Friday, April 26, 2024
Novel

നിഴൽ പോലെ : ഭാഗം 25

Spread the love

എഴുത്തുകാരി: അമ്മു അമ്മൂസ്‌

Thank you for reading this post, don't forget to subscribe!

ജോലിയൊക്കെ തീർത്ത ശേഷം പോകാൻ തയ്യാറെടുക്കുമ്പോളാണ് ഗൗതം വിളിക്കുന്നത്.

ഇതെന്താ ഇപ്പൊ ഇങ്ങനെ ഒരു വിളി. പതിവില്ലാത്തതാണല്ലോ.

രാവിലത്തെ ആ സംഭാഷണത്തിന് ശേഷം മുന്നിൽ പെടാതെ നടക്കുകയായിരുന്നു മാളു. കാണേണ്ട സാഹചര്യങ്ങൾ ഒക്കെ മനഃപൂർവം ഒഴിവാക്കി. കണ്ടാൽ വെറുതെ വിടില്ല എന്ന് ഉറപ്പായിരുന്നു.

ബെൽ തീരാറായി എന്ന് കണ്ടപ്പോഴേക്കും പെട്ടെന്ന് തന്നെ എടുത്തു. വെറുതെ എന്തിനാ ഫോൺ എടുക്കാത്തതിനും കൂടി കേൾക്കുന്നത്.

“ഹലോ ”

“നീ ഇറങ്ങാറായോ. “യാതൊരു മുഖവുരയും ഇല്ലാതെ തന്നെ ചോദ്യമെത്തി.

“ആഹ് അതേ. എല്ലാം ചെയ്തു തീർത്തു.ഇറങ്ങാനായി തുടങ്ങുവായിരുന്നു. ” ഇതെന്താ ഇപ്പൊ പതിവില്ലാത്ത ഒരന്വേഷണം. അവൾക്ക് സംശയം തോന്നി.

“ഹാ എന്നാ ഇപ്പൊ ഇറങ്ങേണ്ട. മഴ വരുന്നുണ്ട്. എനിക്ക് കുറച്ചു മെയിൽ ചെക്ക് ചെയ്യാനുണ്ട്. അതും കൂടി കഴിഞ്ഞിട്ട് ഒന്നിച്ചു പോകാം. സ്കൂട്ടി അവിടിരിക്കട്ടെ. നാളെ വൈകിട്ട് തിരിച്ചു കൊണ്ട് പോകാം. ”

“ഹ്മ്മ്… ” മറുപടിയായി ഒന്ന് മൂളിയപ്പോളേക്ക് മറുവശത്തു നിന്നും കട്ട്‌ ചെയ്തു.

“അമ്പടാ….. രാവിലെ പറഞ്ഞതിന്റെ ബാക്കി വണ്ടിയിൽ വച്ചു തരാനാണ്. ആ പ്ലാൻ മോന്റെ കൈയിൽ ഇരിക്കത്തെ ഉള്ളൂ. വന്നത് ഒറ്റക്ക് ആണെങ്കിൽ തിരിച്ചു പോകാനും എനിക്കറിയാം.” അവൾ ഫോണിൽ നോക്കി പറഞ്ഞു.

അവൾ പെട്ടെന്ന് തന്നെ എല്ലാം എടുത്തു പുറത്തേക്കിറങ്ങി. മെയിൽ ചെക്ക് ചെയ്തിട്ട് വരുന്നതിന് മുൻപ് വീട്ടിൽ എത്തണം.

മാനത്തേക്ക് നോക്കിയപ്പോൾ കണ്ടു ഇരുൾ മൂടി ഇരിക്കുന്നു. ഏത് നിമിഷവും മഴ പെയ്യാം. വീശിയടിക്കുന്ന കാറ്റും അതിന്റെ സൂചന തന്നു.

