിങ്ക് വരയും തെളിഞ്ഞു കണ്ടപ്പോൾ… കണ്ണുനീർ ചാരുവിനെ അമ്മയായ സന്തോഷം അറിയിച്ചു കവിളിനെ ചുംബിച്ചിറങ്ങി…

ഒരേസമയം മനസിൽ സന്തോഷവും… ഭയപ്പാടും കൂടിയാണ് അവളുടെയുള്ളിൽ ജനിച്ചത്.

പതുക്കെ ചാരു അവളുടെ വയറിനെ തഴുകി തലോടി… തന്റെ കുഞ്ഞു… തന്റെ പ്രാണൻ ചേതന്റെ കുഞ്ഞു… എത്ര സന്തോഷം കൊണ്ടാണോ സങ്കടം കൊണ്ടാണോ എന്നറിയാതെ… വേര്തിരിച്ചെടുക്കാൻ കഴിയാത്ത ഒരു മിഥ്യ… എന്താ താൻ ചെയ്യ… പറയണോ… എത്ര നാളുകൾ പരായതെയിരിക്കും… ഒളിപ്പിച്ചു വയ്ക്കാനാകില്ല…

ഇപ്പൊ തന്നെ ഏകദേശം മൂന്നുമാസത്തേക്കാൾ മുകളിലായുണ്ട്…. പോകട്ടെ.. പരമാവധി പോകാൻ പറ്റുന്ന അത്രെയും നാളുകൾ…

തന്റെയീ സന്തോഷത്തെ മറച്ചു വയ്ക്കാൻ തന്നെ ചാരു തീരുമാനിച്ചിരുന്നു.

ചേതനോട് പോലും. അവനോടു മറച്ചു വയ്ക്കുന്നത് എത്ര വലിയ നീതികേടാണ് ചെയ്യുന്നതെന്ന് അറിയാം… എങ്കിലും… ഇനി വളരെ കുറച്ചു സമയങ്ങൾ മാത്രമേ മുന്നിലുള്ളൂ… ചെയ്തു തീർക്കാൻ ഒരുപാടുണ്ട്… പെട്ടന്ന് എന്തുകൊണ്ടോ ചാരുവിന് ഋതുവിനെ കാണണം എന്നു തോന്നി.

അവൾ ഋതുവിന്റെ റൂമിലേക്ക് ചെല്ലുമ്പോൾ കുളി കഴിഞ്ഞു വിടർത്തിയിട്ട മുടിയിഴകളിൽ പുക കൊള്ളിക്കുകയായിരുന്നു സാവിത്രിയമ്മ. അവർ തമ്മിൽ എന്തോ പറയുന്നുണ്ട്… ചിരിക്കുന്നുണ്ട്… അവരെയിപ്പോ കണ്ടാൽ ശരിക്കും അമ്മയും മകളുമാണെന്നെ പറയു.

പണ്ട് ശ്രുതി ഏടത്തി തന്നെയും അമ്മയെയും ഇങ്ങനെ പറഞ്ഞിരുന്നതോർത്തു ചാരുവിന്റെയുള്ളിൽ നിന്നും നോവ് ഒരു പുഞ്ചിരിയായി അവളുടെ ചുണ്ടിൽ ചെറുതായി വിരിഞ്ഞു.

അവർ അവരുടെ ലോകത്താണെന് തോന്നി… ചാരു സ്വയം പിന്വലിഞ്ഞു. എങ്കിലും അവൾ വന്നു നിന്നതും അവളുടെ ചുണ്ടിലെ നോവാർന്ന പുഞ്ചിരിയും സാവിത്രിയമ്മ വ്യക്തമായി കണ്ടിരുന്നു.

പിന്നെയും ദിവസങ്ങൾ പോകുമ്പോൾ തന്റേയുള്ളിലെ പേടികൊണ്ടോ എന്തോ ചാരു തന്നിലേക്ക് തന്നെ ഉൾവലിഞ്ഞു കൊണ്ടിരുന്നു. അവൾക്കു തന്നെ അറിയില്ലായിരുന്നു മുന്നോട്ടു ഇനി എന്താകുമെന്നു. ചേതന്റെ നോട്ടങ്ങളെയും ചോദ്യങ്ങളെയും സ്പര്ശനങ്ങളെയുമൊക്കെ അവൾ അവഗണിക്കാൻ തുടങ്ങിയിരുന്നു…. ഇങ്ങനെയും അധികം തുടരാൻ കഴിയില്ലയെന്നു അവൾക്കു നന്നായറിയാം. കാരണം… ചേതൻ തന്നെ.

