Friday, October 11, 2024
Novel

ജീവാംശമായ് : ഭാഗം 8

നോവൽ
******
എഴുത്തുകാരി: അനന്യ ആദി

“എന്തിനാ എന്നെ പറ്റിച്ചേ?”

കിതച്ചു കൊണ്ട് ഞാനത് ചോദിച്ചതും ഇടക്ക് ആ ചുണ്ടിൽ വിരിയാറുള്ള കുസൃതി ചിരി തെളിഞ്ഞു…

“പറ്റിച്ചോ? ഞാനോ?”

മീശയിൽ തടവി ഒരു കള്ള നോട്ടതോടെ അത് ചോദിച്ചതും ചെറിയൊരു പരിഭവത്തോടെ ഞാൻ മുഖം തിരിച്ചു.

“ഏയ്… ഇവിടെ നോക്ക്… ”

എന്റെ കൈ പിടിച്ചു നേരെ അഭിമുഖമായി നിർത്തി.

“പറ… എന്താണ് ഞാൻ പറ്റിച്ചത്?…”

“ഒന്നൂല്ല…”

“ഹാ… പറയടോ…”

“ഒന്നൂല്ല… ഞാൻ… ശരത്തേട്ടൻ നേരത്തെ വരുമെന്ന് പ്രതീക്ഷിച്ചു…”

“ആഹാ… അത്രേയുള്ളോ… ഞാൻ വരും എന്നല്ലേ പറഞ്ഞുള്ളൂ…എന്നിട്ട് വന്നല്ലോ… നേരത്തെ വരും എന്ന് പറഞ്ഞില്ലാരുന്നു….അപ്പോൾ ഞാൻ പറ്റിച്ചിട്ടൊന്നും ഇല്ല…”

“ഉം…”

“പറ… എന്തിനാ എന്നെ നോക്കിയത്..?”

ഓരോ ചോദ്യത്തിലുമുള്ള കുസൃതി ആ കണ്ണുകളിൽ നോക്കുന്നതിൽ നിന്നും എന്നെ പിന്തിരിപ്പിച്ചു….

“വെറുതെ….”

“വെറുതെ ആരെങ്കിലും ഒരാളെ നോക്കുമോ?”

“ഇഷ്ടം ഉള്ളവരെ നോക്കില്ലേ….?”

പറഞ്ഞു കഴിഞ്ഞാണ് എന്താണ് പറഞ്ഞതെന്ന് ആലോചിച്ചത്….

“അപ്പോൾ ഇഷ്ടമുണ്ടോ?” അടുത്ത ചോദ്യവും വന്നു..

“ഞാൻ പോവുന്നു…”

“ഹാ…പോവല്ലേ… ഇവിടിരിക്ക്…”

ഒന്നും മിണ്ടാതെ പടവിലിരുന്നു… തൊട്ട് അടുത്തായി ശരത്തേട്ടനും…

“അച്ഛൻ അമ്പലത്തിൽ പോയിട്ട് വരാൻ കാത്തിരുന്നതാണ്…. അമ്മ തനിച്ചല്ലേയുള്ളൂ…. അച്ഛൻ വീട്ടിൽ വന്നിട്ടാണ് ഞാൻ ഇങ്ങോട്ട് പോന്നത്…..”

“ഉം… എങ്ങനെയുണ്ട് ടീച്ചറമ്മക്ക്?”

“രാവിലെ കണ്ടതല്ലേ താൻ…. അമ്പലത്തിൽ വരാൻ പറ്റാത്തതിന്റെ ഒരു വിഷമമുണ്ട്…”

“ഉം…. ”

“മഹി പറഞ്ഞു താൻ വന്നപ്പോൾ മുതൽ എന്നെ നോക്കുകയായിരുന്നു എന്ന്…. ”

“മഹി വെറുതെ പറഞ്ഞതാണ്……”

“സമ്മതിച്ചു തരരുത് കേട്ടോ…. എന്നെ നോക്കിയതെ ഇല്ല എന്നെനിക്ക് മനസിലായി…

എന്നെ കണ്ടപ്പോൾ ഉള്ള ഓടി വരവും എന്തിനാ പറ്റിച്ചത് എന്ന ചോദ്യവും, അത്രേം മതിയായിരുന്നു എന്നെ നോക്കിയില്ല എന്നുറപ്പിക്കാൻ….”

