Sunday, December 22, 2024
Novel

നവമി : ഭാഗം 24

എഴുത്തുകാരി: വാസുകി വസു


അതോർത്ത് ഏട്ടൻ ടെൻഷൻ ആകണ്ടാ…ചേച്ചിക്ക് ഇഷ്ടമാകും.ഇല്ലെങ്കിൽ ഞാൻ സമ്മതിപ്പിക്കും..അതുപോരേ”

“അതുമതി”… അഭിമന്യു ഡബിൾ ഹാപ്പിയായി…

“ആ വെട്ടു പോത്തിനെ എങ്ങനെ മെരുക്കിയെടുക്കാമെന്ന് തല പുകഞ്ഞ് ഇരിക്കുമ്പോൾ നവമി അതിനു വഴിയൊരുക്കി തരുന്നു..അവളൊരു കാര്യം ഏറ്റാൽ ഫലം ഉറപ്പാണെന്ന് അയാൾക്ക് തോന്നി…

“” ശരി അനിയത്തിക്കുട്ടി ഞാൻ ഇറങ്ങട്ടെ”

സന്തോഷത്തോടെ അയാൾ യാത്രയായി.. പക്ഷേ നവമിയിൽ ടെൻഷൻ കൂടുകയാണ് ഉണ്ടായി..

“അപ്പോഴത്തെ ആവേശത്തിന് തമാശയായി ചോദിച്ചതാണ്.ആൾ സമ്മതിക്കുമെന്ന് കരുതിയില്ല.ആ വെട്ടുപോത്തിനെ എങ്ങനെ മെരുക്കിയെടുക്കും എന്റെ കൃഷ്ണാ ഒരുവഴി കാണിച്ചു തരണേ”

മനസ്സിൽ പ്രാർത്ഥിച്ചു കൊണ്ട് അവൾ ചേച്ചിക്ക് അരികിലേക്ക് ചെന്നു..

“മോളേ അമ്മയിവിടെ ചേച്ചിക്ക് കൂട്ടിരിക്കട്ടെ.നമുക്ക് വീട്ടിലേക്ക് പോകാം.എല്ലാവർക്കും കൂടി രാത്രിയിൽ ഇവിടെ നിൽക്കാനുള്ള പെർമിഷൻ ഇല്ല” നവമിയെ കണ്ടയുടനെ അച്ഛൻ പറഞ്ഞു.

അവൾക്ക് അവിടെ നിൽക്കണമെന്ന് ആഗ്രഹമുണ്ട്. അച്ഛനെ ധിക്കരിക്കാൻ കഴിയാത്തതിനാൽ ഒന്നും പറഞ്ഞില്ല.ചേച്ചിയെ കുറച്ചു ഫ്രീയായി കിട്ടുന്നതാണ്. സാരമില്ല വീട്ടിൽ വരുമ്പോൾ പതിയെ സംസാരിക്കാം.

നീതിയോടും രാധയോടും യാത്ര ചോദിച്ചു അച്ഛനും മകളും വീട്ടിലേക്ക് പോയി. അവിടെച്ചെന്ന് ആഹാരം പാകം ചെയ്തു കഴിക്കുന്നത് ബുദ്ധിമുട്ടാകും.നേരവും വൈകിപ്പോയി.. രമണൻ നവമിയോട് ചോദിച്ചു.

“നമുക്ക് ഹോട്ടലിൽ നിന്ന് എന്തെങ്കിലും വാങ്ങാം”

മോൾക്ക് താല്പര്യം ഇല്ലെന്ന് അറിയാം ഹോട്ടൽ ഭക്ഷണം കഴിക്കാൻ. അവളുടെ ഇഷ്ടം അറിയാനാണ് ചോദിച്ചത്.

“സാരമില്ല അച്ഛാ…വീട്ടിൽ ചെന്ന് ഞാൻ എളുപ്പത്തിൽ എന്തെങ്കിലും തയ്യാറാക്കാം”

അതോടെ അതിന്റെ കാര്യത്തിലൊരു തീരുമാനമായി. ബസ് കയറി വീട്ടിൽ ചെല്ലുമ്പോൾ സമയം വൈകി.എങ്കിലും നവമി അടുക്കളയിൽ കയറി പെട്ടന്ന് ചപ്പാത്തിയും കറിയും ഉണ്ടാക്കാനുള്ള അങ്കം തുടങ്ങി.

