ഹൃദയസഖി : ഭാഗം 25
എഴുത്തുകാരി: ടീന കൊട്ടാരക്കര
അഭിമന്യു കൃഷ്ണയെയും ഹരിയേയും നിരീക്ഷിച്ചു. ഇരുവരും പൊടുന്നനെ മൗനമായി. പഴയ ഓർമ്മകൾ അയവിറക്കുന്നത് പോലെ.
അവർ മാത്രമായി അവിടെയിരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് അവന്റെ മനസ് പറഞ്ഞു
“മീനാക്ഷി… ഇവിടെയൊക്കെയൊന്ന് കാണിച്ചു തരാമോ..കാവിനു അകത്തേക്ക് കാണാൻ ഒരുപാട് ഉണ്ടെന്ന് കൃഷ്ണ പറഞ്ഞു കേട്ടിട്ടുണ്ട്.” അവൻ പറഞ്ഞു
“അതിനെന്താ… കാണാമല്ലോ ” ചോദിക്കാൻ കാത്തിരുന്ന പോലെ മീനാക്ഷി ഉത്തരം നൽകി
” ഞങ്ങൾ അതൊക്കെയൊന്ന് കണ്ടിട്ട് വരാം ഹരി ” അവനോട് പറഞ്ഞിട്ട് അഭി എഴുന്നേറ്റു. പിന്നാലെ മീനാക്ഷിയും.
ഇരുവരും കാവിനുള്ളിലേക്ക് നടന്നു.
“ഇവിടെ സ്ഥിരം പൂജയൊക്കെ നടത്താറുണ്ടോ ” നടക്കുന്നതിനിടയിൽ അഭി ചോദിച്ചു
“മാസപ്പൂജ ഉണ്ട്.. അല്ലാതെയൊന്നും ഇല്ല ” അധികം ആൾക്കാർ വരാറുമില്ല. ഈ തിരക്കിട്ട ജീവിതത്തിനിടയിൽ ഇതൊക്കെ ചിട്ടയായി നടത്താൻ ആർക്കാ സമയം.
മീനാക്ഷിയുടെ ശബ്ദത്തിൽ ചെറിയൊരു നിരാശ നിലച്ചതായി അഭിക്ക് തോന്നി.
അവർ പതിയെ ഒരു ആൽമരത്തിന് അടുത്തേക്ക് നടന്നു.
” ദേ അവിടെ ഒരു പ്രായമായ മനുഷ്യൻ സ്ഥിരം വരാറുണ്ടായിരുന്നു.”
ആൽമരചുവട്ടിലേക്ക് കൈചൂണ്ടി മീനാക്ഷി പറഞ്ഞു.
” കണ്ടാൽ സ്വാമിയെ പോലെ തോന്നിക്കും. നീണ്ട താടിയും കാഷായവസ്ത്രവുമാണ് വേഷം . ഒറ്റയ്ക്കിരുന്ന് ഓരോന്നൊക്കെ സംസാരിക്കും. കേൾക്കുന്നവർ ഭ്രാന്താണെന്ന് തെറ്റിദ്ധരിക്കും പക്ഷേ അദ്ദേഹം പറയുന്നതൊക്കെ നേരായ കാര്യങ്ങൾ ആണ്., ”
” സിദ്ധൻ ആണോ പുള്ളിക്കാരൻ “അഭി ചോദിച്ചു.
“ആയിരിക്കാം.. ഭാവിയിൽ നടക്കാൻ പോകുന്ന കാര്യങ്ങളെക്കുറിച്ച് ഒക്കെ പ്രവചനങ്ങൾ നടത്താറുണ്ട്.. എല്ലാം അതേപടി നടന്നിട്ടുമുണ്ട്. “അവൾ ആവേശത്തോടെ പറഞ്ഞു. അഭിമന്യു ഒന്നു പുഞ്ചിരിച്ചു.
“മീനാക്ഷിക്ക് അല്പം അന്ധവിശ്വാസം ഉണ്ടെന്നു തോന്നുന്നല്ലോ ”
” അന്ധവിശ്വാസമോ… “അവളുടെ മുഖത്ത് ചിരി വിടർന്നു.
