Sunday, October 6, 2024
Novel

ജീവാംശമായ് : ഭാഗം 10 – അവസാനിച്ചു

നോവൽ
******
എഴുത്തുകാരി: അനന്യ ആദി

“ഇനി ഈ വേദന ഓർക്കേണ്ട… ഓർക്കണമെന്നു നിർബന്ധമാണെങ്കിൽ ഞാൻ നൽകിയ ഈ ചുംബനം മാത്രം ഓർത്താൽ മതി.

ഇനി ഈ പൊള്ളിയ പാട് എന്റെ സ്നേഹത്തിന്റെ മുദ്ര ആയി മാത്രമേ താൻ ഓർക്കാവൂ…”

ഞാൻ ശരത്തേട്ടനെ നോക്കുകയായിരുന്നു… ഇത്ര ചുരുങ്ങിയ ദിവസം കൊണ്ട് എന്നെ എത്ര മനസ്സിലാക്കിയിരിക്കുന്നു…

പെട്ടന്നൊരു ഉൾപ്രേരണയാൽ ഞാൻ ശരത്തേട്ടനെ കെട്ടിപ്പിടിച്ചു…. ആ നെഞ്ചിൽ തല ചേർത്തു…

“ഈ മഴ ഇനിയും തോർന്നില്ലേ ?”
എന്റെ കണ്ണുനീർ ഷർട്ട് നനയിച്ചുവെന്നു തോന്നുന്നു..

മുഖമുയർത്തി ഞാൻ നോക്കിയതും ആ മുഖത്ത് വീണ്ടും ഒരു കുസൃതി ചിരി വിരിഞ്ഞു.

കണ്ണ് തുടച്ചിട്ട് അതേ പോലെ ആ നെഞ്ചിൽ മുഖം ചേർത്തു ഞാൻ കിടന്നു…. ഇതുവരെ അറിയാത്ത ഒരു കരുതൽ ഞാൻ അനുഭവിച്ചു…

“ശരത്തേട്ടാ….”

“ഉം…. മിത്ര ഒന്നും വന്നില്ലല്ലോ ഇന്ന്…”

“ഇല്ല… അവർ അറിഞ്ഞില്ലല്ലോ….”

“ഇനിയിപ്പോൾ വരുമ്പോൾ ബഹളം വെക്കില്ലേ….?”

“വെക്കട്ടെ…. വന്ന് നേരിൽ കാണട്ടെ….

അല്ലെങ്കിലും ഇടക്ക് ഒരു റീസെപ്ഷൻ വെക്കാതിരിക്കാൻ പറ്റുമെന്ന് തോന്നുന്നില്ല…
കോളേജിൽ ആരേം അറിയിച്ചില്ലല്ലോ….”

“ഉം….”

“മിത്രക്കിട്ട് കൊടുക്കാനായി ഒരടി ഞാൻ ഓങ്ങി വെച്ചിട്ടുണ്ട്…”

“അടിക്കാൻ ഒന്നും പോവണ്ട…”

“തനിക്ക് ദേഷ്യമില്ലേ അവളോട്? അവൾ തെറ്റ് ചെയ്താൽ തിരുത്താനുള്ള അധികാരം എനിക്കുണ്ട്… ”

“എനിക്കും ദേഷ്യവും സങ്കടവും ഒക്കെയുണ്ട്…. പക്ഷെ ഇപ്പോൾ എൻറെ ഏറ്റവും വലിയ സന്തോഷം ഇവിടെയാണ്… ”

ആ നെഞ്ചിലേക്ക് ഒന്നുകൂടി ചേർന്നു കൊണ്ട് ഞാൻ പറഞ്ഞതും ഒരു കൈ കൊണ്ട് എന്നെ പൊതിഞ്ഞു പിടിച്ചു.

പിന്നീടുള്ള ദിവസങ്ങളിൽ ഞാൻ അറിഞ്ഞു എന്നോടുള്ള കരുതലും സ്നേഹവും…. ഒരച്ഛന്റേം അമ്മയുടെയും സ്നേഹം ആവോളം നൽകാൻ ടീച്ചറമ്മയും മാഷും…

എല്ലാ സങ്കടങ്ങളും ശരത്തേട്ടൻ ഏറ്റെടുത്തുവെന്ന് തോന്നുന്നു. മനസിന്റെ ഭാരം കുറെ കുറഞ്ഞു…

എന്റെ ചെറിയ ചെറിയ ഇഷ്ടങ്ങൾ പറയാതെ തന്നെ അറിഞ്ഞും പ്രണയത്തോടൊപ്പം വാത്സല്യവും എന്നിലേക്ക് ചൊരിഞ്ഞു കൊണ്ട് ശരത്തേട്ടൻ ഒരു അത്ഭുതമായി …

ഒരിക്കൽ ഉച്ചക്ക് ചോറൂണിന് ശേഷം സംസാരിച്ചിരിക്കുമ്പോളാണ് ഫോൺ ശബ്ദിച്ചത്…അമ്മയുടെ അടുത്തു നിന്നും എണീറ്റ് ഫോൺ എടുത്തു…

“ആരാ മോളെ വിളിച്ചത്…?”

