Friday, July 19, 2024
Novel

ഋതു ചാരുത : ഭാഗം 1

എഴുത്തുകാരി: സേഷ്മ ധനേഷ്‌

Thank you for reading this post, don't forget to subscribe!

നന്ദനം വീടിന്റെ പല മുറികളിൽ നിന്നുമായി അലാറം കൃത്യം അഞ്ചുമണിയായപ്പോൾ അടിക്കാൻ തുടങ്ങിയിരുന്നു.

മുറികളിൽ വെട്ടം വീഴുന്നതുകണ്ടു കൊണ്ടാണ് സാവിത്രിയമ്മ പൂജാമുറിയിൽ കയറിയത്. ഭൂമിയെ സൂര്യനുണർത്തും മുന്നേ സാവിത്രിയമ്മക്കു ഉണരണം എന്നുള്ളത് നിർബന്ധമുള്ള കാര്യമാണ്.

അതുകൊണ്ടു തന്നെ പുലർവെളിച്ചം കാണും മുന്നേ എഴുനേറ്റു വൃത്തിയായി പൂജാമുറിയിൽ വിളക്കുവച്ചു പ്രാര്ഥനയിലാണ്. വിളക്കിനെ നമസ്കരിച്ചു സ്തുതി പാടി തുടങ്ങി പിന്നെയത് ഗണപതിയെയും ശിവനെയും വിഷ്ണുവിനെയും ദേവിയേയുമൊക്കെ ഉണർത്തിയിട്ടെ നിർത്തൂ.

നാമം ജപിക്കൽ കഴിഞ്ഞു അവർ അടുക്കളയിലേക്കു എത്തുമ്പോൾ മൂത്തമരുമകൾ ശ്രുതിലക്ഷ്‌മി കുളിച്ചു വൃത്തിയായി തലയിൽഒരു തുവർത്തു ചുറ്റി ചൂട് ചായ ഫ്ലാസ്കിലേക്കു പകരുന്നത് കണ്ടു.

സാവിത്രിയമ്മയെ നോക്കി നിറഞ്ഞ ഒരു പുഞ്ചിരി നൽകി ഒരു ഗ്ലാസ് ചായ അവർക്ക് നേരെ നീട്ടി. സന്തോഷപൂർവ്വം അവരതു വാങ്ങി സ്ലാബിൾ വച്ചു. കിച്ചൻ വാർഡ്രോബിൽ ഒന്നിൽ നിന്നും ഒരു ചെപ്പു എടുത്തു.

അതു തുറന്നപ്പോൾ നല്ല രാസ്നാദി പൊടിയുടെ സുഗന്ധം പടർന്നിരുന്നു അവിടെമാകെ. ഒരു നുള്ളെടുത്തു ശ്രുതിയുടെ തലയിൽ നിന്നും തുവർത്തു കുറച്ചു നീക്കി നെറുകയിൽ തേച്ചു തിരുമ്മി.

“എത്ര പറഞ്ഞാലും കേൾക്കില്ല…. ” അവർ ശ്രുതിയുടെ ചെവിയിൽ വേദനിപ്പിക്കാതെ പിടിച്ചുകൊണ്ടു പറഞ്ഞു. അപ്പോഴും ശ്രുതി ഒരു ചിരിയോടെ നിന്നു.

“ചെല്ലു… പോയി പ്രാർത്ഥിച്ചു സിന്ദൂരവും തൊട്ടു വായോ..” അവളെ തോളിൽ തട്ടി പൂജാമുറിയിലേക്കു വിട്ടു.

രാസ്നാദി പൊടിയുടെ ഡപ്പി അടക്കും മുന്നേ വാതിൽക്കൽ ഒരാൾ ഹാജരായി…

“അമ്മേ… എനിക്കും” സാവിത്രിയമ്മയുടെ അടുത്തു ചെന്നു തല കുമ്പിട്ടു നിന്നു. അവർ വാത്സല്യത്തോടെ ഒരു നുള്ളെടുത്തു മുടികൾക്കിടയിൽ ഇട്ടുകൊണ്ടു തിരുമ്മി കൊടുത്തു.

“അമ്മു… പ്രാർത്ഥിച്ചോ”

“പ്രാര്ഥിച്ചല്ലോ”

“ഉം…ചായ എടുത്തു വച്ചിട്ടുണ്ട് ഏടത്തി… പോയി എടുത്തു കുടിക്കു” സാവിത്രി അതും പറഞ്ഞു കൊണ്ട് തന്റെ കയ്യിലെ ചായ ഗ്ലാസ്സുമായി അടുക്കളയുടെ ഒരു വശത്തു ഇട്ടിരുന്ന ചെയറിൽ പോയിരുന്നു. അമ്മു ചായ ഗ്ലാസിലേക്കു പകർന്നു പുറത്തേക്കു പോകാൻ തുടങ്ങി…

“അമ്മു…”

ആ വിളിയും ആ വിളിയിലെ പറയാതെ ചോദിക്കുന്ന ചോദ്യവും അമ്മുവിന് നല്ല പരിചയമാണ്. അമ്മു തിരിഞ്ഞു നിന്നു.

“കുഞ്ഞേട്ടൻ എഴുനേറ്റില്ല… ഏടത്തി…” അമ്മു പറയാതെ പറഞ്ഞു നിർത്തി.

സാവിത്രിയമ്മ അമർത്തിയൊന്നു മൂളികൊണ്ടു ചായ ഗ്ലാസ് ചുണ്ടോട് അടുപ്പിച്ചു. അമ്മു പോയെന്നു കണ്ടു സാവിത്രിയമ്മ ഒന്നു ദീർഘനിശ്വാസം വിട്ടു.

