Thursday, December 26, 2024
Novel

ഹൃദയസഖി : ഭാഗം 18

എഴുത്തുകാരി: ടീന കൊട്ടാരക്കര


“പാൽ നീ കുടിക്ക്. എന്നിട്ട് കുറച്ച് നേരം കൂടി പഠിച്ചോ. ”
പാൽ ഗ്ലാസ് അവളുടെ കയ്യിലേക്ക് തന്നെ നൽകിക്കൊണ്ട്അഭി പറഞ്ഞു

“നാളെ ലീനിയർ പ്രോഗ്രാമിങ് അല്ലെ എക്സാം ”
കൃഷ്ണയുടെ അമ്പരന്നുള്ള നിൽപ്പ് കണ്ട് അവൻ ചോദിച്ചു
“അതെ “അവളുടെ ശബ്ദം താണു പോയിരുന്നു
“എങ്കിൽ പഠിച്ചോ “അവൻ കട്ടിലിലേക്ക് കയറി ഇരുന്നുകൊണ്ട് പറഞ്ഞു
കൃഷ്ണ അഭിയുടെ മുഖത്തേക്ക് തന്നെ നോക്കി നിന്നു.

” എന്താ “അവൻ പുരികങ്ങൾ ഉയർത്തി ചോദിച്ചു.

മുഖത്ത് ഗൗരവം നിറഞ്ഞുതുളുമ്പി. ഒന്നുമില്ലെന്ന് തലയാട്ടി അവൾ മേശക്കരികിൽ എത്തി കയ്യിലെ പാൽ ഗ്ലാസ് മേശമേൽ വെച്ചിട്ട് അവൾ പഠിക്കാനായി ടെക്സ്റ്റ് തുറന്നു.

” പാൽ കുടിക്കുന്നില്ലേ”. അഭി ചോദിച്ചു, അവന്റെ ശബ്ദം കനത്തിരുന്നു.
” കുടിക്കാം. “തിരിഞ്ഞു നോക്കാതെ കൃഷ്ണ മറുപടി നൽകി ഒറ്റവലിക്ക് തന്നെ പാൽ മുഴുവനും കുടിച്ചു തീർത്തു.

ഗ്ലാസ് മാറ്റി വച്ചിട്ട് അവൾ വീണ്ടും പുസ്തകത്തിലേയ്ക്ക് മുഖം പൂഴ്ത്തി. അഭിമന്യുവിന് എന്താ ഇപ്പോൾ ഒരു ഗൗരവ ഭാവം എന്ന് അവൾ ചിന്തിച്ചു.

രാവിലെ മുതൽ വളരെ സൗമ്യ ഭാവത്തിലാണ് അവൻ കാണപ്പെട്ടത്.

കുറച്ചു മുൻപ് പോലും എത്ര സോഫ്റ്റ് ആയി ആണ് സംസാരിച്ചത്. എന്നിട്ടിപ്പോ പെട്ടെന്നൊരു മാറ്റം. അവൾ ഇടയ്ക്ക് തല ചരിച്ച് അവനെ നോക്കി.

കട്ടിലിൽ കിടന്നുകൊണ്ട് ഫോണിൽ നോക്കുകയാണ് അവൻ. അച്ഛമ്മയോട് നേരത്തെ തന്നെ വിവാഹകാര്യം ഒക്കെ പറഞ്ഞുവെച്ചത് ചോദിക്കണമെന്നുണ്ടായിരുന്നു അവൾക്ക്.

പക്ഷേ അവന്റെ ഇപ്പോഴത്തെ ഭാവം കണ്ടിട്ട് ഒന്നും ചോദിക്കാനും കഴിയുന്നില്ല. വീണ്ടും പഠനത്തിലേക്ക് തന്നെ അവൾ തിരിഞ്ഞു.

അഭിമന്യുവിന്റെ സാന്നിധ്യം മുറിയിൽ ഉള്ളതുകൊണ്ട് ആകും അവൾക്ക് പൂർണമായും ശ്രദ്ധചെലുത്താൻ കഴിഞ്ഞില്ല.

ഇടയ്ക്കിടയ്ക്ക് തിരഞ്ഞ് അവനെ നോക്കി കൊണ്ടിരുന്നു.

