Sunday, December 22, 2024
Novel

നവമി : ഭാഗം 20

എഴുത്തുകാരി: വാസുകി വസു


“അച്ഛന്റെ മക്കളാകാൻ കഴിഞ്ഞതാണ് ഞങ്ങളുടെ പുണ്യം” നീതിയും നവമിയും ഒരേ സ്വരത്തിൽ പറഞ്ഞു. രമണന്റെ മുഖം കൂടുതൽ തിളങ്ങി.

രാധക്ക് പക്ഷേ ഭയമാണ് തോന്നിയത്.പെണ്മക്കളാണ്.നാളെ മറ്റൊരു വീട്ടിൽ ചെന്ന് കയറേണ്ടവർ..കേസിൽ അകപ്പെട്ടാൽ നല്ലൊരു ജീവിതം അവർക്ക് ലഭിക്കില്ല.

അതാണ് കൂടുതൽ അവരെ അലട്ടിയത്.ഇങ്ങനെയുള്ള പ്രതിഭാസം ഒന്നു കൊണ്ട് മാത്രമാണ് പെണ്മക്കൾക്ക് അച്ഛൻ ഹീറോ ആകുന്നത്.നീതിയും നവമിയും ഓർത്തു.

അവരങ്ങനെ നിൽക്കുമ്പോഴാണ് പുറത്തൊരു ബുളളറ്റ് വന്ന് നിൽക്കുന്ന ശബ്ദം കേട്ടത്.നീതിയും നവിയും ഒരുപോലെ നടുങ്ങി. ആരാണ് വന്നതെന്ന് അറിയാനായി അവർ വാതിക്കൽ വന്ന് നോക്കി..

“ബുളളറ്റിൽ നിന്ന് അഥർവും അക്ഷരയും ഇറങ്ങുന്നു….

നീതിയെയും നവിയെയും നോക്കി അക്ഷര ചിരിച്ചു.അഥർവിന്റെ മുഖം ഗൗരവത്തിലാണ്…

” ഇവരെന്താണ് ഇപ്പോൾ ഇങ്ങോട്ട് വന്നത്…

നവിയും നീതിയും മുഖാമുഖം നോക്കി.

ഹായ് നീതി,നവി ” അവരെ വിഷ് ചെയ്തു കൊണ്ട് അക്ഷര അടുത്തേക്ക് ചെന്നു.അഥർവ് ബുളളറ്റിന് അരികിൽ നിന്ന് അനങ്ങിയതേയില്ല.അപ്രതീക്ഷിതമായി അവരെ കണ്ട നടുക്കത്തിൽ നിൽക്കുകയായിരുന്നു ഇരുവരും..

“നിങ്ങളെന്താടീ രണ്ടാളും കുന്തം വിഴുങ്ങിയതു പോലെ നിൽക്കുന്നത്.വീട്ടിൽ വരുന്നവരെ വെളിയിലാണോ നിർത്തുന്നത്”

അത് കേട്ടതോടെ നടുക്കത്തിൽ നിന്ന് അവർ ഉണർന്നു.

“കയറി വാ” മുഖത്ത് സന്തോഷം വരുത്തി രണ്ടാളെയും അകത്തേക്ക് ക്ഷണിച്ചു. അഥർവ് അപ്പോഴും അവിടെ തറഞ്ഞ് തന്നെ നിൽക്കുകയാണ്.

“നിന്നെയെനി പ്രത്യേകം ക്ഷണിക്കണോ?” അക്ഷരയുടെ ശബ്ദം ചിന്തകളിൽ നിന്ന് അവനെ ഉണർത്തി.വിളറിയൊരു ചിരി അവർക്കായി സമ്മാനിച്ചു മടിയോടെ നിന്നു.

“ഇങ്ങോട്ട് കയറി വാടാ നാണം കുണുങ്ങി” അവൾ കയ്യിൽ പിടിച്ചു വലിച്ചതോടെ അക്ഷരയുടെ കൂടെ അകത്തേക്ക് കയറാതിരിക്കാൻ കഴിയില്ലെന്നായി.ചെരിപ്പ് ഊരിവെച്ച് അവർ കയറി. അക്ഷരയുടെ കണ്ണുകൾ മുറിയാകെ പരതി നടന്നു.

