Thursday, December 26, 2024
Novel

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 28

നോവൽ
IZAH SAM


“എന്തിനാ പറയുന്നത്…..അച്ഛനെതിര്ക്കും അമ്മഎതിർക്കും….നിങ്ങളുടെ എല്ലാ ആഗ്രഹത്തിനും കൂടെ നിന്നാൽ നിങ്ങൾക്കിഷ്ടപ്പെട്ട ഫ്രണ്ട്‌ലി ആയ അച്ഛൻ ‘അമ്മ…..അല്ലാ എങ്കിൽ പോരാളി……

നിന്റെ മനസ്സിൽ എനിക്കുള്ള പേര് അതാണ് എന്ന് എനിക്കറിയാം…..ഇനി ഇപ്പൊ എന്താ കോഴ്സ് കഴിയുന്നത് വരെ ഇവിടെ നിൽക്കുക….

പിന്നീട് കല്യാണത്തിന് ഞങ്ങൾ സമ്മതിച്ചില്ല എങ്കിൽ അവനോടൊപ്പം ഇറങ്ങി പോവുകാ….അതും ഇതുപോലെ പെട്ടന്ന് ഒരു ദിവസം……”

അത് പറയുമ്പോ അമ്മയുടെ ശബ്ദം നന്നായി ഇടറുന്നുണ്ടായിരുന്നു. ‘അമ്മ കരയുന്നുണ്ട്. എന്റെ ഹൃദയത്തെ കുത്തികീറുന്നതു പോലുണ്ടായിരുന്നു..

ആദിയേട്ടൻ പറഞ്ഞ വാക്കുകളെക്കാളും എന്റെ അമ്മയുടെ വാക്കുകൾ എന്നെ വേദനിപ്പിച്ചു.’അമ്മ അങ്ങോട്ട് തിരിഞ്ഞു നിൽക്കുകയായിരുന്നു… ഞാൻ പുറകിൽ നിന്ന് അമ്മയെ കെട്ടിപിടിച്ചു കരഞ്ഞു……

“സോറി ‘അമ്മ…..സോറി….ഞാൻ നിങ്ങളെ വേദനിപ്പിക്കണം എന്ന് വിചാരിച്ചു ആദിയേട്ടനെ വിളിച്ചു കൊണ്ട് വന്നതല്ല…..അപ്പോ അങ്ങനെ ചെയ്യാനാ തോന്നിയത്……”

ഞാൻ അമ്മയുടെ മുതുകിൽ തലവെച്ചു കരഞ്ഞു….അമ്മയും കരയുവായിരുന്നു. അമ്മ തിരിഞ്ഞു നിന്ന് എന്റെ തലയിൽ തടവി…..

“ദീപയെ പോലെ നീ ഇറങ്ങി പോവരുത്….. ഞങ്ങൾക്കതു താങ്ങാൻ കഴിയില്ല ശിവാ…… ”

എനിക്കു വേദന തോന്നി…’അമ്മ കരഞ്ഞു ഞാൻ കണ്ടിട്ടില്ല…..

“ഇല്ല ‘അമ്മ ഞാൻ ഒരിക്കലും അങ്ങനെ ചെയ്യില്ല…..നിങ്ങൾ തന്നെ കൊണ്ട് വന്ന ആലോചനയല്ലേ ‘അമ്മ ആദിയേട്ടന്റെ……എന്നോട് മറക്കാൻ പറയല്ലേ അമ്മാ……ഞാൻ കാത്തിരുന്നോളാം എത്ര കാലം വേണെമെങ്കിലും……. ആദിയേട്ടനും കാത്തിരിക്കാം എന്ന് പറഞ്ഞിട്ടുണ്ട്…… ”

ഞാൻ അമ്മയുടെ കൈപിടിച്ച് പറഞ്ഞു…..പറയുമ്പോ ഞാനും കരയുന്നുണ്ടായിരുന്നു.

“ഇല്ല…ശിവാ….അച്ഛൻ സമ്മതിക്കില്ലാ…… ഇപ്പോഴും പറഞ്ഞു എന്നോടു ….. അച്ഛൻ നേരത്തെ മനസ്സിലാക്കിയിരുന്നു…..”

‘അമ്മ വേദനയോടെ പറഞ്ഞു…..

“അച്ഛൻ സമ്മതിക്കും ‘അമ്മ……നമ്മടെ അച്ഛനല്ലേ….അമ്മയ്ക്കിഷ്ടല്ലേ…ആദിയേട്ടനെ..?..”