“നഷ്ടപ്പെടുത്താൻ ആഗ്രഹിക്കാത്ത ചിലതൊക്കെ നേടിയെടുക്കാൻ വിശ്വാസത്തെ കൂട്ടുപിടിക്കുന്നുവെന്നേയുള്ളൂ”
“ഹരി അല്ലേ അത്…നഷ്ടപ്പെടുത്താൻ ആകാത്തത് ….” അഭി പൊടുന്നനെ ചോദിച്ചു..
മീനാക്ഷിയുടെ കണ്ണുകളിൽ അത്ഭുതം തെളിഞ്ഞു. പതിയെ അത് ചിരിയിലേക്ക് വഴി മാറി.
“കൃഷ്ണ എല്ലാം പറഞ്ഞു അല്ലേ ”
“മം ” അവനൊന്നു മൂളി .. “വൺ സൈഡ് ലവ്…വൃതം നോറ്റതും നേർച്ച കാഴ്ചകളായി നടന്നതും ഒക്കെ അറിയാം ” അവൻ ഒരു താളത്തിൽ പറഞ്ഞു. ഇരുവരും ആൽത്തറയിലേക്ക് ഇരുന്നു.
“സിദ്ധൻ പറഞ്ഞിരുന്നോ ഹരിയെ തന്നെ ലൈഫ് പാർട്ട്ണർ ആയി കിട്ടും എന്ന്.”?
അഭി ചോദിച്ചതും മീനാക്ഷിയുടെ മുഖം വിവർണമായി.
“പറഞ്ഞിരുന്നു.. തടസ്സങ്ങൾ എല്ലാം മറികടന്ന് സ്നേഹിച്ച ആൾ സ്വന്തമാക്കുമെന്ന്… അതേപടി സംഭവിച്ചു.” അവളൊന്നു നെടുവീർപ്പിട്ടു.
“അഭിയ്ക്കും കിട്ടിയില്ലേ.. ഒരുപാട് മോഹിച്ച ആളെ .. ”
എങ്ങനെ അറിയാം എന്ന ചോദ്യം അവന്റെ മുഖത്ത് നിഴലിച്ചു..” ഹരിയേട്ടൻ പറഞ്ഞറിഞ്ഞു”. അവന്റെ സംശയം മനസ്സിലാക്കി മീനാക്ഷി മറുപടി നൽകി.
അൽപനേരം ഇരുവരും മൗനമായിരുന്നു.
മീനാക്ഷിയ്ക്ക് തന്നോട് എന്തോ പറയാൻ ഉണ്ടെന്ന് അവളുടെ മുഖം വിളിച്ചോതുന്നതായി അഭിയ്ക്ക് തോന്നി. പറയാൻ എന്തോ മടിയുള്ളത് പോലെയും. എന്താണെന്ന് ചോദിക്കാൻ അവനും മടി തോന്നി.
“ഒരുപാട് സ്നേഹിച്ച ആളെ സ്വന്തമാക്കാൻ കഴിയുന്നതും ഒരു ഭാഗ്യം തന്നെയാണ് അല്ലേ അഭീ ”
കുറച്ചു നേരത്തിനു ശേഷം മീനാക്ഷി ചോദിച്ചു.
“മം.. തീർച്ചയായും.. ”
” ഒരു പക്ഷേ നമ്മൾ സ്നേഹിക്കുന്ന ആളെ മറ്റൊരാൾ സ്നേഹിക്കുന്നുണ്ടെങ്കിലോ ..”
അഭിയുടെ നെറ്റി ചുളിഞ്ഞു. മീനാക്ഷിയുടെ ചോദ്യത്തിൽ എന്തോ വശപ്പിശക് അവന് തോന്നി.. എന്നാൽ അവൾക്ക് യാതൊരു ഭാവഭേദവും ഉണ്ടായിരുന്നില്ല.
