Sunday, December 22, 2024
Novel

നിഴലായ് മാത്രം : ഭാഗം 17

നോവൽ
എഴുത്തുകാരി: സേഷ്മ ധനേഷ്‌

“അനന്തു” ഒരു അലർച്ചയാണ് അവരെ ഉണർത്തിയത്.

“ഹർഷൻ…” എന്തെങ്കിലും പറയും മുന്നേ ഹർഷന്റെ കൈകൾ അനന്തുവിന്റെ മുഖത്തു പതിഞ്ഞു.

വീണ്ടും തല്ലാനായി ഹർഷന്റെ കൈകൾ ഉയർന്നു. ഉണ്ണി ഹർഷനെ തള്ളി മാറ്റി.

“എന്താ ഹർഷാ… നിനക്കെന്താ ഭ്രാന്തായോ”

ഉണ്ണിയും ദേഷ്യത്തിൽ തന്നെയായിരുന്നു. അവളുടെ മുഖഭാവം അവനിൽ എന്തു വികാരമാണ് ഉണ്ടാക്കിയതെന്നു അവനുപോലും മനസിലായില്ല.

“അനന്തുവിനെ ചേർത്തു ഇറുകെ പുണർന്നു നിന്നതു ഞാനായിരുന്നു. അതു അധികരിച്ച സന്തോഷത്താൽ ആയിരുന്നു.”

ഉണ്ണിമായ ഒരു കിതപ്പോടെ പറഞ്ഞു നിർത്തി. അപ്പോഴും അവളുടെ കണ്ണിലെ ദേഷ്യത്തിനു ഒരു കുറവും ഉണ്ടായിരുന്നില്ല. ആളിക്കത്തുന്ന പോലെ തോന്നി ഹർഷനു.

“നീ അനന്തുവിനോട് ക്ഷമ പറയണം. ഇപ്പൊ ഈ നിമിഷം”

ഉണ്ണിമായയുടെ വാക്കുകൾ ഹർഷനിൽ ഒരു വേദനയുണ്ടാക്കി. അവനെന്തോ അപമാനഭാരം… അതിലേറെ അനന്തുവിന്റെ മുൻപിൽ തീരെ ചെറുതായപോലെ…

അവന്റെ മനസ്സു ഉണ്ണിമായ വായിച്ചെടുത്തുവെങ്കിലും അതു കാണാത്തപോലെ തിരിഞ്ഞു ദേഷ്യത്തിൽ തന്നെ നിന്നു.

തന്റെ മുൻപിൽ നിൽക്കുന്നതു തന്റെ ഉണ്ണിമോൾ അല്ലായെന്നു തോന്നി. അവന്റെ നിറഞ്ഞു വന്ന കണ്ണുകൾ ഉണ്ണിമായ ഒന്നുനോക്കുന്നപോലും ഉണ്ടായിരുന്നില്ല.

ഹർഷനെ പാടെ അവഗണിച്ചുള്ള അവളുടെ നിൽപ്പു ഹർഷനിൽ വേദനയുടെ വേലിയേറ്റം തന്നെയുണ്ടാക്കി.

“എന്നോട്…എന്നോട് ക്ഷമിക്കൂ അനന്തു… പെട്ടന്ന് …അങ്ങനെ….പെട്ടന്ന് അങ്ങനെ കണ്ടപ്പോൾ ഉണ്ടായ ദേഷ്യത്തിൽ ചെയ്തുപോയതാണ്…ക്ഷമിക്കടോ” ഹർഷൻ വളരെ വേദനയോടെ പറഞ്ഞുകൊണ്ട് അനന്തുവിന്റെ തോളിൽ തട്ടി നടന്നു അകന്നു.

അവൻ നടന്നു പോകുന്നത് ഉണ്ണിമായ നോക്കി നിന്നു.

പിന്തിരിഞ്ഞു നടക്കുന്നതിന് ഇടയിൽ ഹർഷൻ കണ്ണു തുടയ്ക്കുന്നത്ഉണ്ണിമായ ശ്രദ്ധിച്ചു. അവളുടെ നെഞ്ചിലും വല്ലാത്ത ഭാരം വന്നു നിറഞ്ഞു. കണ്ണുകളും നിറഞ്ഞിരുന്നു.

