Wednesday, April 24, 2024
Novel

ആദ്രിക : ഭാഗം 1

Spread the love

നോവൽ
എഴുത്തുകാരികൾ: ശ്രീലക്ഷ്മി ഇന്ദുചൂഢൻ, ശ്രുതി വേണുഗോപാൽ

Thank you for reading this post, don't forget to subscribe!

“അലൈപായുദേ….. കണ്ണാ……
എൻ മനം മിക അലൈ പായുദെ…….
ഉൻ ആനന്ദ മോഹന വേണുഗാനമദിൽ
അലൈപായുദെ കണ്ണാ…….. എൻ
മനം മിക അലൈ പായുദെ…… ”

തംബുരുവിന്റെ നാദത്തിനു ഒപ്പം അമ്മയുടെ ശ്രുതിസാന്ദ്രമായ ശബ്ദവും ഉയർന്നു കേട്ടു. ഇത് എന്നും പതിവുള്ളതാണ്.

അച്ഛനും ഞാനും അനിയൻകുട്ടനും കഴിഞ്ഞാൽ അമ്മക്ക് ഏറെ പ്രിയം സംഗീതത്തോടാണ്. എന്നും രാവിലെയും വൈകിയിട്ടും ഉണ്ടാവും ഒത്തിരി ശിഷ്യ ഗണങ്ങൾ സംഗീതം പഠിക്കാൻ….

രാവിലെ തന്നെ കുളിച്ചു പൂജ മുറിയിൽ വിളക്ക് കൊളുത്തിയതിനു ശേഷം ഞാൻ അടുക്കളയിലെ പണികൾ ഓരോന്നായി തീർക്കാൻ തുടങ്ങി …

അതിനു ഇടയിലും അമ്മയുടെ ശബ്ദത്തിനു കാതോർത്തു നിന്നു. വർഷം എത്ര കഴിഞ്ഞിട്ടും അമ്മയുടെ സ്വരമാധുര്യത്തിനു ഒരു കുറവും വന്നിട്ടില്ല…

ഫ്ലാസ്കിലെ ചായ ഗ്ലാസിലേക്ക് ആയി പകർന്നു ഞാൻ അച്ഛന്റെ അടുത്തേക്ക് നടന്നു. മുന്നിലെ തിണ്ണയിൽ പത്രവായാനയിൽ മുഴുകി ഇരുപ്പാണ് അച്ഛൻ.

“അച്ഛാ…. ദാ ചായ ”
(കൈയിലെ ചായ ഗ്ലാസ്‌ ഞാൻ അച്ഛന് കൊടുത്തു തിരിഞ്ഞു നടക്കാൻ തുടങ്ങിയതും അച്ഛന്റെ വിളി വന്നു )

“””മോളെ… കറിയാച്ചൻ മോൾക്ക് ഒരു ആലോചന കൊണ്ടു വന്നിട്ടുണ്ട്. നല്ലത് ആണെകിൽ നമുക്ക് നോക്കിയാല്ലോ?? “””

“”” എനിക്ക് ഇപ്പൊ ഒരു കല്യാണം വേണ്ട അച്ഛാ .

എല്ലാം അച്ഛന് അറിയാവുന്നത് അല്ലേ. സമയമാവുമ്പോൾ ഞാൻ തന്നെ പറയാം “””

“””അച്ഛൻ മോളെ നിര്ബന്ധിക്കില്ല. മോൾടെ ഇഷ്ടം തന്നെ ആണ് അച്ഛന് വലുത്. അവൻ ഇപ്പൊ ഒരു കുടുംബജീവിതം ഒക്കെ ആയിട്ടുണ്ടാവും “””

“””അറിയാം അച്ഛാ.

അഭിയേട്ടന് ചിലപ്പോൾ ഒരു കുടുംബജീവിതം ഒക്കെ ആയിട്ടുണ്ടാവാം ……

അച്ഛൻ പറയുന്ന ആരെ വേണമെകിലും കല്യാണം കഴിക്കാൻ തയ്യാറാണ് പക്ഷേ എനിക്ക് കുറച്ചു സമയം വേണം “””

അതും പറഞ്ഞു ഞാൻ അവിടെ നിന്നു പോന്നു. എന്നേക്കാൾ നന്നായി എന്നെ മനസിലാക്കുന്ന ഒരു അച്ഛനെയും അമ്മയെയും കിട്ടിയ ഞാൻ ഭാഗ്യവതി ആണ്.