“അത് അമ്മേ… ബാംഗ്ലൂർ നിന്നാണ്… ജയദേവൻ അങ്കിൾ… നമ്മുടെ ഫാമിലി ഫ്രണ്ട് ആണ്… തൊട്ട് അടുത്താണ് താമസിക്കുന്നത്….

മരണ വിവരം ഇവിടുന്ന് വല്യച്ഛനും ചെറിയച്ഛനും വിളിച്ചറിയിച്ചിരുന്നു… അച്ഛന്റേം അമ്മയുടേം കോണ്ടാക്ട് ലിസ്റ്റിൽ ഉള്ള കുറച്ചു പേരെ അവർ വിളിച്ചറിയിച്ചിരുന്നു എന്നു പറഞ്ഞു. പിന്നെ അന്ന് ബോഡി അധികം സമയം വെച്ചില്ലല്ലോ… അതുകൊണ്ട് അവർ വന്നാലും കാണാൻ പറ്റില്ലായിരുന്നു… ”
നിറഞ്ഞ കണ്ണുകൾ തുടച്ചു കൊണ്ട് ഞാൻ ചെറുതായി പുഞ്ചിരിച്ചു…

“പിന്നെ അങ്കിളും ആന്റിയും ഡോക്ടർസ് ആണ്… അതുകൊണ്ട് തിരക്കുമുണ്ട്…

ഇടക്ക് അങ്ങോട്ട് ഒന്നു ഇറങ്ങാൻ പറഞ്ഞു… അവിടുത്തെ അപാർട്മെന്റ് ഒക്കെ അങ്ങനെ കിടക്കുവല്ലേ… ആഴ്ചയിൽ ഒരിക്കൽ ഒരാൾ വന്നു വൃത്തിയാക്കുന്നുണ്ടെന്നു പറഞ്ഞു .. നമ്മൾ കീ അങ്കിളിന്റെ അടുത്തു കൊടുത്തിട്ടാണ് പോന്നത് ….”

“ആഹാ… അത് നല്ല ഒരു കാര്യമാണല്ലോ…നിങ്ങൾ കല്യാണം കഴിഞ്ഞു എവിടെയും പോയില്ലല്ലോ… ശരത് വായനശാലയിൽ പോയതല്ലേ… വരുമ്പോൾ ഞാൻ പറയാം…”

മാഷ് പറഞ്ഞപ്പോൾ എനിക്കൊരു സന്തോഷം തോന്നി…
എന്റെ ജീവിതത്തിന്റെ ഭൂരിഭാഗം ചെലവഴിച്ചതാവിടെയാണ്….
ഒരുപാട് ഓർമകളുണ്ട്…. ഒരിക്കൽ കൂടി അവിടെയൊന്ന് പോകാൻ ഞാൻ ആഗ്രഹിച്ചിരുന്നു.

ശരത്തേട്ടനോട് പറഞ്ഞപ്പോൾ ശരത്തേട്ടനും സമ്മതം…. കോളേജും തുറക്കാറായി വരുന്നു… അതിനു മുൻപ് പോയി വരാം എന്ന് തീരുമാനിച്ചു.

❇️❇️❇️❇️❇️❇️❇️❇️❇️❇️❇️

അടുത്ത ദിവസം തന്നെ എല്ലാവരോടും യാത്ര പറഞ്ഞു ബാംഗ്ളൂർക്ക് തിരിച്ചു….

വൈകിട്ടാണ് അവിടെയെത്തിയത്…
നേരെ ജയദേവനങ്കിളിന്റെ അപാർട്മെന്റിലേക്ക് ആണ് പോയത്…

എന്നെ വിഷമിപ്പിക്കണ്ട എന്നു കരുതിയാണെന്നു തോന്നുന്നു അച്ഛന്റേം അമ്മയുടെയും അധികം കാര്യങ്ങൾ ഒന്നും പറഞ്ഞില്ല… ആന്റി ഞങ്ങൾക്കായി ഡിന്നർ ഒരുക്കിയിരുന്നു….

ശരത്തേട്ടനെ രണ്ടു പേർക്കും ഒരുപാട് ഇഷ്ടമായി…. എന്റെ കാര്യത്തിൽ ആത്മാർത്ഥമായി വിഷമിച്ചിരുന്ന രണ്ടുപേരാണ് ഈ അങ്കിളും ആന്റിയും…
ശരത്തേട്ടനും അവരെ ഇഷ്ടായി….
രാത്രി അവിടെ കിടക്കാൻ നിർബന്ധിച്ചെങ്കിലും വീട്ടിലേക്ക് പോവാൻ മനസ് വെമ്പുകയായിരുന്നു… അത് മനസിലാക്കിയെന്നോണം അങ്കിളും ആന്റിയും സമ്മതിച്ചു…

ഡോർ തുറക്കാൻ ശ്രമിക്കുമ്പോൾ കൈകൾ വിറച്ചിരുന്നു…. ഓർമകളുടെ ഒരു വേലിയേറ്റം തന്നെയുണ്ടായി…. അച്ഛന്റെ നിധീ എന്നുള്ള വിളി കാതിൽ മുഴങ്ങുന്നു….

