നിഴൽ പോലെ : ഭാഗം 12

Spread the love

എഴുത്തുകാരി: അമ്മു അമ്മൂസ്‌


ഗൗതം തലയിൽ കൈ വച്ചു. “ഭയങ്കര കണ്ടുപിടിത്തം തന്നെ. നിന്റെ തല വെയിൽ കൊള്ളിക്കരുത് കേട്ടോ. എന്റെ കല്യാണം ഉറപ്പിച്ചു അത് പറയാൻ വേണ്ടിയാ ഇങ്ങോട്ട് വന്നത്”.

കേട്ടതിന്റെ ഞെട്ടലിൽ മാളു കണ്ണും മിഴിച്ചു അവനെ നോക്കി ഇരുന്നു..

“ക…..ക….കല്യാണമോ” അവൾക്ക് വാക്കുകൾ വരുന്നുണ്ടായിരുന്നില്ല.

“ഹ്മ്മ്. വിശ്വമാമ കൊണ്ട് വന്ന ആലോചനയാ . നിനക്കറിയില്ലേ മാമേടെ മോൾ ജാനിയെ”. ഭാവവ്യത്യാസം ഒന്നും ഇല്ലാതെ ഗൗതം പറഞ്ഞു.

“അവളോ…. അവൾക്ക് വേറെ ആളുണ്ടല്ലോ.” മാളു പെട്ടന്ന് പറഞ്ഞു. ഗൗതം അവളെ ഒഴിവാക്കാൻ വേണ്ടി കള്ളം പറയുവാണോ എന്ന് അവൾക്ക് സംശയം തോന്നി.

“അവളല്ല. അവൾ എനിക്ക് അനിയത്തിയെ പോലെ അല്ലേ. അവൾക്ക് അറിയുന്ന കുട്ടിയാ. അങ്ങനെ വന്ന ആലോചനയാ .

അല്ല അവൾക്ക് വേറെ ആളുണ്ടെന്ന് നിനക്കെങ്ങനെ അറിയാം”. ഗൗതം അവളെ കണ്ണ് കൂർപ്പിച്ചു നോക്കി.

“ഇതിലിത്ര നോക്കാൻ ഒന്നും ഇല്ല. വർഷം കുറേ ആയില്ലേ നിങ്ങളുടെ പിറകേ നടക്കാൻ തുടങ്ങിയിട്ട്.

ശത്രുക്കൾ ആയിട്ടുള്ള മുറപ്പെണ്ണുങ്ങൾ ഒന്നും ഇല്ലെന്ന് ഞാൻ ആദ്യം തന്നെ ഉറപ്പിച്ചതാ”. അവൾ ചുണ്ട് കോട്ടി കൊണ്ട് പറഞ്ഞു.

അവളുടെ ഭാവം കണ്ടു ഗൗതമിന് ചിരി വന്നു. അവൻ പറഞ്ഞതൊന്നും അവൾ വിശ്വസിച്ചിട്ടില്ല എന്നവന് തോന്നി.

അവന്റെ സംശയം ശെരിയായിരുന്നു.

“ഇപ്പൊ ഈ പറഞ്ഞതൊക്കെ എന്നേ ഒഴിവാക്കാൻ ആണെന്ന് എനിക്ക് നല്ലോണം അറിയാം.ഞാൻ വിശ്വസിക്കില്ല. അങ്ങനെ എന്നേ ഒഴിവാക്കാം എന്ന് വിചാരിക്കണ്ട”. അവൾ പറഞ്ഞു.

“വേണ്ട. നിന്റെ ബീനാമ്മ പറയുമ്പോ വിശ്വാസം ആകുമല്ലോ.” ഗൗതം പെട്ടെന്ന് തന്നെ ഫോൺ എടുത്തു അമ്മയെ വിളിച്ചു.

“ഹലോ അമ്മ. ഇവിടെ ഒരാൾക്ക് ഭയങ്കര സംശയം. എന്റെ കല്യാണം ഉറപ്പിച്ചു എന്ന് പറഞ്ഞിട്ട് വിശ്വസിക്കുന്നില്ല. അമ്മ തന്നെ പറ.”

അവൻ ഫോൺ മാളുവിന്‌ കൊടുത്തു. അവന്റെ സംസാരത്തിൽ നിന്നും മാളുവിനുള്ള സർപ്രൈസ് ആണെന്ന് ബീനക്ക് മനസ്സിലായിരുന്നു.

“ഇത് സത്യമാണോ ബീനാമ്മേ.” ഫോൺ വാങ്ങിയ ഉടനേ അവൾ ചോദിച്ചു.

“ഹ്മ്മ്. നല്ല കുട്ടിയാ മോളെ. അമ്മക്ക് നല്ലോണം ഇഷ്ടമായി മോനുവിന് നന്നായി ചേരും”. ബീന പറഞ്ഞു.