ചേച്ചിയും അമ്മയും ഹോട്ടലിൽ നിന്ന് കഴിച്ചേ മതിയാകൂ.ഇവിടെ നിന്നൊന്നും കൊണ്ട് പോയി കൊടുക്കാൻ കഴിയില്ലെന്ന് അറിയാം.അതിനാൽ അച്ഛൻ പണം അമ്മയെ ഏൽപ്പിച്ചിട്ടാണ് വന്നത്.

അടുക്കളയിലെ അങ്കം കഴിഞ്ഞിട്ട് അവൾ കുളിച്ചിട്ട് വന്നു.അച്ഛനും മകളും ഒരുമിച്ച് ഇരുന്നു കഴിച്ചു.

“നാളെ നീ കോളേജിൽ പോകുന്നുണ്ടോ?” അച്ഛന്റെ ചോദ്യം കേട്ട് നവി രമണനെ നോക്കി.

“ഇല്ല അച്ഛാ..ചേച്ചി വന്നിട്ടേ പോകുന്നുള്ളൂ” നീതിയില്ലാതെ ഒറ്റക്ക് വന്നപ്പോൾ നേരിടേണ്ടി വന്ന സംഭവങ്ങൾ ഓർത്താണ് പറഞ്ഞത്.

“രാവിലെ നീതിയെ ഡിസ്ചാർജ് ചെയ്യും.ഒരുപതിനൊന്ന് മണിയാകും..നിനക്കൊന്ന് ചെല്ലാവോ.എനിക്ക് ഒരുസ്ഥലം വരെ പോകാനുണ്ട്”

“അതിനെന്താ അച്ഛാ ഞാൻ പൊയ്ക്കോളാം” സന്തോഷമായിരുന്നു നവമിക്ക്.എന്തായാലും അതിലൊരു തീരുമാനം ആയതോടെ കഴിച്ചിട്ട് അവർ എഴുന്നേറ്റു.

അച്ഛനു കുടിക്കാനുളള വെള്ളം എടുത്തു മുറിയിൽ വെച്ചിട്ട് നവി തന്റെ റൂമിലെത്തി. വല്ലാത്തൊരു നിരാശാബോധം ഉള്ളിൽ ഉടലെടുത്തു.

കുറെനാളായി അനിയത്തിയും ചേച്ചിയും കൂടി ഒരുമിച്ചാണ് കിടപ്പ്.ഇന്ന് അവൾ ഇല്ലാത്തതിന്റെ വിരസത അനുഭവപ്പെട്ടു.തിരിഞ്ഞും മറിഞ്ഞും കിടന്നിട്ട് ഉറക്കം വന്നില്ല..

സമയം മെല്ലെ കടന്നു പോയി. നവമിക്ക് ചെറുതായി മയക്കം വന്നു തുടങ്ങി. അപ്പോൾ റോഡിലൊരു വാഹനം വന്ന് നിൽക്കുന്ന ശബ്ദം കേട്ടു. മെല്ലെ അവൾ എഴുന്നേറ്റു. ചെറിയ ഒരുഭയം തോന്നാതിരുന്നില്ല.അച്ഛനും താനും മാത്രമേയുള്ളൂന്ന് അറിഞ്ഞിട്ട് ആരെങ്കിലും വന്നതാകുമോന്ന് അറിയില്ല.നവമി അച്ഛനെ വിളിക്കാനായി റൂമിലേക്ക് കയാറാനൊരുങ്ങി.അതേസമയം കോളിങ്ങ് ബെല്ലും നിർത്താതെ മുഴങ്ങി.അതോടെ അവൾ അച്ഛനെ ചെന്നു വിളിച്ചു വിവരം പറഞ്ഞു. രമണനും കേട്ടു ബെല്ലിന്റെ ഒച്ച.

പിറുപിറുത്തു കൊണ്ട് രമണൻ എഴുന്നേറ്റു വന്ന് വാതിൽ തുറക്കാനായി ചെന്നു.. “നാശം ആരാണ് പാതിരാത്രിക്ക്”

അച്ഛൻ കതക് തുറക്കാൻ ശ്രമിക്കുന്നത് കണ്ടു നവമി തടഞ്ഞു.

