Sunday, December 22, 2024
Novel

നിഴലായ് മാത്രം : ഭാഗം 16

നോവൽ
എഴുത്തുകാരി: സേഷ്മ ധനേഷ്‌

“പറയു …ശ്രീ… എന്താ വിശേഷം…”

തുടർന്ന് ശ്രീ പറയുന്നത് കേട്ടു ഗോപൻ ദേഷ്യം കൊണ്ടു കണ്ണുകളും മുഖവും അമർത്തി തുടച്ചു. ദേഷ്യം കൊണ്ടു ഗോപന്റെ മുഖത്തു ചുവപ്പു വർണ്ണം പടർന്നു.

ശ്രീരാജ് തുടർന്നുകൊണ്ടേയിരുന്നു.

“പാറുവിനു അധികം താല്പര്യം ഉണ്ടായിരുന്നില്ല ബാലുവിന് ഒപ്പം പോകുവാൻ.. ബാലു പിടിച്ചു….”

“Mr. ശ്രീരാജ്….” ശ്രീരാജ് പറയുന്നത് മുഴുവിപ്പിക്കാൻ സമ്മതിക്കാതെ ഗോപൻ പറഞ്ഞു തുടങ്ങി. ഗോപന്റെ കനത്തിലുള്ള ആ വിളിയിൽ ശ്രീരാജ് ഒന്നു പകച്ചു.

“എന്റെ സഹോദരിയെ നിനക്കു വേണ്ടി കല്യാണം ആലോചിച്ചു എന്നുള്ളത് ശരിയാണ് പക്ഷെ നിങ്ങളുടെ കല്യാണം ഉറപ്പിക്കുകയോ നിശ്ചയം നടക്കുകയോ ചെയ്തിട്ടില്ല.”

“അല്ല…ഏട്ടാ… ഞാൻ…” ശ്രീരാജ് പതറിപോയിരുന്നു.

“അതുകൊണ്ടു തന്നെ അവൾ ആരുടെ കൂടെ പോയാലും നീ വിഷമിക്കേണ്ടതില്ല.

അതു നിനക്കു ഒരു പ്രശ്നം ആണെങ്കി ഈ ആലോചനയിൽ നിന്നും ഒഴിവായിക്കൊള്ളു.

പിന്നെ നിന്റെ അറിവിലേക്കായി പറയുകയാണ്.

ഇന്ന് ആ ഭാഗത്തു ബസ് സമരം ആണെന്ന് അറിഞ്ഞിട്ടു തന്നെയാണ് ബാലു അതുവഴി വന്നത്.

അവനറിയാം പാറുവിനു തിരികെ പോകാൻ വേറെ വഴിയില്ലയെന്നു. അവൻ പാറുവിനെ ഡ്രോപ്പ് ചെയ്യുന്നതിനും മുന്നേ എന്നോട് അനുവാദം ചോദിച്ചിരുന്നു. ബാലു മാത്രമല്ല പാറുവും.

പിന്നെ എന്റെ സഹോദരിയെയും ബാലുവിനെയും ഞാൻ ഇന്നും ഇന്നലെയുമൊന്നും കാണാൻ തുടങ്ങിയതല്ല.

നിന്നെയും ഞാൻ അറിയാൻ ശ്രമിക്കുന്നു”

“ഏട്ടാ…അതു…പിന്നെ” ശ്രീരാജ് വീണ്ടും വിക്കി വിക്കി വാക്കുകൾ തപ്പി തടഞ്ഞു.

“എനിക്കൽപ്പം തിരക്കുണ്ട്… ഒക്കെ”

ഗോപൻ ദേഷ്യത്തോടെ കോൾ കട്ട് ചെയ്തു. മുഷ്ടി ചുരുട്ടി ദേഷ്യത്തോടെ മിഴികൾ ഊന്നി ഇരുന്നു.

“ബാലു…” ശ്രീരാജ് ഉറക്കെ വിളിച്ചു കാറിന്റെ ബോണറ്റിൽ മുഷ്ടി ചുരുട്ടി ഇടിച്ചു.

