Wednesday, January 22, 2025
Novel

ഹൃദയസഖി : ഭാഗം 21

എഴുത്തുകാരി: ടീന കൊട്ടാരക്കര


അഭിമന്യു കൃഷ്ണയെ മുറുകെ പുണർന്നു. കുറെ നേരം ഇരുവരും ആ നിൽപ്പ് തുടർന്നു. കൃഷ്ണയുടെ കണ്ണിൽ നിന്നും കണ്ണീർ ധാരയായി ഒഴുകുന്നുണ്ടായിരുന്നു. അഭി അവളുടെ തലയിൽ തഴുകി ആശ്വസിപ്പിച്ചുകൊണ്ടിരുന്നു. അൽപനേരത്തിനു ശേഷം അവളെ നെഞ്ചിൽ നിന്നടർത്തി കണ്ണുകൾ തുടച്ചുകൊണ്ട് മുറിയിലേക്ക് കയറി.

കൃഷ്ണയെ കട്ടിലിൽ ഇരുത്തി അവൾക്ക് എതിർവശത്തൊരു കസേരയിലായി അഭിയും ഇരുന്നു. അവളുടെ കരച്ചിലൊന്നടങ്ങിയതിനു ശേഷം അഭി സംസാരിച്ചു തുടങ്ങി.

” ശ്രീജിത്തിനെ ഫോളോ ചെയ്തു ഞാൻ നിന്റെ വീട്ടിലെത്തിയില്ലേ.. അന്ന് തന്നെ എനിക്കെന്തോ പന്തികേട് തോന്നിയിരുന്നു. കാരണം ആ സന്ധ്യ നേരത്തു നീ ഒറ്റയ്ക്കു വീട്ടിലേക്ക് പോകില്ലല്ലോ..

മാത്രവുമല്ല നിന്റെ മുഖഭാവവും എന്തോ കുഴപ്പം ഉള്ളത് പോലെ തോന്നിപ്പിച്ചു. തുടർന്ന് നമ്മളാരും പ്രതീക്ഷിക്കാത്ത കാര്യങ്ങൾ ആണല്ലോ സംഭവിച്ചതും.

നീ ചെമ്പകശ്ശേരിയിലേക്ക് തിരിച്ചതിനു പിന്നാലെ ഞാനാ വീടൊന്നു പരിശോധിച്ചു. അപ്പോഴാണ് ബുക്കുകളും ഡയറിയുമൊക്കെ കണ്ടത്…

നീയത് കത്തിക്കാനായി കൊണ്ട് വന്നതാണല്ലേ..? ” അഭി അവളെ നോക്കി.
അതേയെന്നവൾ തലകുലുക്കി.

“മം… മണ്ണെണ്ണയും തീപ്പെട്ടിയുമൊക്കെ പരിസരത്ത് നിന്നു കിട്ടിയിരുന്നു. ”
കൃഷ്ണ തലകുമ്പിട്ടിരുന്നു

” ശ്രീജിത്തിനെ അന്ന് രാത്രി തന്നെ കസ്റ്റഡിയിലെടുത്തു. തുടർന്ന് ചോദ്യം ചെയ്യലൊക്കെ കഴിഞ്ഞ് ഹോസ്പിറ്റലിലും പോയി തിരികെ വീട്ടിലെത്തിയപ്പോൾ ഒരുപാട് വൈകി. ”

“ഹോസ്പിറ്റലിലോ ”

“അതെ.. അന്ന് കൈ വെട്ടി മുറിച്ചതൊക്കെ മറന്നുപോയോ ” അഭി ചിരിച്ചു

പെട്ടന്നാണവൾക്ക് അക്കാര്യം ഓർമ വന്നത്. അവൾ അഭിയുടെ കയ്യിലേക്ക് നോക്കി. അവൾക്ക് കാണാൻ പാകത്തിന് അവൻ കൈ നീട്ടികൊടുത്തു.

മുട്ടിനു താഴെയായും ഷോൾഡറിന്നോട് ചേർന്നുമാണ് മുറിവുണ്ടായിരുന്നത്. കൃഷ്ണ ആ മുറിപ്പാടിൻമേൽ തന്റെ കൈകളാൽ തലോടി.

