പ്രണയവീചികൾ : ഭാഗം 19
നോവൽ
എഴുത്തുകാരി: ആർദ്ര നവനീത്
തന്റെ വീട്ടിലെ നീളൻ വരാന്തയിൽ ഇരിക്കുകയായിരുന്നു സാരംഗ്. അവന്റെ മനസ്സ് നിറയെ ഋതികയായിരുന്നു.
അവൾ ഇന്ന് തന്റെ മുൻപിൽ വന്നുനിന്നത് തന്നോടുള്ള പ്രണയം തുറന്ന് പറയാൻ വന്നതാണ് എന്ന് വ്യക്തമായിരുന്നു. നീരവും കൂട്ടരും പറഞ്ഞതുകൊണ്ട് മാത്രമല്ല അവളുടെ വെള്ളാരംകണ്ണുകളിൽ അവൾക്കെന്നോടുള്ള പ്രണയം വിളിച്ചോതുന്നുണ്ടായിരുന്നു.
എങ്കിലും പെട്ടെന്ന് അവളുടെ അച്ഛൻ വന്ന് വിവാഹമാണെന്നും പറഞ്ഞ് വേദിനെ പരിചയപ്പെടുത്തി തന്നത് ഓർക്കുമ്പോൾ അവന് നെഞ്ച് നീറി.
എന്നാൽ വിവാഹത്തിനിഷ്ടമല്ലെങ്കിൽ അനിഷ്ടം പ്രകടമാകേണ്ട സ്ഥാനത്ത് അവനോടുള്ള വെറുപ്പാണ് പ്രകടമായത്.
അവന്റെ കൈ തോളിൽ വച്ചപ്പോൾ തട്ടിയെറിഞ്ഞതിൽ പോലും അടങ്ങിയിരുന്നത് അവനോടുള്ള ഒടുങ്ങാത്ത ദേഷ്യം ആയിരുന്നു.
വിവാഹം ഉറപ്പിച്ചതുകൊണ്ട് മാത്രമല്ല അവൾക്കവനോട് വെറുപ്പും ദേഷ്യവും മറ്റെന്തോ കാരണം അതിന്
പിന്നിലുണ്ടെന്ന് സാരംഗിന് വ്യക്തമായിരുന്നു.
ഇനി ആരെന്തൊക്കെ പറഞ്ഞാലും എന്റെ ഹൃദയത്തോട് ചേർത്തു വച്ചവളെ മറക്കാൻ എനിക്കാവില്ല. ഋതികയുടെ പേരിന്റെ കൂടെ മറ്റൊരു പേര് ചേരുന്നുണ്ടെങ്കിൽ അത് സാരംഗ് എന്നായിരിക്കും. അവൻ മനസ്സിൽ ഉറപ്പിച്ചു .
സാരൂട്ടാ… അമ്മയുടെ വിളി കേട്ടവൻ മുഖം ചരിച്ചു. അടുത്തായി വന്നിരുന്ന
അമ്മയുടെ മടിത്തട്ടിലേക്കവൻ മുഖം പൂഴ്ത്തി.
എന്ത് പറ്റി എന്റെ മോനൂട്ടന്… കുറേ ദിവസമായി കാര്യമായ ആലോചനയിലാണല്ലോ.. അവർ വാത്സല്യത്തോടെ തിരക്കി.
രണ്ട് വർഷം മുൻപേ അറ്റാക്കിന്റെ രൂപത്തിൽ അച്ഛനെ മരണം കവർന്നെടുത്തതാണ്. അമ്മയും അനിയനും മാത്രമേയുള്ളൂ ഇപ്പോൾ.
അനിയൻ പത്തിൽ പഠിക്കുകയാണ്. അച്ഛനൊരു ഫർണിച്ചർ മാർട്ട് ഉണ്ട്. അമ്മയുടെ മേൽനോട്ടത്തിലാണ് അതിപ്പോൾ.
അമ്മേ.. ഞാനൊരു കാര്യം പറയട്ടെ..
എന്താടാ
ഞാനൊരു പെൺകുട്ടിയെ ഒരുപാട് ഇഷ്ടപ്പെടുന്നു അമ്മേ. എന്റെ ജൂനിയർ ആണ്. വെള്ളാരം കണ്ണുകളാണ് അവൾക്ക്.. അവളെ കണ്ടത് മുതലുള്ള കാര്യങ്ങൾ അവൻ പറഞ്ഞു.
അവർ നിശ്ശബ്ദയായിരുന്നു.
അമ്മേ… പ്രതികരണമില്ലാത്തതിനാൽ അവൻ വിളിച്ചു.
