Thursday, December 12, 2024
Novel

ഋതു ചാരുത : ഭാഗം 3 NEW

എഴുത്തുകാരി: സേഷ്മ ധനേഷ്‌


“ഉം.. ചെല്ലു… ഞാൻ മെസ്സേജ് അയക്കാം” ഋതുവിന്റെ കവിളിൽ തട്ടി അരുൺ പറഞ്ഞു. അരുണിന്റെ റൂമിൽ നിന്നും ഒരു ചിരിയോടെ ഋതു പുറത്തേക്കു ഇറങ്ങി നടന്നു. മുന്നിൽ അനു നിൽക്കുന്നത് കണ്ടു അവളുടെ ആ ചിരി വിളറിയ ചിരിയായി പെട്ടന്ന് മാറി.

അനു അവളെ തന്നെ കൂർപ്പിച്ചു നോക്കി. ആ നോട്ടത്തിൽ അവളുടെ മുഖം ജാള്യത കൊണ്ടു താണ് പോയിരുന്നു.

“നീ വന്നേ…” അനു തറപ്പിച്ചു പറഞ്ഞു. ഒരക്ഷരം മിണ്ടാതെ അവന്റെ പുറകിലൂടെ ഋതുവും നടന്നു.

ഒടുക്കം നഴ്സിങ് റൂമിലാണ് അവന്റെ നടത്തം അവസാനിച്ചത്. ആ സമയം ഇരുവരും അല്ലാതെ വേറെ ആരും അവിടെ ഉണ്ടായിരുന്നില്ല.

തന്റെ മുന്നിൽ തല കുമ്പിട്ടു നിൽക്കുന്ന ഋതുവിനെ അനു കുറച്ചു നേരം കൂടി നോക്കി.

“ഋതു…. എന്നെ നോക്കു…. ഇനി പറ… എന്താ കാര്യം”

ഋതുവിന് അവനോടു കാര്യങ്ങൾ പറയാൻ വല്ലാത്ത ലജ്ജ തോന്നി. അവൻ എതിർത്തിട്ടും ചെയ്യുന്ന ഒരേയൊരു കാര്യം അരുൺ ഡോക്ടർ ആയിട്ടുള്ള സ്നേഹബന്ധം മാത്രമാണ്.

എന്തുകൊണ്ടോ മനസു അരുൺ ഡോക്ടറിന്റെ അടുക്കലേക്കു ചാഞ്ഞു കൊണ്ടിരുന്നു. അങ്ങനെ ഒരു മനസിന്റെ ചായ്‌വ്‌ എനിക്കും ഉണ്ടെന്നു തോന്നിയപ്പോൾ അനു വിലക്കിയതാണ്.

അരുൺ ഡോക്ടർ ചിലപ്പോ ഒരു നേരം പോക്ക് മാത്രമായാണ് തന്നെ കാണുന്നത് എന്നു അവനു എപ്പോഴും സംശയമാണ്. ഋതു ഒന്നും മിണ്ടാതെ ഇരിക്കുന്നത് കണ്ടു അവനു ചെറുതായി ദേഷ്യം വരാൻ തുടങ്ങി.

“ഋതു…. നിന്നോടാ ഞാൻ ചോദിക്കുന്നെ” ഇത്തവണ അവന്റെ ശബ്ദത്തിൽ വന്ന മാറ്റം അവൾ തിരിച്ചറിഞ്ഞു…

“അതു… പിന്നെ … അരുൺ ഡോക്ടർ… എന്നെ” ഋതു പറഞ്ഞു പൂർത്തിയാക്കും മുന്നേ അനു കൈകൾ ഉയർത്തി അവളെ വിലക്കി.

“നിങ്ങൾ തമ്മിൽ അവിടെ എന്തായിരുന്നു എന്നല്ല ഞാൻ ചോദിച്ചത്”

ഋതു പിന്നെയെന്താ എന്ന സംശയത്തിൽ അനുവിനെ നോക്കി.