ആദ്രിക എന്ന എനിക്ക് ദൈവം തന്ന ഏറ്റവും വലിയ നിധി ആണ് എന്റെ അച്ഛനും അമ്മയും അനിയൻ കുട്ടനും.

മാധവന്റെയും സൗദമിനിയുടെയും മൂത്തപുത്രി ആണ് ഞാൻ .

അച്ഛൻ govt സ്കൂളിലെ മലയാളം അധ്യാപകൻ ആണ്. അമ്മ സംഗീത ടീച്ചറും.ഞങ്ങളുടെ ജീവിതത്തിലേക്ക് വൈകി വന്ന വസന്തം എന്റെ അനിയൻകുട്ടൻ ആദർശ് എന്ന അപ്പുണ്ണി ഇതാണ് എന്റെ കുടുംബം.

അപ്പുണി ഇപ്പോ അഞ്ചാം ക്ലാസ്സിൽ പഠിക്കുന്നു. ഞാൻ ആലുവയിൽ ഉള്ള സഹകരണ ബാങ്കിൽ ക്ലാർക്കായി ജോലി ചെയ്യുന്നു .

അനിയൻകുട്ടന്റെ മുറിയിലേക്ക് ചെന്നപ്പോഴേ കണ്ടു മൂടി പുതച്ചു ഉറങ്ങുന്ന ഉണ്ണിനെ. ഞങ്ങൾ തമ്മിൽ ഏകദേശം പന്ത്രണ്ടു വയസിനു വ്യത്യാസം ഉണ്ട്.

ഒരു ചേച്ചി മാത്രം അല്ല ഞാൻ അവന് ഒരു നല്ല കൂട്ടുകാരി, അമ്മ അങ്ങനെ എല്ലാം ആണ്…..അതുകൊണ്ട് തന്നെ അവൻ എന്നെ സ്നേഹം കൂടുമ്പോ ചേച്ചിയമ്മ എന്നാ വിളിക്കാറ്.

“അപ്പുണ്ണി എണീക്ക് നിനക്ക് ഇന്ന് പഠിക്കാൻ പോവണ്ടേ? ”

(തലവഴി പുതച്ചിരുന്ന പുതപ്പ് മാറ്റി ഉറക്കചടവോടെ അവൻ എണീറ്റു ഇരുന്നു.രണ്ടു കൈ കൊണ്ടും കണ്ണുകൾ അമർത്തി തിരുമ്മി )

“മ്മ്……… ഇന്ന് പോണോ ഇന്ന് മാത്സ് പരീക്ഷ ഉണ്ട് ചേച്ചിയമ്മേ മടി ആവേ… . ഞാൻ പഠിപ്പ് നിർത്തിയാലോ എന്ന് ആലോചിക്കുവാ ”

“ദേ ചെക്കാ രാവിലെ തന്നെ നല്ല കൊട്ട് വെച്ച് തരും കേട്ടോ. മര്യാദക്ക് പോയി ഫ്രഷ്‌ ആയി പഠിക്കാൻ പോവാൻ നോക്ക്…”

അവന്റെ പറച്ചിൽ കേട്ടില്ലേ പഠിപ്പ് നിർത്തിയാലോ എന്ന് ആകെ ഇത്തിരിയെ ഉള്ളൂ പറയുന്നത് കേട്ടില്ലേ ..

“നോക്കിക്കോ മിക്കവാറും ഞാൻ ആ സ്കൂൾ ബോബ് വെച്ച് തകർക്കും ”

(എന്നും പറഞ്ഞു ചാടി തുള്ളി അവൻ പോയി.

അവന്റെ കാര്യം ആലോചിച്ചു നിന്നാൽ ഓഫീസിൽ പോവാൻ വൈകും എന്നതിനാൽ ഞാൻ വേഗം റെഡി ആവാൻ ഒരുങ്ങി.

