Sunday, December 22, 2024
Novel

Mr. കടുവ : ഭാഗം 29

എഴുത്തുകാരി: കീർത്തി


“എനിക്ക് സമ്മതമല്ല അച്ഛാ. ”

അച്ഛന്റെ മുഖത്തു നോക്കിയാണ് പറഞ്ഞതെങ്കിലും അത് കേട്ട് അത്രയും നേരം ഫോണിൽ മുഖം പൂഴ്ത്തിയിരുന്ന ആ വിദ്വാനും തലയുയർത്തി എന്നെ നോക്കുന്നത് ഞാനറിഞ്ഞു.

“അയ്യോ…. പെങ്ങളെ പെട്ടന്ന് അങ്ങനെ പറയല്ലേ. ശെരിക്കും ഒന്ന് ആലോചിച്ചിട്ട് പറഞ്ഞാൽ മതി. ”
അച്ചുവേട്ടന്റെ ടെൻഷനോടെ അപേക്ഷിക്കുന്ന രീതിയിൽ പറഞ്ഞു.

“എനിക്ക് കൂടുതൽ ആലോചിക്കാൻ ഒന്നും ഇല്ല. ”

“പെങ്ങളെ… എന്നാലും…. ”

ഈ കോഴിക്ക് മലയാളം പറഞ്ഞാൽ മനസിലാവില്ലേ. അച്ഛനും അമ്മയും ഒന്നും മിണ്ടുന്നില്ല. സമ്മതിക്കാൻ ആണെന്ന് തോന്നുന്നു രാധുവും എന്നെതന്നെ നോക്കി നിൽക്കുന്നു. കടുവയുടെ മുഖത്തും ഒരു അന്താളിപ്പ്. ഞാൻ ഹരിയേട്ടന്റെ നേരെ തിരിഞ്ഞു.

“ഹരിയേട്ടൻ എന്നോട് ക്ഷമിക്കണം. എനിക്ക് ഈ വിവാഹത്തിന് സമ്മതമല്ല. സോറി. ”

“സമ്മതം അല്ലെങ്കിൽ വേണ്ട. അതിന് എന്തിനാ ഇവനോട് സോറി പറയുന്നേ? ”

എന്തോ കാര്യം നേടിയ ഭാവത്തിൽ അച്ചുവേട്ടൻ പറഞ്ഞപ്പോൾ ഒന്നും മനസിലാവാതെ നിന്നു. എല്ലാരുടെയും ടെൻഷൻ മാറി ചിരിയായി.

കടുവ എന്നെത്തന്നെ നോക്കി നിൽക്കുന്നു. ചുണ്ടിലൊരു കള്ളച്ചിരിയും. പെട്ടന്ന് അച്ഛനും അമ്മയും എഴുന്നേറ്റ് അടുത്തേക്ക് വന്നു.

“ഹരിയുമായിട്ടല്ല. ഞങ്ങൾ ചോദിച്ചത് ചന്ദ്രുവുമായുള്ള വിവാഹത്തിന് സമ്മതമാണോന്നാണ്. ”

അച്ഛൻ പറഞ്ഞത് കേട്ട് ഞാൻ ആകെ കിളിപോയപോലെ നിന്നു. അപ്പൊ കടുവേടെ അച്ചു? ഇവരെല്ലാം ഇവിടെ കിടന്ന് കാണിച്ചുകൂട്ടിയതൊക്കെ? ഒന്നും മനസ്സിലാവുന്നില്ലല്ലോ. ഇനി ഞാൻ ഇപ്പൊ ഉറക്കത്തിലാണോ?

“അമ്മേടെ മോള് ഒത്തിരി വിഷമിച്ചു ലേ. ഇങ്ങനെയൊരു ഇഷ്ടം ഇവൻ പറഞ്ഞപ്പഴേ ഞങ്ങൾ പറഞ്ഞതാ മോളോട് വന്നു സംസാരിക്കാന്ന്. അപ്പൊ ഇവന്മാരുടെ ഓരോരോ….. കുറച്ചു ദിവസവും കൊണ്ട് ആകെ ഇല്ലാണ്ടായി ന്റെ കുട്ടി. ”

അമ്മ എന്റെ മുഖത്ത് തലോടികൊണ്ട് പറഞ്ഞു.
അപ്പൊ എന്നെ പറ്റിക്കായിരുന്നു ലേ എല്ലാവരും കൂടി.

“ഞങ്ങൾ അല്ല. ദേ ഇവൻ. ഈ വിവരദോഷിയാണ് എല്ലാത്തിന്റെയും ആണി. അവന്റെ ഒടുക്കത്തെ ഒരു ഐഡിയ. ”

പറയുന്നതോടൊപ്പം ഹരിയേട്ടൻ അച്ചുവേട്ടനെ കുനിച്ചു നിർത്തി മുതുകിൽ ഇടിക്കാൻ തുടങ്ങി. എല്ലാവരും അതുകണ്ടു ചിരിക്കുമ്പോൾ കരയാനും ചിരിക്കാനും പറ്റാത്ത ഒരവസ്ഥയിലായിരുന്നു ഞാൻ.

“അയ്യോ…. അമ്മേ….. എടാ വിടടാ… ആരെങ്കിലും ഒന്ന് പറയുവോ?.. പെങ്ങളെ ഒന്ന് പറ. എടാ ഹരി വിടടാ …… ”
അച്ചുവേട്ടൻ അലറലോടലറൽ.

“സോറി പ്രിയ. ഇവരൊക്കെ പറഞ്ഞപ്പോൾ ഞാനും…. ”

രാധുവും വന്ന് മാപ്പുസാക്ഷിയായി. രാധുവിന് ഒന്ന് നോക്കിയ ശേഷം എന്റെ കണ്ണുകൾ തിരഞ്ഞത് ആ അഭിനയപ്രതിഭയെ ആയിരുന്നു.

ഇവിടെ കിടന്ന് കാണിച്ച പ്രകടനത്തിന് ഓസ്കാർ കൊടുത്താൽ പോര. എന്തൊരു അഭിനയമായിരുന്നു എന്റെ അച്ചൂട്ടി എന്റെ അച്ചൂട്ടി ന്നും പറഞ്ഞു ഇവിടെ കിടന്ന് കാണിച്ചുകൂട്ടിയത്.

എന്റെ അച്ചൂട്ടി അങ്ങനെയാണ് എന്റെ അച്ചൂട്ടി ഇങ്ങനെയാണ്. അച്ചൂട്ടിടെ കണ്ണ്, മൂക്ക്, ചെവി, വായ… എന്നെകൊണ്ടൊന്നും പറയിപ്പിക്കണ്ട. നൊണയൻ കടുവേ.

അലവലാതി എന്നെത്തന്നെ നോക്കി നിക്കാണ്. ഞാൻ നോക്കുന്നത് കണ്ട കടുവ എന്നെനോക്കി സൈറ്റ് അടിച്ചു കാണിച്ചു.

ഇതിന് മാത്രം ഒരു കുറവും ഇല്ല. അയാൾടെ ഒരു സൈറ്റടി. ഇത് തന്റെ ഒടുക്കത്തെ സൈറ്റടിയാടോ.