“അതെനിക്ക് അറിയുകയും വേണ്ട…. ഞാൻ ചോദിച്ചത് പതിവില്ലാത്ത നിന്റെ കണ്ണിലെ വിഷാദമാണ്. അതിനു എന്താ കാരണമെന്നാണ് എനിക്ക് അറിയേണ്ടത്”

അവന്റെയ ചോദ്യം വല്ലാത്തൊരു ആശ്വാസമായിരുന്നു അവൾക്കു. ആരോടെങ്കിലും പറയാൻ അത്രയേറെ ആഗ്രഹിച്ചിരുന്നു.

തന്നെ മനസിലാക്കാൻ ആരെങ്കിലും ഉണ്ടല്ലോയെന്ന തോന്നൽ ചെറുതായി അവളെ സന്തോഷിപ്പിച്ചു. കണ്ണുകൾ നിറച്ചുകൊണ്ടു അവൾ തലയാട്ടി ഒന്നുമില്ലെന്ന്‌ പറഞ്ഞു.

“നീ തലയാട്ടി ഒന്നുമില്ല എന്നു പറയണ്ട…. കാര്യം പറഞ്ഞാൽ മാത്രം മതി. നിന്നെ ഇന്നും ഇന്നലെയും കാണാൻ തുടങ്ങിയതല്ലലോ”

ശരിയാണ്. പഠിക്കുന്ന കാലം മുതലേ അനുവിനെ അറിയാം. നല്ല സുഹൃത്തുക്കളായിരുന്നു. സ്കൂൾ തലം മുതൽ തുടങ്ങിയ സുഹൃത് ബന്ധം.

ആദ്യമൊക്കെ കൂട്ടുകാർ ഒരുപാട് കളിയാക്കിയിരുന്നു. ഒടുവിൽ അവർക്ക് തന്നെ മനസിലായി ഞങ്ങളുടെ ഉള്ളിലെ ആത്മബന്ധം.

ആത്മസുഹൃത്തു… കണ്ണിലെ തിളക്കം കൊണ്ടുപോലും വിഷാദവും സന്തോഷവുമൊക്കെ മനസിലാക്കുന്ന ശരിക്കുമൊരു ആത്മമിത്രം.

അടുത്തിടെ ഉള്ള ഏടത്തിയുടെ ചീത്തവിളികൾക്കും മറ്റും പരിഹാരം കാണുന്നത് അവൻ തന്നെയാണ്.

തന്നെപ്പോലെ തന്നെ വീട്ടിലെ പ്രാരാബ്ധം ഒറ്റക്ക് തലയിൽ ഏൽക്കുന്നവൻ… കൂട്ടത്തിൽ അവൻ ചെയ്തു തരുന്ന സഹായങ്ങൾ വീട്ടാൻ ഈ ജന്മം തനിക്കു മതിയാകില്ല. പണമായും സ്നേഹമായും സ്വാന്തനമായും….

അതു തന്നിലേക്ക് ഒഴുകാറുണ്ട്. അങ്ങനെയുള്ള അവനു തന്നെ മനസിലായില്ലെങ്കിൽ പിന്നെ ആർക്കാ മനസിലാകുക…. അവൻ അരുതെന്ന് പറഞ്ഞു ചെയ്ത…

അവന്റെ മനസിലേക്ക് തന്നിലാൽ ഒരു നോവ് പടർത്തിയത് അരുൺ ഡോക്ടറോഡുള്ള ഇഷ്ടം ഒന്നുമാത്രമാണ്. പലവട്ടം അവൻ വിലക്കിയിട്ടും…

പക്ഷെ ഇപ്പൊ പലപ്പോഴും തോന്നിയിട്ടുണ്ട് അവന്റെ വാക്ക് സത്യമാണെന്നു തോന്നാറുണ്ട്… അങ്ങനെ ഒന്നുകൂടി ഉണ്ടയാലും ആർത്തലച്ചു കരയാൻ അവന്റെ തോളുണ്ട് എന്നൊരു ആശ്വാസവും ഉണ്ട്.

അവന്റെയ നിൽപ്പും കൂർപ്പിച്ചുള്ള നോട്ടവുമെല്ലാം കാലത്തു വീട്ടിൽ നടന്നത് പറയാൻ അവളെ നിര്ബന്ധിതയാക്കി. അനുവും കൂടെയിരുന്നു ആലോചനയിലാണ്. അമ്പതിനായിരം രൂപ വേണം. ഇവിടെ ഉള്ളവർ എല്ലാവരും തന്നെ തങ്ങളെ പോലെയുള്ളവരാണ്.