“നേരത്തെ അച്ഛനോടും ചെറിയച്ഛനോടും അഭി സംസാരിക്കുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു..പിന്നെ ഇപ്പോ ഹരിയേട്ടനെയും കൃഷ്ണയെയും ഒറ്റയ്ക്കിരിക്കാൻ അനുവദിച്ചു അവിടെ നിന്ന് ഒഴിഞ്ഞു മാറിയതും കൂടി കണ്ടപ്പോൾ ഏകദേശം കാര്യങ്ങൾ എല്ലാം ബോധ്യമായി. ”
“എന്ത് ബോധ്യമായി ”
“അഭിയ്‌ക്കും എന്നെപോലെ എല്ലാം അറിയാമെന്നു ”
“താൻ എന്താ പറഞ്ഞുവരുന്നത്. ” അവന്റെ മുഖത്ത് സംശയം നിറഞ്ഞു
“അഭി മനസിൽ ഉദ്ദേശിച്ചത് തന്നെ..” മീനാക്ഷി കൈകൾ മാറോടു കെട്ടി അവനു എതിരായി ഇരുന്നു
“കൃഷ്ണയും ഹരിയും…” അവൻ ചോദ്യഭാവത്തിൽ നോക്കി
“അതെ.. ”
“എനിക്കറിയാം.. എല്ലാം.. പരസ്പരം പറയാതെയും അറിയാതെയും പോയൊരു ഇഷ്ടത്തിന്റെ കഥ ” മീനാക്ഷി വളരെ ശാന്തമായി പറഞ്ഞു.
“എങ്ങനെ ” അഭിയുടെ മുഖത് ചെറിയൊരു ഞെട്ടൽ ഉണ്ടായി
“ഒരിക്കൽ അവളുടെ മുറിയിൽ ചെന്നപ്പോൾ യാദൃച്ഛികമായി അവളുടെ ചില ബുക്കുകളും ഡയറിയും കാണാൻ ഇടയായി..
ഒരു കൗതുകത്തിനു അവയൊക്കെ മറിച്ചു നോക്കിയതാണ്… പക്ഷെ ഓരോ പേജും നോക്കവേ എനിക്ക് മനസിലായി അവൾ ഹരിയേട്ടനെ സ്നേഹിച്ചതിന്റെ ആഴം.. ” മീനാക്ഷിയുടെ ഒന്ന് നിർത്തി ദൂരേക്ക് മിഴികൾ പായിച്ചു
“താൻ കരുതുന്നത് പോലെ ഒരിഷ്ടം അല്ലത്. ” അഭിമന്യു അവളെ ആശങ്കയോടെ നോക്കി
ഇറ്റ് വാസ് ആൻ ഇൻഫാക്ച്വഷൻ..”
” എനിക്ക് അറിയാം ” അവളൊന്നു പുഞ്ചിരിച്ചു.
“ഹരിയേട്ടനെയും കൃഷ്ണയെയും ഞാൻ കാണാൻ തുടങ്ങിയിട്ട് വർഷങ്ങളായി. അവരുമായി കൂടുതൽ ഇടപഴകിയതും ആവർക്കിടയിലുള്ള ആത്മബന്ധം ഏറ്റവും നന്നായി മനസ്സിലാക്കിയതും ഞാൻ തന്നെയാണ്.
അവർ തമ്മിൽ വല്ലാത്തൊരു ബോണ്ടിങ് ആണ് അഭീ…ചില നേരത്ത് ഹരിയേട്ടൻ എന്ത് പറയും എങ്ങനെ പെരുമാറും എന്ന് വരെ കൃഷ്ണയ്ക്ക് മുൻകൂട്ടി അറിയാൻ പറ്റും. തിരിച്ചു അവളോടും അങ്ങനെ തന്നെ.
ഒരാളുടെ മനസ്സിൽ എന്താണെന്ന് തിരിച്ചറിയാൻ മറ്റേയാൾക്ക് വാക്കുകൾ ആവിശ്യമില്ല.. മൗനത്തിലൂടെ പോലും അവർ സംവദിക്കും…എന്നിട്ടും ഇരുവരുടെയും ഉള്ളിലുള്ള ഇഷ്ടം മാത്രം അവർക്ക് തിരിച്ചറിയാൻ കഴിഞ്ഞില്ല ” മീനാക്ഷി ചിരിയോടെ പറഞ്ഞു നിർത്തി
അഭി അവളുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി ഇരിപ്പാണ്.