“അന്ന് രാത്രി തന്നെ ഞാനത് മുഴുവനും വായിച്ചു. സത്യം പറഞ്ഞാൽ ഞാനും സഞ്ചരിക്കുകയായിരുന്നു കൃഷ്ണെ നിന്റെ സങ്കടങ്ങളിലൂടെ, കൊച്ചു കൊച്ചു സന്തോഷങ്ങളിലൂടെ..

നീ കയ്യെത്തി പിടിക്കാൻ ആഗ്രഹിക്കുന്ന സ്വപ്നങ്ങളും ആരോടും പങ്കുവയ്ക്കാതെ ഉള്ളിലൊതുക്കിയ പ്രണയവുമൊക്കെ എന്റെ കണ്മുന്നിൽ തെളിയുകയായിരുന്നു.”

” അതൊരിക്കലും പ്രണയമായിരുന്നില്ല.” കൃഷ്ണ ചിരിക്കാൻ ശ്രമിച്ചു.
അഭി അവളുടെ മുഖത്തേക്ക് നോക്കിയിരുന്നു.

” പ്രണയം ആണെന്ന് ഞാൻ തെറ്റിദ്ധരിക്കപ്പെട്ടതാണ്.. ഞാനൊരിക്കലും ഹരിയേട്ടനെ പ്രണയിച്ചിട്ടില്ല.. ഹരിയേട്ടൻ എന്നെയും..” ഒരുതരം നിസ്സംഗതയോടെ അവൾ പറഞ്ഞു നിർത്തി.

” ഹരിയേട്ടനു എന്നെ ഒരുപാട് ഇഷ്ടമാണ്.. ഞാൻ എന്നും കൂടെ വേണം എന്ന് പറയുമായിരുന്നു.

ഞാൻ ഒരുപാട് തവണ ഒറ്റപ്പെട്ടപ്പോഴും, തനിച്ചായി എന്ന് തോന്നിയപ്പോഴുമൊക്കെ നിനക്ക് ഞാൻ ഉണ്ടെന്ന് പറഞ്ഞ് ഹരിയേട്ടൻ എന്നെ ചേർത്തുനിർത്തുമായിരുന്നു.

ഞാനറിയാത്ത ഒരു കാര്യം പോലും ഹരിയേട്ടന്റെ ജീവിതത്തിൽ ഇല്ല. എത്ര ചെറിയ കാര്യമാണെങ്കിൽ പോലും ആദ്യം എന്നോട് പങ്കുവയ്ക്കാനാ ഹരിയേട്ടൻ ഇഷ്ടപ്പെട്ടിരുന്നത്. ഞാൻ ചെയ്ത പുണ്യം ഇങ്ങനെ ഒരു സൗഹൃദം എനിക്ക് കിട്ടിയത്..

സൗഹൃദത്തെ പ്രണയമാണെന്ന് തെറ്റിദ്ധരിച്ച് വർഷങ്ങളോളം മനസ്സിലിട്ട് താലോലിച്ച് കൊണ്ട് നടന്നത് എന്റെ തെറ്റ്..”

” തെറ്റുകൾ എല്ലാം സ്വയം ഏൽക്കുകയാണോ”
അഭി ചോദിച്ചു
കൃഷ്ണ പുഞ്ചിരിച്ചു

” ഹരി ഏട്ടന് എന്നോട് തോന്നിയതും എനിക്ക് തിരികെ തോന്നിയതും വെറും ആകർഷണം മാത്രമാണെന്ന് എനിക്ക് മനസ്സിലാക്കാൻ കഴിയുന്നുണ്ട് .

ജീവിതകാലം മുഴുവനും കൂടെ ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചവർ തമ്മിൽ എന്നെങ്കിലുമൊരിക്കൽ പിരിയണമല്ലോ എന്ന ചിന്ത ഉടലെടുത്തപ്പോൾ എന്തുകൊണ്ട് ജീവിതത്തിലും ഒന്നിച്ചു കൂടാ എന്ന ഒരു ബദൽ മാർഗം മനസ്സിൽ ഉദിച്ചു.. അതിനെ പ്രണയം എന്ന് തെറ്റിദ്ധരിച്ചു.. അതാണ് ഞങ്ങൾക്കിടയിൽ സംഭവിച്ചത്.”