തനിക്കുള്ളത് ഞാൻ വെച്ചിട്ടുണ്ട്. കൂറക്കടുവേ. സങ്കടമാണോ സന്തോഷമാണോ അതോ പറ്റിക്കപ്പെട്ടതിലെ ദേഷ്യമാണോ അറിയില്ല.

കണ്ണൊക്കെ നിറഞ്ഞിരുന്നു. എന്റെ നിൽപ്പ് കണ്ടു അമ്മ ചോദിച്ചു.

“മോള് വരില്ലേ? ഞങ്ങളുടെ ചന്ദ്രുന്റെ പെണ്ണായി. ഞങ്ങളുടെ മോളായി.”

മറുപടിയൊന്നും പറയാതെ ചന്ദ്രുവേട്ടനെ കടുപ്പിച്ചു ഒന്ന് നോക്കി ഞാൻ റൂമിലേക്ക് നടന്നു.

കൈ രണ്ടും ബെഡിലൂന്നി നിലത്തേക്ക് നോക്കിയിരുന്നു. കണ്ണിലെ നീർചാലുകളുടെ വീതി കൂടിവന്നു. കുറച്ചു ദിവസം ഞാനനുഭവിച്ച വേദന…. ഓർത്തപ്പോൾ സങ്കടം കൂടിയതേയുള്ളൂ.

കുറച്ചു സമയത്തിന് ശേഷം തൊട്ടടുത്ത് ആരോ വന്നിരുന്നു. ചന്ദ്രുവേട്ടനാണ് അതെന്ന് അറിഞ്ഞിട്ടും അങ്ങോട്ട്‌ നോക്കാൻ തോന്നിയില്ല.

പെട്ടന്ന് ബെഡിൽ വെച്ചിരുന്ന എന്റെ കൈക്കു മുകളിൽ ആ കൈ ചേർത്ത് പിടിച്ചപ്പോൾ ശക്തിയിൽ തട്ടിമാറ്റി അവിടുന്ന് എഴുന്നേറ്റ് ജനാലക്കരികിൽ പോയി നിന്നു.

“പ്രിയെ… ”
ആർദ്രമായിരുന്നു ആ ശബ്ദം.

“സോറി. പ്രിയെ ഇനിയും ഇങ്ങനെ മിണ്ടാതെ നിക്കല്ലേ. സഹിക്കുന്നില്ലടോ. ”

പറയുന്നതോടൊപ്പം തോളിൽ പിടിച്ച് എന്നെ ചന്ദ്രുവേട്ടന് ആഭിമുഖമായി നിർത്തി. എന്റെ തോളിൽ വെച്ചിരുന്ന കൈകളും ഞാൻ തട്ടിമാറ്റി.

“തൊട്ടുപോകരുത് എന്നെ. സോറി പോലും. സോറി പറഞ്ഞപ്പോൾ എല്ലാം തീർന്നോ? ഇക്കണ്ട ദിവസം ഞാനനുഭവിച്ച വേദന. സങ്കടം. അതിന് പകരമാവോ ഈ സോറി? ”

“നീ ഒന്നും തുറന്നു പറയാത്തത് കൊണ്ടല്ലേ? നിന്റെ വായിൽന്ന് കേൾക്കാനുള്ള കൊതി കൊണ്ടല്ലേ? ”

“ചന്ദ്രുവേട്ടൻ പറഞ്ഞിരുന്നോ എന്നോടുള്ള ഇഷ്ടം. ഉള്ളിൽ കൊണ്ട് നടക്കായിരുന്നില്ലേ? ”

“ഞാനല്ലല്ലോ നീയല്ലേ ആദ്യം പറയാ ലേഡീസ് ഫസ്റ്റ് ന്നല്ലേ? ”

“ആയിക്കോട്ടെ. അതിന് ഇതാണോ ചെയ്യാ? പറയാൻ പലവട്ടം ഒരുങ്ങിയതാണ്. പറ്റീല. അന്ന് ടൂർന് പോയപ്പോഴാ, അത്രയും ദിവസം കാണാതിരുന്നപ്പോഴാ ഞാൻ ചന്ദ്രുവേട്ടനെ എത്രത്തോളം സ്നേഹിക്കുന്നുണ്ടെന്ന് എനിക്ക് പോലും മനസിലായത്.

ഒളിച്ചുകളിയൊക്കെ മതിയാക്കി എല്ലാം പറയാൻ വേണ്ടി വന്നപ്പോഴേക്കും….

സങ്കടം സഹിക്കാൻ പറ്റാതെ ബുദ്ധിമോശം കൊണ്ട് ഞാൻ എന്തെങ്കിലും ചെയ്തിരുന്നെങ്കിലോ? ”

“അപ്പൊ നിനക്ക് തന്നെ അറിയാം നിന്റെ ബുദ്ധി മോശമാണെന്ന്. ”

“ദേ സീരിയസായിട്ട് ഒരു കാര്യം പറയുമ്പോൾ ഒരുമാതിരി തമാശിക്കല്ലേ. ”
ഞാൻ ദേഷ്യപ്പെട്ടു.

“എന്തുകൊണ്ടാണെന്ന് ഞാൻ പറഞ്ഞല്ലോ. സോറിയും പറഞ്ഞു. ഈ ഒരൊറ്റ തവണ ക്ഷമിക്ക് . പ്ലീസ്. എന്റെ പ്രിയക്കുട്ടിയല്ലേ? ”
എന്റെ താടിയിൽ പിടിച്ചുകൊണ്ട് ചന്ദ്രുവേട്ടൻ കെഞ്ചി.

“എന്നെ തൊടണ്ട. ഞാൻ ദേഷ്യക്കാരിയാ. തർക്കുത്തരം മാത്രേ പറയൂ. അടക്കവും ഒതുക്കവും ഇല്ല. സൗന്ദര്യവും ഇല്ല. ഒക്കെ പോട്ടെ എന്റെ… എന്റെ മുടി കോഴിവാല് പോലെയാണെന്നും പറഞ്ഞില്ലേ? വേണ്ട പോയെ. ”
ചന്ദ്രുവേട്ടനെ തള്ളിമാറ്റികൊണ്ട് ഞാൻ പറഞ്ഞു.

“അങ്ങനെ പറഞ്ഞോ? ആര്? ആരാടാ എന്റെ പ്രിയയെക്കുറിച്ച് അങ്ങനെയൊക്കെ പറഞ്ഞത്?ഏട്ടന് കാണിച്ചുതായോ.

അവനെ എന്റെ കൈയിൽ കിട്ടിയാലുണ്ടല്ലോ വെട്ടിനുറുക്കി അടുപ്പിൽ വെക്കും. എന്നിട്ട് അവിടുന്ന് എടുത്തു ചതച്ചരച്ച് ചമ്മന്തിയാക്കി പട്ടിക്കും പൂച്ചക്കും ഇട്ട്കൊടുക്കും. ”

കള്ളക്കടുവ ഒന്നും അറിയാത്ത പോലെ അഭിനയിക്കുന്നത് കണ്ടില്ലേ.

“ബാക്കിയുണ്ടെങ്കിൽ കുറച്ചു ആ കടുവയ്ക്കും കൊടുക്കണേ. ”
ഞാൻ പറഞ്ഞപ്പോൾ കടുവയൊന്ന് ഇളിച്ചു.