ബീനയുടെ വാക്കുകൾ കേട്ടിട്ട് മാളുവിന് വേദന തോന്നി. അപ്പോ തന്റെ സ്നേഹം ഇവർ ആരും മനസ്സിലാക്കിയില്ല. അതോ താൻ ഗൗതമേട്ടന് ചേരില്ല എന്ന് തോന്നിയോ. കൂടുതൽ ഒന്നും ചോദിക്കാതെ അവൾ call കട്ട്‌ ചെയ്തു.

അവളുടെ വിഷമം കണ്ടിട്ട് ഗൗതമിന് നെഞ്ചിൽ ഒരു നീറ്റൽ തോന്നിയെങ്കിലും നാളെ അവൾക്ക് കൊടുക്കാൻ പോകുന്ന സർപ്രൈസ് ആലോചിച്ചപ്പോൾ അവൻ സ്വയം നിയന്ത്രിച്ചു

“ഒന്നുമില്ലെങ്കിലും നീ കുറച്ചു നാൾ എന്നേ സ്നേഹിച്ചതല്ലേ അതാ നിന്നോട് പറയാം എന്ന് വിചാരിച്ചത്.

പെണ്ണിന്റെ അച്ഛനും ഒക്കെയായി സംസാരിച്ചു വാക്കാൽ ഉറപ്പിച്ചു. നാട്ടിൽ ചെന്നാൽ ഉടനേ പോയി പെണ്ണ് കാണണം. “ഗൗതം ഇത്തിരി ഗൗരവത്തിൽ തന്നെ പറഞ്ഞു.

“നടക്കില്ല. ഈ കല്യാണം നടക്കാൻ ഞാൻ സമ്മതിക്കില്ല. ഞാൻ ഇത്രേം നാൾ പിറകേ നടന്നപ്പോൾ ഒന്നും നിങ്ങൾക്ക് കല്യാണമേ വേണ്ടായിരുന്നല്ലോ . അപ്പോഴൊക്കെ തപസ്സു ചെയ്യുന്ന വിശ്വാമിത്രനെ പോലെ നടന്നിട്ട്.

ഇപ്പൊ കല്യാണം കഴിക്കാൻ നടക്കുന്നോ. അപ്പൊ ഞാൻ ഇത്രേം നാൾ പിറകേ നടന്നതിനൊക്കെ ആര് സമാധാനം പറയും.”. മാളു പെട്ടെന്ന് തന്നെ പോയ എനർജി ഒക്കെ വീണ്ടെടുത്ത് പറഞ്ഞു.

“നിന്നോട് ഞാൻ പറഞ്ഞോ എന്റെ പിറകേ നടക്കാൻ. പിന്നേ കല്യാണം ഉറപ്പിച്ചത് ഞാനല്ല അമ്മയാ. ആ പെണ്ണിന് ഇത്തിരി വട്ടുണ്ട്.

അതൊക്ക അറിഞ്ഞപ്പോ അമ്മക്ക് ഭയങ്കര സെന്റിമെന്റ്സ്. അങ്ങനെ ഒരു കുട്ടിയെ വിവാഹം കഴിച്ചാൽ പുണ്യം കിട്ടും എന്ന്. അപ്പോ പിന്നേ ഞാനും എതിര് പറഞ്ഞില്ല.

നമ്മൾ കാരണം ഒരു ജീവിതം രക്ഷപ്പെടുമെങ്കിൽ നല്ലതല്ലേ.” ഗൗതം അവന് വന്ന ചിരി കടിച്ചു പിടിച്ചു കൊണ്ട് പറഞ്ഞു.

“അപ്പോ ഞാനോ….എന്റെ ജീവിതമോ… നിങ്ങൾക്ക് എന്നേ ഇഷ്ടമല്ലെങ്കിൽ എന്നോട് നേരത്തെ പറഞ്ഞൂടായിരുന്നോ.

ഇത്രേം വർഷം എന്നേ ഇട്ട് പിറകേ നടത്തിച്ചതെന്തിനാ” . മാളു ദേഷ്യത്തോടെ വിരൽ ചൂണ്ടി കൊണ്ട് അവനോട് ചോദിച്ചു.

“നിന്നോട് ഞാൻ തുടക്കം മുതലേ അങ്ങനെ തന്നെ അല്ലേ പറയുന്നത്. എപ്പോഴെങ്കിലും ഞാൻ ഇഷ്ടമാണെന്ന് പറഞ്ഞിട്ടുണ്ടോ”. അവൻ ഒരു ചിരിയോടെ ചോദിച്ചു.