“അപ്പൊ വെറുതെ പറഞ്ഞതല്ല. ശെരിക്കും ഞാൻ മഴ നനയാതിരിക്കാനാണല്ലേ. പക്ഷേ കൂടെ പോകുന്നത് ബുദ്ധിയല്ല. എപ്പോഴാ ചെകുത്താന്റെ സ്വഭാവം മാറുന്നതെന്ന് പറയാൻ പറ്റില്ല. എത്രയും വേഗം വീട്ടിലെത്തണം.” അവൾ ഒട്ടും സമയം കളയാതെ വണ്ടി എടുത്തു.

🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

മെയിൽ ഒക്കെ ചെക്ക് ചെയ്തു കഴിഞ്ഞു ഗൗതം പുറത്തേക്ക് ഇറങ്ങിയപ്പോൾ മാളുവിനെ കണ്ടില്ല.
പാർക്കിങ്ങിൽ വെയിറ്റ് ചെയ്യുകയായിരിക്കും എന്നാണ് വിചാരിച്ചത്. പക്ഷേ അവിടെ എത്തിയപ്പോൾ ആ പരിസരത്തെങ്ങും കണ്ടില്ല. അവളുടെ സ്കൂട്ടിയും ഉണ്ടായിരുന്നില്ല.

മഴ പെയ്യാൻ തുടങ്ങിയിരുന്നു അപ്പോഴേക്ക്. അവനു നല്ല ദേഷ്യം വന്നു.” മഴ നനഞ്ഞു പനി പിടിപ്പിച്ചു വച്ചാലേ അവൾക്ക് സമാധാനം ആകൂ. അങ്ങോട്ട് വരട്ടെ ഞാൻ..”

പോകുന്ന വഴിയിലെല്ലാം അവൾ ഉണ്ടോ എന്ന് നോക്കി വളരെ പതുക്കെ ആണവൻ വണ്ടി ഓടിച്ചത്. മഴ ശക്തമായിക്കൊണ്ടിരുന്നു. ഓരോ മരച്ചുവട്ടിലും അവന്റെ കണ്ണുകൾ അവളെ തിരഞ്ഞു.

കുറച്ചേറെ ദൂരം പോയപ്പോൾ പരിചിതമായ സ്കൂട്ടി വഴിയരികിൽ പാർക്ക്‌ ചെയ്തു വച്ചിരിക്കുന്നത് കണ്ടു. വണ്ടി സൈഡിലേക്ക് ഒതുക്കി നോക്കിയപ്പോളാണ് ഒരു കടത്തിണ്ണയിൽ കയറി നിൽക്കുന്ന അവളെ കണ്ടത്. വേറെയും ആളുകളുണ്ട് ചുറ്റും.

ആകെ നനഞ്ഞൊലിച്ചാണ് നിൽക്കുന്നത്. റെയിൻകോട്ട് എടുത്തിട്ടില്ലായിരുന്നു എന്ന് തോന്നുന്നു. ഓരോ തവണ ഇടി മുഴങ്ങുമ്പോഴും ഞെട്ടുന്നുണ്ട്. മാനത്തേക്ക് നോക്കി എന്തൊക്കെയോ പറയുന്നുമുണ്ട്.

മഴയെ നോക്കി പതം പറയുകയായിരുന്നു മാളു. ഇനിയും ഒരു പതിനഞ്ചു മിനിറ്റ് കൂടി ഉണ്ട് വീട്ടിലേക്ക്.

“ശോ… ഈ മഴക്ക് പതിനഞ്ചു മിനിറ്റ് കഴിഞ്ഞു പെയ്താൽ പോരായിരുന്നോ. ഇങ്ങനെ മഴ നനഞ്ഞു നിൽക്കുന്നത് ആ ചെകുത്താനെങ്ങാൻ കണ്ടാൽ തീർന്നു. ഭഗവാനെ പെട്ടെന്നങ് തോർന്നാൽ മതിയായിരുന്നു…..”

