Saturday, September 14, 2024
Novel

നീലാഞ്ജനം : ഭാഗം 20

നോവൽ
എഴുത്തുകാരി: പാർവതി പിള്ള

ഉണ്ണിമോൾ കുറച്ചുദിവസം ശ്രീകുട്ടിയുടെ
അടുത്ത് നിന്നാണ് കോളേജിൽ പോയി
വന്നത്.

ഇതിനിടയിൽ മഹേഷിന് ശ്രീകുട്ടിയോടുള്ള
ദേഷ്യത്തിന് ഒരു അയവ് വന്നിരുന്നു.

എന്തൊക്കെ വന്നാലും മഹേഷിനെ വിട്ടൊരു കളിക്കും ശ്രീക്കുട്ടി തയ്യാറല്ലായിരുന്നു.

പതിയെ പതിയെ അവൾ ഒരു വീട് നടത്തിക്കൊണ്ടു പോകുന്നത് എങ്ങനെ
എന്ന് പഠിക്കുകയായിരുന്നു.

രണ്ടാഴ്ചയ്ക്കുശേഷം ഉണ്ണിമോൾ തിരികെ ഹോസ്റ്റലിലേക്ക് മടങ്ങാൻ തയ്യാറായി.

ശ്രീക്കുട്ടി തടഞ്ഞെങ്കിലും ഉണ്ണിമോൾ സ്നേഹത്തോടെ അത് നിരസിച്ചു.

രാകേഷിനായിരുന്നു അവൾ പോകുന്നതിൽ ഏറ്റവും സങ്കടം.

എങ്കിലും പഴയതുപോലെ അവനെ കാണുമ്പോൾ മിണ്ടാതെ പോകാൻ അവൾ ശ്രമിച്ചിരുന്നില്ല.

ഒരാഴ്ചയും കൂടി കഴിഞ്ഞാൽ ഓണമാണ്.

കോളേജിൽ പത്ത് ദിവസത്തെ അവധി ഉണ്ടായതുകൊണ്ട് എല്ലാവർക്കും സന്തോഷം ആണ്.

എന്നാൽ ഉണ്ണി മോൾക്ക് മാത്രം സന്തോഷം ഒട്ടുമില്ല.

അമ്മയുടെ അടുത്തേക്ക് പോയി
നിൽക്കുന്നതിനെ ക്കുറിച്ച് അവൾക്ക് ആലോചിക്കാൻ പോലും വയ്യ.

പിന്നെ ഒരാശ്വാസം ഉള്ളത് ശ്രീകാന്താണ്.

ഓണത്തിന് ചേച്ചിമാർ എല്ലാവരും ഉണ്ടാവും.

മൂന്ന് ആളുടെയും വിവാഹം കഴിഞ്ഞുള്ള
ആദ്യത്തെ ഓണമാണ്.

ഓരോന്നാലോചിച്ച് കൊണ്ടിരിക്കുമ്പോഴാണ് ഫോൺ റിംഗ് ചെയ്തത്.

ശ്രീയേട്ടൻ ആണ്.. അവൾ വേഗം ഫോണെടുത്തു.

ഹലോ ഏട്ടാ..

എന്തുണ്ട് മോളെ വിശേഷം..

സുഖമായിരിക്കുന്നു ഏട്ടാ..

മോൾക്ക് നാളെയല്ലേ വെക്കേഷൻ തുടങ്ങുന്നത്.

അതേ ഏട്ടാ…

കൂട്ടുകാരൊക്കെ എവിടെ.

എല്ലാം പാക്ക് ചെയ്യുന്ന തിരക്കിലാണ് അവർ..

ഏട്ടൻ മോളോട് ഒരു കാര്യം പറയാനാ വിളിച്ചത്..

ഏട്ടൻ ഇപ്പോൾ വീട്ടിലാണ്.

മോൾ നാളെ ഏട്ടനെ കാത്തു നിൽക്കണ്ട.
നേരെ വീട്ടിലോട്ടു പോന്നാൽ മതി.

അയ്യോ.. ഏട്ടൻ എപ്പോൾ പോയി..

