പ്രണയമഴ : ഭാഗം 26
നോവൽ
എഴുത്തുകാരി: മിഴി വർണ്ണ
കിച്ചു കാണിച്ച ഫോട്ടോ കണ്ടു പ്രസാദ് ഞെട്ടിത്തരിച്ചു നിന്നു…. താൻ കാണുന്നതു സത്യം ആകല്ലേ എന്നു പ്രാർത്ഥിച്ചു.
“അതേടോ….അകത്തു നിങ്ങളുടെ മകൻ കാരണം ജീവിതത്തിനും മരണത്തിനും ഇടക്ക് പോരാടുന്നതു “ഗീതു മഹേശ്വരി” ആണ്….എന്റെ മഹി…നിങ്ങൾ ഇത്തിരി നേരുത്തേ അഹങ്കാരത്തോടെ വിളിച്ചു പറഞ്ഞ മഹേശ്വരി ഇൻഡസ്ട്രിസിന്റെ ഒരേ ഒരു അവകാശി…
നിങ്ങളുടെ ബോസ്സ് ദേവരാഗ് മഹേശ്വറിന്റെയും സാധിക മഹേശ്വറിന്റെയും ഒരേ ഒരു മക്കൾ…ഗീതു മഹേശ്വരി.”
കിച്ചുവിന്റെ വാക്കുകൾ കേട്ടു ഗീതുവിന്റെ അച്ഛനും അമ്മയും പ്രിയയും ഒഴികെ ബാക്കി എല്ലാരും ഞെട്ടിത്തരിച്ചു നിന്നു.
“നിങ്ങൾ ചോദിച്ചില്ലേ മിസ്റ്റർ പ്രസാദ് വർമ… മഹിയുടെ ജീവന്റെ വില എത്ര ആണെന്ന്??? അതിനുള്ള ഉത്തരം തരാൻ ദേവരാഗ് അങ്കിളും സാധിക ആന്റിയും ഉടനെ വരും…. അവർ പറഞ്ഞു തരും നിങ്ങളുടെ മുതലാളിയുടെ മകളുടെ ജീവന്റെ വില….
now please get out from here….
ഇനി കുറച്ചു നേരം കൂടി നിങ്ങൾ രണ്ടും ഇവിടെ നിന്നു ചെലച്ചാൽ ഈ കൃഷ്ണപ്രിയ ആരാന്നു നിങ്ങൾ അറിയും…. ഓർത്തോ. ”
തന്റെ ബോസ്സിന്റെ മകൾ ആണ് ഉള്ളിൽ ജീവനു വേണ്ടി പോരാടുന്നതു എന്നു അറിഞ്ഞതോടെ പ്രസാദ് എല്ലാ അർഥത്തിലും തകർന്നു കഴിഞ്ഞിരുന്നു…
തന്റെ മകൻ കാരണം ആണ് ഗീതു ഇങ്ങനെ ഒരു അവസ്ഥയിൽ എന്നു കൂടി ഓർത്തപ്പോൾ സർവ്വവും നഷ്‌ടപ്പെട്ട ഒരവസ്ഥയിൽ അയാൾ എത്തി ചേർന്നു….. ഒരു വാക്ക് പോലും പറയാതെ ആതിരയെയും കൂട്ടി അയാൾ തിരിഞ്ഞു നടന്നു…
ഇവിടെ യഥാർത്ഥത്തിൽ തോറ്റു പോയത് ആതിര ആയിരുന്നു…. ഏതു മഹേശ്വരി ഇൻഡസ്ട്രിസ്സിന്റെ ഹെഡിന്റെ മകൾ എന്ന പേരിൽ ആണോ താൻ ഇത്രയും അഹങ്കരിച്ചത് ഗീതുവിനെ നശിപ്പിക്കാൻ നോക്കിയത്….
