Saturday, April 20, 2024
Novel

ഭാര്യ : ഭാഗം 17

Spread the love

എഴുത്തുകാരി: ആഷ ബിനിൽ

Thank you for reading this post, don't forget to subscribe!

സ്വാതി രാവിലെ ക്ലാസിൽ വന്നപ്പോൾ എന്തോ ആലോചനയിൽ മുഴുകിയിരിക്കുന്ന തനുവിനെ ആണ് കണ്ടത്. “എന്താണ് എന്റെ തനുവിന് ഒരു ചിന്താഭാരം??” അവൾ തൊട്ടടുത്ത സീറ്റിൽ ഇരുന്നുകൊണ്ട് തിരക്കി. “ഹേയ്. ഒന്നുമില്ല. ഞാൻ വെറുതെ…” “വെറുതെ ഒന്നും അല്ല. എന്തോ ഉണ്ട്. കാര്യം പറയു പെണ്ണേ” “ഡീ.. അത്….. നീലു ഇന്ന് വരുന്നുണ്ട്. അത് ഓർക്കുമ്പോ എന്തോ ഒരു പേടി തോന്നുന്നു” “അടിപൊളി. കാശിയേട്ടൻ വേണ്ടന്ന് പറഞ്ഞിട്ടും നിനക്കല്ലായിരുന്നോ ആ പൂതനയെ കൊണ്ടുവരാൻ തിടുക്കം.

എന്നിട്ട് ഇപ്പോ ആലോചിച്ചിട്ട് വല്ല കാര്യവും ഉണ്ടോ?” “അച്ഛനെയും ചെറിയച്ഛനെയും വിഷമിപ്പിക്കാൻ വയ്യാത്തത് കൊണ്ടാ ഞാൻ സമ്മതിച്ചത്” തനു തർക്കിക്കാൻ നോക്കി. സ്വാതിക്ക് ദേഷ്യം വന്നു തുടങ്ങി: “അവസാനം നീ വിഷമിക്കാതെ ഇരുന്നാൽ മതി. കാര്യം നീ പറഞ്ഞുള്ള അറിവേ എനിക്ക് അവളെ കുറിച്ചുള്ളൂ. പക്ഷെ കേട്ടിടത്തോളം അവൾ അടുപ്പിക്കാൻ കൊള്ളാത്ത ഇനം ആണ്. സ്വന്തം സഹോദരിയൊക്കെ തന്നെ ആണെങ്കിലും അവൾ ചെയ്തതൊക്കെ നോക്കിയാൽ നിന്റെ ശത്രു ആണെന്നെ തോന്നു.”

നീലു ദത്തുപുത്രി ആണെന്ന കാര്യവും തനിക്കുണ്ടായ ദുരന്തവും ഒഴികെ കല്യാണ തലേന്നത്തെ സംഭവങ്ങൾ നേരത്തെ തനു അവളോട് പറഞ്ഞിരുന്നു. ശരിയാണ്. അവൾ വരുന്നു എന്നറിഞ്ഞപ്പോൾ മുതൽ ഒരു വെപ്രാളം ആണ്. ഇത്രയൊക്കെ അവളെ പേടിക്കേണ്ട കാര്യം എന്താണെന്ന് മാത്രം മനസിലാകുന്നില്ല. അവളെക്കാളും സ്വന്തം വീട്ടിൽ അവകാശം തനിക്കുണ്ട്. എന്നിട്ടും അതെല്ലാം വേണ്ടന്ന് വച്ചിട്ടെ ഉള്ളു, അതും അവളുടെ സന്തോഷത്തിന് വേണ്ടി. എന്നിട്ടും അവൾക്ക് തന്നെ ഒട്ടും മനസിലാക്കാൻ പറ്റുന്നില്ലേ? മനസിലാകാഴ്ക അല്ല, അവൾ അവളെ മാത്രമേ സ്നേഹിക്കുന്നുള്ളൂ.