കുറച്ചൊക്കെ അവൻ അവഗണന ക്ഷമിക്കും… കാരണം അറിയാത്തതാണെങ്കിൽ കൂടി… അതു ചാരുവിന് നൽകുന്ന ഒരു സ്വാതന്ത്ര്യമാണ്. അതു നീണ്ടുപോകാൻ അവൻ സമ്മതിക്കില്ല.

എന്നുവേണമെങ്കിലും ഒരു പൊട്ടിത്തെറി പ്രതീക്ഷിക്കാം… അവഗണന നീണ്ടുപോയൽ താൻ തന്റെ മൗനം അവനു മുന്നിൽ ഭേദിക്കേണ്ടി വരും… അവളുടെ ഉള്ളിലെ ആവലാതികളും ശരീരത്തിൽ ജീവൻ തുടിക്കുമ്പോൾ ഉണ്ടാകുന്ന മാറ്റങ്ങൾ കൊണ്ടും അവളാകെ തളർന്നു തുടങ്ങിയിരുന്നു.

പതിവുപോലെ ഒരു പ്രഭാതത്തിൽ എല്ലാവരും കഴിക്കാനായി ഇരുന്നു.

മല്ലിയില വിതറിയ ചൂട് സാമ്പാറും നെയ് തൂകിയ ചൂട് ദോശയും ചാരുവിന്റെ ഇഷ്ടവിഭവങ്ങളിൽ ഒന്നാണ്. ശ്രുതി സാമ്പാർ പാത്രം അവൾക്കരികിലേക്കു നീക്കി വച്ചതും… മല്ലിയിലയുടെ കുത്തുന്ന മണം സഹിക്കാൻ കഴിയാതെ മനം പുരട്ടൽ തോന്നി ചാരു വാഷ് ബേസിനരികിലേക്കു കുതിച്ചു. വെറും വയറ്റിൽ ആയതിനാൽ ഒന്നും പോയില്ലെങ്കിലും കുറെ മഞ്ഞ വെള്ളം ശര്ധിച്ചു.

“എന്തു പറ്റി ചാരു…”

“ഒന്നുമില്ല ഏടത്തി… മല്ലിയിലയുടെ മണം എന്തോ പിടിച്ചില്ല… ” പെട്ടന്നാണ് ചാരു എന്തോ ഓർത്ത പോലെ തിരുത്തി പറഞ്ഞു…”അല്ല… എനിക്ക്… ഞാൻ ഇന്നലെ ഒന്നും കഴിച്ചില്ല … ചിലപ്പോ അതിന്റെ … വയറ്റിൽ ഗ്യാസ് കയറിയിട്ടാ” വാക്കുകൾ പകുതിയും വിഴുങ്ങി പറഞ്ഞു കൊണ്ടു തൻറെയിരിപ്പിടത്തിൽ ചാരു തിരികെ അമർന്നിരുന്നു… ചേതൻ പതുക്കെ അവളുടെ ഇടം കൈകളെ അവന്റെ കൈകൾ കൊണ്ടു പൊതിഞ്ഞു പിടിച്ചു…

ചാരു മിഴികളുയർത്തി നോക്കിയപ്പോൾ ചേതൻ പ്രേമപൂർവം കണ്ണുകൾ കൊണ്ടു ഒന്നുമില്ലെന്ന്‌ അടച്ചു കാണിച്ചു. പിന്നീട് അവൾക്കൊന്നും കഴിക്കാൻ ആകുമായിരുന്നില്ല… ദോശ നുള്ളിയും വലിച്ചും ഇരുന്നതല്ലാതെ അവളൊന്നും കഴിച്ചില്ല… അവളുടെയുള്ളിലെ സങ്കട തിരമാല കണ്ണുകളിലേക്കു അലയടിക്കും മുന്നേ കണ്ണുകൾ ഇരുക്കേയടച്ചു മുഖം കുമ്പിട്ടിരുന്നു…