ഞാൻ ഇന്നലെ പോരുന്നു. ഏട്ടന് വന്നിട്ട്
കുറച്ച് അത്യാവശ്യ കാര്യങ്ങൾ ഉണ്ടായിരുന്നു.

കുറച്ചുനേരം കൂടി അവനോട് സംസാരിച്ചിട്ട് ഉണ്ണിമോൾ ഫോൺ കട്ട് ചെയ്തു.

വെളുപ്പിനെ തന്നെ എല്ലാവരും പോകാനായി ഇറങ്ങി.

ലിൻഡയും ജെയ്‌സ്‌ലിയും വളരെ സന്തോഷത്തിലായിരുന്നു.

പത്ത് ദിവസത്തെ അവധി ഉണ്ട് അടിച്ചുപൊളിക്കണം.

ലിൻഡ ആവേശത്തോടെ പറഞ്ഞു.

മൂന്നുപേരും ട്രാവൽ ബാഗുമായി ഹോസ്റ്റലിന് വെളിയിലേക്ക് ഇറങ്ങി..

അവർ രണ്ടുപേരും ഒരു ബസ്സിൽ ആണ് പോകുന്നത്.

അവരോട് യാത്ര പറഞ്ഞ് ഉണ്ണിമോൾ തനിക്ക് പോകാനുള്ള ബസ്സിൽ കയറി ഇരുന്നു.

ഏകദേശം 12 മണിയോടെ അവൾ വീട്ടിൽ
എത്തി.

വീട്ടിൽ ചെന്ന് കയറിയപ്പോൾ അവൾക്ക് അത്ഭുതമായിരുന്നു.

ചേച്ചിമാർ രണ്ടുപേരും ശ്രീ കുട്ടിയും കുടുംബവും എല്ലാവരും എത്തിയിരിക്കുന്നു.

അവളെ കണ്ട ഹരിത ഓടി വന്നു കെട്ടിപ്പിടിച്ചു.

ശ്രീകാന്ത് അവളുടെ അരികിലേക്ക് വന്നു.

ഉണ്ണി മോളെ നോക്കിക്കൊണ്ട് ഹരിതയോട്
ആയി പറഞ്ഞു. ഹരി നീ ഇവളെ കൊണ്ടുപോയി റെഡിയാക്ക്.

ഉണ്ണി മോൾ ചോദ്യഭാവത്തിൽ ശ്രീകാന്തിന്റെ മുഖത്തേക്ക് നോക്കി.

ശ്രീകാന്ത് അവളെ നോക്കിക്കൊണ്ട് വെളിയിലേക്കിറങ്ങി ആരെയോ ഫോൺ
ചെയ്തു…

മുറിയിലേക്ക് കയറിയ ഉണ്ണി മോളോട് ഹരിത പറഞ്ഞു.

നീ പോയി പെട്ടെന്ന് കുളിച്ച് വാ…

അവൾ പെട്ടെന്ന് ഹരിതയുടെ കയ്യിൽ പിടിച്ചു. ഇവിടെ എന്താ ഹരി ചേച്ചി നടക്കുന്നത്.

ഹരിത ചിരിയോടെ അവളെ നോക്കി.

അതൊന്നും പറയാനുള്ള അനുവാദം എനിക്കില്ല മോളെ.

എന്തായാലും നിനക്ക് ഒരു സർപ്രൈസ് ആണ്.

ഉണ്ണിമോൾ സംശയത്തോടെ വീണ്ടും അവളുടെ മുഖത്തേക്ക് നോക്കി.

എന്റെ പൊന്നു കൊച്ചേ ഇങ്ങനെ നിൽക്കാതെ വേഗം പോയി കുളിച്ചിട്ടു വാ നിന്റെ ചേട്ടൻ തുടങ്ങും ഇപ്പോൾ.

അവൾ വേഗം ഫ്രഷായി തിരികെ വന്നു.

അകത്തേക്ക് വന്ന അവൾ വീണ്ടും അമ്പരന്നു.

