Sunday, December 22, 2024
Novel

Mr. കടുവ : ഭാഗം 25

എഴുത്തുകാരി: കീർത്തി


കുറച്ചധികം സമയമെടുത്തു കടുവയുടെ പൂന്തോട്ടം നനക്കാൻ. അതുകഴിഞ്ഞു ആ ചെടിയും കുഴിച്ചിട്ടു കടുവയുടെ അടുത്തേക്ക് ചെന്നു. അച്ഛന്റെ പത്രപാരായണം കഴിഞ്ഞ് ഇപ്പോൾ കടുവയുടെ ഊഴമായിട്ടുണ്ട്.

“ചന്ദ്രുവേട്ടാ… കഴിഞ്ഞു. ”

“ആ ചെടി കുഴിച്ചിട്ടുവോ? ”
പത്രത്തിൽ നിന്നും മുഖമുയർത്താതെ തന്നെ ചോദിച്ചു.
ഞാനൊന്ന് മൂളി.

“ഇവിടിരിക്ക്. ”
ഇരിക്കുന്നതിന്റെ വലതുവശം കാണിച്ചുകൊണ്ട് കടുവ പറഞ്ഞു.

“ഇല്ല. ഞാൻ പോട്ടെ. കഴിക്കാൻ എന്തെങ്കിലും ഉണ്ടാക്കണം. ”

പെട്ടന്ന് മുഖമുയർത്തി കൂർപ്പിച്ചു നോക്കിയപ്പോൾ അറിയാതെ ഞാനവിടെ ഇരുന്നുപോയി.

“ഏതു നേരവും തീറ്റ കുടി ഉറക്കം ന്നുള്ള വിചാരം മാത്രമേ ഉള്ളു. ”

“ഒരാൾക്ക് അത്യാവശ്യം വേണ്ട കാര്യങ്ങളല്ലേ അതെല്ലാം? ”

“നിനക്കുള്ള ഭക്ഷണം ഇവിടുണ്ട്. അവിടെ പോയി ഉണ്ടാക്കാൻ നിക്കണ്ട. ഇത് കുടിക്ക്. ”

കടുവ അപ്പുറത്തെ സൈഡിൽ നിന്നും ഒരു ഗ്ലാസ്‌ കട്ടൻ എനിക്ക് നേരെ നീട്ടി. അപ്പൊ സ്നേഹം ണ്ട്. കടുവയുടെ കൈയിലും ഉണ്ടായിരുന്നു ഒരു ഗ്ലാസ്‌ കട്ടൻ. കുപ്പിഗ്ലാസ്‌ ആയതുകൊണ്ട് പെട്ടന്ന് കണ്ടാൽ മറ്റവനാണെന്നേ തോന്നൂ. എനിക്കൊരു കുസൃതി തോന്നി.

“ചിയേർസ് ”

എന്റെ ഗ്ലാസ്‌ കടുവയുടെതിനോട് മുട്ടിച്ചുകൊണ്ട് ഞാൻ പറഞ്ഞു.
അതുകണ്ടു കടുവ കിളി പോയപോലെ കണ്ണും തള്ളി എന്നെ നോക്കിയിരുന്നു.

ഉടനെ ഞാനൊന്ന് ചിരിയോടെ കണ്ണുചിമ്മി കാണിച്ചപ്പോൾ ആ മുഖത്തെ അത്ഭുതം ചിരിക്ക് വഴി മാറി.

പിന്നെ അതൊരു കൂട്ടച്ചിരിയായി. എന്നും ഇങ്ങനെ ചിരിച്ചൂടെ മനുഷ്യാ? എന്ത് ഭംഗിയാ…

🎶എന്ത് ചന്തമാണ് കടുവേ നിന്റെ
പുഞ്ചിരി കാണുവാൻ..
എന്ത് സുന്ദരമാണ് കടുവേ നിന്റെ
ഗർജ്ജനം കേൾക്കുവാൻ….. 🎶

ഞാൻ മനസ്സിൽ മൂളി.

“സത്യം പറയടി നിനക്ക് ഇച്ചിരി വട്ടില്ലേ? ”

“എന്നോട് ഒത്തിരി പേ…… ”

“വേണ്ട വേണ്ട. കിലുക്കം സിനിമ ഞാനും കുറെ തവണ കണ്ടതാ. ഉള്ള കാര്യം പറഞ്ഞാൽ മതി. ”

“എനിക്ക് വട്ടൊന്നും ഇല്ല. ഇതൊക്കെ രസല്ലേ ന്റെ ചന്ദ്രുവേട്ടാ…? ”

“അവള്ടെ ഒരു രസം. നിനക്ക് ഒരേട്ടനുണ്ടെന്ന് കേട്ടു. അവനും ഈ ടൈപ്പ് തന്നെയാണോ? ”