പടിപ്പിന്റെ ലോൺ പോലും അടച്ചു തീർക്കാത്തവർ. അവരോടു എങ്ങനെയാ ചോദിക്കുന്നെ… അനുവിന് ഋതുവിന്റെ മുഖത്തു നോക്കുംതോറും…

അവളുടെ നിസ്സഹായാവസ്ഥ കാണും തോറും വല്ലാത്ത വിഷമം തോന്നി… എന്തോ ഒന്നു മനസിലുറപ്പിച്ച പോലെ അവളുടെ തോളിൽ തട്ടി…”

വഴിയുണ്ട്… വിഷമിക്കാതെ… തന്റെ പല സുഹൃത്തുക്കളും വാർഡിൽ ചെന്നപ്പോ തന്നെ അന്വേഷിച്ചു… അവരുടെയൊക്കെ പ്രിയപ്പെട്ട ഋതു സിസ്റ്ററെ കണ്ടില്ലലോയെന്നു… ചെല്ലു…” ഋതുവിനെ സമാധാനിപ്പിച്ചു വിട്ടു.

ഡ്യൂട്ടി സമയം കഴിയാൻ അടുക്കുംതോറും ഋതുവിന്റെ ടെൻഷൻ കൂടി വന്നിരുന്നു. മറ്റുള്ളവർക്ക് കൂടി അതു മനസിലാകാവുന്ന തരത്തിൽ.

അനന്തുവും അവളുടെ അടുത്തു വന്നു… “നിനക്കു എന്റെ അവസ്ഥ അറിയില്ലേ ഋതു… അല്ലെങ്കി ഞാൻ… ”

“സരമില്ലട… എനിക്കറിയാലോ നമ്മളോരോരുതരുടെയും അവസ്ഥകൾ… ഏടത്തി കുറച്ചു ചീത്ത പറയും… സാരമില്ല…

ഞാൻ എങ്ങനെയെങ്കിലും എന്തെങ്കിലുമൊക്കെ ചെയ്യാം…” അനന്തുവിനോട് വേദന കലർന്ന ചിരിയോടെ പറഞ്ഞു നിർത്തി.

ഡ്യൂട്ടി കഴിഞ്ഞു ഇറങ്ങാൻ തുടങ്ങുമ്പോഴാണ് അനു വരുന്നത് കണ്ടത്. അവന്റെ മുഖത്തെ പുഞ്ചിരി കണ്ടപ്പോൾ തന്നെ ഋതുവിന്റെയുള്ളിൽ പകുതി സമാധാനം തോന്നി…

കയ്യിൽ കരുതിയ പൈസ അവൾക്കു നേരെ നീട്ടി.

“അനു… ഇതിപ്പോ എവിടെനിന്നു ശരിയാക്കി… നിന്റെ കയ്യിൽ ഇല്ലായിരുന്നുവെന്നു എനിക്കറിയാം”

“നിന്നോട് കള്ളം പറയുന്നില്ല. വിസക്ക് കൊടുക്കാൻ.. ഏജൻസിക്ക് കൊടുക്കാൻ കരുതിയതാണ്”

“അനു…” ഋതു നീർക്കണത്തോടെ വേദനയോടെ അനുവിനെ വിളിച്ചു.

“നീ കൂടുതൽ ചിന്തിച്ചു കൂട്ടണ്ട. ഇപ്പൊ നിന്റെ കാര്യം നടക്കട്ടെ”

“എന്നാലും… അനു”

“ഇനി നീ വല്ലോം പറഞ്ഞാൽ അടികിട്ടും… ഇപ്പൊ നിനക്കാണ് ഇതിന്റെ ആവശ്യം… നീ ഇതു ആ ഏടത്തിക്കു വച്ചു നീട്ടു”

തെല്ലൊരു ദേഷ്യത്തോടെ അനു പറഞ്ഞു നിർത്തി. ആ പൈസ വാങ്ങാതെ ഋതുവിന് വേറെ വഴിയില്ലായിരുന്നു.

ഏടത്തിക്കു നേരെ പൈസ നീട്ടുമ്പോൾ അവരുടെ ക്രൗര്യത്തോടെയുള്ള നോട്ടം ഋതുവിന് ഒരു അരോചകമായി തോന്നി.