തീരെ പ്രതീക്ഷിച്ചില്ല എങ്കിലും ഹരിയുടെ പതിവ് ഗുഡ് നൈറ്റ് മെസ്സേജ് വന്നിരുന്നു.

ഉടനടി തന്നെ അവൾ തിരികെയും ഗുഡ്നൈറ്റ് അയച്ചു. ചിന്തകൾ പുറകിലേക്ക് പോകുന്നു എന്ന് തോന്നിയതും അവൾ തല കുടഞ്ഞു. വീണ്ടും പുസ്തകതാളുകൾ മറിച്ചു കൊണ്ടിരുന്നു.

തലേന്നു മുതൽ ഉള്ള ഉറക്കം ക്ഷീണവും പതിവില്ലാതെ രാത്രി പാലുകുടിച്ചതു കൊണ്ടും അവൾക്ക് കണ്ണുകളിലേക്ക് മയക്കം എത്തി.കുറച്ച് നേരം എന്തൊക്കെയോ ഒന്ന് പഠിച്ചെന്ന് വരുത്തി അവൾ ബുക്സ് മടക്കി വെച്ചു ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റു.

” എന്തേ ഉറക്കം വരുന്നുണ്ടോ “അഭി ചോദിച്ചു.
അതെയെന്ന് അവൾ തലയാട്ടി.

” എങ്കിൽ കിടന്നോ.” അവന്റെ ശബ്ദം വീണ്ടും മൃദുവായി.
കട്ടിലിന്റെ ഒരു വശത്തേക്ക് ചേർന്ന് കൃഷ്ണ കയറി കിടന്നു.

ലൈറ്റ് ഓഫ് ആക്കി അഭിയും കിടന്നു. കത്തിച്ചുവെച്ച ലാംബിന്റെ അരണ്ട വെളിച്ചം മുറിയിലാകെ നിറഞ്ഞു.
കട്ടിലിന്റെ ഒരുവശത്തായി നീണ്ടു നിവർന്നു കിടക്കുന്ന അഭിയെ കൃഷ്ണ നോക്കി.

എന്തിനെന്നറിയാതെ അവളുടെ ഹൃദയം വേഗത്തിൽ മിടിച്ചു കൊണ്ടിരുന്നു
ആദ്യമായി ഒരു പുരുഷനോടൊപ്പം കിടക്ക പങ്കിടുന്നു.’ അങ്ങനെ ഏതോ ഒരാൾ അല്ലല്ലോ. തന്റെ ഭർത്താവാണ്.

‘അവൾ സ്വയം മനസ്സിനോട് പറഞ്ഞുകൊണ്ടിരുന്നു. ഇതിനുമുൻപ് തന്റെ വീട്ടിൽ വച്ച് അവനോടൊപ്പം ഒരു മുറിയിൽ അകപ്പെട്ടുപോയത് അവളുടെ മനസ്സിലേക്ക് ഓടിയെത്തി.

ആ മുറിയിൽ വെച്ച് അനുഭവിച്ച പേടിയും പരിഭ്രമവും ഈ നിമിഷവും തന്നോടൊപ്പം ഉണ്ടോ എന്ന് അവൾ ശങ്കിച്ചു.

എന്നാൽ ഇന്ന് താൻ വിവാഹിതയാണ്. തന്റെ ഭർത്താവാണ് അഭിമന്യു. ഭയത്തിന്റെ ഒരു അംശം പോലും തനിക്ക് ഉണ്ടാകേണ്ട കാര്യമില്ല. കൃഷ്ണ കൈകൾ രണ്ടും വയറിനു മീതെ വച്ച് കണ്ണുകളടച്ചു.

പെട്ടെന്നാണ് അഭി ഒന്ന് തിരിഞ്ഞു കിടന്നത്. ഉടനടി തന്നെ കൃഷ്ണ ഭിത്തിയോട് ചേർന്ന് നീങ്ങി കിടന്നു.

അഭിമന്യുവിന് അത് കണ്ടിട്ട് ചിരിയാണ് വന്നത്. അവൻ തന്റെ കൈയ്യിലെടുത്തു ബെഡിലേക്ക് വെച്ചു. കൃഷ്ണ വീണ്ടും അൽപ്പം കൂടി നീങ്ങി ഭിത്തിയോട് ചേർന്ന് കിടന്നു.

