Friday, November 22, 2024
Novel

ഹൃദയസഖി : ഭാഗം 17

എഴുത്തുകാരി: ടീന കൊട്ടാരക്കര


വർഷങ്ങൾക്കു മുൻപേ അഭിമന്യു തന്നെ വിവാഹം ആലോചിച്ചെന്നോ.. അതും അച്ഛമ്മയോട് ‘… കൃഷ്ണ വിശ്വാസം വരാതെ അവരുടെ വാക്കുകൾ കേട്ടു നിന്നു. താനിതൊന്നും അറിഞ്ഞില്ല. അറിയുന്നവർ രണ്ടു പേരും ഒരു സൂചന പോലും തരാതെ രഹസ്യമാക്കി വെച്ചു.

അഭിയും അച്ഛമ്മയും തമ്മിൽ നേരത്തെ ഇക്കാര്യത്തിൽ ധാരണ ഉണ്ടായിരുന്നു.

അതുകൊണ്ടാണല്ലോ അഭിമന്യു വീട്ടിലെത്തി എല്ലാവരുടെയും സാനിധ്യത്തിൽ വിവാഹാലോചന മുന്നോട്ടു വെച്ചതും തെല്ലും ആലോചിക്കാതെ അച്ഛമ്മ വാക്ക് കൊടുത്തത്.

താനും അഭിയും തമ്മിൽ പേരുദോഷം ഉണ്ടാകാതെ ഇരിക്കാനായി അച്ഛമ്മ എടുത്ത തീരുമാനം ആയിരുന്നു അതെന്നാണ് ഇത്രയും നാൾ കരുതിയത്… എന്നാൽ ഇപ്പോ ബോധ്യമായി.. ഇരുവരും തമ്മിലുള്ള മുൻധാരണ കൊണ്ടാണെന്ന്.

അന്ന് ശ്രീജിത്ത്‌ ഉണ്ടാക്കിയ പ്രശ്നത്തിന് ശേഷം അച്ഛന്മാരോടൊപ്പം വീട്ടിലെത്തിയ രംഗം അവൾക്ക് ഓർമ വന്നു.

ആദ്യം അച്ഛമ്മയാണ് തന്നെ വഴക്ക് പറഞ്ഞതും തല്ലിയതും.

എന്നാൽ അഭിമന്യുവിനോടൊപ്പം ആയിരുന്നു എന്ന് കേട്ടശേഷം അച്ഛമ്മ പെട്ടന്ന് നിശബ്ദമായി.

മറ്റുള്ളവർ തന്നെ ആക്ഷേപിച്ചപ്പോഴും പെട്ടന്ന് തന്നെ രംഗം ശാന്തമാക്കാനാണ് അച്ഛമ്മ ശ്രമിച്ചത്.

കഴിഞ്ഞ വർഷം തുടർന്ന് പഠിക്കണമെന്ന് തീരുമാനം ആയപ്പോഴും തനിക്ക് വേണ്ടി അച്ഛമ്മ ഗൈഡ് ദൂരെ നിന്നു വരുത്തിച്ചതും അത് കൊണ്ടുവന്നു തന്നതും അഭി ആയിരുന്നു.

ഓരോന്നൊക്കെ ഓർത്തു അവളുടെ മനസ് കലുഷിതമായി. കീർത്തിയും ശരണ്യയും അവളോട് എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു. എന്നാൽ കൃഷ്ണ അതൊന്നും കേട്ടില്ല.

അവളുടെ കണ്ണുകൾ അല്പം അകലെയായി മാറിനിന്ന അഭിമന്യുവിൽ ആയിരുന്നു.

” ഹലോ താൻ ഇത് ഏതു ലോകത്താ.. ഞങ്ങൾ പറയുന്നത് ഒന്നും കേൾക്കുന്നില്ലേ. ”

കൃഷ്ണയുടെ മുഖത്തേക്ക് കൈകൾ വീശി ശരണ്യ ചോദിച്ചു.
“കേൾക്കുന്നുണ്ട് “അവൾ മെല്ലെ പറഞ്ഞു.

