Wednesday, September 18, 2024
Novel

മരുമക്കൾ : ഭാഗം 6 : അവസാനിച്ചു

നോവൽ
എഴുത്തുകാരി: ശിവന്യ

“ആരാ കൃഷ്ണ…”

മുറ്റത്തേക്ക് കയറി വന്ന എസ്‌ഐയെ ഒന്നും മനസ്സിലാകാത്ത ഭാവത്തിൽ രാക്കിയമ്മ നോക്കി നിന്നു…

“നിങ്ങളോടാ ചോദിച്ചത്, ആരാ കൃഷ്ണയെന്നു. .”

“എന്റെ മരുമോളാ സാറേ….”

“ആരായാലും അവരെ ഇങ്ങോട്ടൊന്നു വിളിക്ക്…”

രാക്കിയമ്മ അകത്തേക്ക് കയറിപ്പോയി… അലപ്‌സമയം കഴിഞ്ഞപ്പോൾ കൃഷ്ണയും പുറകെ സൗമ്യയും ഇറങ്ങി വന്നു….

ഞാനാണ് കൃഷ്ണയെന്നു പറഞ്ഞു അവൾ മുന്നോട്ടു വന്നു…

“പരാതി തന്നത് നിങ്ങളാണോ…”

“അതേ…”

എസ്‌ഐ സൗമ്യയുടെ അടുത്തേക്ക് വന്നു…

“നിന്റെ പേരിൽ ഒരു പരാതി ഉണ്ടല്ലോ സൗമ്യേ, നി ഇവരുടെ, അതായത് മാലിനിയുടെയും കൃഷ്ണയുടെയും ഗർഭസ്ഥശിശുക്കളെ കൊല്ലാൻ ശ്രമിക്കുന്നെണ്ടെന്നു….”

സൗമ്യ പെട്ടെന്ന് പകച്ചു പിന്നോട്ടായി…

“സൗമ്യയുടെ മുറി ഒന്നു സെർച്ച് ചെയൂ…”

കൂടെ ഉണ്ടായിരുന്ന വനിതകൊണ്സ്റ്റബിൾസിനോട് എസ്‌ഐ പറഞ്ഞു….

രാക്കിയമ്മ സൗമ്യയുടെ മുറി കാണിച്ചുകൊടുക്കാനായി അകത്തേക്ക് കയറി…

എന്തുചെയ്യണം എന്നറിയാതെ സൗമ്യ പേടിച്ചു നിന്നു…

ഒരു കവറിൽ എന്തൊക്കെയോ പച്ചമരുന്നുകളുമായി കൊണ്സ്റ്റബിൾ അങ്ങോട്ടു വന്നു…

“ഇതെന്തിനുള്ള മരുന്നാണ് സൗമ്യേ…?”

എസ്‌ഐ ചോദിച്ചു…

“അതു സാർ…. അതെനിക്ക്… ദേഹരക്ഷക്കുള്ളതാ….”

“കള്ളം പറയണ്ട സൗമ്യേ… നിനക്ക് ഇതു തന്നവനും കൂട്ടുപ്രതിയായ നിന്റെ അമ്മയും ജീപ്പിൽ ഇരിപ്പുണ്ട്… അവർ രണ്ടുപേരും കുറ്റം സമ്മതിച്ചു കഴിഞ്ഞു…

തൊണ്ടിമുതലും കിട്ടി… ഇനിയിപ്പോൾ മോൾ പോയി ജീപ്പിൽ കയറിക്കോ….”