ആകെ നനഞ്ഞൊലിച്ചു ആയിരുന്നു നിന്നത്. കൂടെ നിൽക്കുന്നവരൊക്കെ ശ്രെദ്ധിക്കുന്നു എന്ന് തോന്നിയതും അവൾക്ക് ഒരു ജാള്യത അനുഭവപ്പെട്ടു.

“പെട്ടെന്നൊന്ന് തോരണേ” എന്നും പറഞ്ഞു നേരെ നോക്കിയത് താഴ്ത്തി ഇട്ടിരിക്കുന്ന വിൻഡോ ഗ്ലാസ്സിലൂടെ തന്നെ നോക്കി നിൽക്കുന്ന ഗൗതമിന്റെ മുഖത്തേക്കാണ്.

മുഖം ആകെ വലിഞ്ഞു മുറുകി ഇരിക്കുന്നു. ഒറ്റ നോട്ടത്തിൽ തന്നെ മതിയായി. ഒന്നും മിണ്ടാതെ ഓടി ചെന്ന് കാറിൽ കയറി.

Seatbelt ഇട്ടിട്ട് നേരെ തന്നെ നോക്കി ഇരുന്നു. സൈഡിലേക്ക് നോക്കാനേ പോയില്ല. അല്ലാതെ തന്നെ തന്റെ നേർക്ക് വരുന്ന കത്തുന്ന നോട്ടം അവളറിയുന്നുണ്ടായിരുന്നു.

ഒരക്ഷരം മിണ്ടാതെ ഗൗതം വണ്ടി എടുത്തു. ഓരോ നിമിഷവും കൂടുന്ന വേഗത അവളെ ഭയപ്പെടുത്തുന്നുണ്ടായിരുന്നു എങ്കിലും പ്രതികരിക്കാൻ പോയില്ല.

വീട്ടിലെത്തിയ ഉടനേ ഗൗതം ഡോർ തുറന്നു പുറത്തേക്കിറങ്ങുമ്പോളെക്ക് അവളോടി അകത്തെത്തിയിരുന്നു.

“എന്താ ഇത് മാളു. ആകെ നനഞ്ഞല്ലോ നീ. പറഞ്ഞതല്ലേ ഞാൻ ഇന്ന് അവന്റെ കൂടെ പോയാൽ മതി എന്ന്. എങ്കിൽ ഇങ്ങനെ നനയണമായിരുന്നോ. പോയി ചൂടുവെള്ളത്തിൽ ഒന്ന് കുളിക്ക്. തണുപ്പടിച്ചു വല്ലതും വരുത്തി വയ്ക്കാതെ. ”

ആകെ നനഞ്ഞൊലിച്ചു അകത്തേക്ക് കയറി വരുന്ന മാളുവിനെ കണ്ട് ബീന വഴക്ക് പറഞ്ഞു.

“ആഹാ നിന്റെ കൂടെ ആയിരുന്നോ മോനു ഇവൾ വന്നത്. എന്നിട്ടാണോ ഇത്രയും നനഞ്ഞത്. “പിറകേ നടന്നു വരുന്ന ഗൗതമിനോടായിരുന്നു ചോദ്യം.

ബാക്കി കേൾക്കാൻ നിന്നില്ല. വേഗത്തിൽ റൂമിലേക്ക് നടന്നു. തണുത്തിട്ട് ശരീരത്തിന് ആകെ ഒരു വിറയൽ. പണ്ടേ അങ്ങനെയാണ് മഴ തീരെ പറ്റില്ല. പെട്ടെന്ന് തന്നെ പനി കയറിക്കൊള്ളും.

ഇളം ചൂടുള്ള വെള്ളത്തിൽ ഷവറിന്റെ താഴെ നിൽക്കുമ്പോൾ കുറച്ചു ആശ്വാസം തോന്നി.

പുറത്തേക്ക് ഇറങ്ങിയപ്പോഴേ കണ്ടു കൈയും കെട്ടി മുൻപിൽ നിൽക്കുന്ന ഗൗതത്തിനെ. മുഖത്തെ ഗൗരവം കണ്ടപ്പോൾ അറിയാതെ തല താഴ്ന്നു.

