Friday, April 26, 2024
Novel

നിഴൽ പോലെ : ഭാഗം 21

Spread the love

എഴുത്തുകാരി: അമ്മു അമ്മൂസ്‌

Thank you for reading this post, don't forget to subscribe!

വാതിൽ ചാരി ഇട്ടിരിക്കുകയായിരുന്നു. അകത്തേക്ക് കയറിയപ്പോൾ കണ്ടു ജനൽ കമ്പിയിൽ പിടിച്ചു പുറത്തേക്ക് നോക്കി നിൽക്കുന്നത്.

അടുത്തു ചെന്നു മുരടനക്കി നോക്കി. അവൾ ശ്രെദ്ധിക്കുന്നില്ല എന്ന് കണ്ടപ്പോൾ തോളിൽ കൈ വച്ചു തിരിച്ചു നിർത്താൻ തുടങ്ങി.

പക്ഷേ അതിന് മുൻപേ അവൾ തിരിഞ്ഞു അവന്റെ നെഞ്ചിലേക്ക് വീണിരുന്നു.

ഒരുവേള അവൻ സ്തംഭിച്ചു നിന്നു പോയി. അവളുടെ കണ്ണുനീർ വീണു നെഞ്ചു നനഞ്ഞപ്പോളാണ് ഇപ്പോഴും അവൾ നെഞ്ചിൽ ചാരി കരയുകയാണെന്നവൻ അറിഞ്ഞത്.

“ഡീ പെണ്ണെ നീ എന്തിനാ ഇങ്ങനെ കരയുന്നെ. അതിനെനിക്കൊന്നും പറ്റിയില്ലല്ലോ”. അവൻ മെല്ലെ അവളുടെ തോളിൽ തട്ടിക്കൊണ്ടു പറഞ്ഞു.

“ഞ….ഞാൻ പേ…പേടിച്ചു പോയി…. “അവന്റെ നെഞ്ചിൽ മുഖമമർത്തി കരഞ്ഞുകൊണ്ടവൾ പറഞ്ഞു.

“അയ്യേ അതിനാണോ നീ ഈ കുഞ്ഞു പിള്ളേരെ പോലെ കരയുന്നത് കഷ്ടം.. “അവളെ സമാധാനിപ്പിക്കുവാൻ വേണ്ടി അവൻ പലതും പറഞ്ഞെങ്കിലും കരച്ചിലിന് ഒരു കുറവും ഉണ്ടായില്ല.

മനസ്സിലെ വിഷമങ്ങൾ അവൾ കരഞ്ഞു തീർക്കട്ടെ എന്നവൻ വിചാരിച്ചു… പക്ഷേ.. അവൾ ആവശ്യത്തിൽ കൂടുതൽ കരഞ്ഞു എന്ന് തോന്നിയപ്പോൾ അവൻ തന്റെ സ്ഥിരം അടവായ ദേഷ്യം തന്നെ പുറത്തെടുക്കാൻ തീരുമാനിച്ചു.

“ഡീ പെണ്ണെ നീ കരച്ചിൽ നിർത്തുന്നുണ്ടോ. എനിക്ക് ദേഷ്യം വരുന്നുണ്ട്. എന്റെ കൈയിൽ നിന്നും വാങ്ങും നീ .” അവൻ പരമാവധി ദേഷ്യം ശബ്ദത്തിൽ വരുത്തി പറഞ്ഞു.

അതു കേട്ടതും മാളു പെട്ടെന്ന് തന്നെ അവനിൽ നിന്നും മാറി നിന്നു.

ദേഷ്യത്തോടെ കണ്ണ് കൂർപ്പിച്ചു തന്നെ നോക്കുന്ന അവളെ കണ്ടതും അവന് ചിരി വന്നു. മുഖമൊക്കെ ആകെ ചുമന്നിരിപ്പുണ്ട് കരഞ്ഞു കരഞ്ഞു.