അവരുടെ മുഖത്തു ദുഃഖത്തിന്റെ നിഴൽ വീഴുന്നത് കണ്ടു… മുന്നിലേക്ക് നോക്കി മനസിൽ തെല്ലു ദൂരം എവിടെയൊക്കെയോ സഞ്ചരിച്ചു….

ശ്രുതി വരുമ്പോൾ കാണുന്നത് സാവിത്രിയമ്മ തന്റെ മനസുമായി കൊമ്പുകോർക്കുന്നതാണ്. ആ കാഴ്ച തനിക്കിപ്പോൾ സ്ഥിര പരിചിതമാണെന്നു അവളോർത്തു.

പതിയെ സാവിത്രിയമ്മയുടെ തോളിൽ കൈകൾ വച്ചു ചിരിച്ചു. തിരിച്ചു അവൾക്കും ദുഃഖത്തിൽ കലർന്ന ഒരു ചിരി മറുപടിയായി നൽകി.

“അമ്മയെന്തിനാ വിഷമിക്കുന്നെ… അവൾ പുറത്തൊക്കെ ജനിച്ചു വളർന്ന കുട്ടിയല്ലേ അമ്മേ… അതിന്റെതായ മാറ്റങ്ങൾ… പിന്നെ അഡ്ജസ്റ് ചെയ്യാൻ നമ്മളും സമയം കൊടുക്കണ്ടേ”

സാവിത്രിയമ്മയുടെ രൂക്ഷമായ നോട്ടമായിരുന്നു ആദ്യ മറുപടിയായി ശ്രുതിക്കു കിട്ടിയതു.

“ഇന്നോ ഇന്നലെയോ കല്യാണം കഴിഞ്ഞവരല്ല അവർ. ഏഴു വർഷമാകുന്നു…. ഇനിയും ഈ വീടുമായി അഡ്ജസ്റ് ചെയ്യുവാൻ കഴിയുന്നില്ല എന്നൊക്കെ പറഞ്ഞാൽ”

“എല്ലാം ശരിയാകും അമ്മേ…” ശ്രുതി തന്നാലവും വിധം പറഞ്ഞിട്ടു അടുക്കളയിൽ ബാക്കി ജോലിയിലേക്ക് തിരിഞ്ഞു.

“രഞ്ജുവിന് ചായ കൊടുത്തോ മോളെ” സാവിത്രിയമ്മയുടെ വാക്കുകളാണ് അങ്ങനെയൊരു കാര്യം ചെയ്തില്ലലോ എന്ന ഓര്മയിലേക്കു ശ്രുതിയെ കൊണ്ടുവന്നത്.

അടുക്കളയും പാചകവും ശ്രുതിയുടെ ഒരു പ്രൊഫെഷൻ പോലെയാണ്. അത്രയും ഇഷ്ടപെട്ടാണ് അവൾ പാചകം ചെയ്യുന്നത്.

പാചകം തുടങ്ങിയാൽ ചുറ്റുമുള്ളത് എല്ലാം മറക്കും. ശ്രുതി ദൃതിയിൽ ഒരു ഗ്ലാസ് ചായ എടുത്തുകൊണ്ടു വാതിൽ ലക്ഷ്യമാക്കി തിരിഞ്ഞതും അവിടെ വിയർപ്പിൽ കുളിച്ചു നിൽക്കുന്ന രൂപത്തെ കണ്ടു.

ചെവികളിൽ ഹെഡ്സെറ്റ് തിരുകി ഒരു ബനിയനും ത്രീഫോർത്തും ധരിച്ചു മുടി മുകളിലേക്ക് പൊക്കി വച്ചു കെട്ടി കാതിൽ ചെറിയ വെള്ളകല്ല് കൊണ്ടുള്ള കമ്മലും അതും പൊട്ടുപോലത്തെ… കഴുത്തിൽ നേരിയ നൂൽപോലെ ഒരു ചെറിയ മാല…

മാലയിൽ കോർത്ത ഒരു ആലില താലിയുംമായി ഒരു പെണ് രൂപം… വിയർത്തൊലിച്ചു നിൽക്കുന്ന അവളെ കണ്ടതും ശ്രുതി ചിരിച്ചു… സ്വതവേ പ്രകാശം തുളുമ്പി നിൽക്കുന്ന ആ രൂപത്തിന്ഏറ്റവും കൂടുതൽ ചൈതന്യം കൊടുക്കുന്നത് അവളുടെ ഇന്ദ്രനീലത്തിന്റെ മൂക്കുത്തിയായിരുന്നു. ആ നീല വർണ്ണം അവൾക്കു എന്തോ ഒരു പ്രത്യേക ഭംഗി നൽകിയിരുന്നു.

“ഗുഡ് മോർണിംഗ് ഏടത്തി.”

“ഗുഡ് മോർണിംഗ് ചാരു… ”

ചാരു ശ്രുതിയുടെ കൈകളിലേക്ക് നോക്കി. അപ്പൊ ഒരു ഗ്ലാസ് മാത്രമേ കണ്ടുള്ളൂ. അവൾ സംശയത്തോടെ ശ്രുതിയുടെ മുഖത്തേക്ക് നോക്കി.

“അവനു ചായ ഞാൻ എടുത്തില്ല. എടുക്കണോ” സംശയത്തോടെ തന്നെ ശ്രുതി ചാരുവിനോട് ചോദിച്ചു.