“അച്ഛാ ഇന്നത്തെ കാലത്ത് ഒന്നും വിശ്വസിക്കാൻ കഴിയില്ല” പകലത്തെ സംഭവങ്ങൾ അയാൾ ഓർത്തു.നവി അടുക്കളയിൽ ചെന്നു വെട്ടുകത്തിയുമെടുത്ത് വന്നു രമണന്റെ കൈവശം ഏൽപ്പിച്ചു. തങ്ങളുടെ സുരക്ഷ പ്രധാനമാണ്.

വാതിൽ തുറന്നതും മുന്നിൽ നിൽക്കുന്നവരെ കണ്ടിട്ട് അച്ഛനും മകളും ഒരുമിച്ച് ഞെട്ടി.അതിനെക്കാൾ വലിയ ഞെട്ടലിൽ ആയിരുന്നു പുറത്ത് നിന്നവർക്ക്.

“നിങ്ങളെന്താ പാതിരാത്രിക്ക്…നാളെയല്ലേ ഡിസ്ചാർജ് ആകൂ”

“ആദ്യം വെട്ടുകത്തി മാറ്റിപ്പിടിക്ക് മനുഷ്യാ” കയ്യിലിരുന്ന വെട്ടുകത്തി മാറ്റിയതോടെ പുറത്ത് നിന്നിരുന്ന രാധയും നീതിയും അകത്ത് കയറി.

നീതി മറ്റൊന്നും ശ്രദ്ധിച്ചില്ല.അവൾ നവിയെ കെട്ടിപ്പിടിച്ചു..സുരക്ഷയുടെ കരുതലാണ് ആ ആലിംഗനമെന്ന് നവമിക്ക് മനസ്സിലായി.അവളും ചേച്ചിയെ ആലിംഗനം ചെയ്തു.

“ഇവളുണ്ടല്ലോ അവൾക്ക് രാത്രിയിൽ ഹോസ്പിറ്റൽ കിടക്കാൻ വയ്യെന്ന്..നവമിയെ കണ്ടേ പറ്റുമെന്നൊരു പിടിവാശി.ഒടുവിൽ ഡ്യൂട്ടി ഡോക്ടറെക്കൊണ്ട് നിർബന്ധിപ്പിച്ചു ഡിസ്ചാർജ് എഴുതി വാങ്ങിപ്പിച്ചു.”

രാധയുടെ സംസാരം കേട്ടു രമണൻ പകച്ചു നീതിയെ നോക്കി.രണ്ടു മക്കളും കൂടി കെട്ടിപ്പിടിച്ച് നിൽക്കുന്നു. ആ സ്നേഹം കണ്ടിട്ട് ഒന്നും പറയാനും തോന്നിയില്ല.

“ഇനി ഇവളെയും കൊണ്ട് അങ്ങോട്ട് ചെല്ലരുതെന്നാണ് ഡോക്ടർ പറഞ്ഞത്” രമണൻ ചിരിച്ചു പോയി..കൂടെ ചേച്ചിയും അനിയത്തിയും.

“ശരി പോയി കിടന്ന് ഉറങ്ങ്..സമയം ഒരുപാടായി” അച്ഛൻ പറഞ്ഞതോടെ അവർ മുറിയിലേക്ക് പോയി..റൂമിൽ കയറിയട്ട് നീതി ദീർഘമായി ശ്വാസം വലിച്ചു വിട്ടു.വീട്ടിൽ എത്തിയപ്പോൾ എന്തെന്നില്ലാത്തൊരു ആശ്വാസം നീതിക്ക് അനുഭവപ്പെട്ടു.ഇതുവരെ ഒരുതരം വീർപ്പുമുട്ടൽ ആയിരുന്നു.

ചേച്ചിയും അനിയത്തിയും പഴയപോലെ ഒരുമിച്ച് കിടന്നു.നീതിയുടെ ശരീരത്തിൽ ചെറിയ ചൂടുണ്ട്.എന്നാലും പനി കുറവുള്ളത് പോലെ..