ചെറുതെങ്കിലും ഭംഗിയുള്ള വീട്.പരിസരമെല്ലാം വൃത്തിയായി സൂക്ഷിച്ചിരിക്കുന്നു.മുറിക്ക് അകവും ക്ലീൻ ആണ്.

നീതിയും നവമിയും അച്ഛനും അമ്മക്കും അവരെ പരിചയപ്പെടുത്തി. ഇരിക്കാൻ പറഞ്ഞിട്ട് നവി അകത്തേക്ക് വലിഞ്ഞു.നീതി മനോധൈര്യം വീണ്ടെടുത്തു നിന്നു.എന്തിനാണ് ഇവർ വന്നതെന്ന് അറിയണമല്ലോ?

“ഞാൻ കുടിക്കാനെന്തെങ്കിലും എടുക്കാം” രാധ അടുക്കളയിലേക്ക് പോയി.രമണൻ കുറച്ചു സമയം അവരുമായി സംസാരിച്ചു.

“ഞാൻ ജംക്ഷൻ വരെയൊന്ന് പോയിട്ട് വരാം. നിങ്ങൾ സംസാരിക്ക്”

അക്ഷരയോടും അഥർവിനോടും അങ്ങനെ പറഞ്ഞിട്ട് അയാൾ ഒരുങ്ങി പുറത്തേക്കിറങ്ങി.കവലയിൽ ചെന്ന് സംഭവങ്ങൾ വിശദമായി അറിയണമായിരുന്നു.അതിനാണ് അയാൾ പോയത്.

രാധ നാരങ്ങാവെള്ളം അവർക്ക് കുടിക്കാനായി കൊണ്ട് കൊടുത്തു.. അവരത് വാങ്ങി കുടിച്ചു.കുനിഞ്ഞ മുഖവുമായി ഇരിക്കുന്ന അഥർവിനെ നീതി ശ്രദ്ധിച്ചു.കൂനിക്കൂടിയുളള അവന്റെ ഇരിപ്പിൽ അവൾക്ക് ആശങ്ക തോന്നി.

“ജീവിതത്തിൽ ഏറ്റവും വിലപ്പെട്ടതൊന്ന് നഷ്ടപ്പെട്ട അവസ്ഥയാണ് ആ മുഖം കണ്ടപ്പോൾ തോന്നിപ്പോയി..

” അഥർവ് എന്താ ഒന്നും മിണ്ടാത്തത്..” നീതി ഒടുവിൽ ചോദിച്ചു. അതിനുത്തരമായി വിളറിയൊരു പുഞ്ചിരി ആയിരുന്നു മറുപടി.

“അതൊക്കെ പിന്നെ പറയാം.. നവി എവിടെ മുങ്ങി?” ചോദിച്ചു കൊണ്ട് അക്ഷര എഴുന്നേറ്റു. അതേസമയം അഥർവിന്റെ മിഴികൾ നവമിയെ തേടി അലയുകയായിരുന്നു.

“മുറിയിലുണ്ട്” നീതി ഉത്തരം നൽകി..

“എങ്കിൽ ഞാൻ അവിടെ ചെന്ന് കണ്ടോളാം..പൊന്നുമോൻ അതുവരെ ഇവിടെ ഇരിക്ക്” അഥർവിനെ അവൾ കളിയാക്കി.

നീതിയുടെ കൂടെ അക്ഷര മുറിയിലേക്ക് കയറി. ജാലക വാതിലിനു അരികിൽ നിന്ന് പുറത്തേക്ക് നോക്കി നിൽക്കുകയാണ് നവമി.

അവളുടെ മനസാകെ അലയടിച്ചുയരുന്ന സാഗരം പോലെയാണ്. ധനേഷിൽ നിന്നുള്ള രക്ഷപ്പെടലും അഥർവിന്റെയും അക്ഷരയുടെയും വരവും കൂടി ആയപ്പോൾ അതിരട്ടിയായി.

“കൂയ്..താനിത് ഇവിടെ എന്തെടുക്കുവാ” ഞെട്ടിത്തിരിഞ്ഞ് നോക്കിയപ്പോൾ അക്ഷരയും നീതിയും നിൽക്കുന്നു. ഒരു ചെറുപുഞ്ചിരി മുഖത്ത് പെട്ടെന്ന് ഫിറ്റ് ചെയ്തു.