എന്റെ അവസ്‌ഥ മനസിലാക്കി എന്നോണം ശരത്തേട്ടൻ എന്നെ ചേർത്തു പിടിച്ചു… അകത്തു കയറിയപ്പോൾ എല്ലാം വൃത്തിയായി വെച്ചിരിക്കുന്നു… നമ്മൾ പോയപ്പോൾ ഉണ്ടായിരുന്നത് പോലെ തന്നെ….

അച്ഛന്റേം അമ്മയുടേം ഗന്ധം ഇപ്പോളും അവിടെയൊക്കെ നിലനിൽക്കുന്നത് പോലെ…. ഞങ്ങൾ മൂന്നുപേരും കൂടിയുള്ള ഫോട്ടോകൾ ഭംഗിയായി വെച്ചിട്ടുണ്ട്… അതിലൂടെ കൈയൊടിച്ചു….
നിയന്ത്രിക്കാൻ കഴിഞ്ഞില്ല… കണ്ണ് നിറഞ്ഞൊഴുകുകയാണ്….

“ആദി കൊച്ചേ… നീ ഇങ്ങനെ കരഞ്ഞാൽ അച്ഛനും അമ്മയും ഓർക്കുമല്ലോ ഞാൻ അവരുടെ മകളെ സന്തോഷമായി വെക്കുന്നില്ലെന്നു…. ”

പിന്നിൽ നിന്നും എന്റെ തോളിൽ പിടിച്ചു കൊണ്ട് ശരത്തേട്ടൻ അത് പറഞ്ഞതും ഞാൻ വേഗം തിരിഞ്ഞു…ചൂണ്ടു വിരൽ കൊണ്ട് ആ നെഞ്ചിൽ തൊട്ടുകൊണ്ട് പറഞ്ഞു…

“അവർക്ക് അറിയാം ഞാൻ ഇപ്പോൾ ഏറ്റവും അധികം സന്തോഷിക്കുന്നത് ഇവിടെയാണെന്ന്… അതുകൊണ്ട് അവർ ശരത്തേട്ടനെ കുറ്റപ്പെടുത്തില്ല…”

“ആണോ…. ?”

“ഉം…”

“പിന്നെയും എന്തിനാ കൺകോണിൽ ഒരു നനവ്..?”

“എത്രയൊക്കെയായാലും എനിക്ക് മറക്കാൻ പറ്റുമോ ശരത്തേട്ടാ?”

“അതിനു മറക്കാൻ അല്ലല്ലോ പറഞ്ഞേ….” എന്നെ ചേർത്തു പിടിച്ചു കൊണ്ട് പറഞ്ഞു… “നമ്മൾ സന്തോഷത്തോടെ ജീവിക്കുന്നത് കാണാനാ അവർക്കും ഇഷ്ടം… അതുകൊണ്ട് കരഞ്ഞു കരഞ്ഞു ഇനി അവരെ വിഷമിപ്പിക്കരുത്…”

“ഉം…” നെഞ്ചിൽ നിന്നും തലയുയർത്താതെ തന്നെ ഞാൻ മൂളി…
കുറച്ചു സമയം അങ്ങനെ തന്നെ നിന്നു…
കുറച്ചു കഴിഞ്ഞു തലയുയർത്തി ശരത്തേട്ടനെ നോക്കി….

എന്താണെന്ന് പുരികം പൊക്കിക്കൊണ്ട് ചോദിച്ചു…

ഞാൻ ഒരു വിരൽ കൊണ്ട് എന്റെ നെറ്റിയിൽ തൊട്ടു…

“വേണോ?” ഒരു ചിരിയോടെ ചോദിച്ചു…

“ഉം…”

നെറ്റിയിൽ അമർത്തി ചുംബിച്ചു…. അതൊരു ആശ്വാസമായിരുന്നു എനിക്ക്… ഇടക്കൊക്കെ ഞാൻ ഈ ചുംബനം ആഗ്രഹിക്കുന്നു….

ആ മുഖം എന്റെ അധരങ്ങളെ ലക്ഷ്യമാക്കി നീങ്ങിയതും ഒരു പിടച്ചിലോടെ ഞാൻ മുഖം മാറ്റി…

“സോറി…. ഞാൻ അറിയാതെ…”

ശരത്തേട്ടനും വാക്കുകൾ കിട്ടാതെ വിഷമിക്കുകയായിരുന്നു… കുറ്റബോധത്തോടെ എന്നെ നോക്കുന്ന ആ കണ്ണുകളെ നേരിടാൻ എനിക്കായില്ല….