” മം.. മനസ്സിലായി. “കണ്ണിറുക്കി അവളെയും അഭിയെയും നോക്കിക്കൊണ്ട് ശരണ്യ ചിരിച്ചു.
അപ്പോഴേക്കും അഭിയും അവളുടെ അടുത്തേക്ക് വന്നിരുന്നു. കുറച്ചു നേരം കൂടി അവർ എല്ലാവരുമായി സംസാരിച്ചു നിന്നു.

ജാനകി വന്നു വിളിച്ചപ്പോഴാണ് കൃഷ്ണ അകത്തേക്ക് ചെന്നത്. ജാനകിയുടെ വീട്ടിൽ നിന്ന് ഒരുപാട് ബന്ധുക്കളൊക്കെ വന്നിട്ടുണ്ടായിരുന്നു.

അവരൊക്കെ കൃഷ്ണയെ പരിചയപ്പെടാനും യാത്ര പറയാനുമായി കാത്തുനിൽക്കുകയായിരുന്നു.

ജാനകിയുടെ ഒപ്പം അകത്തേക്ക് ചെന്ന അവളോട് ബന്ധുക്കളെല്ലാം കുശലം പറഞ്ഞു യാത്ര ചോദിച്ചു ഓരോരുത്തരായി പിരിഞ്ഞു.

സന്ധ്യയോട് അടുത്ത നേരത്താണ് ഒരുമാതിരി ഉള്ള ആളുകൾ എല്ലാം പോയത്.

“കൃഷ്ണ.. നീ ഒന്ന് കുളിച്ച് ഫ്രഷായി വാ രാവിലെ മുതൽ ഇങ്ങനെ നില്ക്കയല്ലേ.”

സ്വപ്ന പറഞ്ഞു. രാവിലെ മുതലുള്ള ചടങ്ങുകളും ഫോട്ടോഷൂട്ടും ആഘോഷങ്ങളുമെല്ലാം കൊണ്ട് തന്നെ അവൾ നന്നേ ക്ഷീണിച്ചിരുന്നു.

” ഒന്ന് കുളിച്ചു വരുമ്പോൾ തന്നെ ക്ഷീണമെല്ലാം പമ്പ കടക്കും ”
അവളുടെ മനസ്സ് മനസ്സിലാക്കിയിട്ടെന്ന പോലെ വീണയും പറഞ്ഞു.

” മുകളിലേക്ക് ചെല്ലുമ്പോൾ ആദ്യം കാണുന്നതാണ് അഭിയുടെ മുറി. നിനക്ക് വേണ്ടുന്ന ഡ്രസ്സും കാര്യങ്ങളും എല്ലാം അവിടെയുണ്ട്. ചെല്ല്.”

അവർ അവളെ മുകളിലേക്ക് പറഞ്ഞുവിട്ടു.
കൃഷ്ണ സ്റ്റെപ്പ് കയറി മുകളിലേക്ക് ചേർന്നു. മുറിയുടെ വാതിൽ അടഞ്ഞു കിടക്കുകയായിരുന്നു. അവൾ പതിയെ തള്ളി നോക്കി.

അകത്തുനിന്നും ലോക്ക് ചെയ്തിട്ടുണ്ടായിരുന്നില്ല. അവൾ അകത്തേക്ക് കയറി വാതിൽ ചാരി. മുറിയിലാകെ കണ്ണുകൾ പായിച്ചു.

കാഴ്ചയിൽ ഒരു മുറി എന്ന് തോന്നിക്കുമെങ്കിലും അതിനോട് ചേർന്ന് മറ്റൊരു മുറി കൂടി ഉണ്ടായിരുന്നു.

തൊട്ടടുത്തായി ഒരു ബാത്റൂമും. രണ്ടാമത്തെ ചെറിയ മുറിയോട് ചേർന്ന് ഒരു ഇടനാഴി ഉണ്ട്.

അതിലെ ഇറങ്ങിയാൽ ബാൽക്കണിയിലേക്ക് എത്താം.