“ഇനിയും നീങ്ങി കിടക്കണമെങ്കിൽ ഭിത്തി പൊളിച്ച് അപ്പുറം പോകേണ്ടിവരും. ”

അവൻ കൈകൾ മടക്കി നെറ്റിമേൽ വെച്ചുകൊണ്ട് ചിരിയോടെ പറഞ്ഞു. കൃഷ്ണയ്ക്ക് പെട്ടെന്ന് ജാള്യത തോന്നി. അവൾ പുതപ്പ് തലവഴി മൂടി തിരിഞ്ഞു കിടന്നു.

സമയം കടന്നു പോയ്ക്കൊണ്ടിരുന്നു. അഭിയ്ക്ക് ഉറക്കം വരുന്നുണ്ടായിരുന്നില്ല. കൃഷ്ണയും ഉറങ്ങിയിട്ടില്ല എന്ന് അവന് മനസ്സിലായി.

“കൃഷ്ണേ “. അവൻ ആർദ്രമായി വിളിച്ചു.
അവൾ വിളികേട്ടു

“നിനക്ക് എന്നോട് എന്തെങ്കിലും പറയാനുണ്ടോ. ”

” പഠിച്ചു കൊണ്ടിരിക്കുമ്പോൾ കുറെ തവണ നീ എന്നെ തിരിഞ്ഞു നോക്കിയില്ല. അതുകൊണ്ട് ചോദിച്ചതാണ്. ”

മറുപടി കിട്ടാതെ ആയപ്പോൾ അവൻ പറഞ്ഞു.
താൻ ഇടയ്ക്ക് തിരിഞ്ഞു നോക്കിയത് ഒക്കെ അവൻ ശ്രദ്ധിച്ചിരുന്നു എന്നവൾക്ക് മനസ്സിലായി.

“എപ്പോഴും ഇങ്ങനെ ആണോ.. “കൃഷ്ണ പതിയെ ചോദിച്ചു

“എങ്ങനെ”

” ഗൗരവം.. ”

അവൻ ഒന്ന് ചിരിച്ചു.
“എപ്പോഴും ഒന്നുമില്ല ഇടയ്ക്കു മാത്രം. എന്തേ ഇഷ്ടമല്ലേ. ”

” അല്ല “അവൾ പറഞ്ഞു

” അതെന്താ.”ചോദ്യത്തോടൊപ്പം തന്നെ അവൻ കൈയ്യെത്തിച്ച് ലൈറ്റ് ഓൺ ആക്കി.

“ഇഷ്ടമല്ലേ ” അവൻ അവൾക്കു അഭിമുഖമായി കിടന്ന് ചോദിച്ചു.
അഭിയുടെ കണ്ണുകളിലേക്ക് നോക്കാൻ കഴിയാതെ അവൾ മുഖം കുനിച്ചു.

” കുറച്ചു മുൻപ് ഗൗരവത്തിൽ അല്ലെ പെരുമാറിയത് “അവന്റെ മുഖത്ത് നോക്കാതെ കൃഷ്ണ ചോദിച്ചു

” അത് നീ പാലു കുടിക്കാൻ വേണ്ടി അല്ലേ.”
അവൻ ചിരിച്ചു .
“പിന്നെ ഒരു പോലീസുകാരൻ ആകുമ്പോൾ അല്പം ഗൗരവം ഒക്കെ വേണം. ”

” എനിക്ക് വേണ്ടിയാണോ പോലീസിൽ ചേർന്നത്.. “കൃഷ്ണ ആകാംക്ഷയോടെ ചോദിച്ചു. .

“അതെ

” എന്താ അങ്ങനെ.. “അഭി മൗനം പാലിച്ചു.

” അച്ഛമ്മയോട് നേരത്തെ എന്നെ കല്യാണം കഴിക്കണം എന്ന് പറഞ്ഞിട്ടുണ്ടായിരുന്നോ ”
അവൾ വീണ്ടും ചോദിച്ചു.

“ആരു പറഞ്ഞു.” അവന്റെ മുഖം വിവർണമായി.

“വൈകിട്ട് കണ്ട ചേച്ചിമാരില്ലേ.. അവർ പറഞ്ഞു
” വേറെ എന്തൊക്കെ പറഞ്ഞു.”