“പണി പാളിയല്ലേ” കൂട്ടുകാരൻ ഒഴുക്കൻ മട്ടിൽ കളിയാക്കി ചോദിച്ചു.

“ബാലു…. അവനു ഞാൻ വച്ചിട്ടുണ്ട്” കോപത്തോടെ പല്ലു കടിച്ചു പിടിച്ചു ശ്രീരാജ് പറഞ്ഞു.

“നിനക്കു അവിടെ കിട്ടാത്ത കിളികൾ ഒന്നുമല്ലലോ ഇവിടെ…. വിടെട”

“വിടാനോ… പാറു.. പാറൂട്ടി… അവൾ ഒരു നാട്ടു പച്ച കിളിയാണ് മോനെ…ഒരിക്കൽ മാത്രം മതി”

കൗശലതയോടെ ചിരിച്ചുകൊണ്ട് ശ്രീരാജ് കാർ മുന്നോട്ടു പായിച്ചു.

ടൗണിലേക്ക് ഒന്നുരണ്ടു സാധാനങ്ങൾ വാങ്ങാൻ പോയതായിരുന്നു ബാലു.

കൂടെ കൂട്ടുകാരൻ സമീറും ഉണ്ട്. ഉണ്ണിക്കുള്ള പെയിന്റിങ് സാമഗ്രികളും ഉണ്ടായിരുന്നു.

തിരിച്ചുവരവിൽ നേരം കുറച്ചു ഇരുട്ടിയിരുന്നു.

സമീർ ഓരോ തമാശകൾ പറഞ്ഞു തമ്മിൽ ചിരിച്ചുകൊണ്ടായിരുന്നു അവർ പോയിരുന്നത്.

ആളൊഴിഞ്ഞ വഴി വീഥിയിൽ എത്തിയപ്പോൾ ശ്രീരാജ് പകൽ കണ്ട കൂട്ടുകാരനായി നിൽക്കുന്നത് കണ്ടു.

ബാലു അവരുടെ അടുത്തേക്ക് വണ്ടി നിർത്തി. സമീർ ബാലുവിന്റെ തോളിൽ തോണ്ടിയിട്ടു ആരാണെന്നു ചോദിച്ചു.

“പാറുവിനെ കല്യാണം ആലോചിച്ച ചെക്കാൻ” അങ്ങനെയാണ് ബാലു സമീറിന് പരിചയപ്പെടുത്തി കൊടുത്തത്.

അവന്റെ കണ്ണുകൾ കുറുകി. പെട്ടന്ന് ദേഷ്യം തോന്നി. എങ്കിലും സമീർ ശ്രീരാജിനെ നോക്കി ചിരിച്ചെന്നു വരുത്തി.

“പൊട്ടൻ….അല്ല…അല്ല…ബാലു….

പാറുവിനെ നീ സേഫ് ആയി വീട്ടിൽ എത്തിച്ചു അല്ലെ” ശ്രീരാജിനെ കണ്ണിമ ചിമ്മാതെ ഉറ്റു നോക്കി ബൈക്കിൽ തന്നെ ഇരുന്നു ബാലു.

ശ്രീരാജിന്റെ വാക്കുകൾ സമീറിൽ ദേഷ്യം വരുത്തി. അതിന്റെ അസ്വസ്ഥതയും അവന്റെ മുഖത്തു പ്രകടമായി കാണാമായിരുന്നു.

“എനിക്കറിയാം പൊട്ടൻ ബാലു…. അവൾക്കു നിന്നോടാണ് പ്രിയമെന്നു….എനിക്കവളെ അങ്ങു പൂർണ്ണമായും വേണ്ട…ഒറ്റ തവണ… പിന്നെ നീയെടുത്തോ….

എന്തായാലും അവൾ നിന്റെ എച്ചിൽ ആയിട്ടില്ല എന്നെനിക്കറിയാം… ശരിക്കും നീയൊരു പൊട്ടൻ തന്നെയാ…

അല്ലെങ്കി ഇത്ര നാളുകൾ ആയിട്ടും അവളെ രുചിക്കാൻ നിനക്കു തോന്നിയില്ലലോ…”

ബാലു ശ്വാസം വലിച്ചു പിടിച്ചു ബൈക്കിൽ കണ്ണടച്ചു അവൻ പറയുന്നത് കേട്ടുകൊണ്ടേയിരുന്നു.