“ഏയ്‌…. ഏട്ടൻ എന്നെപ്പോലെയൊന്നുമല്ല. ഭയങ്കര ബുജിയാ. ചന്ദ്രുവേട്ടനെ പോലെ MBA ക്ക് ഫസ്റ്റ് റാങ്കൊക്കെ കിട്ടിയിട്ടുണ്ട്. പിന്നെയ്.. ഈ അവൻ ഇവൻ ന്നൊന്നും വിളിക്കണ്ട. ഏട്ടൻ ചന്ദ്രുവേട്ടനെക്കാളും മൂത്തതാണ്. ”

“നിന്റെയല്ലേ ഏട്ടൻ ഈ സ്റ്റാൻഡേർഡൊക്കെ മതി. പിന്നെ റാങ്ക്… നോണയാണെങ്കിലും കേൾക്കാൻ രസമുണ്ട്. ”

“ഞാൻ പറഞ്ഞത് സത്യാ. വേണെങ്കിൽ വിശ്വസിച്ചാൽ മതി. ഹും…”
പിന്നെയും ഞങ്ങൾ ഒരുപാട് സംസാരിച്ചിരുന്നു.

അതിനു ശേഷമുള്ള ദിവസങ്ങളിൽ കടുവയുമായി കൂടുതൽ അടുത്തു. ഇപ്പോഴാണ് ശെരിക്കും ഞങ്ങൾ ഫ്രണ്ട്സായത്.

ആദ്യം ഒന്നുരണ്ട് ദിവസം കടുവ തന്നെ വിളിച്ചെണീപ്പിച്ചു. പോകെ പോകെ ഞാനും ആ ജോലി ആസ്വദിക്കാൻ തുടങ്ങി.

അല്ലേലും നിർബന്ധിച്ചു ചെയ്യിക്കുമ്പോൾ നമുക്ക് താല്പര്യം കുറവായിരിക്കും. നേരെമറിച്ച് സ്വന്തം ഇഷ്ടതിനാവുമ്പോഴോ ചെയ്യുന്ന ജോലി പെർഫെക്ട് ആവാൻ മാക്സിമം ശ്രമിക്കും.

ആ സമയങ്ങളിലെല്ലാം എന്തെങ്കിലുമൊക്കെ പറഞ്ഞ് കടുവയും കൂടെയുണ്ടാവും. വേറെയും ഒന്നുരണ്ടു പണികളും കിട്ടി.

എന്നാലും വലിയ പ്രശ്നമൊന്നും ഉണ്ടായില്ല. ഇടയ്ക്ക് ചില സാഹചര്യങ്ങളിൽ കടുവയ്ക്ക് മുന്നിൽ മനസ് പതറിയിരുന്നു.

കണ്ട്രോൾ കളയാൻ കടുവയും ശ്രമിക്കുന്നതായി തോന്നി. എന്ത് പറഞ്ഞിട്ടെന്താ ഈ മനസുനിറയെ കടുവ മാത്രേ ഉള്ളൂന്ന് വിളിച്ചു പറയണമെന്നുണ്ട്. പക്ഷെ കഴിയുന്നില്ല.

അങ്ങനെയൊന്നും ചിന്തിക്കരുതെന്ന് സ്വയം പറഞ്ഞു പഠിക്കുംതോറും ആ മുഖം കൂടുതൽ ആഴത്തിൽ പതിഞ്ഞുകൊണ്ടിരുന്നു.

കൂടുതൽ അറിയുംതോറും മറക്കാനോ പിരിയാനോ എനിക്ക് കഴിയാതെയായി തുടങ്ങി.

എല്ലാം തുറന്നു പറഞ്ഞാലോ ന്ന് വിചാരിക്കും. എന്നാൽ അച്ഛന്റെയും അമ്മയുടെയും കാര്യം ആലോചിക്കുമ്പോൾ വേണ്ടെന്ന് വെക്കും. മുന്നും പിന്നും നോക്കാത്ത പ്രകൃതമാണ് ചന്ദ്രുവേട്ടന്റെ.

സൂരജേട്ടൻ ആണെങ്കിൽ ഒന്നിനും മടിക്കാത്തവനും. ചന്ദ്രുവേട്ടന് എന്തെങ്കിലും സംഭവിച്ചാൽ…… അതിലും ഭേദം എന്റെ മരണമാണ്. ചന്ദ്രവേട്ടൻ സന്തോഷത്തോടെ ജീവിക്കുന്നതെങ്കിലും കാണാമല്ലോ.

