Thursday, December 26, 2024
Novel

നല്ല‍ പാതി : ഭാഗം 18

നോവൽ

*******
എഴുത്തുകാരി: ധന്യ സുജിത്ത്‌

ദിവസങ്ങൾ കടന്നു പോയി കൊണ്ടിരുന്നു… നന്ദു ജീവിക്കുകയായിരുന്നു.. തന്റെ ജീവിതത്തിലെ നല്ല നിമിഷങ്ങൾ… ആഗ്രഹിച്ച പോലെ തന്നെ ഇതുവരെ ലഭിക്കാത്ത സ്നേഹം ആവോളം ആസ്വദിച്ച്.. തന്റെ അച്ഛനോടും അമ്മയോടും ഒപ്പം…

ഈ ദിവസങ്ങൾ കൊണ്ട് സഞ്ജുവും നന്ദുവും നല്ല സുഹൃത്തുക്കളായി മാറിയിരുന്നു..

കാർത്തിയോടെന്ന പോലെ തന്നെ സഞ്ജുവിനോടും അവൾ സ്വാതന്ത്ര്യത്തോടെ പെരുമാറാൻ തുടങ്ങിയത് സഞ്ജുവിന്റെ മനസ്സിന് സന്തോഷം നൽകി…

തന്റെ നല്ല സുഹൃത്തിനുമപ്പുറം തന്റെ നല്ല പാതിയാകാൻ അവൾക്ക് സമയം ആവശ്യമാണെന്ന് അവനറിയാമായിരുന്നു..

അതുകൊണ്ടുതന്നെ.. തന്റെ പേരും പറഞ്ഞ് അവളെ കളിയാക്കുന്നതിൽ നിന്നും കാർത്തിയെ പൂർണ്ണമായും അവൻ വിലക്കി…

അവനാണെങ്കിൽ അവളോട് ബെല്ലും ബ്രേക്കും ഇല്ലാതെ എന്തു വേണമെങ്കിലും പറയും.. അത് അവനെ അവളോടുള്ള സ്വാതന്ത്ര്യമാണ്… പക്ഷേ
അതു വേണ്ട..

തന്റെ മനസ്സിൽ അവളോട് തോന്നുന്ന പ്രണയം തിരിച്ച് അവൾക്കുണ്ടാകുന്ന കാലംവരെ താൻ അവളുടെ നല്ല സുഹൃത് മാത്രമായിരിക്കും..

അതിനിടയിലാണ് കാർത്തിയ്ക്ക് പുതിയ ജോലിയിൽ പ്രവേശിക്കാനായുള്ള അറിയിപ്പ് വന്നത്.. ജോലിയിൽ പ്രവേശിച്ചാൽ പിന്നെ പെട്ടെന്നൊന്നും ലീവ് കിട്ടാൻ സാധ്യതയില്ല…അതു കൊണ്ടുതന്നെ

എത്രയും വേഗം വിവാഹം നടത്തണമെന്നാണ് സഞ്ജുവിന്റെ അച്ഛന്റെയും അമ്മയുടെയും ആഗ്രഹം..

അതു പ്രകാരം എത്രയും അടുത്ത മുഹൂർത്തത്തിൽ വിവാഹം നടത്തണമെന്നാണ് തീരുമാനം.. വലിയ ആർഭാടങ്ങളില്ലാത്ത ഒരു കൊച്ചു കല്യാണം.. അതായിരുന്നു സഞ്ജുവിന്റെ ആഗ്രഹം..

അതു തന്നെയായിരുന്നു നന്ദുവിന്റെ മനസ്സിലും.. അറിഞ്ഞപ്പോൾ ഇരുവീട്ടിലും ഇഷ്ടക്കേടുണ്ടായെങ്കിലും സഞ്ജുവിന്റെ നിർബന്ധത്തിന് വഴങ്ങി ഇരുകൂട്ടരും സമ്മതിച്ചു..

കുറച്ചുകൂടെ നല്ലൊരു ജോലിക്കു വേണ്ടി സഞ്ജുവും ശ്രമിക്കുന്നുണ്ടായിരുന്നു.. അതിനു വേണ്ടിയുളള ഇന്റർവ്യൂകളിൽ ഇടയ്ക്കിടെ പങ്കെടുക്കാറുണ്ട്…

അങ്ങനെ ഒരു ഇന്റർവ്യൂവിൽ പങ്കെടുക്കാനാണ് സഞ്ജു ബാംഗ്ലൂരിലേക്ക് പുറപ്പെട്ടത്..

ബാംഗ്ലൂർ എന്ന് കേട്ടതും കാർത്തി ആദ്യം റെഡിയായി.. അതിനു പിന്നിലെ രഹസ്യം വേറെ ആർക്കും അറിയില്ലല്ലോ…

“നീയിതെങ്ങോട്ടാ…ബാഗെല്ലാം കൊണ്ട്… ??”

അമ്മയുടെ ചോദ്യത്തിന് മുന്നിൽ ഉത്തരം മുട്ടി നിൽക്കുകയാണ് കാർത്തീ.. പ്ലീസ്.. ഒന്നു രക്ഷിക്കൂ എന്ന ഭാവത്തിൽ ഗോവണി ഇറങ്ങി വരുന്ന സഞ്ജുവിനെ നോക്കി..

“ഡാ.. നിന്നോടാ ചോദിക്കുന്നേ…??”

“അത് ഞാൻ കൂടെ പോകുന്നുണ്ട്.. ചേട്ടനൊപ്പം ബാംഗ്ലൂർക്ക്..”

“അതെന്തിനാ…?? നിനക്ക് ജോയിൻ ചെയ്യാൻ ഒരു മാസം കൂടിയില്ലേ… എന്തിനാ ഇപ്പൊത്തന്നെ പോണേ..??
ദേ.. കല്യാണത്തിന് ആകെ പത്തിരുപതഞ്ച് ദിവസേയുള്ളൂ..