ബെഡിൽ ചുവന്ന കാഞ്ചീപുരം പട്ടുസാരിയും അതിനു മുകളിൽ നിറയെ മുല്ലപ്പൂവും.

ഹരിത അവളെ അത് ഉടുപ്പിക്കാനായി എടുത്തു.

അപ്പോഴേക്കും ശാലിനിയും ശ്രീക്കുട്ടിയും കൂടി അകത്തേക്ക് വന്നു.

രണ്ടാളും ചിരിച്ച മുഖത്തോടെ അകത്തേക്ക് വന്ന് ഹരിതയെ നോക്കി.

ഉണ്ണിമോൾ വേഗം അവരുടെ അടുത്തേക്ക് ചെന്നു എന്താ ചേച്ചി ഈ നടക്കുന്നത്. എന്തിനാ എന്നെ ഇതൊക്കെ ഉടുപ്പിക്കുന്നത്.

അതൊന്നും ഇപ്പോൾ പറയില്ല ഒക്കെ നിന്റെ ശ്രീയേട്ടൻ പറയും.

മൂന്നാളും കൂടി അവളെ ഭംഗിയായി സാരി
ഞൊറിഞ്ഞ് ഉടുപ്പിച്ചു.

നീണ്ട മുടി പിന്നി അത് നിറയെ മുല്ലപ്പൂ ചൂടി കൊടുത്തു.

സാരിക്ക് ചേരുന്ന നിറത്തിലുള്ള ചുവന്ന പൊട്ട് നെറ്റിയിൽ ഒട്ടിച്ചു.

അപ്പോഴാണ് ശാലിനി അവിടെ മാറ്റി വച്ചിരുന്ന ഒരു കവർ എടുത്തത്.

അതിൽ നിന്നും രണ്ടു വള എടുത്തു ഉണ്ണിമോളുടെ കൈയിൽ അണിയിച്ചു.

പിന്നെ അവളുടെ നെറുകയിൽ മുത്തി കൊണ്ട് പറഞ്ഞു ഇത് എന്റെ ഉണ്ണി മോൾക്ക് ശാലിനി ചേച്ചിയുടെ വക ആയിട്ടാണ്.

ഹരിത ഉണ്ണിമോളെ കണ്ണാടിയുടെ മുൻപിലേക്ക് നിർത്തി.

ഒരു കല്യാണ പെണ്ണിനെ പോലെ അണിഞ്ഞൊരുങ്ങി നിൽക്കുന്ന തന്നെ
കണ്ടിട്ട് അവൾ വിശ്വസിക്കാനാവാതെ വീണ്ടും വീണ്ടും കണ്ണാടിയിലേക്ക് നോക്കി.

അപ്പോഴാണ് ശ്രീകാന്ത് അകത്തേക്ക് വന്നത്.

അവൻ കയ്യിലിരുന്ന ബോക്സ് ഹരിതയുടെ കയ്യിലേക്ക് കൊടുത്തു.

അത് തുറന്നു അതിൽനിന്ന് രണ്ടു മാലയും നാലു വളയും എടുത്തു അവളെ അണിയിച്ചു.

അപ്പോഴും ഒന്നും മനസ്സിലാവാതെ പന്തം കണ്ട പെരുച്ചാഴിയെ പോലെ ഉണ്ണിമോൾ ഏട്ടന്റെ മുഖത്തേക്ക് നോക്കി.

ശ്രീകാന്ത് അവളുടെ അരികിലേക്ക് വന്നു അവളുടെ നെറുകയിൽ തലോടി.

പിന്നെ പതിയെ അവളോടായി പറഞ്ഞു
ഇന്ന് ഏട്ടന്റെ ഉണ്ണിമോളുടെ വിവാഹമാണ്.

അവൾക്ക് ഒരുവേള ശ്വാസം നിലച്ചതുപോലെ തോന്നി.

താൻ പോലുമറിയാതെ തന്റെ വിവാഹം.

അവളുടെ മനസ്സിലേക്ക് മനുവിന്റെ മുഖം കടന്നുവന്നു.

ശ്രീകാന്ത് അവളുടെ താടിയിൽ പിടിച്ച് മുഖമുയർത്തി.