ഇത് വേണോ മോനേ. എന്തൊക്കെയായാലും പീഡിപ്പിക്കപ്പെട്ട കുട്ടിയെന്നൊക്കെ പറഞ്ഞാൽ… അവരുടെ സ്വരത്തിലെ ആശങ്ക അമ്മമാരുടെ സഹജമായ ആശങ്കയാണെന്നവൻ തിരിച്ചറിഞ്ഞു.
അതവളുടെ കുറ്റമല്ലല്ലോ അമ്മേ. പതിനഞ്ചു വയസ്സല്ലേ അന്നവൾക്കുള്ളൂ. എഴുന്നേൽക്കാൻ വയ്യാത്ത അവസ്ഥയിൽ ദുർബലയായൊരു പെൺകുട്ടിയെ കീഴടക്കുന്നത് നല്ലതാണോ അമ്മേ.
അവളൊരുപാട് ഒഴിഞ്ഞു മാറിയതാണ്.
എനിക്കവളെ ഒരുപാട് ഇഷ്ടമാണ്. ധിക്കാരഭാവത്തിൽ നടക്കുമ്പോഴും ഉള്ളിൽ അവൾ ഒരു പൂച്ചക്കുഞ്ഞിനെപ്പോലെ നിഷ്കളങ്കയാണ്.
മനസ്സിൽ നന്മയുള്ളവളാണ്. തന്റെ ശരീരത്തിന്റെ പരിശുദ്ധി നഷ്ടമായെന്ന ഒരൊറ്റ കാരണത്താൽ എന്നിൽ നിന്നുപോലും അവൾ ഒളിച്ചിട്ടേ ഉള്ളൂ.
ചേർത്തു നിർത്തേണ്ടവർ പോലും ചേർത്തു നിർത്താതെ തളർന്നുപോയ മനസ്സുള്ളവൾ. അവളൊരുപാട് എന്നെ പിന്തിരിപ്പിക്കാൻ നോക്കി. പക്ഷേ അവളെ മറക്കാൻ എനിക്ക് കഴിയില്ലമ്മാ.
എന്റമ്മയെ അവളൊരുപാട് സ്നേഹിക്കും. സ്നേഹിക്കുവാനേ അവൾക്കറിയാവൂ.
ഒരു സ്ത്രീയ്ക്ക് മറ്റൊരുവളുടെ അവസ്ഥ മനസ്സിലാക്കാൻ കഴിയില്ലേ.
നിന്റെ ഇഷ്ടമാണ് അമ്മയ്ക്ക് പ്രധാനം.
ഞാനുമൊരു പെണ്ണാണ്. എനിക്ക് മനസിലാക്കാം ആ കുഞ്ഞിന്റെ അവസ്ഥ.
അതനുഭവിച്ച വേദന മനസ്സിലാക്കാൻ കഴിയും.
ഇനിയുള്ള കാലം എന്റെ മകളായി ഞാൻ സ്നേഹിച്ചു കൊള്ളാം.
അമ്മയുടെ ആ വാക്കുകൾ മാത്രം മതിയായിരുന്നു അവന് മനസ്സിൽ തണുപ്പ് നിറയാനായി .. പുഞ്ചിരിയോടവൻ അന്തിച്ചുവപ്പിലേക്ക് കണ്ണുകൾ പായിച്ചു.
********************
ഇതേസമയം ഋതു ഋഷിയോട് മനസ്സ് തുറക്കാൻ ഒരുങ്ങുകയായിരുന്നു.
ഏട്ടൻ പറഞ്ഞത് ശരിയാണ് വേദിനെ എനിക്ക് വെറുപ്പാണ്.
എന്റെ ഏട്ടനെപ്പോലെ തന്നെയാണ് ഞാൻ അവനെയും കണ്ടിരുന്നത്.
തറവാട്ടിലെത്തിയാൽ വേദിന്റെ കൈയിൽ തൂങ്ങിയാണ് അധികവും നടക്കുന്നത്. പക്ഷേ ആ വേദിൽ നിന്നെല്ലാം അവനൊരുപാട് മാറിയെന്ന് ഞാനറിഞ്ഞത് എന്നാണെന്ന് ഏട്ടനറിയാമോ.
പനിച്ചു വിറച്ച് കിടന്ന എന്റരികിൽ അവൻ വന്നപ്പോൾ. സഹോദരനായി കരുതിയവൻ കാമത്തോടെ എന്നിലേക്ക് ആഴ്ന്നിറങ്ങിയപ്പോൾ.