അവൻ ബെഡിലേക്ക് എഴുന്നേറ്റിരുന്നു ചോദിച്ചു

” വേറെ ഒന്നുമില്ല അത്രയേ പറഞ്ഞുള്ളൂ.” അവളും എഴുന്നേറ്റിരുന്നു.

” ഞാനായിട്ട് നിന്നോട് പറയാൻ ഇരുന്നതാ. അതിനു മുൻപേ അവർ പറഞ്ഞു അല്ലേ.” അഭി മീശ പിരിച്ചു അവളെ നോക്കി.

” നാരായണി അമ്മയോട് നേരത്തെ തന്നെ സംസാരിച്ചിരുന്നു ഇക്കാര്യം.മുൻപ് തന്നെ ഞങ്ങൾ തമ്മിൽ ഒരു വാക്ക് ഉണ്ടായിരുന്നു..ഞാൻ കോളേജ് കഴിഞ്ഞ് ഇറങ്ങിയ സമയത്ത്.. നീ അന്ന് സ്കൂളിൽ പടിക്കുവാ. ”

” എന്നിട്ട് എന്നോട് പറഞ്ഞില്ലല്ലോ.. ”

“നിന്നോട് പറയാൻ പറ്റിയ സാഹചര്യം ആയിരുന്നില്ല അത് ”

“നിങ്ങൾ രണ്ടുപേരും കൂടി എല്ലാം തീരുമാനിച്ചുറപ്പിച്ചിരുന്നു നേരത്തെ തന്നെ.
അന്ന് എന്റെ വീട്ടിൽ വന്നതും പ്രശ്നം ആയതും അതിനു പിന്നാലെ ഈ കല്യാണം ഉറപ്പിച്ചതും ഒക്കെ നിങ്ങൾ രണ്ടുപേരും അറിഞ്ഞു കൊണ്ടായിരുന്നു..അല്ലെ ”
കൃഷ്ണയുടെ കണ്ണുകൾ ചെറുതായി നിറഞ്ഞു.

” ഇല്ല ഒരിക്കലുമില്ല… അതെല്ലാം യാദൃശ്ചികമായി സംഭവിച്ചതാണ്.”

കൃഷ്ണ ഇല്ലെന്ന് തലയാട്ടി.

“കൃഷ്ണ… നീ അറിയാത്ത ചില കാര്യങ്ങൾ ഉണ്ട്. ഞാൻ നിന്നെ ആദ്യമായി കണ്ടത് മുതൽ ഇന്ന് നമ്മുടെ കല്യാണം കഴിയുന്നതുവരെ നിനക്ക് അറിയാത്ത ചില കാര്യങ്ങൾ നടന്നിട്ടുണ്ട്.”

“നീ ഒരിക്കൽ പോലും അംഗീകരിക്കാതെ പോയ ഒരു സത്യമുണ്ട്.. എനിക്ക് നിന്നെ ഇഷ്ടമായിരുന്നു എന്നുള്ളത്. ഓർക്കുന്നുണ്ടോ..

നിന്നോട് തോന്നിയ ഇഷ്ടം ഞാൻ തുറന്നു പറഞ്ഞതും നീയെന്നെ അവഗണിക്കുകയാണ് ചെയ്തത്. ഒരിക്കലല്ല പലതവണ വർഷങ്ങളോളം..”

” നിനക്ക് ഒരിക്കൽപോലും മനസ്സിലായില്ലേ എനിക്ക് നിന്നോട് ഉള്ളത് ആത്മാർത്ഥമായ സ്നേഹം ആണെന്ന്”. അവൻ ചോദ്യഭാവത്തിൽ കൃഷ്ണയെ നോക്കി.

” മനസ്സിലായിട്ടുണ്ട്.”

” എന്നിട്ടും തിരികെ എന്നോട് നിനക്ക് അല്പം പോലും ഇഷ്ടം തോന്നിയില്ലേ. ”

ഇല്ലെന്ന് അവൾ തലയാട്ടി.
അഭി നിസ്സഹായതയോടെ കൃഷ്ണയെ നോക്കി.

അവളുടെ മുഖം മെല്ലെ തന്റെ കൈകുമ്പിളിൽ എടുത്തു.