അനന്തുവിന്റെ കര സ്പർശം അവളുടെ ഹർഷന്റെ മേലുള്ള നോട്ടത്തെ പിൻവലിച്ചു.

“അനന്തു…ഹർഷൻ… ഞാൻ അങ്ങനെ അവനെ വേദനിപ്പിക്കാൻ പാടില്ലായിരുന്നു ”

“സാരമില്ലെടോ…മുന്നോട്ടുള്ള ജീവിതത്തിലേക്ക് ഇതൊരു ആദ്യ പടിയായി മാറട്ടെ. അവനെ പൂർണ്ണമായും മാറ്റിയെടുക്കേണ്ടതല്ലേ”

ഉണ്ണിമായ വേദനയോടെ തലയാട്ടി.

“വാ..പോകാം”

അനന്തു ഉണ്ണിമായയുടെ കൈകൾ പിടിച്ചു മുന്നോട്ടു നടന്നു.

പുറത്തേക്ക് ഇറങ്ങിയപ്പോൾ കണ്ടു കാറിൽ ഉണ്ണിമായക്കു വേണ്ടി കാത്തു നിൽക്കുന്ന ഹർഷനെ. ഉണ്ണിമായ ഒരു നിമിഷം ശങ്കിച്ചു നിന്നു.

അനന്തു അവളോട്‌ കണ്ണുകൾ കൊണ്ടു യാത്ര പറഞ്ഞു. കൈകളിൽ മുറുകെ പിടിച്ചിരുന്നു.

അവൾക്കതൊരു ആശ്വാസമായിരുന്നു…ആ നിമിഷത്തിൽ. കുറച്ചു നിമിഷങ്ങൾ കൂടി അനന്തുവിനൊപ്പം നിന്നിട്ട് ഹർഷന്റെ കാറിനു അരികിലേക്ക് ഉണ്ണിമായ ചെന്നു.

ഹർഷൻ സ്റ്റിയറിങിൽ മുറുകെ പിടിച്ചു ദൂരെ കണ്ണും നട്ടുഇരിക്കുന്നുണ്ടായിരുന്നു. അവൾ കയറിയതും ഹർഷൻ കാർ മുന്നോട്ടെടുത്തു.

അവർ കണ്ണിൽ നിന്നും മറയുന്നത് വരെ അനന്തു അവിടെ തന്നെ നിന്നു. അനന്തു പതുക്കെ ഹർഷൻ കൈ പതിപ്പിച്ച കവിളിൽ മെല്ലെ തലോടി. ഒരു പുഞ്ചിരി അവന്റെ ചുണ്ടുകളിൽ വിടർന്നു…. എനിക്ക് മനസിലാകും ഹർഷൻ …. ഒരു പക്ഷെ നിങ്ങളെ എനിക്ക് മാത്രമേ മനസിലാകു.

കാർമുന്നോട്ടു പോകുംതോറും ഉണ്ണിയുടെയും ഹർഷന്റെയും മനസ്സിന്റെ ഉള്ളിലെ ചിന്തകളും മുന്നോട്ടു കുതിച്ചു കൊണ്ടിരുന്നു.

രണ്ടുപേർക്കുമിടയിൽ മൗനം വല്ലാതെ തളം കെട്ടി നിന്നു. ഉണ്ണിയുടെ മനസു വ്യഗ്രതയോടെ ഹർഷന്റെ അരികിലേക്ക് കണ്ണുകളിലൂടെ എത്തി നോക്കി. അവന്റെ മുഖവും കലുഷിതമായി തോന്നി.

ആദ്യ അനുഭവം ആയിരുന്നു രണ്ടുപേർക്കുമിടയിലെ ഈ മൗനം. അതിന്റെ വീർപ്പുമുട്ടലും രണ്ടുപേർക്കും ഉണ്ടായിരുന്നു.