അവളുടെ ആ രൂപം കണ്ട് നെഞ്ചിൽ ഒരു നീറ്റൽ ഉണ്ടായെങ്കിലും അതു പുറത്തു കാണിച്ചാൽ അവൾ വീണ്ടും കരയാൻ തുടങ്ങും എന്നവന് ഉറപ്പായിരുന്നു.

“എന്താടി ഉണ്ടക്കണ്ണി നീ നോക്കി പേടിപ്പിക്കുന്നെ. മുഖം ഒക്കെ വീർത്തു ഇപ്പൊ പൊട്ടുമല്ലോ “. അവളുടെ കവിളിൽ വിരൽ കൊണ്ട് കുത്തിക്കൊണ്ടവൻ പറഞ്ഞു.

മാളു പെട്ടന്ന് അവന്റെ കൈ തട്ടി മാറ്റി. “പോ….. എന്നെ ആരും തൊടണ്ട. “പിണങ്ങിക്കൊണ്ടവൾ പറഞ്ഞു.

ആ മറുപടി കേട്ടതും ഗൗതം നിന്ന് ചിരിക്കാൻ തുടങ്ങി.” ഇത്രേം നേരം പിന്നെ എന്നെ തൊടാതാണല്ലോ ചിലരൊക്കെ നിന്നത്”. ചിരിക്കിടയിൽ അവൻ പറഞ്ഞു.

അപ്പോഴാണ് താൻ ഇത്രയും നേരം ചെയ്ത പ്രവൃത്തിയെ കുറിച്ചു മാളു ഓർത്തത്.

അവളുടെ മുഖത്തു ചമ്മലും നാണവും കലർന്ന ഭാവം വിരിയുന്നത് ഗൗതം കൗതുകത്തോടെ നോക്കി നിന്നു. പക്ഷേ പെട്ടന്ന് തന്നെ മുഖത്തു വീണ്ടും പരിഭവം നിറഞ്ഞു.

“എന്നാലും എന്നോട് കള്ളം പറഞ്ഞില്ലേ. ഇന്നലെ എത്ര തവണ വിളിച്ചു ഞാൻ”. പരിഭവം കലർന്ന സ്വരത്തിൽ അവൾ പറഞ്ഞു.

“സത്യം പറഞ്ഞിരുന്നു എങ്കിൽ നീ എന്ത് ചെയ്തേനെ. “അവന്റെ ആ ചോദ്യത്തിന് അവൾക്ക് ഉത്തരം ഉണ്ടായിരുന്നില്ല.

മറുപടി പറയാതെ തന്നേ തന്നെ ഉറ്റുനോക്കി നിൽക്കുന്ന അവളെ കണ്ടു ചിരിയോടെ അവൻ തന്നെ ബാക്കി പറഞ്ഞു.

“രാത്രി മുഴുവൻ ഇവിടിരുന്നു പേടിച്ചു കരഞ്ഞേനെ . അല്ലെങ്കിൽ അപ്പോൾ തന്നെ എന്നേ കാണണം എന്ന് കരഞ്ഞു ബഹളം വച്ചു ഇവിടുള്ളവരെ മുഴുവൻ വിളിച്ചുണർത്തിയേനെ അല്ലെ. അതുകൊണ്ടാ ഞാൻ പറയാതിരുന്നത്. ഇപ്പൊ മനസ്സിലായോടി പൊട്ടി..” അവളുടെ തലയിൽ ഒരു കൊട്ട് കൊടുത്തവൻ പറഞ്ഞു.

തലയും തിരുമ്മികൊണ്ട് ചുമന്നു കലങ്ങിയ മിഴികളാൽ തന്നെ നോക്കി നിൽക്കുന്ന അവളെ കണ്ടപ്പോൾ അവന് പാവം തോന്നി .

