Thursday, November 21, 2024
Novel

നിഴലായ് മാത്രം : ഭാഗം 21

നോവൽ
എഴുത്തുകാരി: സേഷ്മ ധനേഷ്‌

അവളുടെ വാക്കുകൾ അവനിൽ ഒരു പുത്തനുണർവ് നല്കിയപ്പോലെ… അവൻ പ്രേമപൂർവം അവളെ നോക്കി. പാറുവിന്റെ കണ്ണുകളും പതിയെ അവന്റെ നോട്ടത്തിന്റെ ആഴത്തിൽ മുങ്ങി തപ്പി….

അവൾ തന്റെ മുഖം അവന്റെ മുഖത്തോടു ചേർത്തു അധരങ്ങളിൽ ചുംബിച്ചു. ഒരു നിമിഷം അവന്റെ കൈകൾ ബലത്തിൽ അവളെ മുറുകെ പിടിച്ചിരുന്നു…

ഒരു ജന്മത്തിലെ സ്നേഹവും….. പ്രണയവും…… അവന്റെ ജീവശ്വാസം പോലും ആ ചുംബനത്തിൽ അലിയിച്ചു ചേർത്തിരുന്നു അവൻ.

പെട്ടന്ന് മുറുകെ പിടിച്ചിരുന്നു കൈകൾ അയഞ്ഞു വരുന്നത് അവൾ അറിഞ്ഞു….. കണ്ണുകൾ തുറന്നു നോക്കിയ പാറു കാണുന്നത് കണ്ണുകൾ അടച്ചു കിടക്കുന്ന ബാലുവിനെയാണ്….

പാറുവിന്റെ നിലവിളി കേട്ട് ഓടിയെത്തിയ ഡ്യൂട്ടി സിസ്റ്ററിന്റെ കണ്ണുകൾ ബാലുവിന്റെ ICU ബെഡിനു മുകളിൽ ഉള്ള മോണിറ്ററിലേക്കു നീണ്ടു.

അവർ ഡോക്ടർ എന്ന് ഉറക്കെ നിലവിളിച്ചു കൊണ്ട് എമർജൻസി ബട്ടൺ അമർത്തി.

ഓടിയെത്തിയ ഡോക്ടർ കണ്ടത് ജീവന്റെ തുടിപ്പുകൾ അടയാളപ്പെടുത്തുന്ന ഇസിജി വരകൾ നേർരേഖയിലേക്കു നീങ്ങുന്നതായിരുന്നു. അവർ പെട്ടന്ന് തന്നെ പാറുവിനെ അവിടെ നിന്നും മാറ്റി.

പിന്നീടൊരു ജീവൻ മരണ പോരാട്ടമായിരുന്നു ഡോക്ടർമാർ ബാലുവിന്റെ ജീവൻ തിരിച്ചു പിടിക്കാൻ നടത്തിയത്.

കുറച്ചു നേരത്തെ പ്രയത്നങ്ങൾക്കൊടുവിൽ പാറുവിന്റെ ജീവിതത്തിൽ പ്രത്യാശയുടെ പൊന്കിരണങ്ങൾ ഉണർത്തികൊണ്ടു ബാലുവിന്റെ ജീവന്റെ അടയാളങ്ങൾ ആ ഇസിജി മോണിറ്ററിൽ നേർരേഖയിൽനിന്നും ഉയർന്നും താണും സഞ്ചരിക്കാൻ തുടങ്ങി .

ദൈവത്തിനു നന്ദി പറഞ്ഞുകൊണ്ട് പുറത്തിറങ്ങിയ ഡോക്ടർമാർ ഗോപനോടും ഹർഷനോടുമായി കാര്യങ്ങൾ ധരിപ്പിക്കുകയായിരുന്നു.

തല്ക്കാലം ഒരു പ്രതിസന്ധി ഒഴിഞ്ഞിരിക്കുന്നു, ഇനി എത്രയും വേഗം സർജെറി നടത്തണം ………

പിന്നെയും കാത്തിരിപ്പായിരുന്നു…. സർജറി കഴിഞ്ഞു പിന്നെയും രണ്ടു ദിവസങ്ങൾ കഴിഞ്ഞായിരുന്നു അപകടനില തരണം ചെയ്തത്.

ആദ്യം icuവിലും പിന്നീട് റൂമിലേക്കും മാറ്റി. റൂമിൽ എത്തിയിട്ടും പാറു ഹോസ്പിറ്റലിൽ നിന്നും പോരുവാൻ സമ്മതിച്ചിരുന്നില്ല.

