Saturday, April 20, 2024
Novel

നിഴൽ പോലെ : ഭാഗം 22

Spread the love

എഴുത്തുകാരി: അമ്മു അമ്മൂസ്‌

Thank you for reading this post, don't forget to subscribe!

രാവിലെ മുതൽ എന്തെന്നില്ലാത്ത ടെൻഷൻ ആയിരുന്നു മാളുവിന്. ഇന്നാണ് കല്യാണം….

ഈ രംഗം ഒരുപാട് സ്വപ്നം കണ്ടതാണെങ്കിലും നേരിട്ട് അനുഭവിക്കുമ്പോൾ എന്തോ ഒരു വെപ്രാളം.

മുടി ഉണങ്ങി കിട്ടാൻ വേണ്ടി വെളുപ്പിനെ വിളിച്ചുണർത്തി കുളിപ്പിച്ചപ്പോൾ മുതൽ തുടങ്ങിയ കഷ്ടപ്പാടാ .

കുളി കഴിഞ്ഞ ഉടനേ വീടിന്റെ അടുത്തുള്ള അമ്പലത്തിൽ പറഞ്ഞു വിട്ടു. കല്യാണം ഓഡിറ്റോറിയത്തിൽ വച്ചായത്കൊണ്ട് പിന്നെ പോകാൻ പറ്റില്ലത്രേ .

തിരിച്ചെത്തിയപ്പോളേക്കും ഒരുക്കാൻ ബ്യുട്ടീഷൻ എത്തിയിരുന്നു. ടെൻഷൻ കാരണം കഴിക്കാൻ തോന്നിയില്ല എങ്കിലും ഭക്ഷണം കഴിച്ചിട്ടാണ് മേക്കപ്പ് ഇടുന്നതെന്ന് പറഞ്ഞപ്പോൾ ഒരുവിധം കഴിച്ചു തീർത്തു.

അമ്മ ഇടയ്ക്കിടെ വന്നു ഓരോന്ന് ഓർമിപ്പിച്ചു ചെയ്യിക്കുന്നുണ്ടായിരുന്നു . അച്ഛനെയും ഏട്ടനേയും കാണാൻ കൂടി കിട്ടിയില്ല. ഒരുക്കങ്ങൾ ഒക്കെ പൂർത്തിയാക്കുന്ന തിരക്കിൽ ആയിരിക്കും.

കരണവന്മാർക്ക് ദക്ഷിണ കൊടുക്കൽ ആയിരുന്നു അടുത്ത ചടങ്ങ്. ഒരാളെ പോലും വിട്ട് പോകാതെ എല്ലാവർക്കും കൊടുത്തു തീർത്തു.

“ഹോ… കുനിഞ്ഞു കുനിഞ്ഞു മനുഷ്യന്റെ നടു ഒടിഞ്ഞു.” മാളു ഏണിന് കൈ കൊടുത്തു പറയുന്നത് കണ്ട ദിവ്യ അവളെ കണ്ണ് കൂർപ്പിച്ചു കാണിച്ചു മിണ്ടാതിരിക്കാൻ പറഞ്ഞു.

മനീഷ് ആയിരുന്നു ഗൗതമിനെ കാല് കഴുകി മാല ഇട്ടു സ്വീകരിച്ചത്. പക്ഷേ അതിനിടയിൽ ഒരിക്കൽ പോലും രണ്ടാളും മുഖത്ത് നോക്കുകയോ പരിചിത ഭാവം കാണിക്കുകയോ ചെയ്തില്ല. മാളുവിന്റെ സന്തോഷം മാത്രം ആയിരുന്നു രണ്ടാളുടെയും മനസ്സിൽ ഉണ്ടായിരുന്നത്.

ചുവന്ന കാഞ്ചിപുരം പട്ടുടുത്തു താലപ്പൊലിയുമായി മണ്ഡപത്തിലേക്ക് നടന്നു വരുന്ന മാളുവിനെ ഗൗതം കണ്ണിമയ്ക്കാതെ നോക്കി നിന്നു.