അത് കേട്ടു അവളുടെ മുഖം മങ്ങി. സത്യമാണ് ഒരിക്കൽ പോലും പറഞ്ഞിട്ടില്ല ഇഷ്ടമാണെന്ന്. എന്നും പിന്നാലെ നടന്നത് താൻ മാത്രം ആയിരുന്നു.

പക്ഷേ വിട്ടു കൊടുക്കാൻ വയ്യ. അത്രക്കും ആഴത്തിൽ മനസ്സിൽ പതിഞ്ഞു പോയി.

“എന്തൊക്കെ പറഞ്ഞാലും ഈ കല്യാണം നടത്താൻ ഞാൻ സമ്മതിക്കില്ല. ഒന്നുകിൽ നമ്മുടെ കല്യാണം നടക്കും അല്ലെങ്കിൽ നമുക്ക് കല്യാണമേ നടക്കില്ല.” മാളു വീറോടെ പറഞ്ഞു.

“നിന്റെ ഇഷ്ട്ടം പോലെ എന്താണ് എന്ന് വെച്ചാൽ ചെയ്യു. നാളെ പെണ്ണുകാണൽ ഉണ്ട്. നീയും കൂടി വരണം. നിനക്ക് എന്നേ നല്ലോണം അറിയാല്ലോ.

ഒരു പെണ്ണിനല്ലേ മറ്റൊരു പെണ്ണിനെ മനസ്സിലാകു, നീ കണ്ടിട്ട് എങ്ങനുണ്ട് എന്ന് പറയണം. ഞാൻ രാവിലെ വീട്ടിൽ വന്നു വിളിക്കാം നിന്നേ. ”

ഊതി വീർപ്പിച്ച ബലൂൺ പോലെ ഇരിക്കുന്ന അവളുടെ മുഖം കാണുംതോറും അവന് ചിരി സഹിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല.

“എല്ലാം അവളോട് തുറന്നു പറഞ്ഞു പൂർണമായി അവളെ സ്വീകരിക്കാൻ ഇത്തിരി സമയം ചോദിയ്ക്കാൻ വേണ്ടിയിട്ടാണ് ഇങ്ങോട്ട് വന്നത്. അപ്പോഴാണ് അവളുടെ ഒടുക്കത്തെ ഒരു പ്രേമം”. അവൻ സ്വയം ഓർത്തു.

“ഞാൻ വരുന്നില്ല. എന്നേം കൂട്ടി കൊണ്ട് പെണ്ണ് കാണാൻ പോകാം എന്ന് ആരും വിചാരിക്കണ്ട. വർഷങ്ങൾ കൊണ്ട് കാത്തു സൂക്ഷിക്കുന്ന കസ്തൂരി മാമ്പഴം അങ്ങനെ വല്ലവരും വന്നു കൊണ്ട് പോകാൻ ഞാൻ സമ്മതിക്കില്ല. “അതും പറഞ്ഞു അവൾ ദേഷ്യത്തോടെ കാറിൽ കയറി.

പിന്നീടുള്ള യാത്രയിൽ ഉടനീളം അവൾ മൗനം പാലിച്ചു മുഖം വീർപ്പിച്ചിരുന്നു.

ഇടക്കിടക്ക് തന്നെ ദേഷ്യത്തിൽ നോക്കി പിറുപിറുക്കുന്ന അവളെ കണ്ടപ്പോൾ ഒക്കെ ഗൗതം ചിരി നിയന്ത്രിക്കാൻ കഷ്ടപ്പെട്ടു..

എയർപോർട്ടിൽ വച്ചു പ്രിയയെയും ജീവനെയും കണ്ടിട്ടും അവൾ ശ്രെദ്ധിക്കാൻ പോയില്ല.

പക്ഷേ ദേഷ്യവും വിഷമവും ഒക്കെ നിറഞ്ഞിരിക്കുന്ന മാളുവിന്റെ മുഖം പ്രിയക്ക് വല്ലാത്ത സന്തോഷം നൽകി. ഗൗതവും പ്രിയയും തമ്മിൽ എന്തോ പ്രശ്നം നടന്നിട്ടുണ്ട് എന്ന് അവൾ ഊഹിച്ചു.

അവൾ ഗൗതമിനോട് സംസാരിക്കാൻ ശ്രെമിച്ചെങ്കിലും ഇപ്പോൾ മൂഡ് ശെരിയല്ല എന്ന് പറഞ്ഞു ഗൗതം ഒഴിവാക്കി.

മാളുവാണ് അതിന് കാരണം എന്ന് തോന്നിയതിനാൽ പ്രിയ തെല്ലൊരു സമാധാനത്തോടെ പിൻവലിഞ്ഞു.

🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

രാത്രി ഉറങ്ങാൻ കിടന്നിട്ടും മാളുവിന് ഉറക്കം വരുന്നുണ്ടായിരുന്നില്ല.