” നീ ഹരിയെ മീനാക്ഷിക്ക് വേണ്ടി വിട്ടു കൊടുത്തതാണോ എന്നൊരു സംശയം എനിക്കുണ്ടായിരുന്നു.”അഭിമന്യു പറഞ്ഞു.

” വിട്ടുകൊടുക്കാൻ ഒരിക്കലും എന്റെ സ്വന്തം ആയിരുന്നില്ലല്ലോ..ഞാൻ സമ്മതം എന്ന് പറഞ്ഞെങ്കിൽ ഞങ്ങൾ തമ്മിൽ ഒന്നായേനെ എന്ന് ഹരിയേട്ടൻ ഇടയ്ക്കിടയ്ക്ക് പറയുമായിരുന്നു.. പക്ഷേ ദൈവത്തിന്റെ നിയോഗം അതല്ല.

ഹരിയേട്ടനെ മീനു ചേച്ചിയെക്കാൾ കൂടുതലായി പ്രണയിക്കാൻ വേറെ ആർക്കും പറ്റില്ല.. അത്ര ആഴത്തിലാണ് ചേച്ചി ഹരിയേട്ടനെ ആഗ്രഹിക്കുകയും ഇഷ്ടപ്പെടുകയും ചെയ്തത്… അവർ തമ്മിൽ ആണ് ഒന്നിക്കേണ്ടതും ”

അഭി ഒരു പുഞ്ചിരിയോടെ എല്ലാം കേട്ടിരുന്നു.

” ഞാനൊരു കാര്യം പറയട്ടെ കൃഷ്ണേ ”

” പറയ് ”

“എനിക്ക് മനസിലായ ഒരു സത്യമാണ്. നീ ഹരിയിൽ നിന്ന് അകന്നു പോകുന്നത് അവൻ ഒരിക്കലും ഇഷ്ടപ്പെട്ടിരുന്നില്ല.. നിന്റെ സൗഹൃദവും, സാന്നിധ്യവും എന്നും കൂടെ ഉണ്ടാകുമെന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു.

അതു കൊണ്ടാണ് അവൻ നിന്നെ ജീവിതത്തിലേക്ക് ക്ഷണിച്ചത്. നീ അവനേയും അവൻ നിന്നെയും പ്രണയിച്ചിരുന്നില്ല എന്നതാണ് വാസ്തവം.

സൗഹൃദത്തിനും പ്രണയത്തിനും ഇടയിലുള്ള ഒരു ബിന്ദുവിലാണ് നിങ്ങൾ രണ്ടുപേരും നിന്നത്.”
കൃഷ്ണ അവൻ പറഞ്ഞത് തലകുലുക്കി സമ്മതിച്ചു.

” നിന്റെ മീനുചേച്ചിയും ഞാനും ഒരേ ധ്രുവങ്ങളിൽ ആയിരുന്നു..
വൺ സൈഡ് ലവ്… .” അഭി പറഞ്ഞു

കുറച്ചുനേരം രണ്ടുപേരും നിശബ്ദമായിരുന്നു.

“എനിക്ക് ഹരിയേട്ടനോട് ഉള്ളിലൊരു ഇഷ്ടം ഉണ്ടായിരുന്നു എന്ന് തിരിച്ചറിഞ്ഞിട്ടും അഭിയേട്ടനു എന്നോട് സ്നേഹം തോന്നിയോ..” കൃഷ്ണ സംശയത്തോടെ ചോദിച്ചു.
മറുപടിയായി അവൻ ഉറക്കെ ചിരിച്ചു.

” ഞാൻ നിന്നോട് പറഞ്ഞില്ലേ. മറ്റാർക്കും വിട്ടു കൊടുക്കാൻ ആഗ്രഹിക്കാത്ത ഒരു ഇഷ്ടമാണ് നീ എന്ന്… നിന്നെയും ഹരിയേയും എനിക്ക് മനസ്സിലാക്കാൻ പറ്റും കൃഷ്ണേ.