പതിയെ എന്നിൽ നിന്നും അകന്നു മാറാൻ തുടങ്ങിയ ശരത്തേട്ടന്റെ കയ്യിൽ ഞാൻ മുറുകെ പിടിച്ചു…

“സോറി…. പ്രാണനേക്കാൾ സ്നേഹിക്കുന്നുണ്ട് ഞാൻ… പക്ഷെ പെട്ടന്നെന്തോ….. ” ഞാൻ വീണ്ടും കരയാൻ തുടങ്ങിയിരുന്നു…

“എന്റെ ആദികൊച്ചേ … ഇതിലിത്ര കരയാൻ ഒന്നുമില്ല… തന്റെ പൂർണ സമ്മതം ലഭിച്ചതിനു ശേഷമേ ഞാൻ….. അതിന് എത്ര സമയം വേണമെങ്കിലും എടുത്തോ താൻ….

പക്ഷേ അതുവരെ എന്റെ ചെറിയ കുസൃതിയൊക്കെ സഹിച്ചേ പറ്റൂ താൻ..” അതും പറഞ്ഞു എന്റെ കവിളിൽ ചുംബിച്ചു…

അതുവരെയുള്ള സങ്കടം എന്നിൽ നിന്നും അകന്നു… ആ കണ്ണുകളിൽ പഴയ കുസൃതി ചിരി കണ്ടതും എന്റെ ചുണ്ടിലും ഒരു ചിരി വിരിഞ്ഞു…

പിറ്റേന്ന് കുറച്ചു സാധനങ്ങളൊക്കെ മേടിക്കാനായി സൂപ്പർ മാർക്കറ്റിലേക്ക് ഇറങ്ങി…രാവിലത്തെ ഭക്ഷണം ആന്റി തന്നിരുന്നു…. ഉച്ചക്കത്തേക്ക് ഞങ്ങൾ ഉണ്ടാക്കിക്കോളാം എന്നു പറഞ്ഞു….

അത്യാവശം വേണ്ട സാധനങ്ങളൊക്കെ മേടിച്ചു പുറത്തിറങ്ങി… വണ്ടിയിൽ കയറാൻ തുടങ്ങിയപ്പോളാണ് ആരോ പുറകിൽ നിന്നു തോളിൽ പിടിച്ചത്…

ഒരു സാരി ഉടുത്ത സ്ത്രീ… നല്ല പരിചയം തോന്നിയെങ്കിലും ആളെ പെട്ടന്ന് മനസിലായില്ല…

വണ്ടിയിൽ കയറാൻ തുടങ്ങിയ ശരത്തേട്ടൻ വേഗം എന്റെ അടുത്തേക്ക് വന്നു…

എന്റെ കയ്യിലുള്ള കവറുകൾ വാങ്ങി….

“അമ്മ…” എന്റെ ചുണ്ടുകൾ മന്ത്രിച്ചു….

ശരത്തേട്ടൻ ഒരു സംശയത്തോടെ എന്നെ നോക്കി…

“വിവേകിന്റെ അമ്മ….” ഞാൻ അറിയാതെ തന്നെ ശബ്ദം പുറത്തേക്ക് വന്നു.

ഞാൻ അവരെ നോക്കി…. ആകെ ക്ഷീണിച്ചിരിക്കുന്നു… പഴയ പ്രതാപമൊന്നുമില്ല…

എന്റെ കഴുത്തിലെ താലിമാലയും നെറ്റിയിലെ സിന്ദൂരവും നോക്കി… ആ മുഖത്തൊരു ചെറിയ സന്തോഷം വന്നതായി തോന്നി…

“ഭർത്താവാണോ…?” ശരത്തേട്ടനെ നോക്കി ചോദിച്ചു…

“അതേ…” ശരത്തേട്ടൻ തന്നെയാണ് മറുപടി പറഞ്ഞത്….

“നല്ല കുട്ടിയാണ്…. വിഷമിപ്പിക്കരുത്…” ശരത്തേട്ടനെ നോക്കി എന്നെക്കുറിച്ചു പറയുമ്പോളും ഞാൻ ആ മാറ്റം കാണുകയായിരുന്നു…

“വിവേക് ഇപ്പോൾ എവിടെയാണ്….? ” ഞാൻ ചോദിക്കണമെന്നു ആഗ്രഹിച്ചതാണ് ശരത്തേട്ടൻ ചോദിച്ചത്…

ശരത്തേട്ടന് എല്ലാം അറിയുമോ എന്ന രീതിയിൽ അവർ എന്നെ നോക്കി…. ഞാൻ അറിയാമെന്ന് തലയനക്കി.