ഏകദേശം മുക്കാൽ മണിക്കൂർ യാത്രയുണ്ട് ബാങ്കിലേക്ക്.

ഇട്ടിരുന്ന വസ്ത്രം മാറി വേഗം ഒരു ചുരിദാർ എടുത്തു ഇട്ടു. നീണ്ട മുടി മെടഞ്ഞു ഇട്ടു. നെറ്റിയിൽ ഒരു പൊട്ടും കണ്ണിൽ കുറച്ചു കൺമഷിയും എഴുതി ഇറങ്ങി )

റെഡി ആയി വന്നപ്പോഴേക്കും അമ്മയുടെ ശിഷ്യഗണങ്ങൾ ഒരു വിധം പോയിട്ടുണ്ടായിരുന്നു. ഭക്ഷണം കഴിച്ചു നേരെ ഇറങ്ങി .

കുറച്ചു ദൂരം നടക്കാൻ ഉണ്ട് ബസ് സ്റ്റോപ്പിലേക്ക്.

പോവുന്ന വഴിയിൽ ശ്രീ കൃഷ്ണന്റെ അമ്പലം ഉണ്ട്. പറ്റാവുന്ന ദിവസങ്ങളിൽ എല്ലാം കണ്ണനെ കണ്ടു തൊഴുതിട്ടെ പോവാറുള്ളൂ …..

ബാഗ് പുറത്ത് വെച്ച് അമ്പലത്തിലേക്ക് കയറി.

ചന്ദനചാർത്ത്‌ നടത്തി തുളസി മാല അണിഞ്ഞു ഇരിക്കുന്ന ശ്രീകൃഷ്ണ രൂപത്തെ നോക്കി കൈ കൂപ്പി പ്രാർത്ഥിച്ചു.

“എവിടെ ആണെകിലും കാത്തോളണേ എന്റെ കൃഷ്ണാ ഒരു ആപത്തും എന്റെ അഭിയേട്ടനു വരുത്തിയെക്കല്ലേ എല്ലാർക്കും നല്ലത് മാത്രം വരണേ ”

ഒന്നുകൂടി വിഗ്രഹത്തിലേക്ക് നോക്കി മനമുരുകി പ്രാത്ഥിച്ചു. ശാന്തി തന്ന പ്രസാദം നെറ്റിയിൽ ചാർത്തി തിരിഞ്ഞു നോക്കിയപ്പോൾ എന്നെ നോക്കി ചിരിച്ചുകൊണ്ട് നിൽക്കുന്ന ഒരു അമ്മയെ ആണ് കണ്ടത്.

സെറ്റും മുണ്ടും ആയിരുന്നു വേഷം വെളുത്ത നിറം നെറ്റിയിൽ ഒരു ചന്ദനകുറി മാത്രം, നല്ല ഐശ്വര്യം നിറഞ്ഞ മുഖം.

ഒരു മുൻപരിചയം ഇല്ലാഞ്ഞിട്ടു കൂടി ആ അമ്മ എന്നെ നോക്കി ചിരിച്ചപ്പോൾ ഞാനും ഒരു പുഞ്ചിരി തിരിച്ചു സമ്മാനിച്ചു….

അമ്പലത്തിൽ നിന്നും കുറച്ചു മാറി തന്നെ ഒരു നൃത്തവിദ്യാലയം ഉണ്ട്. അത് കാണുമ്പോൾ എല്ലാം അമ്മയുടെ കൈ പിടിച്ചു ആദ്യമായി നൃത്തം പഠിക്കാൻ വന്ന ആ അഞ്ചു വയസുകാരിയെ ആണ് ഓർമ വരിക .

ജോലിക്ക് കയറിയെ പിന്നെ വീട്ടിൽ നിന്നുള്ള പ്രാക്ടീസ് മാത്രമേ ഉള്ളൂ……

ഓരോന്ന് ഓർത്തു കൊണ്ട് തന്നെ ബസ് സ്റ്റോപ്പിലേക്ക് നടന്നു. ബസ് വരാൻ ഇനിയും കുറച്ചു നേരം ഉണ്ട്. വഴിയിലെ കാഴ്ചകളെ നോക്കി നിന്നു.