അതുകൊണ്ട് തന്നെയാണ് എത്രയും വേഗം നിന്നെ എന്റെ സ്വന്തം ആക്കണം എന്ന് കരുതി വന്ന് പെണ്ണ് ചോദിച്ചത്.

നിന്റെ ബുക്കുകൾ വായിച്ചു തുടങ്ങിയപ്പോൾ ഉള്ളിൽ ഭയം ആയിരുന്നു.. നീ ഹരിയെ പ്രണയിക്കുന്നു എന്നുള്ള തിരിച്ചറിവ്… തകർന്നുപോയി… വേദനയോടെയാണ് ബാക്കിയുള്ള ഭാഗങ്ങൾ എല്ലാം ഞാൻ വായിച്ചത്..

എന്നാൽ വായിച്ചു കഴിയും തോറും എനിക്ക് ബോധ്യമായി പ്രണയമല്ല നിങ്ങൾക്കിടയിൽ ഉള്ളതെന്ന്.. നീ അതിൽ എഴുതിയിരുന്നത് പോലെ തന്നെ വെറും ഇൻഫാക്ച്വഷൻ…

നിങ്ങളുടെ ഇടയിൽ മറ്റാരും വരരുത് എന്നുള്ള പൊസ്സസ്സീവ്നെസ്…. ഇവ രണ്ടുംകൂടി കലർന്ന മനോഭാവത്തെ ഇരുവരും പ്രണയം എന്ന് കരുതി.. ”

“ഒരു പക്ഷേ ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്നത് പ്രണയം ആയിരുന്നെങ്കിലോ ” കൃഷ്ണ ഒരു മറുചോദ്യം ചോദിച്ചു.

“അറിയില്ല.. ചിലപ്പോൾ ഞാൻ ഒഴിഞ്ഞു മാറിയേനെ.”അവൻ മറ്റെവിടേക്കോ നോക്കി പറഞ്ഞു.

കൃഷ്ണ അഭിയുടെ തോളിലേക്ക് തല ചായ്ച്ചു.
” ദൈവം എനിക്ക് വേണ്ടി വിധിച്ചത് അഭിയേട്ടനെ ആണ്.. ഹരിയേട്ടനു വേണ്ടി മിനു ചേച്ചിയെയും”
അഭിമന്യു അവൾ പറയുന്നത് കേട്ടിരുന്നു.

” മീനുചേച്ചി ഹൃദയം കൊടുത്തു സ്നേഹിച്ചതാണ്‌ ഹരിയേട്ടനെ.. അതുപോലെ അല്ലേ അഭിയേട്ടൻ എന്നെ സ്നേഹിച്ചതും… ആത്മാർത്ഥമായി സ്നേഹിക്കുന്നവർ തമ്മിൽ അല്ലേ ചേരേണ്ടത്..” കൃഷ്ണ അവന്റെ കൈവിരലുകളെ കോർത്തു പിടിച്ചു കൊണ്ട് പറഞ്ഞു.

” കൃഷ്ണെ ”
അഭി പതിയെ വിളിച്ചു

” എന്താ അഭിയേട്ടാ” അവന്റെ തോളിൽ ചാരി ഇരുന്നവൾ വിളി കേട്ടു.

” നീ പലപ്പോഴും പറഞ്ഞില്ലേ ഹരിയുടെ ഹൃദയസഖി ആണ് കൃഷ്ണ എന്ന് ”

“ഹരിയേട്ടന്റെ ഹൃദയത്തിൽ എനിക്കൊരു പ്രത്യേക സ്ഥാനമുണ്ട്.. മറ്റാർക്കും നൽകാത്ത ഒരു സ്ഥാനം.. അതുകൊണ്ടാ അങ്ങനെ പറയുന്നത്.”

” പക്ഷേ. എന്റെ ഹൃദയം തന്നെ നീ ആയിരുന്നു കൃഷ്ണ.. എന്റെ ഹൃദയം തുടിക്കുന്നത് പോലും നിനക്ക് വേണ്ടിയാണ്.”

കൃഷ്ണ മുഖമുയർത്തി അഭിയെ നോക്കി അവന്റെ കൺ കോണിൽ ഒരു നീർ തിളക്കം അവൾ ശ്രദ്ധിച്ചു.
കൃഷ്ണയുടെ ഹൃദയം വിങ്ങി.