എത്ര കൂട്ടായി ന്ന് പറഞ്ഞാലും ഇടയ്ക്കൊക്കെ ഞങ്ങൾ പഴയത് പോലെ വഴക്കിടും. എന്തോ എപ്പോഴെങ്കിലുമൊക്കെ ആ ഗർജ്ജനം കേട്ടില്ലെങ്കിൽ എനിക്ക് ഒരു മനസമാധാനമില്ല.

ഒരുപക്ഷെ ഞാൻ വീണ്ടും വഴിതെറ്റി പോയാലോ? ഇതിന്റെ ഇടയിൽ പത്തു ദിവസം പോയതറിഞ്ഞില്ല.

ഓണാവധി കഴിഞ്ഞ് ഇന്ന് സ്കൂൾ തുറക്കുകയാണ്. പോകാൻ തോന്നുന്നില്ല. രാധുവിന്റെ അഭിപ്രായവും മറിച്ചായിരുന്നില്ല. അധ്യാപകർ ഇങ്ങനെയാണെങ്കിൽ കുട്ടികളുടെ കാര്യം പറയാനുണ്ടോ.

ഇത്രയും നാളും വിജനമായിരുന്ന വഴികളിൽ നിറയെ ആളുകളായി. ജോലിക്കാരും വിദ്യാർത്ഥികളും വഴിയരികിൽ അവരെ കാത്തുനിൽക്കുന്ന കുറെ ചേട്ടന്മാരും.

ബസിൽ ആള് കൂടിയതിന്റെ സന്തോഷം കണ്ടക്ടറുടെ മുഖത്തെ പ്രകാശപൂരിതമാക്കി. ഹോ.. സൂര്യനൊന്നും ഒന്നുമല്ല.

സ്കൂളിൽ എത്തിയപ്പോൾ എല്ലാവർക്കും അറിയേണ്ടത് എന്തുകൊണ്ടാ സെലിബ്രേഷന് വരാത്തത് ന്ന്. എല്ലാവരോടും പനിയായിരുന്നു ന്ന് പറഞ്ഞ് ഒഴിഞ്ഞുമാറി.

എന്നാൽ ഹെഡ് മാഷിനും പ്യൂൺ ചേട്ടനും അറിയേണ്ടിയിരുന്നത് അന്ന് കിട്ടിയ അടിയെക്കുറിച്ചായിരുന്നു. അവരോട് സത്യം പറയേണ്ടിവന്നു.

അവധി കഴിഞ്ഞതിന്റെ സങ്കടം കുട്ടികളിലുണ്ടെങ്കിലും കൂട്ടുകാരെ കാണാനും അവധിവിശേഷങ്ങൾ പങ്കുവെക്കാനുമുള്ള വ്യഗ്രത ആ സങ്കടത്തെ മായ്ചുകളഞ്ഞിരുന്നു.

ഞങ്ങളെ കണ്ടതും അവര് ആദ്യം ചോദിച്ചത് എക്സാം പേപ്പർ ഇന്ന് തരുവോ ന്നാണ്. രാധു അന്ന് തന്നെ എല്ലാം വിതരണം ചെയ്തു.

പാവങ്ങൾ ആദ്യദിവസം തന്നെ അത് കാണിച്ച് പേടിപ്പിക്കാൻ താല്പര്യമില്ലാത്തതുകൊണ്ട് രണ്ടു ദിവസം കഴിഞ്ഞു തരാമെന്നു പറഞ്ഞു. ഒരുവിധം എല്ലാ കുട്ടികളും എന്റെ വിഷയത്തിൽ പാസ്സായിട്ടുണ്ട്. നല്ല മാർക്കും.

ഉച്ചയ്ക്ക് ശേഷം അവസാന രണ്ടു പീരിയഡ് ഫ്രീയായിരുന്നു. രാധുവിനും വിനോദ് സാറിനും ക്ലാസ്സുണ്ട്. വെറുതെയിരുന്ന് ബോറടിച്ചപ്പോൾ ബുക്സ് എന്തെങ്കിലും വായിക്കാമെന്ന് വിചാരിച്ച് ലൈബ്രറിയിലേക്ക് വെച്ചുപിടിച്ചു.

അങ്ങോട്ട്‌ പോകുന്നതിനിടയിൽ പുറകിൽ നിന്നാരോ വിളിച്ചത്. തിരിഞ്ഞു നോക്കിയപ്പോൾ ശ്രീല ടീച്ചറായിരുന്നു.

കൂടെ എന്റെ ചീനമുളകും ഉണ്ടായിരുന്നു. ആവണിക്കുട്ടി. അവള് വേഗം എന്റെ അടുത്തേക്ക് ഓടിവന്നു. ഞാനവളുടെ മുന്നിൽ കുനിഞ്ഞു നിന്നു.