“ഡാ… ബാലു…നീയവനെ അടിക്കുന്നോ അല്ലെങ്കി ഞാൻ കൊടുക്കണോ… നീ ഈ ×*&+=% മോന്റെ പന്നത്തരം കേട്ടു ഇരിക്കുവാണോ” സമീർ അടിമുടി ദേഷ്യം കൊണ്ടു പുകഞ്ഞു നിൽക്കുവായിരുന്നു.

“കൂട്ടുകാരൻ തൽക്കാലം അവിടെ അടങ്ങി നില്ക്കു…. പൊട്ടൻ ആണെങ്കിലും അവനു കാര്യം മനസ്സിലാകുന്നുണ്ട്… അതല്ലേ അവൻ മിണ്ടാതെ ഇരിക്കുന്നത്”

ഒരു വിടവന്റെ ചിരിയോടെ പറഞ്ഞുകൊണ്ട് ശ്രീരാജ് ബാലുവിന് അരികിലേക്ക് കുറച്ചുകൂടി നീങ്ങി നിന്നു.

“നീയൊന്നു മനസ്സുവച്ചാൽ കുറെ കൂടി എളുപ്പത്തിൽ….”

“അടിയെടാ ബാലു അവനെ….” സമീർ അലറി കൊണ്ടു പറഞ്ഞു തീരുംമുന്നേ ശ്രീരാജിന്റെ മൂക്കിൽ നിന്നും രക്തം വന്നിരുന്നു.

കൈകളിലേക്ക് ഒഴുകി വന്ന രക്തം കണ്ടു ശ്രീരാജ് പകച്ചുപോയി. പകപ്പു മാറും മുന്നേ ശ്രീരാജ് തെറിച്ചു വീണിരുന്നു.

ബാലു കാൽ നീട്ടി നെഞ്ചിൽ ആഞ്ഞു ചവിട്ടി വീഴ്ത്തിയിരുന്നു. ബൈക്കിൽ നിന്നും എഴുനേറ്റു താഴെ കിടക്കുന്ന ശ്രീരാജിന്റെ അടുത്തേക്ക് ചെന്നു.

അവന്റ കൂട്ടുകാരൻ അടുത്തേക്ക് വന്നപ്പോൾ ഒരു നോട്ടം കൊണ്ടു ബാലു അവനെ തടഞ്ഞിരുന്നു.

സമീർ പുറകെ വന്നിരുന്നു. ശ്രീരാജിനെ രൂക്ഷമായി നോക്കി നിന്നു ബാലു കണ്ണുകളാൽ അവനോടു സംസാരിച്ചു…. ബാലുവിന്റെ ശബ്ദമാകുവാൻ സമീർ ഉണ്ടായിരുന്നു.

“നീ പൊട്ടന്റെ അടിയെന്നു കേട്ടിട്ടുണ്ടോ…

ഇപ്പോ കിട്ടിയില്ലേ അമ്മയെയും പെങ്ങളെയും തിരിച്ചറിയാൻ കഴിയാത്ത ഡാഷ് മോനെ” കലി തീരാതെ കണ്ടു സമീറിന്റെ വകയും കിട്ടി കരണം പുകച്ചു അടി….

ശ്രീരാജിന്റെ ചെവിയിൽ വണ്ടുകൾ മൂളിപ്പാട്ടു പാടി.

ബാലുവിന്റെ കണ്ണിലെ കോപത്തിൽ ശ്രീരാജ് പൊള്ളിപ്പിടയുന്നപോലെ തോന്നി. അവന്റെയുള്ളിൽ പ്രണയത്തിന്റെ അഗ്നി എരിയുന്നത് അവൻ കണ്ടു..