ആദ്യമായാണ് അഭിമന്യുവിന്റെ കണ്ണുകൾ നിറഞ്ഞ് അവൾ കാണുന്നത്. കൃഷ്ണ അഭിയുടെ കൈകളിൽ പിടുത്തം മുറുക്കി.

അവൾക്ക് അഭിയുടെ നിറഞ്ഞു വന്ന കണ്ണുകളെ തന്റെ കയ്യാൽ തുടയ്ക്കണം എന്ന് തോന്നി.

അവനെ ഒന്നു മുറുക്കി ചേർത്തു പിടിക്കാൻ അതിയായ ആഗ്രഹം തോന്നി.കൃഷ്ണയുടെ ഹൃദയത്തിൽ പ്രണയം തുളുമ്പി.

എന്നാൽ ഒന്നും ചെയ്യാൻ കഴിയാതെ അവൾ അവനെ തന്നെ നോക്കിയിരുന്നു

തന്റെ കണ്ണുകളെ മറക്കാൻ എന്നോണം അഭി മുഖം തിരിച്ചു.

അൽപ നേരത്തിനു ശേഷം കൃഷ്ണയുടെ കൈകളെ വിടുവിച്ചു അവൻ എഴുന്നേറ്റു.
കൃഷ്ണ അവനെ തന്നെ വീക്ഷിച്ചുകൊണ്ട് കട്ടിലിൽ ഇരുന്നു.

“എന്തെങ്കിലും കഴിക്കണ്ടേ ” അവൻ കണ്ണുകൾ തിരുമ്മിക്കൊണ്ട് ചോദിച്ചു.

“മം ” മറുപടി ഒരു മൂളലിൽ ഒതുക്കി കൃഷ്ണ എഴുന്നേറ്റു.
പരസ്പരം ഒന്നും മിണ്ടാതെ ഇരുവരും താഴേക്ക് ഇറങ്ങി ചെന്നു. താഴേക്ക് ചെല്ലുമ്പോഴേക്കും ജാനകി കഴിക്കാനായി പാത്രങ്ങൾ നിരത്തുകയായിരുന്നു.

കൂടെ ചേട്ടത്തിമാരും ഉണ്ട്. കൃഷ്ണയും അവരോടൊപ്പം കൂടി.

എല്ലാവരും ഡൈനിങ് ടേബിളിനു ചുറ്റും ഇരിപ്പുറപ്പിച്ചു. കഴിക്കുന്നതിനിടയിൽ കൃഷ്ണ അഭിയെ ശ്രദ്ധിച്ചു. അവന്റെ മുഖത്ത് ചെറിയൊരു വാട്ടം പോലെ തോന്നിച്ചു.

ഭക്ഷണം കഴിച്ചു പകുതി ആയപ്പോഴേക്കും അഭിമന്യുവിന്റെ കൂട്ടുകാർ ആരൊക്കെയോ അവനെ കാണാനായി വന്നു.

എന്തോ പ്രശ്നമാണെന്നു തോന്നുന്നു. അവർ വന്നു വിവരം അറിയിച്ചതും അഭി അവരോടൊപ്പം പുറത്തേക്ക് പോയി.

കൃഷ്ണയും പകുതിക്ക് വെച്ച് തന്നെ ഭക്ഷണം കഴിപ്പ് നിർത്തി. എന്നാൽ മറ്റുള്ളവർ നിർബന്ധിച്ചത് കൊണ്ട് അവൾ എല്ലാവരോടും ഒപ്പം ഇരുന്ന് എല്ലാം കഴിച്ചെന്നു വരുത്തി.

എല്ലാവരും കഴിച്ചതിനു ശേഷം ഏട്ടത്തി മാരോടൊപ്പം കൃഷ്ണ പാത്രങ്ങളെല്ലാം കഴുകി അടുക്കി വച്ചു.

അഭിമന്യുവിനു കഴിക്കാനുള്ള ആഹാരം മേശമേൽ മൂടിവെച്ച് അവൾ ഡൈനിങ് ടേബിളിനു അടുത്തുള്ള ചെയറിൽ ഇരുന്നു.