നാളുകൾ ഇനി ഒളിച്ചു വയ്ക്കും… ചിലപ്പോ ഇതു കേൾക്കുമ്പോൾ എല്ലാവരുടെയും സന്തോഷം കാണാമല്ലോ… ചേതൻ നിറഞ്ഞ കണ്ണുകളോടെ തന്നെ വാരി പുണരില്ലേ… അതാലോചിച്ചപ്പോൾ ആ നിർവൃതിയിൽ… അവൾ മെല്ലെ ഒന്നുകൂടി മിഴികൾ പൂട്ടി. ആരുടെയോ തലോടൽ ഏറ്റപോലെ അവൾ മുഖമുയർത്തി നോക്കി…. സാവിത്രിയമ്മ…

തന്റെ കണ്ണുകൾ ചതിക്കുവാണോ… അവൾ ഒരു നിമിഷം കണ്ടത് സത്യമാവണേ എന്ന പ്രാർത്ഥനയിൽ മിഴികൾ ഇറുകെ പൂട്ടി ഒന്നുകൂടി തുറന്നു…. മിഥ്യയല്ല….. അമ്മ വീണ്ടും വീണ്ടും പഴയതിലധികം ഇരട്ടി സ്നേഹത്തോടെ അവളെ തഴുകി തലോടി കൊണ്ടിരുന്നു… അവരുടെ കണ്ണുകളിൽ മുൻപ് ഉണ്ടായിരുന്നതിനെക്കാൾ ഇരട്ടി സ്നേഹം തിളക്കത്തോടെ ജ്വലിച്ചു നിൽക്കുന്നു….

തന്നെ തന്നെ കൈ വിട്ട ഒരു നിമിഷത്തിൽ ചാരു അവരുടെ വയറിൽ മുഖം ചേർത്തു കരഞ്ഞു കൊണ്ടിരുന്നു… തെല്ലൊരു സമാധാനം കിട്ടിയെന്നായപ്പോൾ അവളെ തന്നിൽ നിന്നും അടർത്തി മാറ്റി… പ്ളേറ്റിൽ നിന്നും ഭക്ഷണം അവർ തന്നെ വായിൽ വെച്ചു കൊടുത്തു അവളെ ഊട്ടി കൊണ്ടിരുന്നു…

അമ്മ വാരി തരുന്നത് കൊണ്ടാണോ എന്നറിയില്ല… അവൾക്ക് മനം പുരട്ടൽ ഒന്നും തോന്നിയില്ല… അവരുടെ കണ്ണിലെ സ്നേഹത്തിലും പുഞ്ചിരിയിലുമെല്ലാം എല്ലാം തന്നെ അവൾ മറന്നപോലെ…. മറ്റുള്ളവർ അവരെ തന്നെ നോക്കിയിരിക്കുകയായിരുന്നു…. ഋതുവിന് ഒഴികെ ആർക്കും വലിയ അതിശയം തോന്നിയില്ല…

ചാരുവുമായി അമ്മ ഇടക്ക് സൗന്ദര്യ പിണക്കം ഉണ്ടാകും… അതു അവർ തന്നെ തീർക്കും… ഇത്തവണ കുറച്ചു നീണ്ടു പോയെന്നു തോന്നി… അതുകൊണ്ടു തന്നെ അവർക്കിടയിലെ പരിഭവവും പിണക്കവും തീർക്കാൻ ആരും മുന്നിട്ടിറങ്ങാറില്ല. അവർ തന്നെ തീർക്കാറാണ് പതിവ്… ഇതും അവർക്ക് അങ്ങനെയേ തോന്നിയുള്ളൂ…

ഭക്ഷണം സാധാരണ കഴിച്ചതിലും അധികമായെന്നു അവൾക്കു തോന്നി… കയ്യും മുഖവും കഴുകുന്നതിനിടയിൽ ഒരിക്കൽ കൂടി ചാരു ശര്ധിച്ചു… സാവിത്രിയമ്മ ഒരു ചിരിയോടെ നോക്കി നിന്നപ്പോൾ ചേതന് വല്ലായ്ക തോന്നി… അങ്ങനെ ഫുഡ് ഇൻഫെക്ഷൻ ഒന്നും വരാറില്ല അവൾക്ക്…