അവളുടെ നിലനിൽപ്പ് മാത്രമേ ചിന്തിക്കുന്നുള്ളൂ. അതാണ് സത്യം. “ആ ദുരന്തോ എക്സ്പ്രസ് എപ്പോ വരും?” “ഞാൻ എത്തുമ്പോഴേക്കും വരുമായിരിക്കും” “ഹ്മ്മ.. എന്തായാലും നീ സൂക്ഷിച്ചോ.” ആ സംസാരം നീട്ടിക്കൊണ്ടു പോകാൻ തനുവിന് തോന്നിയില്ല: “അതൊക്കെ പോട്ടെ. എന്തായി നിന്റെ കല്യാണ കാര്യം?” “ആഹ്. നിശ്ചയം ഈ വർഷം തന്നെ നടത്താൻ തീരുമാനിച്ചു” അതു പറയുമ്പോഴേക്കും സ്വാതിയുടെ മുഖം അരുണാഭമായി. പിന്നെ എന്തോ ഓർത്തെന്നപോലെ ചോദിച്ചു: “ഡീ പിന്നെ നീ അറിഞ്ഞായിരുന്നോ? ആ അഭയിനിട്ട് ആരോ പണി കൊടുത്തു.

ഇവിടെ ജൂബിലിയിൽ അഡ്മിറ്റ് ആണെന്ന കേട്ടത്” തനു ഒന്നു ഞെട്ടി. ഉള്ളിൽ നുരഞ്ഞുപൊന്തിയ സന്തോഷം മറച്ചുവയ്ക്കാൻ അവൾ പാടുപെട്ടു: “ആണോ? ആരാ ചെയ്തത്?” “അതറിയില്ല. അവന്റെ സ്വഭാവം വച്ചു ശത്രുക്കൾ ഒരുപാട് കാണുമല്ലോ. എന്തായാലും നിന്റെ കാശിയേട്ടന്റെ കൈക്ക് പണി ആകാതെ രക്ഷപെട്ടത് അവന്റെ ഭാഗ്യം” സ്വാതി വലിയ കാര്യം പോലെ പറഞ്ഞു. “അതേ അതെ” തനുവും ശരിവച്ചു. വൈകുന്നേരം സ്വാതിയാണ് തനുവിനെ ഫ്ലാറ്റിൽ ഡ്രോപ്പ് ചെയ്തത്. ഫ്ലാറ്റിന്റെ മുൻപിൽ തന്നെ നീലു നിൽക്കുന്നത് കണ്ടെങ്കിലും അവൾ കാണാത്ത മട്ടിൽ കടന്നുപോയി. “അതാരാ ആ പെണ്ണ്?” നീലു വന്നപ്പോഴേ പണി തുടങ്ങി.

“എന്റെ ഫ്രണ്ട് ആണ്. സ്വാതി. നിശ്ചയത്തിനും കല്യാണത്തിനും നീ പരിചയപ്പെട്ടിരുന്നല്ലോ” “ആഹ്. അന്ന് കണ്ടത് ഞാൻ ഓർക്കുന്നേ ഇല്ല. എനിക്കാ കുട്ടിയെ കണ്ടിട്ട് അത്ര നല്ലവളായി തോന്നിയില്ല” “നീ തന്നെ അല്ലെ പറഞ്ഞത് അവളെ കണ്ടതായി പോലും ഓർക്കുന്നില്ല എന്ന്. പിന്നെ എങ്ങനെയാ അവളുടെ സ്വഭാവം മനസിലാകുന്നത്?” നീലു അത്ഭുതത്തോടെ തനുവിനെ നോക്കി. താൻ എന്തു പറഞ്ഞാലും ശിരസാ വഹിക്കുന്ന, ഒന്നും എതിർത്തു പറയാത്ത തനു തന്നെ ആണോ ഇത്? അവൾക്ക് വന്ന മാറ്റം അത്രമേൽ അതിശയിപ്പിക്കുന്നതായിരുന്നു.