അതേ ഗീതു ഇന്നു തന്റെ അച്ഛന്റെ പോലും ബോസ്സ് ആണെന്ന് അറിഞ്ഞതോടെ അവളുടെ എല്ലാ അഹങ്കാരവും കാറ്റിൽ പറന്നു കഴിഞ്ഞിരുന്നു.
******
“കൃഷ്ണ എന്തൊക്കെയാ നീ ഈ വിളിച്ചു പറഞ്ഞത്…. ഗീതു ബിസ്സിനെസ്സ് കിങ് ദേവരാഗ് മഹേശ്വറിന്റെ മക്കൾ ആണെന്നോ??? എന്റെ പെണ്ണ് യഥാർത്ഥത്തിൽ മഹേശ്വരി ഗ്രുപ്പിന്റെ അവകാശി ആണെങ്കിൽ എന്തിനാ അവൾ നമുക്ക് ഇടയിൽ പാവങ്ങളെ പോലെ ജീവിച്ചത്??? ”
ശിവയുടെ ചോദ്യങ്ങൾ കേട്ടു കിച്ചു ഒന്നു പുഞ്ചിരിച്ചു…. ഒരുപാട് രഹസ്യങ്ങൾ ഒളിപ്പിച്ചു കൊണ്ടുള്ള പുഞ്ചിരി… ശേഷം അവൾ പറഞ്ഞു തുടങ്ങി ഗീതു മഹേശ്വരി എന്ന മഹിയുടെ കഥ.
ലോകത്ത് ഏഴോളം രാജ്യങ്ങളിൽ വ്യാപിച്ചു കിടക്കുന്ന ബിസ്സിനെസ്സ് സാമ്രാജ്യം ആണ് മഹേശ്വരി ഇൻഡസ്ട്രിസ്സ്…. ഒരുപാട് കഷ്ടപ്പെട്ടിട്ടാണ് ദേവരാഗ് അങ്കിൾ ഈ സാമ്രാജ്യം കെട്ടിപൊക്കിയത് എന്നു ഞാൻ അച്ഛൻ പറഞ്ഞു കേട്ടിട്ടുണ്ട്….
സാമ്രാജ്യം വലുതാകുമ്പോൾ ശത്രുക്കളുടെ എണ്ണവും കൂടുതൽ ആകും…. അതു തന്നെ ഇവിടെയും സംഭവിച്ചു. സാധിക ആന്റി പ്രെഗ്നന്റ് ആയപ്പോൾ മുതൽ അമ്മയെയും കുഞ്ഞിനെയും കൊല്ലാൻ ശ്രെമം നടന്നു…
തന്നോടൊപ്പം ഉണ്ടെങ്കിൽ എത്ര സുരക്ഷ കൊടുത്താലും സ്വന്തം കുഞ്ഞിന്റെ ജീവൻ ആപത്തിൽ ആകും എന്നു മനസിലായ അങ്കിളും ആന്റിയും ജനിച്ച ഉടനെ സ്വന്തം കുഞ്ഞിനെ ആന്റിയുടെ ബെസ്റ്റ് ഫ്രണ്ട് ആയ എന്റെ പപ്പയെ ഏൽപ്പിക്കാൻ തീരുമാനിച്ചു… ആ കാര്യത്തിൽ എന്റെ അമ്മയ്ക്കും യാതൊരു എതിർപ്പും ഇല്ലായിരുന്നു.
ആ കാര്യത്തിൽ ദൈവത്തിനു പോലും സമ്മതം ആയിരുന്നു കാണും…. അതു കൊണ്ടാണല്ലോ ഞാനും മഹിയും ഒരേ ദിവസം ഒരേ ആശുപത്രിയിൽ ജനിച്ചതു…. അവിടം മുതൽ അങ്ങോട്ട് എന്നും ഇരട്ടക്കുട്ടികളെ പോലെയാണ് ഞങ്ങൾ വളർന്നത്….