“വല്ലാണ്ട് അഭിനയിക്കല്ലേ… അയാൾടെ ഒരു പൊറാട്ടുനാടകം. കള്ളക്കടുവ. ഹും. ”

“ഹാവൂ. സമാധാനമായി. ഇപ്പഴാ ശെരിക്കും നീയെന്റെ പ്രിയയായത്.

എന്നാലും ഞാനതല്ല ആലോചിക്കുന്നത് ഈ മുപ്പത് വയസിനിടയിൽ ആകെകൂടി ഒരുതരം കടുവയെ മാത്രേ ഞാൻ കണ്ടിട്ടുള്ളൂ കേട്ടിട്ടുള്ളൂ.

പക്ഷെ നിനക്കെവിടുന്നാടി ഇത്രയധികം കടുവയെ അറിയാ? കാട്ടുക്കടുവ, പരട്ടകടുവ, കള്ളകടുവ….. നീ പണ്ട് വല്ല കടുവകൂട്ടിലും ആയിരുന്നോ? ”

“പണ്ടല്ല ഇപ്പഴാ കടുവകൂട്ടിൽ ആയത്. ഹും… ”

“അതൊക്കെ പോട്ടെ. ഇനി ഈ ചേട്ടനോട് പറഞ്ഞേ ഐ ലവ് യൂ…. ന്ന്. ”

“എനിക്ക് സൗകര്യല്ല്യാ. പോയി നിങ്ങടെ അച്ചൂട്ടിയോട് പറ.”

അതും പറഞ്ഞ് മുന്നോട്ട് നടക്കാനാഞ്ഞ എന്റെ കൈയിൽ പിടിച്ചുവലിച്ച് ആ നെഞ്ചിലേക്കിട്ടു. ഉടുമ്പടക്കം കെട്ടിപിടിച്ചു.

അടർന്നു മാറാൻ ശ്രമിക്കുംതോറും പിടി മുറുകിക്കൊണ്ടിരുന്നു. ആ നേരത്തെ തോന്നലിൽ കരഞ്ഞുകൊണ്ട് ഞാനും ചന്ദ്രുവേട്ടനെ കെട്ടിപിടിച്ച് ആ നെഞ്ചോരം മുഖം ചേർത്തുനിന്നു.

ചന്ദ്രുവേട്ടൻ ഒരു കൈകൊണ്ട് എന്റെ തലയിൽ തലോടി ആശ്വസിപ്പിച്ചുകൊണ്ടിരുന്നു.

പരസ്പരം ഒന്നും സംസാരിച്ചില്ലെങ്കിലും എന്റെ കണ്ണീരിലും ആ തലോടലിലും ഉണ്ടായിരുന്നു എല്ലാം. ഞങ്ങൾക്ക് പറയാനുള്ളതെല്ലാം.

കുറച്ചു സമയത്തിന് ശേഷം ചന്ദ്രുവേട്ടൻ തന്നെ എന്നെ അടർത്തിമാറ്റി. എന്റെ മുഖം ആ കൈക്കമ്പിളിൽ പിടിച്ചുയർത്തി കണ്ണു തുടച്ചുതന്നു.

ശേഷം ആ അധരങ്ങൾ എന്റെ നെറ്റിയിൽ പതിച്ചപ്പോൾ കണ്ണുരണ്ടും അടച്ചുപിടിച്ചു ഞാനാ ചുംബനം സ്വീകരിച്ചു. ചന്ദ്രുവേട്ടൻ എനിക്ക് നൽകിയ ആദ്യത്തെ സ്നേഹചുംബനം.

ആ ചുംബനത്തിൽ മുന്നിട്ടു നിന്നിരുന്നത് എന്നോടുള്ള പ്രണയത്തെക്കാളേറെ വാത്സല്യമായിരുന്നു.

“ഇനിയെങ്കിലും പറയടി എന്നെ ഇഷ്ടാണെന്ന്. ”
കൊച്ചുകുട്ടികളെ പോലെ എന്റെ മുഖത്തേക്ക് നോക്കി ചന്ദ്രുവേട്ടൻ പറഞ്ഞു.

“എനിക്കിഷ്ടല്ല ചന്ദ്രുവേട്ടനെ. ”

എന്റെ മറുപടി കേട്ട് പുള്ളിയുടെ മുഖം ഫ്യൂസ് പോയ ബൾബ് പോലെയായി. ഇത്രേം നേരം എന്നെ കളിപ്പിച്ചില്ലേ. ഇത് എന്റെ വക സാമ്പിൾ. പ്രതീക്ഷ നഷ്ടപ്പെട്ടുള്ള ആ നിൽപ്പ് അധികനേരം കണ്ടുനിൽക്കാൻ എനിക്ക് കഴിഞ്ഞില്ല.

“ഇഷ്ടമാണ്. ഒരുപാട്. എന്റെ ജീവനേക്കാളേറെ. പക്ഷെ ചന്ദ്രുവേട്ടനെയല്ല. ”

അവസാനവാക്ക് കേട്ട് വിരിയാൻ നിന്ന വദനാംബുജം വീണ്ടും വാടി. അതുകണ്ടു കുസൃതിയോടെ ഞാൻ തുടർന്നു.

” എന്റെ കടുവയെയാണ് എനിക്ക് ഇഷ്ടം. ”

അതുകേട്ട് നൂറല്ല ആയിരമല്ല പതിനായിരം വോൾട്ടിൽ ആ മുഖം പ്രകാശിച്ചു. ഒപ്പം എന്നെ വലിച്ച് ആ നെഞ്ചിലേക്കിട്ടു വരിഞ്ഞുമുറുക്കി.

“എങ്കിൽ തയ്യാറായി ഇരുന്നോ Mrs. കടുവയാവാൻ. നിന്റെ ഈ കടുവയുടേത് മാത്രമാവാൻ. ”

“എല്ലാം തീരുമാനിക്കുന്നതിന് മുൻപ് എനിക്ക് കുറച്ചു കാര്യങ്ങൾ പറയാനുണ്ട്. അറിയുമ്പോൾ എന്നോട് ദേഷ്യപ്പെടരുത്, വെറുക്കരുത്. ”

“പറഞ്ഞോ. കേൾക്കുന്നുണ്ട്. ”

“അല്ലെങ്കിൽ ഇപ്പൊ വേണ്ട. ഏതായാലും ഇത്രത്തോളം ആയതല്ലേ. ഞാൻ നാട്ടിൽ പോയി വന്നിട്ട് പറയാം. ഈ മരുമകനെ ഇഷ്ടായോന്ന് അച്ഛനോടും അമ്മയോടും ചോദിക്കട്ടെ. എന്നിട്ട് പറയാം. ”

“മതി. നിനക്ക് തോന്നുമ്പോൾ പറ. അതുവരെ നമുക്ക് ഇങ്ങനെ നിക്കാം. ”

“ഇങ്ങനെ വരിഞ്ഞുമുറുക്കിയാലേയ് Mrs.ആവാൻ ആളുണ്ടാവില്ല. പിടി വിട്. ”

“മ്മ്മ്… ഹ്ഹ… ”
കടുവ കൈവിട്ടുപോയി. ആള് നിഷേധാർത്ഥത്തിൽ മൂളി. പിടി വീണ്ടും മുറുകിയതല്ലാതെ വേറെ പ്രയോജനമുണ്ടായില്ല. ഹാളിൽ എല്ലാവരും ഉണ്ടെന്നുള്ള കാര്യം മറന്ന് ഞാനും കടുവയെ കെട്ടിപിടിച്ചങ്ങനെ നിന്നു. കൈവിട്ടുപോയെന്ന് കരുതിയ എന്റെ കടുവയുടെ ഹൃദയതാളവും കേട്ട്.