എന്താണാവോ പറ്റിയത്…. അവന്റെ മനസിൽ ഓടിയത് ആ ഒരു ചോദ്യമാണ്…. ശ്രുതിക്കും കാര്യങ്ങൾ ഏകദേശം മനസിലായി…. അവളുടെ ചുണ്ടിലും ഒരു കള്ളച്ചിരി തങ്ങി നിന്നു… ചാരു കയ്യും മുഖവുമെല്ലാം ഒന്നു കൂടി കഴുകി വരുമ്പോൾ തന്നെയും പ്രതീക്ഷിച്ചെന്നപോലെ സാവിത്രിയമ്മ നിൽപ്പുണ്ടായിരുന്നു. അവർ ചാരുവിന്റെ കൈകളിൽ സ്നേഹത്തോടെ പിടിച്ചു ചുംബിച്ചു.

“നിങ്ങളുടെ പിണക്കം മാറിയപ്പോൾ തമ്മിൽ ഇത്രയും സ്നേഹമോ” രഞ്ജു അതിശയതോടെ അമ്മയെ നോക്കി ചോദിച്ചു… അതേ ചോദ്യം ചേതന്റെ മുഖത്തു നിന്നും ചാരുവും വായിച്ചിരുന്നു.

“സ്നേഹിക്കാതെ പിന്നെ… എനിക്ക് ഒരു പേരകുട്ടിയെ തരുമ്പോൾ എനിക്ക് സ്നേഹം കൂടില്ലേ” ചാരുവിന്റെ താടിയിൽ പിടിച്ചു കൊഞ്ചിക്കും പോലെ അവർ ചോദിച്ചപ്പോൾ ചാരു അക്ഷരാർഥത്തിൽ ഞെട്ടി പോയിരുന്നു… അമ്മ ഇതെങ്ങനെ അറിഞ്ഞുവെന്നു അവളുടെ കണ്ണുകൾ ആരാഞ്ഞു.

“ഞാനെ ഒരമ്മയാണ്… മൂന്നു കുഞ്ഞുങ്ങളെ പ്രസവിച്ചതാണ്… എനിക്ക് മനസിലാകും… അല്ലെങ്കിൽ തന്നെ എത്ര നാളുകൾ ഒളിപ്പിക്കാനാകും ചാരു… മോളോട് ദേഷ്യം കൊണ്ടോ വെറുപ്പ് കൊണ്ടോ അല്ല ഇത്രയും നാളുകൾ അമ്മ മോളെ അവഗണിച്ചത്….. ഋതുവിനോട് സ്നേഹം കാണിക്കുമ്പോൾ… ഒരമ്മയാകാനുള്ള തയ്യാറെടുപ്പുകൾ കാണുമ്പോൾ… ജീവന്റെ തുടിപ്പ് നിന്റെ കൈ വിരൽ കൊണ്ട് ഋതുവിന്റെ വയറിൽ ചേർത്തു അറിയുമ്പോൾ…

എല്ലാം തന്നെ നിന്നിലും ഒരു അമ്മയാകാനുള്ള ആഗ്രഹം ഉടലെടുക്കുമെന്നു എനിക്ക് തോന്നിയിരുന്നു… എന്നു കരുതി നിന്റെ മുന്നിൽ ഞാൻ ഋതുവിനെ സ്നേഹിച്ചു അഭിനയിക്കുകായിരുന്നില്ല… മറിച്ചു എന്റെ പേര കുട്ടിയെ ജീവനോടെ പേറുന്ന പെണ്ണിനോട് തോന്നുന്ന അലിവും സ്നേഹവും ഒക്കെ കൊണ്ടു തന്നെയാണ്… പക്ഷെ അതൊന്നും നിന്നോളം വരില്ല മോളെ… നിനക്ക് തരാൻ കരുതി വച്ചതത്രയും അതു നിനക്ക് മാത്രമേ നൽകാൻ കഴിയൂ”

“എനിക്കുറപ്പുണ്ടായിരുന്നു നിന്റെ മനസു അമ്മയാകാൻ തയ്യരെടുക്കുമെന്നു… ഞാൻ ദിവസങ്ങളെണ്ണി കാത്തിരിക്കുകയാണ് മോളെ… ഇപ്പൊ മൂന്നു മാസം കഴിയാനായില്ലേ… ഉറപ്പിക്കാംല്ലോ” കരഞ്ഞു കൊണ്ടു സാവിത്രിയമ്മ പറഞ്ഞതിനൊക്കെയും തലയാട്ടി എല്ലാം സമ്മതിക്കാൻ മാത്രമേ അവൾക്കായുള്ളൂ…