“എനിക്ക് നിന്നെ ഇഷ്ടമായിരുന്നു. മറ്റാർക്കും വിട്ടു കൊടുക്കാൻ ആകാത്ത ഇഷ്ടം.. അതുകൊണ്ടാണ് നിന്റെ അച്ഛമ്മയോട് വന്ന് സംസാരിച്ചത് പോലും.

പക്ഷേ…” അവൻ പൂർത്തിയാക്കാതെ അവളുടെ കണ്ണുകളിലേക്ക് നോക്കി.

ബാക്കി കാര്യങ്ങൾ അറിയാനുള്ള ആകാംക്ഷ കൃഷ്ണയുടെ മുഖത്ത് നിന്ന് അഭി വായിച്ചെടുത്തു.

” എനിക്കറിയാം നിനക്ക് ഒരുപാട് സംശയങ്ങൾ ഉണ്ടെന്ന്. അതിനെല്ലാം മറുപടി പറയേണ്ടത് ഞാൻ തന്നെയാണ്..

ഇപ്പോൾ അതിനുള്ള സമയമല്ല. നാളെ എക്സാം കഴിഞ്ഞ് വരുമ്പോൾ എല്ലാ കാര്യങ്ങളും ഞാൻ പറയാം.”
കൃഷ്ണ തലയാട്ടി.

അവൾ കട്ടിലിലേക്ക് വീണ്ടും കിടന്നു. അൽപനേരം അവളെ നോക്കിയശേഷം അഭിയും ലൈറ്റണച്ച് കിടന്നു.

അഭിയുടെ വാക്കുകൾ മനസ്സിൽ വീണ്ടും വീണ്ടും ഒരു ഉരുവിട്ടു.” എനിക്ക് നിന്നെ ഇഷ്ടമാണ്. മറ്റാർക്കും വിട്ടു കൊടുക്കാൻ ആകാത്ത ഒരു ഇഷ്ടം.” പതിയെ അവൾ മയക്കത്തിലേക്കു വഴുതിവീണു.

************************************

പുലർച്ചെ അഞ്ച് മണിക്ക് മുമ്പ് തന്നെ കൃഷ്ണ ഉറക്കം ഉണർന്നു.

ചെമ്പകശ്ശേരി യിൽ വച്ച് ശീലിച്ചു പോന്നതാണ്. എന്നും കൃത്യമായി ആ സമയത്തു് ഉണർന്ന് പോകും. അവൾ കണ്ണുകൾ തിരുമ്മി എഴുന്നേറ്റു. അഭിമന്യു അരികിലായി കിടപ്പുണ്ട്.

അവൾ പതിയെ കട്ടിലിൽ നിന്നെഴുന്നേറ്റ് ലൈറ്റ് ഓൺ ചെയ്തു. കുളിച്ചു ഫ്രഷ് ആയി വന്നശേഷം പഠിക്കാനായി ബുക്ക് തുറന്നു.

ലൈറ്റ് കിടക്കുന്നത് അഭിക്ക് ബുദ്ധിമുട്ടാകും എന്നു കരുതി അവൾ ലാംബ് ഓൺ ചെയ്തു.

താഴെ ആരും എഴുന്നേറ്റിട്ടില്ല എന്നവൾക്ക് മനസ്സിലായി.

കുറച്ച് നേരം പഠിക്കാൻ ഉള്ള ഭാഗങ്ങൾ എടുത്ത് നോക്കി കൊണ്ടിരുന്നു. ആറുമണി കഴിഞ്ഞ് നേരത്ത് അവൾ താഴേക്ക് ഇറങ്ങി ചെന്നു.

അടുക്കളയിൽ ചെന്നപ്പോൾ ജാനകിയും അടുക്കള ജോലിയിൽ സഹായിക്കാൻ വരുന്ന ഒരു സ്ത്രീയും ഉണ്ടായിരുന്നു.

” മോൾ എന്താ ഇത്ര രാവിലെ എഴുന്നേറ്റത്.” അവളെ കണ്ടതും ജാനകി ചോദിച്ചു.