“രാവിലെ വന്നാൽ പോരായിരുന്നോ ചേച്ചി.പനി മാറണ്ടേ”

“നിന്നെ കണ്ടപ്പോൾ എന്റെ പനിയെല്ലാം മാറി..നീ ഇല്ലാത്തതിനാൽ ഒറ്റക്കായ ഫീൽ..അതുകൊണ്ടാ രാത്രിയിൽ തന്നെ വന്നത്”

ചേച്ചിക്ക് അനുഭവപ്പെട്ടതൊക്കെ തനിക്കും ഫീൽ ചെയ്തത്.നവമി അത്ഭുതപ്പെട്ടു. ഇപ്പോൾ രണ്ടു പേരും ചിന്തിക്കുന്നതും ഒരുപോലൊക്കെ തന്നെ..

രാവിലെ പതിവിലും താമസിച്ചാണ് ഇരുവരും എഴുന്നേറ്റത്.ഉറക്കം ഉണരുമ്പോൾ നീതിയുടെ പനിയും കുറഞ്ഞിരുന്നു.രണ്ടു പേരും അന്ന് കോളേജിൽ പോയില്ല.രമണൻ രാവിലെ പറഞ്ഞ സ്ഥലത്ത് പോയി.അമ്മക്ക് കൂട്ടായി പെണ്മക്കൾ വീട്ടിൽ നിന്നു…

💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻

“എടാ…നീ വിവാഹം കഴിക്കാതെ സിംഗിൾ ആയിരിക്കാമെന്ന് ശപഥം എടുത്തിരിക്കുവാണോ?”

രാവിലെ ജോലിക്ക് പോകാനിറങ്ങിയതാണ് സർക്കിൾ ഇൻസ്പെക്ടർ അഭിമന്യു. അമ്മ നൽകിയ ചായ കുടിച്ചിട്ട് ഗ്ലാസ് തിരികെ കൊടുത്തപ്പോഴാണ് തുളസിയുടെ ചോദ്യം ഉയർന്നത്…

“അമ്മേ മിംഗിൾനെക്കാൾ നല്ലത് സിംഗിളാണ്.ഇതിന്റെയൊരു സുഖമൊന്ന് വേറെയാണ്”

അമ്മ തുളസിക്ക് വീട്ടിൽ വെറുതെ ഇരിക്കുമ്പോൾ ടിക്ക് ടോക്ക് കാണാൽ കൂടുതലാണെന്ന് അഭിമന്യുവിനു അറിയാം.അതാണ് ചോദ്യത്തിൽ സിംഗിൾ കയറി വന്നത്.

“നീയെന്റെ പുക കണ്ടേ അടങ്ങൂ” അവർക്ക് ഉറപ്പായി.

“ചേട്ടാ നിങ്ങളുടെ മകൻ പറയുന്നതൊന്നും നിങ്ങൾ കേൾക്കാത്തതാണോ അതോ കേട്ടില്ലെന്ന് നടിക്കുന്നതോ” അടുത്ത് പത്രം വായിച്ചിരിക്കുന്ന സിദ്ധാർത്ഥനെ നോക്കി അവർ ചോദിച്ചു.

സിദ്ധാർത്ഥൻ.. അഭിമന്യു ന്റെ അച്ഛൻ..ലേശം കഷണ്ടി കയറി മുടിയൊക്കെ നരച്ചു തുടങ്ങിയൊരു മദ്ധ്യവയസ്ക്കൻ.

“എടീ അവന് ഇഷ്ടമുള്ളപ്പോൾ വിവാഹം ചെയ്യട്ടെ. ജീവിതം അവന്റെ ആണ്. നമ്മുടെയല്ല”

അച്ഛനാണ് എന്നും അവന്റെ ഹീറോ..ആദർശവും സത്യസന്ധതയുമുളള മനുഷ്യൻ.അമ്മ വിവാഹക്കാര്യം എടുത്തിടുമ്പോഴൊക്കെ അച്ഛനാണ് മകന്റെ രക്ഷക്കെത്തുന്നത്.

അഭിമന്യുവിനു ഇഷ്ടമുള്ള പെൺകുട്ടിയെ സ്വീകരിക്കാനുള്ള സ്വാതന്ത്ര്യം നൽകിയട്ടുണ്ട്.മകന്റെ ഇഷ്ടങ്ങളാണ് അവരുടെ സന്തോഷം.

“എന്നാൽ ഏതെങ്കിലും ഒരെണ്ണത്തിനെ ചെന്ന് കൊണ്ടുവാടാ”

“പിന്നെ ചെന്നു വിളിച്ചാൽ ഉടനെ വരാനിരിക്കുവല്ലേ പെൺകുട്ടികൾ” അമ്മയുടെ ചോദ്യത്തിനായി അവൻ മറുപടി നൽകി.