“അവനും രാഹുലും ഇപ്പോൾ ഡൽഹിയിലാണ്…. അവൻ രാഹുലിന്റെ കൂടെയാണ് ജീവിക്കാൻ ആഗ്രഹിക്കുന്നതെന്ന് എല്ലാവരോടും പറഞ്ഞു…

അവൻ പറഞ്ഞപ്പോളാണ് അവന്റെ വിഷമം എനിക്ക് മനസ്സിലായത്…. ഒരു പെണ്ണ് കെട്ടിയാൽ എല്ലാം മാറും എന്നു വിചാരിച്ച ഞങ്ങളാണ് തെറ്റുകാർ….

അവൻ മോളോട് അങ്ങനൊക്കെ ചെയ്തതിനു കാരണം ഞങ്ങളാണ്… ഞാനും അവന്റെ അച്ഛനും സ്റ്റാറ്റസ് നോക്കിയതാണ് പ്രശ്നമായത്….

അവൻ ഡ്രഗ്സ് ഉപയോഗിക്കാനും ഒരു പരിധി വരെ കാരണം ഞങ്ങൾ തന്നെയാണ്…

ബന്ധുക്കൾ ഒക്കെ ഒറ്റപ്പെടുത്തി… കുറച്ചു പേരൊക്കെ അംഗീകരിച്ചെങ്കിലും നമ്മുടെ സമൂഹത്തിന് ആണും ആണും തമ്മിലുള്ളബന്ധം അംഗീകരിക്കാൻ പറ്റില്ലല്ലോ….”

ഒരു നിർവികാരതയോടെയണ് അത്രയും പറഞ്ഞത്..

അത് കണ്ടപ്പോൾ പാവം തോന്നി… വീട്ടിലേക്ക് വരാൻ പറഞ്ഞിട്ട് സമ്മതിച്ചില്ല… അച്ഛൻ കടയിലുണ്ടത്രേ…. അമ്മ എന്നെക്കണ്ടപ്പോൾ ഇറങ്ങി വന്നതാണ്…

“ഇപ്പോൾ ഡ്രഗ്സ് ഉപയോഗം ഇല്ലെന്നാണ് അറിഞ്ഞത്…

അവന്റെ കൂട്ടുകാരിൽ ഒരാളെ പോലീസ് പിടിച്ചു…. ഡ്രഗ്സ് കടത്തിയതിന്…. ഒരു ജീവൻ…”

ആ പേര് കേട്ടതും ഞാൻ ശരത്തേട്ടനെ ഒന്നു നോക്കി…. അത് മനസിലയെന്ന പോലെ തോളിലൂടെ കൈയിട്ട് എന്നെ ചേർത്തു നിർത്തി…

ജീവൻ എന്നോട് ചെയ്തതൊന്നും അവന്റെ അമ്മക്കും അച്ഛനും അറിയില്ല…

“പിന്നെ വിവേക് ഇപ്പോൾ ഒരു ഗേ ആണെന്ന് എല്ലാവരോടും വെളിപ്പെടുത്തിയപ്പോൾ തന്നെ അവന്റെ പകുതി വിഷമം മാറി എന്നു തോന്നുന്നു….

അവർ ഹാപ്പിയായി ജീവിക്കുന്നു എന്നാണ് അറിഞ്ഞത്….”

“വിവേക് വിളിക്കാറില്ലേ?”

“എന്നെ മാത്രം വിളിക്കും…. അച്ഛന് അറിയില്ല എന്നെ വിളിക്കുന്ന കാര്യം….

അച്ഛനോട് അവനു ദേഷ്യമാണ്… അച്ഛന് അവനോടും…. കുടുംബത്തിന് നാണക്കേടുണ്ടാക്കിയ മകൻ ആയിട്ടാണ് അച്ഛൻ ഇപ്പോളും അവനെ കാണുന്നത്….
പക്ഷെ എനിക്ക് അത് പറ്റില്ലല്ലോ….”

അത് പറഞ്ഞതും അമ്മ കരഞ്ഞു തുടങ്ങിയിരുന്നു… എന്തു പറയാണമെന്നറിയാതെ ഞങ്ങൾ വിഷമിച്ചു നിന്നു…

മോളോട് ചെയ്തതിന്റെ ഫലമായിരിക്കും ഞങ്ങൾ അനുഭവിക്കുന്നത്… ആകെയുണ്ടായിരുന്ന ഒരു മകൻ…അവനെ ഇങ്ങനെയാക്കിയത്തിൽ ഞങ്ങൾക്കും ഒരു പങ്കുണ്ട്….
ഞാൻ ഇപ്പോൾ അംഗീകരിച്ചു കഴിഞ്ഞു… അതുകൊണ്ട് സമൂഹം പറയുന്നത് അധികം എന്നെ ബാധിക്കാറില്ല….

മോൾടെ കാര്യമോർത്തു ഞങ്ങൾക്ക് ഒരുപാട് വിഷമം ആയിരുന്നു…. മോൾടെ ജീവിതം അറിഞ്ഞു കൊണ്ട് നശിപ്പിച്ചതല്ലേ ഞങ്ങൾ….”