ഫ്ലാറ്റിൽ എത്തിയ നീലു ആകെമൊത്തം ഒന്നു കണ്ണോടിച്ചു: “അടിപൊളി ഫ്ലാറ്റ് ആണ് കേട്ടോ. പക്ഷെ ന്യൂ തീരെ മെയിന്റെയിൻ ചെയ്യുന്നില്ല. അന്ന് ബെർത്ത്ഡേയ്ക്ക് വന്നപ്പോഴേ ഞാൻ പറയാൻ വിചാരിച്ചതാണ്.” “എന്നിട്ടെന്തേ പറയാതിരുന്നത്?” തനു പതിഞ്ഞ ശബ്ദത്തിൽ ചോദിച്ചു. “ഏഹ്ഹ്?” “ഹേയ് ഒന്നുമില്ല. നീ ദേ ആ റൂം യൂസ് ചെയ്‌തോ ഫ്രഷ് ആകാൻ” അത്രയും പറഞ്ഞു തനു തന്റെ റൂമിലേക്ക് പോയി. നീലു ഹാളിന്റെ ഒരു ഭിത്തി പകുതിയോളം നിറഞ്ഞു നിൽക്കുന്ന കാശിയുടെയും തനുവിന്റെയും എൻഗേജ്മെന്റ്- വെഡിങ് മൊമെന്റ്‌സ് ഫ്രെയിം ചെയ്ത് വച്ചിരിക്കുന്നതിൽ നോക്കി നിന്നു.

നിശ്ചയ ദിവസത്തെ അപേക്ഷിച്ചു കല്യാണ ദിവസം രണ്ടുപേരുടെയും മുഖത്ത് തിളക്കം കുറവാണ്. അതിന് കാരണക്കാരി തനാണ് എന്ന് ഓർത്തപ്പോൾ ഉള്ളിലെവിടെയോ ഒരു നീറ്റൽ അവൾക്ക് തോന്നി. പിന്നെ അവിടെ നിന്നില്ല. വേഗം പോയി വേഷം മാറി അടുക്കളയിൽ കയറി ചായ വച്ചു. വീട്ടിൽ നിന്ന് അമ്മമാർ അച്ചപ്പവും ഉണ്ണിയപ്പവും അരിയുണ്ടയും ഒക്കെ കൊടുത്തയച്ചിരുന്നു. അതും എടുത്തുവച്ചു. അപ്പോഴേക്കും തനുവും വന്നു: “നീ ചായ വച്ചോ.. ഞാൻ ചെയ്തേനെയല്ലോ” “ആഹ്.

നീ ഇപ്പോഴല്ലേ ചായ വയ്ക്കാൻ ഒക്കെ പഠിച്ചത്. അതുകൊണ്ട് ഞാൻ തന്നെ ചെയ്യാം എന്ന് വിചാരിച്ചു.” ചായ കപ്പെടുത്തു തനുവിന്റെ കയ്യിൽ കൊടുത്തുകൊണ്ട് അവൾ പറഞ്ഞു. “കാശിയേട്ടൻ എപ്പോ വരും?” ചായ കുടിക്കുന്നതിനിടയിൽ നീലു ചോദിച്ചു. എന്തേ ഈ ചോദ്യം വരാത്തത് എന്നോർത്ത് ഇരിക്കുകയായിരുന്നു തനു. “ഒൻപത് മണി ഒക്കെ ആകും” “ഓ. അതുവരെ നീ ഇവിടെ ഒറ്റക്ക് ഇരിക്കുമോ?” “പഠിക്കാൻ ഉണ്ടെങ്കിൽ ഇരിക്കും. അല്ലെങ്കിൽ ചിലപ്പോ അപ്പുറത്തെ ഫ്ളാറ്റിലെ ദേവിയമ്മയുടെ അടുത്തു പോകും. ചിലപ്പോൾ അവർ ഇവിടെ വരും.