മഹിയുടെ അച്ഛനും അമ്മയും ആരും അറിയാതെ അവളെ കാണാൻ വരും ആയിരുന്നു…. ഇത്രയും വലിയ ബിസ്സിനെസ്സ് സാമ്രാജ്യത്തിന്റെ ഏക അവകാശി ആണെന്ന് അറിഞ്ഞിട്ടും ഒരിക്കൽ പോലും എന്റെ മഹി അതിൽ അഹങ്കരിച്ചിട്ടില്ല…..
ഒരു രാജകുമാരി ആയിട്ട് പോലും സാധാരണക്കാരെ പോലെ ജീവിക്കാൻ ആണ് അവൾക്കു അന്നും ഇന്നും ഇഷ്ടം.
മറ്റുപെൺകുട്ടികൾ ഡാൻസും പാട്ടും പഠിക്കാൻ ആഗ്രഹിച്ചപ്പോൾ ഇവൾ കരോട്ടയും കളരിയും ഒക്കെ പഠിക്കാൻ ആണ് താല്പര്യം കാണിച്ചതു….വീണ വായിക്കാൻ അവൾക്കു അന്നും വലിയ ഇഷ്ടം ആണ്.
ഒടുവിൽ എന്റെ നിർബന്ധത്തിനു ഡാൻസ് പഠിക്കാൻ ഗീതു കൂടെ വന്നു. പക്ഷേ പിന്നീട് മനസിലായി അവളുടെ കാലുകൾക്കു ദൈവം നൃത്തവിസ്മയം തീർക്കാൻ ഉള്ള കഴിവ് അനുഗ്രഹിച്ചു നൽകിയിട്ടുണ്ട് എന്നു….
മെല്ലെ മെല്ലെ അവൾക്കും നൃത്തം ഇഷ്‌ടപെടാൻ തുടങ്ങി…. ഞാനും അവളും ഒരുമിച്ചു ഒരുപാട് വേദികളിൽ നൃത്തം ചെയ്തിട്ടുണ്ട്….പാട്ടു പഠിച്ചിട്ട് ഇല്ല എങ്കിലും അതി മനോഹരം ആയി മഹി പാടും…ഒറ്റയ്ക്ക് ഇരുന്നു പാടാൻ ആണ് ആ വായാടിക്ക് കൂടുതൽ ഇഷ്ടം.
ഡാൻസിന്റെ ലോകത്ത് നിന്നു കിട്ടിയത് ആണ് ഞങ്ങൾക്ക് ആനന്ദ് ഏട്ടനെ…. ഞങ്ങൾക്കു 10 വയസ്സ് ഉള്ളപ്പോൾ മുതൽ ഏട്ടൻ ഞങ്ങളുടെ കൂടെ ഉണ്ട്. കൂടെപിറക്കാതെ പോയ കൂടപ്പിറപ്പ് ആണ് ചേട്ടൻ എന്റെ മഹിക്ക്.
ഡൽഹിയിൽ ആണ് താമസിക്കുന്നത് എങ്കിലും എനിക്കും മഹിക്കും മലയാളം നല്ലത് പോലെ അറിയാം. എത്ര ഒക്കെ ആണേലും മലയാളികൾക്ക് മലയാളം ആകുമല്ലോ കൂടുതൽ ഇഷ്ടം.
പത്താം ക്ലാസ്സ് വരെയും ഞങ്ങളുടെ ജീവിതത്തിൽ എല്ലാം നല്ല രീതിയിൽ നടക്കുക ആയിരുന്നു. പക്ഷേ അന്ന് പത്താം ക്ലാസ്സ് പരീക്ഷയുടെ അവസാനദിവസം ഞങ്ങളുടെ ജീവിതം പോലും നശിപ്പിക്കുന്ന തരത്തിൽ ഒരു സംഭവം ഉണ്ടായി.