“നിനക്കു ശമ്പളം കിട്ടിയിട്ടില്ല എന്നറിയാം. പിന്നെ ഇത്ര വേഗം എങ്ങനെയാണ് നീ അമ്പതിനായിരം രൂപ ഒപ്പിച്ചത്”.

അർത്ഥം വച്ചുള്ള അവരുടെ നോട്ടത്തിലും പറച്ചിലിലും ഋതു വിഷമത്തോടെ മറുപടിയൊന്നും പറയാതെ തന്റെ തലയിണയിൽ പരിഭവങ്ങൾ പെയ്തൊഴിച്ചു.

🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻

രാത്രിയിൽ ബിസിനസ്സ് ചർച്ചകളും ഫയലുകളുമൊക്കെയായി രഞ്ജുവും ചാരുവും ചേതനും ഉണ്ട്.

അവരുടെ സംസാരങ്ങൾ കെട്ടും സംശയങ്ങൾക്കുള്ള മറുപടിയുമായി സാവിത്രിയമ്മയും കൂടെ തന്നെയുണ്ട്.

ഉണ്ണിക്കുട്ടൻ കളറിങ് പുസ്തകവും ക്രയോൻസും ഒക്കെയായി യുദ്ധത്തിലാണ്.

“ബ്രേക്ക് എടുക്കാൻ സമയമായോ” എല്ലാവരും ശബ്ദം കേട്ടിടത്തെക്കു കണ്ണുകളുയർത്തി നോക്കി. കയ്യിലൊരു ട്രെയുമായി നിൽക്കുവാണ് ശ്രുതി. നല്ല മണം അവിടമാകെ അവരെ പൊതിഞ്ഞു.

“ഇന്ന് എന്താ ചേച്ചി സ്‌പെഷ്യൽ” ചാരു എഴുനേറ്റു ശ്രുതിക്കരികിലേക്കു ചെന്നു.

“ക്യാരറ്റ് പ്ലസ് ഡേറ്റ്‌സ് പുഡ്ഡിംഗ്” പുരികമുയർത്തി എങ്ങനെയുണ്ട് എന്നർത്ഥത്തിൽ ശ്രുതി ചാരുവിനോട് കണ്ണുകൾ കൊണ്ടു ചോദ്യമെറിഞ്ഞു.

ഒരു സ്പൂണ് എടുത്തു വായിൽ വെച്ചു ടേസ്റ്റ് ചെയ്തു… കൈ വിരൽ കൊണ്ടു സൂപ്പർ എന്നു കാണിച്ചു.

“ഇന്ന് എന്താ ഇത്ര സന്തോഷം… മിക്ക ദിവസവും കാണാലോ എന്തെങ്കിലുമൊക്കെ” കഴിച്ചുകൊണ്ടു തന്നെ രഞ്ജു സംശയം ചോദിച്ചു.

“അപ്പൊ ഏട്ടനോട് ഈ ചേച്ചിയൊന്നും പറഞ്ഞിട്ടില്ലേ” ചോദ്യം രഞ്ജുവിനോട് ആയിരുന്നെങ്കിലും ചാരുവിന്റെ കണ്ണുകൾ നീങ്ങിയത് ശ്രുതിക്കു നേരെയാണ്.

ശ്രുതി പറഞ്ഞില്ലയെന്നു ചിരിയോടെ ചുമൽ കൂച്ചി പറഞ്ഞു.

“എന്റെ ഏട്ടാ… യൂട്യൂബിൽ 10 മില്യൺ സബ്സ്ക്രൈബർസ് ഉള്ള ഒരു കൊച്ചു സെലിബ്രിറ്റിയാണ് നമ്മുടെ ചേച്ചി… ചേച്ചിയുടെ ശ്രുതിസ് കിച്ചൻ വലിയ ഫേമസ് അല്ലെ…”

ഇതൊക്കെ എപ്പോ എന്ന ഭാവത്തിൽ രഞ്ജു കണ്ണും തള്ളിയിരുന്നു.