ചിരിയമർത്തി അത് പറഞ്ഞതും എനിക്കും ചിരി വന്നു….

പിന്നെ എന്ത് പറയണം എന്നറിയില്ലാരുന്നു… എത്ര സമയം അങ്ങനെ ഇരുന്നു എന്നറിയില്ല…. മൗനം പോലും വാചാലമാണെന്നു തോന്നിയ നിമിഷങ്ങൾ…. ഒരു സ്പർശനമില്ല, തലോടലില്ല, സംസാരമില്ല മറ്റു സ്നേഹപ്രകടനങ്ങൾ ഒന്നുമില്ല…. എന്നിട്ടും എന്തോ വല്ലാത്തൊരു അടുപ്പം…. എന്നും ഇങ്ങനെ ഇരിക്കാൻ ഒരാഗ്രഹം….

ഏറെ നേരത്തെ മൗനത്തെ ഭേദിച്ചു കൊണ്ട് ഞാനാണ് സംസാരിച്ചു തുടങ്ങിയത്…

“അച്ഛനും അമ്മയും വരും നാളെ…”

“വരട്ടെ…. എന്നിട്ട് വേണം നമ്മുടെ കാര്യത്തിൽ ഒരു തീരുമാനം എടുക്കാൻ…”

“ശരത്തേട്ടാ … എനിക്ക് ഇപ്പോളും ഉറപ്പില്ല ഞാൻ നല്ലൊരു ഭാര്യ ആയിരിക്കുമോ എന്ന്… എന്തൊക്കെയോ ഒരു പേടി ഇപ്പോളുമുണ്ട്…” മനസിൽ എന്തോ ഒരു ഭയം എനിക്ക് ഇനിയും മാറാതെ ഉണ്ടായിരുന്നു….

“എങ്കിൽ എനിക്ക് ഒരു പേടിയുമില്ല കേട്ടോ… എനിക്കുറപ്പുണ്ട്… താൻ നല്ലൊരു സുഹൃത്തും അതിലുപരി നല്ലൊരു ഭാര്യയും ആയിരിക്കും….

എന്നെക്കാൾ ഉറപ്പ് ആർക്കാണെന്ന് അറിയോ?”

ഇല്ല എന്ന ഭാവത്തിൽ ഞാൻ ശരത്തേട്ടനെ നോക്കി…

“തന്റെ അച്ഛന് … താൻ വിചാരിക്കുന്നതിൽ കൂടുതൽ തന്നെ അറിയാം…. ”

“ഉം…. ഈ ജീവിതത്തിൽ എനിക്ക് കിട്ടിയ പുണ്യമാണ് അച്ഛനും അമ്മയും…

ശരത്തേട്ടനറിയുമോ ഞാൻ ചെറുതായിരുന്നപ്പോൾ ആരെയാണ് ഇഷ്ടം എന്നു ചോദിച്ചാൽ അച്ഛൻ എന്നു മാത്രേ പറഞ്ഞിരുന്നുള്ളൂ….

അന്ന് അമ്മ എന്തിനെങ്കിലും വഴക്കു പറയുമ്പോൾ ഓർക്കും അച്ഛനാണ് സ്നേഹം കൂടുതലെന്ന്….

പക്ഷെ അല്പം അറിവായപ്പോൾ മുതൽ അമ്മ എനിക്ക് നല്ലൊരു കൂട്ടുകാരി കൂടി ആയി…

പിന്നീട് അച്ഛനും അമ്മയും എന്റെ മനസിൽ പ്രണയത്തിന്റെ നിർവചനങ്ങൾ തന്നെയായി… പ്രണയത്തിന് പ്രായം ഒരു തടസമല്ലെന്നു ഞാൻ പഠിച്ചത് അവരിലൂടെയാണ്….

ഇപ്പോളും അമ്മക്ക് ഒരു അസുഖം വന്നാൽ വേദനിക്കുന്നത് അച്ഛനാണ്… തിരിച്ചും… അച്ഛനൊരു വേദന വന്നാൽ തെളിയുന്നത് അമ്മയുടെ മുഖത്തും….