വീശുന്ന കാറ്റിൽ പറക്കുന്ന മുടികളെ ചെവിയിലേക്ക് ഒതുക്കി വെച്ചു. ഇടക്ക് എപ്പോഴോ ആരോ എന്നെ തന്നെ നോക്കുന്നത് പോലെ തോന്നിയപ്പോ ചുറ്റും നോക്കി പക്ഷേ ആരെയും കണ്ടില്ല.

ഇത് ഇപ്പോൾ കുറച്ചു നാൾ ആയി ആരോ പിന്തുടരുന്ന പോലെ ഉള്ള ഈ തോന്നൽ .

തിരിഞ്ഞു നോക്കുമ്പോൾ ആരെയും കാണില്ല.. ഓരോന്ന് ആലോചിച്ചു നിന്നതും ബസ് വന്നു..

ബസിൽ കയറി കിട്ടിയ സീറ്റിൽ കയറി ഇരുന്നു. സ്ഥിരം യാത്രകാരി ആയതുകൊണ്ട് ബസിലെ എല്ലാർക്കും എന്നെ നല്ല പരിചയം ആണ്.

“മറന്നിട്ടുമെന്തിനോ മനസ്സിൽ തുളുമ്പുന്നു
മൗനാനുരാഗത്തിൻ ലോലഭാവം…….
കൊഴിഞ്ഞിട്ടുമെന്തിനോ പൂക്കാൻ തുടങ്ങുന്നു
പുലർമഞ്ഞു കാലത്തെ സ്നേഹതീരം…..

അറിയാതെ ഞാൻ എന്റെ പ്രണയത്തെ വീണ്ടും എൻ നെഞ്ചോടു ഒതുക്കി കിടന്നിരുന്നു……..

കാലൊച്ചയില്ലാതെ വന്നു നീ മെല്ലെയെൻ
കവിളോടുരുമ്മി കിതച്ചിരുന്നു…….
പാതിയും ചിമ്മാത്ത മിഴികളിൽ നനവാന്ന
ചുണ്ടിനാൽ ചുംബിച്ചിരുന്നിരുന്നു ”

വണ്ടിയിൽ നിന്നും കേട്ട പാട്ടിൽ ലയിച്ചു ഞാൻ ഇരുന്നു. എന്റെ ഓർമകളും ഒരുപാട് നാൾ പിന്നിലേക്ക് പോയി എന്റെ കോളേജ് കാലത്തേക്ക്……

********************************************

“””നിനക്ക് എന്താ ആദു വട്ടാണോ….?

പ്രേമിക്കാൻ നിനക്ക് വേറെ ആരെയും കിട്ടിയില്ലേ?
അല്ലെങ്കിലും നിന്നെ പോലെ ഉള്ള ഒരു പെണ്ണിന് യോജിച്ച ആള് അല്ല അയാൾ. “””

വാക പൂക്കളാൽ നിറഞ്ഞ കോളേജ് നടപാതയിലൂടെ രാഖിക്ക് ഒപ്പം നടക്കുമ്പോ അവളുടെ ചോദ്യത്തിന് ഉള്ള ഉത്തരം എന്റെ പക്കൽ ഉണ്ടായിരുന്നില്ല.

ചെറിയ ഒരു പുഞ്ചിരി മാത്രം നൽകി ഞാൻ എന്റെ കണ്ണുകളെ ചുറ്റും പരുതി. അവിടെ ഒന്നും ഞാൻ കാണാൻ ആഗ്രഹിച്ച മുഖത്തെ കാണാൻ സാധിച്ചില്ല.

എന്നിൽ നിന്നും മറുപടി കിട്ടാത്തത് കൊണ്ടാവാം അവൾ അവളുടെ ചോദ്യം വീണ്ടും ചോദിച്ചു കൊണ്ടേ ഇരുന്നു…..