“വൈകിയാണെങ്കിലും അമ്മക്ക് വിവേകിന്റെ അവസ്‌ഥ മനസിലാക്കാൻ പറ്റുന്നുണ്ടല്ലോ…. സാരമില്ല… അച്ഛനും ഒരിക്കൽ മനസിലാവും…

പിന്നെ എന്റെ കാര്യമോർത്തു വിഷമിക്കണ്ട… ഞാൻ ഇപ്പോൾ ഹാപ്പിയാണ്” ശരത്തേട്ടനോട് ഒന്നുകൂടി ചേർന്നു നിന്നു കൊണ്ട് ഞാൻ പറഞ്ഞു…

അപ്പോളേക്കും അച്ഛൻ ഇറങ്ങി വന്നു… അമ്മ പെട്ടന്ന് കണ്ണു തുടച്ചു. എന്നെ കണ്ടതും എന്ത് പറയണം എന്നറിയാതെ വിഷമിക്കുന്നത് ഞാൻ കണ്ടു…

“വൈകിയാണ് മാധവന്റെയും നിമ്മിയുടെയും കാര്യം അറിഞ്ഞത്…. ഒന്ന് വരാൻ പറ്റിയില്ല….” ഒരു ക്ഷമാപണം പോലെ അച്ഛൻ എന്നോട് പറഞ്ഞു…

മറുപടിയായി ഞാൻ ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു…

ശരത്തേട്ടനെ സംശയത്തോടെ നോക്കിയ അച്ഛന് മറുപടി നൽകിയതമ്മയാണ്…

“ആദിയുടെ ഹസ്ബൻഡ് ആണ്…”

ചെയ്‌ത തെറ്റിന്റെ ആഴമറിഞ്ഞു കൊണ്ടാവണം ശരത്തേട്ടനെ കണ്ടപ്പോൾ അദ്ദേഹത്തിന്റെ മുഖത്ത് ഒരു സമാധാനം പ്രകടമായി …

വീട്ടിലെത്തിയപ്പോൾ മുതൽ ഞങ്ങൾ പാചകത്തിലാണ്… ചെറിയ സഹായങ്ങൾ ചെയ്തു കൊണ്ട് ശരത്തേട്ടൻ അടുക്കളയിൽ തന്നെയുണ്ടായിരുന്നു… ശരത്തേട്ടന്റെ കൂടെയുള്ള ഓരോ നിമിഷങ്ങളും മനോഹരമായി എനിക്ക് തോന്നി…..കറി വെച്ചു കൊണ്ടിരുന്നപ്പോളാണ് ഒരു കാര്യം പറയാൻ ഓർത്തത്…

“ശരത്തേട്ടാ….”

“എന്തോ…”

“എന്റെ കുറച്ചു ഗോൾഡ്‌ ഇവിടെ ലോക്കറിൽ ഇരിപ്പുണ്ട്… അടുത്ത ദിവസം അതെടുക്കണം…
എന്നിട്ട് അമ്മ വളർന്ന ഓർഫനേജിൽ പോണം…
നമ്മൾ കല്യാണം കഴിഞ്ഞിട്ട് പോയതും ഇല്ലല്ലോ….

ആ ഗോൾഡ്‌ കുറച്ചു കുട്ടികളുടെ കല്യാണം നടത്താൻ ഉപകരിക്കുവാരിക്കും … നമുക്ക് അതിന്റെ ആവശ്യം ഇല്ലല്ലോ…”

“അങ്ങനെ ചെയ്യാലോ… എത്രയും പെട്ടന്ന് തന്നെ പോകാം”

“രണ്ടു പേരും സഹജീവികളോട് സ്നേഹം ഉള്ളവരായത് കൊണ്ട് ചാരിറ്റി വർക്ക് ഒക്കെ നേരത്തെയും ചെയ്തിരുന്നു…
ബാക്കിയുള്ളതൊക്കെ എന്റെ പേരിൽ ഉണ്ട് കേട്ടോ…”

“ആയിക്കോട്ടെ കേട്ടോ… എനിക്ക് ഈ പെണ്ണിനെ മാത്രം മതി…” അതും പറഞ്ഞു എന്റെ തലയിൽ സ്നേഹത്തോടെ ഒന്നു തട്ടി…

രാത്രി ബാൽക്കണിയിൽ നിൽക്കാൻ ഒരു പ്രത്യേക സുഖമാണ്.. ബാംഗ്ലൂർ മുഴുവൻ കാണാമെന്നു തോന്നും…. എല്ലായിടത്തും ലൈറ്റുകൾ തെളിഞ്ഞു കാണാം….

“എന്താണ് ശ്രീമതി… ഇവിടെ നിന്ന് കാഴ്ച കാണുന്നെ…. ഇന്ന് ഉറങ്ങാനുള്ള പ്ലാൻ ഒന്നുമില്ലേ?”