‘ഞാൻ അമ്മയുടെ കൈകളിൽ പിടിച്ചു ചോദിച്ചു……

“മോളെ….അവൻ നല്ല ഒരു വ്യെക്തിയാണ്…പക്ഷേ അവനു ചുറ്റും ശത്രുക്കളാണ്. ഒരുപാട് കഥകൾ ഉണ്ട് അവനെ പറ്റി ….. അവനെ പാര്ട്ടിക്കാര് കുത്തീട്ടുണ്ട്…..എന്ന് വേണ്ടാ അച്ഛൻ പറയുന്നത് കേട്ടാൽ….നീ നിന്റെ മോളെ പോലും അവനെ പോലൊരാൾക്കു കെട്ടിച്ചു കൊടുക്കില്ല…..”

അമ്മയാണ്…..ശബ്ദം ഒക്കെ ശാന്തമായിരുന്നു. ഈശ്വരാ ആരാണോ ഈ പുണ്യപ്രവർത്തി ചെയ്തത്. ഈ കഥകൾ ഒക്കെ അച്ഛന് പറഞ്ഞു കൊടുത്ത് പരോപകാരം ചെയ്ത ആൾക്കാരെ ഞാൻ………….&&&&&……

“അപ്പൊ അങ്ങനെ ഒരാളെയാണോ…. അച്ഛനും അമ്മയും കൂടെ വെറും പതിനേഴു വയസ്സുള്ള എനിക്ക് ആലോചിച്ചത്…..?” ഞാനാ ……അമ്മയെ തന്നെ ഞാൻ നോക്കി നിന്നു…..

“അത് അന്ന് സീതച്ചേച്ചി ശുദ്ധജാതകം എന്ന് പറഞ്ഞപ്പോ…പെട്ടന്ന് അങ്ങനെ തോന്നി…..എന്നാലും ഞങ്ങൾ അന്വേഷിക്കുവല്ലോ..എന്നിട്ടല്ലേ കല്യാണം നടത്തുള്ളൂ….?” ഒന്ന് വിക്കിയെങ്കിലും മുഖത്തു ആ ഭാവം ഒന്നുമില്ലായിരുന്നു.

ഞാൻ തലയാട്ടി…..”എന്റെ ‘അമ്മെ അച്ഛൻ കേട്ട കഥകൾ എല്ലാം ‘അമ്മ വിശ്വസിക്കുന്നുണ്ടോ ?”

അവിടെ മൗനം…സ്ലാബിൽ ചാരി നിൽക്കുന്നു….ഞാൻ അമ്മയോട് ചേർന്നുനിന്നു.

“അതൊക്കെ വിശ്വസിച്ചാലും ഇല്ലെങ്കിലും ഞാൻ അരവിന്ദേട്ടന്റെ ഒപ്പമേ നിക്കുള്ളൂ… അതുകൊണ്ടു നിനക്ക് പറയാനുള്ളതെല്ലാം അവിടെ പറഞ്ഞുകൊള്ളൂ… എനിക്ക് നിന്നോട് ഒന്നേ പറയാനുള്ളു….

നീ ഇവിടെ കാത്തിരുന്നു മൂത്തു നരച്ചാലും അവൻ അവിടെ നിന്ന് നരച്ചാലും ഇറങ്ങി പോവരുത്…അത്രേയുള്ളു….”

നിർദ്ദാക്ഷണ്യം എന്നോട് പറഞ്ഞിട്ട് പുള്ളിക്കാരി പോയി…..ഞാൻ പുറകിൽ ചെന്നു….

“‘അമ്മാ……” ഞാൻ ഓടി ചെന്ന് അമ്മയുടെ മുന്നിൽ നിന്നു…”പ്ളീസ് ‘അമ്മ….. എന്റൊപ്പം നില്ക്കുമോ?”

“ഇല്ലാ….. ഞാൻ അച്ഛനോടൊപ്പമേയുള്ളു…” അതും പറഞ്ഞു പുള്ളിക്കാരി എന്നെ കടന്നു പോയി.

ഞാൻ അമ്മയെ ദയനീയമായി നോക്കി നിന്നു.അമ്മ എന്നെ തിരിഞ്ഞു നോക്കി……

“എന്റെ ശിവാ ആ ഉശിരൻ ചെക്കനെ ഇവിടെ കൊണ്ടിരുത്തി പെണ്ണ് ചോദിപ്പിയ്ക്കാൻ നീ കാണിച്ച കുരുട്ടു ബുദ്ധിയില്ലേ അത് മാറ്റി വെച്ച് അൽപ്പം സ്നേഹത്തോടെ സംസാരിച്ചു നോക്ക് നിൻ്റെ പാവം അച്ചനോടു. ”

എന്റെ കിളികളെല്ലാം പറന്നു പോയി…. “അപ്പോ…അമ്മയ്ക്കു സമ്മതമാണോ?”

“നിന്റെ അച്ഛന്റെ തീരുമാനമാണ് എന്റെയും.” അതും പറഞ്ഞു ലൈറ്റും അണച്ച് ‘അമ്മ പോയി…അച്ഛൻ നേരത്തെ കിടന്നിരുന്നു..ഞാൻ എന്റെ മുറിയിലേക്ക് ചെന്നു.