ആ അഗ്നിയിലെ ചൂടാണ് താൻ ഇപ്പോൾ അനുഭവിച്ചതെന്നു അവനു ബോധ്യമായി.

രൂക്ഷമായ നോട്ടതോടെ തന്നെ അവൻ അവിടെ നിന്നും പുറപ്പെട്ടു.

സമീറിനെ വീട്ടിൽ ആക്കിയിട്ടു ഉണ്ണിമായയുടെ അടുത്തേക്ക് എത്തിയപ്പോൾ ഒത്തിരി വൈകി പോയിരുന്നു. ഉണ്ണിയാണെങ്കിൽ അവനെയും നോക്കി തന്നെ പൂമുഖത്തു ഇരിക്കുന്നുണ്ടായിരുന്നു. ബാലു വന്നതും അവൾക്കായി വാങ്ങിയതെല്ലാം കൊടുത്തു പോകാൻ തിരിഞ്ഞു.

“എന്താ ബാലു… ഇന്ന് പോണ്ട… ”

“വിട് ഉണ്ണി… ഞാൻ നാളെ വരാം …ഇന്ന്…ഇന്ന് എനിക്ക് ഒറ്റക്കു കിടക്കണം എന്റെ വീട്ടിൽ”

അവൻ നന്നായി വിഷമിക്കുന്നുണ്ടെന്നു അവൾക്കു മനസിലായി. അത്ര വിഷമം ഉണ്ടെങ്കിൽ മാത്രമേ അവൻ ഒറ്റക്കു കിടക്കാൻ ആഗ്രഹിക്കു.

അവനെ അനാഥൻ ആക്കിയ ആ വീട്ടിൽ. മനസ്സു പതറുമെന്നു തോന്നുമ്പോൾ… അവൻ സ്വയം ഊർജം കണ്ടെത്തുന്നത് അവനെ അനാഥമാക്കിയവരുടെ അടുത്തുനിന്നാണ്.

അല്ലെങ്കിലും ആരുമില്ലാതെ ഒറ്റയാൻ ആകുന്ന അവസ്ഥയിൽ …… ഒരു അനാഥൻ ആകുന്ന അവസ്ഥയിൽ….

നമുക്ക് കൈ വരുന്നൊരു ആത്മവിശ്വാസം ഉണ്ട്… പിന്നീട് ലോകത്തു ഒന്നിനും തോൽപ്പിക്കാൻ കഴിയില്ല നമ്മുടെയാ ആത്മവിശ്വാസത്തെ.

ബാലുവിന്റെ കൈകളിൽ മുറുകെ പിടിച്ചു പോകുവാൻ അവൾ അനുവാദം നൽകി. അവൻ പോകുന്നത് അവൾ കണ്ണിമ ചിമ്മാതെ നോക്കി കണ്ടു.

ബാലു പോയിട്ടും അവൾ പൂമുഖത്തു തന്നെ ഇരുന്നു. അനന്തുവിന്റെ ഫോൺ വിളിയാണ് അവളെ ഉണർത്തിയത്.

“ഹലോ…”

“എന്താ പെണ്ണേ…. വിഷമാവസ്ഥയിൽ ആണല്ലോ… യാമി വല്ലതും പറഞ്ഞു വിളിച്ചോ”

“ഇല്ല അനന്തു….”

“പിന്നെ…. പിന്നെ… ബാലുവാണോ വിഷമത്തിന്റെ കാരണം”

“അതെങ്ങനെ മനസ്സിലായി” തെല്ലൊരു അതിശയത്തോടെ അവൾ ചോദിച്ചു.

“അതോ… അതു … താൻ വിഷമിച്ചാൽ എന്റെ ഹൃദയം ഒരു അലാറം അടിക്കും”

“പോ അനന്തു…. കളിയാക്കാതെ”

“നിനക്കു അതു മനസിലാകില്ല… കാരണം ആ ഹൃദയത്തിൽ ഞാൻ ഇല്ലല്ലോ”

“ഇല്ലാലെ”

“ഉണ്ടോ”

“അറിയില്ല”

“നിനക്കു പിന്നെ എന്താ അറിയുന്നെ…. കുറെ പടം വരയ്ക്കാൻ അല്ലാതെ..”