പ്രണയം എന്നു പറഞ്ഞാൽ എന്റെ മനസിൽ അവർ മാത്രേ വരൂ… അത്രക്ക് തീഷ്ണമാണ്…

നാട്ടുകാരേയും വീട്ടുകാരേയും എതിർത്ത് തുടക്കത്തിലേ ആവേശം ചോർന്നു പോകാതെ അവസാനം വരെ സ്നേഹിക്കണം എങ്കിൽ അതൊരു പ്രത്യേക അനുഗ്രഹം തന്നെയാണല്ലേ…”

ശരത്തേട്ടനെ നോക്കിയപ്പോൾ ആൾ എന്റെ മുഖത്തു തന്നെ നോക്കിയിരിക്കുകയാണ്…

“ടീച്ചറമ്മക്ക് വയ്യാതായപ്പോൾ മാഷ് നോക്കുന്നത് കണ്ടപ്പോളും എനിക്ക് എന്റെ അച്ഛനേം അമ്മയെയും ആണ് ഓർമ വന്നത്…”

” നല്ല പേടിയുണ്ടല്ലേ?”

“എന്തിന്?”

” അവസാനം വരെ എന്റെ സ്നേഹം ഇങ്ങനെ കാണുമോ എന്ന്…. എന്റെ പ്രണയം സമയത്തിനനുസരിച്ചു മാറുമോ എന്ന്”

“ഏയ്… അങ്ങനെ ഒന്നും ഓർത്തില്ല…. വെറുതെ പറഞ്ഞുന്നെയുള്ളൂ….”

“ആദി…. ഒരുപാട് മോഹന വാഗ്ദാനങ്ങൾ നൽകാൻ എനിക്ക് അറിയില്ല…

ഒരിക്കലും തന്നെ വിഷമിപ്പിക്കില്ല എന്നു പറയുന്നില്ല, ചെറിയ ചെറിയ പിണക്കങ്ങളൊക്കെ ഉണ്ടാവാം…. പക്ഷെ ഒരു രാത്രിയിൽ കൂടുതൽ അത് നിലനിൽക്കില്ല… അങ്ങനെ ഒരു വാക്ക് തരാം…

ചെറിയ ചെറിയ അഭിപ്രായ വ്യത്യാസങ്ങൾ സ്വാഭാവികമായും ഉണ്ടാവും… കാരണം നമ്മൾ ഓരോ വ്യക്തികളാണ്… പക്ഷെ പരസ്പരം സംസാരിച്ചു തീർക്കാവുന്ന പ്രശ്നങ്ങളെ നമുക്കിടയിൽ ഉണ്ടാവൂ….

ഇത്രേം ഉറപ്പ് മതിയോ ഭവതി.. എന്നെ അവിടുത്തെ പതിയായി സ്വീകരിക്കാൻ?”

അതും ചോദിച്ചു ചിരി തുടങ്ങി….

മറുപടി ഒന്നും പറഞ്ഞില്ലെങ്കിലും എന്റെ ചുണ്ടിലും ഒരു പുഞ്ചിരി വിരിഞ്ഞു.

കുറച്ചു സമയം കൂടി ഒന്നും സംസാരിക്കാതെ അങ്ങനെ ഇരുന്നു… കുറച്ചു കഴിഞ്ഞപ്പോൾ എന്നെ വല്യച്ഛന്റെ അടുത്തു കൊണ്ടു വിട്ടു….

അമ്പലത്തിനു വെളിയിൽ അല്പം മാറിയാണ് വണ്ടി ഇട്ടേക്കുന്നത്… വല്യച്ഛനു പുറകിലായി ഞാനും അച്ചുവും നടന്നു… ശരത്തേട്ടനും വന്നു വണ്ടി കിടക്കുന്ന സ്ഥലം വരെ….

യാത്ര പറഞ്ഞു പോകാനായി തിരിഞ്ഞപ്പോൾ എന്റെ കാതോരം വന്ന് പറഞ്ഞു

“സുന്ദരിയായിട്ടുണ്ട്

കേൾക്കാൻ കൊതിച്ചിരുന്നതെന്തോ കേട്ട സന്തോഷം ആയിരുന്നു എനിക്ക്…. ഇഷ്ടപ്പെടുന്ന പുരുഷൻ നമ്മളെ കാണാൻ ഭംഗിയായിട്ടുണ്ട് എന്നു പറയുന്നത് ഏതൊരു പെൺകുട്ടിക്കും ഒരുപാട് സന്തോഷം നൽകുന്ന കാര്യമാണ്…
എന്നിലുണ്ടാകുന്ന മാറ്റം ഞാൻ തന്നെ തിരിച്ചറിയുകയായിരുന്നു.