എല്ലാത്തിനും നീ മാത്രമുള്ളൂന്ന് വീമ്പിളക്കീട്ട്.. അച്ഛനെ കൊണ്ട് ഒറ്റയ്ക്ക് നടക്കില്ലാട്ടോ.. ഞാൻ പറഞ്ഞില്ല എന്ന് വേണ്ട…”

“എന്റെ അമ്മേ… അമ്മ ടെൻഷനടിക്കാതെ..
ഞാൻ ഇപ്പോഴേ പോയി അവിടെ നിൽക്കാനല്ല…നാളെ ഏട്ടന്റെ ഇന്റർവ്യൂ കഴിഞ്ഞ് മറ്റന്നാൾ രാവിലെ എത്തൂല്ലേ…
ചേട്ടൻ എന്തായാലും പോണതല്ലേ.. ഏട്ടന് ഒരു കൂട്ടായിട്ട് പോവാന്ന് വച്ചതാ.. അല്ലേ ഏട്ടാ..”

സഞ്ജുവിനെ നോക്കി കണ്ണിറുക്കി കാർത്തി..

“അവൻ പോന്നോട്ടെ അമ്മേ… അവന് പിന്നെ അവിടെ ആരൊക്കെയോ കാണണമെന്ന് പറയുന്നുണ്ടായിരുന്നു…”

“ഓ..നോ..ഈ മനുഷ്യൻ കലക്കവെള്ളത്തിൽ മീൻ പിടിക്കാണല്ലോ…”
കാർത്തി മനസ്സിലോർത്തു…

“ആരെ കാണാനാ ഇവനിത്ര തിടുക്കപ്പെട്ടു പോകുന്നേ…??”

അമ്മയാണ്… അത്രപെട്ടെന്നൊന്നും താൻ പറഞ്ഞാ വിശ്വസിക്കില്ല.. വിശ്വസിക്കണമെങ്കിൽ അത് ഏട്ടൻ തന്നെ പറയണം..

പ്ലീസ്.. ദയനീയമായ മുഖഭാവത്തോടെ കാർത്തി സഞ്ജുവിനെ നോക്കി…

“വേറെ ആരും അല്ല അമ്മേ.. അവന്റെ ഒരു ഫ്രണ്ടിനെ കാണാനാ… പാലക്കാടുള്ള.. ഒരു കുട്ടിയാ.. ഞാനെന്തായാലും പോണത് അല്ലേ…

ആ കുട്ടിയെ കല്യാണം വിളിക്കേം ചെയ്യാലോ.. അവനും പോന്നോട്ടെ..”

“ഉം..ശരി ശരി..
പോയിട്ടു വാ.. നിങ്ങൾ വന്നിട്ട് വേണം ഒരുക്കങ്ങൾ തുടങ്ങാൻ..”
വലിയ തൃപ്തി ഒന്നുമില്ലാതെ ശ്രീദേവി പറഞ്ഞു..

“സൂക്ഷിച്ച് പോയ്ക്കോളണം രണ്ടാളും..”
യാത്രയാക്കുമ്പോൾ ശ്രീദേവി ഓർമ്മപ്പെടുത്തി..

ബാംഗ്ലൂർ എത്തുന്നതുവരെ ഗായത്രിയായിരുന്നു അവരുടെ സംസാര വിഷയം.. ഇടയ്ക്കിടെ നന്ദുവിനെ സഞ്ജു വിളിച്ചെങ്കിലും കോൾ അറ്റൻഡ് ചെയ്തിരുന്നില്ല…

“ടാ.. കാർത്തി..മാഷിനും ടീച്ചർക്കും അറിയാമോ ഈ കാര്യം..??”

സഞ്ജുവിന്റെ ചോദ്യത്തിന് കാർത്തി മറുപടി ഒന്നും പറഞ്ഞില്ല

“ഞാൻ നിന്നോടാണ് ചോദിച്ചത്..?? ഈ കാര്യം ആർക്കൊക്കെറിയാം..??”

“ഏട്ടനും നന്ദൂനും മാത്രം..
ഏട്ടന് എതിർപ്പൊന്നും ഇല്ലല്ലോ..”

“ഏയ്..എന്തിന്..?? ഒരിക്കലുമില്ല..
സന്തോഷമേയുള്ളൂ… അഭിമാനമേയുള്ളൂ നിന്നെക്കുറിച്ച്..
പക്ഷേ..”

“എന്താ ഏട്ടാ ഒരു പക്ഷേ..
നന്ദുവിനെ അസുഖം വന്നപ്പൊ ഏട്ടൻ അവളെ വേണ്ടെന്നു വെച്ചോ.. ഇല്ലല്ലോ…??

ഞാൻ ഗായത്രിയോട് ഒന്നുമല്ല ഇത് ആദ്യമേ പറയാൻ പോയത്..
അഭിയോട് ആയിരുന്നു..

അന്ന് എന്തോ ശ്വാസസംബന്ധമായ അസുഖം എന്ന് മാത്രമേ എനിക്ക് അറിയൂ..അന്ന് അവളുടെ അസുഖത്തെ പറ്റി പറഞ്ഞ് അഭിയാണ് എന്നെ പിന്തിരിപ്പിക്കാൻ ശ്രമിച്ചത്…

മറക്കാൻ തന്നെയാണ് ഞാൻ ശ്രമിച്ചതും.. പക്ഷേ എന്റെ മുന്നിൽ ഏട്ടനുള്ളപ്പോൾ എന്നെക്കൊണ്ട് പറ്റുന്നില്ലായിരുന്നു…

ഒരുപക്ഷേ ഏട്ടൻ മാറിയിരുന്നെങ്കിൽ ഞാനും മാറാൻ ശ്രമിച്ചേനെ…ഏട്ടനല്ലേ എന്റെ ഹീറോ…മൈ ഫസ്റ്റ് ആന്റ് ബെസ്റ്റ് ഫ്രണ്ട്…