“പഠിക്കാൻ വേണ്ടി എഴുന്നേറ്റതാ.” അവൾ പറഞ്ഞു

” ഞങ്ങൾ എല്ലാവരും എഴുന്നേൽക്കുമ്പോൾ ആറര കഴിയും.പുലർച്ചെ എഴുന്നേൽക്കുന്ന പതിവില്ല. അച്ഛനും ഞാനും സ്കൂളിൽ പോയി കൊണ്ടിരുന്ന സമയത്ത് വെളുപ്പിനെ എഴുന്നേറ്റ് ചോറും കറികളും തയ്യാറാക്കും ആയിരുന്നു.

ഇപ്പോൾ പിന്നെ റിട്ടേർഡ് ആയില്ലേ. അഭിയും അനിയും ഉച്ചയ്ക്ക് പുറത്തുനിന്ന് കഴിച്ചോളും.

അർജുൻ മാത്രമേ വീട്ടിൽ നിന്ന് ഉച്ചഭക്ഷണം കൊണ്ടുപോവുക യുള്ളൂ. അവനുള്ള ഭക്ഷണം മാത്രം രാവിലെ എഴുന്നേറ്റ് തയ്യാറാക്കും . അത് വീണ ചെയ്തോളും ”

ജാനകി പറഞ്ഞു
അവരോടൊപ്പം നിന്ന് കൃഷ്ണയാണ് ചായ ഇട്ടത്. അപ്പോഴേക്കും സ്വപ്നയും അടുക്കളയിലേക്ക് എത്തിയിരുന്നു.

” ആ എഴുന്നേറ്റോ പുതുപ്പെണ്ണ്.”
സ്വപ്ന ചോദിച്ചു.

കൃഷ്ണ ഒന്ന് ചിരിച്ചു.
” വീണ എവിടെ മോളെ”. ജാനകി ചോദിച്ചു.

“വീണ ചേച്ചി വീട്ടിലേക്ക് പോയി. ഇത്തിരി കഴിഞ്ഞ് തിരിച്ചു വരും.” അവൾപറഞ്ഞു

” ഇവിടെ തൊട്ടപ്പുറത്തുള്ള രണ്ടു വീട് മോൾ കണ്ടില്ലേ. ഇടതുവശത്തുള്ള വീട് അർജ്ജുന്റെയും വലതുവശത്തുള്ളത് അനിരുദ്ധിന്റേയും ആണ്.

അർജ്ജുനു വേണ്ടി കൊടുത്തു വിടാൻ ഉള്ള ഭക്ഷണം തയ്യാറാക്കാൻ ആണ് വീണ മോള് പുറത്തേക്ക് പോയത്. ”

” രണ്ടു വീട് ഉണ്ടെന്നേ ഉള്ളൂ ഞങ്ങൾ എല്ലാവരും ഒരുമിച്ചാ താമസിക്കുന്നത്.
പിന്നെ ഇടയ്ക്കിടയ്ക്ക് അവിടെയും പോയി വരും. ” സ്വപ്ന പറഞ്ഞു.

” ഞാനൊന്നു ഇടയ്ക്ക് വീടിന് മുറ്റത്തു നിന്ന് വീണു. അതിനുശേഷം എന്നെ കൊണ്ട് അടുക്കള ജോലിയൊന്നും ഇവർ രണ്ടുപേരും ചെയ്യിക്കില്ല .

ഒന്നുകിൽ ഇവർ രണ്ടുപേരും അവിടെ നിന്ന് ഭക്ഷണം ഉണ്ടാക്കും. അല്ലെങ്കിൽ ഇവിടെ വന്ന് ഉണ്ടാക്കി തരും.

ഇപ്പോ വയ്യായ്കയൊന്നും ഇല്ല.. എന്നാലും ജോലിയെല്ലാം ഇവർ രണ്ടുപേരുംകൂടി ചെയ്യുകെ ഉള്ളു ”
ജാനകി ചിരിച്ചു.

ജാനകിയെ സ്വന്തം അമ്മയെ പോലെ തന്നെയാണ് ഇരുവരും കാണുന്നതെന്ന് അവൾക്ക് മനസ്സിലായി.

ജാനകിയും അതേപോലെ തന്നെ സ്വന്തം മക്കളോട് എന്നപോലെയാണ് ഇരുവരെയും കാണുന്നതും.