പിന്നീട് ഒരു കാത്തിരിപ്പ് തന്നെയായിരുന്നു… അച്ഛനും അമ്മയും വരുമ്പോൾ പറയാനുള്ള കാര്യങ്ങളൊക്കെ ഓർത്തു വെച്ചു…

രണ്ടാഴ്ച ആയുള്ളൂ അവർ പോയിട്ട്…. പക്ഷെ രണ്ടു വർഷത്തെ കാര്യങ്ങൾ പറയാനുള്ളത് പോലെ….

അവർക്കും ഒരുപാട് സന്തോഷമാവും… മക്കളുടെ ജീവിതം ഭദ്രമാകുന്നതിലും വലിയ എന്ത് സന്തോഷമാണ് മാതാപിതാക്കൾക്കുള്ളത്…..

ശരത്തേട്ടൻ അടുത്തുണ്ടാകുമ്പോൾ താൻ അനുഭവിക്കുന്ന സുരക്ഷിതത്വവും സ്നേഹവും മറ്റൊരിടത്തും കിട്ടില്ലെന്ന് അച്ഛനോട് പറയണം….

രാത്രി വിളിച്ചപ്പോൾ അച്ഛനോട് പറഞ്ഞു വരുമ്പോൾ ഒരു സന്തോഷ വർത്തയുണ്ടെന്ന്… വരുമ്പോൾ നേരിട്ട് തന്നെ പറയണം എല്ലാം….

❇️❇️❇️❇️❇️❇️❇️❇️❇️❇️

രാവിലെ എട്ട് മണിക്ക് വരേണ്ടതാണ്… പക്ഷെ എന്താണ് താമസിക്കുന്നത്…. വിളിച്ചിട്ടും കിട്ടുന്നില്ല…. അകാരണമായൊരു പേടി തന്നെ പൊതിയുന്നത് ഞാൻ അറിഞ്ഞു.

ഭക്ഷണം കഴിക്കാൻ നിർബന്ധിച്ചപ്പോൾ അവർ വന്നിട്ട് കഴിച്ചോളാം എന്നു പറഞ്ഞു…

അച്ഛമ്മ വിളിച്ചു അടുത്തിരുത്തി….എങ്കിലും ഒന്നും കഴിക്കാൻ തോന്നിയില്ല…. അവസാനം അച്ഛമ്മ വാരി തന്നപ്പോൾ നിരസിക്കാൻ തോന്നിയില്ല…. അത് കണ്ടപ്പോൾ അഞ്ജുവും അച്ചുവും വന്നു…. മൂന്നാൾക്കും അച്ഛമ്മ വാരി തന്നു

അച്ഛൻ വന്ന വണ്ടി കേടായി… ചെറിയച്ഛനും വല്യച്ഛനും പോയി കൂട്ടിയിട്ട് വരാം എന്ന് പറഞ്ഞു പോയി…. അപ്പോളാണ് ഒരു സമാധാനം ആയത്…. എങ്കിൽ പിന്നെ ഇതൊന്ന് വിളിച്ചു പറഞ്ഞൂടെ….

“എനിക്കിന്ന് എന്തൊക്കെ കാര്യങ്ങൾ പറയാനുള്ളതാണ്… വന്നിട്ട് സർപ്രൈസ് കൊടുക്കാമെന്ന് വിചാരിച്ചതാണ്… എന്നിട്ടും അവരെന്താ താമസിക്കുന്നേ…

“വണ്ടി കേടായിട്ടല്ലേ മോളെ… അവർ ഇങ്ങു വരുമെന്നെ…” അച്ഛമ്മ പറഞ്ഞപ്പോൾ കുറെ ആശ്വാസം ആയി.

അച്ചുവും അഞ്ജുവും അപ്പുറത്തെ തൊടിയിൽ മാമ്പഴം പെറുക്കാൻ പോകാം എന്ന് പറഞ്ഞു ബഹളം…

വല്യമ്മ പറഞ്ഞു അവരുടെ കൂടെ പോയിട്ട് വരാൻ… അപ്പോളേക്കും അച്ഛനും അമ്മയും എത്തും…

ശരിയാണ് , നമ്മൾ ആരെയെങ്കിലും കാത്തിരുന്നാൽ ക്ലോക്കിലെ സൂചി ഇഴഞ്ഞേ നീങ്ങുള്ളൂ. പോയിട്ട് വരാമെന്നു വിചാരിച്ചു…

പോകാൻ ഇറങ്ങിയപ്പോൾ വല്യമ്മ അച്ചുവിന്റെ ഫോൺ കൊണ്ടു തന്നു… അവർ വരുമ്പോൾ വിളിച്ചേക്കാം എന്നു പറഞ്ഞു..