ചേതൻ ഒരു ഞെട്ടലോടെയാണ് അവരുടെ സംഭാഷണങ്ങൾ കേട്ടു നിന്നത്… അവനു ശരിക്കും ഒന്നും മനസിലായില്ല… രഞ്ജുവും ഋതുവും ശ്രുതിയും ഏകദേശം ആ അവസ്ഥയിൽ തന്നെ നിൽക്കുകയായിരുന്നു.

“നിനക്ക് അമ്മയാകാൻ കഴിയുമായിരുന്നിട്ട് കൂടി എന്തിനാണ് പിന്നെ ഋതുവിനെ ഇങ്ങനെയൊരു വേഷം കെട്ടിച്ചതെന്നു ഞാൻ ചോദിക്കുന്നില്ല… നീ ചെയ്യുന്നതിൽ എന്തെങ്കിലും ശരിയുണ്ടാകുമെന്നു ഇന്നും ഞാൻ വിശ്വസിക്കുന്നു… അമ്മയാകാൻ കഴിയുമായിരുനിട്ടും അതിനു നീ തയ്യാറാകാഞ്ഞത് മാത്രമാണ് എനിക്ക് ദേഷ്യം തോന്നിയത്”

“ഞാൻ ചെയ്യുന്നതിൽ ശരികൾ മാത്രം കാണുന്ന അമ്മയെന്തുകൊണ്ടു ഋതുവിനെ സരോഗസി ഏല്പിക്കുമ്പോൾ അതിൽ എന്നിൽ ഒരു ശരി കാണാത്തത്” ചാരുവിന്റെയ ചോദ്യം നിശബ്ദമായി സാവിത്രിയമ്മയുടെ മുഖത്തേക്ക് നോക്കി അവൾ ചോദിച്ചു.

അവരുടെ കണ്ണുകളിലെ തിളക്കം കണ്ടപ്പോൾ ശബ്ദം പുറത്തേക്കു വന്നില്ല… ആ തിളക്കം ഊതി കെടുത്താൻ അവൾക്കു തോന്നിയില്ല. അമ്മയുടെയും ഏടത്തിയുടെയും അമ്മുവിന്റെയുമൊക്കെ സ്നേഹപ്രകടനം കഴിഞ്ഞപ്പോൾ ഒരുപാട് നേരം വൈകി പോയി… ചേതൻ അക്ഷമനായി നോക്കി നിൽക്കുവായിരുന്നു… രഞ്ജു ചാരുവിനെ ചേർത്തു പിടിച്ചു നെറ്റിയിൽ ചുംബിച്ചു…

രഞ്ജു പലപ്പൊഴും ചാരുവിന് ഒരു അച്ഛനും കൂടിയാണെന്ന് തോന്നാറുണ്ട്… അകന്നു നിൽക്കുന്ന തന്റെ അച്ഛനെ കാണാത്ത സങ്കടം രഞ്ജു കുറച്ചു നേരം അരികിലിരുന്നാൽ തീരുമെന്ന് പലപ്പൊഴുമവൾക്കു അനുഭവപ്പെട്ടിട്ടുണ്ട്. ചേതനെ നോക്കിയപ്പോൾ ആ മനസിന്റെ കലുഷിതം മുഖത്തും വ്യക്തമായി കാണാമായിരുന്നു.