പിന്നിൽ നിന്നും ഉള്ള നന്ദന്റെ ആക്കിയുള്ള ചുമ കേട്ടപ്പോളാണ് ബോധത്തിലേക്ക് വന്നത്. ചുറ്റും നോക്കിയപ്പോൾ മറ്റാരും ശ്രെദ്ധിക്കുന്നില്ല എന്നത് അവനു ആശ്വാസം ആയി. നന്ദനെ ഗൗരവത്തോടെ നോക്കിയിട്ട് അവൻ നേരെ ഇരുന്നു.

മാളുവിന്‌ നെഞ്ചു പടാപടാന്ന് ഇടിക്കുന്നുണ്ടായിരുന്നു . കൈ വിറച്ചിട്ട് താലം താഴെ പോകുമോ എന്ന് പോലും തോന്നി അവൾക്ക്.

മണ്ഡപത്തിനു ചുറ്റും വലം വച്ചു ഗൗതമിന്റെ അടുത്ത് ഇരിക്കുമ്പോഴും വിറയൽ മാറിയിട്ടില്ല.

അങ്ങോട്ടേക്ക് നോക്കാൻ തോന്നിയില്ല. നോക്കിയാൽ പിന്നെ ടെൻഷൻ ഒന്ന് കൂടി കൂടും.

വരണമാല്യം അണിയിക്കാൻ നേരമാണ് ഒടുവിൽ നോക്കുന്നത്. ചുണ്ടിൽ ഒരു ചിരി മിന്നിമാഞ്ഞ പോലെ തോന്നി. തോന്നലാണോ യാഥാർഥ്യമാണോ എന്നറിയില്ല.

പക്ഷേ ആ കണ്ണുകളിലെ ഭാവം അതു തികച്ചും പുതുമയുള്ളതാണെന്ന് തോന്നി.

പൂജിച്ച താലി കഴുത്തിൽ ഏറ്റു വാങ്ങുമ്പോൾ ജീവിതാവസാനം വരെ ഒന്നിച്ചു ജീവിക്കാൻ കഴിയണേ എന്നവൾ കണ്ണുകളടച്ചു പ്രാർത്ഥിച്ചു.

കന്യാദാനം നടത്തിയപ്പോൾ അച്ഛന്റെ കൈയും വിറച്ചു എന്ന് തോന്നി.

ഓരോരുത്തരായി വേദിയിൽ വന്നു അഭിനന്ദിക്കാനും ഫോട്ടോ എടുക്കാനും തുടങ്ങി. അതിനിടയിലാണ് സിദ്ധുവേട്ടനും ശിഖയും വരുന്നത് കണ്ടത്.

സിദ്ധു വേദിയിൽ കയറിയ ഉടനേ തന്നെ ഗൗതമിന്റെ വയർ നോക്കി ഒരു ഇടി കൊടുത്തു. കുനിഞ്ഞു പോയ അവനെ നോക്കി ചിരിച്ച മാളുവിന്റെ ചെവിയിലും പിടി വീണു.

“രണ്ടെണ്ണവും കൂടി അന്നെന്തായിരുന്നു ആക്ടിങ് . ഒന്നും അറിയാത്ത പോലെ.നിനക്കറിയില്ല അല്ലേടാ ഇവൾ ആരെയാ സ്നേഹിച്ചതെന്ന്”. ഒരെണ്ണം കൂടി കിട്ടി ഗൗതമിന്..