….. ഏത് നേരത്താണോ എന്തോ സ്കൂട്ടി എടുത്തു വരാൻ തോന്നിയത്. പറഞ്ഞതങ്ങു കേട്ടാൽ മതിയായിരുന്നു……

“ഹാച്ചീ….”. പെട്ടെന്നാണ് ഓർക്കാപ്പുറത്തു തുമ്മൽ വന്നത്. മഴ നനഞ്ഞിട്ടാകണം. തടഞ്ഞു നിർത്തുമ്പോഴേക്ക് പിന്നാലെ മൂന്നാലെണ്ണം കൂടി പോന്നു.

ദയനീയമായി അവനെ നോക്കി. പക്ഷേ യാതൊരു ഭാവമാറ്റവും ആ മുഖത്ത് കണ്ടില്ല. അരികിലേക്ക് നടന്നു വരുന്നത് കണ്ടപ്പോൾ അറിയാതെ കാലുകൾ പിന്നോട്ട് ചലിച്ചു. ബെഡിൽ ചെന്ന് തട്ടിയപ്പോൾ അറിയാതെ ഇരുന്നു പോയി.

ഒന്നും മിണ്ടാതെ കൈയിൽ നിന്നും ടവൽ വാങ്ങി. പിന്നെ ഒരു തലതോർത്തൽ ആയിരുന്നു.

അലക്കുക്കല്ലിൽ ഇട്ട് തുണി തിരുമ്മും പോലെയാണ് മാളുവിന് തോന്നിയത്. തലയാകെ കിടന്ന് പമ്പരം പോലെ കറങ്ങുന്നുണ്ട്. ഉള്ള ദേഷ്യം മുഴുവൻ തിരുമ്മി തീർക്കുവാണെന്ന് തോന്നുന്നു.

എല്ലാം കഴിഞ്ഞപ്പോൾ അവൾ പതുക്കെ തലയിൽ തൊട്ടു നോക്കി. ഭാഗ്യം അവിടെ തന്നെ ഉണ്ട്.

എന്താ ഏതാ എന്നൊക്കെ ബോധം വരാൻ കുറച്ചു സമയം എടുത്തു. പിന്നെ കാണുന്നത് മുൻപിൽ ഒരു കൈയിൽ രാസ്നാദിയുമായി നിൽക്കുന്നതാണ്.
ഇനി ഇതും ഉണ്ടോ ഭഗവാനെ…

ദയനീയമായി നോക്കി എങ്കിലും ഒരു ഗുണവും ഉണ്ടായില്ല. പൂർവാധികം ശക്തിയോടെ അതും തിരുമ്മി പിടിപ്പിച്ചു.

തിരിഞ്ഞു നടക്കാൻ തുടങ്ങിയ അവനെ കൈ പിടിച്ചവൾ നിർത്തി.

“അത്… ഞാൻ രാവിലത്തേതിന് വഴക്ക് പറയാൻ ആണെന്ന് വിചാരിച്ചു. മഴ പെയ്യും എന്ന് വിചാരിച്ചില്ല.”
കള്ളം പിടിക്കപ്പെട്ട കുഞ്ഞു കുട്ടിയെ പോലെ തല താഴ്ത്തി ഇരുന്നു പറയുന്ന അവളെ കണ്ടപ്പോൾ അവനു ചിരി വന്നു.

“ഹ്മ്മ്.. ആദ്യത്തെ തവണ ആയതുകൊണ്ട് വിട്ടേക്കുന്നു. ഇനി മേലാൽ ഇങ്ങനെ ചെയ്യും മുൻപ് നേരത്തെ കിട്ടിയത് അങ്ങ് ഓർത്താൽ മതി.” ഗൗരവത്തിൽ തന്നെ പറഞ്ഞു.