“നീ നിന്റെ ഭർത്താവിനുള്ളത് മാത്രം എടുത്താൽ മതി. അവന്റെ കാര്യങ്ങൾ നോക്കാനായാണ് നിന്നെ ഇവിടേക്ക് കൊണ്ടുവന്നത്” സാവിത്രിയമ്മയുടെ ഉറച്ച ഗാഭീര്യ ശബ്ദം അവിടെ ഉയർന്നു. ശ്രുതിയും ചാരുവും ഒരുപോലെ മുഖം താഴ്ത്തി നിന്നു.

ചാരു മറുപടി ഒന്നും പറഞ്ഞില്ല. തല കുമ്പിട്ടുകൊണ്ടു അടുക്കളയുടെ ഉള്ളിലേക്ക് കടക്കാൻ കാലെടുത്തതും സാവിത്രിയമ്മ ചാടിയെഴുനേറ്റു.
അവരുടെയ നിൽപ്പ് കണ്ടു ചാരു ഒന്നു നിന്നുപോയി.

“കുളിക്കാതെ വൃത്തിയില്ലാതെ അടുക്കളയിൽ കയറരുതെന്നു പലയാവർത്തി ഞാൻ പറഞ്ഞിട്ടുണ്ട്” അപ്പോഴാണ് ചാരു തന്നെ തന്നെ ഒന്നു അവലോകനം ചെയ്യാനെന്നപോലെ നോക്കിയത്. വിയർത്തു കുളിച്ചു നല്ല മണംപോലും ഉണ്ട് തന്നെ.

ശ്രുതിയോട്കണ്ണുകൾ കൊണ്ടു പൊയ്ക്കൊള്ളാൻ പറഞ്ഞിട്ടു സാവിത്രിയമ്മ ഒരു ഗ്ലാസിൽ ചായ പകർന്നു ചാരുവിന് അരികിലെത്തി.

“എന്റെ മോനായി പോയില്ലേ… അവന്റെ കാര്യങ്ങൾ സ്വന്തം ഭാര്യക്ക് കൃത്യതയോടെ ചെയ്യാൻ കഴിയില്ലെങ്കി പിന്നെ ഞാൻ വേണമല്ലോ…”

വാക്കുകളിലെ പരാതി ചാരുവിന് മനസിലായി. വിളറിയ ചിരിയോടെ സാവിത്രിയമ്മയുടെ കൈകളിൽ നിന്നും ഗ്ലാസ് വാങ്ങി.

“നിന്നോട് പലപ്പോഴും പറഞ്ഞിട്ടുണ്ട് ചാരു. ഈ വീട്ടിൽ ചില ചിട്ട വട്ടങ്ങൾ ഒക്കെയുണ്ട്. അതു പാലിക്കണം. എന്റെ കാലം കഴിഞ്ഞാലും ഇതൊക്കെ നില നിർത്തി പോകേണ്ടത് നിങ്ങളാണ്. എത്ര പറഞ്ഞാലും നിനക്കു മനസിലാകില്ലേ…

ഇതു നിന്റെ ബാംഗ്ലൂർ അല്ല. നാടാണ്… ഇത്ര വർഷങ്ങൾ കഴിഞ്ഞിട്ടും ഇവിടുത്തെ ദിനചര്യയുമായി നിനക്കു യോജിച്ചുപോകാൻ ഇതുവരെ കഴിഞ്ഞിട്ടില്ല… ഇനി എപ്പോഴാ…”

വഴക്കു തുടർന്നുകൊണ്ടേയിരുന്നു സാവിത്രിയമ്മ… ചാരു അവരുടെ ചൈതന്യം തുളുമ്പുന്ന മുഖം നോക്കി നല്ല പുഞ്ചിരി സമ്മാനിച്ചു… അപ്പോൾ അവരുടെ പരിഭവം പറച്ചിൽ നിർത്തി ചാരുവിനെ കൂർമതയോടെ നോക്കി നിന്നു.

ചാരു പതുക്കെ അവരുടെ കൈകളിൽ നിന്നും ഗ്ലാസ് വാങ്ങി തിരിഞ്ഞു നടന്നു. രണ്ടടി വച്ചു ഒന്നു നിന്നു പെട്ടന്നൊരു കാറ്റുപോലെ ചെന്നു സാവിത്രിയമ്മയുടെ കവിളിൽ ഉമ്മ വച്ചു കൊണ്ട് തിരിഞ്ഞു ഓടി….

നനുത്ത ഒരു കാറ്റുവന്നു സാവിത്രിയമ്മയുടെ കവിളിൽ ചുംബിച്ചപ്പോലെ തോന്നിയവർക്കു. അവൾ കണ്മുന്നിൽ നിന്നും മറഞ്ഞതും ചുണ്ടിൽ വിരിഞ്ഞ ചിരിയോടെ അവർ തന്റെ ജോലിയിലേക്ക് തിരിഞ്ഞു.

ശ്രുതി മുറിയിലേക്ക് ചെല്ലുമ്പോൾ അച്ഛനും മോനും നല്ല ഉറക്കത്തിലാണ്. രഞ്ജുവിന്റെ മുകളിൽ കിടക്കുകയാണ് പത്തുവയസുകാരൻ ഉണ്ണിക്കുട്ടൻ.

ഏതൊരു അമ്മയെയും പോലെ ശ്രുതിയും കുറച്ചുനേരം അവരുടെ കിടപ്പു നോക്കി നിന്നു. ഹൃദയത്തിനുള്ളിൽ അതികരിച്ച സന്തോഷം ഒരു നിറഞ്ഞ പുഞ്ചിരിയായി അവളുടെ ചുണ്ടിൽ വിരിഞ്ഞു. ഒരു പൂമൊട്ടു വിരിയുന്ന ഭംഗിയോടെ.