(രാഖി കോളേജിലെ എന്റെ കൂട്ടുകാരി.കോളേജിൽ ആദ്യമായി ചേർന്നപ്പോൾ കിട്ടിയ കൂട്ട്. എല്ലാരോടും നല്ല കൂട്ട് ആണെകിലും അവളോട് ആയിരുന്നു കൂടുതൽ അടുപ്പം .

ഞങ്ങൾ രണ്ടുപേരും ബികോം കോ ഓപ്പറേഷൻ ഫസ്റ്റ് ഇയർ സ്റ്റുഡന്റസ് ആണ് )

“””ഡി ഞാൻ പറയുന്നത് വലതും നീ കേൾക്കുണ്ടോ? എന്ത് കണ്ടിട്ടാ നീ അയാളെ സ്നേഹിക്കുന്നെ?

നിന്നെ അപേക്ഷിച്ചു നോക്കിയാൽ പറയത്തക്ക എന്ത് ഭംഗിയാ അയാൾക്ക് ഉള്ളത്? അയാളെക്കാൾ എത്രയോ ഭംഗി ഉള്ള ചേട്ടൻമാർ ഉണ്ട് ഈ കോളേജിൽ. കോളേജ് ചെയർമാൻ എന്നതാണോ നീ അയാളിൽ കണ്ട യോഗ്യത?? “””

അവളുടെ വാക്കുകളിൽ പുച്ഛം നിറഞ്ഞിരുന്നു. താൻ പ്രാണനെക്കാൾ ഏറെ കൊണ്ടു നടക്കുന്ന പ്രണയത്തെ അവൾ എത്ര നിസാരമായാണ് തരം താഴ്ത്തിയത് .

ആദ്യമായി അവളോട് എന്തെന്ന് ഇല്ലാത്ത ഒരു ദേഷ്യം എന്നിൽ പൊട്ടി മുളക്കുന്നത് ഞാൻ അറിഞ്ഞു…..

അവളോട് മറുപടി ഒന്നും പറയാതെ തന്നെ ഞാൻ നടന്നു……

കുറച്ചു കഴിഞ്ഞതും ഞങ്ങൾക്ക് നേരെ നടന്നു വരുന്ന ആളെ കണ്ടതും എന്റെ ദേഷ്യം എല്ലാം എവിടെയോ ഓടി ഒളിച്ചതു പോലെ…..

അഭിലാഷ് എന്ന അഭി എല്ലാവരുടെയും സഖാവ് എന്റെ അഭിയേട്ടൻ.

ഞങ്ങളുടെ കോളേജ് ചെയർമാൻ. MA മലയാളം ലാസ്റ്റ് ഇയറിൽ പഠിക്കുന്നു.രാഖി പറഞ്ഞപോലെ മറ്റുള്ളവരെ ആകർഷിക്കാൻ പാകത്തിൽ കട്ട താടിയോ ബുള്ളെറ്റൊ ഒന്നും ഇല്ല.

നല്ല പൊക്കം അതിനു ഒത്ത ശരീരം, കാർവർണ്ണനെ പോലെ കറുത്തത്തിട്ടാണ് ആള്.

കറുപ്പിന് ഏഴു അഴക് എന്ന് പറയുന്നത് വെറുതെ അല്ല അഭിയേട്ടന്റെ ഭംഗിയും ആ കറുപ്പ് തന്നെ ആണ്.

വെട്ടി ഒതുക്കി നിർത്തിയ മുടി നല്ല പോലെ ചീകി വെച്ചിരിക്കുന്നു. കട്ടിമീശയും, ചിരിക്കുമ്പോൾ വിരിയുന്ന ആ കുഞ്ഞു നുണകുഴിയെ മറച്ചു വെക്കുന്ന കുറ്റി താടിയും അഭിയേട്ടന്റെ ഭംഗി ഒന്നുകൂടെ കൂട്ടിയപോലെ . ഷർട്ടും മുണ്ടും ആണ് വേഷം.

സദാസമയവും ആ ചുണ്ടിൽ എല്ലാർക്കും ആയി ഒരു പുഞ്ചിരി ഉണ്ടാവും……

വഴിയിൽ കാണുന്ന പിള്ളേരോട് എല്ലാം വിശേഷം ചോദിച്ചു വരുന്ന അഭിയേട്ടനെ ഞാൻ നോക്കി നിന്നു.