” ഞങ്ങളുടെ കല്യാണം വാക്കാൽ ഉറപ്പിച്ചു വെച്ച സമയത്താണ് ഞാൻ ഇക്കാര്യം അറിയുന്നത്.. ഒരു സമയത്ത് കൃഷ്ണയും ഹരിയേട്ടനെ ആഗ്രഹിച്ചിരുന്നു എന്ന്.. ആ നിമിഷം എന്റെയുള്ളിലെ വികാരം എന്തായിരുന്നെന്ന് എനിക്ക് അറിയില്ല . യാന്ത്രികമായി ബാക്കിയുള്ള ഓരോ പേജും മറിച്ചു നോക്കി.
“അന്ന് ഞാനാ മുറിവിട്ടു പോയി..എങ്കിലും ഉള്ളിൽ ഭയത്തിന്റെ ചെറിയൊരു കണിക ഉണ്ടായിരുന്നു. കൃഷ്ണയോട് തനിച്ചൊന്നു സംസാരിക്കണമെന്ന് കരുതി ഇരുന്നതാണ്.. പക്ഷെ… അന്ന് രാത്രിയാണ് നമ്മളാരും പ്രതീക്ഷിക്കാത്ത നാടകീയ സംഭവങ്ങൾ ഉണ്ടായത്.
ശ്രീജിത്ത് അവളെ ഉപദ്രവിക്കാൻ വന്നതും നിങ്ങളെ രണ്ടുപേരെയും മോശക്കാരാക്കാൻ ശ്രമിച്ചതും..പിന്നീട് അവളോടൊന്നു തനിയെ സംസാരിക്കാൻ കഴിഞ്ഞില്ല..
പക്ഷേ അച്ഛനും ചെറിയച്ഛനും കാര്യങ്ങളുടെ സത്യാവസ്ഥ മനസ്സിലാക്കിയിരുന്നു.. കൃഷ്ണയോട് സംസാരിച്ചതിന് ശേഷം അവളുടെ മനസിലുള്ള കാര്യങ്ങൾ ഇരുവരും വ്യക്തമായി എന്നോട് പറഞ്ഞു.
എല്ലാം വായിച്ചു കഴിഞ്ഞപ്പോൾ ആദ്യമുണ്ടായിരുന്ന ഭയവും പരിഭ്രമവും ഒക്കെ ആശ്വാസത്തിലേക്ക് വഴി മാറി.
അവസാന ഭാഗത്തു കൃഷ്ണ എഴുതിയിരുന്നത് മീനുചേച്ചിയുടെ സ്വന്തം ഹരിയേട്ടൻ എന്നാണ്.. അവൾ പൂർണ മനസോടെ നിറഞ്ഞ സന്തോഷത്തോടെ ഞങ്ങൾ ഒന്നാകാൻ കൃഷ്ണ ആഗ്രഹിച്ചിരുന്നു.
അതിൽ പിന്നെ എന്റെ ഉള്ളിൽ യാതൊരുവിധ ഭയവും ഉണ്ടായിരുന്നില്ല.. വീണ്ടും അവയെക്കുറിച്ച് ചോദിച്ച കൃഷ്ണയെ മാനസികമായി ബുദ്ധിമുട്ടിക്കാനും ഞാൻ ആഗ്രഹിച്ചില്ല എന്നതാണ് സത്യം .. ഉള്ളിൽ ചെറിയൊരു നോവു ഉണ്ടായിരുന്നു..
അവൾ ഞങ്ങൾക്ക് വേണ്ടിയാണ് അഭിയുമായുള്ള കല്യാണത്തിന് സമ്മതിച്ചത് എന്നൊരു തോന്നൽ.. പക്ഷേ അന്ന് എൻഗേജ്മെന്റ് കഴിഞ്ഞതോടുകൂടി ആ വിഷമം എന്നിൽ നിന്നും മാറിയിരുന്നു. കൃഷ്ണ അഭിയെ ഇഷ്ട്ടപെട്ടു തുടങ്ങിയത് പോലെ…
ഞാനും ഹരിയേട്ടനും അക്കാര്യം പറയുകയും ചെയ്തു. അവളെ സ്നേഹിക്കുന്ന കുടുംബത്തിലേക്ക് തന്നെയാണ് ചെല്ലുന്നതെന്ന ആശ്വാസം തോന്നി.