ശ്രുതി അവർക്കരികിലേക്കു ചെന്നു പതിയെ ഉണ്ണിക്കുട്ടനെ ഉണർത്താതെ രഞ്ജുവിന്റെ നെഞ്ചിൽ നിന്നും അവനെ അടർത്തി താഴെ ഇറക്കി കിടത്തി. രഞ്ജു സാവധാനം കണ്ണു തുറന്നു അവളെ നോക്കി ചിരിച്ചു കൊണ്ടു അവളെ നെഞ്ചിലേക്ക് ചേർത്തു.

ശ്രുതിയുടെ മൂർധവിൽ നിന്നുമുയർന്ന രാസ്നാദി പൊടിയുടെ മണം അവനെ മത്തുപിടിപ്പിക്കാൻ തുടങ്ങിയെന്ന് അവളിൽ മുറുകിയ അവന്റെ കൈകളുടെ പിടിയിൽ നിന്നും അവൾക്കു മനസിലായി.

ഒരു കള്ള ചിരിയോടെ അവന്റെ നെഞ്ചിലെ രോമത്തിൽ വലിച്ചു കൊണ്ടു അവൾ എഴുനേറ്റു. രഞ്ജുവും എഴുനേറ്റു കട്ടിലിൽ ചാരിയിരുന്നു.

ഒരു കൈ ശ്രുതിയുടെ തോളിൽ ചേർത്തു അവളുടെ നെറ്റിയിൽ നെറ്റി മുട്ടിച്ചു… ശ്രുതി അവന്റെ കവിളിൽ അമർത്തി ചുംബിച്ചുകൊണ്ടു എഴുനേറ്റു…

“മതി കിടന്നത്… നേരം വൈകും… എഴുന്നേൽക്കു ഫ്രഷായി വായോ” ശ്രുതി അവനെ എഴുനേല്പിക്കാൻ ശ്രെമിച്ചുകൊണ്ടു പറഞ്ഞു.

“വല്ലാത്ത ക്ഷീണം…” ഒരു വഷളൻ ചിരിയോടെ ശ്രുതിയുടെ ഇടുപ്പിൽ നുള്ളി തന്റെ ചുണ്ടുകൾ തിരുമ്മികൊണ്ടു അവളോട്‌ രഞ്ജു പറഞ്ഞു.

ശ്രുതിയൊന്നു അമർത്തി മൂളികൊണ്ടു ചുണ്ടിലൂറിയ പുഞ്ചിരിയോടെ അവനെ തള്ളി ബാത്റൂമിലാക്കി. ഉണ്ണികുട്ടനെ ഒന്നുകൂടി പുതപ്പിച്ചു മുടിയിഴയിൽ വിരലോടിച്ചു നെറ്റിയിൽ ഒരു ഉമ്മയും കൊടുത്തു അവൾ താഴേക്കു ഇറങ്ങി.

ചാരു മുറിയിലേക്ക് ചെല്ലുമ്പോൾ തന്നെ കണ്ടു ടേബിളിൽ പുസ്തകവുമായി ഇരിക്കുന്ന തന്റെ ജീവനും ജീവിതവുമായ തന്റെ നല്ല പാതിയെ.

“എത്തിയോ…” പുസ്തകത്തിൽ നിന്നും മുഖമുയർത്താതെ അവൻ ചോദിച്ചു.

“ഇന്നത്തെ കഴിഞ്ഞു. എന്റെ മഹാകവി എന്തെടുക്കുകയാണ്” ചോദ്യത്തിന് ഒപ്പം അവൾ അവനരികിലേക്കു എത്തിയിരുന്നു. ചായ ടേബിളിൽ അവനു പുറകിലൂടെ വച്ചുകൊണ്ട് അവന്റെ തോളിൽ മുഖം ചേർത്തു കുനിഞ്ഞു നിന്നു.

“എന്റെ കവിത എന്റെ ജീവിതമാണ്…. ഞാൻ മുട്ടുന്നത് എന്റെ ജീവിതമറിയുന്ന ഒരാളുടെ നെഞ്ചിലാണ്…ഇതു… ഇതാരുടെ വരികളാണ് ചേതൻ” അവന്റെ പിൻകഴുത്തിൽ ചുണ്ടുകൾ ഇഴച്ചുകൊണ്ടു ചാരു ചോദിച്ചു.

ചേതൻ തിരിഞ്ഞൊന്നു അവളെ നോക്കി… ട്രിം ചെയ്തു ഒതുക്കിയ താടിയും ഒരു ചെവിയിൽ മാത്രമുള്ള വജ്രത്തിന്റെ ശോഭയിൽ തിളങ്ങുന്ന ഒറ്റകല്ലും… കട്ടി പുരികവും സാവിത്രിയമ്മയുടെ അതേ ചൈതന്യം നിറഞ്ഞ മുഖമുള്ള ചേതൻ….

അവന്റെ പുഞ്ചിരിയിൽ തെളിയുന്ന ഗാംഭീര്യം…. അവന്റെ തിളങ്ങുന്ന കണ്ണുകൾ ഇന്ദ്രനീല ശോഭയിൽ തിളങ്ങുന്ന ചാരുവിന്റെ മൂക്കുത്തിയിൽ ആയിരുന്നു. അതവനിൽ ത്രസിപ്പിക്കുന്ന വികാരം ഉടലെടുക്കുന്നതായി അവൾക്കു തോന്നി.

ചേതൻ എഴുനേറ്റു കൊണ്ടു അവളെ ഇടുപ്പിലൂടെ കൈകൾ ചുറ്റി ചേർത്തു പിടിച്ചു…

“ഹേയ്…ചേതൻ… നോ… ഞാൻ കുളിച്ചിട്ടില്ല… നന്നായി വിയർത്തിട്ടുണ്ട്…. സ്മെൽ ഉണ്ടെടോ..”