അതിനിടയിൽ ആ ദുരന്തം വന്നില്ലായിരുന്നെങ്കിൽ…

ആ ഇഷ്ടം അവളോട് ഞാൻ പറയില്ലായിരുന്നു… ഏട്ടനെ പോലെ തന്നെ മനസ്സിൽ കൊണ്ടു നടന്നേനെ…

അന്ന് ആശുപത്രിക്കിടക്കയിൽ അവൾക്ക് കൂട്ടിരിക്കുമ്പോൾ മറക്കാൻ ശ്രമിച്ചതൊക്കെ പൂർവ്വാധികം ശക്തിയോടെ മനസ്സിലേക്ക് തിരിച്ചെത്തുകയായിരുന്നു…

പക്ഷേ അഭിയ്ക്കു കൊടുത്ത വാക്ക് ഞാൻ തെറ്റിച്ചില്ലാട്ടോ.. ശ്രമിച്ചിരുന്നു..വിജയിച്ചില്ലെന്നു മാത്രം…

അതെന്തായാലും അവളിലൂടെ അഭി അറിയുന്നുണ്ടാവില്ലേ…ഈ തീരുമാനം
അവനും സന്തോഷമായി കാണില്ലേ ഏട്ടാ…”

“ഉം…” സഞ്ജയ് മറുപടി ഒരു മൂളലിൽ ഒതുക്കി…

“അച്ഛനും അമ്മയും സമ്മതിക്കാതെ വരോ…ഏട്ടാ..??”

“ഏയ്..ഇല്ലടാ.. നമ്മുടെ മനസ്സ് നമ്മളെക്കാൾ കൂടുതൽ അറിയുന്നത് അവർക്കല്ലേ…

അവർ പകർന്നു തന്ന മൂല്യങ്ങൾ കൊണ്ടല്ലേ നമുക്കിങ്ങനെ ഇങ്ങനെ ചിന്തിക്കാൻ പോലും ആവുന്നത്… എത്രയോ മാതാപിതാക്കൾ ഉണ്ട്..

സ്വന്തം ജീവിതം പോലും ജീവിക്കാതെ.. തങ്ങളുടെ ഇഷ്ടം മക്കളുടെ മേൽ അടിച്ചേൽപ്പിക്കുന്നവർ… നമ്മുടെ അച്ഛനുമമ്മയും ഒരിക്കലും അങ്ങനെ ആയിരുന്നില്ലല്ലോ..

അവർ അവരുടെ ഇഷ്ടങ്ങൾ മാറ്റിവെച്ച് നമ്മുടെ ഇഷ്ടങ്ങളെയാണ് സ്നേഹിച്ചത്.. അല്ലേ.. അതുകൊണ്ട് തന്നെയാണ് ഇത്രയും കാലം ഞാൻ പിടിച്ചു നിന്നത്… അവർക്ക് മനസ്സിലാകും നിന്നെ മറ്റാരേക്കാളും…

നമ്മുടെ ആരുടെയെങ്കിലും മിഴികള് നിറയുമ്പോള് ചേര്ത്തുപിടിച്ച് ആശ്വസിപ്പിക്കുന്നവര്..

തമ്മില് പ്രശ്നങ്ങളുണ്ടാക്കുന്നതിലുപരി കാര്യങ്ങള് ചോദിച്ചറിഞ്ഞ് പരിഹാരം കാണുന്നവര്..നമ്മുടെ മനസറിയുന്ന അവരല്ലാതെ വേറെ ആരാണ് നമ്മളെ മനസ്സിലാക്കുന്നത്..”

“എന്നാലും ഗായത്രി ഒരു ഓർഫനാണെന്നറിയുമ്പോൾ… അതാണ് എന്റെ പേടി..”

“ഏയ്..നമ്മുടെ അച്ഛനും അമ്മയും അതൊക്കെ പോസിറ്റീവ് ആയിട്ടേ എടുക്കുള്ളൂ…

അവർക്ക് നിന്നെപറ്റി അഭിമാനമേ തോന്നുന്നുള്ളൂ…അതൊന്നുമല്ല എന്റെ ടെൻഷൻ..നന്ദുവിനോട് പറയുന്നതാ…”

“എന്ത്.. നന്ദുവിനെ ഇത് അറിയാമല്ലോ.. പിന്നെന്താ..??”

കാർത്തി സംശയത്തോടെ പറഞ്ഞുനിർത്തി..

“ഈ റിലേഷനെ പറ്റിയില്ലടാ.. ഗായത്രിയുടെ ഓപ്പറേഷനെ പറ്റി…

അന്ന് ആനന്ദഭവനിൽ വെച്ച് അവള് ടീച്ചറോടും മാഷോടും പറ്റി ഗായത്രിയെ കുറിച്ച് അന്വേഷിച്ചിരുന്നു..

എന്നോട് മാഷാണ് അത് പറഞ്ഞത്.. പെട്ടെന്ന് ടീച്ചർ പറയാൻ വന്നപ്പോൾ മാഷാണ് തടഞ്ഞത്..

പിന്നെ നിന്നോടും അതിനെപ്പറ്റി അവൾ ചോദിച്ചില്ലേ… അതിനു ശേഷം അവൾ എന്നെ വിളിച്ചത് ഇതിനെപ്പറ്റി അറിയാനായിരുന്നു..

ഞാൻ അന്ന് എന്തോ പറഞ്ഞു പെട്ടെന്ന് ഫോൺ വച്ചു..

എങ്ങനെയാടാ ഞാൻ അവളോട് പറയാ..അവൾ അത് എങ്ങനെ ഉൾക്കൊള്ളും..

ചിലപ്പോൾ വിചാരിക്കുന്ന പോലെ പ്രശ്നങ്ങൾ ഒന്നും ഉണ്ടാകില്ലായിരിക്കും… പക്ഷേ ചിലപ്പോൾ… ഉണ്ടാകില്ലെന്ന് ഉറപ്പു പറയാൻ പറ്റില്ലല്ലോ.. അതാണ് എന്റെ പേടി…”

“ഏയ്… പ്രശ്നങ്ങൾ ഒന്നും ഉണ്ടാകില്ല ഏട്ടാ… എന്നായാലും അവൾ അറിയുന്നതാണ് നല്ലത്..