നിറഞ്ഞുതുളുമ്പിയ കണ്ണുകൾ തുടച്ചുകൊണ്ട് അവൻ പറഞ്ഞു. മോൾ എതിരൊന്നും പറയണ്ട.

ആരെയും പേടിക്കാതെ കയറിച്ചെല്ലാൻ ഒരിടം നിനക്കും വേണം.

അവൾ ഒന്നും മനസ്സിലാവാതെ ഏട്ടന്റെ മുഖത്തേക്ക് നോക്കി.

മുഹൂർത്തത്തിനു മുൻപ് നമുക്ക് അവിടെ എത്തണം.

ശ്രീകാന്ത് ശാലിനിയുടെ മുഖത്തേക്ക നോക്കി

ചേച്ചി നിങ്ങൾ മോളെയുംകൊണ്ട് വേഗം
ഇറങ്ങാൻ നോക്ക്..

അവളുടെ കണ്ണുകൾ ആരെയോ തിരയുന്ന
കണ്ട ഹരിത പെട്ടെന്ന് പറഞ്ഞു..

നീ അമ്മായിയെ ആണോ നോക്കുന്നത്.

കതകടച്ച് മുറിയിൽ ഇരിപ്പുണ്ട്..

വിളിച്ചാലും തുറക്കില്ല..

ഉണ്ണിമോളുടെ കണ്ണുകൾ നിറഞ്ഞു..

അവൾ ഹരിതയുടെ കൈവിടുവിച്ചുകൊണ്ട് വാതിലിന് അരികിലേക്ക് ചെന്നു.

രണ്ടുമൂന്നു പ്രാവശ്യം വാതിലിൽ തട്ടി അമ്മയെ വിളിച്ചു..

എന്നാൽ അകത്തു നിന്നും ഒരു അനക്കവും ഉണ്ടായില്ല..

നിറകണ്ണകളോടെ വീണ്ടും വീണ്ടും തിരിഞ്ഞു നോക്കിക്കൊണ്ട് അവൾ ആ പടികൾ ഇറങ്ങി.

വലിയ ഒരു ഓഡിറ്റോറിയത്തിനു മുൻപിൽ ആണ് കാർ ചെന്ന് നിന്നത്.

കാറിൽ നിന്നും ഇറങ്ങുമ്പോഴേ കണ്ടു.
ശ്രീയേട്ടനോട് സംസാരിച്ചു കൊണ്ട് നിൽക്കുന്ന രാകേഷിനെ.

അവളെ കണ്ട് അവൻ തെളിച്ചമില്ലാത്ത ഒരു പുഞ്ചിരി നൽകി.

പെട്ടന്ന് ശാലിനിയുടെ ഭർത്താവ് രഞ്ജിത്തും മഹേഷും കൂടി അവിടേക്ക് വന്നു.

നിങ്ങൾ ഇവിടെ നിൽക്കുകയാണോ മുഹൂർത്തം അടുക്കാറായി.

ഉണ്ണി മോളെയും കൊണ്ട് അവർ അകത്തേക്ക് കയറി.

അവൾ അകത്തേക്ക് കയറി ചുറ്റും കണ്ണോടിച്ചു.

പരിചയമില്ലാത്ത കുറെ ആൾക്കാർ ആണ് ഇരിക്കുന്നത്.

വിവാഹം കഴിക്കാൻ പോകുന്ന ആളെ കാണാതെ വിവാഹം കഴിക്കുന്ന ഏക പെണ്ണ് താനായിരിക്കും.

അപ്പോഴാണ് പുറകിൽ നിന്നും പരിചയമുള്ള ഒരു വിളി വന്നത്.

അവൾ പെട്ടെന്ന് തിരിഞ്ഞു നോക്കി.

ദേവികേടത്തി..

കല്യാണ പെണ്ണ് ആകെ സുന്ദരിയായിരിക്കുന്നല്ലോ…

ദേവികയുടെ പിന്നാലെ വിനുവും
ദേവികയുടെ അച്ഛനും ഉണ്ടായിരുന്നു.