കുറച്ചു കഴിഞ്ഞു ഉണ്ണി ഹർഷനെ തല ചെരിച്ചു നോക്കി. പരിഭവത്തിന്റെ…. സങ്കടത്തിന്റെ എല്ലാ ഭാവങ്ങളും അവന്റെ മുഖത്തും കണ്ണുകളിലും പ്രതിഫലിക്കുന്നത് ഉണ്ണി മനസിലാക്കി.

ഒരു നേർത്ത പുഞ്ചിരിയോടെ ഉണ്ണി തന്റെ കൈത്തലം ഹർഷന്റെ ഗിയറിൽ വച്ചിരുന്ന കൈകൾക്കുമേലെ വച്ചു. ഹർഷൻ ഉണ്ണിമായയെ നോക്കുമ്പോൾ അവൾ പുറത്തേക്കു കണ്ണും നട്ടുഇരിക്കുന്നു.

എങ്കിലും ഹർഷനിൽ വച്ചിരുന്ന കൈകൾ മുറുകുന്നത് അവൻ അറിഞ്ഞു.

വീട്ടിലേക്കുള്ള വഴിയിൽ അല്ല കാറിന്റെ സഞ്ചാരമെന്നു അവൾക്കു മനസിലായി. എവിടേക്കാണെന് അവൾ ഒട്ടും ചോദിച്ചതുമില്ല. കുറെ കഴിഞ്ഞപ്പോൾ ബീച് റോഡിൽ ഉള്ള ചെമ്മീൻ കെട്ടിനു അടുത്തായി അവൻ കാർ നിർത്തി.

നല്ല തണുത്ത അന്തരീക്ഷമായിരുന്നു. നനുത്ത കാറ്റുവന്നു അവരെ പൊതിഞ്ഞു. കാറ്റിൽ ഉണ്ണിമായയുടെ മുടിയിഴകൾ പാറി പറന്നു.

മുടിയൊതുക്കി ചെമ്മീൻ കെട്ടിനു അഭിമുഖമായി കിടന്ന ബെഞ്ചിൽ അവൾ ഇരുന്നു.

അടുത്തു തന്നെ ഒരു കുപ്പി വെള്ളവുമായി ഹർഷനും. വെള്ളം കുപ്പി അവൾക്കു നേരെ നീട്ടി.

അതു വാങ്ങി കുറച്ചു കുടിച്ചുകൊണ്ടു തിരിച്ചു ഹർഷനു നേരെ അവള് നീട്ടി. അവൾക്കറിയാം താൻ കുടിക്കാതെ ഹർഷൻ വെള്ളം കുടിക്കില്ലെന്നു.

പിന്നെയും മൗനം….

ഒടുവിൽ ഉണ്ണിമായ തന്നെ തോൽവി സമ്മതിച്ചു കൊണ്ടു മൗനത്തെ വാക്കുകൾകൊണ്ട് ഭേദിച്ചു.

“എന്നോട് ദേഷ്യമുണ്ടോ”

“എന്തിന്”

“അനന്തുവിനോട് ക്ഷമ പറയാൻ പറഞ്ഞതിനു”

“നീയെന്നോട് അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ അതിൽ ഒരു ശരിയുണ്ടാകും… ഞാൻ ചെയ്തത് തെറ്റായത് കൊണ്ടല്ലേ നീയെന്നോട് ക്ഷമ പറയാൻ പറഞ്ഞതു”

“അല്ലാതെ… അല്ലാതെ നിനക്കുഅതു തെറ്റായി തോന്നിയില്ലേ ഹർഷാ”

“ഇല്ല”

“പിന്നെ… നിന്റെ മനസിൽ നീ ചെയ്തത് ശരിയാണെന്ന് തോന്നി… എന്റെ വാക്കു കേട്ടു നീയെന്തിനാ അനന്തുവിനോട് ക്ഷമ പറയാൻ പോയത്”

ഉണ്ണിക്ക് പിന്നെയും ദേഷ്യം ഉടലെടുത്തു.

“അതോ…എന്തുകൊണ്ടാണെന്നോ.. എന്റെ ശരിയും തെറ്റും… എല്ലാം നിന്റെ വാക്കുകൾ ആയതുകൊണ്ട്. നീ തെറ്റു എന്നു പറഞ്ഞാൽ അതാണ് എന്റെയുംതെറ്റു ശരി എന്നു പറഞ്ഞാൽ അതാണ് എന്റെയും ശരി”

ഹർഷൻ മിഴികൾ ഉണ്ണിയിൽ തങ്ങി നിർത്തി പറഞ്ഞു.