“കല്യാണം ഉറപ്പിച്ചത്രേ. എന്നോട് അങ്ങനെ പറയാനും വേണ്ടി എങ്ങനെ ധൈര്യം വന്നു. കാണിച്ചു തരാം ഞാൻ. ഈ കല്യാണം നടക്കുന്നത് എനിക്കൊന്ന് കാണണം”. അവൾ പറഞ്ഞുകൊണ്ട് തിരിഞ്ഞും മറിഞ്ഞും കിടന്നു.

“എന്നാലും എങ്ങനാ ഇപ്പൊ ഒന്ന് മുടക്കുക. എന്റെ വയറ്റിൽ കുട്ടി ഉണ്ടെന്ന് പറഞ്ഞാലോ”. അവൾ വയർ തടവി. “വേണ്ട ആകെ നാണക്കേടാകും. അങ്ങനെ ഒക്കെ പറഞ്ഞാൽ പരിശോധന നടത്തുമല്ലോ.”

അവൾ വിരൽ കടിച്ചു കൊണ്ട് ആലോചിച്ചു.

“രണ്ടാം കേട്ട് വല്ലോം ആയിരുന്നെങ്കിൽ വിവാഹത്തട്ടിപ്പ് വീരൻ ആണെന്ന് പറഞ്ഞെങ്കിലും മുടക്കാമായിരുന്നു. ഇയാൾക്ക് ആ ശാലിനിയെ ഒന്ന് രജിസ്റ്റർ മാര്യേജ് ചെയ്തൂടായിരുന്നോ”. അവൾ തലയിൽ കൈ വെച്ചു ആലോചിച്ചു.

രാത്രി മുഴുവൻ ആലോചിച്ചു തന്നെ കിടന്നു അവൾ.

🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

രാവിലെ എഴുന്നേറ്റപ്പോൾ നല്ല ഉറക്കക്ഷീണം ഉണ്ടായിരുന്നു. അതും കൊണ്ടിരുന്നാൽ പ്ലാനിങ് ഒന്നും നടക്കില്ല എന്ന് തോന്നിയത് കൊണ്ട് പെട്ടെന്ന് കേറി കുളിച്ചിട്ടു അവൾ താഴേക്ക് ചെന്നു.

അച്ഛനും അമ്മയും കൂടി കാര്യമായി എന്തോ ഒരുക്കുന്ന തിരക്കിൽ ആണ്. “എന്തിനാണാവോ”.

അവൾ തലയും തോർത്തിക്കൊണ്ട് സിറ്റ് ഔട്ടിലേക്ക് ഇറങ്ങിയപ്പോൾ മനീഷ് ദേഷ്യപ്പെട്ടു മാറി നിൽക്കുന്നുണ്ടായിരുന്നു. അവളെ കണ്ടതും അവൻ അകത്തേക്ക് കയറി പോയി.

മാളു ഇതെന്താ കഥ എന്ന മട്ടിൽ അവനെ നോക്കി നിന്നു.

അപ്പോഴാണ് ഗൗതത്തിന്റെ കാർ അവിടേക്ക് വന്നത്. ഡോർ തുറന്നു ആദ്യം ഇറങ്ങിയത് ഗൗതമാണ്.

അവനെ കണ്ടതും ഇന്നലെ അവൻ പറഞ്ഞ കാര്യങ്ങൾ അവളുടെ മനസ്സിലേക്ക് വന്നു. അവളുടെ മുഖം ദേഷ്യം കൊണ്ട് ചുമന്നു.

“ഓഹോ പെണ്ണുകാണാൻ ഞാൻ കൂടെ ചെല്ലില്ല എന്ന് കണ്ടിട്ട് വിളിക്കാൻ വന്നേക്കുവാ. എങ്ങനാ എന്നേ കൊണ്ട് പോകുന്നെ എന്നൊന്ന് കാണണമല്ലോ”. അവൾ ചുണ്ടും കോട്ടി അകത്തേക്ക് നടന്നു.

അവളുടെ പോക്ക് കണ്ടു ചിരി അടക്കിപ്പിടിച്ചു ബാക്കി ഉള്ളവരും.

തുടരും…

നിഴൽ പോലെ : ഭാഗം 1

നിഴൽ പോലെ : ഭാഗം 2

നിഴൽ പോലെ : ഭാഗം 3

നിഴൽ പോലെ : ഭാഗം 4

നിഴൽ പോലെ : ഭാഗം 5

നിഴൽ പോലെ : ഭാഗം 6

നിഴൽ പോലെ : ഭാഗം 7

നിഴൽ പോലെ : ഭാഗം 8

നിഴൽ പോലെ : ഭാഗം 9

നിഴൽ പോലെ : ഭാഗം 10

നിഴൽ പോലെ : ഭാഗം 11

-

-

-

-