അവൻ ചാരുവിന് നേരെ മുഖം തിരിച്ചു പുറത്തേക്കു പോയി… അവളെ ഒന്നു നോക്കുക കൂടി ചെയ്യാതെ… ഋതുവിനെ നോക്കി ചിരിക്കാനും അവൻ മറന്നില്ല. ചാരുവിന്റെ മുഖം കുമ്പിട്ടു പോയി… വിഷമം… സങ്കടം… ദേഷ്യം… സന്തോഷം…. എല്ലാം നിറഞ്ഞ മനസാണ് ചേതനിപ്പോ… പറഞ്ഞിട്ടു കാര്യമില്ല… താനാണ് തെറ്റുകാരി… വേദനിപ്പിക്കുന്നു… പക്ഷെ ചേതന്റെ ഈ ചെറിയ അവഗണന പോലും തനിക്കു ഇത്രയേറെ നൊമ്പരം ഉണ്ടാക്കുന്നതെന്തേ… കുറ്റപ്പെടുത്താൻ എങ്ങനെ കഴിയും…

ചേതൻ ഇത്രയെങ്കിലും തന്നോട് ചെയ്യേണ്ടേ… അവന്റെ ദേഷ്യം തികച്ചും ന്യായമല്ലേ… ചാരു തന്നെ ചോദ്യങ്ങൾ സ്വയം ചോദിച്ചു അവൾ തന്നെ ഉത്തരങ്ങൾ കണ്ടെത്തി സമാധാനിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു….

ചാരു പതിയെ തങ്ങളുടെ റൂമിലേക്ക് നടന്നു. കണ്ണാടിക്കു മുന്നിൽ തന്റെ പ്രതിരൂപത്തെ നോക്കി… വയറുകളിൽ തലോടി നിന്നു… അറിയാതെ അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു… ചിര പരിചിതമായ വാസന തന്നെ പുണരാൻ പോകുന്നതറിഞ്ഞ ചാരു കണ്ണുകൾ ഇറുകെ പൂട്ടി നിന്നു… ചേതൻ… അവളുടെ വയറിനെ മെല്ലെ പുൽകി കൊണ്ടു അവളുടെ തോളിൽ മുഖം ചേർത്തു നിന്നു… “മോളാണോ…”

“അല്ല… ഇവിടെ കുഞ്ഞു ചേതൻ ആണ്…”

“ഉറപ്പിച്ചോ”

“ഉം”

“ദേഷ്യമില്ലേ…”

“ചോദ്യം തന്നെ വേണോ”

“അറിയാം…”

അവളെ തന്നിലേക്ക് തിരിച്ചു നിർത്തി ഇറുകെ പുണർന്നു…. ഒരുപാട് ചുംബനങ്ങൾ കൊണ്ടു പൊതിഞ്ഞു… ആ കുറച്ചു നിമിഷത്തിൽ അവന്റെ ചുണ്ടുകൾ എത്താൻ ഇനി ഒരു നുള്ളു സ്ഥലം പോലുമില്ലായിരുന്നു… “തന്റെ പ്രണയത്തിന്റെ സാഷാത്കാരം…” അവൻ അവളുടെ ചെവിയിൽ കുറുകി പറഞ്ഞു…

ചേതൻ അങ്ങനെയാണ്… അവൾ ചെയ്യുന്നതിലെ ശരികൾ മാത്രം കാണും… അവൾക്കും അവനുമിടയിൽ പരസ്പരം അവർ തന്നെ പകർന്നു നൽകുന്ന ഒരു സ്വാതന്ത്ര്യമുണ്ട്… അവളിലെ ശരികൾ മാത്രമേ അവൻ കാണൂ… അവൾ തിരിച്ചും. എന്തിനു ഇതു മറച്ചു വച്ചൂ…

എന്നൊരു ചോദ്യം അവന്റെ മനസിൽ ഉണ്ടെന്നു അവന്റെ കണ്ണുകളിൽ അവൾ വായിച്ചു…

അതിനുള്ള ഉത്തരം നൽകാൻ സമയമായില്ലയെന്നു തിരികെ കണ്ണുകളാൽ തന്നെ അവളും മറുപടി നൽകി… മൗനം… നിശബ്ദത… കണ്ണുകളിലെ ചലനം… ചുണ്ടുകളിൽ വിടരുന്ന പുഞ്ചിരി ഇതെല്ലാം തന്നെ അവർക്കിടയിലെ ഭാഷകളാണ്…. അവർക്ക് മാത്രം മനസിലാകുന്ന അവരുടെ പ്രണയത്തിന്റെ ഭാഷാ…

ഋതുവിന് പകർന്നു കൊടുത്ത സ്നേഹം ഇപ്പൊ ചാരുവിലേക്കും ഒഴുക്കിവിടാൻ തുടങ്ങി സാവിത്രിയമ്മ. ഒരു പക്ഷെ ഋതുവിന് കൊടുത്തതിനെക്കാൾ അധികം…