ഉണ്ണിമായ നിസ്സഹായതയോടെ ഹർഷനെ നോക്കി.

താൻ എന്തു പറഞ്ഞു ഇവനെ മനസ്സിലാക്കും. ഈ നിഷ്കളങ്ക സ്നേഹത്തെ ആർക്കും മനസിലാകില്ല..

പ്രത്യേകിച്ചും യാമിക്കു…. ഒരു നിമിഷം … കൂടി അവനെ നോക്കി ….. അവളുടെ കൈത്തലം ഹർഷന്റെ കവിളിൽ ചേർത്തു മൗനമായി അവനോടു മന്ത്രിച്ചു…

“എന്നെ ഇങ്ങനെ സ്നേഹിക്കല്ലേ ഹർഷാ… നിന്റെ മനസ്സും സ്നേഹവും മുഴുവനായി യാമിക്കു അവകാശപ്പെട്ടതാണ്. അവൾക്കു മനസിലാകില്ല നിനക്കു എന്നോടുള്ള സ്നേഹത്തെ… അവൾക്കെന്നല്ല…. ആർക്കും..”

അത്രയും ഹർഷന്റെ കണ്ണുകളിൽ നോക്കി മൗനമായി മനസ്സിൽ മന്ത്രിച്ചപ്പോഴേക്കും ഉണ്ണിമായ കരഞ്ഞു പോയിരുന്നു. അവളുടെ കണ്ണുനീരിനെ ഹർഷൻ തുടച്ചു നീക്കി. അവളെ നോക്കി പുഞ്ചിരിച്ചു.

“എനിക്ക്നിന്നെ വിട്ടൊരു ലോകമില്ല ഉണ്ണി…. നീയെന്നുംഎന്റെ കൂടെ വേണം…. ”

ഹർഷനും മൗനമായി തന്നെ മന്ത്രിച്ചു. പിന്നെ കുറച്ചു നേരം കൂടി അവർ അവിടെ ചിലവഴിച്ചു.

“നിനക്കു അനന്തുവിനെ ഇഷ്ടമാണോ”

ഹർഷന്റെ പെട്ടന്നുള്ള ചോദ്യം അവളെയൊന്നു കുഴക്കി. മറുപടി കൊടുക്കാതെ മൗനത്തെ കൂട്ടു പിടിച്ചു.

“നമ്മളെ മനസ്സിലാക്കാൻ അവനു കഴിയും… എനിക്ക് അങ്ങനെ തോന്നുന്നു ഉണ്ണി… ഞാൻ സംസാരിക്കട്ടെ അവനോടു”

ഉണ്ണി പെട്ടന്ന് ഹർഷനെ ഞെട്ടി തിരിഞ്ഞു നോക്കി. ഒരു ചിരി എന്തുകൊണ്ടോ ചുണ്ടിൽ തെളിഞ്ഞു.

“എനിക്ക് കുറച്ചു സമയം വേണം ഹർഷാ… നിന്റെ കല്യാണം കഴിയട്ടെ എന്തായാലും… ഞാൻ നിന്നോട് തന്നെ പറയാം”

ഹർഷൻ കുറച്ചു മാറിയിട്ടുണ്ടെന്നു അവൾക്കു തോന്നി. അല്ലെങ്കിൽ തങ്ങൾക്കിടയിൽ അനന്തുവിനെ കൊണ്ടുവരുന്ന കാര്യം അവൻ പറയില്ല.

പിന്നെയും കുറച്ചു നേരം കൂടി അവർ അവിടെ ചിലവഴിച്ചു.

“ഞാൻ എന്തുകൊണ്ട അവനെ ചേർത്തു പിടിച്ചതെന്നു നീ ചോദിക്കാത്തത്…” ഉണ്ണിമായ ഒരു കുസൃതിയോടെ ചോദിച്ചു.