“ചന്ദ്രുവേട്ടാ… ”

“മ്മ്മ്? ”

“അവിടെ എല്ലാരും നമ്മളെ കാത്തിരിക്കാണ്. അങ്ങോട്ട് പോവാം. ”

“അവരവിടെ ഇരിക്കട്ടെ. നമുക്ക് കുറച്ചു നേരംകൂടി ഇങ്ങനെ നിക്കാം. ”

പറയുന്നതോടൊപ്പം എന്റെ റോമിയോകടുവ എന്നെപിടിച്ച് രണ്ടുവശത്തേക്കും പതുക്കെ ആട്ടുന്നുണ്ടായിരുന്നു.

“വാലുവേഷൻ കഴിഞ്ഞെങ്കിൽ ആ റിസൾട്ട്‌ ഒന്ന് പബ്ലിഷ് ചെയ്താൽ കൊള്ളായിരുന്നു. ”

പുറത്തുനിന്നും രാധുവിന്റെ ശബ്ദം കേട്ടപ്പോഴാണ് ഞങ്ങൾ പരസ്പരം അകന്നുമാറിയത്. സാധാരണ അച്ഛനാണ് ഇജ്ജാതി ഡയലോഗും കൊണ്ട് വരേണ്ടത്. അതോ ഇനി ഡ്യൂട്ടി മാറിയോ? അവരെയെല്ലാം അഭിമുഖീകരിക്കാൻ ഒരു ചമ്മൽ തോന്നി. അത് മനസിലാക്കിയിട്ടെന്നോണം ചന്ദ്രവേട്ടൻ എന്നെയും ചേർത്തുപിടിച്ച് റൂമിന് പുറത്തേക്ക് നടന്നു.

ഞങ്ങളുടെ വരവ് കണ്ട് എല്ലാവർക്കും കാര്യങ്ങളുടെ കിടപ്പുവശം ഏതാണ്ട് പിടികിട്ടി. അച്ചുവേട്ടനും ഹരിയേട്ടനും കൂടി കടുവയെ പിടിച്ചുവലിച്ച് പുറത്തേക്ക് കൊണ്ടുപോയി. അച്ഛനും അമ്മയും രാധുവും കൂടി എന്നെയും പൊതിഞ്ഞു.

വൈകുന്നേരം പോകാനുള്ള സമയമായപ്പോൾ ബാഗുമെടുത്ത് ഔട്ട് ഹൗസ് പൂട്ടിയിറങ്ങി. റെയിൽവേ സ്റ്റേഷനിലക്ക് അച്ഛൻ കൊണ്ടാക്കിതരാമെന്നാണ് പറഞ്ഞിരുന്നത്.

എന്നാൽ വീട്ടിലെത്തിയപ്പോഴാണ് ആള് മാറിയ കാര്യം അറിഞ്ഞത്.

കടുവയാണത്രെ വരുന്നത്. നല്ല സുന്ദരനായി ഒരുങ്ങിയിറങ്ങിയിട്ടുണ്ട്. പതിവ് കള്ളത്തരം മുഖത്തും. അച്ഛനോടും അമ്മയോടും യാത്ര പറഞ്ഞ് ഇറങ്ങി.

രണ്ടാൾക്കും എന്നെ വിടാൻ അത്ര തൃപ്തിയൊന്നും ഇല്ല. പറഞ്ഞില്ലെങ്കിലും രണ്ടാളുടെയും മുഖത്തു അത് നല്ല വൃത്തിയായി അറിയുന്നുണ്ടായിരുന്നു. കടുവയുടെ അവസ്ഥയും വ്യത്യസ്തമല്ല.

സ്റ്റേഷനിൽ എത്തുന്നത് വരെയും ഒന്നും മിണ്ടിയില്ല. ആ സുന്ദരന്റെ മുഖത്ത് ഏതോ കടന്നല് കുത്തിയത് പോലെ ഉണ്ടായിരുന്നു.

കൂടുതൽ അനക്കതിരിക്കുന്നതാ നല്ലത്. അല്ലെങ്കിൽ നാട്ടിലെത്താലുണ്ടാവില്ല. അതുകൊണ്ട് ഞാനും മിണ്ടാൻ നിന്നില്ല.

പ്ലാറ്റ്ഫോമിൽ ട്രെയിൻ വരാൻ കാത്തിരിക്കുകയായിരുന്നു.

ഞാനൊരു ചെയറിൽ ചെന്നിരുന്നു. തൊട്ടടുത്ത ചെയർ കാണിച്ച് കടുവയോട് ഇരിക്കാൻ പറഞ്ഞപ്പോൾ മുഖം തിരിച്ച് മുന്നിലൂടെ അങ്ങോട്ടും ഇങ്ങോട്ടും ഉലാത്താൻ തുടങ്ങി.

ജീവിതക്കാലം മുഴുവൻ ഇയ്യാളെ ഞാനെങ്ങനെ സഹിക്കും ഈശ്വരാ… അതുവഴി പോകുന്നവർ(തരുണീസ്) ആണെങ്കിൽ കടുവേടെ മേലിൽന്ന് കണ്ണെടുക്കുന്നില്ല.

നേരെ നോക്കി നടക്ക് പെണ്ണുങ്ങളെ ഇല്ലേൽ എവിടേലും പോയി ഇടിക്കും. എന്നിലെ കുശുമ്പി ഉണർന്നു.

പിന്നെ ആകെയുള്ളൊരു ആശ്വാസം എന്താന്ന് വെച്ചാൽ എന്റെ കടുവ ഉലാത്താലോട് ഉലാത്താൽ ആണ്. ഇതൊന്നും അറിയുന്നത് കൂടി ഇല്ല. ഒരുത്തൻ പോലും എന്നെ നോക്കുന്നില്ല.

എങ്ങനെ നോക്കും ബോഡിഗാർഡ് പോലെ മുന്നിൽ ഒരു ജിമ്മൻ ഇങ്ങനെ ഉലാത്തുമ്പോൾ ആര് നോക്കും. സഹികെട്ടപ്പോൾ ഞാൻ അങ്ങേരെ പിടിച്ച് അടുത്ത് ഇരുത്തി.

“കുറെ നേരായല്ലോ ഈ നടത്തം തുടങ്ങീട്ട്. എന്താ കാര്യം? ”
“നിനക്ക് ഇന്ന്തന്നെ പോണോ?”
കുറച്ചു നേരം എന്റെ മുഖത്തേക്ക് നോക്കിയതിനു ശേഷം ചന്ദ്രുവേട്ടൻ ചോദിച്ചു.