അതുപോലെ കാശിയേട്ടന് രാത്രി പോകേണ്ടി വരുമ്പോഴും അവരാണ് എനിക്ക് കൂട്ട്” “ഇവരൊക്കെ ഏതു ടൈപ്പ് ആണെന്ന് അറിഞ്ഞിട്ടു മതി ഒരുപാട് അടുക്കാൻ ഒക്കെ..” നിന്നെക്കാളും ഭേദം ആണ് എന്നു പറയാൻ തോന്നിയെങ്കിലും തനു അത് വിഴുങ്ങി: “ആളുകളെ കാണും മുൻപേ വിലയിരുത്തുന്നത് എന്തിനാ നീലു? അവര് നിന്നോടെന്തു ചെയ്തു?” “ഒന്നും ഇല്ലേ.. ഞാൻ ഒന്നും പറഞ്ഞിട്ടില്ല, നീയൊന്നും കേട്ടും ഇല്ല.” നീലു ഗ്ലാസും കൊണ്ട് എഴുന്നേറ്റു. അല്ലെങ്കിലും ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തുന്നത് എല്ലാവരുടെയും രീതിയാണല്ലോ.

“നമുക്ക് അപ്പുറത്തെ ഫ്ലാറ്റിലൊന്ന് പോയാലോ? നിന്റെ ദേവിയമ്മയെ എനിക്കൊന്നു കാണാമല്ലോ?” എന്തോ പന്തികേട് തോന്നിയെങ്കിലും അത്രയും നേരം അവളുടെ കൂടെ ഫ്ലാറ്റിൽ ഒറ്റക്കിരിക്കേണ്ട എന്നു വിചാരിച്ചു തനുവും സമ്മതിച്ചു. “ഇതാണല്ലേ തനുവിന്റെ അനിയത്തി. അന്ന് ഒരു മിന്നായം പോലെ കണ്ടിരുന്നു.” ദേവ്യമ്മ നീലുവിനെ സ്നേഹപൂർവം നോക്കിക്കൊണ്ട് പറഞ്ഞു. ഡൈനിങ്ങ് ടേബിളിൽ ഇരുന്ന് ഹോം വർക്ക് ചെയ്യുകയായിരുന്ന കാർത്തുമോള് തനുവിനെ കണ്ടപ്പോഴേക്കും ഓടി വന്ന് മടിയിലിരുന്ന് ഓരോ വിശേഷം പറയാൻ തുടങ്ങി.

ലക്ഷ്മിയും ദേവിയമ്മയും അത് നോക്കി ചിരിച്ചുകൊണ്ടിരുന്നു. ദേവിയമ്മ തന്ന ജ്യൂസ് കുടിക്കുമ്പോഴും എല്ലാവരോടും സംസാരിക്കുമ്പോഴും നീലുവിന്റെ കണ്ണുകൾ ലക്ഷ്മിയിലും കാർത്തുമോളിലും ആയിരുന്നു. അവരെല്ലാം തനുവിന് നൽകുന്ന സ്നേഹവും പരിഗണനയും കണ്ടപ്പോൾ വീണ്ടും അവളുടെയുള്ളിൽ ഉറങ്ങിക്കിടന്ന അസൂയ പൊങ്ങിവന്നുതുടങ്ങി. “ഈ ലക്ഷ്മിയെ കണ്ടിട്ട് ആയമ്മയുടെ മകൾ ആയിട്ട് തോന്നുന്നില്ലല്ലോ? ആ കുഞ്ഞിന് ആണെങ്കിൽ ഒരു ലോ ക്ലാസ് ലുക്ക്..” തിരികെ ഫ്ലാറ്റിൽ എത്തിയപ്പോൾ നീലു പറഞ്ഞുതുടങ്ങി.