“ഹാ….. ആരാ ഇത് ടീച്ചർടെ ആവണിക്കുട്ടിയോ? ”
ഞാൻ ചോദിച്ചു.

അപ്പോൾ അവള് എന്റെ മുഖം പിടിച്ചു തിരിച്ച് ഇടതുകവിളിൽ തലോടി.
“ഒത്തിരി നൊന്തോ ടീച്ചറെ? ”

“മോള് അത് മറന്നില്ലേ. ടീച്ചർക്ക് നൊന്തില്ല ട്ടൊ. മോള് വിഷമിക്കണ്ട. ”

“ആ അങ്കിൾ…. ”

“ആ അങ്കിൾ….. അങ്കിൾന്റെ അച്ഛനും അമ്മയും കൂടി കുറേ ചീത്ത പറഞ്ഞു. പാവം പേടിച്ചുപോയി . ”

അത് കേട്ടപ്പോൾ അവൾക്ക് ഭയങ്കര സന്തോഷമായി.

“ടീച്ചർ സോറി. അമ്മ പറയാൻ പറഞ്ഞു. ”

“അത് സാരല്ല്യ ട്ടൊ. അമ്മയോട് പറയണം. ആവണിക്കുട്ടീടെ കുഞ്ഞാവക്ക് സുഖാണോ? ”

“മ്മ്… ”

“എന്റെ പ്രിയ ഒന്നും പറയണ്ട ഇന്ന് വന്നപ്പോ തൊട്ട് തന്നെ കാണണം ന്ന് പറഞ്ഞ് നടക്കാർന്നു. എന്താ ഇങ്ങനെ അന്വേഷിക്കണത് ന്ന് കരുതി ചോദിച്ചപ്പഴാ അന്നത്തെ കാര്യങ്ങൾ പറഞ്ഞത്. ഞാൻ കാരണമല്ലേ? ”

“ഏയ്‌… ഞാനല്ലേ നിങ്ങളെ നിർബന്ധിച്ച് പറഞ്ഞയച്ചത്. നേരം വൈകും ന്ന് അമ്മയോട് പറയാൻ മറന്നു. ഈ കുറുമ്പീടെ കൂടെ വർത്തമാനം പറഞ്ഞ് ഇരുന്നിട്ട് സമയം പോയത് ഞാനും അറിഞ്ഞില്ല. ”

“ആരായിരുന്നു അത്? ”

“അത് ചന്ദ്രുവേട്ടൻ. ”

“ചന്ദ്രുവേട്ടൻ ന്ന് പറയുമ്പോൾ മേനോൻ സാറിന്റെ മകൻ…? ”

സംശയിച്ചു സംശയിച്ചാണ് ശ്രീല ടീച്ചർ അത് ചോദിച്ചത്. അതെയെന്ന് ഞാൻ തലയാട്ടി.

“നിങ്ങൾ റിലേറ്റീവ്സാണോ? ”

“അല്ല. ഞാൻ ഇവിടെ താമസിക്കുന്നത് അവരുടെ ഔട്ട്‌ ഹൗസിലാണ്. പിന്നെ… ടീച്ചർ അന്നത്തെ സംഭവം വേറെ ആരോടും പറയരുത്. പ്ലീസ്. ”

ഇല്ലെന്ന് ടീച്ചർ എനിക്ക് ഉറപ്പ് തന്നു. അതുകഴിഞ്ഞ് അവര് ക്ലാസ്സിലേക്കും ഞാൻ ലൈബ്രറിയിലേക്കും പോയി.

ദിവസങ്ങൾ ആഴ്ചകളായി അതുപിന്നെ മാസങ്ങളായി. സ്കൂളും കുട്ടികളും വീടും അച്ഛനുമമ്മയും കടുവയും മറ്റുള്ള കൂട്ടുകെട്ടുകളുമായി എന്റെ ജീവിതവും മുന്നോട്ട് പോയി.
ആയിടയ്ക്കാണ് സ്കൂളിൽ ടൂർനെ കുറിച്ച് ചർച്ച വന്നത്. ഹൈ സ്കൂൾ കുട്ടികൾക്ക്, പ്രധാനമായിട്ടും പത്താം ക്ലാസ്സിന്.

തിരഞ്ഞെടുത്ത സ്ഥലം കുടകായിരുന്നു. കുട്ടികളുടെ തന്നെ അഭിപ്രായമാണ്. ഹെഡ് മാഷും ടീച്ചേഴ്സും സമ്മതിച്ചു.

ഇനി അച്ഛന്റെ സാങ്ക്ഷൻ കിട്ടണം. അതിനു ശേഷം ക്ലാസ്സുകളിൽ അറിയിക്കാമെന്ന് ഹെഡ് മാഷ് പറഞ്ഞു.