“രേവതിയോടും അങ്കിൾനോടും ഞാൻ പറഞ്ഞുപ്പോയില്ലേ. മാത്രവുമല്ല വണ്ടി വരാനിനി കുറച്ചു സമയമേയുള്ളൂ. ”

“അതൊന്നും ഒരു വിഷയല്ല. ബലിയിടുന്നതിന്റെ തലേദിവസം പോയാൽ പോരെ. ഞാനും വരാം. ഒരുമിച്ച് പോയിവരാം. ”

“ഏതായാലും ഇറങ്ങിയതല്ലേ ഞാൻ പോയിട്ട് പെട്ടന്ന് വരാന്നേ. ഒരു രണ്ടാഴ്ചത്തെ കരയല്ലേ ഉള്ളു. ”

“രണ്ടാഴ്ചയോ… !? ”

ചന്ദ്രുവേട്ടൻ ഇരുന്നിടത്ത് നിന്നും ചാടിയെഴുന്നേറ്റ് ഉച്ചത്തിൽ ചോദിച്ചു. അവിടെ ഉണ്ടായിരുന്നവർ അതുകേട്ട് ഞങ്ങളെ ശ്രദ്ധിക്കാൻ തുടങ്ങി.

“ഒന്ന് പതുക്കെ. ദേ എല്ലാരും നമ്മളെതന്നെ നോക്കുവാ. ”
ഞാൻ വീണ്ടും അങ്ങേരെ പിടിച്ച് ആ ചെയറിൽ പ്രതിഷ്ഠിച്ചു.

“രണ്ടാഴ്ചയോ? ”
ശബ്ദം താഴ്ത്തി പുള്ളി ചോദിച്ചു.

“മ്മ്മ്. ഞാൻ പറഞ്ഞതാണല്ലോ. ”

“അച്ഛനോടും അമ്മയോടുമല്ലേ. എന്നോട് പറഞ്ഞോ? ”

“ചന്ദ്രുവേട്ടനോട്‌ പറയാൻ പറ്റിയ സാഹചര്യമായിരുന്നല്ലോ. ”

“രണ്ടാഴ്ചയൊന്നും പറ്റില്ല. മര്യാദക്ക് ചടങ്ങ് കഴിഞ്ഞ് പിറ്റേന്ന് ഇങ്ങ് പോന്നേക്കണം. ”

“ഇല്ലെങ്കിൽ…? ”

“ഇല്ലെങ്കിൽ… ഞാനങ്ങോട്ടു വരും ഒരു വരവ്. പിന്നെ എന്താ അവിടെ നടക്കാന്ന് ഞാൻ പ്രത്യേകം പറയണ്ടല്ലോ? മ്മ്ഹ്ഹ്? ”
ഒരുമാതിരി ഭീഷണിപ്പെടുത്തുന്നത് പോലെയാണ് കടുവ ചോദിച്ചത്.

“വേ….ണ്ട. അറിയാം. ”
അറിയാതെ ഞാൻ കൈകൊണ്ട് എന്റെ വലതു കവിളിൽ തലോടി.

“പേടിച്ചോ. കാണാതിരിക്കാൻ പറ്റില്ലെടി അതുകൊണ്ടാ . ”

“അങ്ങനെയെങ്കിൽ അന്ന് ടൂർന് പോയപ്പോഴോ? ”

“ആ ദിവസങ്ങൾ എങ്ങനെയാ തള്ളിനീക്കിയതെന്ന് എനിക്കറിയില്ല. ഉറക്കം പോലും വരാതെ ഔട്ട്‌ ഹൗസിൽ ചെന്നിരിക്കാർന്നു. അവിടെ ഇരിക്കുമ്പോൾ നീ അടുത്തുള്ള പോലെ… ”

“ഇത്രയ്ക്ക് ഇഷ്ടായിട്ടാണോ എന്നോട് അങ്ങനെയൊക്കെ..”

“ഇനി അതൊന്നും ഓര്മിപ്പിക്കല്ലേ പ്ലീസ്. പറ്റിപ്പോയി. ആ അശ്വിന്റെ വാക്ക് കേട്ടതാ എല്ലാത്തിനും കാരണം. ”

“ആരാ ഈ അച്ചൂട്ടി? ”

“ആ….. ആർക്കറിയാം. ഐഡിയ തന്നവന്റെ ചെല്ലപേര് പറഞ്ഞുനടന്നു. അത്രതന്നെ. ”

“അണിയറയിൽ ഒരു ആള് കൂടിയുണ്ട്. ”

“ആര്? ”

“രേവതി. നിനക്ക് എന്നെ ഇഷ്ടമാണെന്നു അവളാ പറഞ്ഞത്. പെണ്ണ്കാണൽ മാത്രം അവൾക്ക് അറിയില്ല.”

“എടി ദുഷ്ടേ…… നിനക്ക് ഞാൻ വെച്ചിട്ടുണ്ട്. ”

“അവിവേകം ഒന്നും കാണിക്കരുത്. പാവം. അതൊക്കെ വിട്ടേക്ക്. എല്ലാം നല്ലതിനല്ലേ. നമുക്ക് വേണ്ടി. ”

അപ്പോഴേക്കും ട്രെയിൻ വന്നു.
വിന്ഡോ സൈഡിലെ സീറ്റ് ആയിരുന്നു കിട്ടിയത്. ട്രെയിൻ പോകുന്നത് വരെ വിന്ഡോയിലൂടെ പുറത്ത് നിന്ന് കമ്പിയിൽ വെച്ചിരുന്ന എന്റെ കൈയിൽ പിടിച്ചു നിൽക്കായിരുന്നു ചന്ദ്രുവേട്ടൻ.

ഭാവം കണ്ടിട്ട് ആ ട്രെയിൻ പോകാൻ അനുവദിക്കാതെ പിടിച്ചുനിർത്തുമോ ന്ന് വരെ ഞാൻ ഭയന്നു. ട്രെയിൻ പോകാൻ തുടങ്ങുന്നതിന്റെ സൂചനയായി ചൂളം വിളിച്ചപ്പോൾ ദേഷ്യത്തോടെയാണ് ചന്ദ്രുവേട്ടൻ ആ പുകക്കുഴലിനെ നോക്കിയത്.

തിരിഞ്ഞു നിരാശയോടെ എന്നെ നോക്കിയപ്പോൾ പുഞ്ചിരിയോടെ കണ്ണിറുക്കി കാണിച്ച് ഞാനാ കൈയിൽ മൃദുവായി ചുംബിച്ചു.

“പോയിട്ട് വരാം. ”

ട്രെയിൻ നീങ്ങുന്നതോടൊപ്പം ഞങ്ങളുടെ കൈകൾ തമ്മിൽ വേർപ്പെട്ടപ്പോൾ എനിക്കും സങ്കടം തോന്നി.

ട്രെയിനിൽ നിന്നും ചാടിയിറങ്ങിയാലോന്ന് പോലും ചിന്തിച്ചു. കണ്ണുകളടച്ച് സീറ്റിലേക്ക് ചാരിയിരുന്നു.

സാധാരണ യാത്രകളിൽ പുറം കാഴ്ചകൾ ആസ്വദിക്കാൻ ഏറെ ഇഷ്ടമുള്ള എനിക്ക് ഇത്തവണ എന്തോ അതിനു സാധിച്ചില്ല.

രാത്രി ഒരുപാട് വൈകിയാണ് ട്രെയിൻ ഒറ്റപ്പാലം സ്റ്റേഷനിൽ എത്തിയത്. രേവുവും മൂർത്തി അങ്കിളും എന്നെ കാത്ത് അവിടെ നിൽപ്പുണ്ടായിരുന്നു.