“””നിങ്ങൾ ഇതു വരെ പോയില്ലേ…? ബസ് വരാൻ സമയം ആയല്ലോ “””

(ഞങ്ങളെ തന്നെ നോക്കി ഉത്തരത്തിനായി അഭിയേട്ടൻ നിന്നു. അവളുടെ മുഖത്തു ഇപ്പോഴും ആ പുച്ഛഭാവം തന്നെ ആയിരുന്നു. )

“””അത് അഭിയെട്ടാ ഞങ്ങൾ പോവാൻ പോവേ. ബസ് വരാൻ സമയം ആവുന്നതെ ഉള്ളൂ “””

(ഞാൻ ആയിരുന്നു മറുപടി കൊടുത്തത്. അവൾ അപ്പോഴും മുഖം വീർപ്പിച്ചു തന്നെ നിന്നു. )

“””എന്താടോ താൻ എന്താ മിണ്ടാതെ ഇരിക്കുന്നെ… എന്തുപറ്റി? “””(രാഖിയെ നോക്കിയായിരുന്നു അഭിയേട്ടന്റെ ചോദ്യം )

എനിക്ക് ഒന്നും പറ്റിയില്ല എന്നും പറഞ്ഞു അവൾ അവിടെ നിന്നും പോയി.

(അവളുടെ പെരുമാറ്റത്തിൽ ആ മുഖത്തെ ചിരിയിൽ അല്പം മങ്ങൽ ഏറ്റതു പോലെ തോന്നി. എങ്കിലും അധികം വൈകാതെ തന്നെ ആ ചുണ്ടിൽ ആ പഴയ ചിരി വിരിഞ്ഞു )

“”എന്താടോ തന്റെ കൂട്ടുകാരിക്ക് എന്ത് പറ്റി?? വഴക്കിട്ടോ രണ്ടും? “”

“””ഹ്മ്മ് ഒരു ചെറിയ സൗന്ദര്യ പിണക്കം അത്രേ ഉള്ളൂ. അഭിയേട്ടൻ ഇതു എവിടെക്കാ?? “””

“””ഇന്ന് പാർട്ടിടെ വക മീറ്റിംഗ് ഉണ്ടെടോ . എന്നാൽ ശെരി താൻ വിട്ടോ പോയി കൂട്ടുകാരിയുടെ പിണക്കം മാറ്റിയിട്ടു വാ “””

അതും പറഞ്ഞു അഭിയേട്ടൻ പോയി. Sfi പാർട്ടി യുടെ സജീവ പ്രവർത്തകൻ ആണ് അഭിയേട്ടൻ. സാറുമാർക്കും വിദ്യാർത്ഥികൾക്കും ഒരേപോലെ വേണ്ടപ്പെട്ട ചെയർമാൻ . കോളേജിലെ ഏതു കാര്യത്തിനും മുന്നിൽ ഉണ്ടാവും അഭിയേട്ടൻ.

ഓരോന്ന് ആലോചിച്ചു ബസ് സ്റ്റോപ്പിൽ ചെന്നപ്പോൾ കണ്ടു രാഖിയെ. ഇപ്പോഴും മുഖം വീർപ്പിച്ചു തന്നെ നിൽപ്പാണ്.

അഭിയേട്ടനോട് അങ്ങനെ പറഞ്ഞു പോയ ദേഷ്യത്താൽ ഞാനും അവളിൽ നിന്നും കുറച്ചു അകലം പാലിച്ചു നിന്നു.

ഇടക്ക് എപ്പോഴോ അവൾ എന്റെ അടുത്ത് വന്നു നിന്നത് അറിഞ്ഞിട്ടും ഗൗരവം നടിച്ചു ഞാൻ നിന്നു.