കുറെ ചെറിയ മാമ്പഴങ്ങൾ കിട്ടി… എല്ലാം ഒരു പാത്രത്തിൽ ശേഖരിച്ചു… നല്ല നാട്ടു മാമ്പഴത്തിന്റെ മണം നാവിൽ കൊതി നിറക്കുന്നുണ്ടായിരുന്നു… അച്ഛന് ഇഷ്ടാണ് ഇങ്ങനത്തെ ചെറിയ മാമ്പഴം… വരുമ്പോൾ കൊടുക്കാം…

ഇടക്ക് അച്ചുവിന്റെ ഫോണിൽ വല്യമ്മ വിളിച്ചു… വീട്ടിലേക്ക് വരാൻ മാത്രേ പറഞ്ഞുള്ളൂ…

ഇത്രയും നാളത്തെ വിശേഷം പറയാൻ മനസ് വെമ്പുകയായിരുന്നു….

ആദ്യം ചെന്നിട്ട് ഇത്രയും നേരം വിളിക്കാത്തതിന് വഴക്കിടണം… എന്നിട്ട് വഴക്ക് മാറ്റാൻ മാമ്പഴം കൊടുക്കാം…

അത് കഴിഞ്ഞു ശരത്തേട്ടന്റെ കാര്യം പറയാം… അമ്മയുടേം അച്ഛന്റേം മുഖത്തു വിരിയുന്ന സന്തോഷം ഒന്നു കാണണം….

വീടിന്റെ മുൻവശത്തു എത്തിയപ്പോൾ കുറച്ച് ആളുകൾ കൂടി നിൽപ്പുണ്ട്… എന്താ പോലും …. പേടിയാവുന്നു… അച്ചുവിനേം അഞ്ജുവിനേം നോക്കി… അവരും അമ്പരന്ന് നിൽക്കുകയാണ്…

മുറ്റത്തു പന്തൽ വലിച്ചു കെട്ടിയിരിക്കുന്നു….
അച്ഛമ്മയുടെ ഉറക്കെയുള്ള നിലവിളി കേട്ടു…. കയ്യിലിരുന്ന മാമ്പഴങ്ങൾ നിലത്തു ചിതറി…
കാലുകൾക്ക് ചലനം നഷ്ടപ്പെട്ടത് പോലെ…

വല്യച്ഛൻ ഓടി വന്ന് എന്നെ ചേർത്തു പിടിച്ചു.. മോള് മനസ് കൈവിടരുത് അങ്ങനെ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു.

ആളുകളെ വകഞ്ഞു മാറ്റിക്കൊണ്ട് എന്നെയും കൊണ്ട് വല്യച്ഛൻ മുന്നോട്ട് നടന്നു…. അക്‌സിഡന്റായിരുന്നു, വണ്ടി കണ്ടാൽ പേടിയാകും എന്നൊക്കെ എവിടുന്നോ കേട്ടു…

വെള്ള പുതച്ചു രണ്ടു ശരീരങ്ങൾ…. വിളക്കുകൾ കത്തിച്ചു വെച്ചിട്ടുണ്ട്… ആരൊക്കെയോ പ്രാർത്ഥനകൾ ഉരുവിടുന്നു…
സാബ്രാണിയുടെ മണം തുളച്ചു കയറുന്നു….

ചുറ്റുമുള്ള മുഖങ്ങിലേക്ക് ഞാൻ നോക്കി… ആരാണ് ഇവരൊക്കെ….

ഇതാണ് ഒരേയൊരു മകൾ എന്ന് ആരൊക്കെയോ എന്നെ ചൂണ്ടി പറയുന്നു…

ഇവരൊക്കെ എന്തിനാണ് എന്നെ ഇങ്ങനെ നോക്കുന്നത്…

അച്ഛമ്മ ഉറക്കെയുറക്കെ കരയുന്നു…..
“എന്നെ ആദ്യം വിളിച്ചൂടായിരുന്നോ ഭഗവാനെ” എന്നൊക്കെ ചോദിക്കുന്നു .

ചെറിയമ്മയും വല്യമ്മയും കരയുന്നു…. ചെറിയച്ഛൻ എവിടെ… കാണുന്നില്ലല്ലോ….