പുതിയ ജീവിതം തുടങ്ങാൻ പോകുന്ന നിങ്ങൾക്കിടയിലെക്ക് ഹരിയേട്ടന്റെ കാര്യം വീണ്ടും വലിച്ചിഴക്കുന്നത് തെറ്റാണെന്ന് ബോധ്യം ഉണ്ടായിരുന്നത് കൊണ്ട് ഇന്നീ നിമിഷം വരെ അവളോട് ഞാനാ കാര്യം ചോദിച്ചിട്ടില്ല ”
“തനിക്ക് എന്റെ കൃഷ്ണയോട് ദേഷ്യം തോന്നിയിരുന്നോ.. എല്ലാം വായിച്ചു കഴിഞ്ഞതിനു ശേഷം ” അഭി ചോദിച്ചു.
” ദേഷ്യമോ… എന്തിനു. ” അവൾ ഉറക്കെ ചിരിച്ചു
” ഞാൻ പറഞ്ഞില്ലേ അഭീ…അവരെ രണ്ടുപേരെയും ഏറ്റവും നന്നായി മനസിലാക്കിയ ഒരാളാണ് ഞാൻ. കൃഷ്ണയുടെ മാനസികാവസ്ഥ എനിക്ക് മനസിലാകും.
അവളുടെ ലോകമെന്നു പറയുന്നത് ഞങ്ങളുടെ തറവാടും അവിടുത്തെ ആൾക്കാരും ഹരിയേട്ടനും കാവും കുളവുമൊക്കെ ആയിരുന്നു. ഈയൊരു ബൗണ്ടറിക്കുള്ളിൽ ആയിരുന്നു കൃഷ്ണവേണിയുടെ ജീവിതം. അവൾക്ക് ഹരിയേട്ടൻ അല്ലാതെ മറ്റൊരു അടുത്ത സുഹൃത്ത് പോലുമില്ല.
അവളുടെ വാക്കുകളിലും മനസിലും ഹരിയേട്ടൻ അല്ലാതെ വേറൊരാളും ഉണ്ടായിരുന്നില്ല. അത്കൊണ്ട് തന്നെ അവൾക്ക് തോന്നിയ ഇഷ്ടം….ഇട്സ് ക്വയറ്റ് നാച്ചുറൽ. ”
മീനാക്ഷി വളരെ പാകതയോടെയാണ് സംസാരിച്ചത്. ശാന്തമായി വളരെ പക്വതയോടെയുള്ള അവളുടെ സംസാരം അഭിമന്യുവിൽ ഒരു മതിപ്പുളവാക്കി.
അവൾ സംസാരിച്ചു തുടങ്ങിയപ്പോൾ താനൊന്നു ഭയന്നു എന്നത് സത്യം തന്നെയാണ്. മീനാക്ഷിയ്ക്ക് എന്തെങ്കിലും തെറ്റിദ്ധാരണ ഉണ്ടാകുമോ എന്നൊക്കെ ഒരു നിമിഷം കരുതിപ്പോയി.
അതോടൊപ്പം എന്നെങ്കിലും ഒരിക്കൽ ഇക്കാര്യമെല്ലാം ഹരിയോ മീനാക്ഷിയോ അറിയേണ്ടി വന്നാൽ അവർ കൃഷ്ണയെ തെറ്റിദ്ധരിക്കുമോ എന്ന പേടിയും അവനിൽ നിന്ന് അശേഷം നീങ്ങി പോയി.
മീനാക്ഷി എല്ലാം അറിഞ്ഞുകൊണ്ട് തന്നെയാണ് ഹരിയെ വിവാഹം ചെയ്തത്. ഒരു പക്ഷെ തന്നെക്കാൾ അധികമായി ഹരിയേയും കൃഷ്ണയെയും മനസിലാക്കുകയും ചെയ്തിരിക്കുന്നു.