“ഉം”

“ഡോ… പെണ്ണേ … വിഷമിക്കാതെ… ബാലു ഒന്നും വിട്ടു പറഞ്ഞു കാണില്ല അല്ലെ… പക്ഷെ അവൻ നാളെ തന്നെ നിന്നോട് പറയും. അതു നിനക്കു തന്നെ അറിയാലോ… കുറച്ചു നേരം അവനെ ഒറ്റക്കു വിട്… താനും വിഷമിക്കാതെ ഇരിക്കു കേട്ടോ”

“ഉം”

“ഈ മൂളൽ മാത്രം ഉള്ളു അല്ലെ…. ശരി… ഞാൻ നാളെ വരാം…. കണ്ടിട്ടു കുറച്ചായില്ലേ”

“ഉം”

“ശുഭരാത്രി ”

“ശുഭരാത്രി”

ബാലു ബൈക്കു നിർത്തി ഇറങ്ങി നോക്കുമ്പോൾ കാണുന്നത് സിറ്റൗട്ടിൽ ഇരിക്കുന്ന ഗോപനെയാണ്.

ബാലു ആദ്യം ഒന്നു സംശയിച്ചു. പിന്നെ അവനു ഉറപ്പായിരുന്നു. ശ്രീരാജ് ഇല്ലാത്തതു എന്തെങ്കിലും പറഞ്ഞു കാണും.

പക്ഷെ ഗോപന്റെ മുഖം ശാന്തമായിരുന്നു. അതും ശ്രദ്ധിച്ചുകൊണ്ടു മുഖത്തു ഒരു ചിരി വരുത്താൻ ശ്രമിച്ചു ബാലു അവനടുത്തേക്കു ചെന്നു.

“ഏട്ടൻ എപ്പോഴാ വന്നത്… ഉണ്ണിക്ക് കുറച്ചു പെയിന്റിങ് സാധനങ്ങൾ വാങ്ങാൻ ഉണ്ടായിരുന്നു… വാങ്ങി വന്നപ്പോൾ നേരം വൈകി”

“അതുകൊണ്ടു മാത്രം ആണോ ബാലു നേരം വൈകിയത്”

ബാലുവിന്റെ തല കുമ്പിട്ടുപോയി.

“നീയെന്റെ മുൻപിൽ ഇതുപോലെ തല കുമ്പിട്ടു നിൽക്കല്ലേ”

ബാലുവിന്റെ കണ്ണുകൾ നിറയാൻ തുടങ്ങിയിരുന്നു.

“ഏട്ടാ… ഞാൻ പറയാം… അവിടെ എന്താ ഉണ്ടായതെന്ന്. അതു കേട്ടിട്ടു ഏട്ടൻ എന്തു വേണമെങ്കിലും തീരുമാനിച്ചോ… ”

“എനിക്കൊന്നും കേൾക്കണ്ട ബാലു”

ഗോപന്റെ ഉറച്ച ശബ്‌ദം ആ ഇരുട്ടിലെ നിശ്ശബ്ദതതയിൽ വിറങ്ങലിച്ചു കേട്ടു.

“നിനക്കു അവന്റെ പുഴുത്ത നാക്ക് കൂടി പിഴുതെടുക്കാമായിരുന്നില്ലേ”

പറഞ്ഞു തീർന്നതും ഗോപന്റെ ചുണ്ടിൽ ഒരു ചിരിയും വിരിഞ്ഞിരുന്നു.

ബാലു ഒരു ദീർഘശ്വാസം വിട്ടു നിന്നു എളിയിൽ രണ്ടു കൈകൾ കുത്തി ഗോപനെ ഒരു ചിരിയോടെ നോക്കി. സമീറെല്ലാം പറഞ്ഞുവെന്ന് ഊഹിച്ചു.

ഗോപൻ കുറച്ചു നിമിഷങ്ങൾ അവനെ നോക്കി. പിന്നെ ആ മുഖത്തെ ചിരി മാഞ്ഞു കൊണ്ടു പതുക്കെ മുഖത്തു ഗൗരവം നിറയാൻ തുടങ്ങിയിരുന്നു.