ഇപ്പോൾ എനിക്ക് കാര്യങ്ങൾ ഏകദേശം മനസ്സിലായി.

അച്ഛനാണു പ്രശ്നം…..അന്ന് ആദിയേട്ടൻ വന്നു പോയപ്പോൾ അച്ഛൻ എന്നെ ശ്രദ്ധിച്ചിരുന്നു…..എന്നിൽ നിന്ന് തന്നെ അച്ഛന് മനസ്സിലായിട്ടുണ്ടാവും…അച്ഛനാവും ആദിയേട്ടനെ ചെന്ന് കണ്ടത്…..അതുകൊണ്ടാവും ആദിയേട്ടൻ ബ്രേക്ക് എടുക്കാം എന്ന് പറഞ്ഞതു….

ഒന്നും വേണ്ടായിരുന്നു. ഞാൻ ആദ്യമേ അച്ഛനോടും അമ്മയോടും പറഞ്ഞാൽ മതിയായിരുന്നു.

അച്ഛനെ വെറുതെ വിഷമിപ്പിച്ചു….അമ്മയും വിഷമിച്ചു……ഞാൻ ആദിയേട്ടനെ പെട്ടന്ന് വിളിച്ചുകൊണ്ടു വന്നു അങ്ങനയൊക്കെ പറഞ്ഞതു അവർക്കു വേദനയായി…

പക്ഷേ എനിക്കപ്പോ ആദിയേട്ടനെ പിരിയാൻ കഴിയില്ലായിരുന്നു…ആ ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളൂ ……ഒന്നും വേണ്ടായിരുന്നു…..എനിക്ക് ആദിയേട്ടനെ വേണം…..

അച്ഛനും അമ്മയും വിഷമിക്കാനും പാടില്ലാ….എന്ത് ചെയ്യും…..തിരിഞ്ഞും മറിഞ്ഞും ഞാൻ ആലോചിച്ചു…..നേരം ഒത്തിരി വൈകി…..മൊബൈൽ എടുത്തു നോക്കി…..

ആദിയേട്ടന്റെ ഒരു ഗുഡ്‌നൈട് മെസ്സേജ് പോലുമില്ല…… ഇനീപ്പോ അച്ഛൻ സമ്മതിച്ചാലും ആ അലമ്പൻ എന്നെ ഇനി വിളിക്കില്ല… ഞാൻ മൊബൈൽ എടുത്തു ആദിയേട്ടനെ വിളിച്ചു…..എടുത്തില്ല…..

വീണ്ടും വിളിച്ചു ……ഉറങ്ങിയോ ആവോ ……അപ്പൊ കട്ട് ചെയ്തു……അപ്പൊ ഉറങ്ങീലാ……ഞാൻ ഒരു ഗുഡ് നൈറ്റ് മെസ്സേജ് ഇട്ടു…..അനക്കമില്ല….എന്തോ ടൈപ്പ് ചെയ്യുന്നു……ഞാൻ കാത്തിരുന്നു…

ഇതെന്താ ഇത്രയ്ക്കു ടൈപ്പ് ചെയ്യാൻ….ഉപദേശമായിരിക്കുമോ……പ്രണയലേഖനമായിരിക്കുമോ……കുറച്ചു കാത്തപ്പോൾ മെസ്സേജും വന്നു.

“ഞാനല്ല ഗജപോക്കിരി….നീയാണ് ……. വഞ്ചകി………………………………….എന്ന് തുടങ്ങി ആദിയേട്ടന് ഇത്രയും മ്ലേച്ചമായി സംസാരിക്കാൻ കഴിയും എന്നത് എനിക്ക് പുതിയ അറിവായിരുന്നു……

ഒരു നീണ്ട മെസ്സാജായിരുന്നു അത്….ഒടുവിലത്തെ വാചകം ഇതായിരുന്നു……”നിന്റെ കോഴ്സ് കഴിയാതെ ഇനി ഇങ്ങോട്ടു വിളിച്ചാൽ ഇതിലും കഷ്ടമായിരിക്കും നിന്റെ അവസ്ഥ.”

പ്രണയലേഖനം പ്രതീക്ഷിച്ച ഞാൻ ഒരു കദനകഥയിലെ നായികയെ പോലെ കരഞ്ഞു കിടന്നു ഉറങ്ങി.
ഞാൻ വൈകിയാണു എഴുന്നേറ്റതു. അച്ഛനെ ഫേസ് ചെയ്യാൻ എനിക്ക് ബുദ്ധിമുട്ടുണ്ടായിരുന്നു. എന്നാലും എനിക്കച്ഛനോടു ചിലതു പറയാനുമുണ്ടായിരുന്നു…..