“ഹരിയ്ക്ക് അറിയാമോ ഇക്കാര്യം ” അഭിമന്യു ചോദിച്ചു
“ഇല്ല…ഹരിയേട്ടന് ഒന്നുമറിയില്ല ”
” പറയാമായിരുന്നില്ലേ.. ”
“കല്യാണം കഴിഞ്ഞ ആദ്യ നാളുകളിൽ പറയാൻ ഇരുന്നതാണ്.. . പക്ഷെ ഹരിയേട്ടന്റെ ചില പെരുമാറ്റങ്ങൾ എന്നെ അതിൽ നിന്നു പിന്തിരിപ്പിച്ചു കളഞ്ഞു…കല്യാണദിവസം അഭിയും കൃഷ്ണയും തിരിച്ചതിനു ശേഷം ഹരിയേട്ടൻ ആകെ അപ്സെറ്റ് ആയിരുന്നു.
തൊട്ടതിനും പിടിച്ചതിനുമൊക്കെ ദേഷ്യം. കൃഷ്ണ നമ്മളെയെല്ലാം വിട്ട് ദൂരേക്ക് പോയില്ലേ എന്നൊക്കെ എന്നോട് പറഞ്ഞു വിഷമിക്കുമായിരുന്നു.
അന്ന് ഹോസ്പിറ്റലിൽ വെച്ച് കൃഷ്ണയോട് സംസാരിച്ചതിന് ശേഷമാണ് ആളൊന്നു സമാധാനത്തിൽ ആയത്. എങ്കിലും ഇടയ്ക്ക് അവളെ ഓർത്തു കണ്ണ് നിറയ്ക്കും..
അതൊക്കെ കാണുമ്പോൾ എല്ലാം തുറന്ന് പറയാണോയെന്ന് സംശയം തോന്നും…ഒരുപക്ഷെ ഇത്രയും വൈകിയൊരു തിരിച്ചറിവ് ഹരിയേട്ടനെ തകർത്തു കളഞ്ഞേക്കാം ”
കല്യാണം കഴിഞ്ഞ ആദ്യ ദിനങ്ങളിൽ കൃഷ്ണയും അങ്ങനെ ആയിരുന്നല്ലോ എന്ന് അഭിമന്യു ഓർത്തു. ഒറ്റയ്ക്കിരുന്നു കണ്ണ് നിറയ്ക്കും.
അത് ഹരിയെ ഓർത്തിട്ടാണെന്ന് തനിക്ക് മനസിലാകുമായിരുന്നു. എങ്കിലും ഒരിക്കൽ പോലും ഹരിയെ കാണണമെന്നോ മറ്റോ അവൾ പറഞ്ഞിട്ടില്ല.
മാസങ്ങൾക്കു ശേഷം, ഈ കഴിഞ്ഞ ദിവസമാണ് അവർ തമ്മിൽ കാണുന്നത് പോലും.
ഒരുപക്ഷെ മീനാക്ഷിയുടെയും ഹരിയുടെയും ജീവിതത്തിനിടയിലേക്ക് പഴയ പോലെ വരുന്നത് തെറ്റാണെന്ന് കരുതിയാകും അവൾ തന്നോടാ കാര്യം ആവിശ്യപ്പെടാത്തതു പോലും.
” ഹരിയേട്ടൻ പഴയതിൽ നിന്നു ഒരുപാട് മാറി.. കൃഷ്ണയെ ഓർക്കുമ്പോഴെല്ലാം എന്നോട് പറയും അവൾക്ക് അഭിയുണ്ടല്ലോ.. എന്നേക്കാൾ അധികമായി അവളെ സ്നേഹിക്കാനും സംരക്ഷിക്കാനുമെന്നു..സ്വയം ഒരു അകലം പാലിക്കുന്നത് പോലെ..”
” കൃഷ്ണയും അങ്ങനെ തന്നെയാ.. she is trying to keep a distance ”
അഭി താടി ഉഴിഞ്ഞു കൊണ്ട് പറഞ്ഞു.
” പക്ഷേ അഭീ…. there is a hidden fact…. അവർക്കൊരിക്കലും പിരിഞ്ഞു ഇരിക്കാൻ കഴിയില്ല..അത് മറ്റാരെക്കാളും നന്നായി ഹരിയേട്ടനും കൃഷ്ണയ്ക്കും അറിയാം..