ഇപ്പോൾ അവരോടൊപ്പം തന്നെയും ഒരു മകൾ ആയി കാണുന്നു.
ചായ കപ്പുകളിലേക്ക് പകരുന്നതിനിടയിൽ കൃഷ്ണ ചിന്തിച്ചു.

“മോൾ ഈ ചായ അഭിയ്ക്ക് കൊണ്ട് കൊടുക്ക്. ഉറക്കം എഴുന്നേറ്റാൽ ഉടനെ തന്നെ അവനു ചായ കുടിക്കണം. അതൊരു നിർബന്ധമാ.”

അവൾ കയ്യിൽ ചായ കപ്പുമായി മുകളിലേക്ക് കയറിച്ചെന്നു. അഭിമന്യു അപ്പോഴും നല്ല ഉറക്കത്തിലായിരുന്നു.

ചായക്കപ്പ് മേശമേൽ വെച്ചിട്ട് അവൾ അവന് അരികിലായി ചെന്നിരുന്നു. കുറച്ച് നേരം അവന്റെ മുഖത്തേക്ക് നോക്കിയിരുന്നു.

തലേന്ന് പറഞ്ഞ കാര്യങ്ങളൊക്കെ അവളുടെ മനസ്സിലേക്ക് എത്തി.
അവനെ എങ്ങനെയാ ഉണർത്തുക എന്നവൾ ചിന്തിച്ചു.

എന്താ വിളിക്കേണ്ടത് എന്ന് ഒന്നും അറിയില്ല. ഇതുവരെ അതിനൊരു അവസരം ഉണ്ടായിട്ടും ഇല്ലല്ലോ.

അവൾ തന്റെ മുടിയിൽ കെട്ടി വെച്ചിരുന്ന തോർത്ത് അഴിച്ചു അവന്റെ മുഖത്തേക്ക് കുടഞ്ഞു. കണ്ണിൽ നനവ് അനുഭവപ്പെട്ടതും അവൻ കണ്ണുകൾ തുറന്നു.

പുഞ്ചിരിതൂകുന്ന മുഖവുമായി ഇരിക്കുന്ന കൃഷ്ണയെ അവൻ കണ്ണെടുക്കാതെ നോക്കി.

” ചായ കൊണ്ടുവന്നതാ.”
അവൾ ചായകപ്പ്‌ അവനു നേരെ നീട്ടി. ബെഡിലേക്ക് ചാരി ഇരുന്നു കൊണ്ട് അവനത് ചുണ്ടോടു ചേർത്തു.

” അമ്മയല്ലേ ചായ ഇട്ടത്.”

” അല്ല ഞാനാ ”

” എന്നും കുടിക്കുന്നതിൽ നിന്നും വ്യത്യാസം തോന്നി അതാ ചോദിച്ചത്.”
അവളൊന്ന് മൂളി.

” എന്തിനാ മുഖത്തേക്ക് വെള്ളം കുടഞ്ഞത്.” ചായ കുടിക്കുന്നതിനിടയിൽ അവൻ ചോദിച്ചു.

” അത് ഉറക്കം എഴുന്നേൽക്കാൻ വേണ്ടിയാ.”

” ഇനിയെന്നും ഇങ്ങനെ ആയിരിക്കുമോ.” അവൻ ചിരിച്ചു

കൃഷ്ണയും ചിരിച്ചു
” ഞാൻ എന്താ വിളിക്കേണ്ടത്”

അവൾ പതിയെ ചോദിച്ചു.

“എന്താ വിളിക്കാൻ ഇഷ്ടമുള്ളത്. “അവൻ തിരികെ ചോദിച്ചു.

” അറിയില്ല.. ഏട്ടാ എന്ന് വിളിക്കട്ടെ.”

“അഭിയേട്ടാ എന്ന് വിളിച്ചോ.”

” അഭിയേട്ടൻ.. “!അവൾ മനസ്സിൽ പറഞ്ഞു നോക്കി.

” ഞാൻ ഫ്രഷ് ആയി വരാം. “ചായകപ്പ് അവളുടെ കയ്യിലേക്ക് കൊടുത്തു കൊണ്ട് അവൻ പറഞ്ഞു. അഭി ഫ്രഷ് ആയി താഴെ വന്നപ്പോഴേക്കും കൃഷ്ണ വീണ്ടും പഠനത്തിൽ ഏർപ്പെട്ടിരുന്നു.