“ഞാൻ… വെറുതെ” വാക്കുകൾക്ക് ശക്തി കുറവായിരുന്നു.

“ഞങ്ങൾ തന്നെ കാണാനാ വന്നത്” പൊടുന്നനെ നീതിയും നവമിയും ഒരേ പോലെ ഞെട്ടി.

“എന്നെ കാണാനോ..എന്തിനാണ്” ആകാംഷ നിറഞ്ഞിരുന്നു ചോദ്യത്തിൽ.അക്ഷര ചിരിയോടെ എല്ലാം തുറന്നു പറഞ്ഞു.

“അഥർവിനെക്കൊണ്ട് എങ്ങനെയും നവമിയോട് പ്രണയം തുറന്നു പറയിക്കാനുളള ശ്രമം ആയിരുന്നു. അവന്റെ നീറുന്ന മനസ് കാണാതിരിക്കാൻ കഴിഞ്ഞില്ല.എന്നിട്ടും കോപ്പൻ ആദർശത്തിൽ പിടിച്ചു നിൽക്കുവാണ്.ഒടുവിൽ പിടിച്ചു കൊണ്ട് ഞാനിങ്ങ് പോന്നു‌”

നീതിയുടെയും നവിയുടെയും മനസ്സിൽ ഒരുതണുപ്പ് അനുഭവപ്പെട്ടു.എങ്കിലും അത് ആസ്വദിക്കാനുളള മൂഡിലായിരുന്നില്ല.

“രണ്ടു പേരും തമ്മിൽ മനസ് തുറന്നു സംസാരിക്കട്ടെ..അപ്പോൾ പ്രശ്നം തീരുമല്ലോ” അക്ഷര ഉപാധി വെച്ചതോടെ നവമി ശരിക്കും വെട്ടിലായി.പ്രണയവും ഇഷ്ടവും കേൾക്കാനുളള അവസ്ഥയിൽ അല്ല.അവിടെയും അനിയത്തിയുടെ രക്ഷക്കായി ചേച്ചിയെത്തി.

“അതൊക്കെ പിന്നീട് സംസാരിക്കാടീ..ഇപ്പോൾ മറ്റൊരു പ്രശ്നം ഉണ്ട്” നീതിയും സംസാരം കേട്ടു അക്ഷര ഞെട്ടിപ്പോയി.എല്ലാം കരക്ക് അടുത്തൂന്ന് കരുതിയതാണ്. അപ്പോൾ വീണ്ടും പ്രശ്നങ്ങൾ ആണല്ലോ…

അക്ഷര നല്ലൊരു സുഹൃത്ത് ആണ്. വിശ്വസിക്കാം.എന്തും തുറന്നു സംസാരിക്കാം.ഒടുവിൽ അവളോട് മനസ് തുറക്കാൻ നീതി തീരുമാനിച്ചു.

എല്ലാം കേട്ടു കഴിഞ്ഞപ്പോൾ അക്ഷര പല്ലു ഞെരിച്ചു.

“തെണ്ടികൾ അങ്ങനെ തന്നെ വേണം. ഇപ്പോൾ എനിക്ക് തീർത്തും അഭിമാനമാണ് നിങ്ങളെ ഓർത്ത്”

“പക്ഷേ കേസായാൽ നവമിയുടെ ലൈഫിനെ ബാധിക്കില്ലേ”

“കോപ്പ് പോകാൻ പറയെടീ..എന്റെ അങ്കിളിന്റെ മകനാണ് ഇവിടത്തെ സർക്കിൾ ഇൻസ്പെക്ടർ. നമുക്ക് പുള്ളിക്കാരനെ കണ്ടിട്ട് എല്ലാം സോൾവ് ചെയ്യാം.പിന്നെ നവിയുടെ മാത്രമല്ല എനിക്ക് നിന്റെ ലൈഫ് കൂടി പ്രധാനമാണ്”

“എന്റെ കാര്യം വിട്..നവിയാണ് എനിക്ക് പ്രാധാന്യം”

“അങ്ങനെ പറഞ്ഞാൽ എങ്ങനെയാണ്.. എനിക്ക് ആകെയുള്ള കൂടപ്പിറപ്പ് എന്റെ ചേച്ചിയാണ്.ആ ജീവിതം കളഞ്ഞിട്ട് എനിക്ക് ഒന്നും നേടണ്ടാ” നവമി കരയാൻ തുടങ്ങി.. കൂടെ നീതിയുടെയും കണ്ണുകളിൽ നനവ് പടർന്നു..