“ലക്ഷ്മി ദേവിയമ്മയുടെ മകൾ അല്ല. അടോപ്റ്റഡ് ആണ്” തനു പറയുണന്നത് കേട്ട നീലുവിന്റെ സ്വതവേ വെളുത്ത മുഖം അടികിട്ടിയ പോലെ ചുവന്നുവന്നു. വേണ്ടിയിരുന്നില്ല. അവൾ മനസിൽ പറഞ്ഞു. രാത്രിയിലേക്ക് വേണ്ടുന്ന ചപ്പാത്തിയും ചിക്കൻ കറിയും എല്ലാം നീലു തന്നെയാണ് ഉണ്ടാക്കിയത്. തനുവിനെ ആ പരിസരത്തേക്ക് അടുപ്പിക്കാതെ ഇരിക്കാൻ നോക്കിയെങ്കിലും അവളെ അത്ര വിശ്വാസം ഇല്ലാത്തത് കൊണ്ട് അടുക്കളയിൽ ഒരു ബുക്കും കൊണ്ടു വന്നിരുന്നു തനു. എട്ടരയ്ക്ക് മുൻപേ കാശി എത്തി. നീലു എന്തെങ്കിലും കുഴപ്പം ഉണ്ടാക്കിയാലോ എന്നു വിചാരിച്ചാണ് അതെന്ന് തനുവിന് മനസിലായി.

“ഇന്ന് നേരത്തെ ആണല്ലോ?” നീലു സന്തോഷത്തോടെ ചോദിച്ചു. “നിങ്ങൾ ഇവിടെ ഒറ്റയ്ക്കല്ല.. അതുകൊണ്ട് നേരത്തെ പോന്നതാണ്.” തന്നെ കാണാൻ ആണ് അവൻ നേരത്തെ വന്നതെന്നാണ് അവൾ കരുതിയത്. തനുവും കാശിയും അതു തിരുത്താനും പോയില്ല. ഭക്ഷണം കഴിക്കുമ്പോൾ നീലു അഭിപ്രായം ചോദിച്ചു: “എങ്ങനുണ്ട് കാശിയേട്ടാ ഇന്നത്തെ ഫുഡ്?” “കൊള്ളാം, നന്നയിട്ടുണ്ട്. എന്തേ?” “അല്ല. ഞാനാണ് ഉണ്ടാക്കിയത്. ഇവൾക്ക് പണ്ടേ കുക്കിങ് അത്ര അറിയില്ലല്ലോ?” കാശി അതിന് ഉത്തരമെന്നോണം അലസമായി ഒന്നു മൂളി. തനു ചിരിയടക്കാൻ പാടുപെട്ടു. ഭക്ഷണം കഴിഞ്ഞു മൂന്നുപേരും സംസാരിച്ചിരുന്നു.

“നിനക്ക് നാളെ രാവിലെ പോകണ്ടെ? എവിടെയാ ക്ലാസ് നടക്കുന്നത്?” “അത് സിറ്റി സെന്ററിൽ ആണ് കാശിയേട്ടാ. രാവിലെ പോകാൻ ഏതെങ്കിലും വണ്ടി അറേഞ്ച് ചെയ്യാമോ?” കാശി കൊണ്ടുപോയി വിടാം എന്നു പറയും എന്നാണ് അവൾ കരുതിയത്. പക്ഷെ അത് ഉണ്ടായില്ല. “ആഹ്. ഞാൻ വണ്ടി പറയാം” അതും കൂടി കേട്ടതോടെ നീലുവിന്റെ ദേഷ്യം ഇരട്ടിച്ചു. അത് പ്രകടിപ്പിക്കാതെ അവൾ തുടർന്നു: “കാശിയേട്ടന്റെ ജോലിയൊക്കെ എങ്ങനെ പോകുന്നു?” “നന്നായി പോകുന്നു. അടുത്തയാഴ്ച ചെന്നൈ വരെ ഒന്നു പോകേണ്ടി വരും ഒഫീഷ്യൽ ആവശ്യത്തിന്. രണ്ടാഴ്ച അവിടെ ആയിരിക്കും.”