പിന്നെ മാളുവിന്റെ നേരെ തിരിഞ്ഞു. ഇടിയാണ് പ്രതീക്ഷിച്ചതെങ്കിലും ഷേക്ക്‌ ഹാൻഡ് ആയിരുന്നു കിട്ടിയത്. “എന്നാലും എന്റെ മാളു നിന്നേ ഞാൻ സമ്മതിച്ചിരിക്കുന്നു . ഒടുക്കം വളച്ചെടുത്തല്ലോ നീ ഇവനെ. ഈ വെട്ടുപോത്തിനെ.. ”

സിദ്ധുവേട്ടൻ ഓരോന്ന് പറഞ്ഞു കളിയാക്കുന്നുണ്ട് . എല്ലാത്തിനും ചിരിയോടെ തന്നെ നിന്നു മാളു .

വാക്കുകൾ കിട്ടാത്ത അവസ്ഥ ആയിരുന്നു. കൂടെ പഠിച്ച കൂട്ടുകാർക്കും എല്ലാം അതിശയം ആയിരുന്നു.

ആദ്യത്തെ ദിവസം അടിയും വാങ്ങി തിരികെ വന്നപ്പോൾ ഇതൊരിക്കലും നടക്കില്ല എന്ന് തന്നെ ആയിരുന്നു അവരെ പോലെ താനും വിശ്വസിച്ചത്.

പക്ഷേ തീവ്രമായി ആഗ്രഹിച്ചാൽ അത് നേടി തരാൻ പ്രകൃതി പോലും കൂടെ ഉണ്ടാകും എന്ന് ആൽക്കമിസ്റ്ൽ പറഞ്ഞത് പോലെ ദൈവം നടത്തി തന്നതായിരിക്കാം എന്ന് തോന്നി അവൾക്ക്.

ഏറ്റവും പ്രിയപ്പെട്ട പാലട കൂട്ടി സദ്യ ഉണ്ണുമ്പോൾ ചോറിനേക്കാൾ കൂടുതൽ പായസം ആണ് കുടിച്ചതെന്ന് തോന്നി മാളുവിന്‌.

പണ്ടും അങ്ങനെയാണ് പാലട ഉണ്ടെങ്കിൽ മറ്റൊന്നും വേണ്ട. അച്ഛനെ കൊണ്ട് പ്രത്യേകം പറഞ്ഞു വെപ്പിച്ചതാണ് കല്യാണത്തിന്.

വീണ്ടും പായസത്തിനായി വിളിക്കാൻ തുടങ്ങി എങ്കിലും ദേഷ്യത്തോടെ മുൻപിൽ നിൽക്കുന്ന അമ്മയെക്കണ്ട് വേണ്ട എന്ന് വച്ചു.

യാത്ര പറയാൻ തുടങ്ങുമ്പോൾ എത്ര പിടിച്ചു നിർത്തിയിട്ടും മാളുവിന്‌ സങ്കടം സഹിക്കാൻ ആയില്ല.

എത്രയൊക്കെ ശ്രെമിച്ചിട്ടും അവൾ കരച്ചിൽ നിർത്തുന്നില്ല എന്ന് കണ്ടതും ഗൗതം അവസാന അടവ് പുറത്തെടുക്കാൻ തീരുമാനിച്ചു.

.

“എങ്കിൽ പിന്നേ ഞാൻ ഇറങ്ങട്ടെ അച്ഛാ. ഇവളുടെ വിഷമം ഒക്കെ മാറി ഓക്കേ ആയിട്ട് അങ്ങോട്ടേക്ക് വിട്ടാൽ മതി”.

ഈറനണിഞ്ഞ മിഴകളോടെ അവളെ ചേർത്തു പിടിച്ചു നിൽക്കുന്ന മോഹനെ കണ്ണിറുക്കി കാണിച്ചു അവൻ പറഞ്ഞു.