കൃഷ്ണ ബാൽക്കണിയിലേക്ക് ഇറങ്ങി കുറച്ചു നേരം നോക്കി നിന്നു. അവിടെ നിന്നു നോക്കിയാൽ ടൗണിലെ ഒരുഭാഗം കാണാമായിരുന്നു.

ആ വീടിന്റെ പിന്നാമ്പുറത്ത് കൂടി ചെറിയൊരു റോഡ് ഉണ്ട്.

അതിന് എതിർവശത്തായി കുറെയേറെ വീടുകൾ, ചില കെട്ടിടങ്ങൾ എന്നിവയൊക്കെ അവൾ കണ്ടു. ദൂരേക്ക് നോക്കുന്തോറും കാഴ്ചകൾ മങ്ങി പോകുന്നതുപോലെ.

എല്ലാം ഒരു പൊട്ടു പോലെ കാണാം. അവയ്ക്കൊക്കെ അപ്പുറം ആയിരിക്കാം ചെമ്പകശ്ശേരി തറവാട് എന്ന് കൃഷ്ണ കരുതി.

പെട്ടെന്ന് മനസ്സിലേക്ക് വന്നു ഓർമ്മകളെ മായ്ക്കാൻ എന്നോണം അവൾ ബാൽക്കണിയിൽ നിന്നും തിരികെ അകത്തേക്ക് കയറി.

കുളിച്ചിട്ട് ഇടാൻ ഡ്രസ്സ് എടുക്കാനായി അവൾ അലമാര തുറന്നു. കുറെയേറെ ഡ്രസ്സുകൾ അടുക്കി വെച്ചിട്ടുണ്ട്.

തനിക്ക് വേണ്ടി എല്ലാ കാര്യങ്ങളും അലമാരിയിൽ ഒരുക്കിവെച്ചിട്ടുണ്ട് എന്നുള്ളത് ഏട്ടത്തിമാർ പറഞ്ഞത് അവൾ ഓർത്തു.

ആദ്യം കണ്ണിൽ തടഞ്ഞ ഇളംനീല ചുരിദാറും എടുത്ത്അവൾ കുളിക്കാനായി ബാത്റൂമിലേക്ക് കയറി.

സാരിയും മേക്കപ്പും ആഭരണങ്ങളും എല്ലാം മാറ്റി ഒന്ന് കുളിച്ചപ്പോൾ തന്നെ അവൾക്ക് എന്തെന്നില്ലാത്ത ആശ്വാസം തോന്നി. കുറേനേരം തണുത്ത വെള്ളം അവൾ തലയിൽ ഒഴിച്ച് കൊണ്ടിരുന്നു.

കുളികഴിഞ്ഞ് മുടി ടവ്വൽകൊണ്ട് കെട്ടി അവർ പുറത്തേക്കിറങ്ങി വന്നു. കണ്ണാടിക്കു മുൻപിൽ നിന്നു ടവൽ കൊണ്ട് നനഞ്ഞ മുടി തുടച്ചു കൊണ്ടിരുന്നപ്പോഴാണ് അഭിമന്യു അകത്തേക്ക് കയറി വന്നത്. പെട്ടെന്ന് തന്നെ അവൾ അവന് അഭിമുഖമായി തിരിഞ്ഞുനിന്നു.

” നിന്റെ ഹോൾടിക്കറ്റ് ആണ്”

അഭി ഒരു കവർ അവൾക്ക് നേരെ നീട്ടി കൊണ്ട് പറഞ്ഞു. കൃഷ്ണ.അത് തുറന്നുനോക്കി. നാളത്തെ എക്സാമിനു പഠിക്കാനുള്ള ബുക്കുകളും ഹാൾടിക്കറ്റ് മാണ് അതിൽ ഉണ്ടായിരുന്നത്.
അച്ഛൻ കൊടുത്തുവിട്ടതാകും..അവൾ മനസ്സിൽ കരുതി. !

” പെൻഡിങ് പോർഷൻസ് ഒരുപാട് ഉണ്ടോ.” അവൻ ചോദിച്ചു.