“അയ്യോ അപ്പോൾ വെഡിങ് അനിവേഴ്സറിക്ക് വരില്ലേ? “വരും. അതു കഴിഞ്ഞു അവിടുന്ന് പോകാൻ ആണ് പ്ലാൻ” തനുവിന്റെ അച്ഛന്റെയും അമ്മയുടെയും മുപ്പതാമത്തെ വെഡിങ് അനിവേഴ്സറി ആണ് അടുത്ത ശനിയാഴ്ച. തനയ്‌യും തരുണും താരയും ഒക്കെ ജനിക്കുന്നതിനു മുൻപ് അവർക്കൊരു മകൻ ഉണ്ടായിരുന്നു. അവരുടെ രണ്ടാം വിവാഹ വാർഷികത്തിന്റെ ദിവസം ബക്കറ്റിലെ വെള്ളത്തിൽ വീണ് അവൻ മരിച്ചു. അതിൽ പിന്നെ അവർ വെഡിങ് അനിവേഴ്സറി ആഘോഷിക്കാറില്ല. ഈ കാര്യങ്ങളൊന്നും മക്കൾ ആർക്കും അറിയില്ല. ഇത്തവണ അവരെല്ലാവരുടെയും നിർബന്ധം കാരണം ആണ് ചെറിയൊരു ഫങ്ക്ഷന് സമ്മതിച്ചത്.

തനു മെല്ലെ കോട്ടുവാ ഇട്ടു തുടങ്ങിയപ്പോൾ ഉറങ്ങാം എന്നും പറഞ്ഞു കാശി എഴുന്നേറ്റു. പുറകെ തനുവും. നിവൃത്തിയില്ലാതെ നീലുവും. കാശിയും തനുവും അവരുടെ ബെഡ്റൂമിൽ കയറി കതകടക്കുന്നത് കത്തുന്ന കണ്ണുകളുമായി നീലു നോക്കി നിന്നു. “കാശിയേട്ടാ.. അടുത്തയാഴ്ചത്തെ ചെന്നൈ ട്രിപ്പ് മാറ്റി വയ്ക്കാൻ പറ്റില്ലേ?” കിടക്കുമ്പോൾ തനു തിരക്കി. “അതെന്താ ഇപ്പോ അങ്ങനൊരു ചോദ്യം? ഞാൻ നേരത്തെ പറഞ്ഞതല്ലേ?” “അതല്ല കാശിയേട്ടാ. രണ്ടാഴ്ച ഞാൻ ഒറ്റക്ക്..” “അതിനിപ്പോ എന്താ തനു? നീ നിന്റെ വീട്ടിലല്ലേ നിൽക്കാൻ പോകുന്നത്? പിന്നെന്താ?” തനു ഒന്നും മിണ്ടിയില്ല “പറയു തനു.

നീലുവാണോ നിന്റെ പ്രശ്നം?” “അങ്ങനെ അല്ല കാശിയേട്ടാ..അവൾ ഉള്ള സ്ഥലത്തു നിൽക്കാൻ ഒരു പേടി. അവളെങ്ങാനും എല്ലാം കണ്ടു പിടിച്ചാൽ എന്നെ ബാക്കി വച്ചേക്കില്ല” “നീ എന്തിനാണ് തനു ഇങ്ങാനൊക്കെ ചിന്തിക്കുന്നത്? എത്ര കാലം എനിക്ക് നിന്നെ പൊതിഞ്ഞുപിടിക്കാൻ പറ്റും? സ്വയം ജീവിച്ചു ശീലിക്കേണ്ടേ നീ? ഒരു സ്കൂൾ കുട്ടിയുടെ മെച്ചൂരിറ്റി പോലും നിനക്കില്ലേ? ഇനി അവൾ കണ്ടുപിടിച്ചാൽ തന്നെ നിന്നെ മൂക്കിൽ കയറ്റി കളയുമോ? ഇല്ലാലോ? പേടിക്കാതെ എന്തിനെയും നേരിടാൻ പടിക്കു നീ ഇനിയെങ്കിലും.” തനു മിണ്ടാതെ കിടന്നു. “എനിക്ക് എന്തിന്റെ കേടായിരുന്നു? പോകുന്നെങ്കിൽ പോട്ടെ എന്നു വച്ചാൽ മതിയായിരുന്നല്ലോ..” അവൾ പിറുപിറുത്തു.

തുടരും-

ഭാര്യ : ഭാഗം 16