“ഹാ എങ്കിൽ അങ്ങനെ ചെയ്യാം. എന്ത് പറയുന്നു മാളു. കുറച്ച് ദിവസം കഴിഞ്ഞിട്ട് മോളുടെ കരച്ചിൽ ഒക്കെ മാറിയിട്ട് അച്ഛ കൊണ്ട് വിടാം. ”

അതു കേട്ടതും സ്വിച്ചിട്ട പോലെ മാളുവിന്റെ കരച്ചിൽ നിന്നു. അവൾ അവനെ നോക്കി ചുണ്ട് കൂർപ്പിച്ചു പിണങ്ങി മാറി നിന്നു .

🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

സ്ഥിരമായി വരുന്ന വീടാണെങ്കിലും നിലവിളക്കുമായി അന്നാദ്യമായി ആ പടി കയറുമ്പോൾ മനസ്സാകെ സന്തോഷം നിറയുന്ന പോലെ തോന്നി അവൾക്ക്.

പൂജാ മുറിയിൽ വിളക്ക് വച്ചു കണ്ണുകൾ അടച്ചവൾ പ്രാർത്ഥിച്ചു. പുറത്തേക്കിറങ്ങിയപ്പോളേക്ക് പരിചയപ്പെടാനായി ഒരുപാട് പേര് കാത്തു നിൽക്കുന്നുണ്ടായിരുന്നു.

വലിയ രീതിയിൽ ഉള്ള റിസപ്ഷൻ തന്നെ ആയിരുന്നു.

ഹോ ചിരിച്ചു ചിരിച്ചു കവിൾ വേദനിക്കുന്നു. കവിളും തടവി പരിഭവം പറയുന്ന മാളുവിന്റെ ഭാവങ്ങൾ കണ്ടതും ഗൗതത്തിനു ചിരി വന്നു.

പ്രിയ വന്നു എങ്കിലും ഒന്നും സംസാരിക്കാൻ നിൽക്കാതെ ആശംസകൾ അറിയിച്ചു പെട്ടെന്ന് തന്നെ മടങ്ങി. പക്ഷേ യാത്ര പറഞ്ഞിറങ്ങുമ്പോഴും അവളുടെ കണ്ണുകൾ മാളുവിനെ പകയോടെ നോക്കുന്നുണ്ടായിരുന്നു . ഒരവസരത്തിനായി കാത്തിരിക്കുന്നത് പോലെ.

🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

എല്ലാം കഴിഞ്ഞു ഷവറിന്റെ കീഴിൽ നിൽക്കുമ്പോൾ ശ്വാസം തിരിച്ചു കിട്ടിയ ഫീൽ ആയിരുന്നു മാളുവിന്‌.

കുളിച്ചിട്ടു ഇറങ്ങുമ്പോഴേക്ക് കൈയിൽ ഒരു സെറ്റ് സാരിയുമായി ബീന കാത്തിരിക്കുന്നുണ്ടായിരുന്നു .

സാരി ഉടുത്തു കണ്ണാടിയുടെ മുൻപിൽ നിൽക്കുമ്പോൾ എന്തോ ഒരു കുറവ് പോലെ തോന്നി മാളുവിന്‌. “ഛെ…. മുല്ലപ്പൂവില്ലല്ലോ ….എല്ലാ പൂവും രാവിലെ എടുത്തെന്നാണ് തോന്നുന്നേ. അമ്മയോട് ചോദിച്ചാലോ. അല്ലെങ്കിൽ വേണ്ട impression പോകും. ഹാ ഇതൊക്കെ വച്ചങ്ങു അഡ്ജസ്റ്റ് ചെയ്യാം. ”

പാൽ ഗ്ലാസ്സുമായി മുകളിലേക്ക് ചെല്ലുമ്പോൾ നെഞ്ചിടിപ്പ് കൂടുന്നത് പോലെ തോന്നി അവൾക്ക്. വിറച്ചു വിറച്ചു പാലൊക്കെ താഴെ പോകും എന്ന് തോന്നി. “ഫസ്റ്റ് നെറ്റിന് മുൻപെങ്കിലും ഐ ലവ് യു പറയുമോ എന്തോ. “സ്വയം ചോദിച്ചു കൊണ്ട് അവൾ അകത്തേക്ക് ചെന്നു.