” അധികമില്ല കുറെയൊക്കെ നേരത്തെ പഠിച്ചിരുന്നു.”

“മം.. ബാക്കികൂടി നോക്കിക്കോ. ഇനിയിപ്പോ തിരക്കും കാര്യങ്ങളും ഒന്നും ഉണ്ടാവില്ല.”

കൃഷ്ണ തലയാട്ടി.
ശേഷം അഭി അലമാരയിൽ നിന്ന് ഡ്രസ്സ് എടുത്ത് കുളിക്കാനായി ബാത്റൂമിൽ കയറി.
കൃഷ്ണ കുറച്ചുനേരം ആ ബുക്കുകളും കയ്യിൽ പിടിച്ചു നിന്നു.

പിന്നീട് മുറിയുടെ ഒരു വശത്ത് ഉള്ള മേശക്കരികിലേക്ക് എത്തി. അവിടെ ഒരു ചെയർ നീക്കിയിട്ട് നാളത്തെ പരീക്ഷയ്ക്കുള്ള ഭാഗങ്ങൾ നോക്കിക്കൊണ്ടിരുന്നു.

അഭിമന്യു കുളികഴിഞ്ഞ് ഇറങ്ങിയപ്പോൾ കൃഷ്ണ നല്ല പഠിത്തത്തിൽ ആണ്. കുറച്ചുനേരം അവൻ അവളെ നോക്കി നിന്നു. പിന്നെ ശബ്ദമുണ്ടാക്കാതെ ഇറങ്ങി വാതിൽ പുറത്തുനിന്ന് ചാരി.

രാത്രി 9 മണി കഴിഞ്ഞ് ജാനകി വന്ന് അവളെ അത്താഴം കഴിക്കാനായി താഴേക്ക് വിളിച്ചു. അവൾ ഇറങ്ങി ചെല്ലുമ്പോഴേക്കും ചേട്ടത്തിമാർ രണ്ടുപേരും ചേർന്ന് ഭക്ഷണമെല്ലാം മേശപ്പുറത്ത് വിളമ്പി വെച്ചിരുന്നു.

“ഇരിക്ക് കൃഷ്ണേ “. ഒരു പ്ലേറ്റ് അവൾക്ക് നേരെ നീട്ടിക്കൊണ്ട് സ്വപ്ന പറഞ്ഞു.

” ഞാൻ പിന്നെ കഴിച്ചോളാം”. പ്രതാപനും അഭിയും ഏട്ടന്മാരും ഉള്ളതു കൊണ്ട് അവൾ പറഞ്ഞു.

” ഇവിടെ എല്ലാരും ഒരുമിച്ചാ മോളെ കഴിക്കുന്നത്. ആദ്യം ആണുങ്ങൾ കഴിച്ച് കഴിഞ്ഞ് പെണ്ണുങ്ങൾ കഴിക്കുക അങ്ങനെയൊന്നുമില്ല. “പ്രതാപൻ പറഞ്ഞു.

മടിച്ചുനിന്ന കൃഷ്ണയോട് ഇരുന്നോളാൻ അഭി പറഞ്ഞു. അവൾ അവനു അരികിലായി തന്നെ ഒരു കസേരയിൽ ഇരുന്നു. അവരോടൊപ്പം ജാനകിയും സ്വപ്നയും വീണയും ഇരുന്നു.

അച്ഛനും അമ്മയും മക്കളും മരുമക്കളും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നത് കാണുന്നത് അവൾക്ക് ഒരു അത്ഭുതമായിരുന്നു.

ചെമ്പകശ്ശേരിയിൽ അങ്ങനെയൊരു പതിവില്ലായിരുന്നു. ആദ്യം അച്ഛമ്മയും ആണുങ്ങളും പിന്നെ കുട്ടികളും കഴിക്കും.

അവർക്ക് കൂടെ നിന്ന് എല്ലാം വിളമ്പി കൊടുത്തതിനു ശേഷം മാത്രമേ സ്ത്രീകൾ കഴിച്ചിരുന്നു.