കണ്ടു നിൽക്കുന്നവരിൽ ഒരു തരി അസൂയയും കുശുമ്പും ഉണ്ടാക്കുന്ന തരത്തിൽ… ചാരുവിന്റെ ശരീരം കുറച്ചു ക്ഷീണിച്ചിരുന്നു… അതുകൊണ്ടു തന്നെ ഒരു ജോലിയും ചെയ്യാൻ സാവിത്രിയമ്മ സമ്മതിക്കില്ലായിരുന്നു…

ഭക്ഷണം വരെ മുറിയിലെത്തിക്കുകയാണ് ഇപ്പോഴത്തെ പതിവ്… ഋതുവിന് ഏഴു മാസത്തിൽ കൂടുതൽ ആയതുകൊണ്ട് ചെറിയ ചെറിയ കുമ്പിട്ടു നിവർന്നുള്ള പണികൾ അവളെ കൊണ്ടു ചെയ്യിക്കാൻ തുടങ്ങിയിരുന്നു… ഇപ്പൊ എല്ലാവരുടെയും ശ്രെദ്ധി ചാരുവിൽ പതിഞ്ഞത് അവൾക്കു എന്തുകൊണ്ടോ സഹിക്കാൻ കഴിയുന്നില്ല…

ചേതന്റെ എഴുത്തു മുറിയിൽ കയറിയതായിരുന്നു ഋതു… പതിവ് വായനക്ക്… അപ്പോഴാണ് ചാരു ഏതോ ഒരു പുസ്തകം വായിച്ചിരിക്കുന്നത് കണ്ടത്…

“മാഡം… പുസ്തകമൊക്കെ വായിക്കുവോ… അതിശയമാണല്ലോ” ഋതു ഒരു പരിഹാസത്തോടെ ചാരുവിന്റെ അരികിൽ വന്നിരുന്നു ചോദിച്ചു.

“അതെന്താ ഋതു അങ്ങനെ ചോദിക്കുന്നെ”

“അല്ല… മാഡത്തിനു ഇതിനെ കുറിച്ചു വലിയ അറിവൊന്നുമില്ലലോ… അതുമല്ല താൽപ്പര്യവുമില്ല.. അപ്പൊ പിന്നെ ഇവിടെ പുസ്തകവുമായി ഇരിക്കുന്നെ കണ്ടു…. ഇനിയിപ്പോ ജനിക്കാൻ പോകുന്ന കുഞ്ഞിന് അഭിരുചി ഉണ്ടാകാൻ ആണോ”

“എനിക്ക് ഈ പുസ്തകങ്ങളോട് കൂട്ടു കൂടുന്നത് കുറവാണെന്നെയുള്ളൂ… താൽപര്യ കുറവൊന്നുമില്ല… പിന്നെ ജനിക്കാൻ പോകുന്നത് എന്റെ ചേതന്റെ പാതി ജീവനാണ്… അവന്റെ എല്ലാ അഭിരുചിയും അവനിൽ കൂടുതലായി തന്നെ എന്റെ കുഞ്ഞിനും ഉണ്ടാകും…

അതിനു വേണ്ടി എനിക്ക് ഉണ്ടാകിയെടുക്കേണ്ട ആവശ്യമൊന്നുമില്ല… ജന്മ വാസന എന്നൊന്നുണ്ട്…” ചാരുവിന്റെ മറുപടിയിൽ ഋതുവിന്റെ കണ്ണുകൾ ഒന്നു കുറുകി…

“എങ്കിലും… എനിക്ക് വലിയ സന്തോഷമായി കേട്ടോ… എന്നെ കണ്ടിട്ടെങ്കിലും പ്രസവിക്കാനുള്ള ഒരു മനസു നിങ്ങൾക്കുണ്ടായല്ലോ…” അവളുടെയ ചോദ്യത്തിന് ചാരുവിന് മറുപടി പറയാൻ ആയില്ല… എങ്കിലും ഇതു ഇനി മുന്നോട്ടു പോകുന്നത് ശരിയല്ല… ചാരു തീരുമാനിച്ചു കഴിഞ്ഞു….