കാശിയും പാറും പോയിക്കഴിഞ്ഞതും ഞാൻ അച്ഛന്റെ അടുത്ത് ചെന്നു. അച്ഛൻ റെഡി ആവുകയായിരുന്നു. അച്ഛൻ റെഡി ആവുമ്പോ മുറിയിൽ നല്ല മണമാണ്.

പൗഡറും സെന്ററും കലർന്ന മണം. അച്ഛന്റെ മണം…..ഞങ്ങൾക്കിഷ്ടമാണ് ആ മണം. അച്ഛൻ എന്നെ നോക്കി….

“കോളേജിൽ പോവുന്നില്ലേ……?” അച്ഛനാണ് . ശബ്ദത്തിൽ ഗൗരവം .

“ഉണ്ട്…..എനിക്ക് ഒരു കാര്യം പറയാനുണ്ടായിരുന്നു…..” ഞാൻ വിക്കി വിക്കി പറഞ്ഞു…എനിക്ക് ഭയം അല്ല…..മറ്റെന്തോ വികാരം….കുറ്റബോധമാണോ..അറിയില്ലാ ..എനിക്ക് നല്ല വിറയലുണ്ടായിരുന്നു…എങ്കിലും എനിക്ക് പറഞ്ഞെ മതിയാവുള്ളൂ….

അച്ഛൻ എന്നെ തന്നെ നോക്കി……അവിടെയുള്ള കസേരയിലിരുന്നു….ഞാൻ വന്നു അച്ഛന്റെ അടുത്ത് മുട്ടുകുത്തിയിരുന്നു….

“ശിവാ…..നിൻെറ കുരുട്ടു ബുദ്ധിയും തന്ത്രവും വാക്‌സാമർത്യവും ഒന്നും കൊണ്ട് വരണ്ടാ ……എനിക്ക് ഒരു മാറ്റവുമില്ല….. വെറുതെ നമ്മുടെ സമയം കളയണ്ടാ…..”

അച്ഛ‌നറെ മുഖത്തിലും ശബ്ദത്തിലും ഗൗരവം.

എനിക്ക് കരച്ചിൽ വരുന്നുണ്ടായിരുന്നു….അച്ഛൻ ഒരിക്കലും ഇത്രയും അകൽച്ചയുടെ എന്നോട് സംസാരിച്ചിട്ടില്ല….ഈ അകൽച്ച എന്നെ ഒരുപാട് വേദനിപ്പിച്ചു.

ഞാനറിയാതെ തന്നെ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി……

“കണ്ണീര്….നിന്റെ പുതിയ നമ്പറാണോ…ശിവാ….”

അച്ഛന്റെ നാവിൽ നിന്ന് അത് കേട്ടപ്പോൾ ഞാൻ ശെരിക്കും തളർന്നു പോയി….. ആ കണ്ണുകളിലെ പുച്ഛവും വേദനയും എനിക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. ഞാൻ എണീറ്റ് കണ്ണുകൾ തുടച്ചു…എന്റെ മൊബൈൽ എടുത്തു അച്ഛന് കൊടുത്തു .

” ….ആദിയേട്ടൻ എന്നെ ഇനി വിളിക്കില്ല….. എനിക്ക് ഇനി ഈ മൊബൈലും വേണ്ടാ……ഞാൻ വിഷമിപ്പിച്ചെങ്കിൽ അച്ഛൻ ക്ഷെമിക്കണം……. “അതും പറഞ്ഞു ഞാൻ അച്ഛന്റെ മുഖത്തു നിന്നും കണ്ണുകൾ മാറ്റി…എന്റെ കണ്ണ് നിറഞ്ഞൊഴുകി കൊണ്ടിരുന്നു.

“എന്റെ ജീവൻ നിങ്ങളാണ്..നിങ്ങളില്ലെങ്കിൽ ശിവാനി ഇല്ലാ …പക്ഷേ എന്റെ സന്തോഷം ആദിയേട്ടനാണ്…… എൻ്റെ ആഗ്രഹവും കൊതിയും എല്ലാം ആദിയേട്ടനോടൊപ്പമുള്ള ജീവിതമാണു……മറക്കാൻ പറയല്ലേ അച്ഛാ……പറഞ്ഞാൽ ഞാൻ തകർന്നു പോകും …..”

അച്ഛൻ മൗനം തന്നെയായിരുന്നു….മുഖത്തെ ഗൗരവം തെല്ലും കുറഞ്ഞില്ല…’അമ്മ വാതിൽക്കൽ വന്നു ഞങ്ങളെ നോക്കി നിൽപ്പുണ്ടായിരുന്നു. ആ കണ്ണുകളിൽ വേദനയുണ്ടായിരുന്നു.

“മറക്കാൻ ശ്രമിച്ചാലേ…അറിയാൻ കഴിയുകയുള്ളൂ…..തകരുമോ …ഇല്ലയോ ….എന്ന് ” അച്ഛനാണ് ….അതേ ഗൗരവം.