“ഡീ നീ ഇങ്ങനെ പേടിക്കാൻ മാത്രം ഒന്നും ഉണ്ടായില്ല. എന്റെ പിറകേ ആ ലോറി വന്നു. ഞാൻ പെട്ടെന്ന് ആ കട്ട്‌ റോഡിലേക്ക് കേറ്റി രക്ഷപെട്ടു. ഇത്രേ ഉണ്ടായുള്ളൂ. ചാനലുകാരുടെ കൈയിൽ ഒരു വിഷയം കിട്ടിയാൽ അതെങ്ങനൊക്കെ വ്യാഖ്യാനിക്കും എന്ന് നിനക്കറിയാല്ലോ”. അവളെ സമാധാനിപ്പിക്കുവാൻ വേണ്ടി അവൻ പറഞ്ഞു.

അവൾ മനസ്സിലായെന്ന പോലെ തല കുലുക്കി.

“ആഹ് എന്നാൽ ചെന്നു മുഖം ഒക്കെ കഴുകി ഒന്ന് കുളിക്ക്. ഇപ്പൊ കണ്ടാൽ ഒരുമാതിരി കണ്ണീർ സീരിയലിലെ നായികയെ പോലെ ഉണ്ട്. ഈ ഭാവം നിനക്ക് ചേരുന്നില്ല.”. കവിളിൽ അപ്പോഴും അവശേഷിച്ചിരുന്ന മിഴിനീർ തുടച്ചു കൊണ്ടവൻ പറഞ്ഞു.

“ഞാൻ ഇറങ്ങുവാ. ഓഫീസിൽ എത്താൻ സമയം ആയി. രാവിലെ തന്നെ ഒരു വീഡിയോ കോൺഫറൻസ് ഉണ്ട്.”

പോകുന്നതിനു മുൻപായി അവളുടെ നെറുകയിൽ ചുണ്ട് ചേർത്ത് അവൻ ഒരു നിമിഷം നിന്നു. അവൾ കണ്ണുകൾ അടച്ചു ചുംബനം ഏറ്റു വാങ്ങി.

“പോട്ടേ….”

നടന്നകലുന്ന അവനെ നോക്കി അവൾ നിന്നു.

ഗൗതം താഴെ എത്തിയപ്പോളേക്ക് ദിവ്യ തിടുക്കത്തിൽ നടന്നു അടുത്തെത്തിയിരുന്നു.

“കഴിച്ചിട്ട് പോകാം മോനു. ”

“വേണ്ടമ്മേ. ഞാൻ കഴിച്ചിട്ടാ ഇറങ്ങിയത്. രാവിലെ ഒരു കോൺഫറൻസ് ഉണ്ട്. അതാ പെട്ടെന്ന് ഇറങ്ങുന്നത്. അച്ഛനോട് ഞാൻ പോയെന്ന് പറഞ്ഞേരെ കേട്ടോ.” അവൻ തിടുക്കത്തിൽ യാത്ര പറഞ്ഞിറങ്ങി.

കുറച്ചു നേരം കൂടി അവൻ പോയ വഴിയിൽ നോക്കി നിന്ന ശേഷം അവൾ നെറ്റിയിൽ വിരൽ ചേർത്തു. ഇപ്പോഴും ഒരു തണുപ്പ് അവിടെ തങ്ങി നിൽക്കുന്നത് പോലെ തോന്നി.

പെട്ടെന്നാണ് നടന്നതെന്താണെന്ന് അവൾക്ക് മനസ്സിലായത്. അവളുടെ കണ്ണുകൾ വിടർന്നു.

“ഭഗവാനേ ഉമ്മ….”

അവൾ പെട്ടന്ന് പുറത്തേക്ക് ഓടി.” ഒന്ന് പറഞ്ഞിട്ടൊക്കെ ഉമ്മ വച്ചൂടെ. എന്തൊക്കെ പ്രതീക്ഷ ഉണ്ടായിരുന്നതാ. ഇതിപ്പോ ആ ഫീൽ അങ്ങോട്ട് കിട്ടിയില്ലല്ലോ എന്റെ കൃഷ്ണാ. ഒരെണ്ണം കൂടി ചോദിച്ചു നോക്കാം. ”

ഉമ്മറത്തെത്തിയപ്പോളേക്കും ഗൗതമിന്റെ കാർ ഗേറ്റ് കടന്നു പോയിരുന്നു. അവൾ നിരാശയോടെ അവൻ പോയ വഴിയേ നോക്കി നിന്നു.