“ദുഷ്ടൻ മനപ്പൂർവം ആയിരുന്നു അല്ലേ.” ഒന്നും പറയാൻ പോയില്ല തിരിച്ചു. മിണ്ടാതെ തല കുലുക്കി. ഇനിയും ഇത് പോലെ ഒരു
തലതോർത്തൽ കൂടി ഏറ്റു വാങ്ങാൻ ഉള്ള ശക്തി അവളുടെ തലക്ക് ഇല്ലായിരുന്നു.

“എന്നാ പോയി ഒരു കോഫി ഇട്ടോണ്ട് വാ. എനിക്കൊന്ന് കുളിക്കണം. കോഫി കുടിക്കാതെ കുളിക്കരുത് എന്ന് ചിലരൊക്കെ എന്നോട് പറഞ്ഞിരുന്നു.” അവൻ ഒരു ചെറിയ കുസൃതി ചിരിയോടെ പറഞ്ഞു.

അവന്റെ ദേഷ്യവും പിണക്കവും ഒക്കെ മാറി എന്ന് കണ്ടപ്പോൾ അവളുടെ ഉള്ളിലും സന്തോഷം നിറഞ്ഞു.

🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

“മാളു…… മാളു….. ഡീ… പെണ്ണെ…. ”

ഉറക്കത്തിൽ ഗൗതമിന്റെ ശബ്ദം കേട്ട് മാളു കണ്ണുകൾ വലിച്ചു തുറക്കാൻ ശ്രെമിച്ചു. പക്ഷേ കഴിയുന്നില്ല തലക്ക് ആകെ ഒരു ഭാരം പോലെ.

ഒടുവിൽ ആയാസപ്പെട്ട് കണ്ണുകൾ തുറക്കുമ്പോൾ ഗൗതം മുന്നിൽ തന്നെ ഉണ്ട്. എന്താണ് മുഖത്തെ ഭാവം എന്ന് വ്യക്തമായില്ല. ദേഷ്യവും ടെൻഷനും ആശ്വാസവും എല്ലാം ആ മുഖത്തുണ്ട്.

“എ… എന്താ..”.

“എന്താന്നോ. ഒരെണ്ണം അങ്ങോട്ട്‌ തന്നാലുണ്ടല്ലോ. മഴയും കൊണ്ടു പനിയും പിടിപ്പിച്ചേച്ചു ഇരിക്കുവാ . എണീറ്റ് ഈ മരുന്ന് കഴിക്ക്”.

കയ്യിലിരുന്ന പാരസെറ്റമോൾന്റെ ടാബ്ലെറ്റും വെള്ളവും അവൾക്ക് നേരെ നീട്ടി.

“എനിക്ക് വേണ്ട. ഞാൻ കഴിക്കില്ല. കയ്പ്പാ ഇതിന്.” അവൾ ചിണുങ്ങിക്കൊണ്ട് പറഞ്ഞു.

“അതൊക്കെ മഴ നനയുന്നതിന് മുൻപ് ആലോചിക്കണമായിരുന്നു. മര്യാദക്ക് കഴിച്ചോ നീ. ഇല്ലെങ്കിൽ കിട്ടും എന്റെ കൈയിൽ നിന്നും.” അവളുടെ വാശി കണ്ടു അവനു ദേഷ്യം വരുന്നുണ്ടായിരുന്നു.

“ഇതൊരു പേപ്പറിൽ വച്ചു പൊതിഞ്ഞു ചപ്പാത്തിക്കോലും കൊണ്ട് ഇടിച്ചു പൊടിച്ചിട്ട് പഞ്ചാര ചേർത്താ അമ്മ എനിക്ക് തരാറ്. അപ്പൊ കയ്പ്പ് ഇല്ല”.

അവൻ കുറച്ചു നേരം അവളെ ദഹിപ്പിച്ചു നോക്കി. പിന്നെ എണീറ്റ് പോയി അവൾ പറഞ്ഞ പോലെ കൊണ്ടു വന്നു.