” മോൾ പോയി കിടക്കാൻ നോക്ക്. അവൻ ഇനി വരുമ്പോ ഒരു നേരം ആകും.”ജാനകി കൃഷ്ണയോട് പറഞ്ഞു.

” സാരമില്ല അമ്മേ അഭിയേട്ടൻ വന്നിട്ട് ഞാൻ കിടന്നോളാം. ഭക്ഷണം പോലും ശരിക്ക് കഴിക്കാതെ പോയതല്ലേ “.. അവൾ നിരാശയോടെ പറഞ്ഞു.

” അവൻ അങ്ങനെയാ മോളെ.. പുറത്തേക്ക് പോയാൽ ഇനി വരുമ്പോൾ നേരം വെളുക്കും. അതുവരെ ഉറക്കമിളച്ച് ഇരിക്കണ്ട മോള് ചെന്ന് കിടക്കാൻ നോക്ക്. ”

അവർ അവളെ നിർബന്ധിച്ച് മുറിയിലേക്ക് പറഞ്ഞുവിട്ടു. അവൾ മുറിയിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടന്നു. ഉറക്കം വരുന്നുണ്ടായിരുന്നില്ല.

മനസ്സ് നിറയെ അഭിയുടെ കണ്ണുകൾ നിറഞ്ഞ രംഗമാണ്. അവൾ കുറച്ചുനേരം ബാൽക്കണിയിൽ പോയി നിന്നു. സമയം കടന്നു പോയ്ക്കൊണ്ടിരുന്നു.

കുറച്ചു നേരത്തിനു ശേഷം വീണ്ടും അകത്ത് കട്ടിലിൽ വന്നിരുന്നു. അഭി പറഞ്ഞ കാര്യങ്ങളെല്ലാം അവളുടെ മനസ്സിലൂടെ കടന്നു പോയ്ക്കൊണ്ടിരുന്നു.

കൃഷ്ണ കണ്ണുകളടച്ച് കട്ടിലിലേക്ക് ചാരിയിരുന്നു. ഇടയ്ക്കിടയ്ക്ക് അവളുടെ നോട്ടം ക്ലോക്കിലേക്ക് നീളുന്നുണ്ടായിരുന്നു. സമയം പന്ത്രണ്ടര കഴിഞ്ഞിരിക്കുന്നു.

ഇതുവരെയായിട്ടും അഭിയേട്ടൻ തിരികെ വന്നിട്ടില്ല. അവൾക്ക് ഉള്ളിൽ ചെറിയൊരു ആധി തോന്നി.

ഒന്നു ഫോൺ ചെയ്താലോ എന്ന് കരുതിയതും താഴെ കോളിങ് ബെൽ അടിക്കുന്ന ശബ്ദം കേട്ടു. ഉടനടി തന്നെ അവൾ സ്റ്റെപ്പ് ഓടി ഇറങ്ങി താഴേക്ക് ചെന്നു.

ജനലിലൂടെ നോക്കി അഭിമന്യു തന്നെയാണെന്ന് ഉറപ്പിച്ചതിനുശേഷം വാതിൽ തുറന്നു.

(തുടരും )

ഹൃദയസഖി : ഭാഗം 1

ഹൃദയസഖി : ഭാഗം 2

ഹൃദയസഖി : ഭാഗം 3

ഹൃദയസഖി : ഭാഗം 4

ഹൃദയസഖി : ഭാഗം 5

ഹൃദയസഖി : ഭാഗം 6

ഹൃദയസഖി : ഭാഗം 7

ഹൃദയസഖി : ഭാഗം 8

ഹൃദയസഖി : ഭാഗം 9

ഹൃദയസഖി : ഭാഗം 10

ഹൃദയസഖി : ഭാഗം 11

ഹൃദയസഖി : ഭാഗം 12

ഹൃദയസഖി : ഭാഗം 13

ഹൃദയസഖി : ഭാഗം 14

ഹൃദയസഖി : ഭാഗം 15

ഹൃദയസഖി : ഭാഗം 16

ഹൃദയസഖി : ഭാഗം 17

ഹൃദയസഖി : ഭാഗം 18

ഹൃദയസഖി : ഭാഗം 19

ഹൃദയസഖി : ഭാഗം 20