കൈകൂപ്പി തൊഴുതു ഏട്ടാ ഞാൻ… പക്ഷേ അവന് ആസക്തി എന്റെ ശരീരത്തോടായിരുന്നു.
ഓരോ പ്രാവശ്യം വേദനിപ്പിക്കുമ്പോഴും അലറി വിളിക്കണമെന്നുണ്ടായിരുന്നു പക്ഷേ തളർച്ച കൊണ്ട് ശബ്ദം പുറത്തു വന്നില്ല.
അവനെ തള്ളിമാറ്റി ഇറങ്ങി ഓടണമെന്നുണ്ടായിരുന്നു അതിനും കഴിയാതെ തളർന്നുപോയി ശരീരം. പതിനഞ്ച് വയസ്സിൽ ബലപ്രയോഗത്തിലൂടെ എന്നെ നശിപ്പിച്ചവനോട്..
എല്ലാവരുടെയും മുൻപിൽ അപഹാസ്യയായി നിന്നപ്പോഴും ഒരു നോട്ടം കൊണ്ടുപോലും ദയ കാണിക്കാത്തവനോട്..
ഒന്നുമറിയാത്തവനെപ്പോലെ എല്ലാവർക്കും മുൻപിൽ നിഷ്കളങ്കനായി നിന്നവനോട്..
കൂടപ്പിറപ്പായി അവനെ കണ്ട എന്റെ ഏട്ടന്റെ മുൻപിൽ വരെ അഭിനയിച്ചു ഫലിപ്പിച്ചവനോട് എങ്ങനെയാ എനിക്ക് സ്നേഹമുണ്ടാകുക… പൊട്ടിക്കരഞ്ഞുകൊണ്ട് ഋതു നിലത്തേക്ക് ഊർന്നുവീണു.
കാതിൽ പതിച്ച സത്യങ്ങൾ ഉൽക്ക പതിക്കുംപോലെ ഭയാനകമായാണ് അവന് തോന്നിയത്. നടുങ്ങി തരിച്ചു നിന്നു ഋഷി.
ഏട്ടനറിയാമോ അവൻ കാരണമാണ് ഞാൻ മാറിയത്. പട്ടുപാവാടയും കുപ്പിവളകളും അണിഞ്ഞ ഞാൻ അവനൊരു ഭ്രാന്താണെന്ന് അവൻ തന്നെ പറഞ്ഞപ്പോൾ അവനിൽനിന്നും ഓടിയൊളിക്കാൻ ഞാൻ വലിച്ചെറിഞ്ഞവയാണ് അതെല്ലാം.
എത്രയൊക്കെ ഒഴിഞ്ഞു മാറിയിട്ടും അവനിന്നും എന്നെ വിടാതെ പിന്തുടരുന്നു.
ഈ വീട്ടിൽ വച്ചുപോലും എത്രയോ പ്രാവശ്യം അവനെന്നെ കീഴടക്കാൻ ശ്രമിച്ചിരുന്നു.
അവനിൽ നിന്നും രക്ഷപെടാൻ തന്നെയാ അവനെ ഞാൻ അടിച്ചതും.
അവനെന്നോട് പറഞ്ഞതെന്താണെന്ന് ഏട്ടനറിയാമോ.. അവന് പക തീർക്കാനാണ് എന്നെ വിവാഹം കഴിക്കുന്നതെന്ന്.
എന്നെ വേദനിപ്പിക്കാൻ കുത്തി രസിക്കാൻ അതിനെല്ലാം വേണ്ടി മാത്രം. അവന് എന്നോട് സ്നേഹം എന്ന വികാരമല്ല വെറും കാമമാണ് ഉള്ളത്. ഇനിയുമുണ്ട് ഏറെ.. എങ്ങനെയാ അത് ഞാനെന്റെ ഏട്ടനോട് പറയേണ്ടത്… അവളുടെ ഏങ്ങലടി കൂടി. ശബ്ദം അടഞ്ഞു.
ഇത്രയൊക്കെ എന്നെ വേദനിപ്പിക്കുകയും അപമാനിക്കുകയും ചെയ്ത അവനെ സ്വീകരിക്കണോ ഞാൻ… അവൾ കരഞ്ഞു.
ദേഷ്യം അതിന്റെ ഉച്ചസ്ഥായിയിലെത്തിയപോലെ ഋഷി ചാടിയെഴുന്നേറ്റു. കൊടുങ്കാറ്റുപോലെ സർവ്വതും തകർത്തെറിയുവാനുള്ള വ്യഗ്രതയോടെ പുറത്തേക്ക് പായാൻ പോയ
അവന്റെ കൈയിൽ ഉടനെയവൾ പിടിത്തമിട്ടു.