അല്ലെങ്കിൽ നമ്മുടെ മനസ്സിൽ അതൊരു നോവായി അങ്ങ് കിടക്കും.. അറിഞ്ഞാൽ പെട്ടെന്നൊരു സങ്കടം തോന്നുമായിരിക്കും..

പക്ഷേ ഫോണിലൂടെ പറയുന്നതിലും നല്ലത് നേരിട്ടു പറയുന്നതാവും.. ഗായത്രിയുടെ സാന്നിധ്യത്തിൽ..

കല്യാണത്തിന് മുമ്പ് വേണ്ട.. അതായിരിക്കും നല്ലത്..
കല്യാണത്തിന് എന്തായാലും ഗായത്രി വരുമല്ലോ… അതിനു ശേഷം പറയാം..”

കാർത്തി അങ്ങനെ പറഞ്ഞെങ്കിലും സഞ്ജുവിനെ അത് വലിയ ടെൻഷൻ ഉണ്ടാക്കുന്ന കാര്യം ആയിരുന്നു.. പെട്ടന്ന് നന്ദു ഇതറിഞ്ഞാൽ എങ്ങനെ പ്രതികരിക്കും..

പ്രശ്നങ്ങൾ ഒന്നും ഉണ്ടാകില്ല ആയിരിക്കാം എങ്കിലും അവളുടെ മനസ്സ് പതറിപ്പോയാൽ..
വീണ്ടും പഴയ അവസ്ഥയിലേക്ക് ചെന്നെത്തിയാൽ…

തനിക്ക് അത് ആലോചിക്കാൻ കൂടി വയ്യ..

ഇനിയൊരിക്കൽ കൂടി അവളെ നഷ്ടപെടാൻ തനിക്ക് വയ്യാത്തോണ്ടാ ഇതുവരെ പറയാഞ്ഞത്..

പറഞ്ഞില്ലെങ്കിൽ കാർത്തി പറഞ്ഞത് പോലെ അതൊരു നോവായി അങ്ങ് കിടക്കും..

അതെന്തായാലും വേണ്ട..പറയണം.. എന്തായാലും കാർത്തി പറഞ്ഞത് പോലെ വിവാഹശേഷം പറയാം..
സഞ്ജു തീരുമാനിച്ചു.

എട്ടു മണിക്കൂർ യാത്രയ്ക്കൊടുവിൽ രാത്രി ഏഴുമണിയോടെയാണ് കാർത്തിയും സഞ്ജുവും ബാംഗ്ലൂർ എത്തിയത്.. പിറ്റേദിവസം രാവിലെ രാവിലെ 10 മണിക്കാണ് സഞ്ജുവിന്റെ ഇൻറർവ്യൂ..

രാവിലെതന്നെ കാർത്തി സഞ്ജുവിനെ ഇൻറർവ്യൂ നടക്കുന്ന ഹോട്ടലിൽ ഇറക്കി..

ഇൻറർവ്യൂ കഴിഞ്ഞതിനുശേഷം ഗായത്രിയെ കാണാൻ ഒരുമിച്ചു പോകാം എന്ന് സഞ്ജു പറഞ്ഞതനുസരിച്ച് കാർത്തി സഞ്ജുവിനെ കാത്തു നിൽപ്പുണ്ടായിരുന്നു..
ഇടയ്ക്ക് നന്ദുവിനെ വിളിച്ചിരുന്നു..

കല്യാണത്തിന് കുറിച്ച് സംസാരിച്ചു.. യാതൊരുവിധ ആർഭാടം വേണ്ട എന്ന ഉറച്ച തീരുമാനത്തിലാണ് അവൾ..

ഏതെങ്കിലുമൊരു ഒരു ക്ഷേത്രത്തിൽ വച്ച് താലികെട്ട്.. ഒഴിച്ചുകൂടാനാകാത്ത കുറച്ചു ബന്ധുക്കൾ.. പക്ഷേ ഒരു നിർബന്ധം ഉണ്ട്…

ആരും വന്നില്ലെങ്കിലും തൻറെ കല്യാണത്തിന് അവർ ഉണ്ടാകണം… ആനന്ദ് ഭവനിലെ കുട്ടികൾ… അതൊക്കെ നമുക്ക് ശരിയാക്കാം എന്ന് ഉറപ്പു കൊടുത്തു കാർത്തി…

ഇന്റർവ്യൂ കഴിഞ്ഞ് പുറത്ത് വരുമ്പോൾ സഞ്ജുവിനെ മുഖത്ത് സന്തോഷത്തോടൊപ്പം ഒരു ആശങ്കയും ഉണ്ടായിരുന്നു..

“എന്തുപറ്റി ബ്രോ എങ്ങനെ ഉണ്ടായിരുന്നൂ..??”

“ഇന്റർവ്യൂ ഓക്കെ ആണെടാ…
പക്ഷേ.. വിചാരിച്ചപോലെയല്ല.. വേഗം പോകേണ്ടിവരും..”

ദുബായിലെ ഒരു മൾട്ടിനാഷണൽ കൺസ്ട്രക്ഷൻ കമ്പനി യിലേക്കാണ് സഞ്ജുവിന് ജോലി ശരിയായത്…

ആകർഷകമായ പാക്കേജാണവരുടെ ഓഫർ.. ഓഫർ ലെറ്റർ കിട്ടിയാലുടനെ വിസ പ്രൊസസിങ് ആരംഭിക്കും.. പിന്നെ ഏത് നിമിഷവും പോകേണ്ടിവരും..

ആദ്യം തന്നെ പോകുമ്പോൾ നന്ദുവിനെ ഒപ്പം കൂട്ടാൻ പറ്റില്ലല്ലോ… അതായിരുന്നു സഞ്ജുവിന്റെ വിഷമം..