“ഇതെന്തുവാടീ രണ്ടും കൊച്ചു പിളളാരെപ്പോലെ തുടങ്ങുന്നത്..കോളേജിലെ ഏറ്റവും ബോൾഡായിട്ടുളള ചേച്ചിക്കും അനിയത്തിക്കും കരച്ചിലോ..ഒന്ന് നിർത്തിക്കേ” അക്ഷര അവരെ കളിയാക്കി…

“രണ്ടും കണ്ണുനീർ തുടച്ചിട്ട് ഒന്ന് ചിരിച്ചേ” അവർ ചിരിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.

“അതേ മുഖം കഴുകി ഫ്രഷാക്..നമുക്ക് സ്റ്റേഷനിൽ വരെ പോകാം” ഇത്രയും പറഞ്ഞിട്ട് അക്ഷര അഥർവിന് അരികിലേക്ക് പോയി.അവനെ മാറ്റി നിർത്തി ഗൗരവമായി സംസാരിച്ചു.

“നമുക്ക് അഭിമന്യുവിനെ ചെന്നൊന്ന് കാണാം” അഥർവും അത് ശരിവെച്ചു.നീതിയും നവിയും ഒരുങ്ങി വരാനായി അവർ കാത്ത് നിന്നു.

അപ്പോഴേക്കും കവലയിൽ പോയ രമണൻ മടങ്ങിയെത്തി.അയാളോട് വിവരങ്ങൾ അവർ സൂചിപ്പിച്ചു.അതൊരു നല്ല ആശയമാണെന്ന് രമണനും തോന്നി.

“ഞാനും കൂടി വരണോ?”

“വേണ്ട അച്ഛാ ഞങ്ങൾക്ക് ഡീൽ ചെയ്യാനെയുള്ളൂ ഇതെല്ലാം..ഇല്ലേടാ” രമണനോട് പറഞ്ഞിട്ട് അക്ഷര അഥർവിനെ നോക്കി.അതെയെന്ന് അർത്ഥത്തിൽ അവൻ തലകുലുക്കി.

നീതിയും നവമിയും ഒരുങ്ങി വന്നു.അച്ഛന്റെ അനുമതി വാങ്ങി അവരുടെ കൂടെ സ്റ്റേഷനിലേക്ക് പോയി. സർക്കിൾ ഓഫീസിൽ ചെന്ന് അഭിമന്യു ഉണ്ടോന്ന് തിരക്കി.

അയാൾ ഉണ്ടെന്ന് അറിഞ്ഞപ്പോൾ സമാധാനനായി.പെർമിഷൻ വാങ്ങി ആദ്യം അക്ഷരയും അഥർവും അകത്ത് കയറി.

“ഞങ്ങളാദ്യം കയറി ഒന്ന് സംസാരിക്കട്ടെ..അതു കഴിഞ്ഞു നിങ്ങൾ വന്നാൽ മതി” അതൊരു നല്ല ആശയമാണെന്ന് തോന്നി..

അക്ഷരയും അഥർവും സർക്കിൾ ഇൻസ്പെക്ടറുടെ ക്യാബിനിൽ കയറി. പുറം തിരിഞ്ഞ് ഇരുന്ന് സർക്കിൾ ഇൻസ്പെക്ടർ അഭിമന്യു ആരോടൊ ഫോണിൽ കയർത്തു സംസാരിക്കുകയാണ്.അതും നോക്കി രണ്ടാളും നിന്നും.

“ഉം എന്താണ് രണ്ടു പേരും കൂടി” ഇൻസ്പെക്ടർ അഭിമന്യു ഗൗരവത്തിൽ ആയിരുന്നു.

“സർ ഒരുപരാതി ബോധിപ്പിക്കാനായിരുന്നു” അക്ഷരയുടെ സംസാരം കേട്ട് ഗൗരവം വെടിഞ്ഞ് അയാൾ പൊട്ടിച്ചിരിച്ചു.