പിന്നെ ചുണ്ടിൽ ഒരു ചിരി വിടർന്നു.” അപ്പോ വിശ്വാമിത്രന്റെ തപസ്സിളകി അല്ലെ. എന്നാലും കല്യാണം ഉറപ്പിച്ചപ്പോളേക്കും ഇത്രയും മാറുമോ. ഛെ…. വെറുതെ പിറകേ നടന്നു വർഷങ്ങൾ കളഞ്ഞു. പണ്ടേ കല്യാണം അങ്ങ് ഉറപ്പിച്ചാൽ മതിയായിരുന്നു.” ഗൗതമിന്റെ മാറ്റം കല്യാണം ഉറപ്പിച്ചതിനാലാണ് എന്നുള്ള ധാരണയിൽ അവൾ ചിന്തിച്ചു കൊണ്ടിരുന്നു.

🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

സമയം കടന്നു പോകുന്നത് കണ്ണ് ചിമ്മുന്ന വേഗതയിൽ ആണെന്ന് തോന്നി മാളുവിന്. എത്ര പെട്ടെന്നാണ് ഒരാഴ്ച കടന്നു പോയത്.

അവന്റെ പേരിൽ മൈലാഞ്ചി അണിഞ്ഞ കൈകളിലേക്ക് നോക്കി നിൽക്കുമ്പോൾ സ്വപ്നം ആണോ എന്ന് പോലും സംശയിച്ചു പോകും.

ഒരിക്കലും നടക്കില്ല എന്ന് തോന്നിപ്പിച്ച, വർഷങ്ങളായി കാത്തിരുന്ന ഒരു സ്വപ്നം.

ബന്ധുക്കളുടെ ഇടയിൽ തിരക്ക് പിടിച്ചു ഓടി നടക്കുന്ന അച്ഛനെയും അമ്മയെയും കാണുമ്പോൾ നെഞ്ചിൽ ഒരു വിഷമം നിറയുന്നു. നാളെ മുതൽ മറ്റൊരു വീട്ടിലേക്ക്. ഇതുവരെ അച്ഛനെയും അമ്മയെയും കാണാതെ ഒരാഴ്ചയിൽ കൂടുതൽ നിന്നിട്ടില്ല. നാളെ മുതൽ അതെല്ലാം മാറുകയാണ് എന്നുള്ള സത്യം അവളുടെ കണ്ണുകളെ ഈറനണിയിച്ചു.

രാത്രി അമ്മ തന്നെ വാരി തരണം എന്നവൾ വാശി പിടിച്ചു. വാരി കൊടുക്കുമ്പോൾ ദിവ്യയുടെ കണ്ണുകളും നിറഞ്ഞിരുന്നു.

“നാളെ മറ്റൊരു വീട്ടിൽ ചെന്നു കേറേണ്ട പെണ്ണാ. അവിടെ ചെല്ലുമ്പോൾ എങ്ങനാ അമ്മ വാരി തരിക.”

ഇടറുന്ന ശബ്ദത്തോടെ ദിവ്യ പറഞ്ഞതും അവൾ ഏങ്ങി കരഞ്ഞു കൊണ്ട് അമ്മയെ കെട്ടിപ്പിടിച്ചു.

“എനിക്ക് പോകണ്ടമ്മ… ഇവിടെ നിന്നാൽ മതി… നിങ്ങളെ ഒക്കെ കാണാതെ എനിക്ക് പറ്റില്ല”. കരച്ചിൽ കാരണം വാക്കുകൾ പലപ്പോഴും മുറിഞ്ഞു പോയിരുന്നു.

അവളെ ചേർത്തു പിടിക്കുമ്പോൾ നിറഞ്ഞു വന്ന കണ്ണുകളെ ശാസനയോടെ അവർ തടഞ്ഞു നിർത്തി.

താനും കൂടി കരഞ്ഞാൽ പിന്നേ അതു മതി അവൾക്കെന്ന് നല്ലോണം അറിയാമായിരുന്നു.