ഞാൻ ഒന്നും മിണ്ടാതെ പുറത്തിറങ്ങി…….അന്ന് കോളേജിൽ പോകാൻ തോന്നിയില്ല……

ദിവസങ്ങൾ കടന്നു പോയി……. അച്ഛന്റെ നിലപാടിന് ഒരു മാറ്റവുമുണ്ടായില്ല……എന്നോടധികം സംസാരിക്കാറില്ല…..

ഞാൻ പോയി അങ്ങോട്ട് സംസാരിക്കും…..ആദ്യമൊന്നുമിണ്ടില്ലാ……കുറച്ചു കഴിയുമ്പോ സംസാരിക്കും….എന്നാലും അകൽച്ച മനഃപൂർവം അച്ഛൻ നിലനിർത്തി പോന്നു.

‘അമ്മ പഴയതു പോലെ…ഒരു മാറ്റവുമില്ല…..അച്ഛന്റെ നിലപാടോർത്തു വിഷമമുണ്ട് എങ്കിലും……

പുള്ളികാരിക്ക് ആദിയേട്ടനെ ഇഷ്ടമാണു.. ഒരിക്കൽ കാശിയോട് പറയുന്നത് കേട്ടു…..

“ഈ കാന്താരിയെ വല്ല സാധു ചെക്കന്മാർക്കും കെട്ടിച്ചു കൊടുത്തിട്ടു വേണം അവനന്റെ ശാപം മുഴുവൻ ഈ കുടുംബത്തിന് കിട്ടാൻ……ആ ആദി തന്ന്യാ നല്ലതു…..”

“അവനാവുമ്പോ ഇവൾക്കിട്ടു രണ്ടു പൊട്ടിക്കയും ചെയ്തോളും അവൾക്കു അതിൽ പരാതിയും ഉണ്ടാവില്ല……”

ഒളിച്ചു കേട്ട എന്റെ കണ്ണ് തള്ളി പോയി….എന്ത് കഷ്ടമാണ് ……എന്നെ പൊട്ടിക്കും പോലും….. അമ്മയ്ക്കതിൽ ഒരു വിഷമവുമില്ല….കാണിച്ചു തരാം പോരാളി….

എന്റെ ആദിയേട്ടൻ എന്നെ കണ്ണിലെ കൃഷ്ണമണി പോലെ നോക്കുന്നത്. …..യ്യോ അപ്പോഴാ ആദിയേട്ടന്റെ അവസാന മെസ്സേജ് ഓർമ്മ വന്നത്..ആ ഓർമ്മ തന്നെ എന്നെ തളർത്തി ..

അത്ര ഭയാനകം ആയിരുന്നു. അച്ഛൻ വായിച്ചിട്ടുണ്ടാവുമോ ആവോ…..

പിന്നെ ആദിയേട്ടൻ……പുള്ളിക്ക് ഒറ്റ വാക്കെയുള്ളൂ എന്ന് എനിക്ക് മനസ്സിലായി ….. എന്റെ മൊബൈൽ അന്ന് അച്ഛന് കൊടുത്തല്ലോ….. കുറച്ചു ദിവസങ്ങൾ കഴിഞ്ഞു അച്ഛൻ എനിക്ക് ആ മൊബൈൽ തിരിച്ചു തന്നു. നേരിട്ടല്ല….. അമ്മയാണ് തന്നതു.

അതിൽ ആദിയേട്ടന്റെ ഒരു മെസ്സേജ് പോലുമുണ്ടായിരുന്നില്ല…..ഞാൻ കുറേനാൾ കാത്തു…..പിന്നെ ഞാൻ എന്നും രാത്രി ഗുഡ് നൈറ്റ് മെസ്സേജ് ഇടും…

ഒരു അനക്കവുമുണ്ടായില്ല…..എനിക്ക് ചിലപ്പോൾ ഭ്രാന്തു പിടിക്കുന്ന പോലെ തോന്നും…ഞാനിപ്പോ പഠിക്കുന്ന സ്ഥലം മാറ്റി…..

ബാൽക്കണി ആക്കി…..രണ്ടു കാര്യങ്ങളുണ്ട് കേട്ടോ…. ആ ബാല്കണിയിലാണ് ഞാൻ ആദിയേട്ടനുമായി ആദ്യമായി സംസാരിക്കുന്നതു.

അവിടെ നിന്നാണ് ആദിയേട്ടൻ രാത്രി പുറത്തു വരുമ്പോ ഞാൻ വന്നിരുന്നു സംസാരിച്ചിരുന്നത്…..അതുകൊണ്ടൊക്കെ ആ ബാൽക്കണി എനിക്ക് ഒരുപാട് പ്രിയപ്പെട്ടതായി മാറി. അവിടെ ഇരിക്കുമ്പോ ഞാനറിയുന്നു പ്രണയത്തിന്റെ കുളിരു,

വേദന ……ആ കാപ്പി കണ്ണുകളിലെ പ്രണയം നുകരാൻ ഇനിയും ഒരു വർഷവും കൂടെ ബാക്കി….. എന്നെ കാത്തിരിക്കുമല്ലോ…..ആ ഉറപ്പിന്മേൽ ഞാൻ ആദിയേട്ടനെ പ്രണയിച്ചു കൊണ്ടേയിരുന്നു….