“ഒന്ന് അടുക്കാൻ ആണ് അവൾ സമയം ചോദിച്ചത്..

അതിപ്പോ അകലാൻ ആയിട്ടു കിട്ടിയ പോലെ ആയല്ലോ… ഇടി വെട്ടിയവന്റെ തലയിൽ തേങ്ങാ വീണു എന്ന് പറഞ്ഞ പോലെ ആയി..”

കാർത്തിയോടും പറഞ്ഞപ്പോൾ ആ കാർക്കോടകന് ചിരി..

“കയ്പോളജി കാരണം ഇറക്കാനും മധുരിഫിക്കേഷൻ കാരണം തുപ്പാനും കഴിയാത്ത ഒരു അവസ്ഥ… അല്ലേ ബ്രോ…

സാരമില്ല.. പോയിട്ട് രണ്ടോ മൂന്നോ മാസത്തിനുള്ളിൽ അവളെയും കൊണ്ട് പോകാലോ..”

“ഒരുമിച്ച് നിന്നാലല്ലേ അവൾക്കെന്നെ മനസ്സിലാവൂ.. അവിടെയും ഇവിടെയും നിന്നിട്ട് ഞാനെന്തു മനസ്സിലാക്കി ക്കൊടുക്കാനാ…”

സഞ്ജുവിന് ദേഷ്യം വരുന്നുണ്ടായിരുന്നു..

“ടെൻഷൻ ആകാതെ…എന്തായാലും കല്യാണം കഴിഞ്ഞ് ഏട്ടൻ ഒരു മാസം കൂടി ഉണ്ടാവില്ലേ..??”

“രണ്ടു മാസമാണ് അവർ പറഞ്ഞിരിക്കുന്നത്..

അതിൽ 25 ദിവസം ഇപ്പൊ തന്നെ പോകുമല്ലോ കല്യാണത്തിന്.. ബാക്കി കയ്യിലുള്ളത് ആകെ 35 ദിവസം.. പിന്നെ ഞാനും ആകും ഒരു പ്രവാസി…”

ഇന്റർവ്യൂ കിട്ടിയ കാര്യം ഒക്കെ സഞ്ജു തന്നെ വീട്ടിലേക്ക് വിളിച്ച് അച്ഛനോടും അമ്മയോടും പറഞ്ഞു… ഭക്ഷണശേഷം ഗായത്രിയുടെ കോളേജിലേയ്ക്കാണവർ പോയത്..

വരുമെന്ന് വിളിച്ചു പറഞ്ഞത് കാരണം ഉച്ചയ്ക്ക് ശേഷം അവധി എടുത്തിരുന്നു ഗായത്രി..

സഞ്ജുവിനെ പരിചയമുണ്ടെങ്കിലും കാർത്തിയും ആയുള്ള ബന്ധം അറിഞ്ഞാൽ സഞ്ജൂ എങ്ങനെ പ്രതികരിക്കും എന്ന ആശങ്കയോടെയാണ് ഗായത്രി സംസാരിച്ചു തുടങ്ങിയതും.. സഞ്ജുവിനോട് സംസാരിച്ചപ്പഴേ ആ സംശയം തീർന്നു…

വളരെ സന്തോഷത്തോടെയാണ് സഞ്ജു സംസാരിച്ചത്..

കുറച്ച് നേരം അവരോട് സംസാരിച്ച് പിന്നീട് അവരെ അവരുടെ ലോകത്ത് വിട്ട് സഞ്ജൂ തിരികെ വന്നു കാറിലിരുന്നു..ആ സമയത്താണ് നന്ദു വിളിച്ചതും.. ഫോൺ എടുത്തതും നന്ദു പറഞ്ഞു..

“എന്തായി കഴിഞ്ഞോ..
ഞാൻ വിളിച്ചിരുന്നു.. കിട്ടാതായപ്പോൾ കാർത്തി യെ വിളിച്ചു..”

“ആ.. കഴിഞ്ഞെടോ..
ഇന്റർവ്യൂ ഒക്കെ ക്ലിയർ ആയി..

ഓഫർ ലെറ്റർ മെയിൽ ചെയ്യാമെന്നാ പറഞ്ഞിരിക്കുന്നത്..
പക്ഷേ..”

“എന്താ ഒരു പക്ഷേ..??”

“കല്യാണം കഴിഞ്ഞ് വിത്തിൻ തേർട്ടി തേർട്ടി ഫൈവ് ഡെയ്സ്.. അതിനുള്ളിൽ എനിക്ക് പോകേണ്ടിവരും…”

“അതിനെന്താ പോകണം..”

താൻ പ്രതീക്ഷിച്ച മറുപടിയല്ലാത്തതിനാൽ…

പെട്ടെന്നുള്ള നന്ദുവിനെ മറുപടി കേട്ടതും വിഷമമായെങ്കിലും ശബ്ദത്തിൽ പ്രകടിപ്പിക്കാതെ അൽപനേരത്തെ മൗനത്തിനു ശേഷം സഞ്ജു സംസാരിച്ചു..

“വിഷമിപ്പിക്കാൻ പറഞ്ഞതല്ല ഞാൻ.. മിണ്ടാതിരിക്കുന്നത് കണ്ടപ്പോഴേ മനസ്സിലായി ഞാൻ പറഞ്ഞത് സഞ്ജൂന് വിഷമമായെന്ന്… നല്ലൊരു ജോലി..

ഞാൻ ഇവിടെ തനിച്ചാകും എന്ന് വിചാരിച്ചു കളയണ്ട എന്നേ ഉദ്ദേശിച്ചുള്ളൂ…”

“നിനക്ക് വിഷമമൊന്നുമില്ലേ നന്ദൂട്ടീ…”

നന്ദൂട്ടി എന്നുള്ള വിളി കേട്ടതും നന്ദുവിനെ മുഖത്ത് പുഞ്ചിരി തെളിഞ്ഞു.. കണ്ണിൽ പ്രകാശവും..