നീതിയോട് ചെറുപ്പം മുതലെയുളള ഇഷ്ടമാണ്. എന്നെങ്കിലും ഒരിക്കൽ സ്വന്തമാകുമെന്ന് കരുതിയാണ് വെയ്റ്റ് ചെയ്തത്.ധനേഷുമായി പ്രണയത്തിലാണ് അറിഞ്ഞപ്പോൾ നഷ്ടപ്പെട്ടിരുന്ന പ്രതീക്ഷകൾക്ക് കടിഞ്ഞാൺ വീണിരുന്നു.ആരോടൊപ്പം ആയാലും അവൾ സന്തോഷത്തോടെ ജീവിക്കട്ടെന്ന് കരുതി. അങ്ങനെ ഇരിക്കുന്ന ടൈമിലാണു അവനും നീതിയും തെറ്റിയത്.അങ്ങനെ വീണ്ടും മോഹങ്ങൾക്ക് ചിറക് മുളച്ചു.നീതിയോടുളള പ്രണയമൊന്ന് സെറ്റായിട്ട് വേണം വീട്ടിൽ പറയാൻ.ഇതാണ് അഭിമന്യുന്റെ മനസ്സിലിരുപ്പ്.

“ശരി ഞാനിറങ്ങുവാണ്” യാത്ര പറഞ്ഞിട്ട് സന്തതസഹചാരിയായ ബുളളറ്റ് സ്റ്റാർട്ട് ചെയ്തു സ്റ്റേഷനിലേക്ക് പോയി..

💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻

അക്ഷര ക്ലാസ് തുടങ്ങും മുമ്പ് ഹൃദ്യയുടെ അടുത്തെത്തി. അവളെ കണ്ടതോടെ ഹൃദ്യ എഴുന്നേറ്റു വന്നു.

“രണ്ടു ദിവസം ആയല്ലൊ ചേച്ചിയും അനിയത്തിയും വന്നിട്ട്..എന്തുപറ്റിയതാണാവോ?”

ഹൃദ്യ തുടക്കമിട്ടു.. അക്ഷര രണ്ടു ദിവസം ആയിട്ട് ബിസിയാണ്.ഫ്രണ്ടിന്റെ മാര്യേജ് കഴിഞ്ഞതെയുള്ളൂ..

ഹൃദ്യയോട് നടന്നതൊക്കെ അക്ഷര തുറന്നു പറഞ്ഞു. അവൾ അപ്പോഴാണ് എല്ലാം അറിയുന്നത്.

“എനിക്ക് ഒട്ടും ഇഷ്ടമല്ല അവന്മാരെ…ദുഷ്ടന്മാർ അങ്ങനെ തന്നെ വേണം” അവൾക്ക് കാര്യങ്ങൾ അറിഞ്ഞപ്പോൾ സന്തോഷമായി.

“നമുക്ക് നവിയെയൊന്ന് വിളിച്ചു നോക്കാം” അങ്ങനെ പറഞ്ഞു കോൾ വിളിച്ചു. ഹൃദ്യക്ക് കേൾക്കാനായിട്ട് അക്ഷര സ്പീക്കർ മോഡിലാക്കി കണക്റ്റായപ്പോൾ..

അക്ഷരയുടെ കോൾ വരുമ്പോൾ നവമിയും നീതിയും മുറിയിൽ സംസാരിച്ച് ഇരിക്കുക ആയിരുന്നു. നവിയുടെയും ഫോണിൽ വന്ന കോൾ നീതിയാണു എടുത്തത്.അവളത് സ്പീക്കർ ഓൺ ചെയ്തു വെച്ചു. അക്ഷരയാണ് വിളിക്കുന്നതറിഞ്ഞ് നീതി സംസാരിച്ചു തുടങ്ങി.

“എന്തുവാടീ രണ്ടും കോളേജിൽ വരുന്നില്ല…”താനാണ് സംസാരിക്കുന്നതെന്ന് നീതി പറഞ്ഞില്ല.പകരം നവമിയെ ജിത്ത് ഉപദ്രവിക്കാൻ ശ്രമിച്ചത് അവൾ പറഞ്ഞു.