എന്നെ വിളിക്കാതിരിക്കുമ്പോഴും എന്റെ ഗുഡ് നൈറ്റ് മെസ്സേജുകളിൽ മറുപടി അയക്കാതിരിക്കുമ്പോഴും എന്നിലെ വിശ്വാസവും പ്രണയവും കൂടിയതല്ലാതെ ഒരു തരിമ്പും കുറഞ്ഞില്ല ……

എന്റെ വീട്ടുകാരെ മാനിക്കുന്നതു കൊണ്ടാണ് ആദിയേട്ടൻ എന്നെ വിളിക്കാത്തതു എന്ന് എനിക്ക് ഇപ്പൊ മനസ്സിലാവുന്നു….

എന്നാലും ഈ എൽ.എൽ.ബി ക്കു എന്തിനാണീശ്വരാ ഈ അഞ്ചു വര്ഷം….. നാല് പോരായിരുന്നോ……ഞാൻ മുകളിലോട്ടു നോക്കി എല്ലാദിവസങ്ങളും ചോദിച്ചു കൊണ്ടിരുന്നു…..

ഒപ്പം അച്ഛന്റെ മനസ്സ് മാറാനും പ്രാർത്ഥിച്ചുകൊണ്ടിരുന്നു.

പിന്നെ കോളേജിൽ എല്ലാം മുറപോലെ നടന്നു…..പരീക്ഷകളൊക്കെ ഞാൻ നന്നായി എഴുതി….ഇപ്പൊ പിന്നെ ആരെയും ഫോൺചെയ്യാനൊന്നുമില്ലലോ…. അതുകൊണ്ടു പഠിക്കും…

പിന്നെ അദ്വൈത കൃഷ്ണയുടെ ജൂനിയർ ആവാനുള്ളതല്ലേ…. പിന്നെ എന്റെ ചങ്കുകൾ……അമ്മു ….ഇവൾ പ്രണയനൈരാശ്യം ബാധിച്ചു പോസ്റ്റ് ആവുമോ എന്ന് ഭയന്ന ഞാൻ ഇപ്പൊ പോസ്റ്റായി….

എൻ്റെ പ്രണയകാലത്തിനു റീത്തു വെച്ചപ്പോ മറ്റു രണ്ടു പ്രണയകാലങ്ങൾ ആരംഭിക്കുകയായിരുന്നു.

ഒന്ന് എന്റെ അമ്മുവും ആനന്ദേട്ടനും…അവർക്കു ആരംഭിക്കാനേ മന്ദത ഉണ്ടായിരുന്നുള്ളൂന്…

പ്രണയിക്കാൻ മത്സാരമായിരുന്നു…. അമ്മു മുഴുവൻ സമയവും ഓൺലൈൻ ആണ്…ഞങ്ങൾ ഒന്ന് ഷോപ്പിംഗ് നു പോയാൽ അതും അവൾ സെൽഫി എടുത്തു ആനന്ദേട്ടന് പോസ്റ്റ് ചെയ്യും ആനന്ദേട്ടനും അങ്ങനെ തന്നെ…..

എവിടെ പോയാലും അവളോട്‌ പറയും ….എന്തിനു ഇവളോട് പറഞ്ഞിട്ടാ അയാൾ ഉണ്ണൻ വരെ പോവുന്നെ…..

പിന്നെ ഇവരുടെ കൂടിക്കാഴ്ച്ച….. അവിടെയും ഈ അമ്മു പിശാശു കരഞ്ഞു കാലു പിടിച്ചു പോസ്റ്റ് പോലെ എന്നെ കൊണ്ട് പോവും…എന്നിട്ടു രണ്ടും മാറിയിരുന്നു കുറുകൽ തന്നെ….

അപ്പൊ ഞാനോർക്കും ഞങ്ങളുടെ ആദ്യ കൂടിക്കാഴ്ച…. ഒരു ഒന്നന്നര ഡേറ്റിംഗ് ആയിപോയല്ലോ….. ഈശ്വരാ……

പിന്നെ രണ്ടാമത്തെ പ്രണയം….. നിങ്ങൾക്കു സങ്കൽപ്പിക്കാൻ പോലും പറ്റില്ല ആ ജോഡികളെ…..യാമിയും അന്ന് അവളെ ഭ്രാന്തമായി ലിപ്ലോക്ക് ചെയ്ത എബിയും…..അതും ഞാൻ കാരണം …..