ഉറക്കം വന്നു തൂങ്ങി നിൽക്കുന്നതുകൊണ്ട് എത്തിയ വിവരം വീട്ടിൽ വിളിച്ചു പറഞ്ഞതും നേരെ കേറികിടന്നുറങ്ങി.

നാട്ടിൽ എത്തിയിട്ട് ഒരാഴ്ച കഴിഞ്ഞു. ഓരോ ദിവസവും ഓരോ യുഗങ്ങളായാണ് തോന്നിയത്. മൂർത്തി അങ്കിൾന് കണ്ടിട്ടില്ലെങ്കിലും ചന്ദ്രുവേട്ടനെയും അച്ഛനെയും അമ്മയെയുമൊക്കെ നന്നേ ബോധിച്ച മട്ടാണ്.

അത് കാണുമ്പോൾ രേവു ചോദിക്കും – നിന്റെ ലവ് സ്റ്റോറിക്ക് കൂട്ട്നിൽക്കുന്ന ഈ അപ്പക്ക് എന്താടി എന്റെ ഇഷ്ടം മാത്രം മനസിലാവാത്തത് – ന്ന്. ഞാൻ വന്നതിൽ രേവുവിനും അങ്കിൾനും ആന്റിക്കും ഒത്തിരി സന്തോഷമായിരുന്നു.

അവരുടെ കൂടെ എല്ലാറ്റിനും നിന്നുകൊടുത്തുവെങ്കിലും മനസ് കൊണ്ട് എപ്പോഴും ഞാനെന്റെ കടുവയുടെ അടുത്തായിരുന്നു.

അച്ഛനും അമ്മയും ദിവസവും വിളിക്കും. ഇടയ്ക്ക് രാധുവും വിളിച്ചിരുന്നു. വീണ്ടും ഒരു പിണക്കം വേണ്ടന്ന് കരുതി എപ്പോഴും അമ്മയോട് ചന്ദ്രുവേട്ടനെക്കുറിച്ചും അന്വേഷിക്കും. അടുത്ത് ഉണ്ടെങ്കിൽ ഫോൺ വാങ്ങിച്ച് സംസാരിക്കും. അത്രതന്നെ.

എനിക്കറിയാം ഇങ്ങോട്ട് പോന്നതിലുള്ള പരിഭവമാണ്. ഇത്രയും ദിവസം കാണാൻ കഴിയാത്തതിലും. മുന്നിൽ ചെന്നുനിന്ന് ഒന്ന് സോപ്പിട്ടാൽ തീരാവുന്ന പിണക്കമേയുള്ളൂ അത്.

വേണേൽ ഒരു കിസ്സും. കടുവ ഫ്ലാറ്റ്. എന്നാലും ഒന്ന് നേരെചൊവ്വേ വിളിക്കാത്തതിൽ എനിക്കും വിഷമമുണ്ട്. ഇങ്ങേര് ഇത് എവിടുത്തെ കാമുകനാണ്. കഷ്ടം.

ഇന്നാണ് ആ ദിവസം. ഞാൻ ആരുമില്ലാത്തവളായ ദിവസം. അച്ഛനും അമ്മയും എന്നന്നേക്കുമായി എന്നെ വിട്ട് പോയത്. പുലർച്ചെ എഴുന്നേറ്റ് തിരുന്നാവായിൽ എത്തി. എല്ലാവരും കൂടെ വന്നിരുന്നു.

അങ്കിൾ എല്ലാം ഏർപ്പാടാക്കിയിരുന്നു. അത്യാവശ്യം തിരക്ക് ഉണ്ടായിരുന്നു. പുഴയിൽ മുങ്ങിവന്നു ഈറനോടെ കൽപടവിൽ ആചാര്യന് മുന്നിൽ ഒരു കാൽമുട്ട് നിലത്ത് കുത്തി ഇരുന്നു.

ചെയ്യേണ്ട കർമ്മങ്ങൾ ഓരോന്നും അദ്ദേഹം പറഞ്ഞുകൊണ്ടിരുന്നു. എല്ലാം അതേപോലെ ചെയ്തുകൊണ്ടിരുന്നു.

എന്നാലും ഓരോ നിമിഷവും അവരോടൊത്തുള്ള ഓർമകളിൽ കണ്ണുകൾ ഈറനണിഞ്ഞു. കരയരുതെന്ന് അങ്കിൾ ഇടയ്ക്കിടെ ഓർമിപ്പിച്ചുക്കൊണ്ടിരുന്നു.

അടുത്തുനിന്നും രേവുവിന്റെ തേങ്ങലും കേൾക്കുന്നുണ്ടായിരുന്നു. അത് കണ്ട് ആന്റി അവളെയും കൂട്ടി അവിടെ നിന്നും മാറിനിന്നു.

കർമങ്ങൾ കഴിയുന്നത് വരെ അങ്കിൾ കൂടെതന്നെ നിന്നു. ഒടുവിൽ ഇലയെടുത്ത് പിണ്ഡം പുഴയിലൊഴുക്കി.

മൂന്നാമത്തെ തവണ മുങ്ങിനിവർന്ന് പടവുകൾ കയറുമ്പോഴാണ് മുകളിൽ എന്നെതന്നെ നോക്കി നിൽക്കുന്ന ചന്ദ്രുവേട്ടന്റെ അച്ഛനെയും അമ്മയെയും കണ്ടത്. അമ്മയുടെ കണ്ണും നിറഞ്ഞിട്ടുണ്ടായിരുന്നു.

അടുത്തെത്തിയതും അമ്മ തോർത്ത്‌കൊണ്ട് തല തോർത്തി തന്നു. ചേർത്തുപിടിച്ച് നെറുകയിൽ ഒരു ഉമ്മയും തന്നു. ഇത്രയും ദിവസം കാണാതിരുന്ന് കണ്ടതിലെ സന്തോഷമായിരുന്നു ആ ചുംബനം.

അവരെ ഒരിക്കലും ഇവിടെ പ്രതീക്ഷിച്ചില്ല. ഒരുപക്ഷെ മൂർത്തി അങ്കിൾ ആയിരിക്കും എല്ലാം ഇവിടെക്ക് വരുന്ന സമയമെല്ലാം പറഞ്ഞുകൊടുത്തത്.

പ്രാണനാഥനെ കാണുന്നില്ലല്ലോ? ചോദിച്ചാലോ? വേണ്ട അച്ഛന് ഗോളടിക്കാനുള്ള ചാൻസ് ഞാനായിട്ട് ഉണ്ടാക്കണ്ട. നാണക്കേട്. പക്ഷെ പ്രിയതമനെ കാണാനൊരു ഒരു ഒരു ഒരു. ഇത്.

“ചന്ദ്രു വണ്ടി പാർക്ക്‌ ചെയ്യാൻ പോയതാ. ”

എന്നെ നോക്കികൊണ്ടാണ് അച്ഛൻ അങ്കിൾനോട്‌ പറഞ്ഞത്. ചമ്മിയ ഒരു ചിരിയായിരുന്നു എന്റെ മറുപടി.

അവിടെ ആ പുണ്യനദിയുടെ തീരത്ത് മറ്റൊരു കടവിൽ ഇതേ ആത്മാക്കൾക്ക് വേണ്ടി മറ്റൊരാളും ബലിതർപ്പണം ചെയ്യുന്നുണ്ടായിരുന്നു. ആരുമറിയാതെ.