അവരും കഴിച്ച് കഴിഞ്ഞതിനു ശേഷമാണ് താൻ കഴിച്ചിരുന്നത്. എന്നാൽ ഇവിടെ യാതൊരു വ്യത്യാസവും ഇല്ലാതെ എല്ലാവരും ഒരുമിച്ചിരുന്ന് കഴിക്കുന്നു.

” റിസപ്ഷൻ നാളെ നടത്താം അല്ലേടാ.”
കഴിക്കുന്നതിനിടയിൽ പ്രതാപൻ ചോദിച്ചു.

” നാളെ നടത്താം കുഴപ്പമൊന്നുമില്ല.” അവൻ പറഞ്ഞു

“നാളെ കഴിഞ്ഞാൽ പിന്നെ എന്നാ കൃഷ്ണേ എക്സാം ഉള്ളത്. “അർജുൻ ചോദിച്ചു

” മൂന്ന് ദിവസം കഴിഞ്ഞിട്ടേ ഉള്ളൂ.” അവൾ മറുപടി നൽകി.

“അങ്ങനെയാണെങ്കിൽ പിന്നെ കുഴപ്പമില്ലല്ലോ. പഠിക്കാനും സമയം കിട്ടും. നാളെ വൈകിട്ട്തന്നെ റിസപ്ഷൻ നടത്താം” അനിരുദ്ധ് ആണ് പറഞ്ഞത്.

” രാവിലെ എപ്പോഴാ മോളെ എക്സാം.” ജാനകി ചോദിച്ചു.

” 10 മണിക്ക്. ”

” ഇവിടെനിന്ന് ഒമ്പതര കഴിയുമ്പോ ഇറങ്ങിയാൽ പോരെ. അധികം ദൂരം ഇല്ലല്ലോ കോളേജിലേക്ക്. “പ്രതാപൻ ചോദിച്ചു.

“നമ്മുടെ സെന്റ് ആന്റണീസ് കോളേജ് ആണ് അച്ഛാ.. ഇവിടുന്ന് 15 മിനിറ്റ് യാത്രയെ ഉള്ളൂ. “സ്വപ്ന ആണ് പറഞ്ഞത്.

“അതെയോ.. എങ്കിലും വൈകിക്കേണ്ട അല്പം നേരത്തെ തന്നെ ഇറങ്ങിക്കോ.. നീ കൂടെ പോകില്ലേ അഭി.” പ്രതാപൻ ചോദിച്ചു.

” അതെന്ത് ചോദ്യമാ അച്ഛാ. അവൻ പൊയ്ക്കോളും “. അർജുൻ പറഞ്ഞു.

” മോൾ എല്ലാം പഠിച്ച് ഇരിക്കുകയാണോ.” കൃഷ്ണയുടെ പാത്രത്തിലേക്കു വീണ്ടും ചോറുവിളമ്പി കൊണ്ട് ജാനകി ചോദിച്ചു.

അവൾ തലയാട്ടി.
പിന്നീട് അവർ മറ്റുള്ള കാര്യങ്ങളും നാളത്തെ റിസപ്ഷന്റെ ഒരുക്കങ്ങളെപ്പറ്റിയും ചർച്ച ചെയ്തു. കൃഷ്ണ അവരുടെ സംഭാഷണം ശ്രദ്ധിച്ചുകൊണ്ടിരുന്നു.

എല്ലാ കാര്യങ്ങളും കുടുംബത്തിലെ അംഗങ്ങൾ ചേർന്ന് ചർച്ച ചെയ്ത് തീരുമാനം എടുക്കുകയാണ് ചെയ്യുന്നത്.

ഓരോരുത്തരും അവരവരുടെ അഭിപ്രായം മടിക്കാതെ പങ്കുവെക്കുന്നുണ്ട്.

അതിനെയെല്ലാം പരിഗണിച്ചു അന്തിമ തീരുമാനം എടുക്കുന്നത് പ്രതാപനും ജാനകിയും ചേർന്നാണ്.