“നല്ല രസല്ലേ ഇവിടെ നിൽക്കാൻ…”

“ശരിയാണ്…. നല്ല ഭംഗി ഉണ്ടല്ലോ….

വിവേകിന്റെ കാര്യമോർക്കുമ്പോൾ ഒരു ആശ്വാസം തോന്നുന്നുണ്ടല്ലേ തനിക്ക്….?”

“ശരിക്കും…. ഇങ്ങനെ എത്ര പേർ കാണുമല്ലേ സ്വന്തം സ്വത്വം പുറത്ത് പറയാൻ കഴിയാത്തവർ…. ഇനി അവന് ഡ്രഗ്സ് ഒന്നും വേണ്ടി വരില്ലാരിക്കും…. അന്നും എന്നെ ഫേസ് ചെയ്യാൻ വേണ്ടിയായിരുന്നു ഉപയോഗിച്ചിരുന്നത്…. ഇനി അഡിക്റ്റഡ് ആയി കാണുമോ?”

“ഏയ്…. ഉപയോഗം കുറച്ചു എന്നല്ലേ ആ അമ്മ പറഞ്ഞത്….”

“ഉം…”

“എനിക്കൊന്ന് കാണണം എന്നുണ്ടായിരുന്നു വിവേകിനെ…?”

“എന്തിന്…. വഴക്കുണ്ടാക്കാനോ?” ഞാൻ സംശയത്തോടെ നോക്കി…

“വഴക്കിനോ….. ഒരിക്കലും അല്ല…. രണ്ടടി ഞാൻ കൊടുക്കും… അത് അവൻ അർഹിക്കുന്നുണ്ട്…
എന്നിട്ട് അവനെ കെട്ടിപ്പിടിച്ചു ഒരു വലിയ തങ്ക്യു പറയും….?”

“എന്തിന്?”

“അവൻ ഇങ്ങനെ ആയതു കൊണ്ടല്ലേ എനിക്ക് തന്നെ കിട്ടിയത്…. വല്ലോ നല്ല ചെക്കനും ആയിരുന്നെങ്കിൽ എന്റെ പ്രിയതമ ഇപ്പോൾ എന്റെ കൂടെ കാണുമായിരുന്നോ…? ” എന്റെ മൂക്കിൽ പിടിച്ചു വലിച്ചു കൊണ്ട് അത് ചോദിച്ചപ്പോൾ ഞാനും ചിരിക്കാൻ തുടങ്ങി…

എത്ര പെട്ടെന്നാണ് ശരത്തേട്ടന് എന്നെ മനസിലാക്കാൻ കഴിയുന്നത്…. എന്റെ മൂഡ് തന്നെ മാറ്റാൻ കഴിയുന്നു… അച്ഛനും അമ്മയും ഒത്തിരി ഒത്തിരി സന്തോഷിക്കുന്നുണ്ടാവും…

കുറച്ചു സമയം രണ്ടുപേരും പുറത്തേക്ക് നോക്കി നിന്നു…

” ശരത്തേട്ടനുറക്കം വരുന്നുണ്ടോ…?”

“ഉണ്ടോന്ന് ചോദിച്ചാൽ…. അല്പം വരുന്നുണ്ട്… പക്ഷെ കുറച്ചു കാലം കൊണ്ട് ഒരു പെണ്ണ് നെഞ്ചിൽ കയറി…. അവളാണേൽ കെട്ടിയ അന്ന് മുതൽ ഈ നെഞ്ചിൽ കിടന്നാണ് ഉറങ്ങണേ….
ഇപ്പോൾ അവളിവിടെ മാനം നോക്കി നിൽക്കുമ്പോൾ ഞാൻ എങ്ങനെ ഉറങ്ങും…?”

ഒരു കള്ള ചിരിയോടെ എന്നെ വലിച്ചു ആ നെഞ്ചിലേക്കിട്ടു… എന്നിട്ടു പറഞ്ഞു
“ഇങ്ങനെ ചേർന്നാൽ എവിടെ കിടന്നാലും ഞാൻ ഉറങ്ങും….”

അത് കേട്ടതും ഞാൻ ചിരിച്ചു… ഇപ്പോൾ ഈ നെഞ്ചിന്റെ ചൂടില്ലാതെ എനിക്കും പറ്റില്ലെന്നായിരിക്കുന്നു…

പെട്ടന്നൊരു തോന്നലിൽ ഞാൻ ആ നെഞ്ചിൽ ചുണ്ടുകൾ ചേർത്തു….