മീറ്റിംഗിൽ ഇടയ്ക്കിടെ ഹെഡ് മാഷ് എന്നെ നോക്കുന്നത് കണ്ടപ്പോഴേ തോന്നി എനിക്കെന്തോ പണി വരുന്നുണ്ടെന്ന്.

ഊഹിച്ചതു തന്നെ നടന്നു. അന്ന് വൈകീട്ട് വീട്ടിലേക്ക് പോരുമ്പോൾ ടൂറിനുള്ള സാങ്ക്ഷൻ വാങ്ങിക്കാൻ പേപ്പർസ് എന്നെ ഏൽപ്പിച്ചു. അച്ഛനെ വിളിച്ചു പറഞ്ഞോളാമെന്നും പറഞ്ഞു.

ഗേറ്റ് കടന്ന് അകത്തേക്ക് നടക്കുമ്പോഴേ കണ്ടു അച്ഛനും അമ്മയും കൂടി ഉമ്മറത്ത് ഇരിക്കുന്നത്. അച്ഛന്റെ കൈയിൽ ഒരു ഫയലുണ്ട്.

ഇണപ്രാവുകൾ നല്ല മൂഡിലാണല്ലോ. ഞാനോർത്തു. അപ്പോൾ തന്നെ ബാഗിൽ നിന്നും ടൂർ പ്രോഗ്രാമിന്റെ പേപ്പർ എടുത്ത് അച്ഛനെ ഏൽപ്പിച്ചു.

ഹെഡ് മാഷ് പറഞ്ഞിരുന്നു എങ്കിലും അച്ഛൻ ടൂറിനെ കുറിച്ച് എന്നോടും ചോദിച്ചു. മീറ്റിംഗിൽ നടന്ന ചർച്ച അച്ഛനോട് വിശദീകരിച്ചു.

സൈൻ ചെയ്തുവെക്കാം നാളെ സ്കൂളിലേക്ക് പോകുമ്പോൾ വാങ്ങിച്ചോളാൻ അച്ഛൻ ഇന്നലെ പറഞ്ഞിരുന്നു.

അതുകൊണ്ട് ഔട്ട് ഹൗസിൽ നിന്നും നേരെ അങ്ങോട്ട്‌ കയറിചെന്നു. അച്ഛൻ ടി. വി. കണ്ടിരിക്കുകയായിരുന്നു.അമ്മ അടുക്കളയിലാണെന്ന് തോന്നുന്നു. പേപ്പർ ചോദിച്ചപ്പോൾ അച്ഛൻ മുകളിലേക്ക് കണ്ണുകൊണ്ട് ആംഗ്യം കാണിച്ചു.

അച്ഛൻ ഉദ്ദേശിച്ചത് മനസിലാവാതെ മുകളിലേക്ക് നോക്കിയ ഞാൻ കണ്ടത് കൈയിലൊരു ഫയലുമായി സ്റ്റെയർ ഇറങ്ങിവരുന്ന യുവ ബിസിനസുകാരൻ mr. കടുവ സാറിനെയാണ്. ദൈവമേ എന്താ ഗെറ്റ് അപ്പ് !ഇയ്യാളെന്നെ വഴിതെറ്റിച്ചെ അടങ്ങൂ.

എങ്ങോട്ടാണാവോ ഇത്രയും ഗ്ലാമറായിട്ട്. ആ സൗന്ദര്യത്തിൽ മതിമറന്നുള്ള നിൽപ്പ് കണ്ട് കടുവ തല ഒന്നൂടെ ഉയർത്തിപ്പിടിച്ചു. ഹോ പവറായി.

എന്നാലും ആ മുഖത്തു നിന്നും കണ്ണെടുക്കാൻ തോന്നിയില്ല. അങ്ങനെ തന്നെ നിന്നുപോയി. അപ്പോൾ കടുവ എന്നെനോക്കി ചിരിച്ചുകൊണ്ട് സൈറ്റ് അടിച്ചുകാണിച്ചു.

ഈയിടെയായി കടുവയ്ക്ക് ഈ സൈറ്റ് അടി അൽപ്പം കൂടിയിട്ടുണ്ട്.

വൃത്തിക്കെട്ടവൻ !മറുപടിയായി ഞാൻ കൂർപ്പിച്ചൊരു നോട്ടവും വലതുകൈയിലെ രണ്ടു വിരലുപയോഗിച്ച് ‘കണ്ണ് കുത്തിപ്പൊട്ടിക്കും ‘ മെന്ന ആക്ഷനും കാണിച്ചു.