വളരെ വിരളമായേ സഞ്ജു അങ്ങനെ വിളിക്കാറുള്ളൂ.. അ അതുകൊണ്ട് തന്നെ ആ വിളി അവൾ ഇഷ്ടപ്പെട്ടു തുടങ്ങിയിരുന്നു..

“ചോദിച്ചത് കേട്ടില്ലേ.. വിഷമമൊന്നുമില്ലേന്ന്..??”

“വിഷമം ഒന്നുമില്ലേന്ന് ചോദിച്ചാൽ പരസ്പരം മനസ്സിലാക്കാൻ ഉള്ള കുറച്ചു സമയം പോയി.. സാരമില്ല എന്നെ പെട്ടന്ന് അങ്ങോട്ടേക്ക് കൊണ്ടു പോയാൽ പോരേ..”

“ഈ 35 ദിവസം എന്ന് പറയുന്നത് 35 ദിവസം തന്നെ കിട്ടണം എന്നൊന്നുമില്ല..

എപ്പോ വേണമെങ്കിലും വിളി വരാം..
എന്നെ മനസ്സിലാക്കാൻ ഈ 35 ദിവസം പോരേ നിനക്ക്..

സ്വതസിദ്ധമായ ചിരിയോടെ ആണ് സഞ്ജയ് ചോദിച്ചത്..

“വർഷങ്ങൾ ഒരുമിച്ച് താമസിച്ചിട്ടും പരസ്പരം മനസ്സിലാക്കാൻ സാധിക്കാത്തവർ ജീവിക്കുന്ന ഈ ലോകത്ത്…

ഈ 35 ദിവസം എന്ന് പറയുന്നത് വളരെ വലിയ ഒരു സംഖ്യ അല്ലല്ലോ മാഷേ.. ചെറുതല്ലേ..
നമുക്ക് നോക്കാം…”

“ശരി.. ഞാൻ പിന്നെ വിളിക്കാം..”
എന്നു പറഞ്ഞു ഫോൺ വച്ചു സഞ്ജു.

ഗായത്രിയെ കല്യാണം വിളിച്ചതിനു ശേഷം രണ്ടാളും നാട്ടിലേക്ക്…
തിരികെയെത്തി..ഇനി കല്യാണതിരക്കുകളിലേയ്ക്ക്…

ദിവസങ്ങൾ ശരവേഗത്തിലാണ് കടന്നുപോകുന്നത് എന്നു തോന്നി സഞ്ജുവിന്..

പെട്ടെന്ന് തിരികെ പോകേണ്ടിവരും എന്ന ചിന്ത സഞ്ജൂവിന് വിഷമം ഉണ്ടാക്കുന്നുണ്ടെങ്കിലും..

നന്ദു തന്റെതാകാൻ ഇനി കുറച്ചു ദിവസം കൂടിയേ ഉള്ളൂ എന്നൊരു സന്തോഷം കൂടി ഉണ്ടായിരുന്നു.. എല്ലാത്തിനും കാർത്തി ഓടി നടന്നു..

മനസ്സിൽ സഞ്ജുവിനെ പൂർണമായും മനസ്സിലാക്കാൻ പറ്റുമോ..എന്ന് ആശങ്കയുണ്ടെങ്കിലും നന്ദുവും അതൊന്നും പ്രകടിപ്പിച്ചില്ല..

തന്നെ സ്നേഹം കൊണ്ട് വീർപ്പുമുട്ടിക്കുകയാണിപ്പോ അച്ഛനും അമ്മയും.. അതൊക്കെ നന്ദു നന്നായി ആസ്വദിക്കാൻ തുടങ്ങിയിരിക്കുന്നു.

തന്റെ വിവാഹം ഒട്ടും ആർഭാടമില്ലാതെ.. ലളിതമായ ചടങ്ങുകളോടെ നടത്തിയാൽ മതിയെന്ന നിലപാടാണ് നന്ദുവിനും..

ആർഭാടങ്ങൾക്ക് ചിലവഴിക്കാൻ ഉദ്ദേശിക്കുന്നത് ആനന്ദ് ഭവനിലേക്ക് കൊടുക്കാനായിരുന്നു അവളുടെ തീരുമാനം..

പുതിയ ആഭരണങ്ങൾ ഒന്നും തന്നെ നന്ദു എടുത്തില്ല..

എല്ലാം സുമയുടെ പഴയ ആഭരണങ്ങൾ..
ബന്ധുക്കളിൽ പലരും വന്നു പോയെങ്കിലും ആർഭാട കല്യാണമല്ലാത്തതിനാൽ അവരുടെ മുഖത്ത് അതൃപ്തി പ്രകടമായിരുന്നു.

പക്ഷേ അവളെ നിർബന്ധിച്ചിട്ടും കാര്യമില്ലെന്ന് അറിയാവുന്നതു കൊണ്ട് വേണുഗോപാലും സുമയും മനഃപൂർവം അത് കണ്ടില്ലെന്ന് നടിച്ചു..

കാരണം ഇപ്പോ അവർക്ക് വലുത് തങ്ങളുടെ മകളുടെ സന്തോഷമാണ്. ഇപ്പോൾ അവർ ജീവിക്കുന്നത് അവൾക്കു വേണ്ടി മാത്രമാണ്. വിവാഹ സാരിയിലും അവൾ നിർബന്ധം പിടിച്ചു..

വില കൂടിയതൊന്നും എടുക്കാതെ വളരെ ലളിതമായ കേരളതനിമയുള്ള സെറ്റുസാരിയാണവൾ എടുത്തത്..

വിവാഹത്തലേന്ന് പൊതുവേ പെൺകുട്ടികൾക്കും കാണുന്ന ആശങ്കയൊന്നും അവൾക്കുണ്ടായിരുന്നില്ല.. കാരണം കാർത്തിയുടെ വീട്…

അവിടുത്തെ അച്ഛനും അമ്മയും ആയി നല്ലൊരു സൗഹൃദം സ്ഥാപിക്കാൻ നന്ദുവിന് കഴിഞ്ഞിരുന്നു..