“ഏത് നേരം ബിസിനസ് എന്നും പറഞ്ഞു നടക്കാതെ ഇടക്കൊക്കെ ഭാര്യയുടെ കുറച്ചു കഴിവുകളും തിരിച്ചറിയണം മാൻ”

“അവനു എങ്ങനെ നേരം ഉണ്ടാകാനാണ്. നന്ദനം ഗ്രൂപ്പ്‌സ് നോക്കി നടത്തുന്ന പോലെ തന്നെയല്ലേ നിന്റെയച്ഛന്റെ വക കൂടി നോക്കുന്നത്… ”

സാവിത്രിയമ്മയുടെ ഗംഭീര്യ ശബ്ദം ഒരു നിമിഷം അവിടെ നിശബ്ദത നിറച്ചു. കനത്തോടെയുള്ള മുഖഭാവത്തോടെ തന്നെ അവർ ഇരുന്നു.

“ചേതൻ… എനിക്ക് സീരിയസ് ആയി സംസാരിക്കാനുണ്ട്” ചേതൻ മുഖമുയർത്തി അമ്മയെ നോക്കി.

പക്ഷെ അമ്മക്ക് പറയാനുള്ളത് എന്താകുമെന്നു അവനറിയാം. കൃത്യമായ ഇടവേളകളിൽ അമ്മയതു പറയാറുണ്ട്.

പക്ഷെ ഇപ്പൊ കുറച്ചായി ഇടവേളകളുടെ ദൈർഗ്യം കുറഞ്ഞു വരുകയാണ്. ചാരുവിന്റെ മുഖവും വാടി.

സ്വന്തം അച്ഛന്റെ ബിസിനസിന്റെ നല്ലൊരു ഭാഗം ഇപ്പൊ ചേട്ടനാണ് നോക്കുന്നത്. പിന്നെ ഇവിടുത്തെ കൂടിയും നോക്കണം.

ചേതന് ഇതിലൊന്നും ഒട്ടും താൽപര്യമില്ല. താനാണെങ്കി ഇപ്പൊ ഓരോന്നും പഠിച്ചു വരുന്നതേയുള്ളൂ…

പിന്നെ അമ്മയിപ്പോ പറയാൻ പോകുന്ന കാര്യവും എന്താണെന്ന് ഊഹിക്കാം… ചാരുവിന്റെ വിഷമം മനസിലാക്കിയ ശ്രുതി അവളുടെ കൈകളിൽ മുറുകെ പിടിച്ചു നിന്നു.

രഞ്ജു അവളെ ചിരിയോടെ കണ്ണുകൾ അടച്ചു സമാധാനിപ്പിച്ചു… മൗനമായി…

“ചേതൻ… പല വട്ടം ഞാൻ നിങ്ങളോടു ചോദിച്ചു കഴിഞ്ഞു… എന്താ നിങ്ങളുടെ ഉദ്ദേശം… ഇനിയും ഒരു ഡോക്ടറെ കാണാതെ…”

സാവിത്രിയമ്മ മുഴുവിപ്പിക്കാൻ കഴിയാതെ ചേതനെ നോക്കി. ദേഷ്യം കൊണ്ടു അവന്റെ മൂക്ക് ചുവന്നു തുടുത്തിരുന്നു.

അവൻ ഇരുനിടത്തു നിന്ന് പെട്ടന്ന് എഴുനേറ്റു ചാരുവിന് നേർക്ക് നടന്നു. അവളെ തന്റെ നെഞ്ചോടു ചേർത്തു നിർത്തി.

“ഇവളെ ഞാൻ ഭാര്യയാക്കിയത് എന്റെ പ്രണയ സാക്ഷാത്കാരമായിട്ടാണ്. പിന്നെ കുട്ടികൾ ഉണ്ടാകുന്നത്… ഞങ്ങൾക്ക് സമയമാകുമ്പോൾ ഉണ്ടാകും. ഇല്ലെങ്കി വേണ്ട…

കുറ്റവും കുറവും കണ്ടുപിടിക്കാൻ ഒരു ഡോക്ടറെ കാണാനും ഞാൻ പോകില്ല.

ഞങ്ങളിൽ ആർക്കാണ് കുറവെന്ന് ഞങ്ങൾക്ക് അറിയുകയും വേണ്ട. ഞങ്ങൾ എന്നും ഒന്നാണ്.