“നിൻറെയി വിയർപ്പിനോടാണ് എനിക്ക് ആസക്തിയെന്നു നിനക്കറിയില്ലേ ചാരു” നീല കല്ലിൽ ചുണ്ടുകൾ ചേർത്തു അവളുടെ നാസികയിൽ പൊടിഞ്ഞ വിയർപ്പിനെ കൂടി ചുണ്ടുകളാൽ എടുത്തുകൊണ്ടു ചേതൻ പറഞ്ഞു…

അവളെ തിരിച്ചു നിർത്തി പിൻകഴുത്തിൽ താടിയുരസി നിന്നു. ശരീരം ചൂട് പിടിക്കുന്നതവൾ അറിഞ്ഞു…. ചേതന്റെ ചുണ്ടുകൾ അവളുടെ കാതിലെ വെള്ള കല്ലിനെ ഉണർത്തി… ചെവിയിൽ താടി ചേർത്തു പതിയെ മന്ത്രിച്ചു… “അതു അയ്യപ്പ പണിക്കർ എഴുതിയ വരികളാണ്… ഇഷ്ടപ്പെട്ടോ”

“ഉം…” അവളൊന്നു കുറുകി. ചേതന്റെ കുസൃതികളിൽ തന്നെ തന്നെ നഷ്ടപ്പെട്ടു നിൽക്കുകയായിരുന്നു ചാരു.

“ഈ വെള്ളിമഴയിൽ… എൻ പാതി മെയ്യിൽ
അടരുന്ന പൂവിലെ ഇണ ചേരും ഇതളായി”

അവളുടെ കാതിൽ ചേതൻ പതിയെ മൂളി….

“ഈ വെള്ളിമഴയിൽ… എൻ പാതി മെയ്യിൽ
അടരുന്ന പൂവിലെ ഇണ ചേരും ഇതളായി”…..

“നീയെന്ന പ്രണയമഴയിൽ എത്ര നനഞ്ഞാലും എനിക്ക് മതിവരില്ലെന്നു നിനക്കു അറിയില്ലേ ചാരു… ഉം… നിന്നിലെനിക്കു ഒരു പേമാരിയായി പെയ്യണം…. ആർത്തലച്ചു…. ഓരോ തുള്ളിയിലും ഒരു കുടം കണക്കെ എന്റെ പ്രണയം നിന്നിലേക്കൊഴുകണം… പിന്നെ ചിണുങ്ങി ചിണുങ്ങി… പിന്നെ..പിന്നെ..” ചേതന്റെ വാക്കുകൾക്കൊപ്പം അവളെയും കൂടെ കൂട്ടി അവരുടെ പ്രണയമഴ നനയാൻ തുടങ്ങി….

ഇനി നമുക്ക് ഇവരെയൊന്നു പരിചയപ്പെട്ടലോ… നന്ദനം വീട്…. പാരമ്പര്യമായി ബിസിനസ് കുടുംബം. നന്ദനം ഗ്രൂപ്പ്‌സ്….

നന്ദനം ഹോസ്പിറ്റൽസ് നന്ദനം ഹോട്ടൽസ് നന്ദനം ഫിനാൻസ് നന്ദനം textiles നന്ദനം ജ്വല്ലേഴ്‌സ് അങ്ങനെ ഒരു ആയിരം കോടിക്കു ആസ്തിയുള്ള വലിയ ബിസിനസ്സ് കുടുംബം. ഇപ്പോഴത്തെ ചുമതല സാവിത്രിയമ്മക്കു….

ഭർത്താവ് കുറെ മുന്നേ തന്നെ ബിസിനസ്സ് ഭാര്യയെ ഏൽപ്പിച്ചു. അവരെയും മക്കളെയും വലിയൊരു ബിസിനസ്സ് സാമ്രാജ്യവും അവരെ ഏൽപ്പിച്ചു മരണത്തിനു കീഴടങ്ങി. മക്കളെ നോക്കിയും ബിസിനസ്സ് നോക്കിയും സാവിത്രിയമ്മ ജീവിതത്തിൽ പൊരുതി നിന്നു. ആ പോരാട്ടം അവർക്ക് കൊടുത്ത ആത്മധൈര്യം ചെറുതല്ല.

മൂന്നുമക്കൾ മൂത്തവൻ രഞ്ജിത് എന്ന രഞ്ജു രണ്ടാമൻ ചേതൻ പിന്നെ അമ്മു എന്ന അമൃതയും. രഞ്ജുവിന്റെ ഭാര്യ ശ്രുതിലക്ഷ്മി മകൻ അദ്വൈത് എന്ന ഉണ്ണിക്കുട്ടനും. ശ്രുതിയും രഞ്ജുവും പ്രണയിച്ചു വിവാഹം കഴിച്ചവരാണ്. ചേതൻ ഭാര്യ ചാരുത.

അവരുടെയും പ്രണയ വിവാഹം തന്നെ. 7 വർഷം പ്രണയിച്ചു വിവാഹം കഴിച്ചവർ ജീവിതം തുടങ്ങിയിട്ടും ഏഴു വർഷമായി. കുട്ടികളായില്ല. ചാരുത ബാംഗ്ലൂര് സെറ്റൽഡ് ആയ ഒരു വലിയ ബിസിനസ്സ് രാജാവിന്റെ മകൾ തന്നെയാണ്.