ഉടനെ വന്നു അടുത്തത്. ആ വഷളൻ കടുവ ഉമ്മ വെക്കുന്ന ആക്ഷനായിരുന്നു എനിക്ക് നൽകിയ മറുപടി.

കണ്ണും തള്ളി വായും പൊളിച്ചു നിൽക്കാനേ എനിക്ക് കഴിഞ്ഞുള്ളു. നാണവും മാനവും ഇല്ലാത്തവൻ.

ഛെ… ഇനിയും താങ്ങാനുള്ള ശേഷിയില്ലാത്തതുകൊണ്ട് ഞാൻ വീണ്ടും അച്ഛനോട് സൈൻ ചെയ്ത പേപ്പേഴ്സ് ചോദിച്ചു.

“അത് ചന്ദ്രുവിന്റെ കൈയിലാണ്. ”

അച്ഛൻ പറഞ്ഞു. അതുകേട്ടു കടുവയെ നോക്കിയപ്പോൾ കടുവ പറഞ്ഞു.

“അച്ഛാ ഞങ്ങൾ ഇറങ്ങാണ്. പ്രിയെ വാ. ”

അയ്യടാ ” പ്രിയെ വാ “.ഇയ്യാള് വിളിക്കുമ്പോൾ കൂടെ പോവാൻ ഞാനാരാ ഇയ്യാൾടെ ഭാര്യയോ? ഹും.

“എങ്ങോട്ട്? എനിക്ക് സ്കൂളിൽ പോണം. ”

“നിന്റെ അമ്മയപ്പന്റെ വീട്ടിലേക്ക്. എങ്ങോട്ടാ ന്നറിഞ്ഞാലേ വരൂ? ”
ഒരു ചാട്ടമായിരുന്നു എന്റെ നേർക്ക്.

“ചന്ദ്രൂ … ”
പെട്ടന്നാണ് അച്ഛൻ ശബ്ദമുയർത്തിയത്. കടുവ എന്തോ അബദ്ധം പിണഞ്ഞതുപോലെ അച്ഛനെ നോക്കുന്നുണ്ടായിരുന്നു.

“ടോ താനെന്താടോ പറഞ്ഞത് പരട്ട കടുവേ? ”
ഞാനും വിട്ടുകൊടുത്തില്ല. ഒന്നുമില്ലേലും എന്റെ അമ്മയച്ഛനെയല്ലേ ആ ദുഷ്ടൻ വിളിച്ചത്?

“നിയ്യെന്താടി എന്നെ വിളിച്ചത്? ”

“എന്താ കേട്ടില്ലേ? ഇനിയും വിളിക്കണോ? ”

“ധൈര്യമുണ്ടെങ്കിൽ ഒന്നൂടെ വിളിക്കടി. ”

“പരട്ടകടുവ പരട്ടകടുവ പരട്ടകടുവ ”

“ടീ…. ”

കടുവ എന്റെ നേർക്ക് പാഞ്ഞുവന്നതും അച്ഛൻ അതിനെയും വിളിച്ചുകൊണ്ടു അടുത്തുകണ്ട റൂമിലേക്ക് പോയി.
കുറച്ചു സമയത്തിന് ശേഷം പുറത്തേക്ക് വന്നപ്പോൾ കടുവയുടെ വലതുചെവി ചുവന്നുതുടുത്ത് കിടപ്പുണ്ടായിരുന്നു.

“വാ പോവാം. ”

“എങ്ങോട്ടാന്നറിയാതെ ഞാൻ തന്റെ കൂടെ വരില്ല. ”

“മോളെ അവനും സ്കൂളിലേക്കാണ്. ഇടയ്ക്കൊന്ന് ചെന്ന് അന്വേഷിക്കണ്ടേ. ഇത്തവണ ചന്ദ്രു പോയിനോക്കാമെന്ന് പറഞ്ഞു. രണ്ടുപേരും ഒരു സ്ഥലത്തേക്കല്ലേ ഒരുമിച്ച് പോവാമെന്ന് ഞാനാ പറഞ്ഞത്. മോള് ചന്ദ്രുന്റെ കൂടെ ചെല്ല്. ”
അച്ഛൻ പറഞ്ഞു.

“അച്ഛാ രാധുവും രാഗിയും… ”

“അവരെ പോകുന്ന വഴിക്ക് കേറ്റാം. നീ വരുന്നെങ്കിൽ വാ. എനിക്ക് ചെന്നിട്ട് വേറെ പണിയുണ്ട്. ”

അതും പറഞ്ഞ് കടുവ തന്റെ ബ്ലാക്ക് കളർ ആഡംബരകാറിൽ കയറിയിരുന്നു. അച്ഛനോടും അമ്മയോടും യാത്ര പറഞ്ഞ് ഞാനും വണ്ടിയിൽ കയറി.