“ദേ പെണ്ണെ…. ഒരു വീക്ക് വച്ചു തന്നാൽ ഉണ്ടല്ലോ. ഇത്രേം വർഷം പുറകെ നടന്നിട്ട് ഒടുവിൽ കല്യാണം ആയപ്പോൾ വേണ്ടെന്നോ. നിനക്ക് വേണ്ടെങ്കിലും ഞങ്ങൾക്ക് ഈ കല്യാണം വേണം. നിന്നേ ഒന്ന് പറഞ്ഞു വിട്ടിട്ട് വേണം എന്റെ മനുവിനെ എനിക്കൊന്ന് നല്ലോണം സ്നേഹിക്കാൻ. ”

അമ്മ അങ്ങനെ പറഞ്ഞതും. മാളു കുശുമ്പോടെ പിണങ്ങി മാറി നിന്നു.

അതു കേട്ടുകൊണ്ടാണ് മനുവും അച്ഛനും അങ്ങോട്ടേക്ക് വന്നത്. “അങ്ങനെ അങ്ങോട്ട്‌ പറഞ്ഞു കൊടുക്കമ്മേ. “മനു അമ്മയുടെ തോളിൽ കൂടി കൈ ഇട്ട് പറഞ്ഞു.

തന്നെ നോക്കി കളിയാക്കി ചിരിക്കുന്ന അമ്മയെയും ഏട്ടനേയും കണ്ടതും അവൾക്ക് കുശുമ്പ് കൂടി.

“എന്താടി കുശുമ്പി നീ നോക്കുന്നേ.” മനു അവളുടെ മൂക്കിൽ പിടിച്ചു വലിച്ചു. “ഇനി ഞാനും എന്റെ അമ്മേം കൂടി ഇവിടെ അടിച്ചു പൊളിക്കാൻ പോവാ”.

അവൾ ചിണുങ്ങിക്കൊണ്ട് ഇതൊക്കെ കേട്ട് ചിരിയോടെ നിൽക്കുന്ന മോഹന്റെ അടുത്തേക്ക് ചെന്നു. “കണ്ടോ അച്ഛാ പറയുന്നത്. അച്ഛക്ക് ഞാനല്ലേ വലുത്. ”

അച്ഛൻ അവളെ ചേർത്തു പിടിച്ചു. “ആണല്ലോ…. അച്ഛക്ക് അച്ഛേടെ കുഞ്ഞിപ്പെണ്ണ് കഴിഞ്ഞിട്ടേ ഉള്ളൂ മറ്റാരും. ”

അവൾ ഗർവ്വോടെ ഏട്ടനെ നോക്കി.

🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

രാത്രിയായിട്ടും ഉറക്കം വരാതെ കിടക്കുകയായിരുന്നു മാളു..

വാതിലിൽ മുട്ടു കേട്ട് നോക്കി. ഏട്ടനാണ്..

മനു അകത്തേക്ക് വന്നു.

“മോളുറങ്ങിയില്ലായിരുന്നോ. ”

“ഇല്ലേട്ടാ ഉറക്കം വരുന്നില്ല. “അവൾ എഴുന്നേറ്റിരുന്നു കൊണ്ട് പറഞ്ഞു.

മനു കട്ടിലിൽ അവളുടെ അടുത്ത് വന്നിരുന്നു. കുറച്ചു നേരത്തേക്ക് അവൻ ഒന്നും മിണ്ടിയില്ല.

“മോൾക്ക് ഏട്ടനോട് ദേഷ്യം കാണും എന്നറിയാം. ഒരുപാട് വിഷമിപ്പു ഏട്ടൻ”. അവൾ നിക്ഷേധാർത്ഥത്തിൽ തല കുലുക്കി എങ്കിലും അവൻ തുടർന്നു.