എന്റെ ഹൃദയം തൊട്ടറിഞ്ഞ… എന്റെ പ്രണയം മാത്രം മതി എന്റെ അവസാനം വരെ എനിക്ക് കൂട്ടായി… അമ്മ എപ്പോഴൊക്കെ ചോദിച്ചിട്ടുണ്ടോ അപ്പോഴൊക്കെ എനിക്ക് ഈയൊരു മറുപടിയെയുള്ളൂ തരാൻ. ഇപ്പോഴും അതു തന്നെ പറയുന്നു”.

ചേതൻ ദേഷ്യത്തിൽ അവന്റെ റൂമിലേക്ക് കേറി പോയി. സാവിത്രിയമ്മ കണ്ണുകൾ തുടച്ചു റൂമിലേക്കും.

ഇങ്ങനെയൊരു അവസ്ഥ ചോദ്യഉത്തരങ്ങൾ നടക്കുമ്പോൾ ഉണ്ടാകാറുണ്ട് എങ്കിലും എന്തോ… എല്ലാവരുടെ മുഖത്തും വിഷമം താളം പിടിച്ചു കണ്ടു.

സാവിത്രിയമ്മ തന്റെ ഭർത്താവിന്റെ ഫോട്ടോക്ക് മുൻപിൽ നിശബ്ദമായി പരിഭവം പറയുകയായിരുന്നു. ചാരു അവിടേക്ക് കേറി ചെന്നു. പുറകിലൂടെ ചെന്നു സാവിത്രിയമ്മയുടെ കഴുത്തിലൂടെ കൈകൾ ചുറ്റി പിടിച്ചു നിന്നു.

“സോറി…” ഒരു വിതുമ്പലോടെ ചാരു പറഞ്ഞു.

“ചാരു… ഇനിയെങ്കിലും നിന്റെ മനസിലുള്ളത് പറയു. നിങ്ങൾ ഡോക്ടറെ കണ്ടിട്ടുണ്ടോ. ഉണ്ടെങ്കിൽ ഒരു സമാധാനത്തിനു എങ്കിലും എന്നോട് എന്തെങ്കിലും പറയു.

എന്റെ കണ്ണടയും മുന്നേ അമ്മുവിന്റെ കല്യാണം കാണാൻ ആഗ്രഹിക്കുന്നതിലും അധികം ഞാൻ ആഗ്രഹിക്കുന്നത് ചേതന് ഒരു കുഞ്ഞിക്കാല് കാണാനാണ്.

ഏതൊരു അമ്മക്കും ഉണ്ടാകുന്ന ഈ കുഞ്ഞു ലോകത്തിലെ എന്റെ വലിയ ലോകത്തെ സ്വപ്നം…

അതെനിക്ക് നടത്തി തരണം ചാരു” സാവിത്രിയമ്മയുടെ വാക്കുകളിൽ വേദനയോടൊപ്പം ഒരു ശാസനയും തെളിഞ്ഞു നിന്നിരുന്നു.

ചാരു ഒന്നുകൂടെ സാവിത്രിയമ്മയെ മുറുകെ പിടിച്ചു. പിന്നെ ഒന്നും പറയാതെ കൈയയച്ചു തിരിഞ്ഞു നടക്കാൻ തുടങ്ങി.

“നിന്റെ സൗന്ദര്യത്തിനു എന്റെ മോന്റെ കുഞ്ഞു ഒരു ബാധ്യത ആകുമെന്ന് കരുതിയിട്ടാണോ ചാരു… ഇതുവരെ അമ്മുവിന്റെ സ്ഥാനത്തു തന്നെയാണ് നീയും ശ്രുതിയും എനിക്ക്.

വേർതിരിവ് ഇല്ല എന്നു പറഞ്ഞാലും ശ്രുതിയേക്കാൾ നിന്നെ ഞാൻ ഇഷ്ടപ്പെട്ടിരുന്നു… ഇപ്പോഴും ആ ഇഷ്ടം എനിക്ക് നിന്നൊടുണ്ട്… പക്ഷെ… നീ തിരികെ തരുന്നത് എന്താ…”

സാവിത്രിയമ്മയുടെ വാക്കുകളിൽ തറഞ്ഞു നിൽക്കാൻ മാത്രമേ അവൾക്കായുള്ളൂ. എന്തു മറുപടി പറയുമെന്നറിയാതെ….