ഗോപനും അച്ഛനും അമ്മയുമെല്ലാം കുറെ പറഞ്ഞു നോക്കി. ആരു പറഞ്ഞിട്ടും പാറു തിരികെ വീട്ടിലേക്ക് പോകുവാൻ കൂട്ടാക്കിയില്ല.

അവരുടെ കൂടെ ഉണ്ണിമായയും ലീവെടുത്തു കൂടെയുണ്ടായിരുന്നു.

യാമിയും വീട്ടുകാരും പലപ്പോഴായി വന്നു പോയിരുന്നു. ശ്രീരാജിനെതിരെ കേസ് കൂടാതെ അവന്റെ മുട്ടുകാലിലേറ്റ വെടിയുണ്ട കാരണം പകുതി കാൽ മുറിച്ചു കളയേണ്ടി വന്നു.

അതുമാത്രമല്ല അന്നത്തെ ബാലുവും ശ്രീരാജുമായുള്ള അടിയിൽ ശ്രീരാജിന്റെ മർമ്മ സ്ഥാനങ്ങളെല്ലാം തന്നെ ബാലു അടിച്ചൊരു വഴിയാക്കിയിരുന്നു.

ഇനിയൊരു കുടുംബ ജീവിതം ശ്രീരാജിന് സ്വപ്നം കാണാൻ കൂടി കഴിയാത്ത വിധം.

ഹർഷന്റെയും യാമിയുടെയും കല്യാണം അടുത്തു വരുന്നു.

ഡ്രസ് ഒന്നും തന്നെ എടുത്തിട്ടില്ല. ഒന്നിനെ പറ്റിയും ആരും ഒന്നും പറയുന്നുമില്ല. ഈയിടെയായി യാമി വിളിക്കുമ്പോളെല്ലാം ഹർഷൻ എന്തെങ്കിലുമൊക്കെ പറഞ്ഞു ഒഴിയുന്നു.

യാമിയിൽ ഒരു ഉത്ഭയം ഉളവാക്കി കൊണ്ടിരുന്നു. ശ്രീരാജുമായുള്ള പ്രശ്‌നത്തിന്റെ പേരിൽ തന്നെ ഒഴിവാക്കുമോയെന്നു. അങ്ങനെ സംഭവിച്ചാൽ….

ബാലു ഇപ്പൊ പഴയതിലും ഉഷാറായി. പിറ്റേ ദിവസം ഡിസ്ചാർജ് ചെയ്യാമെന്ന് ഡോക്ടർ പറഞ്ഞിട്ടു പോയി.

വാങ്ങുവാനുള്ള മരുന്നിന്റെ ലിസ്റ്റ് ഉണ്ണിമായ പാറുവിന്റെ കൈകളില്നിന്നും വാങ്ങി ഫർമസിയിലേക്കു നടന്നു. ആ സമയം ഹർഷൻ റൂമിലേക്ക് വരുന്നുണ്ടായിരുന്നു. ഉണ്ണിമായയുടെ കൂടെ ഹർഷനും നടന്നു.

പാറു ബാലുവിനെ തന്നെ സൂക്ഷിച്ചു നോക്കി ഇരുന്നു. ബാലു “എന്താ” എന്നു തന്റെ പുരികമുയർത്തി ചോദിച്ചു.

അവൾ ഒന്നുമില്ലായെന്നു ചുമൽ പതിയെ കൂച്ചി പറഞ്ഞു.

എങ്കിലും അവന്റെ കണ്ണുകളിൽ നിന്നും അവളുടെ മിഴികളെ അവൾ പിന്വലിച്ചില്ല. രണ്ടുപേരും കണ്ണുകളിലൂടെ പ്രണയിച്ചു. ഒരുതരം തണുപ്പും തരിപ്പും ശരീരത്തിൽ നിറയുന്നത് രണ്ടാളും അറിഞ്ഞു. പതുക്കെ തന്റെ കൈകൾ വിടർത്തി ബാലു തന്റെ നെഞ്ചിലേക്ക് പാറുവിനെ ക്ഷണിച്ചു.

നിറമിഴികളോടെ പാറു ബാലുവിന്റെ നെഞ്ചിൽ ചേക്കേറി.