വായിൽ സ്വർണ്ണ കരണ്ടിയുമായി ജനിച്ചവൾ. ഒറ്റ മകൾ. പക്ഷെ അവളുടെ ജീവിതം എപ്പോഴും ഒരു സാധാരണ നിലയിലായിരുന്നു. സിംപിൾ ആയുള്ള വേഷ വിധാനങ്ങൾ. നന്ദനം വീട്ടിൽ പഴമയുടെ ആചാരങ്ങൾ ഒരുപാട് ഉണ്ട്.

ചാരുവിനാണെങ്കിൽ അതൊക്കെ ചിട്ടയോടെ കൊണ്ടു നടക്കാൻ വലിയ താൽപര്യമില്ല. അതിന്റെ പേരിൽ സാവിത്രിയമ്മ ഇടക്കിടക്ക് ചാരുവിനോട് ദേഷ്യപ്പെടാറുണ്ട്. എങ്കിലും ചാരുവിനെ ഒരുപാട് ഇഷ്ടവുമാണ്.

ഗൗരവക്കാരിയായിരുന്ന സാവിത്രിയമ്മയുടെ ഉള്ളിലെ സ്നേഹനിധിയായ അമ്മയിലേക്കു കൊണ്ടുവന്നത് ചാരുവായിരുന്നു. പിന്നെ അമൃത… അവരുടെ തന്നെ ഹോസ്പിറ്റലിൽ പ്രാക്ടിസ് ചെയ്യുന്നു.

ആലസ്യത്തിൽ നിന്നും മുക്തനായ ചേതൻ ചാരുവിന്റെ ശരീരത്തിൽ വിരലോടിച്ചു അളവെടുക്കുകയായിരുന്നു.

“വയർ കുറച്ചു കൂടിയിട്ടുണ്ട്…” വയറിൽ കൈകൾ അമർത്തി ചേതൻ ചാരുവിന്റെ കഴുത്തിലേക്കു ഊളിയിട്ടു.

“ആണോ… ശോ…നാളെമുതൽ നിർത്തിവച്ചിരുന്ന യോഗ ചെയ്യണം..” ചാരു തന്റെ വയറിൽ വെച്ചിരുന്ന ചേതന്റെ കൈകൾക്കുമേലെ കൈകൾ അമർത്തി ഒരു വിഷമത്തോടെ പറഞ്ഞു.

“അതിനു യോഗ തന്നെ ചെയ്യണമെന്നില്ല… ഇപ്പൊ ചെയ്തതു ഇച്ചിരി കൂടി സമയം എടുത്തു ചെയ്ത മതി” അവളുടെ മാറിലേക്ക് മുഖം താഴ്ത്തി ചേതൻ അതു പറയുമ്പോൾ ചാരു അവനെ തള്ളി മാറ്റി ഫ്രഷാകാൻ കേറി.

നന്ദനത്തു കാലത്തും തന്നെ എല്ലാവരും ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കണമെന്ന് നിർബന്ധമാണ് സാവിത്രിയമ്മക്കു. എല്ലാവരും ഫ്രഷായി എത്തിയിരുന്നു.

രഞ്ജുവിനു അരികിലായി ചാരുവും വന്നിരുന്നു. ഉണ്ണിക്കുട്ടൻ ചെറിയച്ഛന്റെ … ചേതന്റെ അടുത്തിരിക്കണമെന്നു വാശി പിടിച്ചു. അവനെ തന്നോട് ചേർത്തു ചേതനുമിരുന്നു.

അമൃത എന്ന അമ്മു ഹോസ്പിറ്റലിൽ പോകുവാനായി തയ്യാറായി തന്നെയാണ് ഭക്ഷണം കഴിക്കാനായി എത്തിയത്. ഭക്ഷണം കഴിക്കുന്ന സമയത്തു പതിവ് ചർച്ചകളും അവർ ആരംഭിച്ചു.

“ചാരു… മോഹൻ അച്ഛൻ വിളിച്ചിരുന്നു. ചേതനോ ബിസിനസ്സ് കാര്യങ്ങൾ ഒന്നും നോക്കുന്നില്ല. നീ കൂടി ശ്രെദ്ധിക്കാതായാൽ എങ്ങനെയാ മോളെ ശരിയാകുന്നേ”

“ഏട്ടനോട് ഞാൻ പറഞ്ഞല്ലോ… കുറച്ചു കൂടെ കഴിയട്ടെ… എന്നിട്ടു നമുക്ക് നോക്കാമെന്നെ… ഇപ്പൊ അതും കൂടെ ഏട്ടൻ നോക്കി നടത്തിക്കൊ”

“ഉവ്വ… അവനു പിന്നെ ഇതിൽ അല്ല താല്പര്യം …. കഥയും കവിതയും പുസ്തകങ്ങളുമൊക്കെയാണ്… എങ്കിലും ഇവിടുത്തെ കാര്യങ്ങൾ കൃത്യമായി ചെയ്യുന്നുണ്ട് ഭാഗ്യത്തിന്…. അവനോടു ഒന്നു നീ പറ ചാരു ഏറ്റെടുക്കാൻ”

ചാരു ചെരിഞ്ഞു ചേതനെ നോക്കുമ്പോൾ അവൻ ഉണ്ണിക്കുട്ടനു ഫുഡ് കൊടുക്കുന്നതിലയിരുന്നു ശ്രെദ്ധ. രഞ്ജു പറഞ്ഞതൊന്നും അവൻ കേട്ടിട്ടു കൂടിയില്ലായിരുന്നു.

പിന്നെയും ഓരോന്നു പറഞ്ഞും ചിരിച്ചും അവർ ഭക്ഷണം കഴിച്ചെഴുനേറ്റു. ഇന്ന് ഹോസ്പിറ്റലിൽ പോകുവാനുള്ള ചുമതല ചാരുവിനും ചേതനും ആയിരുന്നു. അതുകൊണ്ടു തന്നെ അമൃത അവരുടെ കൂടെയിറങ്ങി. രഞ്ജു അവരുടെ കോര്പറേറ്റ് ഓഫീസിലേക്കും.