താൻ പിടിക്കപ്പെട്ടു എന്നു സൗമ്യക്ക് മനസ്സിലായി…
അവൾ ഒരാശ്രയതിനായി രാക്കിയമ്മയെ നോക്കി…

പക്ഷെ അവർ തനിക്കിതൊന്നും കാണാൻ കഴിയില്ല എന്ന ഭാവത്തിൽ മുഖം തിരിച്ചു…

കൈ രണ്ടും മാറത്തു പിണച്ചു കെട്ടി സൗമ്യയുടെ മുഖത്തേക്ക് തന്നെ നോക്കി നിക്കുകയായിരുന്നു കൃഷ്ണ…

അവൾ ഓടിച്ചെന്നു കൃഷ്ണയുടെ കൈ രണ്ടും ചേർത്തുപിടിച്ചു ….

“എനിക്കൊരു തെറ്റ് പറ്റിപോയതാ കൃഷ്ണേ… നി എന്നോട് ക്ഷമിക്ക്‌…. ഇനി ഞാനിത് ആവർത്തിക്കില്ല… എന്റെ മോനെ ഓർത്തെങ്കിലും നി പരാതി പിൻവലിക്കു…”

“എന്റെ ഉദരത്തിലുള്ള കുഞ്ഞിനെ ഓർക്കുമ്പോൾ , എനിക്ക് നിന്നോട് ക്ഷമിക്കാൻ പറ്റില്ല സൗമ്യേ… ഞാൻ പരാതി പിൻവലിക്കില്ല….”

“കൃഷ്ണേ പ്ലീസ്… ഇനി ഞാനൊരിക്കലും ഇതാവർത്തിക്കില്ല… ഞാൻ പഴയ സൗമ്യ ആകില്ല…. പ്ലീസ്… ”

” നി എന്താ വിചാരിച്ചത് , നിന്റെ നീക്കങ്ങൾ ഒന്നും ഞാൻ അറിയില്ലെന്നോ… നിന്റെ പാസ്റ്റു കണ്ടുപിടിക്കാൻ പറ്റുമെങ്കിൽ ഇപ്പോൾ നി എവിടൊക്കെ പോകുന്നു ,

എന്തൊക്ക ചെയ്യുന്നു എന്ന് കണ്ടുപിടിക്കാൻ എനിക്ക് വലിയ ബുദ്ധിമുട്ടുണ്ടാവില്ലെന്നു നി ചിന്തിക്കണമായിരുന്നു….. ഇല്ല സൗമ്യേ, ഇനി നിനക്കൊരു തിരിച്ചു വരവില്ല….”

കൃഷ്ണ യാതൊരു ദയയും ഇല്ലാതെ പറഞ്ഞു…

വനിതാ കൊണ്സ്റ്റബിൾ വന്നു സൗമ്യയെ പിടിച്ചു ജീപ്പിൽ കയറ്റി….

സൗമ്യയെയും കൊണ്ടു ആ പോലീസ് ജീപ്പ് അകന്നു പോയി…

************************

പിറ്റേന്ന് കേസ് കോടതിയിൽ എത്തിയപ്പോൾ സൗമ്യയെയും അമ്മയെയും ജാമ്യത്തിൽ എടുക്കാൻ ആരും വന്നിരുന്നില്ല….

പതിനാല് ദിവസത്തേക്ക് റിമാന്റ് ചെയ്തപ്പോൾ പഴയജീവിതം തനിക്കു അന്യമായെന്നു സൗമ്യക്ക് മനസ്സിലായിരുന്നു…

ആ പതിനാല് ദിവസം മതി ആയിരുന്നു തന്റെ തെറ്റുകൾ ഓരോന്നും അവൾക്ക് തിരിച്ചറിയാൻ…. വെറുതെ ഇരിക്കുമ്പോൾ പോലും നിറഞ്ഞൊഴുകുന്ന കണ്ണുകളെ അവൾക്ക് പരിചിതമായി…

റിമാന്റ് കാലാവധി കഴിഞ്ഞു അവളുടെ അനിയത്തി വന്നു ജാമ്യത്തിൽ , കോടതിയിൽ നിന്ന് ഇറക്കി കൊണ്ട് പോകുമ്പോൾ സൗമ്യയുടെ വീറും വാശിയും ഉശിരുമൊക്കെ എവിടെയോ പോയ് മറഞ്ഞിരുന്നു….