ആ ഒറ്റ കാരണം കൊണ്ടാണ് അവർക്കിടയിൽ ജീവിതത്തിൽ ഒന്നിച്ചാലോ എന്നൊരു ചിന്ത വന്നത് പോലും. ”
ശെരിയാണെന്ന അർത്ഥത്തിൽ അവൻ തലകുലുക്കി.
” ജീവിതകാലം മുഴുവൻ ഹൃദയസഖിയായി കൂടെ ഉണ്ടാകുമെന്ന് പറഞ്ഞിട്ട് ഇപ്പോ പരസ്പരം അകലം പാലിക്കുന്നു..അതിന്റെ ഫ്രസ്ട്രേഷൻ ഉണ്ട് ഹരിയേട്ടന്.. ”
അഭിമന്യു മീനാക്ഷി പറയുന്നത് ശ്രദ്ധാപൂർവം കേട്ടിരുന്നു.
” അഭിയ്ക്ക് ഇക്കാര്യമൊന്നും അറിയില്ലന്നാ ഞാൻ കരുതിയത്.. ഇന്ന് അച്ഛനോട് സംസാരിക്കുന്നത് വരെയും… ”
അവനൊന്നു ചിരിച്ചു.
“കൃഷ്ണ എഴുതിയ ബുക്സ് എല്ലാം ഞാനും വായിച്ചതാണ്… കൃത്യമായി പറഞ്ഞാൽ താൻ വായിച്ചതിന്റെ അന്ന് രാത്രി തന്നെ അതെന്റെ കയ്യിൽ എത്തി.
തനിക്ക് അവരെ മനസിലാക്കാൻ കഴിഞ്ഞത് പോലെ എനിക്കും കഴിയുന്നുണ്ട് എന്റെ കൃഷ്ണയെ മനസിലാക്കാൻ…അവളുടെ സൗഹൃദത്തെ മനസിലാക്കാൻ.. !”
മീനാക്ഷി ഇമവെട്ടാതെ അവനെ നോക്കിയിരുന്നു. ഹരിയേയും കൃഷ്ണയെയും കുറിച്ച് മറ്റെന്തൊക്കെയോ പറയാൻ ഇരുവർക്കും ഉണ്ടായിരുന്നത് പോലെ.
**********************
കുളത്തിലെ വെള്ളത്തിലേക്ക് കാൽ ഇറക്കി വെച്ചിരിക്കുകയായിരുന്നു കൃഷ്ണയും ഹരിയും. പരൽ മീനുകൾ കാലിൽ വന്നു ചെറുതായി കൊത്തുന്നുണ്ട്. കുറെ നാൾ കൂടി കണ്ടതു കൊണ്ട് വാ തോരാതെ വിശേഷങ്ങൾ പറയുകയാണ് ഇരുവരും.
“കൃഷ്ണ നീ ഇവിടെ നിൽക്കാമോ കുറച്ചുദിവസം.. എത്ര നാൾ കൂടിയാ ഇവിടെ വരുന്നത്.. ” ഹരി ചോദിച്ചു
“ഞാൻ അഭിയേട്ടനോട് ചോദിച്ചു നോക്കട്ടെ.. ” അവൾ പറഞ്ഞു.
“ശരിക്കും മിസ്സ് ചെയ്യുന്നു നമ്മളെല്ലാവരും ഇവിടെയായിരുന്ന ദിവസങ്ങൾ ഒക്കെ.. പഴയ പോലെ കുറച്ചു ദിവസം ഞാനും നീയും മീനാക്ഷിയും ഒക്കെ ഒരുമിച്ച് ഇവിടെ താമസിക്കാൻ തോനുന്നു.
കൃഷ്ണയുടെ മനസ്സിലും അങ്ങനെയൊരു ആഗ്രഹം തോന്നിയിരുന്നു.. ഇനി എപ്പോഴും ഒന്നും ഇങ്ങനെ പറ്റിയെന്ന് വരില്ലല്ലോ..
അപ്പോഴാണ് അഭിയും മീനാക്ഷിയുംഅവിടേക്ക് വന്നത്. അവരും പടവുകളിലേക്ക് ഇറങ്ങി അരികിലായി ഇരുന്നു.