ബാലുവും അവളെ പൊതിഞ്ഞു ഇറുകെ പുണർന്നു. അവളുടെ മിഴിനീർ തുളുമ്പി അവന്റെ നെഞ്ചിൽ നനവ് പടർന്നത് അവൻ അറിഞ്ഞു. അവളുടെ മുഖം കയ്യിലെടുത്തു കണ്ണുനീരെല്ലാം തുടച്ചു.

ഇനി കരയരുതെന്നു ഒരു താക്കീതും കൊടുത്തു. അവളുടെ മിഴികളെ പതുക്കെ വിരലുകൾ കൊണ്ടു തലോടി… ആ കണ്ണുകളിൽ പ്രേമാർദ്രമായി തന്നെ നോക്കി ഇരുന്നു.

അവന്റെ ഹൃദയത്തിൽ ആഴ്നുള്ള നോട്ടത്തിൽ പാറു അടിമുടി പൂത്തുലഞ്ഞിരുന്നു.

പതിയെ അവളുടെ മുഖത്തെ തന്റെ നെഞ്ചിൽ ഒളിപ്പിച്ചു പിടിച്ചു.

ഡോറിൽ തട്ടിയിട്ടായിരുന്നു ഹർഷനും ഉണ്ണിമായയും അകത്തേക്ക് കടന്നത്. ശബ്‌ദം കേട്ടപ്പോൾ തന്നെ പാറു ബാലുവിന്റെ അടുത്തു നിന്നു മാറിയിരുന്നിരുന്നു.

ഹർഷൻ ബാലുവിനരികിൽ ഇരുന്നു വിശേഷങ്ങൾ ചോദിച്ചുകൊണ്ടേയിരുന്നു.

ഇടയിൽ അവന്റെ ഫോൺ ബെൽ അടിച്ചിരുന്നുവെങ്കിലും അവൻ എടുക്കാതെ കട്ട്ചെയ്തു. പലവട്ടം ഇതു ആവർത്തിച്ചു. ഉണ്ണിമായയും പാറുവും പരസ്പരം നോക്കി.

പെട്ടന്ന് ഉണ്ണിമായയുടെ ഫോണിലേക്കു കാൾ വന്നു. നോക്കിയപ്പോൾ “യാമി”

അപ്പൊ ഹർഷനെ വിളിച്ചതും യാമി തന്നെയാകണം. ഉണ്ണിമായ ഫോൺ എടുത്തു.
“ഉണ്ണിമായ… ഹർഷൻ ഹോസ്പിറ്റലിൽഉണ്ടോ”

“ഉണ്ട്”

“എന്തെങ്കിലും ടെൻഷൻഉണ്ടോ… അവിടെ പ്രശ്നം വല്ലതുമുണ്ടോ”

“പ്രശ്നം ഒന്നുമില്ല യാമി. ബാലു പഴയതുപോലെ തന്നെയാണ്. നാളെ മിക്കവാറും ഡിസ്ചാർജ് ചെയ്യും”

“ഉം…ഹർഷൻ…”

“ഇവിടെ ഉണ്ടല്ലോ… കൊടുക്കണോ”

“ഉം”

“ഹർഷാ… യാമിയാണ് …” ഉണ്ണിമായ ഫോൺ ഹർഷനുനേരെ നീട്ടിക്കൊണ്ടു പറഞ്ഞു.

ഹർഷൻ ഉണ്ണിയെ ഒന്നുനോക്കി. ഫോൺ കയ്യിലെടുത്തു അതു കട്ട് ചെയ്തു.

അവന്റെ പ്രവൃത്തിയിൽ അനിഷ്ടം തോന്നിയ ഉണ്ണിമായ എന്തോ പറയാൻ ആഞ്ഞതും ഹർഷൻ കൈകൾകൊണ്ടു വിലക്കി നിർത്തി.

അപ്പോഴത്തെ അവന്റെ മുഖത്തെ ദേഷ്യം കണ്ടപ്പോൾ ഒന്നും ചോദികണ്ടയെന്നു അവൾക്കും തോന്നി.

കുറച്ചു കഴിഞ്ഞപ്പോൾ അനന്തു വന്നു. അനന്തുവിനെ കണ്ടപ്പോൾ ഹർഷന്റെ മുഖത്തെ ദേഷ്യത്തിനു കുറച്ചു അയവു വന്നു.

പിന്നെ ബാലുവിനെയും പാറുവിനെയും കളിയാക്കിയും സംസാരിച്ചും സമയം പോയി. കുറച്ചു സമയം കഴിഞ്ഞപ്പോൾ യാമിയും എത്തി.