അവർ നേരെ പോയത് സൗമ്യയുടെ വീട്ടിലേക്കായിരുന്നു…

പത്തു വർഷത്തിന് ശേഷം തേക്കാത്ത ചുമരുകളുള്ള, മഴപെയ്താൽ ഓടിന്റെ ഇടയിലൂടെ വെള്ളം വീഴുന്ന , കുളിമുറി മുറ്റത്തുള്ള, പൈപ്പോ മറ്റു സൗകര്യങ്ങളോ ഒന്നുമില്ലാത്ത തന്റെ സ്വന്തം വീട്ടിൽ , മുൻപ് ഇരുപത്തിനാല് വർഷം അവിടെ ജീവിച്ചതാണെങ്കിലും കൂടി സൗമ്യക്ക് ആ രാത്രി ഇരുട്ടിവെളുക്കാൻ ഒരുപാട് ദൈർഘ്യം ഉള്ളത് പോലെ തോന്നി…

ഒരാഴ്ച കഴിഞ്ഞപ്പോൾ സൗമ്യയെ തേടിയെത്തിയ വിവാഹമോചനത്തിനായുള്ള വക്കീൽ നോട്ടീസ് ഇനി ഒരിക്കലും ഒരു തിരിച്ചു പോക്കില്ലെന്നു അവളെ അറിയിച്ചു…

ഓർമ്മകൾ പിന്നോട്ടോടിയപ്പോൾ രാജേഷും അവന്റെ വീട്ടില് അനുഭവിച്ചിരുന്ന സുഖസൗകര്യങ്ങളും തന്നെ പോലൊരു പെണ്ണിന് കിട്ടാവുന്നതിൽ വെച്ചു ഏറ്റവും വലിയ ലോട്ടറി ആയിരുന്നെന്ന് അവൾ തിരിച്ചറിയുകയായിരുന്നു….

മോനെ കാണണം എന്ന സൗമ്യയുടെ ആവശ്യം രാജേഷിനെ വിളിച്ചറിയിച്ചപ്പോൾ
“ഇനി അവളോ ,

അവളുടെ ബന്ധുക്കളോ ഈ വീടിന്റെ പടിയ്ക്കൽ കാലു കുത്തിയാൽ, ആ കാലു ഞാൻ തല്ലിയൊടിക്കും “എന്നായിരുന്നു അവന്റെ പ്രതികരണം…

ദിവസേന മദ്യപിച്ചു വന്നുള്ള അച്ഛന്റെ ശല്യം കൂടി ആയപ്പോൾ എവിടെങ്കിലും പോയി ആത്മഹത്യ ചെയ്താൽ മതി എന്നായി സൗമ്യക്ക്….

ഓരോദിവസവും ഭക്ഷണം കഴിക്കാൻ ഇരിക്കുമ്പോൾ ഉള്ള അമ്മയുടെ കണക്ക്പറച്ചിൽ കേൾക്കുമ്പോൾ ഒരു കണക്കും ഇല്ലാതെ സാധനങ്ങൾ തന്റെ ഇഷ്ടത്തിന് വാങ്ങി കൊണ്ടുവരുന്ന രാക്കിയമ്മയെ അവൾ ഓർക്കും….
പെറ്റമ്മയെക്കാൾ സ്നേഹം അവർ തന്നോട് കാണിച്ചിരുന്നു എന്നും ആ ദിവസങ്ങളിൽ അവൾ തിരിച്ചറിയുകയായിരുന്നു….