“ആഹാ… പ്രതീക്ഷിക്കാത്തൊരു മധുരം…”
ശരത്തേട്ടൻ അത് പറഞ്ഞപ്പോൾ ഞാൻ ചമ്മലോടെ ഞാൻ മുഖം മാറ്റി…
അകന്നു മാറാൻ ശ്രമിക്കവേ അരയിൽ ചുറ്റി പിടിച്ചു…

ഒരു തരത്തിലും രക്ഷയില്ലെന്നു കണ്ടു ഞാൻ ശരത്തേട്ടനെ നോക്കി… ആ കണ്ണുകൾ ചിമ്മുന്നു കൂടിയില്ല… എന്നെ തന്നെ നോക്കുന്നു… എത്ര സമയം കണ്ണുകൾ കോർത്തു എന്നറിയില്ല…

പതിയെ ആ നോട്ടം എന്റെ ചുണ്ടിലേക്ക് മാറുന്നത് ഞാൻ അറിഞ്ഞു…. ഹൃദയം ഉച്ചത്തിൽ തുടികൊട്ടുന്നു… കണ്ണുകൾ ഇറുക്കിയടച്ചു….ശരീരത്തിന് ഭാരമില്ലാത്തത് പോലെ…..

അല്പ സമയം കഴിഞ്ഞപ്പോൾ ആ ചുണ്ടുകൾ എന്റെ സീമന്ത രേഖയിലമരുന്നത് ഞാൻ അറിഞ്ഞു…
എന്റെ സമ്മതം അറിയാത്തത് കൊണ്ടാണെന്ന് ആ നിമിഷം എനിക്ക് മനസിലായി….

ഒന്നുകൂടി ശരത്തേട്ടനോട് ചേർന്നു നിന്നു കൊണ്ട് ഞാൻ വിളിച്ചു…
“ശരത്തേട്ടാ….”

“ഉം…”

“എനിക്കൊരു ഉമ്മ കൂടി വേണം..”
ഞാൻ പതിയെ ഉയർന്നു…

വിരലുകൊണ്ട് നെറ്റിയിൽ സ്പർശിച്ചു…

കുനിഞ്ഞു നെറ്റിയിൽ ഒരു ചുംബനം നൽകി…

“ഇനിയും വേണം…”

“എവിടെ? ” അത് ചോദിക്കുമ്പോൾ ആ കണ്ണുകൾ തിളങ്ങിയോ….

വിരലുകൊണ്ട് എന്റെ അധരത്തിൽ സ്പർശിച്ചു കാണിച്ചതും വിശ്വസിക്കാനാവാതെ എന്നെ നോക്കുന്നുണ്ടായിരുന്നു….

“ശരിക്കും?”

“ഉം…”

“എനിക്ക് വേണ്ടിയാണോ…?”

“അല്ല ഒരിക്കലും അല്ല… എനിക്ക് വേണ്ടിയാണ്.. നമുക്ക് വേണ്ടിയാണ്… എല്ലാത്തിനും ഉപരി ഞാൻ ഇപ്പോൾ ആഗ്രഹിക്കുന്നുമുണ്ട്”

“ഇത് പക്ഷെ ഒരു ചുടു ചുംബനം കൊണ്ട് നിൽക്കുമെന്ന് തോന്നുന്നില്ല എന്റെ പ്രിയതമേ… ” എന്നുപറഞ്ഞു എന്നെ ആ കൈകളിൽ കോരിയെടുക്കുമ്പോൾ സ്ത്രീ സഹജമായ വികാരങ്ങൾ എന്നിലും ഉണരുന്നത് ഞാൻ അറിഞ്ഞു…. നാണത്താൽ ആ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി….

ഈ ജന്മം എനിക്ക് കിട്ടാവുന്ന പുണ്യം…
പ്രണയം അത് എത്ര എഴുതിയാലും അപൂർണ്ണമാണ്‌….
അതുകൊണ്ട് ഇനിയുള്ള ജീവിതം അവർ പ്രണയിച്ചു സന്തോഷിച്ചു ജീവിക്കട്ടെ….

അവസാനിച്ചു…

ഒരുപാട് പ്രത്യേകതകൾ ഒന്നും അവകാശപ്പെടാനില്ലാത്ത ഒരു ചെറിയ കഥയായിരുന്നു…. സ്വീകരിച്ച എല്ലാവർക്കും ഒരുപാട് നന്ദി

എല്ലാവരും അഭിപ്രായങ്ങൾ പറയണേ… ഇതുവരെ വായിച്ചിട്ട് ഒന്നും പറയാത്തവർ ഇന്ന് എനിക്കായ് ഒരു വരി കുറിക്കുമല്ലോ… നല്ലതായാലും മോശമായാലും…

കാത്തിരിക്കാം💕

ജീവാംശമായ് : ഭാഗം 1

ജീവാംശമായ് : ഭാഗം 2

ജീവാംശമായ് : ഭാഗം 3

ജീവാംശമായ് : ഭാഗം 4

ജീവാംശമായ് : ഭാഗം 5

ജീവാംശമായ് : ഭാഗം 6

ജീവാംശമായ് : ഭാഗം 7

ജീവാംശമായ് : ഭാഗം 8

ജീവാംശമായ് : ഭാഗം 9