ബാൽക്കണിയിൽ പാതി ചന്ദ്രനെ നോക്കി നിൽക്കുകയായിരുന്നു ചാരു. നിലാവും പാതി മാത്രം… സാവിത്രിയമ്മ പറഞ്ഞ വാക്കുകളിൽ നിന്നും ഇനിയും മുക്തയായിട്ടില്ല അവൾ.

“കാടുകയറുന്ന ചിന്തകൾക്ക് വിരാമം… ഇനിയീ കാടന്റെ കാടത്തം സഹിക്കാൻ നോക്കെന്റെ ചാരു” പിൻകഴുത്തിൽ കുറ്റിതാടിയുരസി ചേതൻ അവളോട്‌ പറഞ്ഞു.

ചേതനിലേക്കു തിരിയും മുന്നേ അവളുടെ ചിന്തകളെ മുഴുവനായി മുഖത്തു നിന്നുമൊഴിവാക്കി ചേതന്റെ പ്രണയിനി മാത്രമായി ആ നിമിഷം മുതൽ.

“ചേതൻ… നിനക്കു” അവളുടെ വാക്കുകളെ തെല്ലൊരു നിമിഷം അവന്റെ അധരങ്ങൾ കൊണ്ടു ബന്ധിച്ചു… ശ്വാസമെടുക്കാൻ മാത്രം മുഖം അവളിൽ നിന്നുമെടുത്തു.

“ഈ ചേതന്റെ നിശ്വാസം പോലും നീയാണ്… എനിക്ക് നിന്നോടാണ് പ്രണയം. നിന്നിൽ നിന്നും എനിക്ക് നിന്നെ മാത്രം മതി…”

അവളുടെ മുഖം കൈകളിൽ കോരിയെടുത്ത്… അവളുടെ നെറ്റിയിൽ തന്റെ നെറ്റി മുട്ടിച്ചു നിന്നു…

നിൻറെയി കണ്ണുകളും അതിലേറെ ഈ ഇന്ദ്രനീലവും… ഈ ഇന്ദ്രനീലം എന്നിൽ പടർത്തുന്ന പ്രണയ നിലാവ് എത്രത്തോളമാണെന്നു നിനക്കു അറിയില്ല ചാരു…

നിന്നോടലിയുന്ന ഓരോ നിമിഷവും ഞാൻ ഞാനല്ലതാകുന്നു…

നീയെന്ന ഇന്ദ്രനീല ശോണിമയിൽ… നിന്റെ നിഴലായി… നിന്റെ നീല വർണ്ണമായി…

അത്ര മാത്രം മതി എനിക്ക്… അത്രത്തോളം ഭ്രാന്തമാണ് നീയെനിക്ക്” ചാരുവിനെ ഇറുകെ പുണർന്നു… ഗാഢമായി… ഹൃദയതാളം പോലും ഒന്നായി കേട്ട നിമിഷങ്ങൾ….

പക്ഷെ ചാരുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്ന കണ്ട ചേതൻ… അവളുടെ സന്തോഷമാണെന്നു കരുതി അവളുടെ മാറിലേക്ക് മുഖമമർത്തി….

പാതി നിലാവിനെയും ചന്ദ്രനെയും നോക്കി കണ്ട ചാരു… വരും ദിവസങ്ങളിൽ ചേതനെ ….

തന്റെ നല്ല പാതിയെ… അവനിൽ നിന്നും അടർന്നു മാറാനുള്ള ആദ്യ പടിയെന്നോണം സേഫ്റ്റി വേണ്ടി കഴിക്കുന്ന ഗുളികകൾ ജനലിലൂടെ പുറത്തേക്കു കളഞ്ഞു…

എപ്പോൾ വേണമെങ്കിലും ചേതന്റെ ഇടതു വശം ശൂന്യമാകുമെന്നറിയാതെ…

അവൻ അവളിലേക്ക്… തന്റെ ഇന്ദ്രനീലിമയിലേക്കു അടുത്തു.

തുടരും

ഋതു ചാരുത : ഭാഗം 1

ഋതു ചാരുത : ഭാഗം 2