“അതു… നീ തന്നെ പറയുമെന്നറിയാം”

“ഹർഷാ… എനിക്ക് … എന്റെ ഒരു വലിയ സ്വപ്നം സാക്ഷാത്കരിക്കാൻ പോകുന്നു…എന്താണെന്ന് പറയാമോ”

“ജ്യോതി ബസു സാറിന്റെ കൂടെ നിന്റെ ചിത്ര പ്രദർശനം നടത്താൻ അദ്ദേഹം സമ്മതിച്ചുവല്ലേ”

ഒരു സംശയം കൂടാതെയുള്ള അവന്റെ മറുപടിയിൽ ഉണ്ണിമായ ശരിക്കും അതിശയിച്ചുപോയി. അനന്തുവിന് മാത്രമല്ല… ഹർഷനും തന്റെ മനസ്സു നന്നായി അറിയാം

“ഞാൻ പലവഴിക്കു അതിനു ശ്രമിച്ചതായിരുന്നു. എനിക്ക് സാധിച്ചില്ല. പക്ഷെ അനന്തുവിന് അതു കഴിഞ്ഞു. ഒരുപാട് നന്ദിയുണ്ട് അവനോടു… അതിലേറെ സന്തോഷവും”

ഉണ്ണിമായയുടെ കൈകൾ മുറുകെ പിടിച്ചുകൊണ്ടു ഹർഷൻ പറഞ്ഞു.

മറുപടി പറയാൻ ഒന്നുമില്ലാതെ ഉണ്ണിമായ ചിരിച്ചു. നേർത്ത… നോവാർന്ന പുഞ്ചിരി.

തിരികെ വീട്ടിലേക്കുള്ള യാത്രയിൽ ഇരുവരുടേയും മനസ്സു വളരെ ശാന്തമായിരുന്നു. അവർ പഴയ ഉണ്ണിയും ഹർഷനും ആയി മാറിയിരുന്നു.

ഉണ്ണിയെ വീട്ടിലേക്കു വിടാതെ ഹർഷന്റെ വീട്ടിലേക്കു തന്നെ കൊണ്ടുപോയി. മീനു ഏടത്തിയുടെ സ്‌പെഷ്യൽ എന്തെങ്കിലും കാണുമെന്നു പറഞ്ഞു.

ഹർഷന്റെ വീട്ടുമുറ്റത്തു യാമിയുടെ വീട്ടിലെ കാർ കിടക്കുന്നത് കണ്ടു. ഇതിപ്പോ എന്താ വിശേഷം എന്നു മനസ്സിൽ പറഞ്ഞു രണ്ടുപേരും അകത്തേക്ക് കടന്നു.

ഹർഷനും ഉണ്ണിയും ഒരുമിച്ചു വരുന്നത് കണ്ടു ഒരു മുഖം മങ്ങുന്നത്‌ ഉണ്ണികണ്ടു. യാമിയുടെ അമ്മയുടെ മുഖം തന്നെ. ഉണ്ണിയത് ശ്രദ്ധിക്കാൻ പോയില്ല.

കുറച്ചു നിമിഷങ്ങൾ നിന്നപ്പോൾ തന്നെ മനസ്സിലായി ശ്രീരാജിന്റെയും പാറുവിന്റെയും കല്യാണ ആലോചനയാണ് നടക്കുന്നത്.

ഹർഷന്റെ കല്യാണത്തിന്റെ അന്ന് നിശ്ചയം നടത്താൻ ചോദിക്കാൻ വന്നതാണ്.

ബാലു ഒരു ഭാഗത്തു തല കുമ്പിട്ടു നിൽക്കുന്നുണ്ട്. അന്ന് ശ്രീരാജിനെ തല്ലിയത് ചോദ്യം ചെയ്യൽ നടക്കുകയാണെന്ന് മനസ്സിലായി.

യാമിയുടെ അമ്മ കത്തി കയറുന്നുണ്ടു വാക്ശരങ്ങൾ കൊണ്ട്. ശ്രീരാജിന്റെ ഭാഗത്തു തെറ്റില്ല എന്നപോലെയാണ് സംസാരം.