കേസും കോടതിയുമായുള്ള ദിവസങ്ങൾ ആയിരുന്നു പിന്നീടങ്ങോട്ട്…

വിവാഹമോചനത്തിന്റെ രണ്ടു ഹിയറിങ് കഴിഞ്ഞിട്ടും തന്റെ തീരുമാനത്തിൽ മാറ്റമില്ലാതെ രാജേഷ് നിന്നു…

ഓരോദിവസം കഴിയും തോറും സൗമ്യ ജീവിതത്തെ കൂടുതൽ വെറുത്തു കൊണ്ടിരുന്നു.. അമ്മയോട് വഴകിടാത്ത ഒരു ദിവസം പോലുമില്ലാതായി…

ഓരോന്നു തനിക്ക് ഉപദേശിച്ചു തന്നു, തന്റെ ജീവിതം ഇല്ലാതാക്കിയിട്ട് നിങ്ങൾക്കെന്തു കിട്ടിയെന്നു അവൾ അവരുടെ മുഖത്തു നോക്കി ചോദിച്ചു….

“തന്നെ ചോദ്യം ചെയ്തും തന്നോട്ടു വഴക്കിട്ടും മുന്നോട്ടു പോകാൻ ആണ് തീരുമാനം എങ്കിൽ ഇപ്പോൾ ഇറങ്ങിക്കോണം എന്റെ വീട്ടിൽ നിന്നു” എന്നു അവർ കൂടി പറഞ്ഞപ്പോൾ സൗമ്യയുടെ പതനം പൂർത്തിയായി…

എങ്ങോട്ടേക്ക് പോകണം എന്നറിയാതെ ആ വീട്ടിൽ നിന്നിറങ്ങി നടക്കുമ്പോൾ സൗമ്യയുടെ മുന്നിൽ ലക്ഷ്യങ്ങൾ ഒന്നുമില്ലായിരുന്നു….

ചീറിപ്പാഞ്ഞു വരുന്ന ബസ്സിന്‌ മുൻപിലേക്ക് ആരോ തള്ളിയിട്ടെന്ന പോലെ ചാടാൻ ഒരുങ്ങിയ തന്നെ പിന്നിൽ നിന്ന് ആരോ കൈപിടിച്ചു വലിച്ചു നിർത്തിയപ്പോൾ തിരിഞ്ഞു നോക്കിയ സൗമ്യയുടെ കണ്ണുകൾ വേറൊരാളുടെ മുന്നിൽ ആദ്യമായി സങ്കടം കൊണ്ടു നിറഞ്ഞു….

കൃഷ്ണയുടെ കൈ രണ്ടും കൂട്ടി പിടിച്ചു അവളോട്‌ മാപ്പു ചോദിക്കുമ്പോൾ അതു ആത്മാർത്ഥമായി തന്നെ ആണെന്ന് കൃഷ്ണക്ക് മനസ്സിലായിരുന്നു….

*****************************

“ഏട്ടത്തി എന്തൊക്കെ പറഞ്ഞാലും ശരി ഇവളെ ഇനി ഞാൻ എന്റെ ജീവിതത്തിൽ കൂട്ടില്ല… എന്റെ വീട്ടിലോ എന്റെ മനസ്സിലോ ഇനി ഇവൾക്ക് ഒരു സ്ഥാനവുമില്ല….”

രാജേഷ് തീർത്തു പറഞ്ഞു….

“രാജേഷേ, സൗമ്യ ഇങ്ങനെ ഒക്കെ ആയതിനു ഈ വീട്ടിൽ ഉള്ള നിങ്ങളെല്ലാവരും കാരണക്കാർ തന്നെയാണ്….”

കൃഷ്‌ണ പറഞ്ഞു വരുന്നത് മനസ്സിലാകാതെ രാജേഷ് അവളെ നോക്കി….