ഡ്രൈവ് ചെയ്യുമ്പോൾ കടുവ ഭയങ്കര സന്തോഷത്തിലായിരുന്നു. ഇടയ്ക്ക് മൂളിപ്പാട്ടും കേൾക്കുന്നുണ്ട്. ഏതോ റിലേ കട്ടയെന്നാ തോന്നണത്.

“സ്കൂളിൽ കാണാൻ കൊള്ളാവുന്ന വല്ല ടീച്ചർമാരും ഉണ്ടോ? കല്യാണം കഴിയാത്തത്. ”

പെട്ടന്നാണ് കടുവ അത് ചോദിച്ചത്. ഞാൻ അന്തം വിട്ട് കടുവയെ നോക്കി. അപ്പോൾ എന്നെ നോക്കി പുരികം പൊക്കിക്കൊണ്ട് വീണ്ടും ചോദിച്ചു.

“ആവോ എനിക്കറിയില്ല. അങ്ങോട്ടല്ലേ വരുന്നത്. നോക്കിക്കോ.”

വായിനോക്കി. അപ്പൊ അതായിരുന്നു ഈ സൗന്ദര്യത്തിന്റെ രഹസ്യം. ഓർത്തപ്പോൾ മൂന്നാലു പേര് കല്യാണം കഴിയാത്തതുണ്ട്.

എന്നെയും രാധുവിനെയും കൂടാതെ. അവരിൽ ആരെയെങ്കിലും ഈ കടുവയ്ക്ക് ഇഷ്ടമാവോ? ഈശ്വര അവരൊക്കെ ഇന്ന് ലീവായിരിക്കണേ. ഹയർ സെക്കന്ററിയിലെ പിള്ളേരും മോശമൊന്നുമില്ല.

ഗ്ലാമർ കണ്ടാൽ പ്രായം പോലും നോക്കാത്ത കൂട്ടരാണ്. ഇയ്യാളെന്നെ ജയിലിൽ കേറ്റും.

ഓരോന്ന് ആലോചിച്ചിട്ട് രാധുവും രാഗിയും വണ്ടിയിൽ കയറിയത് പോലും ഞാനറിഞ്ഞില്ല.

“എന്താ ആരും ഒന്നും മിണ്ടാത്തത് ”

എന്ന കടുവയുടെ ചോദ്യമാണ് ചിന്തകളിൽ നിന്നും എന്നെ ഉണർത്തിയത്. പുറകിലേക്ക് തിരിഞ്ഞു നോക്കിയപ്പോൾ രാധുവും രാഗിയും അനങ്ങാതെ ഇരിപ്പുണ്ട്.

ശ്വാസം വിടുന്നുണ്ടോ ന്ന് പോലും സംശയമാണ്. ചന്ദ്രുവേട്ടനോട് സംസാരിക്കുമെങ്കിലും അവർക്ക് പേടിയാണ് കടുവയെ.

രാധു എന്നെ നോക്കി കണ്ണുരുട്ടുന്നുണ്ട്. എനിക്ക് മനസിലായി – എന്തിനാ ഞങ്ങളെ കൂടി വലിച്ചു കയറ്റിയത് – ന്നാണ് ആ നോട്ടത്തിന്റെ അർത്ഥം.

ഞാനീ കാര്യത്തിൽ നിരപരാധിയാടി ന്ന് ഞാനും നോട്ടത്തിലൂടെ അവളെ അറിയിച്ചു.

സ്കൂളിൽ എത്തിയതും രാധുവും രാഗിയും ജീവൻ കിട്ടിയാൽ മതിന്നുള്ള രീതിയിൽ ഇറങ്ങിയോടി. അവര് പോയ വഴിയിൽ പുല്ല് പോലും മുളയ്ക്കില്ലെന്ന് തോന്നി. ഞാൻ ഇറങ്ങാൻ തുടങ്ങിയതും വലതുകൈയിൽ പിടി വീണിരുന്നു.

“എന്താ ഒരു വിഷമം? ”

“എന്തിന്? എനിക്ക് വിഷമമൊന്നും ഇല്ല. ചന്ദ്രുവേട്ടന് തോന്നുന്നതാ. ”

“പറയാൻ വയ്യെങ്കിൽ നീ പറയണ്ട. പക്ഷെ നിന്റെ മനസിലെ ടെൻഷൻ എന്താണെന്ന് എനിക്ക് മനസിലായി. എന്തായാലും നീ പേടിക്കുന്ന പോലൊന്നും നടക്കില്ല. പോരെ. ”

ചിരിയോടെ എന്റെ കണ്ണുകളിലേക്ക് തന്നെ നോക്കികൊണ്ട് ചന്ദ്രുവേട്ടൻ പറഞ്ഞപ്പോൾ തിരിച്ചൊന്നും പറയാതെ ബലമായി കൈയിലെ പിടി വിടുവിച്ച് ഞാൻ കാറിൽ നിന്നും പുറത്തിറങ്ങി. സ്റ്റാഫ് റൂമിലേക്ക് നടന്നു.