അപ്പോഴാണ് ശ്രീകാന്ത് അവരുടെ അരികിലേക്ക് വന്നത്.

അവൻ അവരെ നോക്കി പറഞ്ഞു മുഹൂർത്തം ആകാറായി.

മോൾ വാ…

ഉണ്ണിമോളേ പിടിച്ചുകൊണ്ട് അവൻ
മണ്ഡപത്തിനരികിലേക്ക് നടന്നു.

വരനെ വിളിച്ചുകൊള്ളൂ..

ആരുടെയോ ശബ്ദം കേട്ടു..

അവൾക്ക് മുഖമുയർത്തി നോക്കാൻ ആയില്ല..

അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു..

സങ്കടം തൊണ്ടക്കുഴിയിൽ വന്നു തങ്ങിനിന്നു.

ശ്രീകാന്ത് അവളെ കയ്യിൽ പിടിച്ച് മണ്ഡപത്തിലേക്ക് കയറ്റി ഇരുത്തി.

നിമിഷ നേരത്തിനുള്ളിൽ വാദ്യമേളം
ഉയരുന്നതും കഴുത്തിൽ ഒരു തണുപ്പ്
പടരുന്നതും അവളറിഞ്ഞു.

അറിയാതെ തന്നെ അവളുടെ കണ്ണുകൾ
കൂമ്പി അടഞ്ഞു.

നെറ്റിയിൽ സിന്ദൂരം പടർന്നതിനൊപ്പം
തന്നെ തന്റെ കവിളിൽ കിട്ടിയ നനുത്ത ചുംബനത്തിന്റെ ചൂടിൽ അവൾ
കണ്ണുകൾ തുറന്നു.

തിരിഞ്ഞു നോക്കുന്നതിനു മുൻപ് തന്നെ
കാതിൽ ആ വിളി വന്നു…

ഉണ്ണീ……

ഞെട്ടലോടെ മുഖമുയർത്തി നോക്കി..

മനുവേട്ടൻ…..

അവൾ തന്റെ മിഴികൾ വീണ്ടും വീണ്ടും ചിമ്മി തുറന്നു….

അവൾക്ക് വിശ്വസിക്കാനാവുന്നിലായിരുന്നു..

കന്യാദാനം നടത്താൻ മണ്ഡപത്തിലേക്ക് ശ്രീകാന്ത് കയറിവന്നു.

അവൻ ഉണ്ണി മോളുടെ കൈ പിടിച്ച് മനുവിന്റെ കൈകളിലേക്ക് വെച്ചുകൊടുത്തു.

ഒന്നും പറയാനില്ല മനുവിനോട്..

അറിയാം പൊന്നുപോലെ നോക്കും എന്ന്.

മനു ഒരു പുഞ്ചിരിയോടെ ഉണ്ണിമോളുടെ
കയ്യിൽ അമർത്തിപ്പിടിച്ചു..

ഏട്ടന്റെ ഒപ്പമിരുന്ന് വിവാഹചടങ്ങുകൾ കാണുകയായിരുന്ന രാകേഷ് മഹേഷിനോടായി പറഞ്ഞു നമ്മൾ കുറച്ചു താമസിച്ചു പോയി അല്ലേഏട്ടാ…

അവന്റെ സംസാരത്തിൽ ഒരു നഷ്ടബോധം നിഴലിച്ചിരുന്നു.

മഹേഷ് അനുജന്റെ കൈകളിൽ അമർത്തിപ്പിടിച്ചു.

ഓരോരുത്തരും ജനിക്കുമ്പോഴേ അവരവർക്ക് ഉള്ളത് എഴുതിവെച്ചിട്ടുണ്ട്.

നിനക്കുള്ളത് എവിടെയെങ്കിലും കാണും കുട്ടാ..

അവൻ ഏട്ടനെ നോക്കി രണ്ടു കണ്ണുകളും അടച്ചു കാണിച്ചു.

ഉണ്ണിമോൾ ഒരു സ്വപ്നലോകത്ത് ആയിരുന്നു.