“സൗമ്യ വന്നു കയറിയതിന്റെ പിറ്റേന്ന് നിങ്ങളുടെ അമ്മ അവൾക് അടുക്കള വിട്ടു കൊടുത്തു…

നിങ്ങൾ എല്ലാവരും എല്ലാകാര്യത്തിനും അവളെ ആശ്രയിച്ചു…

അവൾ ചെറിയ ചെറിയ വാക്കുകളിലൂടെ നിന്നെ എതിർത്തപ്പോൾ നി അവളെ പറഞ്ഞു മനസ്സിലാക്കിക്കാൻ ശ്രമിച്ചില്ല… ”

“ഇത്രയും പ്രായമില്ലേ, എന്താ പറഞ്ഞു കൊടുക്കേണ്ടത്…സ്വയം ചിന്തിച്ചൂടെ….”

അവൻ പറഞ്ഞു…

“നിന്റെയും അവളുടെയും ചിന്താഗതികൾ വേറെ വേറെ ആയിരിക്കുമ്പോൾ എങ്ങനാ സ്വയം ചിന്തിക്കുന്നെ…

നിന്റെ കാര്യങ്ങൾ നി പറഞ്ഞു കൊടുക്കണമായിരുന്നു…

കണ്ടറിഞ്ഞു പല കാര്യങ്ങളും അവൾ ചെയ്തു തന്നിട്ടുണ്ട്…

അതു പോലെ അവൾക്കറിയാത്ത കാര്യങ്ങൾ ഇവിടുത്തെ അമ്മ അവളെ പടിപ്പിക്കണമായിരുന്നു…

ഒരുപക്ഷേ ആദ്യമേ തിരുത്തിയിരുന്നെങ്കിൽ അവളിങ്ങനൊന്നും ആകുമായിരുന്നില്ല… ചെറിയ തെറ്റുകൾക് അന്നേ കുഞ്ഞുശിക്ഷ നി നല്കണമായിരുന്നു…

അല്ലാതെ പനപോലെ വളർന്നപ്പോൾ കടക്കലിട്ടു വെട്ടാൻ നോക്കരുത്…

അതിനാണ് നി ശ്രമിച്ചത്… അതവളിൽ കൂടുതൽ വാശി നിറച്ചു…

വേറെ ഒരു കുട്ടി കൂടി വന്നാൽ തന്റെ അവകാശം പൂർണമായും ഇല്ലാതാകുമെന്ന് തോന്നിയപ്പോൾ അവൾ ഞങ്ങളുടെ കുട്ടിയെ ഇല്ലാതാക്കാൻ നോക്കി…

എന്നാൽ ഇപ്പോൾ എല്ലാ തെറ്റും സ്വയം തിരിച്ചറിഞ്ഞു ജീവിതം വരെ അവസാനിപ്പിക്കാൻ തുനിഞ്ഞു നിക്കുകയാണവൾ…

ഇപ്പോൾ നി ഒരു കൈ കൊടുത്താൽ ജീവിതാവസാനം വരെ ആ ഓർമ്മയിൽ അവൾ നിന്റെ കൂടെ ജീവിക്കും…..”

എന്തൊക്കെ കൃഷ്ണ പറഞ്ഞിട്ടും രാജേഷ് തന്റെ നിലപാടിൽ നിന്ന് വ്യതിചലിച്ചില്ലെന്നു മാത്രമല്ല തറവാട്ടിലേക്ക് അവൻ താമസം മാറുകയും ചെയ്തു …..

************************

കൃഷ്ണയുടെയും മാലിനിയുടെയും മാത്രം താത്പര്യപ്രകാരം സൗമ്യ അവിടെ താമസിച്ചു… രണ്ടു ഗര്ഭിണികളുടേയും പൂർണ ഉത്തരവാദിത്തവും വീട്ടിലെ എല്ലാ ജോലികളും സൗമ്യ സ്വയം ഏറ്റെടുത്തു …

ഗർഭിണികൾക്ക് മുകളിലേക്ക് കയറാൻ ബുദ്ധിമുട്ടാകുമോ എന്നു ഭയന്നു അവൾ തന്റെ മുറി അവർക്കായി വിട്ടുകൊടുത്തു… ആ മുറിയിൽ തന്നെ നിലത്തു പായ വിരിച്ചു അവൾ കിടന്നുറങ്ങി….