കട്ടിലിൽ ഇരുന്നു ലാപ്ടോപ്പിൽ മെയിൽ check ചെയ്യുന്ന ഗൗതമിനെ കണ്ടതും അവൾ ഒന്ന് നെടുവീർപ്പിട്ടു.

“ഹ്മ്മ്…. എന്തൊക്കെ പ്രതീക്ഷ ആയിരുന്നു. ഇങ്ങേർ ഈ ആദ്യരാത്രി ഒന്നും സിനിമയിൽ കണ്ടിട്ടില്ലേ.

അക്ഷമനായി ജനലിൽ കൂടി പുറത്തേക്ക് നോക്കി നിൽക്കുന്ന അല്ലെങ്കിൽ മുറിയിൽ കൂടി അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്ന നായകൻ. ജനലിൽ കൂടി നോക്കിയില്ലെങ്കിലും ആ വാതിലിൽ എങ്കിലും നോക്കി ഇരുന്നൂടെ ഇയാൾക്ക്. “ഒരു ചവിട്ട് വച്ചു കൊടുക്കാനാണവൾക്ക് തോന്നിയത്. പക്ഷെ ആരോഗ്യത്തിനു നല്ലതല്ല എന്ന് കണ്ടിട്ട് മുരടനക്കി.

“ആഹ് വന്നോ. നീ കിടന്നോ എനിക്കൊരു മെയിൽ കൂടി അയക്കാൻ ഉണ്ട്. അതു കഴിഞ്ഞിട്ട് ഞാൻ കിടന്നോളാം. ലൈറ്റ് ബുദ്ധിമുട്ടാണെങ്കിൽ പറഞ്ഞ മതി. ഞാൻ പുറത്തേക്ക് പൊയ്ക്കോളാം”. അവളെ നോക്കാതെ അവൻ പറഞ്ഞു.

“അപ്പോ ആദ്യരാത്രിയോ ….”.ചോദിയ്ക്കാൻ ഉദ്ദേശിച്ചതല്ലെങ്കിലും അറിയാതെ നാവിൽ വന്നു പോയി. എങ്ങോട്ടോടി രക്ഷപ്പെടണം എന്നറിയാതെ അവൾ നിന്നു.

അവളുടെ ആ പറച്ചിൽ കേട്ടപ്പോൾ ഗൗതമിന്റെ വിരലുകൾ ടൈപ് ചെയ്യുന്നത് നിർത്തി. സെറ്റ് സാരി ഉടുത്തു കൈയിൽ ഒരു പാൽ ഗ്ലാസ്സുമായി ചമ്മലും നാണവും കലർന്ന മുഖഭാവത്തോടെ തന്നെ നോക്കി നിൽക്കുന്ന അവളെ കണ്ടപ്പോൾ അവളിൽ വല്ലാത്ത ഒരു നിഷ്കളങ്കത തോന്നി അവന്.

“ആഹാ ചക്കര പാൽഗ്ലാസ്സും കൊണ്ട് ആദ്യരാത്രി ആഘോഷിക്കാൻ ഇറങ്ങിയതാ”. അവൾ ചമ്മിയ ഒരു ചിരി ചിരിച്ചു.

“ആഹാ എന്താ ചിരി. എന്തായാലും ചേട്ടന് ഇപ്പൊ തീരെ സമയം ഇല്ല. ആദ്യം തിരക്കൊക്കെ ഒന്നൊഴിയട്ടെ എന്നിട്ട് തീരുമാനിക്കാം ആദ്യരാത്രി വേണോ വേണ്ടയോ എന്ന്. ഇപ്പൊ മോള് വന്നു കിടക്കാൻ നോക്ക്. പകൽ മുഴുവൻ നിന്നതല്ലേ.” അവൻ പകുതി കളിയായും പകുതി കാര്യമായും പറഞ്ഞു.