ഞങ്ങൾ അമ്പലത്തിൽ തൊഴാൻ കയറി. തൊഴുത് ഇറങ്ങുന്നതുവരെയും ചന്ദ്രുവേട്ടൻ എത്തിയിരുന്നില്ല.

വന്നിട്ട് ഇത്രയും നേരമായിട്ടും എന്താ എന്റടുത്തേക്ക് വരാത്തെ. ഇനി പിണക്കം വല്ലതും.? ഏയ്‌ അതിനുള്ളതൊന്നും ഞാൻ ഒപ്പിച്ചിട്ടില്ലല്ലോ. പിന്നെന്താ…
എന്റെ ഭാവം കണ്ട് രേവു കളിയാക്കാൻ തുടങ്ങി.

രേവു മാത്രമല്ല എല്ലാരും. ആ ചമ്മൽ മാറ്റാൻ അവരോട് പരിഭവിച്ച് ഒടുക്കമാണ് ഞാൻ പുറത്തിറങ്ങിയത്. എന്നെ നോക്കി ചിരിച്ച് എല്ലാവരും മുന്നിൽ നടന്നു.

കടുവയെ ഓർത്ത് ചിരിച്ചുകൊണ്ട് മുന്നോട്ട് നോക്കിയ ഞാൻ പെട്ടന്ന് നിശ്ചലമായി.

ദൂരെ ബ്ലാക്ക് ഓടികാറിന് മുന്നിൽ കാലുകൾ പിണച്ചുവെച്ച് മാറിൽ കൈയും കെട്ടിനിൽക്കുന്ന ആളെ കണ്ട് ഞാൻ സ്തംഭിച്ചു. ഒരുനിമിഷം ശ്വാസം എടുക്കാൻ പോലും കഴിഞ്ഞില്ല.

എന്നെ കാണാതെ തിരിഞ്ഞു നോക്കിയ രേവു എന്റെ നിൽപ്പ് കണ്ട് അടുത്തേക്ക് ഓടിവന്നു.

“നീ എന്താടി ഇവിടെ അന്തം വിട്ട് നിൽക്കുന്നേ? ”

“സൂ… സൂരജേട്ടൻ !!!”

എന്റെ നോട്ടം ചെന്ന ദിശയിലേക്ക് അവളും നോക്കി. ഉടനെ സൂരജേട്ടൻ ഞങ്ങളുടെ അടുത്തേക്ക് നടന്നടുത്തു.

സൂരജേട്ടനെ കണ്ട് അങ്കിളും ആന്റിയും ഭയത്തോടെ നിന്നപ്പോൾ അച്ഛനും അമ്മയും ഒന്നും മനസിലാവാതെ എന്നെയും സൂരജേട്ടനെയും മാറി മാറി നോക്കുന്നുണ്ടായിരുന്നു.

അതൊന്നും ശ്രദ്ധിക്കുക പോലും ചെയ്യാതെ സൂരജേട്ടൻ മുന്നോട്ട് വന്നു. അടുത്തെത്തിയതും അല്പം കുനിഞ്ഞുനിന്ന് എന്റെ നേരെ മുഖം അടുപ്പിച്ച് സൂരജേട്ടൻ ചോദിച്ചു.

“എന്താണ് ദച്ചു മോളെ ഓർമ്മയുണ്ടോ ഈ മുഖം? ”

മറുപടി പറയാതെ ഞാനാ കണ്ണുകളിലേക്ക് തന്നെ ഉറ്റുനോക്കി.

“സൂരജേട്ടാ പ്ലീസ് പ്രശ്നമുണ്ടാക്കരുത്. ഇത് ഒരു അമ്പലമാണ്. ”

രേവു പറഞ്ഞു. അതിന് സൂരജേട്ടൻ അവളെയൊന്ന് രൂക്ഷമായി നോക്കി. ശേഷം വീണ്ടും എന്റെ നേർക്ക് തിരിഞ്ഞു.

“ഈയൊരു നിമിഷത്തിനുവേണ്ടി കാത്തിരിക്കായിരുന്നു ഞാൻ. എവിടെ പോയി ഒളിച്ചാലും ഇന്നത്തെ ദിവസം നീയിവിടെ വരുമെന്ന് എനിക്ക് അറിയായിരുന്നു. അതിനു വേണ്ടി ദിവസങ്ങളെണ്ണി കാത്തിരിക്കായിരുന്നെടി ഞാൻ. ”

അപ്പോഴേക്കും അങ്കിൾ അങ്ങോട്ട് വന്നു.

“മോനെ ഒരു പ്രശ്നം ഉണ്ടാക്കരുത്. ഇപ്പൊ തിരിച്ചു പോ. ”

“പ്രശ്നമുണ്ടാക്കുന്നില്ല. തിരിച്ചു പോകാം. പക്ഷെ കൂടെ ഇവളും ഉണ്ടാവണം. ”

“ഞാൻ നിങ്ങളുടെ കൂടെ വരില്ല. ”

“എന്താ പ്രശ്നം? താൻ ആരാ? എന്തിനാ മോളെ കൊണ്ടുപോകുന്നെ? ”
അച്ഛൻ ചോദിച്ചു.

“ഞാനോ? ഞാൻ ആരാന്ന് പറഞ്ഞു കൊടുക്ക് ദർശിനി. അല്ലേൽ വേണ്ട ഞാൻ തന്നെ പറയാം. ഈ നിൽക്കുന്ന പ്രിയദർശിനിയെ വിവാഹം കഴിക്കാൻ പോകുന്നത് ഞാനാ. ”

എന്നെ ചേർത്ത്പിടിച്ചു സൂരജേട്ടൻ പറഞ്ഞപ്പോൾ ആ കൈകൾ ഞാൻ തട്ടിമാറ്റി.

“എന്ന് നിങ്ങളും നിങ്ങളുടെ അച്ഛനും മാത്രം തീരുമാനിച്ചാൽ മതിയോ? എന്റെ അച്ഛനെയും അമ്മയെയും കൊന്നവരുടെ കൂടെ ജീവിക്കാൻ ഞാനില്ല. ”

“ഓഹ്… അപ്പൊ എന്റെ ദച്ചു മോള് എല്ലാം അറിഞ്ഞല്ലേ. ഇനി ഡയലോഗിന്റെ ആവശ്യമില്ല. മര്യാദക്ക് വന്നു വണ്ടിയിൽ കയറടി. ”

“ഞാൻ വരില്ലെന്ന് പറഞ്ഞില്ലേ ”

“നിന്നെ കൊണ്ടുപോകാൻ എനിക്കറിയാം. ”

സൂരജേട്ടൻ എന്റെ കൈയിൽ പിടിച്ചുവലിച്ചു. എല്ലാവരും തടഞ്ഞിട്ടും കൂട്ടാക്കിയില്ല. ഞാനും പരമാവധി പിടി വിടുവിക്കാൻ ശ്രമിച്ചു.

കാറിന്റെ അടുത്ത് എത്തിയപ്പോൾ രണ്ടു തടിമാടന്മാർ ഡോർ തുറന്നുപിടിച്ചു. എന്നെ പിടിച്ച് അകത്തേക്ക് കയറ്റാൻ നിന്നതും പിറകിൽ ആരോ സൂരജേട്ടനെ തട്ടിവിളിച്ചു.