പിന്നെ സഞ്ജൂ.. താൻ സഞ്ജുവിനെ മനസ്സിലാക്കിയതിലും ഒരുപടി മുന്നിൽ സഞ്ജു തന്നെ മനസ്സിലാക്കിയിട്ടുണ്ട്.. അത് നന്ദുവിനെ സംബന്ധിച്ച് ആശ്വാസം നൽകുന്ന കാര്യമായിരുന്നു.

എങ്കിലും സുമ അവൾക്ക് പറഞ്ഞു കൊടുത്തത് അവൾ അത് മനസ്സിലാക്കാൻ തുടങ്ങിയിരുന്നു…

അത്രയേറെ നമ്മൾ സ്നേഹിച്ച ചില മുഖങ്ങൾ എങ്കിലും മറവിയിലേക്ക് തള്ളി വിട്ടാലേ..

നമുക്ക് പിന്നെയും ആത്മാർഥമായി സ്നേഹിക്കാൻ കഴിയുകയുള്ളൂ…

അല്ലെങ്കിൽ നമ്മൾ പിന്നെയും ആ ഓർമ്മകളിൽ.. ഒറ്റപ്പെടലിൽ ജീവിക്കേണ്ടിവരും..

ഒരിക്കലും അഭിയെ സഞ്ജുവിൽ തിരയരുത്.. സഞ്ജുവിനെ സഞ്ജു ആയി കാണാൻ തന്നെ ശ്രമിക്കണം…

സഞ്ജുവിന് അവന്റേതായ വ്യക്തിത്വം ഉണ്ടെന്ന് ആദ്യം മനസ്സിലാക്കുക..
അവനെ മനസ്സിലാക്കാൻ അവൻ മോൾക്ക് അനുവദിച്ചുതന്ന സമയം..

അതൊരു ബുദ്ധിമുട്ട് ആവരുത് അവന് ഒരിക്കലും…

ആരും ആർക്കും പകരമാവില്ല.. നഷ്ടപ്പെട്ട ആദ്യ പ്രണയത്തെ.. ജീവിതത്തിൽ നിന്ന് കടന്നു പോയവരെ വീണ്ടും പിന്തിരിഞ്ഞ് നോക്കാതിരിക്കുക…

എന്നാൽ നേർവിപരീതമായിരുന്നു മാരാത്തെ അവസ്ഥ..
സഞ്ജുവിന് ആകെ ടെൻഷനായിരുന്നു..

താൻ പുറംലോകം അറിയാതെ ഹൃദയത്തോട് ചേർത്ത് വച്ച തൻറെ ഇഷ്ടം.. അത്രയേറെ കിനാവുകൾ കണ്ട്.. കൊണ്ടുനടന്ന ഒരു ഇഷ്ടം…

ഹൃദയത്തോട് താൻ അത്രയും ചേർത്ത് നിർത്തിയ ആൾക്ക് തന്നെ മനസ്സിലാക്കാൻ കഴിയുമോ.. എന്ന ആശങ്ക ആയിരുന്നു സഞ്ജുവിന്…

കാർത്തിയുടെ വാക്കുകൾ ഒരുപരിധിവരെ വരെ അവനെ സമാധാനിപ്പിച്ചിരുന്നു..

കുറച്ചുസമയം കൊടുത്തിട്ടായാലും നന്ദുവിന് തന്നെ മനസ്സിലാകും…

എത്രനാൾ തൻറെ സ്നേഹം അവൾക്ക് കണ്ടില്ലെന്ന് നടിക്കാൻ ആകും..

തന്റേതുമാത്രം ആകാൻ അവൾ കുറച്ചു സമയം മാത്രമാണ് ആവശ്യപ്പെട്ടത്..

അല്ലെങ്കിലും വിവാഹത്തിൻറെ അടിസ്ഥാനഘടകം എന്ന് പറയുന്നത് അത് ഭാര്യയും ഭർത്താവും തമ്മിലുള്ള സൗഹൃദമല്ലേ..

അതുണ്ടെങ്കിൽ പിന്നെ എന്ത് പ്രശ്നവും നമുക്ക് എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ പറ്റും..

അതുകൊണ്ട് കൊണ്ട് തന്നെ മനസ്സിലാക്കാൻ നന്ദു എടുക്കുന്ന സമയം തങ്ങളുടെ ബന്ധത്തിന് അതിന് അടുപ്പം കൂട്ടുകയേ ഉള്ളൂ.. എന്നു വിശ്വസിക്കാം..

സഞ്ജു മനസ്സിലോർത്തു..

പിറ്റേന്ന്.. സഞ്ജുവിന്റെയും നന്ദുവിന്റെയും ജീവിതത്തിലെ പ്രധാന ദിവസമാണ്…

ഗുരുവായൂർ ക്ഷേത്രത്തിലെ കതിർമണ്ഡപത്തിനടുത്ത് നിൽക്കുമ്പോൾ സാധാരണ നവദമ്പതികൾക്ക് കാണാറുള്ള ചമ്മലോ നാണമോ ഇരുവരുടെയും മുഖത്തില്ലായിരുന്നു…

പരസ്പരം നോക്കി പുഞ്ചിരിച്ചു കൊണ്ട് സഞ്ജുവിന്റെ കൈ പിടിച്ചു തന്നെയാണ് നന്ദു കതിർമണ്ഡപത്തിൽ കയറിയത്..

ക്രീം നിറത്തിലുള്ള സിൽക്ക് കുർത്തയും കസവുമുണ്ടും ആയിരുന്നു സഞ്ജുവിന്റെ വേഷം..

അതേ നിറത്തിലുള്ള കസവു സാരിയിൽ നന്ദുവും.. അധികം ആഭരണങ്ങൾ ഒന്നുമില്ലായിരുന്നു..രണ്ടേ രണ്ട് മാലകൾ മാത്രം..അതും പരമ്പരാഗത ആഭരണങ്ങൾ..