പിന്നീട് ബ്രേക്ക് ഫാസ്റ്റ് കഴിച്ചു പരീക്ഷയ്ക്ക് പോകാൻ വേണ്ടി യുള്ള തയ്യാറെടുപ്പുകൾ ആയിരുന്നു.

ഒമ്പതരയ്ക്ക് മുൻപായി തന്നെ അവർ വീട്ടിൽ നിന്നും ഇറങ്ങി.

10 മണിക്ക് മുൻപ് തന്നെ കോളേജിൽ എത്തി. കൃഷ്ണയെ ക്ലാസ്സിൽ ക്കൊണ്ടിരുത്തിയതിനുശേഷം അഭി പുറത്ത് കാത്തു നിന്നു.

ഒരു മണിയോടുകൂടി പരീക്ഷ കഴിഞ്ഞ് അവർ തിരിച്ചു.

പുറത്തുനിന്ന് ഭക്ഷണം കഴിച്ചതിനു ശേഷം അഭി അവളെയും കൂട്ടി ആൾ തിരക്കില്ലാത്ത ഒരു പാർക്കിലേക്ക് പോയി. ഒരു മരത്തിന്റെ അടുത്തായി അവർ ഇരിപ്പുറപ്പിച്ചു.

” ഞാനിന്നലെ പറഞ്ഞില്ലേ നിന്റെ അച്ഛമ്മയെ വന്ന് കണ്ട കാര്യം..”
അഭി കൃഷ്ണയെ നോക്കി.

അവൾ അവന്റെ വാക്കുകൾക്കായി കാതോർത്തു.

“ഞാനെന്നു ഡിഗ്രി കഴിഞ്ഞ് നിൽക്കുവാ. നീ സ്കൂളിൽ പഠിക്കുന്നു. നിന്നോട് ഇഷ്ടമാണെന്നുള്ള കാര്യം പറഞ്ഞപ്പോഴേക്കും എന്നെ അവോയ്ഡ് ചെയ്തുകൊണ്ടിരുന്നു.

പക്ഷേ നിന്നെ നഷ്ടപ്പെടുത്തികളയാൻ എനിക്ക് തോന്നിയില്ല.

പറഞ്ഞാൽ അതിശയോക്തി ആണെന്ന് കരുതരുത്.. ഞാൻ ആദ്യമായിട്ട് സ്നേഹിക്കുന്ന പെണ്ണ് നീയാ .

നിന്നോട് ഉള്ളിലെവിടെയോ ഒരു ഇഷ്ടം തുടങ്ങിയ സമയത്ത് തന്നെ ഞാൻ തീരുമാനിച്ചിരുന്നു കല്യാണം കഴിക്കുന്നു എങ്കിൽ അത് നിന്നെ തന്നെയായിരിക്കും എന്ന്..

ആ ഒരു തീരുമാനം ഉള്ളതുകൊണ്ടാണ് ചെമ്പകശ്ശേരിയിൽ വന്നു നാരായണി അമ്മയോട് സംസാരിച്ചത്.”

“അന്ന് ആ അമ്മ എന്നോട് ഒരു കാര്യം പറഞ്ഞു..”

“എന്ത് കാര്യം ” കൃഷ്ണ ചോദിച്ചു

(തുടരും )

ഹൃദയസഖി : ഭാഗം 1

ഹൃദയസഖി : ഭാഗം 2

ഹൃദയസഖി : ഭാഗം 3

ഹൃദയസഖി : ഭാഗം 4

ഹൃദയസഖി : ഭാഗം 5

ഹൃദയസഖി : ഭാഗം 6

ഹൃദയസഖി : ഭാഗം 7

ഹൃദയസഖി : ഭാഗം 8

ഹൃദയസഖി : ഭാഗം 9

ഹൃദയസഖി : ഭാഗം 10

ഹൃദയസഖി : ഭാഗം 11

ഹൃദയസഖി : ഭാഗം 12

ഹൃദയസഖി : ഭാഗം 13

ഹൃദയസഖി : ഭാഗം 14

ഹൃദയസഖി : ഭാഗം 15

ഹൃദയസഖി : ഭാഗം 16

ഹൃദയസഖി : ഭാഗം 17