എന്താണ് സംഭവിക്കുന്നത് എന്ന് ആരെങ്കിലും ഒന്ന് പറഞ്ഞു തന്നിരുന്നെങ്കിൽ….

പതിയെ വെള്ള പുതച്ച ശരീരങ്ങളിലേക്ക് ഒന്നുകൂടി നോക്കി…. അച്ഛന്റേം അമ്മയുടേം മുഖങ്ങൾ ആണോ… നല്ല സാദൃശ്യം….

ഏയ്… അവരല്ല….

പക്ഷെ അവർ തന്നെയാണ്…. മുഖത്തു ചെറിയ മുറിവുകൾ ഉണ്ട്… കാലുകൾ മരക്കുന്ന പോലെ…

വല്യച്ഛന്റെ കൈ തട്ടി മാറ്റി പതിയെ അച്ഛനടുത്തേക്ക് ചെന്നു… ആ നെറ്റിയിൽ പതിയെ തലോടി …. തണുപ്പ്…. മരണത്തിന്റെ തണുപ്പ്…

ഈ രംഗബോധമില്ലാത്ത കോമാളി എന്റെ ജീവിതത്തിലും വന്നിരിക്കുന്നു….

ആരുടെ അടുത്തിരിക്കും…

അച്ഛന്റെ അടുത്തു മാത്രം ഇരുന്നാൽ അമ്മക്ക് വിഷമം ആവില്ലേ…. അച്ഛനോട് പറയണം മതി ഉറങ്ങിയതെന്ന്…. ഞാൻ മാമ്പഴം കൊണ്ടു വന്നിട്ടുണ്ടെന്ന് പറയണം…. നാക്ക് കുഴയുന്നു…

രണ്ടുപേരുടേം ശരീരങ്ങൾ തൊട്ട് അടുത്തായാണ് വെച്ചിരിക്കുന്നത്…. വല്യച്ഛനെ ഒന്നു നോക്കി…. അത് മനസിലായെന്ന പോൽ എന്നെ അപ്പുറത്തെ വശത്ത് അമ്മയുടെ അടുത്തു കൊണ്ടു പോയി….

രണ്ടു പേരും കൂടി തന്നെ പോണത് എന്തിനാണെന്ന് ചോദിക്കണം എന്നുണ്ട്… അല്ലെങ്കിലും അച്ഛന് എന്നെക്കാൾ ഇഷ്ടം അമ്മയെ ആണല്ലോ… അതാവും എന്നെ കൊണ്ട് പോകാത്തത്….

ശബ്ദം പുറത്തേക്ക് വരുന്നില്ല…. അമ്മയുടെ മാറിൽ കിടക്കാൻ തോന്നുന്നു…. പതിയെ ആ നെഞ്ചിൽ തല ചേർത്തു… ഇല്ല ആ നെഞ്ചിൽ ഇപ്പോൾ ചൂടില്ല… തണുപ്പാണ്…. വല്ലാത്തൊരു തണുപ്പ്.

ആരൊക്കെയോ ചേർന്ന് പിടിച്ചു മാറ്റുന്നുണ്ട്…. ഇനി ഇങ്ങനെ ഒന്ന് കിടക്കാൻ പറ്റില്ലല്ലോ…. എന്നെ വിടാൻ പറയണമെന്നുണ്ട്…

“അമ്മക്ക് വല്ലാതെ തണുക്കുന്നു വല്യമ്മേ… ഒരു പുതപ്പ് എടുത്തു പുതപ്പിക്കുമോ….” ഒരു വിധം ഞാൻ അത് ചോദിക്കുമ്പോൾ വല്യമ്മ എന്നെ കെട്ടിപ്പിടിച്ചു കരഞ്ഞു….

ചുറ്റും സഹതാപത്തോടെ നോക്കുന്ന കണ്ണുകൾ…എല്ലാവരുടെയും കണ്ണുകൾ നിറഞ്ഞിരിക്കുന്നു…

പക്ഷെ എനിക്ക്…

ഒരു തുള്ളി കണ്ണുനീർ വരുന്നില്ല…. അലറി കരയണമെന്നുണ്ട്…. പറ്റുന്നില്ല…. കണ്ണുകൾ അടഞ്ഞു പോകുന്നു… ആരൊക്കെയോ വന്നു താങ്ങുന്നുണ്ട്….