” നന്നായി അവന്റെ ബുദ്ധിമുട്ടും തീർന്നല്ലോ..ഡീ പിന്നേ അഭിമന്യു ചേട്ടൻ എനിക്കിട്ടൊരു പണി തന്നിട്ടുണ്ട്”

അഭിമന്യു എന്ന് കേട്ടതും നീതിയൊന്ന് ഞെട്ടി…ആ ഞെട്ടൽ നവിയിലും പ്രകടമായി.

“എടീ ആ ദുഷ്ടൻ നീതിയെ സെറ്റാക്കി കൊടുക്കാൻ എന്നെയാണ് ഏൽപ്പിച്ചിരിക്കുന്നത്” നീതിയുടെ ഫോൺ പിടിച്ച കൈ വിറച്ചു.നവിക്കാണെങ്കിൽ ഒന്ന് മിണ്ടാനും കഴിയാത്ത അവസ്ഥ…

അഥർവിന്റെയും നവമിയുടെയും കാര്യം സെറ്റായില്ലെന്ന് അവൻ അക്ഷരയോട് സൂചിപ്പിച്ചിരുന്നു….

നവിയാണ് സംസാരിക്കുന്നതെന്ന് കരുതിയാണ് അക്ഷര ഇത്രയും നേരം ഓരോന്നും തള്ളിയത്.ചേച്ചിയുടെയും അനിയത്തിയുടെയും സ്വരം ഏകദേശം ഒരുപോലെ ആണ്.. അതുകൊണ്ട് മിക്കവർക്കും തെറ്റിപ്പോകാറുണ്ട്..

“അഭിമന്യു എന്ത് പറഞ്ഞു” വിറയൽ ഉണ്ടായിരുന്നു നീതിയുടെ ശബ്ദത്തിൽ…നവിക്ക് അത് മനസ്സിലാവുകയും ചെയ്തു..

“നീതിയെ വിവാഹം ചെയ്തേ അടങ്ങൂന്ന് ഒറ്റക്കാലേൽ തപസ്സാണ്” നെഞ്ചിലൊരു വെള്ളിടി വെട്ടിയതു പോലെ തോന്നി അവൾക്ക്..

“കാലമാടൻ തന്നെയും കൊണ്ടേ പോവുകയുള്ളൂന്ന് നീതിക്ക് തോന്നിപ്പോയി..

ഒരുതേപ്പിന്റെ ക്ഷീണം ഇതുവരെ മാറിയട്ടില്ല…ആത്മാർത്ഥമായി സ്നേഹിച്ചതാണ് ധനേഷിനെ.. ഒരുമിച്ച് ഒരു ജീവിതവും സ്വപ്നവും കണ്ടു.ഇനിയൊരാളെ പ്രതിഷ്ഠിക്കാൻ തനിക്ക് കഴിയുമോ?. ഇല്ലെന്നാണ് മനസാക്ഷി അവൾക്ക് ഉത്തരം നൽകിയത്..

ഫോൺ കട്ട് ചെയ്തിട്ട് തറഞ്ഞിരിക്കുന്ന നവമിയെ ഏൽപ്പിച്ചു നീതി അവിടെ നിന്ന് പോയി.നവി ഉടനെ അക്ഷരയെ തിരികെ വിളിച്ചു.

” എല്ലാം നശിപ്പിച്ചു ഇല്ലേ”

“ങേ..അതിനു ഞാനെന്ത് ചെയ്തു” അക്ഷര അമ്പരപ്പോടെ ചോദിച്ചു…

“നീതിയാണ് ഇത്രയും സമയം സംസാരിച്ചത്”

“അയ്യോ… അക്ഷര തലക്ക് കൈവെച്ചു.

” വരുന്നത് അനുഭവിച്ചോ” ദേഷ്യത്തോടെ നവമി ഫോൺ വെച്ചു.

“എന്തു പറ്റി” അക്ഷര എല്ലാം ഹൃദ്യയോട് വിശദീകരിച്ചു.അവളും ഞെട്ടി.

“ഇനിയെന്ത് ചെയ്യും”

“ആ.. എനിക്ക് അറിയില്ല..അക്ഷര കൈമലർത്തി കാണിച്ചു…

💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃

നവമി നീതിയെ തിരക്കി ചെല്ലുമ്പോൾ അവളുടെ പഴയ മുറിയിൽ ആയിരുന്നു. ജനാല വാതിൽ തുറന്നിട്ട് പുറത്തേക്ക് നോക്കി നിൽക്കുന്ന ചേച്ചിയെയാണു കണ്ടത്..