“ഒന്നും മനപ്പൂർവം ആയിരുന്നില്ല. ഗൗതമിന് നിന്നേ ഒരിക്കലും സ്നേഹിക്കാൻ കഴിയില്ല എന്നാ ഞാൻ വിചാരിച്ചിരുന്നത്. എന്നോടുള്ള അവൻ്റെ ദേഷ്യം അത്ര പെട്ടെന്നൊന്നും മാറില്ല എനിക്കറിയാമായിരുന്നു. എന്നോടുള്ള വിരോധം അവൻ നിന്നിൽ തീർത്താൽ അതു ഏട്ടന് സഹിക്കാൻ കഴിയില്ല. ദച്ചു എന്നോട് പണ്ട് മുതലേ നിന്റെയും ദർശന്റെയും കാര്യം പറയുമായിരുന്നു. ഒടുവിൽ ദർശനും നിന്നേ ഇഷ്ടമാണെന്നു പറഞ്ഞപ്പോൾ ഗൗതത്തെക്കാൾ നിനക്ക് ചേരുക ദർശൻ ആണെന്ന് തോന്നി. പക്ഷേ ഏട്ടന്റെ ധാരണകളെല്ലാം തെറ്റായിരുന്നു”. അവൻ ഒരു നെടുവീർപ്പോടെ പറഞ്ഞു.

“എന്താ ഏട്ടാ ഇത്. അതൊക്കെ കഴിഞ്ഞ കാര്യങ്ങളല്ലേ. ഇനി അത് വെച്ചു സെന്റിയടിക്കലും മാപ്പ് പറച്ചിലും ഒന്നും വേണ്ടാട്ടോ.” അവൾ മനുവിന്റെ തോളിൽ കൈ ഇട്ട് പറഞ്ഞു.

മനു ഒന്ന് ചിരിച്ചു. “അവൻ നിന്നേ ഒരുപാട് സ്നേഹിക്കുന്നുണ്ട് മാളു. തുറന്നു പറയുന്നില്ല എന്നേ ഉള്ളു. ഞങ്ങൾ തമ്മിൽ പഴയ രീതിയിലുള്ള അടുപ്പം ഇനി ഉണ്ടാകുമോ എന്നൊന്നും അറിയില്ല. പക്ഷേ ഏട്ടൻ എല്ലാ കാര്യത്തിനും മോളുടെ കൂടെ കാണും കേട്ടോ. ”

മനു പോക്കറ്റിൽ നിന്നും ഒരു സ്വർണ്ണ വള എടുത്തു അവളുടെ കൈയിൽ ഇട്ടു.” ഇത് ഏട്ടന്റെ മാളുവിന്‌ ഏട്ടന്റെ വക. ”

അന്ന് രാത്രി ഏറെ നാളുകൾക്കു ശേഷം ഏട്ടന്റെ നെഞ്ചിൽ തല ചായ്ച്ചു ഉറങ്ങുമ്പോൾ പഴയ ഏട്ടനെ തിരിച്ചു കിട്ടിയ സന്തോഷത്തിൽ അവളുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു.

തുടരും…

നിഴൽ പോലെ : ഭാഗം 1

നിഴൽ പോലെ : ഭാഗം 2

നിഴൽ പോലെ : ഭാഗം 3

നിഴൽ പോലെ : ഭാഗം 4

നിഴൽ പോലെ : ഭാഗം 5

നിഴൽ പോലെ : ഭാഗം 6

നിഴൽ പോലെ : ഭാഗം 7

നിഴൽ പോലെ : ഭാഗം 8

നിഴൽ പോലെ : ഭാഗം 9

നിഴൽ പോലെ : ഭാഗം 10

നിഴൽ പോലെ : ഭാഗം 11

നിഴൽ പോലെ : ഭാഗം 12

നിഴൽ പോലെ : ഭാഗം 13

നിഴൽ പോലെ : ഭാഗം 14

നിഴൽ പോലെ : ഭാഗം 15

നിഴൽ പോലെ : ഭാഗം 16

നിഴൽ പോലെ : ഭാഗം 17

നിഴൽ പോലെ : ഭാഗം 18

നിഴൽ പോലെ : ഭാഗം 19

നിഴൽ പോലെ : ഭാഗം 20