“”””ആദു…… സോറി പെട്ടന്നു അങ്ങനെ കേട്ടപ്പോ ഉൾകൊള്ളാൻ പറ്റിയില്ല. നിന്റെ പുറകെ ഒത്തിരി പേർ ഇഷ്ടം പറഞ്ഞു വന്നതല്ലേ അതും അഭിയേട്ടനെക്കാൾ എന്തുകൊണ്ടും കാണാൻ കൊള്ളാവുന്നവർ .

പക്ഷേ അവരോട് ഒന്നും തോന്നാത്ത ഇഷ്ടം അഭിയേട്ടനെ പോലെ ഒരാളോട് തോന്നി എന്ന് അറിഞ്ഞപ്പോ എന്തോ പോലെആയി അതാ ഞാൻ അങ്ങനെ ഒക്കെ പറഞ്ഞെ. സോറി….. “””

(ഒരു കൊച്ചു കുട്ടിയെ പോലെ എന്റെ മുന്നിൽ നിൽക്കുന്ന അവളെ കണ്ടപ്പോ ദേഷ്യം ഒക്കെ എവിടേക്കോ പോയി. )

“”””എനിക്ക് നിന്നോട് ദേഷ്യം ഒന്നുമില്ല. പിന്നെ പ്രണയം അത് ഒരാളോട് തോന്നുന്ന വികാരമാണ്. അതുകൊണ്ട് തന്നെ എന്നിലെ പ്രണയം അഭിയേട്ടനു മാത്രം ഉള്ളതാണ്.

പിന്നെ പ്രണയത്തിനു വർണ്ണം ഉണ്ടെന്നു ഞാൻ വിശ്വസിക്കുന്നില്ല.

അങ്ങനെ എങ്കിൽ ലക്ഷകണക്കിന് ആരാധികമാർ ഉള്ള ശ്രീകൃഷ്‌ണൻ കറുപ്പ് അല്ലേ……

പ്രണയത്തിൽ നിറത്തിനു ഒരു പ്രാധാന്യവും ഇല്ല കുട്ടി.പിന്നെ നീ വിചാരിക്കുന്ന പോലെ ഈ കോളേജിൽ വെച്ചല്ല ഞാൻ അഭിയേട്ടനെ ആദ്യമായി കാണുന്നത് അതിനുമുൻപേ ഞാൻ അഭിയേട്ടനെ കണ്ടിട്ടുണ്ട്.

അന്ന് തോന്നിയ ആ വികാരം പ്രണയമാണ് എന്ന് തിരിച്ചറിഞ്ഞത് ഇവിടെ വന്നതിനു ശേഷമാണ്. അഭിയേട്ടനെ കൂടുതൽ അടുത്ത് അറിഞ്ഞതിനു ശേഷമാണ് “””….

(അതിനെ പറ്റി കൂടുതൽ പറയുന്നതിന് മുൻപേ തന്നെ എനിക്ക് ഉള്ള ബസ് വന്നിരുന്നു. അവളോട് യാത്ര പറഞ്ഞു ബസിൽ കയറി. തിരക്ക് കുറവയതു കൊണ്ട് പെട്ടന്നു തന്നെ സീറ്റ്‌ കിട്ടി. )

മാഞ്ഞു പോകുന്ന കാഴ്ചകളെ നോക്കി ഞാൻ ഇരുന്നു. ഓർമകളിൽ ഇടക്ക് എപ്പോഴോ ഒരു ഇരുപതു വയസുകാരന്റെ മുഖം തെളിഞ്ഞു വന്നു എന്റെ അഭിയേട്ടന്റെ.

ഞാൻ ആദ്യമായി അഭിയേട്ടനെ കണ്ട ദിനം മനസിലേക്ക് ഓടി എത്തി…….

തുടരും..

(ഇതിലെ അഭിലാഷ് എന്ന കഥാപാത്രം എഴുതാൻ നേരത്ത് കോളജിലെ ഒരു സീനിയർ ചേട്ടന്റെ രൂപം ആണ് മനസിലേക്ക് വന്നത്. ആ രൂപം തന്നെയാണ് കഥപാത്രത്തിനും കൊടുത്തിരിക്കുന്നത്…എല്ലാവരും അഭിപ്രായങ്ങൾ പറയണേ 😊😊)