“ബാലു… എനിക്ക്… എനിക്ക് നിന്നോട് ഒരു കാര്യം പറയാൻ ഉണ്ടായിരുന്നു”

ബാലു തന്റെ മുഖം അമർത്തി തുടച്ചു കൊണ്ടു തലയാട്ടി. പിന്നെ അവൻ തന്നെ പറഞ്ഞു തുടങ്ങി.

“ഏട്ടൻ പറയാൻ വരുന്നത് എന്താണെന്ന് എനിക്കറിയാം. ഞാൻ ആയിട്ടു പാറുവിന്റെ ജീവിതത്തിൽ ഒരു വിലങ്ങു തടിയാകില്ല. അവളെന്റെ ജീവൻ തന്നെയാ.

ഒരുമിച്ചു കളിച്ചു വളർന്നപ്പോൾ എന്റെയുള്ളിൽ വിരിഞ്ഞ ഒരു പൂമൊട്ടു… എന്റെ പ്രണയം… പക്ഷെ ഒരു നോട്ടം കൊണ്ടുപോലും ഞാൻ ഈ നിമിഷം വരെയും എന്റെയുള്ളിലെ പ്രണയം അവളെ അറിയിച്ചിട്ടില്ല.

എങ്കിലും എന്റെ മനസ്സ് അറിഞ്ഞപോലെ അവൾക്കും ഒരിഷ്ടം തോന്നി. അതു പ്രായത്തിന്റെയാകും. നല്ലൊരു ജീവിതം കിട്ടുമ്പോൾ അവൾ മറക്കും എല്ലാം.

പക്ഷെ ആ ശ്രീരാജിന്റെ പോലെ ഒരുത്തൻ ആകരുത് അവൾക്കായി ഏട്ടൻ കണ്ടുപിടിക്കുന്നത്.

അവൾ സമ്മതിക്കും ചേട്ടാ. മറ്റാരെക്കാളും അവൾക്കു വലുത് അവളുടെ ഈ ഏട്ടനെയാണ്. ഈ ഏട്ടന്റെ മനസ്സു വിഷമിപ്പിക്കുന്ന ഒന്നും തന്നെ അവൾ ചെയ്യില്ല.

ഞങ്ങൾ രണ്ടുപേരും ഏട്ടനെ തോൽക്കാൻ സമ്മതിക്കില്ല. ഏട്ടൻ ധൈര്യമായി ഇരുന്നോളൂ.”

അത്രയും എങ്ങനെയൊക്കെയോ പറഞ്ഞുഒപ്പിച്ചു കൊണ്ടു നിറഞ്ഞുവന്ന കണ്ണുകൾ തിരിഞ്ഞു നിന്നു തുടച്ചു. ഗോപൻ അവന്റെ തോളിൽ കൈകൾ വച്ചു.

“ഞാൻ ഒരു അനാഥൻ ആണ്.

പക്ഷെ നിങ്ങളുടെ കൂടെയല്ലേ ഞാൻ വളർന്നത്. നിങ്ങളുടെയെല്ലാം കൂടെയുള്ളപ്പോൾ ഒരിക്കൽ പോലും എനിക്ക് തോന്നിയിട്ടില്ല ഈ ഭൂമിയിൽ ആരുമില്ലാത്തവനാണ് ഞാനെന്ന്.

അച്ഛനും അമ്മയും ഏട്ടനും ഹർഷനും ഉണ്ണിയും പാറുവുമെല്ലാം നിങ്ങളിൽ ഒരാളായി അല്ലെ എന്നെയും കണ്ടത്.