എങ്കിലും ഓരോരുത്തർക്കും അവരവരുടേതായ വ്യക്തിസ്വാതന്ദ്ര്യവും ഉണ്ടെന്നുള്ളത് അവൾ മനസിലാക്കി.

എല്ലാത്തിലും ഉപരിയായി പരസ്പരം സുഹൃത്തുക്കളെ പോലെയാണ് അച്ഛനും മക്കളും മരുമക്കളും ഇടപെടുന്നത്.

താൻ ഇത്രയും നാൾ കണ്ടു വന്നതിൽ നിന്നും വളരെ വ്യത്യസ്തമായി ഉള്ള ഒരു കുടുംബമായി അവൾക്ക് തോന്നി.

ഭക്ഷണം കഴിച്ചു കഴിഞ്ഞു അല്പം നേരം അച്ഛനോടും ഏട്ടന്മാരോടും സംസാരിച്ചു ഇരുന്നതിന് ശേഷം അഭി റൂമിലേക്ക് പോയി.

പാത്രങ്ങൾ കഴുകി വെക്കാൻ ഏട്ടത്തി മാരോടൊപ്പം കൃഷ്ണയും കൂടി. എന്നാൽ അവർ അവളെ നിർബന്ധിച്ച് മുറിയിലേക്ക് പറഞ്ഞുവിട്ടു. പോകാൻ നേരം അവളുടെ കയ്യിലേക്ക് ഒരു ഗ്ലാസ് പാലും നൽകി.

” ചടങ്ങുകൾ ഒന്നും തെറ്റിദ്ധരിക്കേണ്ട കേട്ടോ.”

ഒരു ചിരിയോടെ വീണ പറഞ്ഞു.
ഒന്ന് മടിച്ചു നിന്നതിനു ശേഷം അവൾ പാലും വാങ്ങി മുറിയിലേക്ക് നടന്നു.

ചാരിയിട്ടിരുന്ന വാതിൽ തുറന്ന് അകത്തേക്ക് കയറി. അവൾ നോക്കുമ്പോൾ അഭിമന്യു കട്ടിലിൽ ഒരു തലയിണ വെച്ച് ചാരി ഇരിക്കുകയായിരുന്നു.

പരിഭ്രമത്തോടെ അവൾ അവനെ നോക്കി നിന്നു.

അവളെ കണ്ടതും അഭി കട്ടിൽ നിന്ന് ഇറങ്ങി കൃഷ്ണയെ ഒരു നിമിഷം നോക്കി. പിന്നാലെ അവൻ കതക് ലോക്ക് ചെയ്തു അവളുടെ മുന്നിലേക്ക് വന്നു നിന്നു.

തന്റെ നെഞ്ചിടിപ്പ് ക്രമാതീതമായി ഉയരുന്നുന്നത് കൃഷ്ണ അറിയുന്നുണ്ടായിരുന്നു.

” പാൽ “!

വിറയ്ക്കുന്ന കൈകളോടെ അവൾ പാൽ ഗ്ലാസ് അഭിമന്യുവിന് നേരെ നീട്ടി.

(തുടരും )

ഹൃദയസഖി : ഭാഗം 1

ഹൃദയസഖി : ഭാഗം 2

ഹൃദയസഖി : ഭാഗം 3

ഹൃദയസഖി : ഭാഗം 4

ഹൃദയസഖി : ഭാഗം 5

ഹൃദയസഖി : ഭാഗം 6

ഹൃദയസഖി : ഭാഗം 7

ഹൃദയസഖി : ഭാഗം 8

ഹൃദയസഖി : ഭാഗം 9

ഹൃദയസഖി : ഭാഗം 10

ഹൃദയസഖി : ഭാഗം 11

ഹൃദയസഖി : ഭാഗം 12

ഹൃദയസഖി : ഭാഗം 13

ഹൃദയസഖി : ഭാഗം 14

ഹൃദയസഖി : ഭാഗം 15

ഹൃദയസഖി : ഭാഗം 16