ഇടയ്ക്കൊന്ന് തിരിഞ്ഞു നോക്കിയപ്പോൾ എപ്പോഴും കാണാറുള്ള ആ കുസൃതിചിരിയോടെ എന്നെയും നോക്കി ചന്ദ്രുവേട്ടൻ വണ്ടിയിൽ തന്നെ ഇരിക്കുകയായിരുന്നു.

ആദ്യ പീരിയഡ് കഴിഞ്ഞ് അടുത്ത ക്ലാസ്സിലേക്ക് പോകുമ്പോൾ ഹെഡ് മാഷുടെ റൂമിന് മുന്നിൽ ചന്ദ്രുവേട്ടൻ ഒരു കുട്ടിയെ എടുത്ത് നിൽക്കുന്നത് കണ്ടു. സൂക്ഷിച്ചു നോക്കിയപ്പോൾ അത് ആവണിക്കുട്ടിയാണെന്ന് മനസിലായി.

രണ്ടുപേരും കൂട്ടായ ലക്ഷണമാണ്. എന്തൊക്കെയോ പരസ്പരം ചിരിച്ചു കളിച്ചു സംസാരിക്കുന്നതും ഉമ്മ വെക്കുന്നതുമൊക്കെ കാണുന്നുണ്ട്.

മോൾടെ കൈയിൽ വലിയൊരു ചോക്ലേറ്റും ഉണ്ട്. കടുവ ആ കുട്ടിയെ കറക്കിയെടുത്തു. അടി കിട്ടിയത് എനിക്കും ചോക്ലേറ്റ് അവൾക്കും.

ഓഫീസിൽ നിന്നും ശ്രീല ടീച്ചർ പുറത്തു വന്നപ്പോൾ മോളെ ടീച്ചറെ ഏൽപ്പിച്ച് റ്റാറ്റയും കൊടുത്ത് ചന്ദ്രുവേട്ടൻ പോകുന്നത് കണ്ടു.

കാറിനടുത്തെത്തിയ കടുവ ഡോർ തുറന്നു പിടിച്ച് സ്കൂൾ മുഴുവനും നോക്കുന്നുണ്ടായിരുന്നു. ആരെയോ തിരയുന്നത് പോലെ.

തിരച്ചിലിനൊടുവിൽ എന്നിൽ ആ മിഴികൾ പതിഞ്ഞതും തലയാട്ടികൊണ്ട് പോകുവാണെന്ന് പറഞ്ഞു. പെട്ടന്ന് ആ സമയത്തെ തോന്നലിൽ ശെരിയെന്ന് ഞാനും തലയാട്ടി.

എന്തോ അങ്ങനെ ചെയ്യാനാണ് അപ്പോൾ തോന്നിയത്. മനസ്സിൽ വല്ലാത്തൊരു സന്തോഷം തോന്നി.

പതിയെ അതെന്റെ ചുണ്ടിലൊരു പുഞ്ചിരിയായി വിരിഞ്ഞു. ചന്ദ്രുവേട്ടൻ പോയതും ഞാൻ ക്ലാസ്സിലേക്കും പോയി.

(തുടരും )

Mr. കടുവ : ഭാഗം 1

Mr. കടുവ : ഭാഗം 2

Mr. കടുവ : ഭാഗം 3

Mr. കടുവ : ഭാഗം 4

Mr. കടുവ : ഭാഗം 5

Mr. കടുവ : ഭാഗം 6

Mr. കടുവ : ഭാഗം 7

Mr. കടുവ : ഭാഗം 8

Mr. കടുവ : ഭാഗം 9

Mr. കടുവ : ഭാഗം 10

Mr. കടുവ : ഭാഗം 11

Mr. കടുവ : ഭാഗം 12

Mr. കടുവ : ഭാഗം 13

Mr. കടുവ : ഭാഗം 14

Mr. കടുവ : ഭാഗം 15

Mr. കടുവ : ഭാഗം 16

Mr. കടുവ : ഭാഗം 17

Mr. കടുവ : ഭാഗം 18

Mr. കടുവ : ഭാഗം 19

Mr. കടുവ : ഭാഗം 20

Mr. കടുവ : ഭാഗം 21

Mr. കടുവ : ഭാഗം 22

Mr. കടുവ : ഭാഗം 23

Mr. കടുവ : ഭാഗം 24