പിന്നേ വീണ്ടും നോട്ടം അവളിൽ നിന്നും മാറ്റി.

മാളു അവനെ ദേഷ്യത്തോടെ നോക്കിയിട്ട് കൈയിൽ ഉള്ള പാൽ മുഴുവൻ ഒറ്റവലിക്ക് കുടിച്ചു. “ആദ്യരാത്രി നടത്താൻ വയ്യാത്തവൻ പാലും കുടിക്കണ്ട. അല്ല പിന്നേ. ”

അവൾ പിറുപിറുക്കുന്നത് ഒക്കെ കേട്ടെങ്കിലും ഗൗതം പ്രതികരിച്ചില്ല.

അവന്റെ അപ്പുറത്തെ സൈഡിൽ വന്നു പുറം തിരിഞ്ഞു കിടന്നു അവൾ. ഇടയ്ക്കിടെ തല ചെരിച്ചു അവനെ നോക്കും. വീണ്ടും പുച്ഛ ഭാവത്തിൽ തല വെട്ടിച്ചു കിടക്കും.

ഇത് കുറേ തവണ ആയപ്പോൾ അവൻ ഇത്തിരി ഗൗരവത്തിൽ “എന്താടി ” എന്ന് ചോദിച്ചു. പിന്നെ അങ്ങോട്ടേക്ക് നോക്കാൻ പോയില്ല.

“ഹ്മ്മ്.. ഫസ്റ്റ് നൈറ്റ്‌ ഇല്ലത്രെ. ഒന്ന് നേരം വെളുക്കട്ടെ ഫസ്റ്റ് ഡേ ഞാൻ നടത്തും”. അവൾ സ്വയം പറഞ്ഞു. പലവിധമായ പ്ലാനുകൾക്ക് ശേഷം ഒടുവിൽ കണ്ണുകളെ മയക്കം തഴുകി.

ഗൗതം കിടക്കാൻ വരുമ്പോഴേക്ക് മാളു നല്ല ഉറക്കം ആയിരുന്നു. നിഷ്കളങ്കമായ മുഖത്തോടെ ഉറങ്ങുന്ന അവളെ അവൻ അരുമയോടെ നോക്കി നിന്നു.

പിന്നീട് അവളുടെ മുടികളിൽ കൂടി വിരലോടിച്ചു നെറുകയിൽ ചുംബിച്ചു.

ഉറക്കത്തിനിടയിലും അവന്റെ ചുണ്ടുകളുടെ തണുപ്പ് അറിഞ്ഞെന്നോണം അവളിൽ ഒരു ചിരി വിടർന്നു.

തുടരും…

നിഴൽ പോലെ : ഭാഗം 1

നിഴൽ പോലെ : ഭാഗം 2

നിഴൽ പോലെ : ഭാഗം 3

നിഴൽ പോലെ : ഭാഗം 4

നിഴൽ പോലെ : ഭാഗം 5

നിഴൽ പോലെ : ഭാഗം 6

നിഴൽ പോലെ : ഭാഗം 7

നിഴൽ പോലെ : ഭാഗം 8

നിഴൽ പോലെ : ഭാഗം 9

നിഴൽ പോലെ : ഭാഗം 10

നിഴൽ പോലെ : ഭാഗം 11

നിഴൽ പോലെ : ഭാഗം 12

നിഴൽ പോലെ : ഭാഗം 13

നിഴൽ പോലെ : ഭാഗം 14

നിഴൽ പോലെ : ഭാഗം 15

നിഴൽ പോലെ : ഭാഗം 16

നിഴൽ പോലെ : ഭാഗം 17

നിഴൽ പോലെ : ഭാഗം 18

നിഴൽ പോലെ : ഭാഗം 19

നിഴൽ പോലെ : ഭാഗം 20

നിഴൽ പോലെ : ഭാഗം 21