വിട് ഋതൂ.. ആ പട്ടിയെ ഞാനിന്ന് കൊല്ലും. വിശ്വാസവഞ്ചന കാണിച്ച നീചനാണവൻ. ആത്മാർഥത ലവലേശമില്ലാത്ത വഞ്ചകൻ.
എന്റെ അനിയത്തിയുടെ ജീവിതം നശിപ്പിച്ചവൻ. അവന്റെ അഭിനയം ഇന്നത്തോടെ തീർക്കും ഋഷി.
അവളുടെ കൈ വിടുപ്പിക്കാൻ ശ്രമിച്ചു കൊണ്ടവൻ ചീറി.
എന്റെ ഏട്ടനെ എനിക്ക് നഷ്ടമാകാതിരിക്കാനാണ് ഞാൻ എല്ലാം മൂടിവച്ചത്. എന്റെ ഏട്ടനെ ഒരു കൊലപാതകിയായി കാണാൻ കഴിയാത്തതുകൊണ്ട്. ഞാൻ കാരണം എന്റെ ഏട്ടന്റെ ജീവിതം തകരരുത്.
ഏട്ടൻ അവനെ എന്തെങ്കിലും ചെയ്താൽ പിന്നെ ഞാൻ ജീവനോടിരിക്കില്ല. ഋതുവാണ് പറയുന്നത്.. അവളുടെ ഉറച്ച സ്വരം അവനെ തളർത്തി.
ഞാൻ പറയാം എല്ലാവരോടും എന്റെ ഋതു തെറ്റുകാരിയല്ലെന്ന്. ആ കഴുകനാണ് നിന്നെ…. അവൻ ദേഷ്യത്തോടെ മുഷ്ടി ചുരുട്ടി ചുവരിൽ ആഞ്ഞിടിച്ചു.
ആരും വിശ്വസിക്കില്ലേട്ടാ… വിവാഹം മുടക്കുന്നതിനായി മെനഞ്ഞെടുത്ത നുണക്കഥകൾ ആയേ എല്ലാവർക്കും തോന്നുകയുള്ളൂ.
നമ്മുടെ അച്ഛൻ പോലും വിശ്വസിക്കില്ല. കാരണം അത്രമേൽ അവനവരിൽ നല്ലവനായി സ്വാധീനം ചെലുത്തിക്കഴിഞ്ഞു.. ഋതുവിന്റെ വാക്കുകൾ ശരിയാണെന്ന് ഋഷിയ്ക്കും അറിയാമായിരുന്നു.
കാരണം അത്രത്തോളം ശക്തമാണ് അമ്മാവനും വേദുമായുള്ള അച്ഛന്റെ ബന്ധം.
അച്ഛന്റെ മുൻപിൽ അവനിപ്പോൾ എല്ലാമറിഞ്ഞിട്ടും മകളെ സ്വീകരിക്കാനെത്തിയ മഹാനാണ്.
അവനവളുടെ മുഖത്തേക്ക് നോക്കി. അവൾ സഹിച്ച വേദനകളും യാതനകളും ഓർക്കുന്തോറും അവന്റെ ഹൃദയം പിടഞ്ഞു.
ചെറുപ്രായത്തിനിടെ അവൾ സഹിച്ച ദുരിതങ്ങൾ..ആരുമില്ലായിരുന്നു അവളെ ചേർത്തുപിടിക്കാൻ.
അവൾ എല്ലാം തുറന്നു പറഞ്ഞില്ലെന്ന വാശിയിൽ താൻ പോലും അവളെ മാറ്റിനിർത്തി.
ആലോചിക്കുന്തോറും അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. വേദനയോടവൻ കണ്ണുകൾ ഇറുകെയടച്ചു.
അന്നവൾ ഏട്ടന്റെ മാറിലെ ചൂടേറ്റ് ഉറങ്ങി. ഉറക്കമില്ലാതെ അവളെ ചേർത്തു പിടിച്ച് തഴുകുമ്പോഴും അവന്റെ മനസ്സിൽ വേദിനോടുള്ള സ്നേഹം മാറി വെറുപ്പ് നിറഞ്ഞിരുന്നു.
തന്റെ കുഞ്ഞനുജത്തിയെ വേദനിപ്പിച്ചവനുള്ള ശിക്ഷ അത് മാത്രമായിരുന്നു മാത്രമായിരുന്നു അവന്റെ മനസ്സിൽ അപ്പോൾ.
(തുടരും )