അവൾക്ക് വല്ലാത്ത അതിശയം തോന്നി. എങ്കിലും നല്ല ക്ഷീണം ഉണ്ടായിരുന്നതിനാൽ പെട്ടന്ന് കഴിച്ചു.

പുതപ്പിനുള്ളിൽ ചുരുണ്ടു കൂടി കിടന്നിട്ടും തണുപ്പ് കുറയുന്നില്ല എന്ന് തോന്നി അവൾക്ക്. നെറ്റിയിൽ നനച്ചിട്ടിരിക്കുന്ന തുണിയിൽ നിന്നും ശരീരമാകെ തണുപ്പ് പടരുന്നത് പോലെ.

“എന്താടാ നല്ലോണം തണുക്കുന്നുണ്ടോ. ”

മറുപടി ഒന്നും പറയാതെ ഒരു മൂളലിൽ ഉത്തരമൊതുക്കി അവൾ.

ഗൗതം പെട്ടെന്ന് തന്നെ അവളുടെ ബ്ലാങ്കെറ്റിനുള്ളിലേക്ക് കയറി. അവളെ നെഞ്ചോടു ചേർത്തു കിടത്തി. പുറത്തും കൈകളിലും ഒക്കെ മെല്ലെ തിരുമ്മി കൊടുത്തു.

“ഉറങ്ങിക്കോ തണുപ്പ് മാറിക്കോളും.”

മാളുവിന് എല്ലാം ഒരു സ്വപ്നം പോലെയാണ് തോന്നിയത്. ഒരിക്കലും അവസാനിക്കാനാഗ്രഹിക്കാത്ത ഒരു മനോഹരമായ സ്വപ്നം. അന്നാദ്യമായി അവന്റെ ഹൃദയതാളം കേട്ടു മയങ്ങുമ്പോൾ സമയം ഈ നിമിഷം നിശ്ചലമായിരുന്നുവെങ്കിൽ എന്ന് പോലും അവളുടെ മനസ്സ് ചിന്തിച്ചു.

രാവിലെ എണീക്കുമ്പോഴേക്കും പനി വിട്ട് മാറിയിരുന്നു. വല്ലാത്ത ഒരുന്മേഷം തോന്നി മാളുവിന്. ഗൗതമിന് വേണ്ടി കണ്ണുകൾ ചുറ്റും പരതിയെങ്കിലും നിരാശയായിരുന്നു ഫലം.

“ശോ… കാണുന്നില്ലല്ലോ. ഇനി ഇന്നലെ നടന്നതൊക്കെ സ്വപ്നം ആണോ ദൈവമേ. ”

കഞ്ഞിയും അച്ചാറുമായി ഉള്ളിലേക്ക് വരുന്ന ഗൗതമിനെ കണ്ടപ്പോഴാണ് ചിന്തകൾക്ക് വിരാമമിട്ടത്.

വിശ്വാസം വരുന്നുണ്ടായിരുന്നില്ല. അമ്മ പറഞ്ഞിട്ടുണ്ട് ബെഡ്‌റൂമിൽ ഇരുന്നു ഭക്ഷണം കഴിക്കാനേ ഇഷ്ടമല്ലാത്ത ആളാണെന്നു. ഊണുമേശയിൽ ഇരുന്ന് മാത്രമേ കഴിക്കാറുള്ളു. എത്ര വയ്യെങ്കിലും അങ്ങനെയേ ചെയ്യൂ. ആ ആളാണ് ഇപ്പോൾ ചോദിക്കാതെ തന്നെ ഭക്ഷണവും കൊണ്ട് ഇങ്ങോട്ട് വരുന്നത്.

മാളു വാ തുറന്നു നോക്കുന്നത് കണ്ടിട്ടാകാം അവൻ കുറച്ചു കലിപ്പിട്ടു.

“എന്ത് നോക്കി ഇരിക്കുവാടി. പോയി ബ്രഷ് ചെയ്തിട്ട് വാ. ”

പെട്ടെന്ന് പോയി ബ്രഷ് ചെയ്തിട്ട് വരുമ്പോഴേക്കും അവൻ മുൻപിൽ ഉള്ള ടേബിളിൽ എല്ലാം ഒരുക്കി വച്ചിരുന്നു.