ബാലുവിന്റെ മേലെകുറ്റം ചാർത്തപ്പെട്ടു കഴിഞ്ഞു. ആരും ഒന്നും പറയാതെ കേട്ടു നിൽക്കുന്നുമുണ്ട്.

“ഇവന് പാറുവിനെ പോലെ ഒരു കുട്ടിയെ കിട്ടാൻ എന്തു യോഗ്യതയുണ്ട്.

തറവാട് മഹിമയുണ്ടോ കാശുണ്ടോ ഒരനാഥനും… പോരാത്തതിന് സംസാരശേഷിയുമില്ല… അവനവന്റെ അവസ്ഥ മനസിലാക്കണ്ടേ..”

യാമിയുടെ അച്ഛൻ കണ്ണുകൊണ്ട് നിർത്താൻ പറയുന്നുണ്ട്. പക്ഷെ യാമിയുടെ അമ്മ അതൊന്നും ശ്രദ്ധിക്കാതെ പറഞ്ഞു കൊണ്ടേയിരുന്നു.

“സത്യത്തിൽ അന്ന് ഒരു പ്രകോപനവും കൂടാതെയാണ് ബാലു എന്നെ ഉപദ്രവിച്ചത്.” ശ്രീരാജ് ക്രൂദ്ധനായി ബാലുവിനെ നോക്കി പറഞ്ഞു.

ഗോപനും രവീന്ദ്രൻ മാഷും രാധാകൃഷ്ണനും എല്ലാവരും ഒന്നും മിണ്ടതെ തന്നെ ഇരിക്കുന്നു. ബാലുവിന് വല്ലാതെ വീർപ്പുമുട്ടൽ തോന്നി.

ഒറ്റക്കു… താൻ ഒരു അനാഥൻ ആണെന്ന് ആ ഓരോ നിമിഷത്തിലും തന്നെ കുത്തി നോവിച്ചു ഓര്മിപ്പിക്കുന്നപോലെ തോന്നി അവനു.

യാമിയുടെ അമ്മ പിന്നെയും പറഞ്ഞു തുടങ്ങി.

പെട്ടന്ന് രാധാകൃഷ്ണൻ എഴുനേറ്റു.

എല്ലാവരുടെയും കണ്ണുകൾ അയാളിൽ തങ്ങി നിന്നു. അയാളുടെ മുഖം വലിഞ്ഞു മുറുകിയിരുന്നു.

തന്റെ കൂട്ടുകാരനെ ഇതുപോലെ ദേഷ്യത്തിൽ മുൻപ് കണ്ടിട്ടില്ലെന്നോർത്തു.

“രവീന്ദ്ര…എനിക്ക് രണ്ടര ഏക്കർ സ്ഥലം ഉണ്ട്. അതിൽ ഒരു ഇരുനില വീടും.

പിന്നെ ആറു ഏക്കർ കൊയ്ത്തുപാടവും, സഹകരണ ബാങ്കിലും മറ്റു ഒന്നു രണ്ടു ബാങ്കിലുമായി 25 ലക്ഷം രൂപയുടെ അടുത്തു ഉണ്ട്.

പിന്നെ ഒന്നു രണ്ടു സ്ഥലങ്ങൾ ഒരു രണ്ടു കോടി രൂപയോളം മതിപ്പു വില വരുന്ന സ്ഥലങ്ങളും….

ഇതെല്ലാം ദാ ഈ നിൽക്കുന്ന ബാലുവിന്റെ പേരിൽ നാളെ തന്നെ രജിസ്റ്റർ ചെയ്യും. ഇനി ഇവൻ കാശില്ലാത്തവൻ അല്ല. എന്റെ മകൻ തന്നെയാ.

ഇപ്പോ ഇവൻ അനാഥൻ അല്ല. ഒരച്ചനും സഹോദരിയും ഉണ്ട്. തറവാട്ടു മഹിമയുണ്ട്.

സംസാര ശേഷി ഒരു കുറവായി നിനക്കു തോന്നുന്നില്ല എങ്കിൽ നിന്റെ മോളെ എന്റെ മകന് കല്യാണം കഴിപ്പിച്ചു തരാൻ നിനക്കു സമ്മതകുറവുണ്ടോ ”

എല്ലാവരും നിശബ്ദതയിൽ ആയിരുന്നു. ഒരു സൂചി വീണാൽ പാറ കല്ലു വീഴുന്ന ശബ്‌ദം പോലെ തോന്നും അത്രയും മൗനം.