ദിവസങ്ങൾ പിന്നെയും പോയി കൊണ്ടിരുന്നു…. ഋതുവിന് ഏഴു കഴിഞ്ഞു എട്ടാം മാസത്തിലായിരുന്നു… ചാരുവിനും അഞ്ചാം മാസം തുടങ്ങാനായി… ഇതിനിടയിലെല്ലാം തന്നെ ചാരു മനസു കൊണ്ട് വല്ലാതെ ആയിരുന്നു… ശരീരം കൊണ്ടും.

അന്ന്… സാവിത്രിയമ്മയും രഞ്ജുവും ചേതനും അത്യാവശ്യമായി ബോർഡ് മീറ്റിങ്ങിൽ പങ്കെടുക്കേണ്ടി വന്നിരുന്നു…

ശ്രുതി ആണെങ്കി അച്ഛന് വയ്യാത്തത് കൊണ്ടു സ്വന്തം വീട്ടിലും പോയിരുന്നു… രണ്ടു ഗർഭിണികളെ തനിച്ചു നിർത്താൻ സാവിത്രിയമ്മ ഒട്ടും താത്പര്യപ്പെട്ടില്ല… പിന്നെ ഉച്ച തിരിഞ്ഞു അമ്മു വരുമെന്നുള്ളതും വീട്ടിൽ ആവശ്യത്തിൽ അധികം ജോലിക്കാർ ഉണ്ടല്ലോയെന്ന സമാധാനത്തിലും അവർ പോയി…

പോയവർ തിരികെ വരാൻ സന്ധ്യയോട് അടുത്തിരുന്നു… അവർ അകത്തേക്ക് കേറി വരുമ്പോൾ അമ്മു പേടിച്ചു സോഫയിൽ ഇരിക്കുന്നുണ്ട്… ചാരുവിന്റെ മുഖത്തു ടെൻഷൻ അല്ല… വേറെ എന്തോ ഭാവം… ഋതുവിനെ അവിടെ കണ്ടതുമില്ല…

“എന്താ ചാരു… എന്തു പറ്റി” ചേതന്റെ ചോദ്യത്തെ അവഗണിച്ചു ചാരു മിഴികൾ താഴ്ത്തി…

“ഋതു മോൾ എവിടെ” സാവിത്രിയമ്മയുടെ ചോദ്യത്തിൽ ഒരു ആവലാതി കലർന്നിരുന്നു…

“അമ്മേ… ഋതു” അമ്മുവിന്റെ വാക്കുകൾ… അവൾ പൂർത്തിയാക്കാതെ മിഴികൾ നിറച്ചു ചാരുവിനെ നോക്കി.

“ഋതു… ഋതുവിനെ ഇനി ആരും അന്വേഷിക്കേണ്ട… അവൾ… അവൾ ഇനി വരില്ല… തിരികെ പോയി”

“എന്താ… എന്താ ചാരു പറയുന്നേ… ഋതു എവിടെ പോയെന്ന”

“ഹാ… പോയി… ഞാൻ പറഞ്ഞു വിട്ടു… ഇനി എന്തിനാ ഇവിടെ അവൾ… അവളും അവളുടെയൊരു കുഞ്ഞും ഇനി എന്തിനാ… ഞാൻ ഈ വീട്ടിൽ നിന്നും പറഞ്ഞു വിട്ടു…”

പിന്നെയും ചാരു എന്തെങ്കിലും പറയും മുന്നേ ചേതന്റെ കൈകൾ അവളുടെ മുഖത്തു വീണിരുന്നു.

തുടരും

ഋതു ചാരുത : ഭാഗം 1

ഋതു ചാരുത : ഭാഗം 2

ഋതു ചാരുത : ഭാഗം 3

ഋതു ചാരുത : ഭാഗം 4

ഋതു ചാരുത : ഭാഗം 5

ഋതു ചാരുത : ഭാഗം 6

ഋതു ചാരുത : ഭാഗം 7

ഋതു ചാരുത : ഭാഗം 8

ഋതു ചാരുത : ഭാഗം 9

ഋതു ചാരുത : ഭാഗം 10

ഋതു ചാരുത : ഭാഗം 11

ഋതു ചാരുത : ഭാഗം 12

ഋതു ചാരുത : ഭാഗം 13

ഋതു ചാരുത : ഭാഗം 14