വെറുതെ നേരം പോക്കിന് മാത്രം പ്രണയിച്ച രണ്ടു കമിതാക്കളെ ഞാൻ മനസമ്മതവും വിവാഹവും വരെ കൊണ്ടെത്തിച്ചുവത്രേ…..അങ്ങനെ പ്രണയം എന്താണ് എന്നവർ തിരിച്ചറിഞ്ഞുവത്രേ….ഇത് യാമി തന്നെ എന്നോട് പറഞ്ഞതാ…..

അതും എന്നെ കെട്ടിപിടിച്ചു….എബി ഇപ്പൊ പാസ് ഔട്ട് ആയി പോയി എങ്കിലെന്താ എന്നും വൈകിട്ട് ബൈക്കിൽ വരും യാമിയെ വിളിക്കാൻ….അവന്റെ പുറകിൽ കയറി അവൾക്കു ഒരു പോക്കുണ്ട്…ഈ ലോകം അവർക്കു മാത്രമാണുള്ളത് എന്ന് തോന്നും….

ഇതൊക്കെ കാണുമ്പോളുണ്ടല്ലോ ഞാൻ ആ വക്കീലിന്റെ അപ്പൂപ്പനെ വരെ മനസ്സാൽ സ്മരിച്ചു പോവും….. എന്റെ കല്യാണമൊന്നു കഴിഞ്ഞോട്ടെ എന്റെ ഈ നല്ല പ്രണയകാലം ഇല്ലാണ്ടാക്കിയ ആ ഗജപോക്കിരിയെ കൊണ്ട് ഞാൻ നക്ഷത്രക്കാലെണ്ണിക്കും…. സത്യം……

ഈശ്വരാ ഇതിനെല്ലാം പകരം എന്റെ ആദിയേട്ടനോടൊപ്പം ജീവിതകാലം മുഴുവൻ എനിക്ക് പ്രണയകാലമാക്കി തരണമേ ……. ഇത് എന്റെ സ്വകാര്യ പ്രാര്ഥനയാട്ടോ…

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

ഒരു ഞായറാഴ്ച അമ്മയുടെ അനിയനും മക്കളും ഒക്കെ വീട്ടിൽ വന്നു….. ഊണൊക്കെ കഴിഞ്ഞു…..വൈകിട്ട് ഞങ്ങളെല്ലാവരും കൂടെ പുറത്തു പോയി.രണ്ടു കാറിലായി പോയി.

….ആദ്യം ഒരു പാർക്കിൽ പോയി…..അത് കഴിഞ്ഞപ്പോ പിള്ളേർ സെറ്റ്നു ബോർ…അതൊക്കെ ഡെൽഹി യിൽ നിന്നും വന്ന ടീം ആണു. അവർക്കു ബീച്ചിൽ പോണത്രെ…. ഞാൻ ഞെട്ടി പോയി…. കടപ്പുറം….ഐസ് ക്രീം…..ഇത് രണ്ടും ഞാൻ വെറുത്തു പോയി….എന്റെ ആദ്യ ഡേറ്റിംഗിന്റെ സംഭാവനയാണെ ഈ വെറുപ്പു.

“നമുക്ക് മൂവിക്കു എന്തെങ്കിലും പോയാൽ പോരെ……?” ഞാനാണെ…

“നോ ശിവേച്ചി…..ലെറ്റസ്‌ എന്ജോയ് ദി ബ്യൂട്ടി ഓഫ് നേച്ചർ….മൂവി എപ്പോഴും കാണാല്ലോ….?” കൊച്ചച്ചന്റെ മോളാണെ …..പരിഷ്കാരി…. ഞാൻ ചുണ്ടു കൊട്ടി ….പുറത്തേക്കു നോക്കി.

ബീച്ച് എത്തി…..എല്ലാരും കൂടെ ഇറങ്ങി…വെള്ളത്തിൽ കളിച്ചു….ഞാൻ വെറുതെ നോക്കി നിന്നു…. എന്റെ മനസ്സിൽ കണ്ണുനീർ തിളക്കമുള്ള കാപ്പികണ്ണുകളും അതിൽ നിറഞ്ഞ പ്രണയവും ആയിരുന്നു….

എന്നോട് ബ്രേക്ക് എടുക്കാം എന്ന് പറയുമ്പോളും എനിക്ക് വേദനിച്ചതിനേക്കാൾ നൂറു മടങ്ങു വേദന കടിച്ചമർത്തിയതു ആ കാപ്പി കണ്ണുകളായിരുന്നു….

എന്റെ ഐസ് ക്രീമിന്റെ ബാക്കി കൊതിയോടെ കുടിച്ച ആദിയേട്ടനായിരുന്നു…..”ഞാൻ കാത്തിരിക്കാം ” എന്ന ആ വാക്കുകൾ എന്റെ ചെവിയിൽ മുഴങ്ങി കൊണ്ടിരുന്നു.