പരീക്ഷ എല്ലാം കഴിഞ്ഞ സന്തോഷത്തിൽ ഞാനും മഹിയും ആനന്ദ് ഏട്ടനും കൂടി ഒരു ലോങ്ങ് ഡ്രൈവിനു പോയി… ചേട്ടൻ നന്നായി വണ്ടി ഒട്ടിക്കും… ആ ധൈര്യത്തിൽ ആണ് അച്ഛൻ ഞങ്ങളെ പോകാൻ അനുവദിച്ചത്.
അത്യാവശ്യം തിരക്കു കുറഞ്ഞ ഒരു വഴി ആയിരുന്നു അന്ന് ഞങ്ങൾ റൈഡിനു ആയി തിരഞ്ഞെടുത്തതു…. പക്ഷേ അതു ഒരു വലിയ തെറ്റായി പോയി എന്നു പിന്നീട് മനസിലായി.
മടങ്ങി വരും വഴി ഏട്ടൻ ആണ് പറഞ്ഞത് കൊറേ നേരം ആയി ഒരു കാർ ഞങ്ങളെ ഫോളോ ചെയുന്ന കാര്യം… ആദ്യം ഒന്നും ഞങ്ങൾ അതു കാര്യം ആക്കിയില്ല. പക്ഷേ തികച്ചും ഒറ്റപ്പെട്ട ഒരു സ്ഥലത്തു വെച്ചു ആ കാർ ഞങ്ങളെ തടഞ്ഞു നിർത്തി.
കണ്ടാൽ തന്നെ പേടി ആകുന്ന 3 പേർ ഞങ്ങളെ വണ്ടിയിൽ നിന്നു പിടിച്ചു ഇറക്കി. ആദ്യം കരുതിയത് പണം തട്ടി എടുക്കാൻ വന്ന കള്ളൻമാർ ആകും എന്നായിരുന്നു. പക്ഷേ അവന്മാർക്കു വേണ്ടത് എന്നെയും ഗീതുവിനെ ആയിരുന്നു…. ഞങ്ങളുടെ ശരീരം ആയിരുന്നു അവരുടെ ലക്ഷ്യം….
അധികം ബഹളം വെയ്ക്കാതെ മഹി സഹകരിച്ചാൽ എന്നേ വെറുതെ വിടാം എന്നൊരു ഓഫർ അവന്മാർ ഞങ്ങൾക്ക് തന്നു. അതോടെ മനസിലായി അവരുടെ ലക്ഷ്യം മഹി മാത്രമാണെന്ന്.
എന്തു കൊണ്ടു അവളെ ഇവർ ട്രാപ്പ് ചെയ്യാൻ നോക്കുന്നു എന്നു ആലോചിച്ചു നിന്ന ഞങ്ങൾക്ക് മുൻപിലേക്ക് കാറിൽ നിന്നും ഒരാൾ ഇറങ്ങി വന്നു…..
അതോടെ പെട്ടിരിക്കുന്ന അപകടത്തിന്റെ ആഴവും കാരണവും ഞങ്ങൾക്ക് വ്യക്തമായി. എന്റെ മനസ്സിൽ ഏറ്റവും വിഷമം ഉണ്ടാക്കിയത് ഞാൻ കാരണം ആണ് മഹി ഇങ്ങനെ ഒരു ആപത്തിൽ പെട്ടത് എന്നു ഓർത്തു ആയിരുന്നു.
എങ്ങനെ രക്ഷപ്പെടും എന്നറിയാതെ ഞാനും മഹിയും ആനന്ദ് ഏട്ടനെ നോക്കി…. ഞങ്ങളുടെ നോട്ടത്തിൽ ആകെ ഒരു വ്യത്യാസം ഉണ്ടായിരുന്നതു ഞാൻ എന്തു ചെയ്യണം എന്നു അറിയാതെ ദയനീയമായി നോക്കി….
മഹി കണ്ണിൽ അടങ്ങാത്ത ദേഷ്യത്തോടെയും ചുണ്ടിൽ ഒരിക്കലും മായാത്ത പുഞ്ചിരിയോടെയും ആയിരുന്നു എന്നു മാത്രം.
തുടരും…