ശ്രുതിക്കു വീട്ടിലെ കാര്യങ്ങൾ നോക്കുന്നതിനോടാണ് താല്പര്യം. ഉണ്ണികുട്ടനെ സ്കൂളിൽ വിട്ടു ബാക്കിയുള്ള ജോലിയിലേക്ക് അവൾ തിരിഞ്ഞു. ചേതനും ചാരുവും അമൃതയും പോകുന്നത് സാവിത്രിയമ്മ നോക്കിയിരുന്നു.

ചേതൻ അമൃതയുടെ തോളിൽ കൈ ഇട്ടുകൊണ്ടു അവളെ ചേർത്തു പിടിച്ചാണ് പോയത്. ചേതന് ഒരു കുഞ്ഞിനെ കിട്ടാത്തതിൽ നല്ല വിഷമമുണ്ട് സാവിത്രിയമ്മക്കു. ചാരുവിനോ ചേതനോ അങ്ങനെയൊരു ചിന്ത പോലുമില്ല. കുട്ടികൾ വേണമെന്നോ… ഒന്നും.

ചാരു ഇപ്പോഴും ഉടലഴക് കൃത്യമായി സൂക്ഷിച്ചു മെയിന്റൈൻ ചെയ്യുന്നതിലാണ് തിരക്ക്. ഒരിക്കൽ കുഞ്ഞിനെ കുറിച്ചു ശ്രുതി ചോദിച്ചപ്പോൾ ചാരു പറഞ്ഞതു ശരീരത്തിന്റെ ആകാര വടിവ് നഷ്ടമാകുമെന്നാണ്.

ചേതന് ചാരുവെന്നാൽ പ്രാണനിൽ അലിഞ്ഞു ചേർന്ന അവന്റെ തീവ്ര പ്രണയമാണ്. ജീവനും ജീവിതവുമാണ്. അവനു അത്രമേൽ പ്രിയങ്കരമാണ് അവന്റെ ഇന്ദ്രനീലം… സാവിത്രിയമ്മ ഒരു ദീര്ഘനിശ്വാസത്തോടെ സെറ്റിയിലേക്കു അമർന്നിരുന്നു.

🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

“നിങ്ങളുടെ പുന്നാര മാലാഖ പെങ്ങളോട് പറഞ്ഞേക്കു… അടവ് കാശു നാളെ കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ ഹോസ്പിറ്റലിൽനിന്നും ഇന്ന് തിരികെ വരേണ്ടെന്നു” കാലത്തും തന്നെ കലിതുള്ളി വന്നു നിൽക്കുകയായിരുന്നു രേഖ.

“എന്താ രേഖാ… ”

“ഒന്നും മനസിലായില്ലേ നിങ്ങൾക്ക്. പുന്നാര പെങ്ങളെ നഴ്സിങ് പഠിപ്പിക്കാൻ വിടുമ്പോൾ ആലോചിക്കണമായിരുന്നു. അതും പലിശക്ക് കടം വാങ്ങിക്കൊണ്ടു. നാട് നീളെ കടമാണ്. ഹോസ്പിറ്റലിൽ നിന്നും കിട്ടുന്ന പൈസ കൊണ്ടു എല്ലാം കഴിയുമെന്നാണോ നിങ്ങൾ കരുതിയത്.

നിങ്ങളുടെ തള്ളക്കു മരുന്നിനു തന്നെ നല്ലൊരു ചെലവാണ്. നാളെ ആ മുരുകേശൻ വരും. ചിട്ടിക്കാരൻ. അയാൾക്ക്‌ കൊടുക്കാൻ പെങ്ങളോട് കരുതിയിരിക്കാൻ പറഞ്ഞോ”

“നീ കാലത്തും തന്നെ തുടങ്ങിയോ”

“നിങ്ങളുടെ അച്ഛന്റെ ചോരയൊന്നുമല്ലലോ ഇങ്ങനെ പൊള്ളാൻ…”

ഏട്ടന്റെയും ഏടത്തിയുടെയും സംസാരം കേട്ടുകൊണ്ട് ഋതു ഹോസ്പിറ്റലിൽ പോകുവാൻ തയ്യാറാകുകയായിരുന്നു. നന്ദനം ഹോസ്പിറ്റലിലാണ് ഋതു നഴ്‌സായി ജോലി ചെയ്യുന്നത്.

ഋതുവിന്റെ അമ്മയെ രണ്ടാമത് കല്യാണം കഴിച്ചതായിരുന്നു അച്ഛൻ. അമ്മയെ കല്യാണം കഴിചു കൊണ്ടുവരുമ്പോൾ ഋതുവും കൂടെയുണ്ടായിരുന്നു. അച്ഛന്റെ ആദ്യ ഭാര്യയിലെ മകനാണ് ഏട്ടൻ. അന്നൊക്കെ ഭയങ്കര ഇഷ്ടമായിരുന്നു ഏട്ടന്.

അച്ഛന്റെ നിര്ബന്ധത്തിനാണ് നഴ്സിങ് പഠിക്കാൻ പോയത്. അപ്പോഴത്തെ ജീവിത സാഹചര്യം അതു അനുവധിച്ചില്ലെങ്കിലും അച്ഛൻ കടം വാങ്ങിയും പലിശക്ക് എടുത്തും അവളെ പഠിപ്പിച്ചു. അത്രക്കും ഇഷ്ടമായിരുന്നു.