എന്നെ കൊണ്ടു പോവേണ്ട ഞാൻ കുറച്ചു നേരം കൂടി കണ്ടോട്ടെയെന്നു പറയണം… പക്ഷെ ഒന്നും പറയാൻ പറ്റുന്നില്ല….

അല്പ സമയത്തിനകം ആരൊക്കെയോ വന്ന് ബോഡി കൊണ്ടു പോകുന്നു… എഴുന്നേറ്റ് ചെല്ലണം കെട്ടിപിടിക്കണം എന്നൊക്കെയുണ്ട്… മനസു പറയുന്നത് ശരീരം കേൾക്കുന്നില്ല..

“ബോഡി മെഡിക്കൽ കോളേജിന് എഴുതി വെച്ചിരുന്നത്രെ… ആത്മാവിന് ശാന്തി കിട്ടുമോ ഇനി…. ” ആരൊക്കെയോ പറയുന്നുണ്ട്….

ശരിയാണ് ബോഡി മെഡിക്കൽ കോളേജിൽ എഴുതി വെക്കുന്നതിനെ കുറിച്ചു പറയുമായിരുന്നു…. ഇവിടെ വന്നപ്പോൾ അത് ചെയ്യുകയും ചെയ്തു…

അപ്പോൾ മരിച്ചു എന്നത് സത്യമാണ്….. ഒരിക്കൽ കൂടി … അവസാനം ആയി.. കാണണം…

ഉള്ളിൽ ബോധം ഉണ്ടെങ്കിലും കണ്ണു തുറക്കാൻ പറ്റുന്നില്ല …. തലക്ക് വല്ലാത്ത ഭാരം…

എല്ലാവരും കരയുകയാണ്…..
ഒരു വിധം കണ്ണു വലിച്ചു തുറന്നു….പതിയെ എഴുന്നേറ്റതും കുഴഞ്ഞു വീണിരുന്നു…

കണ്ണു തുറന്നപ്പോൾ എവിടെയാണെന്ന് മനസിലാകുന്നില്ല…. തല വേദനിക്കുന്നു… കൈ ഉയർത്താൻ നോക്കി… കയ്യിൽ സൂചി കുത്തി വെച്ചിരിക്കുന്നു.

പതുക്കെ എഴുന്നേക്കാൻ ശ്രമിച്ചു….

“ആദി….”

ശരത്തേട്ടൻ…. എന്റെ അടുത്ത് കസേരയിൽ ഇരിക്കുകയാണ്.

“ഇത് എവിടെയാ….അമ്മ….. അച്ഛൻ….”

“ഉറങ്ങിക്കോ…. നമ്മൾ ഹോസ്പിറ്റലിൽ ആണ്…. തനിക്ക് ഒരു ചെറിയ തലകറക്കം…..

രാവിലെ സംസാരിക്കാം”

നെറ്റിയിൽ തലോടിക്കൊണ്ട് പറഞ്ഞു….

അപ്പോൾ രാത്രി ആയോ…. ആകെ ഒരു മരവിപ്പ്…

“എനിക്ക് പറയാനുള്ളത് ഒന്നു കേട്ടു കൂടിയില്ല ശരത്തേട്ടാ….” മറുപടി ഒന്നും വന്നില്ല…. നെറ്റിയിൽ തലോടികൊണ്ടിരുന്നു

“എനിക്ക് തണുക്കുന്നു…. അമ്മക്കും തണുക്കുന്നുണ്ടായിരുന്നു…..”

അത് പറയുമ്പോൾ എന്റെ ചുണ്ടുകൾ വിറക്കുന്നുണ്ടായിരുന്നു…. വീണ്ടും കണ്ണടയുന്നു…. ഇടക്കെപ്പോളോ ശരത്തേട്ടൻ എന്നെ പൊതിഞ്ഞു പിടിക്കുന്നത് ഞാൻ അറിഞ്ഞു … ആ ചൂട് എന്നിൽ നിറഞ്ഞു…

കാത്തിരിക്കാം💕

ജീവാംശമായ് : ഭാഗം 1

ജീവാംശമായ് : ഭാഗം 2

ജീവാംശമായ് : ഭാഗം 3

ജീവാംശമായ് : ഭാഗം 4

ജീവാംശമായ് : ഭാഗം 5

ജീവാംശമായ് : ഭാഗം 6

ജീവാംശമായ് : ഭാഗം 7