“കഴിക്ക്…എന്നിട്ട് വേണം അടുത്ത ഗുളിക കഴിക്കാൻ. സമയം വൈകിയാൽ പിന്നെയും പനി കേറി കൊള്ളും.” അവൾക്ക് ഇരിക്കാൻ വേണ്ടി അവൻ കസേര നീക്കി കൊടുത്തു.

കഴിക്കാൻ ഒരുങ്ങുമ്പോൾ മാളുവിന് ഒരു കുസൃതി തോന്നി.

വാരി തരാൻ പറഞ്ഞാലോ. നേരെ പറഞ്ഞാൽ കേൾക്കില്ല. അല്പം വളഞ്ഞ വഴി പിടിക്കാം.

“എനിക്ക് അമ്മയാ വാരി തരിക പനി ഉള്ളപ്പോ. തനിയെ കഴിക്കാൻ എനിക്ക് തോന്നില്ല”. അവൾ പരമാവധി ദുഃഖം മുഖത്ത് വരുത്തി പറഞ്ഞു.

കുറച്ചു നേരത്തേക്ക് ഒന്നും മിണ്ടാതെ നിന്ന് നോക്കുന്നത് കണ്ടു. പ്ലാൻ ചീറ്റി പോയി എന്നുള്ള നിരാശയിൽ കഞ്ഞിയിലേക്ക് നോട്ടം ചെന്നു.

തൊട്ടടുത്തുള്ള കസേരയിൽ വന്നിരുന്ന് ഒരു സ്പൂണിൽ കഞ്ഞി കോരി തന്റെ നേരെ നീട്ടുന്ന ഗൗതമിനെ അവൾ നോക്കി ഇരുന്നു. അറിയാതെ വാ തുറന്നു പോയി.

ദേഷ്യമോ മടുപ്പോ പ്രതീക്ഷിച്ചിരുന്ന മുഖത്തു പകരം ഒരു ചെറു ചിരിയാണ് അവൾക്ക് കാണാൻ സാധിച്ചത്. നോട്ടത്തിൽ പോലും കുസൃതി ഒളിപ്പിച്ചു വച്ചത് പോലെ.

കഴിച്ചു തീർക്കുന്ന ആഹാരത്തോടൊപ്പം അവളുടെ മനസ്സും നിറയുന്നുണ്ടായിരുന്നു.

തുടരും…

നിഴൽ പോലെ : ഭാഗം 1

നിഴൽ പോലെ : ഭാഗം 2

നിഴൽ പോലെ : ഭാഗം 3

നിഴൽ പോലെ : ഭാഗം 4

നിഴൽ പോലെ : ഭാഗം 5

നിഴൽ പോലെ : ഭാഗം 6

നിഴൽ പോലെ : ഭാഗം 7

നിഴൽ പോലെ : ഭാഗം 8

നിഴൽ പോലെ : ഭാഗം 9

നിഴൽ പോലെ : ഭാഗം 10

നിഴൽ പോലെ : ഭാഗം 11

നിഴൽ പോലെ : ഭാഗം 12

നിഴൽ പോലെ : ഭാഗം 13

നിഴൽ പോലെ : ഭാഗം 14

നിഴൽ പോലെ : ഭാഗം 15

നിഴൽ പോലെ : ഭാഗം 16

നിഴൽ പോലെ : ഭാഗം 17

നിഴൽ പോലെ : ഭാഗം 18

നിഴൽ പോലെ : ഭാഗം 19

നിഴൽ പോലെ : ഭാഗം 20

നിഴൽ പോലെ : ഭാഗം 21

നിഴൽ പോലെ : ഭാഗം 22

നിഴൽ പോലെ : ഭാഗം 23

നിഴൽ പോലെ : ഭാഗം 24