രണ്ടാനച്ഛൻ ആയിട്ടല്ല സ്വന്തം അച്ഛനായി തന്നെയായിരുന്നു സ്നേഹിച്ചിരുന്നത്. പക്ഷെ അപ്രതീക്ഷിതമായി സംഭവിച്ച ഒരു ആക്സിഡന്റ് അവളുടെ അമ്മയെയും അച്ഛനെയും ഒരുമിച്ചു കൊണ്ടുപോയി.

പിന്നീട് ഏട്ടനും ഏടത്തിയും മാത്രമായി അവൾക്കു. ഏടത്തിയുടെ ഭാവമാറ്റം പതുക്കെ അവൾ അറിയാൻ തുടങ്ങിയിരുന്നു. പതിയെ പതിയെ അതു ഏട്ടനിലും കണ്ടു തുടങ്ങി… ഇതാണ് നമ്മുടെ ഋതു… ഒരു പാവം മാലാഖ കൊച്ചു… അവൾ തയ്യാറാകുന്നത് നന്ദനം ഹോസ്പിറ്റലിലേക്ക് പോകുവാനാണ്…!

ഋതു ഹോസ്പിറ്റലിലേക്ക് ഇറങ്ങുമ്പോഴും പൈസയുടെ കാര്യം ഓർമ്മിപ്പിക്കാൻ രേഖ മറന്നില്ല. എങ്ങനെ കൊടുക്കാനാണ് സാലറിയിൽ നിന്നും ഒരു രൂപ പോലും എടുക്കാതെ രേഖയെ ഏൽപ്പിച്ചു കഴിഞ്ഞു… ഇനി എന്താ ചെയ്യ… നാളെ പലിശ കാശു എങ്ങനെ കൊടുക്കുമെന്ന് ഒരു രൂപവുമില്ലായിരുന്നു അവൾക്കു… കഴുത്തിലെ നൂലുപോലുള്ള മാലയിലേക്കു അവളുടെ കൈകൾ അറിയാതെ നീണ്ടു പോയി….

വീട്ടിൽ നിന്നും ഇറങ്ങിയ പാടെ അവൾ വീടെന്ന ചിന്ത ഉപേക്ഷിച്ചു. ഹോസ്പിറ്റലിൽ ഉള്ള കൂട്ടുകാരും രോഗികളുമായിരുന്നു അവളുടെ മനസു നിറയെ. എല്ലാ രോഗികൾക്കും അവളേറെ പ്രിയപ്പെട്ടവൾ ആയിരുന്നു. ശരിക്കും ദൈവത്തിന്റെ വെള്ള വസ്ത്രമണിഞ്ഞ… ദൈവ സന്നിധിയിൽ നിന്നും ഇറങ്ങി വന്ന മാലാഖ…

ഒരു അഞ്ചു മിനിട്ടു നേരം വൈകിയാണ് ഋതു ഹോസ്പിറ്റലിലെത്തിയത്. അതിനു നഴ്സിങ് സൂപ്രണ്ട് ദീന ഒന്നു കണ്ണുരുട്ടി. പക്ഷെ അവർക്ക് ഋതുവിനെ നന്നായിയറിയാം. അവൾ പേടിച്ചപോലെ നിന്നു. പക്ഷെ കള്ളത്തരത്തിന്റെ ചിരി അവളുടെ ചുണ്ടിൽ തത്തികളിച്ചിരുന്നു. പതിവുപോലെ അവരുടെ ഗ്യാങ്എല്ലാവരും തയ്യാറായി നിന്നിരുന്നു. നാൻസിയും ദിവ്യയും സീതയും പിന്നെ മെയിൽ നഴ്‌സ് ആയ അനന്തുവും അനുവും എല്ലാവരും കൂടിയിരുന്നു സംസാരിക്കുകയാണ്. അവർക്കിടയിലേക്കു ഋതുവും കൂടി.

“ആഹാ… എത്തിയല്ലോ വനമാല”

അനന്തുവാണ് തുടങ്ങിയത്. രാവിലെ വീട്ടിൽ നിന്നും ഇറങ്ങിയ നല്ല സന്ദർഭത്തിൽ അല്ലാത്തതുകൊണ്ടു അവളൊന്നു ചിരിച്ചെന്നു വരുത്തി അവന്റെ തലയിൽ ഒരു കൊട്ടും കൊടുത്തു അവർക്കരികിലേക്കു ഇരുന്നു.

പെട്ടന്ന് തന്നെ നഴ്സിങ് സൂപ്രണ്ട് ദീന വന്നു അവർക്കുള്ള ചാർജ് തിരിച്ചു കൊടുത്തു. അനന്തുവിന്റെ മുഖത്തു നല്ല സന്തോഷം… എന്താ കാര്യം അവനു ഇന്ന് ലബോറട്ടറിയിലാണ് ചാർജ്… കോഴി സ്വഭാവം കയ്യിലുള്ളതുകൊണ്ടു അവിടെയുള്ള ലാബിലെ പെണ്പിള്ളേരെ കുറച്ചായി അവൻ നോട്ടമിടുന്നു. അതും പറഞ്ഞു അവൻ അവിടെ കിടന്നു ഒന്നു തുള്ളിച്ചാടി.

“ഋതുവിന് എവിടെയാണ് ഡ്യൂട്ടി” അനുവിന്റെ വകയായിരുന്നു ചോദ്യം. അവനു വാർഡിൽ ആയിരുന്നു ഡ്യൂട്ടി. “എനിക്കിന്ന് സൂര്യ ഡോക്ടറിന്റെ ഒ പ്പിയിലാണ്. ” “ഏത്… നമ്മുടെ നിറെ നിറെയുടെ കൂടെയാണോ”

തുടരും