യാമിയെ കണ്ടപ്പോൾ അതുവരെയുണ്ടായ ഹർഷന്റെ മുഖത്തെ തിളക്കം പെട്ടന്ന് മങ്ങിപോയി. യാമിയെ ശരിക്കും അവഗണിച്ചു. മറ്റുള്ളവർക്കു കൂടി അതു തോന്നത്തക്ക വിധത്തിൽ.

ഹർഷന്റെ പെരുമാറ്റം യാമിയിൽ വല്ലാതെ വിഷമം ഉണ്ടാക്കുന്നത് ഉണ്ണിമായയും ശ്രദ്ധിച്ചു.

ആ നിമിഷത്തിൽ എന്തെങ്കിലും ചോദിച്ചാൽ ഹർഷന്റെ പെരുമാറ്റം എങ്ങനെയാകുമെന്നു പേടിച്ചു ഉണ്ണിമായ ഒന്നും ചോദിച്ചില്ല.

യാമി തിരികെ പോകും വരെ ഹർഷൻ ഒന്നു നോക്കുകയോ മിണ്ടുവാനോശ്രമിച്ചില്ല. യാമി വന്നപ്പോഴും അകറ്റി നിർത്തിയുംഅവഗണിച്ചും അവൻ ദേഷ്യം കാണിച്ചുമൊക്കെ ഇരുന്നു.

വല്ലാതെ വിഷമിച്ചുതന്നെ യാമി തിരികെ പോയി. അനന്തു അടക്കം എല്ലാവർക്കും ഹർഷന്റെ ഈ മാറ്റം എന്തുകൊണ്ടാണെന്ന് മാത്രം മനസിലായില്ല.

ഡിസ്ചാർജ് ചെയ്യുമ്പോഴേക്കും വരാമെന്നു പറഞ്ഞുകൊണ്ട് അനന്തുവും ഇറങ്ങി.

പിറ്റേന്ന് ബില്ലു അടച്ചു ഹർഷൻ വരുമ്പോഴേക്കും എല്ലാവരും റൂമിൽ തന്നെ ഉണ്ടായിരുന്നു. രവീന്ദ്രൻ മാഷും ഗോപനും യാമിയും യാമിയുടെ അച്ഛനും അമ്മയും അനന്തുവും പാറുവും ഉണ്ണിയും….

പാറുവും ഉണ്ണിമായയും കൂടെ ബാലുവിനെ റെഡിയാക്കി നിർത്തിയിരുന്നു. ഹർഷൻ കേറി വരുമ്പോൾ തന്നെ കണ്ടത് യാമിയെയും വീട്ടുകാരെയും ആയിരുന്നു.

അവന്റെ മുഖം ദേഷ്യത്താൽ വീങ്ങി. കണ്ണുകളിലെ രക്തമയം എല്ലാവരിലും ഒരു ഉൾഭയം ഉണ്ടാക്കി. പ്രത്യേകിച്ചും ഉണ്ണിമായായിൽ.

ഉണ്ണിമായ ശ്വാസം അടക്കിയാണ് നിൽക്കുന്നതെന്നുപോലും അനന്തുവിന് തോന്നി.

അവരെ കണ്ടു ഹർഷൻ ഒന്നും മിണ്ടുകയോ ചോദിക്കുകയോ ചെയ്യാതെ നേരെ ബിൽ കൊണ്ടുപോയി ഉണ്ണിമായയുടെ കൈകളിൽ ഏല്പിച്ചു.

രണ്ടുമൂന്നു ദിവസമായുള്ള ഹർഷന്റെ പെരുമാറ്റത്തിൽ തന്നെ ഉള്ളു നീറി ഇരിക്കുകയായിരുന്നു യാമി.

ഉറങ്ങിയിട്ടും അത്ര തന്നെയായെന്നു അവളുടെ കണ്ണുകൾ പറയുന്നുണ്ട്. വല്ലാതെ സങ്കടം തികട്ടി വിതുമ്പൽ അടക്കാൻ പാടുപെട്ടു നിൽക്കുന്ന യാമി, ഹർഷൻ ഒഴികെ മറ്റുള്ളവരുടെ എല്ലാവരുടെയും ഉള്ളിൽ അതൊരു നോവായി പടർന്നു.

ആരുമാരും പരസ്പരം ഒന്നും സംസാരിക്കാതെ മൗനമായി നിന്നു. യാമിയുടെ അച്ഛൻ തന്നെ മൗനം ഭേദിച്ചുകൊണ്ടു സംസാരത്തിനു തുടക്കമിട്ടു.