വിളിക്കണോ വേണ്ടയോന്ന് ഒന്ന് ശങ്കിച്ചു നിന്നു.തുറന്നു സംസാരിക്കാം അതാണ് നല്ലത്. ഇഷ്ടമായില്ലെങ്കിൽ ഒഴിവാക്കാം…

ചേച്ചി… അങ്ങനെ വിളിച്ചു നീതിയുടെ തോളിൽ കൈവെച്ചു.ഞെട്ടലോടെ അവൾ തിരിഞ്ഞു.കവിളിലൂടെ ചാലിട്ടൊഴുകിയ കണ്ണുനീർ മുത്തുകൾ.നവി ഷാളാൽ ആ മിഴിനീര് ഒപ്പിയെടുത്തു.

” വയ്യ മോളേ…ഒരാളെ ജീവനു തുല്യം സ്നേഹിച്ചിട്ട് മറ്റൊരു പുരുഷന്റെ മുന്നിൽ തല കുനിച്ച് കൊടുക്കാൻ വയ്യ”

നവമിയൊന്ന് പകച്ചു പോയി…

“ഈശ്വരാ ഇപ്പോഴും ധനേഷ് ചേച്ചിയുടെ മനസ്സിലുണ്ടോ?.. ആകെ സംശയമായി.. അവളുടെ സംശയം ദുരീകരിച്ചാണ് നീതിയുടെ തുടർന്നുള്ള സംസാരങ്ങൾ…

” സ്നേഹിച്ചുവെന്ന് കരുതി ധനേഷ് ആയിട്ട് ഒരുജീവിതമില്ല..മറ്റാർക്കും നൽകാൻ എന്റെ കൈവശം സ്നേഹവുമില്ല്

“ഹൊ… അത്രയെയുള്ളോ…ആശ്വാസം..”

“ചേച്ചിക്ക് ഇഷ്ടം ഇല്ലെങ്കിൽ അഭിമന്യു ഏട്ടനുമായുളള വിവാഹം ഞാൻ നിർബദ്ധിക്കില്ല” നവമി പറഞ്ഞു നിർത്തി..നീതിക്ക് ആശ്വാസം തോന്നി…

“ഞാൻ നിന്റെ അനിയത്തി ആണെങ്കിൽ അഭിമന്യു ഏട്ടൻ നിന്റെ കഴുത്തിൽ താലി ചാർത്തിയിരിക്കും.” നവമി മനസ്സിൽ പ്രതിജ്ഞ എടുത്തു…

അപ്പോൾ നീതി ചിന്തിച്ചത് മറ്റൊന്നാണ്….

“തനിക്ക് ഈ ജന്മം മറ്റൊരു വിവാഹമില്ല..പകരം അഥർവിനെയും നവിയെയും തമ്മിൽ കൂട്ടിച്ചേർക്കണം…അവരുടെയുള്ളിൽ അത്രക്കും ഇഷ്ടമുണ്ട്…..

അടുത്ത പാർട്ടിൽ കഥ പുതിയൊരു വഴിത്തിരിവിലേക്ക്…ന്യൂ ട്വിസ്റ്റും ആയിട്ട് നെക്സ്റ്റ് പാർട്ടിൽ കാണാം…

തുടരും….

നവമി : ഭാഗം 1

നവമി : ഭാഗം 2

നവമി : ഭാഗം 3

നവമി : ഭാഗം 4

നവമി : ഭാഗം 5

നവമി : ഭാഗം 6

നവമി : ഭാഗം 7

നവമി : ഭാഗം 8

നവമി : ഭാഗം 9

നവമി : ഭാഗം 10

നവമി : ഭാഗം 11

നവമി : ഭാഗം 12

നവമി : ഭാഗം 13

നവമി : ഭാഗം 14

നവമി : ഭാഗം 15

നവമി : ഭാഗം 16

നവമി : ഭാഗം 17

നവമി : ഭാഗം 18

നവമി : ഭാഗം 19

നവമി : ഭാഗം 20

നവമി : ഭാഗം 21

നവമി : ഭാഗം 22

നവമി : ഭാഗം 23