“ഞാൻ ചെയ്യുന്നത് അവിവേകമാകുമോ ചേച്ചി… ”

സൗമ്യയുടെ പേരിൽ കൊടുത്തിരിക്കുന്ന കേസ് പിൻവലിക്കാൻ തീരുമാനിച്ചന്നു രാത്രി കൃഷ്ണ മാലിനിയോട് ചോദിച്ചു ….

“ഒരിക്കലുമില്ല… സൗമ്യയുടെ ഈ മാറ്റം ആത്മാർത്ഥമായി തന്നെയാണ്… പിന്നെ എന്തൊക്കെ ആയാലും അവൾ നമ്മുടെ അനിയത്തി തന്നെയാണ്… ഈ വീട്ടിലെ ആദ്യത്തെ മരുമകളും… അവളും നമ്മളെപോലെ തന്നെ ഈ വീട്ടിലാണ് കഴിയേണ്ടത്… ”

പ്രസവത്തിനു വേണ്ടി മാലിനിയും കൃഷ്ണയും തങ്ങളുടെ വീടുകളിലേക്ക് പോയപ്പോൾ സൗമ്യക്ക് താൻ ഒറ്റപ്പെട്ടു പോയത് പോലെ തോന്നി….

അവരുടെ കൂടെ ഇടപഴുകിയും അവരെ സ്നേഹിച്ചും നിന്ന കാലമാണ് താൻ ശരിക്കും ഒരു മനുഷ്യസ്ത്രീ ആയി ജീവിച്ചതെന്നു അവൾക്ക് തോന്നി..

മാസങ്ങൾ കഴിഞ്ഞപ്പോൾ മാലിനി ഒരു പെണ്കുഞ്ഞിനും കൃഷ്ണ ഒരാണ്കുഞ്ഞിനും ജന്മം നൽകി…

എപ്പോഴോ പുതിയ സൗമ്യയെ മനസ്സുകൊണ്ട് സ്നേഹിക്കാൻ തയ്യറെടുത്ത രാജേഷും അവരുടെ കൂട്ടത്തിൽ എത്തിയപ്പോൾ രാക്കിയമ്മയുടെ മനസ്സ് സന്തോഷത്താൽ നിറഞ്ഞു….

തനിക്ക് കഴിയുന്ന കാലത്തോളം താൻ ജോലിക്ക് പോകുമെന്ന രാക്കിയമ്മയുടെ ആവശ്യം മക്കൾ തള്ളികളഞ്ഞില്ല, പക്ഷെ രാക്കിയമ്മ വരുമ്പോഴേക്കും കുളിക്കാനുള്ള ചൂടുവെള്ളം വരെ സൗമ്യ കുളിമുറിയിൽ എത്തിച്ചിട്ടുണ്ടാകും….

കുഞ്ഞുങ്ങളെയും കൊണ്ട് ഭർത്താക്കന്മാരുടെ വീട്ടിലേക്ക് തിരിച്ചു വന്ന മാലിനിയും കൃഷ്ണയും പക്ഷെ ഒരു മാസം അവിടെ കഴിഞ്ഞതിന് ശേഷം അവിടെ നിന്നും താമസം മാറാൻ തീരുമാനിച്ചു…

മാലിനി തന്റെ പേരിലുള്ള സ്വന്തം വീട്ടിലേക്കും കൃഷ്ണ തറവാട്ടിലേക്കും താമസം മാറി…
വല്യമ്മയുടെ കാലശേഷം തറവാട് രാകേഷിന് എന്നു വല്യമ്മ തീരുമാനിച്ചിരുന്നു….

സൗമ്യക്കായി അവർ ആ വീട് സ്നേഹത്തോടെ വിട്ടുകൊടുത്തു… അതവൾക്കും അവളുടെ മോനും അവകാശപ്പെട്ടത് തന്നെയാണെന്ന് ഏട്ടത്തിമാർ പറഞ്ഞപ്പോൾ അവളുടെ മനസ്സ് അവരോടു ആയിരംവട്ടം മാപ്പിരക്കുകയായിരുന്നു….