“അങ്ങനെയങ്ങ് പോയാലോ? ഒന്ന് നിന്നെ. ”
ചന്ദ്രുവേട്ടനായിരുന്നു അത്.

“അത് പറയാൻ നീയാരാ? ”

“ഇതാണ് എന്നെ വിവാഹം കഴിക്കാൻ പോകുന്ന ആള്. ചന്ദ്രമൗലി. ഞങ്ങൾ തമ്മിൽ ഇഷ്ടത്തിലാണ്. ”
ഞാനാണ് മറുപടി പറഞ്ഞത്.

“ടി… ”
അലറിക്കൊണ്ട് സൂരജേട്ടൻ എന്നെ അടിക്കാനായി പൊന്തിച്ചുപിടിച്ചപ്പോൾ ആ കൈയിൽ ചന്ദ്രുവേട്ടന്റെ പിടി വീണു. അത് സൂരജേട്ടനെ കൂടുതൽ പ്രകോപിപ്പിക്കുകയാണ് ചെയ്തത്.

പിന്നീട് അവിടെ എന്താ നടന്നതെന്ന് എനിക്ക് ഒരു പിടിയുമില്ല. അവര് തമ്മിലുള്ള തല്ലിനിടയിൽ ഇടയ്ക്ക് ആ തടിമാടന്മാരും ചെല്ലുന്നുണ്ടായിരുന്നു.

അപ്പോഴൊക്കെ അവർക്കും വേണ്ടത് കൊടുക്കാൻ എന്റെ കടുവ മറന്നില്ല.

ഇക്കാര്യത്തിൽ അങ്ങേർക്ക് പക്ഷഭേദവുമില്ല അഹങ്കാരവുമില്ല. എല്ലാവർക്കും ആവശ്യത്തിലധികം വാരികോരി കൊടുക്കും.

നല്ല അസ്സൽ നാടൻ തല്ല്. നാട്ടുകാർ പലരും പിടിച്ചുമാറ്റാൻ ശ്രമിക്കുന്നുണ്ട്. പക്ഷെ നടന്നില്ല.

കടുവയുടെ സ്റ്റൈലൻ തല്ല് എന്റെ കൈയിലെ രോമങ്ങളെല്ലാം രോഞ്ചാമം കൊണ്ട് എഴുന്നേറ്റുനിന്നു.

അതിനിടയിൽ ഒരു മാടൻ എവിടുന്നോ ഒരു മുട്ടൻ വടിയും എടുത്തു വന്നു.

അതുംകൊണ്ട് അയ്യാൾ എന്റെ കടുവയെ അടിക്കാൻ ചെല്ലുന്നത് കണ്ടപ്പോൾ ഞാൻ കേറി തടഞ്ഞു. ആ വടിയിൽ ഞാനും അയാളും കൂടി പിടിവലിയായി.

ദേഷ്യം വന്ന ആ കാലമാടൻ എന്നെ പിടിച്ച് ഉന്തി. അമ്മേ ന്നും വിളിച്ചോണ്ട് ഞാനെവിടെയോ പോയി വീണു. വീഴ്ചയിൽ കൈ മടങ്ങി, കൂടാതെ കട്ടിയുള്ള എന്തിലോ തലയിടിച്ച് കമഴ്ന്നാണ് വീണത്.

തലയ്ക്കു ഒരു പെരുപ്പായിരുന്നു. നല്ല വേദനയും നീറ്റലും പിന്നെയും എന്തൊക്കെയോ പോലെ.

ബോധം പോകുന്ന സമയത്ത് എവിടുന്നൊക്കെയോ പ്രിയെ ന്നും ദച്ചു ന്നും അവ്യക്തമായി കേൾക്കുന്നുണ്ടായിരുന്നു.

കുറെ കരച്ചിലും നിലവിളികളും.

ആരൊക്കെയോ ചേർന്ന് എന്നെ താങ്ങിയെടുക്കുന്നുണ്ടായിരുന്നു. കണ്ണടയുന്നതിനിടയിൽ ഞാൻ കണ്ടു കട്ടിയുള്ളോരു ചുവന്ന ദ്രാവകം നെറ്റിയിലൂടെ ഒഴുകിയിറങ്ങുന്നത്.

ഈശ്വരാ എന്റെ തലച്ചോർ പുറത്ത് വന്നോ ആവോ. ചന്ദ്രുവേട്ടാ…അയ്യാൾ എന്നെ കൊന്നു.

യോഗല്ല്യ ചന്ദ്രുവേട്ടാ നമുക്ക് അടുത്ത ജന്മത്തിൽ ഒന്നിക്കാം. അച്ഛാ അമ്മേ ഞാനും നിങ്ങടെ അടുത്തേക്ക് വരുവാ.

ആ കാലമാടൻ എന്നെ കൊന്നല്ലോ ഭഗവാനെ…. ദുഷ്ട തനിക്ക് എത്ര വടി വേണേലും ഞാൻ തന്നേനല്ലോടാ. ഒരു വടിക്ക് വേണ്ടി താൻ എന്നെ കൊന്നല്ലേ. വിടില്ലടോ.

തന്നെ ഞാൻ വെറുതെ വിടില്ല. നോക്കിക്കോ. അപ്പോഴേക്കും എന്റെ ബോധം പൂർണമായും പോയിരുന്നു.

(തുടരും)

എല്ലാവരും കാത്തിരുന്ന വില്ലനെ എന്റർ ചെയ്യിച്ചിട്ടുണ്ട്. ആക്ഷനും വില്ലത്തരവും എനിക്ക് വഴങ്ങില്ലെന്ന് തോന്നുന്നു. ഉദേശിച്ചത്‌ പോലെ ആയിട്ടില്ല. അഡ്ജസ്റ്റ് ചെയ്യണം. എന്താവോ എന്തോ.

സ്നേഹത്തോടെ കീർത്തി.

Mr. കടുവ : ഭാഗം 1

Mr. കടുവ : ഭാഗം 2

Mr. കടുവ : ഭാഗം 3

Mr. കടുവ : ഭാഗം 4

Mr. കടുവ : ഭാഗം 5

Mr. കടുവ : ഭാഗം 6

Mr. കടുവ : ഭാഗം 7

Mr. കടുവ : ഭാഗം 8

Mr. കടുവ : ഭാഗം 9

Mr. കടുവ : ഭാഗം 10

Mr. കടുവ : ഭാഗം 11

Mr. കടുവ : ഭാഗം 12

Mr. കടുവ : ഭാഗം 13

Mr. കടുവ : ഭാഗം 14

Mr. കടുവ : ഭാഗം 15

Mr. കടുവ : ഭാഗം 16

Mr. കടുവ : ഭാഗം 17

Mr. കടുവ : ഭാഗം 18

Mr. കടുവ : ഭാഗം 19

Mr. കടുവ : ഭാഗം 20

Mr. കടുവ : ഭാഗം 21

Mr. കടുവ : ഭാഗം 22

Mr. കടുവ : ഭാഗം 23

Mr. കടുവ : ഭാഗം 24

Mr. കടുവ : ഭാഗം 25

Mr. കടുവ : ഭാഗം 26

Mr. കടുവ : ഭാഗം 27

Mr. കടുവ : ഭാഗം 28