ആ അമ്മയുടെ കൈകൾ കൊണ്ട് എന്നെ ഒരുപാട് ഊട്ടിയിട്ടുണ്ട്. ഞാൻ …ഈ ബാലു ഒരിക്കലും നന്ദികേട് കാണിക്കില്ല… സത്യം”

കുറച്ചുനേരം ഗോപൻ ബാലുവിനെ നോക്കി നിന്നു. “നിന്നെയെനിക്കു മനസിലാകും… പാറു നിന്റെ ശബ്‌ദം ആകുവാൻ ആഗ്രഹിക്കുമ്പോൾ എന്തുകൊണ്ടോ എന്നിലെ ഒരു ഏട്ടന്റെയും അച്ഛന്റെയും മനസ്സു സ്വാർഥൻ ആകുന്നു. നീയെന്നോട് ക്ഷമിക്കൂ…”

അത്രയും പറഞ്ഞു ഗോപൻ പെട്ടന്ന് തന്നെ അവിടെ നിന്നും ഇറങ്ങി.

നിസ്സംഗതയോടെ ഗോപൻ പോകുന്നത് ബാലു നോക്കി നിന്നു.

തന്റെയുള്ളിലെ പ്രണയത്തെ കവർന്ന തന്റെ തന്നെ കുറവിനെ ആദ്യമായി മനസ്സാൽ ശപിച്ചു. തന്റെ അനാഥത്വത്തിനെ വെറുത്തു…

പാറുവിന്റെ കിലുങ്ങനെയുള്ള സംസാരവും സദാ പുഞ്ചിരി പൊഴിക്കുന്ന ചുണ്ടുകളും… എന്നും കണ്ണീർ നിറവോടെ….

തന്റെയൊരു നോട്ടതിനായി കാത്തിരിക്കുന്ന അവളുടെ കരിമിഴികളും എല്ലാം ഒരു നൊമ്പരമായി തന്നിൽ വേദന പടർത്തുന്നത് അവനറിഞ്ഞു.

തനിക്കൊരിക്കലും അവളെ മറന്നൊരു ജീവിതമില്ല. പക്ഷെ… അവളറിയാതെ അവളെ പ്രണയിക്കാം. അവളോടൊത്തു ചിലവഴിച്ച ഓരോ നിമിഷങ്ങളുടെ ഓർമകൾ മാത്രം മതിയാകും തനിക്കു ജീവിക്കാൻ. കണ്ണു തുറന്നു മുകളിലേക്ക് നോക്കി കിടന്നു ബാലു.

ഇന്ന് കോളേജിലേക്ക് അനന്തു കാണാൻ വരാമെന്നു പറഞ്ഞിരുന്നു. അന്ന് ഹർഷന്റെ നിശ്ചയത്തിനു കണ്ടതാണ്. പിന്നെ കണ്ടിരുന്നില്ല. ഇന്ന് കാണാമെന്നു പറഞ്ഞതുകൊണ്ട് കാത്തിരിക്കുകയായിരുന്നു ഉണ്ണിമായ.

എങ്കിലും ഹർഷൻ വരും മുന്നേ അനന്തു വന്നാൽ മതിയായിരുന്നുവെന്നു അവൾ ഒരു നിമിഷം പ്രാർത്ഥിച്ചു.

ഇത്തവണ പതിവ് തെറ്റിച്ചുകൊണ്ടു ഉണ്ണിമായ വിസിറ്റർസ് റൂമിൽ നേരത്തെ എത്തിയിരുന്നു. റൂമിലെ ജനലിൽ കൂടി പുറത്തെ മഴയും മഴയിൽ ഗ്രൗണ്ടിൽ ഫുട്ബാൾ കളിക്കുന്ന കുട്ടികളെയും കണ്ടു.

ഒരു നിമിഷം തന്റെ കുട്ടികാലത്തിലേക്കു ഉണ്ണിമായ തിരിച്ചുപോയി. തൊടിയിൽ ഹർഷനും ബാലുവും ഗോപേട്ടനും പാറുവും താനുമൊക്കെ മഴയിൽ കളിക്കുന്നതോർമ്മ വന്നു. തമ്മിൽ കൈകൾ കോർത്തു പിടിച്ചു മഴയിൽ വട്ടം കറങ്ങുന്ന കുട്ടികൂട്ടത്തെ ഓർത്തു….