നാലുപേരും കൂടെ സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് അഭിയ്ക്ക് ഒരു കോൾ വന്നത്. അവൻ അല്പം മാറി നിന്ന് സംസാരിച്ചതിനുശേഷം തിരികെ അവർക്കരികിൽ എത്തി.
” ഒരു ഒഫീഷ്യൽ മാറ്റർ..എന്റെ സുപ്പീരിയർ ഓഫീസർ ആണ് വിളിച്ചത്.. . എനിക്കൊന്നു തിരുവനന്തപുരം വരെ പോകേണ്ടി വരും.. ” അവൻ പറഞ്ഞു
“എപ്പോഴാ പോകേണ്ടത് “ഹരി ചോദിച്ചു
“നാളെയാണ് ചെല്ലേണ്ടത്.. ”
“എങ്കിൽ നമുക്ക് തിരിച്ചാലോ കൃഷ്ണ… നാളത്തേക്കുള്ള കുറച്ചു ഫയൽ റെഡി ആക്കാൻ ഉണ്ട് .. അഭി പറഞ്ഞു.
കൃഷ്ണയും ഹരിയും പരസ്പരം നോക്കി..മുഖത്തു നിരാശ നിഴലിച്ചു.
നാലുപേരും ചെമ്പകശ്ശേരി ലേക്ക് തിരിച്ചു.
അവളുടെ മുറിയിൽ പോകാനായി ഡ്രസ്സ് ചെയ്യുകയായിരുന്നു കൃഷ്ണ. അഭി എല്ലാവരോടും യാത്ര പറഞ്ഞു അകത്തേക്ക് കയറി വന്നു.
അഭിയേട്ടാ… ”
“മം.. ”
“ഞാൻ ഇവിടെ നിന്നോട്ടെ കുറച്ചു ദിവസം.. ” കൃഷ്ണ തെല്ലൊരു മടിയോടെ ചോദിച്ചു.
” അച്ഛന് വയ്യല്ലോ.. മാത്രവുമല്ല കുറെ നാൾ കൂടിയല്ലേ ഇവിടെ വന്നത്.. “അവൾ പ്രതീക്ഷയോടെ അവന്റെ മുഖത്തേക്ക് നോക്കി.
“അപ്പൊ ഞാനോ ” അവൻ തിരികെ ചോദിച്ചു
“അഭിയേട്ടൻ പൊയ്ക്കോ…നാളെ യാത്ര ഉള്ളതല്ലേ ”
” ആഹാ ഇപ്പൊ അങ്ങനെയൊക്കെ ആയോ.. ഇവിടെത്തിയപ്പോ എന്നെ വേണ്ടേ ” അവൻ ചെറിയൊരു ഗൗരവത്തോടെ ചോദിച്ചു.
” ഞാൻ വെറുതെ പറഞ്ഞെന്നെ ഉള്ളൂ.. നമുക്ക് തിരികെ പോകാം ” അവൾ പുഞ്ചിരിയോടെ പറഞ്ഞു.
അഭി അവളെ തന്നോട് ചേർത്ത് പിടിച്ചു. “വെറുതെ പറഞ്ഞതല്ല… നീ ആഗ്രഹിച്ചു ചോദിച്ചതാണ്…. ” അവളുടെ കവിളുകൾ കൈകുമ്പിളിലെടുത്തു അഭി പറഞ്ഞു “ഞാൻ പോയിട്ട് തിരികെ വരുന്നത് വരെ നീ ഇവിടെ നിന്നോ..നിന്റെ ഹരിയേട്ടന്റെയും മീനുചേച്ചിയുടെയും കൂടെ. ”
കൃഷ്ണയുടെ മുഖം സന്തോഷത്താൽ തെളിഞ്ഞു..
“താങ്ക്യു.. ” അവന്റെ കവിളിലൊരു നുള്ള് കൊടുത്തിട്ട് അവൾ നിറഞ്ഞ സന്തോഷത്തോടെ അകത്തെക്കു ഓടി.
ഹരിയുടെയും മീനുവിന്റെയും അടുത്തേക്ക് ….ആ സന്തോഷം ഉടനെ കെടാൻ പോകുന്നു എന്നറിയാതെ… !
(തുടരും )