“കാര്യങ്ങൾ ഇത്രയൊക്കെയാകുമെന്നു ആരും കരുതിയില്ല.

ഞങ്ങൾ ഒരു നൂറുവട്ടം ഇപ്പോൾ തന്നെ മാപ്പു പറഞ്ഞു കഴിഞ്ഞു…. ഇനി നമുക്ക് മുന്നോട്ടുള്ള കല്യാണ തിരക്കിലേക്ക് നീങ്ങണമല്ലോ… മുന്നോട്ടുള്ള…”

“ആരുടെ കല്യാണം” യാമിയുടെ അച്ഛൻ പറഞ്ഞു മുഴുവിപ്പിക്കും മുന്നേ ഹർഷൻ ഇടയിൽ ചോദിച്ചു…

“എന്താ ഹർഷാ… ഒന്നും അറിയാത്ത പോലെ”

“നിങ്ങൾക്ക് മാപ്പു എന്ന രണ്ടക്ഷരം കൊണ്ട് എല്ലാം പറഞ്ഞു തീർക്കാൻ കഴിയുമല്ലോ അല്ലെ” ഹർഷൻ ദേഷ്യത്താൽ അടിമുടിനിന്നു വിറച്ചുകൊണ്ടാണ് അത്രയും സംസാരിച്ചത്.

ഇടക്ക് ഇടക്ക് അവന്റെ തന്നെ മുടി പിടിച്ചു വലിക്കുകയും…

പല്ലുകൾ കൂട്ടി കടിക്കുകയും ചെയ്യുന്നുണ്ടായിരുന്നു.

ഉണ്ണിമായയും പാറുവും ഗോപനും ബാലുവും വല്ലാത്തൊരു ഉൾക്കിടിലത്തോടെ ഹർഷനെ നോക്കി.അവന്റെ ഭാവവും ദേഷ്യവുമെല്ലാം…

കാണാൻ പാടില്ലാത്ത… അല്ലെങ്കിൽ കാണാൻ ആഗ്രഹിക്കാത്ത കാഴ്ച കണ്ടതുപോലെ..

“കല്യാണം ഇത്ര അടുത്തില്ലേ..”

“ഈ കല്യാണം നടക്കില്ല” ഹർഷൻ അലറി പറഞ്ഞുകൊണ്ടു അടുത്തുകിടന്ന ടേബിളിൽ ആഞ്ഞു കൈമുഷ്ടി ചുരുട്ടി ഇടിച്ചു.

യാമി പ്രതീക്ഷിച്ച വാക്കുകൾ കേട്ടപോലെനിന്നു… എങ്കിലും അവളുടെ കണ്ണുകൾ ടേബിളിൽ ഇടിച്ച അവന്റെ കൈകളിലായിരുന്നു.

ഇതേ സമയം…. അനന്തു ഉണ്ണിയുടെ കൈകളിലും മുറുകെ പിടിച്ചു…. അവളെ തന്നിൽ നിന്നും ആർക്കും വിട്ടുകൊടുക്കില്ലെന്നപോലെ…!

തുടരും…..

Nb: ലൈക്ക് ചെയ്യാൻ മറക്കല്ലേ… നിങ്ങളുടെ ലൈക്കുകളും കമന്റുകളാണ് ഞങ്ങളെപ്പോലെയുള്ള എഴുത്തുകാർക്ക് പ്രചോദനം.

നിഴലായ് മാത്രം : PART 1

നിഴലായ് മാത്രം : PART 2

നിഴലായ് മാത്രം : PART 3

നിഴലായ് മാത്രം : PART 4

നിഴലായ് മാത്രം : PART 5

നിഴലായ് മാത്രം : PART 6

നിഴലായ് മാത്രം : PART 7

നിഴലായ് മാത്രം : PART 8

നിഴലായ് മാത്രം : PART 9

നിഴലായ് മാത്രം : PART 10

നിഴലായ് മാത്രം : PART 11

നിഴലായ് മാത്രം : PART 12

നിഴലായ് മാത്രം : PART 13

നിഴലായ് മാത്രം : PART 14

നിഴലായ് മാത്രം : PART 15

നിഴലായ് മാത്രം : PART 16

നിഴലായ് മാത്രം : PART 17

നിഴലായ് മാത്രം : PART 18

നിഴലായ് മാത്രം : PART 19

നിഴലായ് മാത്രം : PART 20