ഒടുവിൽ എല്ലാവരുടെയും വഴക്കു ഏറ്റുവാങ്ങുന്ന ഗോപേട്ടന്റെ മുഖം മനസിലേക്ക് വന്നപ്പോൾ ഉണ്ണിമായ അറിയാതെ ചിരിച്ചുപോയി.

“ഭവതി ഈ ലോകത്തൊന്നും അല്ലെന്ന് തോന്നുന്നല്ലോ”

പരിചിത ശബ്ദതമാണ് അവളെ ഉണർത്തിയത്.

“അനന്തു…. എപ്പോ വന്നു.. ഞാൻ അറിഞ്ഞില്ല”

“കുറെ നേരമായി.. തന്റെ സ്വപ്നം കണ്ടുള്ള മതിമറന്ന നിൽപ്പു നോക്കി കാണുവായിരുന്നു”

ഉണ്ണിമായ ചമ്മിയ ഒരു ചിരി ചിരിച്ചു.

“കുട്ടിക്കാലം ഓർത്തു കാണും അല്ലെ.. ആ ഓർമയിൽ ആയിരിക്കും നമ്മൾ അധികവും നമ്മളെ മറന്നു പോകുന്നത്”

തന്റെ കൈകളിൽ ഇരുന്ന ആ പുസ്തകം അവൾക്കു നേരെ നീട്ടി.

“സമുദ്ര ശിലകൾ…. ഇതു പുതിയത് അല്ലെ… നല്ല സെല്ലിങ് ഉണ്ടെന്നു കേട്ടിരുന്നു… പ്രതികരണങ്ങളും തരകേടില്ലായിരുന്നു”

“ഉം…ഞാനും കേട്ടു… പക്ഷെ വായിച്ചില്ല… താൻ വായിച്ചു പറഞ്ഞു തന്നാൽ മതി”

ഉണ്ണി ചിരിച്ചുകൊണ്ട് തലയാട്ടി.

“പിന്നെ … ഒരു സർപ്രൈസ് ഉണ്ട് തനിക്കു…”

“എന്താ”

തന്റെ ഫോൺ ഉണ്ണിമായക്കു നേരെ നീട്ടി. അതിൽ ഒരു മെസ്സേജ് കാണിച്ചു കൊടുത്തു. അതു വായിക്കും തോറും അവളുടെ കണ്ണുകൾ വിടരുകയും നിറഞ്ഞു തുളുമ്പുകയും ചെയ്തു.

ഒരു നിമിഷത്തിൽ അനന്തുവിനെ ഇറുകെ പുണർന്നു നിന്നു അവൾ. അവന്റെ കൈകളും അവളെ പൊതിഞ്ഞു.

“അനന്തു” ഒരു അലർച്ചയാണ് അവരെ ഉണർത്തിയത്.

“ഹർഷൻ…” എന്തെങ്കിലും പറയും മുന്നേ ഹർഷന്റെ കൈകൾ അനന്തുവിന്റെ മുഖത്തു പതിഞ്ഞു.

തുടരും…..

Nb: ലൈക്ക് ചെയ്യാൻ മറക്കല്ലേ… നിങ്ങളുടെ ലൈക്കുകളും കമന്റുകളാണ് ഞങ്ങളെപ്പോലെയുള്ള എഴുത്തുകാർക്ക് പ്രചോദനം.

നിഴലായ് മാത്രം : PART 1

നിഴലായ് മാത്രം : PART 2

നിഴലായ് മാത്രം : PART 3

നിഴലായ് മാത്രം : PART 4

നിഴലായ് മാത്രം : PART 5

നിഴലായ് മാത്രം : PART 6

നിഴലായ് മാത്രം : PART 7

നിഴലായ് മാത്രം : PART 8

നിഴലായ് മാത്രം : PART 9

നിഴലായ് മാത്രം : PART 10

നിഴലായ് മാത്രം : PART 11

നിഴലായ് മാത്രം : PART 12

നിഴലായ് മാത്രം : PART 13

നിഴലായ് മാത്രം : PART 14

നിഴലായ് മാത്രം : PART 15