“രണ്ടാളും ഇരിക്ക്” മുന്നിലെ കസേരയിലേക്ക് അഭിമന്യു വിരൽ ചൂണ്ടി. അവർ അതിലേക്ക് ഇരുന്നു.

അക്ഷര സംഭവങ്ങൾ അതിന്റെ ഗൗരവത്തിൽ പറഞ്ഞു. ഇൻസ്പെക്ടർ ശ്രദ്ധയോടെ എല്ലാം കേട്ടിരുന്നു.

“അവന്റെയൊക്കെ തലയിലൂടെ ഒഴിക്കാമായിരുന്നില്ലേ..ശവങ്ങൾ വെന്തുരുകി ചാകട്ടെ.കുറെയെണ്ണം പോലീസിന് തലവേദന ആയിട്ട് ഇറങ്ങിയട്ടുണ്ട്.

പ്രണയിച്ചവൾ തേച്ചെന്നും പ്രേമിച്ചില്ലെന്നും പറഞ്ഞു പെട്രോൾ ഒഴിച്ചു കത്തിക്കാനും കൊല്ലാനുമൊക്കേ..ഇവനെയൊക്കെ അങ്ങ് തീർക്കാമെങ്കിൽ നാട് രക്ഷപ്പെടും”

അഭിമന്യു രോഷത്തോടെ ടേബിളിൽ മുഷ്ടി ചുരുട്ടി ഇടിച്ചു. അഥർവും അക്ഷരയും വല്ലാതായി.

“സോറി…ആത്മരോഷം കൊണ്ടതാണ്” ചിരിയോടെ ഇൻസ്പെക്ടർ പറഞ്ഞു..

“എവിടെ ആ മിടുക്കികൾ..ഞാനൊന്ന് അഭിനന്ദിക്കട്ടെ”

“വിളിക്കാം” അക്ഷര എഴുന്നേറ്റു ചെന്ന് നീതിയെയും നവമിയെയും വിളിച്ചു കൊണ്ട് വന്നു. സർക്കിൾ ഇൻസ്പെക്ടർ അഭിമന്യുവിന്റെ കണ്ണുകൾ ഒരുനിമിഷം നീതിയിൽ തറഞ്ഞു.അവളും അയാളെ ശ്രദ്ധിച്ചു..

“എവിടെയോ കണ്ടു മറന്ന മുഖം..എവിടെന്ന് നീതിക്ക് ഒരെത്തും പിടിയും കിട്ടിയില്ല…

” ഇരിക്ക്” അഭിമന്യു പറഞ്ഞതോടെ രണ്ടാളും ഇരുന്നു…

ഗൗരവം നിറഞ്ഞ ആ മുഖം നീതി ശ്രദ്ധിച്ചു.മീശ രണ്ടു വശത്തേക്ക് പിരിച്ച് വെച്ചിട്ടുണ്ട്. വെളുത്ത നിറം.വട്ടമുഖം.തീക്ഷ്ണമായ കണ്ണുകൾ…

“മിടുക്കികൾ..പെണ്ണുങ്ങളാൽ ഇങ്ങനെ വേണം” മനസ് തുറന്നു അയാൾ അഭിനന്ദിച്ചു.അതോടെ നീതിയുടെയും നവിയിടെയും മനസ്സൊന്ന് തണുത്തു.

“രണ്ടാളും വിഷമിക്കേണ്ടാ…അർഹിക്കുന്ന ശിക്ഷയാണ് അവന്മാർക്ക് കിട്ടിയത്” അഭിമന്യു മനസ് തുറന്നു..

“ഇനി കേസാകുമോ” അക്ഷരക്ക് സംശയം തീർന്നില്ല..