എങ്കിലും ആ വേഷത്തിൽ നന്ദു സുന്ദരിയായിരുന്നു..

അധികം വിവാഹങ്ങളൊന്നും അന്നില്ലായിരുന്നു.. അതിനാൽ തിരക്കും കുറവായിരുന്നു..

ആനന്ദ് ഭവനിൽ നിന്ന് മാഷും ടീച്ചറും പിന്നെ ഗായത്രിയും മാത്രം..

കുട്ടികൾ വരണമെന്ന് പറഞ്ഞു വാശി പിടിച്ചെങ്കിലും വിവാഹം കഴിഞ്ഞ് അവരിവിടേയ്ക്ക് തന്നെയാണ് ആദ്യം വരിക എന്ന് ഉറപ്പിലാണ് അവർ അടങ്ങി നിന്നത്..

ഇവരെ കൂടാതെ വളരെ കുറച്ച് അടുത്ത ബന്ധുക്കൾ മാത്രമേ വിവാഹത്തിനുണ്ടായിരുന്നുള്ളൂ…
എല്ലാവരുടെയും മുഖത്ത് സന്തോഷം നിറഞ്ഞു നിന്നിരുന്നു…

കാർത്തി നന്ദുവിനൊപ്പം തന്നെ ഉണ്ടായിരുന്നു.. നിറഞ്ഞ മനസ്സോടെ കതിർമണ്ഡപത്തിൽ വച്ച് തന്റെ പ്രണയത്തെ സ്വന്തമാക്കുമ്പോൾ ഇനിയൊരിക്കലും തന്റെ പ്രണയം നഷ്ടപ്പെട്ടു പോകരുതേ..

തന്റെ സുഖത്തിലും ദുഃഖത്തിലും തന്നെ നല്ല പാതിയായി ഇവളുണ്ടായിരിക്കണം എന്ന പ്രാർത്ഥനയായിരുന്നു സഞ്ജുവിന്റെ മനസ്സ് നിറയെ..

സഞ്ജുവിന്റെ കയ്യാൽ തന്റെ സീമന്തരേഖ ചുവപ്പണിയുമ്പോൾ
തൻറെ ചുറ്റുമുള്ളവരുടെ സന്തോഷത്തിനു വേണ്ടി മാത്രം താൻ തിരഞ്ഞെടുത്ത തീരുമാനം.. അത് അവർ ആഗ്രഹിച്ച പോലെ..

സഞ്ജു ആഗ്രഹിച്ച പോലെ… നടത്തിക്കൊടുക്കാൻ.. സഞ്ജുവിനെ മനസ്സിലാക്കാൻ..
തനിക്ക് സാധിക്കണമെന്നായിരുന്നു നന്ദുന്റെ മനസ്സിൽ..

നന്ദുവും സഞ്ജുവും ഒന്നായതിൽ ഏറ്റവുമധികം സന്തോഷം അവനായിരുന്നു..കാർത്തിക്ക്…
ഓടി വന്നു രണ്ടുപേരെയും ചേർത്ത്പിടിച്ചു..

ഏട്ടത്തിയമ്മേയെന്ന് വിളിച്ചു കളിയാക്കി…

ഗായത്രിയും സന്തോഷത്തിലായിരുന്നു.. ഒരുപാട് വർഷങ്ങൾക്ക് ശേഷം നന്ദു ചേച്ചിയെ കാണാൻ സാധിച്ചതിൽ….അതും ഈ വേഷത്തിൽ..

പണ്ടേ തന്റെ ഏട്ടത്തിഅമ്മ ആയി തന്നെയാണ് നന്ദു ചേച്ചിയെ താൻ കണ്ടിരുന്നത്.. പക്ഷേ…

സാരമില്ല..അഭി ഏട്ടൻറെ ഓർമ്മകളിൽ ചേച്ചി വിഷമിച്ചിരിക്കുന്നത്.. ഒറ്റപ്പെടൽ അനുഭവിക്കുന്നത് ആരെക്കാളും
തനിക്കാണ് സങ്കടം നൽകുന്നത്…

ചേച്ചിയെ ഇങ്ങനെ സുമംഗലിയായി കാണുമ്പോൾ.. ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് അത് തന്റെ അഭിയേട്ടൻ ആയിരിക്കും.. തീർച്ച..

മാഷിനും ടീച്ചറിനും ഇതിൽപരം സന്തോഷമില്ലായിരുന്നു… അനുഗ്രഹം വാങ്ങാൻ കാൽക്കൽ കുമ്പിട്ട് അവരെ നിറഞ്ഞ മനസ്സോടെയാണവർ അനുഗ്രഹിച്ചത്..

ഇനിയൊരിക്കലും നന്ദു പഴയ ഓർമ്മകളിലേക്ക് തിരിച്ചു പോകരുതെന്ന പ്രാർത്ഥനയോടെ…

കാത്തിരിക്കൂട്ടോ….

സ്നേഹത്തോടെ…. ധന്യ

നല്ല‍ പാതി : ഭാഗം 1

നല്ല‍ പാതി : ഭാഗം 2

നല്ല‍ പാതി : ഭാഗം 3

നല്ല‍ പാതി : ഭാഗം 4

നല്ല‍ പാതി : ഭാഗം 5

നല്ല‍ പാതി : ഭാഗം 6

നല്ല‍ പാതി : ഭാഗം 7

നല്ല‍ പാതി : ഭാഗം 8

നല്ല‍ പാതി : ഭാഗം 9

നല്ല‍ പാതി : ഭാഗം 10

നല്ല‍ പാതി : ഭാഗം 11

നല്ല‍ പാതി : ഭാഗം 12

നല്ല‍ പാതി : ഭാഗം 13

നല്ല‍ പാതി : ഭാഗം 14

നല്ല‍ പാതി : ഭാഗം 15

നല്ല‍ പാതി : ഭാഗം 16

നല്ല‍ പാതി : ഭാഗം 17