ഈ നടക്കുന്നതൊക്കെ സത്യമാണോ എന്ന് അവൾ ഒരു നിമിഷം ചിന്തിച്ചു.

ഇടയ്ക്കിടെ അവളുടെ നോട്ടം മനുവിലേക്ക് പാറിവീണു.

ആഹാരം കഴിക്കുവാനായി ദേവികയും വിനുവും ആണ് ഉണ്ണി മോളുടെയും
മനുവിന്റെയും കൂടെ ഇരുന്നത്.

വിനു ആവോളം കളിയാക്കുന്നുണ്ട് മനുവിനെ..

അവൻ അത് ആസ്വദിച്ചു കൊണ്ടിരുന്നാണ് ഭക്ഷണം കഴിക്കുന്നത്

നിശബ്ദമായിരുന്ന് ആഹാരം കഴിക്കുന്ന ഉണ്ണിമോളോട് ദേവിക തിരക്കി

മോൾ എന്താ ഒന്നും മിണ്ടാതെ ഇരിക്കുന്നത്.

ഒന്നുമില്ല ഏട്ടത്തി..

മനു മുഖം ചരിച്ച് അവളുടെ മുഖത്തേക്ക് നോക്കി.

പിന്നെ ഒരു കള്ളച്ചിരിയോടെ അവളുടെ ഇടുപ്പിൽ അമർത്തി നുള്ളി.

ഓർക്കാ പുറത്ത് ആയതുകൊണ്ട് അമ്മേ എന്ന് വിളിച്ചു കൊണ്ട് അവൾ പിടഞ്ഞു.

എല്ലാവരും അവളുടെ മുഖത്തേക്ക് നോക്കി.

എന്താ മോളെ ദേവിക ആധിയോടെ ചോദിച്ചു.

അവൾ എന്തു പറയണമെന്നറിയാതെ
പതർച്ചയോടെ ദേവികയുടെ മുഖത്തേക്ക് നോക്കി.

അവളുടെ കണ്ണുകൾ മനുവിലേക്ക് നീണ്ടു.

ചെറുചിരിയോടെ ഒന്നുമറിയാത്തതുപോലെ കുനിഞ്ഞിരുന്ന് ആഹാരം കഴിക്കുകയാണ്.

ഉണ്ണിമോളുടെ നോട്ടം പോകുന്ന ഭാഗത്തേക്ക് കണ്ണുകൾ നീണ്ടപ്പോൾ ദേവികയ്ക്ക് കാര്യം മനസ്സിലായി.

മനുവേട്ടൻ പണി തന്നു അല്ലേ.
അവൾ ചിരിയോടെ ഉണ്ണിമോളുടെ
കാതിൽ ചോദിച്ചു.

ചുവന്നു തുടുത്ത കവിളുമായി മുഖമുയർത്തി നോക്കിയ അവളുടെ ചുണ്ടിലെ പുഞ്ചിരി മെല്ലെ മനുവിന്റെ ചുണ്ടിലേക്കും പടർന്നു..

( തുടരും)

നീലാഞ്ജനം: ഭാഗം 1

നീലാഞ്ജനം: ഭാഗം 2

നീലാഞ്ജനം: ഭാഗം 3

നീലാഞ്ജനം: ഭാഗം 4

നീലാഞ്ജനം: ഭാഗം 5

നീലാഞ്ജനം: ഭാഗം 6

നീലാഞ്ജനം: ഭാഗം 7

നീലാഞ്ജനം: ഭാഗം 8

നീലാഞ്ജനം: ഭാഗം 9

നീലാഞ്ജനം: ഭാഗം 10

നീലാഞ്ജനം: ഭാഗം 11

നീലാഞ്ജനം: ഭാഗം 12

നീലാഞ്ജനം: ഭാഗം 13

നീലാഞ്ജനം: ഭാഗം 14

നീലാഞ്ജനം: ഭാഗം 15

നീലാഞ്ജനം: ഭാഗം 16

നീലാഞ്ജനം: ഭാഗം 17

നീലാഞ്ജനം: ഭാഗം 18

നീലാഞ്ജനം: ഭാഗം 19