എന്തോ ഓർത്തതുപോലെ രാധാകൃഷ്ണൻ തല ചെരിച്ചു ഉണ്ണിയോട് ചോദിച്ചു..

“നിനക്കു എന്തെങ്കിലും എതിർ അഭിപ്രായം ഉണ്ടോ”

വളരെ ഗാഭീര്യം നിറഞ്ഞ ശബ്‌ദം. അത്രയും ദേഷ്യത്തിൽ അച്ഛനെ ഓർമ്മവച്ചപ്പോൾ ഇതിക്കു മുന്നേ കണ്ടതില്ലയെന്നോർത്തു.

“ഉണ്ട്… അച്ഛൻ എന്നോട് ഇങ്ങനെ സമ്മതം ചോദിച്ചതിന് മാത്രേ എനിക്ക് ദേഷ്യമുള്ളു”

രാധാകൃഷ്‌ണൻ അവളുടെ മുഖത്തു നോക്കി കുറച്ചു നിമിഷങ്ങൾ അങ്ങനെ നിന്നു.പിന്നെ വീണ്ടും കണ്ണുകൾ പിൻവലിച്ചു രവീന്ദ്രന്റെ മറുപടിക്കായി നോക്കി നിന്നു.

സംഭവിക്കുന്നത് എന്താണ്ന്നു മനസിലാകാതെ ബാലുവും…. അവൻ ആകെ സ്തംഭിച്ചു നിൽപ്പാണ്.

“നിന്റെ മകന് എന്റെ മോളെ തരുന്നതാണ് എനിക്കു ഏറ്റവും സന്തോഷം….

നമുക്ക്അതൊന്നു വാക്കാൽ തന്നെ ഉറപ്പിക്കാം.

എനിക്കത്തിനു ആരുടെയും സമ്മതം ആവശമില്ലാ… ഞാൻ അതു നോക്കുന്നുമില്ലാ”

കാര്യങ്ങൾ കൈ വിട്ടുപോകുന്നപോലെ…. എന്തു ചെയ്യും… അവർ തല പുകഞ്ഞു.

“എനിക്ക്… എനിക്ക് ഈ കല്യാണം വേണ്ട അച്ഛാ”

വാതിലിന്റെ മറയിൽനിന്നിൻ പുറത്തേക്കു വന്നുകൊണ്ടു പാറു പറഞ്ഞു.

ശ്രീരാജിന്റെ മുഖം രക്ത വർണ്ണം കൊണ്ടു പൊതിഞ്ഞു.

ബാലു നിര്വികാരതയോടെ പാറുവിനെ നോക്കി. ഒരു ഭാവ ഭേദവുമില്ലാതെയുള്ള പാറുവിന്റെ നിൽപ്പു അവനെ കൂടുതൽ വേദനിപ്പിച്ചു.

തുടരും…..

Nb: ലൈക്ക് ചെയ്യാൻ മറക്കല്ലേ… നിങ്ങളുടെ ലൈക്കുകളും കമന്റുകളാണ് ഞങ്ങളെപ്പോലെയുള്ള എഴുത്തുകാർക്ക് പ്രചോദനം.

നിഴലായ് മാത്രം : PART 1

നിഴലായ് മാത്രം : PART 2

നിഴലായ് മാത്രം : PART 3

നിഴലായ് മാത്രം : PART 4

നിഴലായ് മാത്രം : PART 5

നിഴലായ് മാത്രം : PART 6

നിഴലായ് മാത്രം : PART 7

നിഴലായ് മാത്രം : PART 8

നിഴലായ് മാത്രം : PART 9

നിഴലായ് മാത്രം : PART 10

നിഴലായ് മാത്രം : PART 11

നിഴലായ് മാത്രം : PART 12

നിഴലായ് മാത്രം : PART 13

നിഴലായ് മാത്രം : PART 14

നിഴലായ് മാത്രം : PART 15

നിഴലായ് മാത്രം : PART 16