“കരയുവാണോ ചേച്ചീ…….എന്ത് പറ്റി……” പാറുവാണു . അപ്പോഴാണ് ഞാനും അറിയുന്നത് എന്റെ കണ്ണുകൾ നിറഞ്ഞൊഴുകുവായിരുന്നു എന്ന്.

“ഒന്നുമില്ല മോളെ……” അവൾ എന്നെ നോക്കി വിശ്വാസമില്ലാത്ത പോലെ നിന്നു..ഞാനവളെ നിർബന്ധിച്ചു പറഞ്ഞു വിട്ടു…..പരിഷ്കാരികൾ കുറെ നേരം വെള്ളത്തിൽ കളിച്ചു ….

ഒടുവിൽ പരിഷ്കാരികൾ തളർന്നു…നനഞ്ഞ വസ്ത്രങ്ങൾ ഉണങ്ങാൻ വീണ്ടും സമയമെടുത്തു…ആപ്പോഴോക്കെ ഞാൻ ആദിയേട്ടനെയും….ഞങ്ങളുടെ ആ സായാഹ്‌ന കൂടിക്കാഴ്ചയും താലോലിച്ചിരുന്നു…..

ഒടുവിൽ കാറിൽ കയറാൻ നടക്കുമ്പോ ഞങ്ങളിരുന്ന കൽബെഞ്ചിലേക്കു നോക്കി….. അവിടേക്കു ഒരാൾ നടന്നു വന്നിരിക്കുന്നു…..താടിയുള്ള ഒരു ചെറുപ്പക്കാരൻ…..

പോസ്റ്റിനടുത്തു എത്തിയപ്പോൾ വ്യെക്തമായി …..ആദിയേട്ടൻ….എനിക്ക് കരയണമോ ചിരിക്കണമോ എന്നറിയില്ലായിരുന്നു….അത്രയ്ക്ക് ഞാൻ കൊതിച്ചു പോയിരുന്നു കാണാൻ …..ഞാൻ വേഗം അങ്ങോട്ടേക്ക് നടക്കാൻ പോയതും …..

“എന്താ …..ശിവേച്ചി…..?” പരിഷ്കാരികളായിരുന്നെ…. അപ്പോഴേക്കും ബാക്കി എല്ലാപേരും കാറിനകത്തു കയറിയിരുന്നു.

“അത് ഞാൻ കപ്പിലാണ്ടി വാങ്ങാമായിരുന്നു……ഞാൻ വേഗം വാങ്ങാം……” അതും പറഞ്ഞു ഞാൻ മുന്നോട്ടു നടന്നു….. ആദിയേട്ടൻ എന്നോട് സംസാരിക്കുമോ…..

അതോ വഴക്കു പറയുമോ…..വഴക്കു പറഞ്ഞാൽ….. പരിഷ്കാരികൾ കൊച്ചച്ചൻ ഒക്കെ അറിയും…. വേണ്ടാ അച്ഛനെയും അമ്മയെയും വിഷമിപ്പിക്കണ്ടാ…..ഞാൻ നിന്നു…..

അടുത്ത് നിന്ന ചേച്ചിയുടെ കയ്യിൽ നിന്നും കപ്പിലാൻഡി വാങ്ങി…. ചേച്ചി കാപ്പിലാൻഡി വറുക്ക്‌മ്പോഴും പൊതിയുമ്പോഴും ഞാൻ ആദിയേട്ടനെ മാത്രം നോക്കി നിന്നു.

വെറുതെ കടലിലേക്ക് നോക്കിയിരിക്കുന്നു. ഒരു കാൽ മറ്റേകാലുമുട്ടിമേൽ മടക്കി വെച്ചിരിക്കുന്നു.

“കുട്ടിക്കറിയ്യോ അയാളെ……മിക്കവാറും വരാറുണ്ട്…..വെറുതെ ആ കൽ ബെഞ്ചിൽ വന്നിരിക്കും …..ഒത്തിരി താമസിക്കുമ്പോ പോവും….. ” ആ ചേച്ചി എന്നോട് ചോദിച്ചു.

ഞാൻ ഒന്നും മിണ്ടിയില്ല….പൈസയും കൊടുത്തു തിരിഞ്ഞു നടന്നു…. പ്രണയകാലം ഓരോരുത്തർക്കും ഓരോന്നാണ്…..ചിലർക്ക് മൗനം…മറ്റു ചിലർക്ക് വാചാലം…ചിലർക്ക് ഓർമ്മകൾ…ചിലർക്ക് കാത്തിരിപ്പ്….ഞങ്ങൾക്ക് കാത്തിരിപ്പും വേദനയുമാണ്…….

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 1

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 2

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 3

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 4

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 5

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 6

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 7

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 8

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 9

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 10

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 11

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 12

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 13

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 14

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 15

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 16

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 17

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 18

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 19

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 20

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 21

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 22

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 23

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 24

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 25

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 26

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 27