ഇപ്പോൾ സൗമ്യ ഓരോ ആഴ്ച്ചയും ശനിയാഴ്ച ആകാൻ കാത്തിരിക്കുകയാണ്… അന്നാണ് ഏട്ടത്തിമാർ കുഞ്ഞുങ്ങളെയും കൊണ്ടു ആ വീട്ടിലേക്ക് വരുന്നത്… ആ കുഞ്ഞുങ്ങളെ താഴത്തും തലയിലും വെക്കാതെ കൊണ്ടു നടക്കുകയാണവൾ, മുൻപ് ചെയ്ത പാപപരിഹാരം എന്നോണം….

ഇനി സൗമ്യ ജീവിക്കട്ടെ, പേര് പോലെ തന്നെ സൗമ്യമായി….

(അവസാനിച്ചു…)

മൂന്നു വ്യത്യസ്ത സ്വഭാവക്കാരായ മരുമക്കളുടെ കഥ, മൂന്നു ഭാഗങ്ങളിൽ തീർക്കാൻ വേണ്ടി എഴുതി തുടങ്ങിയതായിരുന്നു…. അത് ആറു പാർട് ആയതു നിങ്ങളുടെ ഓരോരുത്തരുടെയും പ്രോൽസാഹനം കൊണ്ടു മാത്രമാണ്… അതിനു ആദ്യമേ തന്നെ എല്ലാവരോടും എന്റെ സ്നേഹം അറിയിക്കുന്നു….

സൗമ്യ, എന്ന കഥാപാത്രം എന്റെ ഭാവന ആണെങ്കിലും കൂടി ഇങ്ങനുള്ള സ്ത്രീകളും ഉണ്ടെന്നു പലരും കമന്റിലൂടെയും മെസ്സേജിലൂടെയും എന്നെ അറിയിച്ചിരുന്നു…

എനിക്ക് തോന്നുന്നത് സ്ത്രീകളെ പോലെ തന്നെ കുടുംബജീവിതത്തിൽ പ്രശ്നങ്ങൾ നേരിടുന്നവരാണ് ആണുങ്ങളും എന്നാണ്… ആ പ്രശ്നങ്ങളും അവരുടെ മാനസ്സിക സംഘർഷങ്ങളും ഒരു പരിധിവരെ വായനക്കാരുടെ മുന്നിൽ നിരത്താൻ എനിക്ക് പറ്റിയെന്നു ഞാൻ വിശ്വസിക്കുന്നു….

ജീവിതത്തിൽ ഒരു സൗമ്യ ഉണ്ടെങ്കിൽ അവൾ ഇത്ര പെട്ടെന്ന് നന്നാകുമോ എന്ന ചോദിക്കുന്നവരോടാണ്, ഇതു കഥയല്ലേ ശുഭാന്ത്യം നിന്നോട്ടെ….

ഒരു കേസിന്റെയും അതിന്റെ നിയമവശങ്ങളെയും കുറിച്ചു വ്യക്തമായ അറിവ് എനിക്കില്ല, കഥയുടെ പൂര്ണതക്കായി എന്തെങ്കിലും തെറ്റ് എഴുതിയിട്ടുണ്ടെങ്കിൽ ദയവായി വായനക്കാർ ക്ഷമിക്കുക..

അധികം വൈകാതെ വേറൊരു നായികയുമായി കാണാം…

സ്നേഹത്തോടെ ശിവന്യ..

മരുമക്കൾ : ഭാഗം 1

മരുമക്കൾ : ഭാഗം 2

മരുമക്കൾ : ഭാഗം 3

മരുമക്കൾ : ഭാഗം 4

മരുമക്കൾ : ഭാഗം 5