“നിങ്ങൾ ഒന്നു കൊണ്ടും പേടിക്കണ്ടാ.. റിപ്പോർട്ട് എഴുതുന്നത് പോലീസാണ്.സ്ഥലം ഇൻസ്പെക്ടർ എന്റെ ഫ്രണ്ടാണ് ഞാൻ വിളിച്ചു പറഞ്ഞോളാം.പോരെങ്കിൽ നിന്റെ നിവി വക്കീലല്ലേ”

“ഒന്ന് പോയേ..” ചിരിയോടെ അക്ഷര എഴുന്നേറ്റു.. കൂടെ അവരും…

“ശരി എന്നാൽ ഞങ്ങൾ ഇറങ്ങട്ടെ”

“ശരി..പൊയ്ക്കോളൂ… ഒന്നും ഭയപ്പെടണ്ടാ…” അയാൾ അവർക്കു ധൈര്യം നൽകി…

ഏറ്റവും ഒടുവിൽ നീതിയാണ് ഇറങ്ങിയത്..

“താനൊന്ന് നിന്നേ” അഭിമന്യു വിളിച്ചതും നീതി തിരിഞ്ഞ് നിന്നു…

“തനിക്ക് എന്നെ ഓർമ്മയുണ്ടോ?”

ആളുടെ മുഖം പരിചിതമാണ്..എവിടെവെച്ചെന്ന് അവൾക്ക് ഓർമ്മയില്ല..ഇല്ലെന്ന് അർത്ഥത്തിൽ മുഖം ചലിപ്പിച്ചു…

“പെട്ടെന്ന് മറക്കാൻ സാദ്ധ്യതയില്ല..വർഷങ്ങൾക്ക് മുമ്പ് കൂട്ടുകാരനു വേണ്ടി ഒരാൾ വന്ന് ലൈൻ അഭ്യർത്ഥിച്ചത് മറന്നോ?”

നീതിയുടെ ഓർമ്മയിൽ മീശമുളച്ചു തുടങ്ങിയ ഒരുപയ്യന്റെ മുഖം തെളിഞ്ഞു.കൂട്ടുകാരനു വേണ്ടി ലൈൻ ചോദിക്കാന് വന്നവൻ..അന്ന് ശരിക്കും ഡോസ് കൊടുത്താണു വിട്ടത്…

മനസിലായെന്ന് അവൾ മുഖം ചലിപ്പിച്ചു..

“സത്യത്തിൽ കൂട്ടുകാരനും വേണ്ടിയൊന്നും ആയിരുന്നില്ല..എനിക്ക് വേണ്ടി ആയിരുന്നു. അന്നതിനു ധൈര്യം ഇല്ലാഞ്ഞതിനാൽ കൂട്ടുകാരന്റെ പേര് പറഞ്ഞത്…

നീതി സ്തംഭിച്ചു നിന്നു പോയി… അഭിമന്യുവിന്റെ മുഖത്ത് അപ്പോഴും ചിരിയാണ്..

” അന്നത്തെ ദേഷ്യം ഇന്നില്ലെങ്കിൽ തന്നെ ഞാൻ വിവാഹം കഴിച്ചോട്ടേ…”

അപ്രതീക്ഷിതമായി അങ്ങനെയൊരു പ്രൊപ്പോസൽ കേട്ടതും അവൾക്ക് ഷോക്കായി..എന്തുമറുപടി കൊടുക്കുമെന്ന് അറിയില്ല..

“അതേ പതിയെ ആലോചിച്ചു പറഞ്ഞാൽ മതി.. എനിക്ക് അന്നത്തെ ഇഷ്ടം ഇപ്പോഴും അതുപോലെ തന്നെയുണ്ട്..

തന്നോട്….അഭിമന്യു ഉറക്കെ പറഞ്ഞു.. അവിടെ നിന്ന് രക്ഷപ്പെടാനായി പെട്ടെന്ന് അവൾ പുറത്തിറങ്ങി…

തുടരും….

നവമി : ഭാഗം 1

നവമി : ഭാഗം 2

നവമി : ഭാഗം 3

നവമി : ഭാഗം 4

നവമി : ഭാഗം 5

നവമി : ഭാഗം 6

നവമി : ഭാഗം 7

നവമി : ഭാഗം 8

നവമി : ഭാഗം 9

നവമി : ഭാഗം 10

നവമി : ഭാഗം 11

നവമി : ഭാഗം 12

നവമി : ഭാഗം 13

നവമി : ഭാഗം 14

നവമി : ഭാഗം 15

നവമി : ഭാഗം 16

നവമി : ഭാഗം 17

നവമി : ഭാഗം 18

നവമി : ഭാഗം 19